വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം

36 വാട്ടിന്‍റെ പമ്പാണ് ഉപയോഗിക്കുന്നത്. മാസം അഞ്ചോ ആറോ യൂനിറ്റ് വൈദ്യുതി മാത്രമേ ഇതിന് ചെലവാകുന്നുള്ളൂ. ഗ്രോ ബെഡില്‍ ഇനിയും ചെടികള്‍ വളര്‍ത്താന്‍ കഴിയുമെന്ന് അബു ഹാജി പറയുന്നു

 വേങ്ങരക്കാരന്‍ അബു ഹാജി 24 വര്‍ഷം ഗള്‍ഫിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

പ്രാരാബ്ദങ്ങളൊക്കെ തീര്‍ന്നില്ലേ… പ്രായം 71 ആയി. ഇനിയിപ്പോള്‍ അബൂക്കയ്ക്ക് വിശ്രമജീവിതമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്.

പക്ഷേ നാട്ടുകാരെയൊക്കെ പറ്റിച്ചു കളഞ്ഞില്ലേ അബൂക്ക. വിശ്രമിക്കാന്‍ പോലും നേരമില്ലാതെ ഓടിനടക്കുകയാണിപ്പോള്‍.

കൃഷിയും പാട്ടു പഠിപ്പിക്കലുമൊക്കെയുണ്ട് ഇദ്ദേഹത്തിന് കൂട്ട്. നാട്ടിലെ തരിശായി കിടക്കുന്ന നൂറിലധികം ഏക്കറില്‍ നെല്‍കൃഷിയിറക്കാനും  ചുറുചുറുക്കോടെ മുന്നിലുണ്ട് ഈ മലപ്പുറം വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ അബു ഹാജിയുടെ പുതിയ വിശേഷം.

അബു ഹാജി വലിയോറപ്പാടത്ത് ഫോട്ടോ – ഫേസ്ബുക്ക്

വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും കുറേ മീനും കൃഷി ചെയ്യാവുന്ന ഒരു മോഡല്‍ പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

“…മണ്ണും വളവുമില്ലാതെ ജൈവകൃഷി ചെയ്യാവുന്ന നൂതനരീതിയാണ് അക്വാപോണിക്സ്. ഇതെല്ലാവര്‍ക്കും അറിയാവുന്നതല്ലേ,” അബു ഹാജി ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ വായനക്കാര്‍ക്ക് കാര്യങ്ങള്‍ വിശദമായി പറഞ്ഞുതരുന്നു.

പക്ഷേ, അദ്ദേഹം പരീക്ഷിച്ചത് അത് വെര്‍ട്ടിക്കല്‍ ആയി എങ്ങനെ ചെയ്യാമെന്നാണ്. അതാവുമ്പോള്‍ കുറഞ്ഞ സ്ഥലത്തും പരീക്ഷിക്കാമല്ലോ എന്ന ചിന്ത വന്നു. അങ്ങനെയാണ് അദ്ദേഹം സ്വന്തമായി ചെയ്തുനോക്കിയത്.

അബു ഹാജിയുടെ വീട്ടിലെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് കൃഷി

“രണ്ടര മീറ്റര്‍ സ്ഥലത്ത് പിവിസി പൈപ്പിലാണ് കൃഷി ചെയ്യുന്നത്. ഇതില്‍ 64 ചെടികള്‍ നട്ടിട്ടുണ്ട്. മീനും വളര്‍ത്തുന്നുണ്ട്. ഇതു സ്ഥാപിച്ചിട്ടുള്ള ഗ്രോബഡ്ഡിൽ മറ്റു ചെടികൾ വേറെയും വച്ച് പിടിപ്പിക്കാൻ സാധിക്കും. വേറെ വളവും വെള്ളം നല്‍കുകയും വേണ്ട,” അദ്ദേഹം പറയുന്നു.

മറ്റ് അക്വാപോണിക്സ് സംവിധാനങ്ങളിലുള്ള പോലെത്തന്നെ മീന്‍ വിസര്‍ജ്ജ്യം അടങ്ങിയ അമോണിയ നിറഞ്ഞ വെള്ളം, ബേബി മെറ്റലിലൂടെയും വലിയ മണല്‍ത്തരികള്‍ക്കിടിയലൂടെയും ചെടികള്‍ വച്ചിട്ടുള്ള പിവിസി പൈപ്പിനുള്ളിലൂടെ ഒഴുകും. ആ ഘട്ടത്തില്‍  നൈട്രൊ സൊമാനാസ് ബാക്റ്റീരിയ,  നൈട്രൊബാക്റ്റര്‍ എന്നിവയുടെ പ്രവര്‍ത്തന ഫലമായി അമോണിയയെ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പാകത്തില്‍ നൈട്രേറ്റാക്കി മാറ്റുന്നു.

വെര്‍ട്ടിക്കല്‍ അക്വാപോണിക്സിലെ പച്ചമുളക് കൃഷി

ഇങ്ങനെ വെള്ളം മീനുകള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന തരത്തില്‍ ശുദ്ധീകരിക്കപ്പെടുന്നു. ഈ വെള്ളമാണ് തിരിച്ച് മീന്‍ ടാങ്കിലെത്തുന്നത്. ഈ സംവിധാനത്തില്‍ ജലനഷ്ടവുമുണ്ടാകുന്നില്ല. സസ്യങ്ങള്‍ പ്രത്യേകിച്ച് വെള്ളവും വളവും നല്‍കേണ്ടിയും വരുന്നില്ല. മത്സ്യങ്ങള്‍ക്ക് മാത്രം തീറ്റ നല്‍കിയാല്‍ മതിയാകും.

“വെള്ളം പൈപ്പിനുള്ളിലൂടെ ഏതുനേരവും ഒഴുകിക്കൊണ്ടിരിക്കും. ഈ ഫിഷ് ടാങ്കിലേക്ക് വീണുകൊള്ളും. ഇതിനായി 36 വാട്ടിന്‍റെ പമ്പാണ് ഉപയോഗിക്കുന്നത്. മാസം അഞ്ചോ ആറോ യൂനിറ്റ് വൈദ്യുതി മാത്രമേ എനിക്ക് വേണ്ടി വന്നിട്ടുള്ളൂ,” അബു ഹാജി തുടരുന്നു.

ഏതു ഇനം പച്ചക്കറിയും വെര്‍ട്ടിക്കല്‍ അക്വപോണിക്സിലൂടെ കൃഷി ചെയ്യാം

“നാലോ അഞ്ചോ സെന്‍റിലൊരു വീടുള്ളവര്‍ക്ക് വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് കൃഷി ചെയ്യാവുന്നതാണ്. സ്ഥലപരിമിതിയാണല്ലോ പലരുടെയും പ്രശ്നം. കൃഷി ചെയ്യാനാഗ്രഹമുണ്ടെങ്കിലും സ്ഥലം ഇല്ലെന്ന പേരില്‍ കൃഷി ചെയ്യാതിരിക്കുന്നവര്‍ക്കും ഈ രീതി പരീക്ഷിക്കാം,” അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

വീട്ടിലേക്കാവശ്യമായ പച്ചക്കറിയും മീനും ഈ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് കൃഷിയിലൂടെയുണ്ടാക്കിയെടുക്കുന്നുണ്ട്.

വലിയോറപ്പാടത്താണ് കൃഷി ഫോട്ടോ – ഫേസ്ബുക്ക്

“സാധാരണ പച്ചക്കറി തോട്ടത്തില്‍ നടുന്നതൊക്കെയും ഇവിടെയും നടാം. ചീര, തക്കാളി, ചിരങ്ങ്, മുളക്, പാവയ്ക്ക്, പടവലം ഇതൊക്കെ ഇവിടെ നടാം. കിഴങ് വര്‍ഗങ്ങളൊഴികെ ഏതു ഇനം പച്ചക്കറിയും വെര്‍ട്ടിക്കല്‍ അക്വപോണിക്സിലൂടെ കൃഷി ചെയ്യാം. കിഴങ്ങുകള്‍ നട്ടാല്‍ ഇതിനുള്ളിലെ വെള്ളത്തിന്‍റെ സുഗമമായ ഒഴുക്കിന് തടസമാകും,” അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

 

അക്വാപോണിക്സില്‍ തക്കാളി കായ്ച്ചു നില്‍ക്കുന്നു

“ഏകദേശം നാലു മീറ്ററോളം നീളത്തില്‍, രണ്ടടി ആഴവും രണ്ടടി വീതിയുമുള്ള ഫിഷ് ടാങ്കാണിവിടെയുള്ളത്. ഈ ടാങ്കില്‍ 1,500 ലിറ്റര്‍ വെള്ളം കൊള്ളും. തിലാപ്പിയ മീനാണിവിടെ വളര്‍ത്തുന്നത്.


ഇനി അലങ്കാരമത്സ്യങ്ങളെ വളര്‍ത്തണമെന്നാഗ്രഹമുള്ളവര്‍ക്ക് അതുമാകാം.


“വീട്ടില്‍ വളര്‍ത്തുന്ന മീനല്ലേ. എന്നൊക്കെ ചിലര്‍ രണ്ടാംതരമാക്കി പറയാറുണ്ട്. പക്ഷേ ഈ മത്സ്യങ്ങളെ അങ്ങനെയും പറയാനാകില്ല. പുഴയിലും പാടത്തുമൊക്കെ ഒഴുകുന്ന വെള്ളത്തില്‍ നീന്തിക്കളിച്ച് വളരുന്ന മത്സ്യങ്ങളെ പോലെയാണിതും. രുചിയിലും ഒരു മാറ്റമുണ്ടാകില്ല. നമ്മള് വീട്ടില്‍ ഉപയോഗിക്കുന്നതല്ലേ?” എന്ന് അദ്ദേഹം ഉറപ്പുതരുന്നു. 

വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യണമെന്നുള്ളവര്‍ ഗിഫ്റ്റ് തിലാപ്പിയയെ വളര്‍ത്തുന്നതാണ് നല്ലതെന്ന് ഹാജി. വീട്ടിലെ ആവശ്യത്തിന് തിലാപ്പിയയാണ് നല്ലത്. മലമ്പുഴയില്‍ നിന്നാണ് അദ്ദേഹം മീന്‍ കുഞ്ഞുങ്ങളെ വാങ്ങിയത്.


ഇതുകൂടി വായിക്കാം: ഒരു സെന്‍റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്‍റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്‍പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം


“ഇതൊരു (വെര്‍ട്ടിക്കല്‍) പരീക്ഷണമായിരുന്നു. പരീക്ഷണം ചെയ്തു നോക്കാന്‍ വില കൂടിയ പൈപ്പ് വേണ്ടെന്നു തീരുമാനിച്ചിരുന്നു.

“പൈപ്പ് വയ്ക്കുന്നതിനൊരു സ്റ്റാന്‍റ് ഉണ്ടാക്കിയെടുത്തു. രണ്ടര ഇഞ്ചിന്‍റെ പൈപ്പാണ് വാങ്ങിയത്. അത്ര വിലയുള്ളതൊന്നുമല്ല. വില കുറഞ്ഞ പൈപ്പായിരുന്നു. വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലല്ലോ. പ്രതീക്ഷയോടെ വെറുതേ ചെയ്തു നോക്കുന്നതാണ്.

അക്വാപോണിക്സ് കൃഷിയില്‍ പെട്ടെന്നു രോഗങ്ങള്‍ വരില്ല

“നീളന്‍ പയര്‍, വെണ്ട, പാവയ്ക്ക, പച്ചമുളക്, ചീര ഇതൊക്കെ ആ വെര്‍ട്ടിക്കല്‍ പൈപ്പില്‍ അക്വാപോണിക്സ് രീതിയില്‍ കൃഷി ചെയ്തു. പച്ചക്കറിയൊക്കെ നല്ല വേഗത്തിലാണ് വളരുന്നത്.

“ചുരയ്ക്ക നട്ടപ്പോള്‍ അതിന്‍റെ വേരുകള്‍ പൈപ്പിനുള്ളില്‍ നിറഞ്ഞു. വെള്ളത്തിന്‍റെ ഒഴുക്കിനിതു തടസവുമായി. രണ്ടരമീറ്ററോളം നീളത്തിലാണ് ഇതിന്‍റെ വേര് പൈപ്പിനുള്ളിലൂടെ വളര്‍ന്നു കിടക്കുന്നത്. അങ്ങനെയാണ് ബ്ലോക്കുണ്ടായി.”

അങ്ങനെയാണ് അദ്ദേഹം നാലിഞ്ച് വ്യാസമുള്ള പൈപ്പില്‍ വീണ്ടും അക്വാപോണിക്സ് പരീക്ഷണം നടത്തുന്നത്. അത് വിജയകരമായിരുന്നുവെന്ന് ഹാജി പറയുന്നു.

അബു ഹാജിയുടെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ്

നാലിഞ്ച് വലിപ്പമുള്ള പൈപ്പ് വേണമെന്നൊന്നും ഇല്ല. സാധാരണ മൂന്ന് ഇഞ്ച് പൈപ്പിലും നല്ലപോലെ പച്ചക്കറിയുമൊക്കെ വളര്‍ത്താമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാജി ഇപ്പോള്‍ അക്വാപോണിക്സില്‍ മഞ്ഞള്‍ കൃഷിയും തുടങ്ങിയിട്ടുണ്ട്. “ഇതൊരു പരീക്ഷണമാണ്. കിഴങ്ങു കൃഷി വിജയിക്കാറില്ല. പക്ഷേ മഞ്ഞള്‍ നട്ടിട്ട് ഇതുവരെ പ്രശ്നമൊന്നും ഇല്ല. വലുതായി വളര്‍ന്നു വരുന്നുണ്ടിപ്പോള്‍. വെള്ളത്തിലാണല്ലോ. പക്ഷേ ചീഞ്ഞിട്ടൊന്നുമില്ല,” ഇതും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

പൊതുവെ ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ പെട്ടെന്നു രോഗങ്ങളൊന്നും തൈകളെ ബാധിക്കില്ലെന്ന ഒരു ഗുണം കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു.

അബു ഹാജി

അബു ഹാജിയുടെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ്  കാണാന്‍ നിരവധിയാളുകള്‍ ഇവിടെ വരാറുണ്ട്.

“കഴിഞ്ഞ ദിവസം  വേങ്ങര വെക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്നൊരു സംഘം വന്നിരുന്നു. അവരിതൊക്കെ കണ്ടുമനസിലാക്കിയെന്നു മാത്രമല്ല ഇതുപോലൊരെണ്ണം സ്കൂളില്‍ ചെയ്യണമെന്നും പറഞ്ഞാണ് മടങ്ങിയത്,” അബു ഹാജിക്ക് അതൊക്കെ വലിയ സന്തോഷമാണ്.

വീട്ടില്‍ മുന്തിരിയും നട്ടിട്ടുണ്ട് അദ്ദേഹം. രണ്ട് വര്‍ഷം മുന്‍പ് മുന്തിരി നട്ടിരുന്നു. അതു കായ്ക്കുകയും ചെയ്തു. ആ ധൈര്യത്തിലാണ് വീണ്ടും മുന്തിരി നട്ടിരിക്കുന്നതെന്ന് അദ്ദേഹം.

കൃഷി കാണാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അബു ഹാജി

ഇതിനു പുറമെ പല സ്ഥലങ്ങളിലായി അഞ്ചേക്കറില്‍ നെല്‍കൃഷിയും ചെയ്യുന്നുണ്ട് അദ്ദേഹം.

കൃഷിക്കാര്യങ്ങളില്‍ മാത്രമല്ല നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ് അബു ഹാജി. കുട്ടികളെയും മുതിര്‍ന്നവരെയും വട്ടപ്പാട്ടും കോളാമ്പിപ്പാട്ടുമൊക്കെ പഠിപ്പിക്കുന്നുണ്ട്.

അബു ഹാജിയുടെ ശിഷ്യര്‍ക്കുമുണ്ട് പ്രത്യേകത. അറുപത് കഴിഞ്ഞവരെയും ഭിന്നശേഷിക്കാരായ കുട്ടികളെയുമാണ് പാട്ടു പഠിപ്പിക്കുന്നത്. വേങ്ങരയില്‍ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സായം പ്രഭ എന്ന പകല്‍വീടിലെത്തുന്നവരെയാണ് അദ്ദേഹം വട്ടപ്പാട്ടും കോളാമ്പിപ്പാട്ടും കോല്‍ക്കളിയുമൊക്കെ പഠിപ്പിക്കാറുണ്ട്.

“അവര്‍ക്ക് മാത്രമല്ല ഇതിലൂടെ എനിക്കും സന്തോഷം കിട്ടും,” എന്ന് ഹാജി.

അബു ഹാജി മുന്തിരിത്തോട്ടത്തില്‍

“എന്‍റെയൊക്കെ കുട്ടിക്കാലത്ത്, രാത്രിയിലാണല്ലോ കല്യാണങ്ങളൊക്കെ നടന്നിരുന്നത്. അരനൂറ്റാണ്ടിന് മുന്‍പ് കല്യാണങ്ങള്‍ രാത്രിയായിരുന്നു. പുതുമാരന്‍ മണവാട്ടിയുടെ വീട്ടിലേക്ക് പാതിരാ നേരം കഴിഞ്ഞാണ് വരുന്നത്.

“വരന്‍ വധുവിന്‍റെ വീട്ടിലെത്താന്‍ സമയമെടുക്കുമല്ലോ. ആ സമയത്ത് വിരുന്നുകാരെ സന്തോഷിപ്പിക്കാനാണ് വട്ടപ്പാട്ടും കോളാമ്പിപ്പാട്ടുമൊക്ക വയ്ക്കുന്നത്.

“അന്നത്തെ മുതിര്‍ന്നവര്‍ക്കൊപ്പം ഞാനും ഇതിനൊക്കെ കൂടും. അങ്ങനെ വട്ടപ്പാട്ടും കോല്‍ക്കളിയുമൊക്കെ ഞാനും പഠിച്ചെടുത്തു. അതാണ് ഇവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്.

അബു ഹാജിയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍

“കഴിഞ്ഞ ലോകവയോജനദിനത്തില്‍ വേങ്ങരയിലെ ഈ സായപ്രഭയിലെ അംഗങ്ങള്‍ വട്ടപ്പാട് അവതരിപ്പിക്കുകയും ചെയ്തു. ഇവിടുള്ളവരൊക്കെ 60ന് മുകളില്‍ പ്രായമുള്ളവരാണ്.

“വേങ്ങരയിലെ മഅ്ദിന്‍ അക്കാഡമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയാണ് വട്ടപ്പാട്ടും കോളാമ്പിപ്പാട്ടുമൊക്കെ പഠിപ്പിച്ചത്.” പഠിപ്പിച്ചു കൊടുക്കുക മാത്രമല്ല ഇവരെ കൊണ്ടു സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം.

മുഴുവന്‍ പാടത്തും ഒരേ ഇനം വിത്താണ് ഇട്ടത്

വര്‍ഷങ്ങളായി തരിശായി കിടന്നൊരു പാടത്ത് ഇദ്ദേഹത്തിന്‍റെയും കൂട്ടരുടെയും നേതൃത്വത്തില്‍ നെല്‍കൃഷിയും ആരംഭിച്ചിട്ടുണ്ട്. വലിയോറപ്പാടത്താണ് കൃഷി ചെയ്യുന്നത്.

ഏതാണ്ട് 150 ഏക്കര്‍ ഭൂമിയുണ്ടാകുമിത്. ജലസേചനവും കൃഷിപ്പണിക്കാരില്ലാത്തതുമൊക്കെയായി കൊയ്ത്തുനിലച്ച പാടമായിരുന്നു. അബു ഹാജിയുടെയും കൂട്ടരുടെയും നേതൃത്വത്തില്‍  ‘തരിശുരഹിതവലിയോറപ്പാട’മാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുഴുവന്‍ പാടത്തും ഒരേ ഇനം വിത്താണ് ഇട്ടത്. പൂര്‍ണമായും ജൈവരീതിയിലാണ് ഇവിടുത്തെ നെല്‍കൃഷി. നാടന്‍ ശൈലിയില്‍ കൊയ്ത്തുത്സവും നടീല്‍ ഉത്സവവുമൊക്കെ നടത്തുകയും ചെയ്തിരുന്നു.

കൃഷിപ്പണിയ്ക്കിടെ അബു ഹാജി

“അബുദാബിയില്‍ ആയിരുന്നു,” ഹാജി പ്രവാസകാലം ഓര്‍ത്തെടുക്കുന്നു. “24 വര്‍ഷം ഗള്‍ഫിലുണ്ടായിരുന്നു. ഇതില്‍ തന്നെ ഇരുപത്തിമൂന്നര വര്‍ഷത്തോളം ഒരു കമ്പനിയില്‍ തന്നെയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍സില്‍ ആയിരുന്നു ജോലി.

“ഞങ്ങളുടേത് കാര്‍ഷിക കുടുംബമായിരുന്നു. ഗള്‍ഫില്‍ പോകുന്നതിന് മുന്‍പേ ഞാന്‍ കൃഷിയൊക്കെ ചെയ്യുമായിരുന്നു.


അബുദാബിയിലെത്തിയിട്ടും കൃഷി മറന്നില്ല. അവിടെയും കുറച്ചു കൃഷി ചെയ്തു.


“കുറച്ചധികം പറമ്പ് ഉള്ളിടത്താണ് ആദ്യം താമസിക്കുന്നത്. മൂന്നു വര്‍ഷം തുടര്‍ച്ചയായി പാവല്‍ കൃഷി ചെയ്തു. കുറേ പാവയ്ക്ക വിളവെടുത്തിട്ടുണ്ട്. ഒരുപാടാളുകള്‍ കൃഷി കാണാനും വരുമായിരുന്നു. പിന്നീട് ഫ്ലാറ്റിലേക്ക് താമസം മാറിയതോടെ കൃഷിയൊക്കെ അവസാനിപ്പിക്കേണ്ടി വന്നു.

രണ്ട് വര്‍ഷം മുന്‍പ് ഹാജിയുടെ തോട്ടത്തില്‍ വിരിഞ്ഞ മുന്തിരി

“ജോലി രാജിവച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പക്ഷേ കൃഷി ചെയ്യാമെന്നൊന്നും തീരുമാനിച്ച് ഉറപ്പിച്ചല്ല നാട്ടിലേക്ക് വരുന്നത്. വന്നപ്പോള്‍ വെറുതേ ഇരിക്കണ്ടല്ലോയെന്നു കരുതി ചെയ്തു തുടങ്ങിയതാണ്.“വന്ന നാളില്‍ തന്നെ, കുറച്ചു തരിശായി കിടന്ന പറമ്പുണ്ടായിരുന്നു, അവിടെ കുറച്ച് കൃഷി ചെയ്തു. കവുങ്ങും വാഴയും വെണ്ടയുമൊക്കെയാണ് നട്ടത്. അതിപ്പോ വലിയൊരു കവുങ്ങിന്‍ തോട്ടമായി മാറിയിട്ടുണ്ട്. 42 സെന്‍റിലാണ് ഈ കവുങ്ങിന്‍ തോട്ടം.”

ഖദീജയാണ് ഭാര്യ ഹാജിയുടെ ഭാര്യ. മൂന്നു മക്കളുണ്ട്–അഷ്റഫും യൂനസും ജുമാനയും. “മൂന്നുപേരുടെയും വിവാഹമൊക്കെ കഴിഞ്ഞു. കൂട്ടത്തില്‍ യൂനസ് വിദേശത്താണ്. പേരക്കുട്ടികളെ ഞാന്‍ കൃഷിയൊക്കെ പഠിപ്പിച്ചു കൊടുക്കാറുണ്ട്.

അബു ഹാജിയും സുഹൃത്തുക്കളും തരിശുകിടന്ന പാടത്ത് വീണ്ടും നെല്‍കൃഷി തുടങ്ങിയപ്പോള്‍

“പ്ലസ് ടുവിന് പഠിക്കുന്ന ചെറുമകള്‍(ഐഷ നജാത്ത്) ക്ക് ഇതിനോടൊക്കെ വലിയ താല്‍പര്യമുണ്ട്. ഐഷ നജാത്ത്.. അവള്‍ക്ക് അക്വാപോണിക്സിനെക്കുറിച്ചൊക്കെ പഠിപ്പിച്ചു കൊടുത്തു. അവള്‍ അതൊക്കെയും സ്കൂളില്‍ അവതരിപ്പിക്കുകയും ചെയ്തു.” അഭിമാനത്തോടെ പറയുകയാണ് ഈ കര്‍ഷകന്‍.

വലിയോറ തേർക്കയം പാടശേഖര സമിതി പ്രസിഡന്‍റ്, മുതിർന്ന പൗരന്മാരുടെ വേങ്ങരയിലെ സംഘടനയുടെ (VASCO) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം , തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ട്രഷറർ, പ്രവാസി സംഘടനയായ ” VAFA ” മുതലായ സംഘടനകളിലും സജീവമാണ് അബു ഹാജി.


ഇതുകൂടി വായിക്കാം: എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി ചുമടെടുക്കാന്‍ തുടങ്ങിയ അബ്ദുല്‍ അസീസ്; രക്തദാനത്തില്‍ 100 തികച്ച മലപ്പുറംകാരന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം