‘നടക്കുന്ന മരം’, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പാമ്പിനും മീനിനും ഇഷ്ടം പോലെ ജീവിക്കാനുള്ള ഇടം, 15 കുളങ്ങള്‍…ഒപ്പം വര്‍ക്കിയും കുടുംബവും

“കഴിഞ്ഞ പതിനേഴു വര്‍ഷമായുള്ള എന്‍റെ അധ്വാനമാണ് ഇത്,” വര്‍ക്കി വെളിയത്ത് ആ വീട്ടിലേക്ക് ക്ഷണിക്കുന്നു.  

രമ്പരാഗത കര്‍ഷക കുടുംബത്തിലാണ് തൃശ്ശൂര്‍ ചാലക്കുടിക്കാരന്‍ വര്‍ക്കി വെളിയത്ത് ജനിച്ചത്. നെല്ലും ജാതിയും അടക്കയും കുരുമുളകുമൊക്കെ കൃഷി ചെയ്താണ് കുടുംബം പുലര്‍ന്നിരുന്നത്.

കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന് വന്നപ്പോള്‍ മറ്റു പല കര്‍ഷകരേയും പോലെ വര്‍ക്കിയും ഗള്‍ഫിലേക്ക് കടന്നു.

“ഏറെക്കാലം വിദേശത്തു ജോലി ചെയ്തങ്കിലും എന്‍റെ മനസ്സ് പ്രകൃതിയിലും മണ്ണിലും ഒക്കെയായി കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു,” എന്ന് വര്‍ക്കി.

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രകൃതിയോടും ജീവജാലങ്ങളോടുമൊപ്പം സ്വസ്ഥമായി ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ആ നാട്ടിന്‍പുറത്തുകാരന്‍റെ മനസ്സില്‍.

വര്‍ക്കി വെളിയത്ത്

ആ ആഗ്രഹം ഇപ്പോള്‍ ഒരു വലിയ പച്ചത്തുരുത്തായി, പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളുമൊക്കെ സ്വതന്ത്രരായി കഴിയുന്ന ഒരു കുഞ്ഞുവനമായി ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിയിലേക്കുള്ള വഴിയരികില്‍ യാത്രികര്‍ക്കു മുന്നില്‍ തുറന്നിരിക്കുന്നു.

വര്‍ക്കിയും കുടുംബവും ഈ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊപ്പം അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചെടുത്ത ‘കൗതുക പാര്‍ക്കി’ല്‍ തന്നെയാണ് താമസം. കൃഷി ഭൂമിയായിരുന്ന ഒന്നേകാല്‍ ഏക്കറിലെ കൃഷിവിളകള്‍ ഒന്നും തന്നെ പിഴുതെറിയാതെയാണ് കൗതുകപാര്‍ക്ക് ഒരുക്കിയെടുത്തിരിക്കുന്നത്.

“കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായുള്ള എന്‍റെ അധ്വാനമാണ് ഇത്,” വര്‍ക്കി വെളിയത്ത് പാര്‍ക്കിനകത്തേക്ക് ക്ഷണിക്കുന്നു.

ഒന്നേകാല്‍ ഏക്കര്‍ പ്രകൃതിക്കായി വിട്ടുകൊടുത്തിരിക്കുകയാണ് വര്‍ക്കി

“ഞാന്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഈ ഭൂമിയില്‍ എന്തൊക്കെ ഉണ്ടായിരുന്നോ അതെല്ലാം അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. …ഒന്ന് നേടാന്‍ മറ്റൊന്നിനെ നശിപ്പിക്കരുതല്ലോ,” എന്ന് അദ്ദേഹം.

ആ ഭൂമിയില്‍ കൂടുതല്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചു, കുളങ്ങള്‍ ഒരുക്കി. പല തരം ജീവികളെ വളര്‍ത്തി, അവയെ ഇഷ്ടം പോലെ ജീവിക്കാന്‍ അനുവദിച്ചു. ഒപ്പം മകള്‍ക്കും ഭാര്യയ്ക്കും ഒപ്പം വര്‍ക്കിയും അവിടെ സ്വസ്ഥമായി ജീവിക്കാന്‍ തുടങ്ങി.

“കാട്ടില്‍ അവ എങ്ങനെയാണോ (ആ ജീവികള്‍) കഴിയുന്നത് അതുപോലെ തന്നെ ബന്ധനകളില്ലാതെ സമത്വത്തോടെ ഉള്ള ഒരു സമ്മിശ്ര സഹജീവിനം നിലനിര്‍ത്താന്‍ ഉള്ള ഒരു ശ്രമം കൂടിയാണ് ഈ കാണുന്നതെല്ലാം.” അതുപറയുമ്പോള്‍ വര്‍ക്കി സ്വാഭാവികമായും അല്‍പം ഫിലോസഫിക്കലാവും.

ഇവിടെ എല്ലാജീവികള്‍ക്കും സ്വാതന്ത്ര്യമുണ്ട്.


കൃഷിയും പ്രകൃതിയും ഒന്നാണ്. അവ സമന്വയിപ്പിച്ചുള്ള അതിജീവനം ആണ് നമ്മള്‍ ലക്ഷ്യമാക്കേണ്ടത്. അതാണ് ഇവിടെ നിങ്ങള്‍ക്ക് കാണാനും കഴിയുക.


പാര്‍ക്കിലേക്കുള്ള കവാടം കടന്നാല്‍ എമു, മുയലുകള്‍, പ്രാവുകള്‍, വാത്തകള്‍…അങ്ങനെ പലതരം ജീവികള്‍ ആണ് നിങ്ങളെ സ്വാഗതം ചെയ്യുക. ഒന്നിനെയും കൂട്ടിലടച്ചിട്ടില്ല.

“എന്‍റെ വീടും ഈ പറമ്പില്‍ തന്നെയാണ്. ഈ കാണുന്ന ജീവികളോടൊപ്പമാണ് ഞങ്ങളുടെ താമസവും ജീവിതവും…,” വര്‍ക്കി തുടരുന്നു.

ഒരുപാട് ഈ പാര‍്ക്ക് കാണാന്‍ എത്തുന്നു.

വര്‍ക്കിയുടെ വീടെത്തിയാല്‍ പുറത്തു ഷെഡിനോട് ചേര്‍ന്ന് ഒരു മരം പിടിപ്പിച്ചിരിക്കുന്നത് കാണാം. അക്വേറിയത്തിന്‍റെ പളുങ്കു ടാങ്കില്‍ മണ്ണ് നിറച്ചാണ് അത് നട്ടിരിക്കുന്നത്. മരം ടാങ്കിലാണെങ്കിലും അതിന്‍റെ മറ്റൊരു ഭാഗം മണ്ണില്‍ ഊന്നി വളരുന്നു.

“ഇതു ഒരു പഴച്ചെടിയാണ്. നല്ല സ്വാദുള്ള പഴമാണ്. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ തന്നെ കിളികളുടെ ബഹളമാണ്. പഴം കഴിക്കുന്നതിന്‍റെയാ കേട്ടോ. അത് കേട്ട് ഉണരാന്‍ തന്നെ വേറൊരു ഫീലാണ്,” അദ്ദേഹം ചിരിക്കുന്നു.

“ഈ മരത്തിന്‍റെ ഘടന ഈ രൂപത്തില്‍ ആക്കിയതെങ്ങനെ എന്നോ? ഇതു നട്ടിരിക്കുന്ന ടാങ്കില്‍ ഒരു ദ്വാരം നല്‍കി ഒരു വേര് പുറത്തേക്ക് വളര്‍ത്തി. ശേഷം ആ വേര് മണ്ണിലേക്ക് ഊന്നി തുടങ്ങുമ്പോള്‍ എല്ലാ പരിപാലനവും ആ വേരിനു നല്‍കി. മണ്ണ് കൂടുതല്‍ ഇട്ടു കൊടുത്തു, നനച്ചു പരിപോഷിപ്പിച്ചു. പിന്നെ ആ ചെടിയുടെ മറ്റൊരു കടഭാഗമെന്ന നിലയില്‍ അത് അവിടെ നിന്നും വളര്‍ന്നു മരമായി. കാണുമ്പോള്‍ നല്ല ഭംഗിയുമായി, തണലുമായി, പക്ഷികള്‍ക്കുള്ള ആഹാരമായി, നമുക്ക് ഇമ്പമുള്ള സംഗീതമായി,” ഓരോ പരീക്ഷണകഥ പറയുമ്പോഴും വര്‍ക്കിയുടെ ആവേശം ഒന്ന് വേറെ തന്നെയാണ്.

വാക്കിങ് ട്രീ

“ഇവിടെ പൂച്ചയും എലിയും മുയലും വാതയും കോഴിയും എല്ലാം സമന്വയത്തോടെ ജീവിക്കുന്നത് കാണാം. … ആരും ആര്‍ക്കും ബുദ്ധിമുട്ടാകാതെ അവരവരുടെ രീതിക്ക് ജീവിച്ചു പോരുന്നു. കോഴിയുടെ തീറ്റയില്‍ നിന്നാകും ചിലപ്പോള്‍ എലിയും മുയലും തിന്നുക. അതും ഒരുമിച്ച്. ആര്‍ക്കും പ്രത്യേകം ഇടമോ പരിഗണനയോ ഇല്ല. എല്ലാവര്ക്കും ഒരുപോലെയുള്ള കരുതല്‍ നല്‍കുന്നു. അതാണ് അവര്‍ക്ക് ആവശ്യവും,” വര്‍ക്കി സ്വന്തം തിയറി വ്യക്തമാക്കി.

ഒരു ഭാഗത്തു മുളക്കൂട്ടത്തിന്മേല്‍ പണികഴിപ്പിച്ച ഏറുമാടം. മരങ്ങളാല്‍ വാരിപ്പുണര്‍ന്ന നിലയില്‍ കുളങ്ങള്‍.

“ഇവിടെ ഞാന്‍ പണികഴിപ്പിച്ചതും കരണവന്മാരായി കൃഷി ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയെടുത്തതുമായി പതിനഞ്ചോളം കുളങ്ങളുണ്ട്,” അദ്ദേഹം പറയുന്നു.

കൗതുകപ്പാര്‍ക്കിലെ കാഴ്ചകള്‍

കുളത്തിന്‍റെ കര സിമെന്‍റോ കോണ്‍ക്രീറ്റോ കൊണ്ട് കെട്ടിപ്പൊക്കിയിട്ടില്ല. പന്നല്‍ച്ചെടികളും ജല സസ്യങ്ങളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. തണലിടങ്ങളില്‍ ഒളിച്ചിരിക്കുന്ന പളുങ്കുജലാശയങ്ങള്‍! അതില്‍ തവളകളും സ്വദേശികളും വിദേശികളുമായ ഒരുപാട് മീനുകളും…

ഒരു കുളത്തിനു മുകളിലൂടെ കമ്പി കൊണ്ടുള്ള ഉറപ്പുള്ളൊരു പാലം ഉണ്ട്. അതിന് മുകളിലൂടെയുള്ള നടത്തം ചെന്നവസാനിക്കുന്നത് ‘പോണ്ടി യാക്ക് കേവ്’ എന്നുപേരിട്ട ഒരു ഗുഹയിലേക്കാണ്.

ഗുഹാമുഖം കടന്ന് ചെല്ലുമ്പോള്‍ തന്നെ മണ്ണിന്‍റെ മണവും കുളിരും തൊട്ടറിഞ്ഞു നടക്കാം. മുമ്പോട്ട് നടക്കുമ്പോള്‍ അപ്പുറത്ത് വെട്ടത്തിന്‍റെ ഒരു പൊട്ട് കാണാം. പൂര്‍വികര്‍ സഞ്ചരിച്ചിരുന്ന പാതയിലേക്ക് ഒരു എത്തിനോട്ടമായി തോന്നുന്ന രീതിയില്‍ വര്‍ക്കി മനോഹരമായി ഒരുക്കിയിട്ടുണ്ട് ഇവിടം.

മീന്‍കുളം
കുളം കല്ലും സിമെന്‍റുമുപയോഗിച്ച് കെട്ടിപ്പടുത്തില്ല, ജലസസ്യങ്ങള്‍ വളരാന്‍ അനുവദിച്ചു

“ഈ ഗുഹയില്‍ പാമ്പുകള്‍ക്കോ താവളകള്‍ക്കോ മറ്റു ജീവികള്‍ക്കോ കേറി പാര്‍ക്കാന്‍ പോന്ന മാളങ്ങളും ഞാന്‍ ഒരുക്കിയിട്ടുണ്ട്. അവര്‍ വേണമെങ്കില്‍ അതില്‍ കയറി കഴിഞ്ഞുകൂടിക്കൊള്ളും. അവ ഒന്നും തന്നെ ഉപദ്രവകാരികളല്ല. നമ്മള്‍ മനുഷ്യര്‍ അവയുടെ ദൈനംദിന ജീവിതത്തില്‍ കൈ കടത്താതിരുന്നാല്‍ മതി. അതുങ്ങള്‍ അതിന്‍റെ വഴിക്ക് നടന്നോളും,” എന്നാണ് വര്‍ക്കി പറയുന്നത്.

ഈ ഗുഹ ചെന്നവസാനിക്കുന്നത് മറ്റൊരു കുളത്തിലാണ്. അതിലും നിറയെ മീനുകള്‍.

പാര്‍ക്കിലെ മറ്റൊരു കുളം കമനീയമായ രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. മാത്രമല്ല പല ഭാഗങ്ങളിലായി ചെടിച്ചട്ടികളും കലങ്ങളും നിരത്തി മനോഹരമായ കവാടം ഒരുക്കിയിട്ടുണ്ട്.

കൗതുകപ്പാര്‍ക്കിലെ കാഴ്ചകള്‍

“ഈ പഴയ ചെടികളും കുപ്പികളും ഒക്കെ എനിക്ക് വലിയ ക്രെയ്‌സ് ആണ്. ഞാന്‍ പലയിടത്തു നിന്നുമായി ശേഖരിച്ച കുപ്പികളും പാട്ടകളും കൊണ്ടാണ് ഈ കുളത്തിന്‍റെ ഒതുക്കുകല്ലു നിര്‍മിച്ചിരിക്കുന്നത്. ഉപയോഗിക്കാന്‍ പറ്റുന്ന ഒരു വസ്തുവും ഞാന്‍ പാഴാക്കാറില്ല. എന്തെങ്കിലും തരത്തില്‍ അത് ഭംഗിയായി ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്,” അദ്ദേഹം വിശദമാക്കുന്നു.

മറ്റൊരു കുളത്തിന്‍റെ ചുറ്റും പഴയ ഓട് നിരത്തി വെച്ചാണ് പടവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. വീട്ടില്‍ ഉപയോഗിച്ചിരുന്ന പഴയ ടിവി യുടെ സ്‌ക്രീന്‍ പൊട്ടിച്ചു അതിലാണ് ഒരു വാത്ത മുട്ടയ്ക്ക് അടയിരിക്കുന്നത്. ഇവിടെ പ്രയോജനമില്ലാത്തതായി ഒന്നുമില്ല!

“… ഈ പാര്‍ക്കിന്‍റെ ഘടന തന്നെ കേരളത്തിന്‍റെ ആകൃതിയിലാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കാണാന്‍ സാധിക്കാതിരുന്നത് ഒന്ന് റിക്രിയേറ്റ് ചെയ്തെന്ന് മാത്രം,” എന്ന് വര്‍ക്കി.

വര്‍ക്കിയുടെ കൗതുകപ്പാര്‍ക്ക്

“ചെറുപ്പത്തിലേ എന്‍റെ പ്രകൃതി സ്‌നേഹം കണ്ടു പലവരും എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷെ ഞാന്‍ അതിലൊന്നും തളര്‍ന്നിട്ടില്ല. എനിക്കെന്‍റെ സ്വപ്നം നേടണമായിരുന്നു. അതിനായി പതിനേഴു വര്‍ഷമാണ് ഞാന്‍ ഇതില്‍ പണിയെടുത്തത്,” അദ്ദേഹം തുടരുന്നു.


ഇതുകൂടി വായിക്കാം:10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പം


“ഒഴിവാക്കാന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ പുറത്തു നിന്നും സഹായം വേണ്ടിവന്നു എന്നതൊഴിച്ചാല്‍ ഈ പാര്‍ക്കിന്‍റെ മാസ്റ്റര്‍ പ്ലാനറും, എന്‍ജിനീയറും, തൊഴിലാളിയും എല്ലാം ഞാന്‍ തന്നെയാണ്,” ഒരിക്കല്‍ പരിഹസിച്ചവര്‍ തന്നെ ഇപ്പോള്‍ കൗതുകത്തോടെ ഈ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുമ്പോള്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“ആരെയും തോല്‍പ്പിക്കണ്ട, പക്ഷെ ഇതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട സന്ദേശം ഉള്‍ക്കൊണ്ട് പ്രകൃതിയെ ദ്രോഹിക്കാതെ ഒരു മരം എങ്കിലും നട്ടുപിടിപ്പിച്ചാല്‍ എനിക്കത് മതി. മരം ഒരു വരം, മരം ഒരു വനം. അതാണ് എന്‍റെ സ്ലോഗന്‍,” അദ്ദേഹം തുടരുന്നു.


മുളയുടെ ഒരു ശേഖരം തന്നെയുണ്ടിവിടെ. വള്ളിമുള എന്നൊരു അപൂര്‍വ്വയിനം മുളയും കാണാം. വള്ളിപ്പടര്‍പ്പ് പോലെ പടര്‍ന്നു പിടിക്കുന്ന മുളയാണത്.


മറ്റൊരു മുളംകൂട്ടത്തില്‍ നിന്ന് ഒരു മുള നീട്ടിയെടുത്ത് ആര്‍ച്ച് പോലെ വളച്ച് ടയറുകള്‍ക്കള്ളില്‍ മണ്ണുനിറച്ച് അതില്‍ പൂഴ്ത്തിവെച്ചിരിക്കുന്നു. അതില്‍ നിന്ന് കൂടുതല്‍ മുളന്തലപ്പുകള്‍… മുളയുടെ തലപ്പില്‍ നിന്ന് വീണ്ടും പൊടിപ്പുകള്‍ കരുത്തോടെ വളര്‍ന്ന് മറ്റൊരു മുളങ്കൂട്ടം വളര്‍ന്നുതുടങ്ങിയിരിക്കുന്നു.

ഈ രീതിയെക്കുറിച്ചു മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഞാന്‍ ഇത്തരത്തില്‍ മുളയെ വളച്ചു വളര്‍ത്തുന്നതിന്‍റെ ഗുണം എന്താണെന്ന് ചോദിച്ചു.

കൗതുകപ്പാര്‍ക്കില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചപ്പോള്‍.

”ഈ രീതിയില്‍ നമുക്ക് (ജീവനുള്ള) ആര്‍ച്ചുകളും പാലങ്ങളും ഒക്കെ നിര്‍മ്മിക്കാം. മാത്രമല്ല ഒരു ഭാഗത്തു മാത്രമായി ഉണ്ടായിരുന്ന മുളങ്കുട്ടത്തെ മാറ്റി നടാതെ തന്നെ നമുക്ക് പലയിടങ്ങളിലായി വളര്‍ത്താം. ചുരുക്കി പറഞ്ഞാല്‍ അതിന്‍റെ കടഭാഗത്തു നിന്നും മറ്റൊരു കടഭാഗം സൃഷ്ടിക്കുന്നു.

“ഓരോ കാലടിയായി നടക്കുന്ന പോലെ മുള നടക്കുന്ന ആശയം ആണിത്. നമ്മള്‍ മനുഷ്യര്‍ നടക്കുമ്പോള്‍ കാല്‍പാദങ്ങള്‍ എടുത്തു വച്ചാണ് നടക്കുന്നത്. എന്നാല്‍ മരം നടക്കുന്നത് തന്‍റെ വേര് ഊന്നി അടുത്ത സ്ഥലത്തേക്ക് വളര്‍ന്നു, അതങ്ങനെ തുടര്‍ന്ന് പോകുന്നു. തന്‍റെ പാദം എടുക്കാതെ തന്നെ ഓരോ കാലടികള്‍ സൃഷ്ടിച്ചു നടന്നു നീങ്ങുന്നു. പ്രകൃതിയുടെ പ്രതിഭാസമാണിത്. തന്‍റെ ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ പ്രകൃതിക്ക് ഒരു പ്രത്യേക കഴിവുണ്ട്,” വര്‍ക്കി വിശദീകരിക്കുമ്പോള്‍ അതില്‍ എപ്പോഴും അല്‍പം തത്വചിന്തകൂടി കലരുന്നു.

കേരളത്തിന്‍റെ അതിവേഗം നഷ്ടപ്പെടുന്ന പ്രകൃതിസൗന്ദര്യവും ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാനുള്ള ജീവിക്കുന്ന ഒരു ഉദാഹരണം ആയിക്കൂടിയാണ് വര്‍ക്കി ഈ പാര്‍ക്കിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

“…ചരിത്രം സൃഷിടിക്കുമ്പോഴല്ലേ അത് എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്ക്കു, ഇനിയിപ്പോള്‍ കാലം എന്നെ മായിച്ചു കളഞ്ഞാലും ഈ പാര്‍ക്ക് ഞാന്‍ ജീവിച്ചിരുന്നതിന്‍റെ പ്രതീകമാകുമല്ലോ,” വര്‍ക്കി ചിരിക്കുന്നു .

മുനിയറയുടെയും മുനിമടകളുടെയും മാതൃകകള്‍, പണ്ട് കാലത്ത് മനുഷ്യരെ അടക്കം ചെയ്യാനുപയോഗിച്ചിരുന്ന നന്നങ്ങാടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയും ഈ പാര്‍ക്കില്‍ അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ട്.

വര്‍ക്കിയും ഭാര്യയും

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ആഹാരം കൊടുക്കാനും മറ്റു പിന്തുണയുമായി വര്‍ക്കിയുടെ ഭാര്യ നിഷി കൂടെ തന്നെയുണ്ട്. ഏക മകള്‍ പഠനത്തിരക്കിലും. വര്‍ക്കിയുടെ പ്രകൃതി സ്‌നേഹം നിഷിയിലും ഒട്ടും ചോര്‍ന്നു പോകാതെ തന്നെയുണ്ട് എന്നത് കൗതുകപാര്‍ക്കില്‍ എത്തുന്നവര്‍ക്ക് സഹായകമാകുന്നു. അതിഥികളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്കാന്‍ നിഷി എപ്പോഴും റെഡി.

ആല്‍വര്‍ഗത്തില്‍ പെട്ട മരത്തിന്‍റെ വേരുകള്‍ ഒരു പ്രത്യേക രീതിയില്‍ വളര്‍ത്തിയെടുത്തിരിക്കുന്ന ‘വാക്കിങ് ട്രീ’ (നടക്കുന്ന വൃക്ഷം) ആണ് വര്‍ക്കിയുടെ മാസ്റ്റര്‍പീസ്.

ഇത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിട്ടുമുണ്ട്. പ്രകൃതി സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും വനമിത്ര പുരസ്‌കാരവും വര്‍ക്കിയെ തേടിയെത്തിയിട്ടുണ്ട്.

“വാക്കിങ് ട്രീ എന്നത് ഇവിടുത്തെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ഒരു മരത്തില്‍ തന്നെ എട്ടു പ്രത്യേകതകള്‍ ഒരുക്കിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. മരത്തിന്‍റെ വേര് കൊണ്ട് തന്നെ പാലവും, ഗോവണിയും, ഏറുമാടവും ഒക്കെ ഉണ്ടാക്കിയിരിക്കുന്നു. ആ മരത്തിന്‍റെ വേരിനെ താഴേക്കിറക്കി മറ്റൊരു മരമാക്കി മാറ്റി ‘ചലിക്കുന്ന മരം’ എന്ന ആശയം പ്രാവര്‍ത്തികമാക്കി. അങ്ങനെ ഓരോ വേര് ഇറക്കി മരത്തെ നടക്കാന്‍ അനുവദിക്കുന്നു,” അദ്ദേഹം വിശദീകരിക്കുന്നു.

ഇതുണ്ടാക്കാന്‍ വര്‍ഷങ്ങളുടെ ശ്രദ്ധയും പരിചരണവുമൊക്കെ വേണം, ഒപ്പം ക്ഷമയും. പ്രകൃതിധ്യാനത്തില്‍ കഴിയുന്നതുകൊണ്ടാകാം, അത് അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്.

പ്രകൃതി തന്നെയാണ് അദ്ദേഹത്തിന് ഈശ്വരന്‍. ആ ഈശ്വരന്‍റെ വീട്ടിലാണ് വര്‍ക്കിയുടെ താമസം.

“ഞാന്‍ ഒരു ആരാധനാലയങ്ങളിലും പോകാറില്ല. എന്നെ സംബന്ധിച്ച് പ്രകൃതിയാണ് ഈശ്വരന്‍. ഈ കാണുന്നത് എല്ലാം പ്രകൃതിയുടെ സൃഷ്ടികളാണ്. അപ്പോള്‍ ഇതെല്ലാം പരിപാലിച്ചു പരിപോഷിപ്പിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരന് പൂജ ചെയ്യുകയാണ്. മനുഷ്യരെയും മരങ്ങളെയും സര്‍വ്വചരാചരങ്ങളെയും സ്‌നേഹിച്ചു ജീവിച്ചു പ്രകൃതിയാകുന്ന ആരാധനാലയത്തിലേക്ക് ഇഴുകിച്ചേരുക. പ്രകൃതിയെ തൊട്ടും മാറോടു ചേര്‍ത്തും വാരിപുണര്‍ന്നും അറിയുക,” വര്‍ക്കി നയം വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കാം: അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍: മികച്ച ആദായം, സൗകര്യം!


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം