കയറില്ല, കറവയുമില്ല: 44 നാടന്‍ പശുക്കള്‍ക്കും 20 പട്ടികള്‍ക്കും 60 സെന്‍റില്‍ സ്വസ്ഥമായ താവളമൊരുക്കി, അവര്‍ക്കൊപ്പം ജീവിക്കുന്ന മുന്‍ നേവല്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍

ഈ ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുന്ന പോലെ തന്നെ മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്നിവിടുള്ളൂ എന്നാണ് ഉണ്ണികൃഷ്ണന്‍ ഉറച്ചുവിശ്വസിക്കുന്നത്.  

“നമ്മുടെ മൂക്കിലൂടെ കയര്‍ ഇട്ടാല്‍ എങ്ങനെയിരിക്കും?” തൃശൂര്‍ മായന്നൂരിലെ ഉണ്ണികൃഷ്ണന്‍ തിരിച്ചൊരു ചോദ്യമെറിഞ്ഞപ്പോള്‍ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഈ പശുക്കളെയും പട്ടികളെയും ഇങ്ങനെ ഒരു കയറോ കഴുത്തിലൊരു ബെല്‍റ്റോ ഇല്ലാതെ വളര്‍ത്തുന്നത് എന്തുകൊണ്ടാണ് എന്നൊരു സംശയം ചോദിച്ചതിന് എനിക്ക് കിട്ടിയ ഉത്തരം ഈ മറുചോദ്യമായിരുന്നു.

“പശുക്കള്‍ക്ക് മൂക്കുകയര്‍ ഇടുമ്പോള്‍ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും സത്യത്തില്‍ അസഹനീയമാണ്… അതുങ്ങള്‍ക്ക് കരയാനേ അറിയൂ,” റിട്ടയേഡ് നേവല്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറായ ഉണ്ണികൃഷ്ണന്‍ തുടരുന്നു.

ഉണ്ണികൃഷ്ണന്‍ നേവിയില്‍ എന്‍ജിനീയറായിരുന്നപ്പോള്‍.

അദ്ദേഹത്തിന്‍റെ 60 സെന്‍റ് പുരയിടത്തില്‍ 44 നാടന്‍ പശുക്കളും ഇരുപതോളം പട്ടികളും യാതൊരു ഭയവുമില്ലാതെ, നിയന്ത്രണങ്ങളിലാതെ സന്തോഷത്തേടെ മേഞ്ഞുനടക്കുന്ന ഒരു കൊച്ചുതുരുത്ത്.

“രണ്ടു മൂരികള്‍ തമ്മില്‍ കുത്തുകൂടാതിരിക്കാന്‍ അവയെ കെട്ടിയിട്ടിരിക്കുന്നതൊഴിച്ചാല്‍ ഇവിടെ പശുക്കളെ കഴുത്തില്‍ കയറിട്ടോ പട്ടികളെ ബെല്‍റ്റ് ഇട്ടോ എവിടെയും കെട്ടിയിടാറില്ല. ഈ കാണുന്ന സ്ഥലമത്രയും അവ സ്വാതന്ത്ര്യത്തോടെ ഓടി നടക്കും.

“ആരും സമാധാനം കളയാനായി ചെല്ലുകയുമില്ല, ഒരു കടുംപിടുത്തങ്ങളുമില്ല. അവര്‍ക്ക് വേണ്ടത് കഴിച്ചും ഇഷ്ടമുള്ളിടത്തു കിടന്നുറങ്ങിയും ജീവിക്കുന്നു. ഈ കാണുന്നതെല്ലാം അവയുടെ സ്ഥലമാണ്,” ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു.


പട്ടിക്കൂടുകള്‍ അണുവിമുക്തമാക്കാന്‍ പ്രകൃതിസൗഹൃദ ക്ലീനറുകള്‍ വാങ്ങാം. ഒപ്പം ഓര്‍ഗാനിക് ഉല്‍പന്നങ്ങളും. സന്ദര്‍ശിക്കൂ: Karnival.com

ഇങ്ങനെ കെട്ടിയിടാതെ സര്‍വ സ്വാതന്ത്ര്യവും കൊടുത്തു വളര്‍ത്തിയാല്‍ അവ ഒരിക്കലും അക്രമണകാരികള്‍ ആകില്ലെന്ന് അദ്ദേഹം പറയുന്നു. പുറത്തു നിന്നും ആര് വന്നാലും നായ്ക്കള്‍ അവര്‍ക്ക് നേരെ കുരച്ചുചാടില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുമായി വല്ലാത്തൊരു അടുപ്പം കാണിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഉണ്ണികൃഷ്ണന്‍റെ 60 സെന്‍റ് സ്ഥലത്ത് പശുക്കളും പട്ടികളും സ്വൈരമായി, കയറോ ബെല്‍റ്റോ ഇല്ലാതെ സ്വതന്ത്രരായി കഴിയുന്നു

“ഈ ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുന്ന പോലെ തന്നെ മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്നിവിടുള്ളൂ,” എന്നാണ് ഉണ്ണികൃഷ്ണന്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതുകൊണ്ട് ഈ പശുക്കളെയൊന്നും കറന്ന് പാലെടുക്കാറുമില്ല. ആ കഥകളിലേക്ക് പോകുംമുമ്പ് മനുഷ്യരേയും മൃഗങ്ങളേയും ഒരുപോലെ സ്‌നേഹിക്കുന്ന ഈ എന്‍ജിനീയറെ അടുത്തറിയാം.

1972-ല്‍ നേവല്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനിയറായി ഇന്‍ഡ്യന്‍ നേവിയില്‍ പ്രവേശിച്ച ഉണ്ണികൃഷ്ണന്‍ 1992-ലാണ് വിരമിക്കുന്നത്. തുടര്‍ന്ന് മസ്‌കറ്റില്‍ ഷെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്‍റേഷന് ട്രെയ്‌നര്‍, പിന്നീട് സേഫ്റ്റി ട്രെയ്‌നര്‍/മാനേജര്‍. 2012-ല്‍ തിരിച്ച് നാട്ടിലെത്തി.

നാട്ടിലെത്തി ജൈവകൃഷി ചെയ്യാനായിരുന്നു പ്ലാന്‍. സുഭാഷ് പാലേക്കറുടെ സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിങ് എന്ന ആശയത്തോട് വളരെ ആകൃഷ്ടനായിരുന്നു ഉണ്ണികൃഷ്ണന്‍. അങ്ങനെയാണ് കൃഷിയിലേക്ക് തിരിയാന്‍ തീരുമാനിക്കുന്നത്.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്.

ചെലവില്ലാ ജൈവകൃഷിയുടെ പ്രചാരകന്‍ സുഭാഷ് പാലേക്കര്‍

“ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചല്ലല്ലോ നടക്കുക. എല്ലാം അങ്ങ് സംഭവിച്ചുപോകുന്നതാണ്,” എന്ന ആമുഖത്തോടെ ആ കഥ അദ്ദേഹം പറയുന്നു.

“ഞാന്‍ 2013 മാര്‍ച്ചില്‍ രണ്ടു നാടന്‍ പശുക്കളെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും വാങ്ങി. ജൈവകൃഷി ആയിരുന്നു ഉദ്ദേശം. അതിനായി അവയുടെ ചാണകം ഉപകാരപ്പെടുമല്ലോ എന്ന് കരുതി. എന്നാല്‍ അവയുമായുള്ള സംസര്‍ഗം കൊണ്ടാകാം എനിക്ക് ആ ജീവികളോട് വല്ലാത്ത ആത്മബന്ധം അനുഭവപെട്ടു തുടങ്ങിയിരുന്നു.

“… അങ്ങനെ കൃഷിക്കായി ഞാന്‍ കരുതിയ അറുപതു സെന്‍റ് സ്ഥലം നാടന്‍ പശുക്കളുടെ സ്വസ്ഥമായ വിഹാരത്തിനു തുറന്നു കൊടുത്തു. അവരെ കെട്ടിയിടാതെ, കടുംപിടുത്തങ്ങള്‍ ഒന്നുമില്ലാതെ അവരുടെ ഇഷ്ടത്തിന് നല്‍കി. അങ്ങനെ എന്‍റെ പക്കല്‍ ഉണ്ടായ പശുക്കള്‍ പെറ്റും അല്ലാതെ ഞാന്‍ വാങ്ങിയതുമായി ഇപ്പോള്‍ 44 പശുക്കള്‍ ഉണ്ടിവിടെ.

“വില്വാദ്രി, മലനാട് ഗിഡ്ഡ എന്നീ ഇനം പശുക്കളാണ് അധികവും. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നാടന്‍ പശുക്കളെ സംരക്ഷിച്ചു വളര്‍ത്താനായി പിന്നീടുള്ള എന്‍റെ പരിശ്രമങ്ങള്‍. നമ്മുടെ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ ഉപയോഗിക്കാതെ അതുങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാന്‍ വിടാം എന്നായി തുടര്‍ന്നുള്ള എന്‍റെ ചിന്ത.”

ഉണ്ണികൃഷ്ണന്‍റെ വളപ്പിലെ പശുക്കള്‍

പട്ടികളെ വളര്‍ത്താന്‍ പ്രേരണയായത് നമ്മുടെ സമൂഹം അവയോട് ചെയ്യുന്ന ക്രൂരതയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.  ഒരിക്കല്‍ രാവിലെ ഉറക്കമെഴുന്നേറ്റ് വീടിന്‍റെ ഗേറ്റിനരികില്‍ ചെന്നപ്പോള്‍ ചെറിയ ഞരക്കം കേട്ടു. നോക്കിയപ്പോള്‍ പ്രസവിച്ചു കണ്ണ് പോലും തുറക്കാത്ത പട്ടിക്കുഞ്ഞുങ്ങളെ ഒരു കവറിലാക്കി ഉപേക്ഷിച്ചിരിക്കുന്നു.

ആ കാഴ്ച വല്ലാതെ മനസ്സില്‍ തട്ടിയെന്ന് ഉണ്ണികൃഷ്ണന്‍.

“എല്ലാവര്‍ക്കും തള്ളപ്പട്ടിയെ വേണം. അവളാകും വീടിനു കാവലും വീട്ടിലെ ഓമനയും. എന്നാല്‍ അവള്‍ക്ക് പ്രസവിച്ചു കുഞ്ഞിനെ പരിപാലിക്കാനുള്ള ദൈവികമായ അവകാശം നമ്മള്‍ മനുഷ്യര്‍ അനുവദിക്കുന്നില്ല.

“മൃഗങ്ങളെ കൊണ്ട് നമുക്ക് കിട്ടുന്ന ഗുണങ്ങള്‍ തട്ടിയെടുത്തു അവയെ തള്ളി കളയുക എന്നതാണ് മനുഷ്യരുടെ പൊതു സ്വഭാവം. എല്ലാവരും അല്ലാട്ടോ. ഒരുപാട് നല്ല മനുഷ്യരും നമുക്ക് ചുറ്റുമുള്ളത് കൊണ്ടാണ് ഈ ലോകം ഇന്ന് ഇങ്ങനെയെങ്കിലും നിലനിന്ന് പോകുന്നത്,” അദ്ദേഹത്തിന്‍റെ വാക്കുകള്‍ കൂടുതല്‍ നനുത്തുവന്നു.

പശുവിന്‍റെ പാലും കറക്കാറില്ലേ, നാടന്‍ പശുവിന്‍റെ പാലിന് നല്ല ഡിമാന്‍ഡ് ആണലോ എന്ന് വെറുതെയൊന്ന് ഇട്ടു നോക്കി .

“ശെരിയാണ്. പാലിനൊക്കെ നല്ല ഡിമാന്‍ഡ് ആണ്. ഒരുപാടു പേര്‍ നാടന്‍പാല്‍ ചോദിച്ചു വരുന്നുണ്ട്. പക്ഷെ പാല്‍ കറക്കാറില്ല. പശൂന്‍റെ പാല് അതിന്‍റെ മക്കള്‍ക്കുള്ളതല്ലേ. അത് അവറ്റകള്‍ തന്നെ കുടിച്ചോട്ടെ. ഇവിടെ പാല്‍ കറന്ന് ബുദ്ധിമുട്ടിക്കാനോ അടിക്കാനോ ബന്ധിച്ചിടാനോ ആരും ഇല്ല. ആ ധൈര്യത്തില്‍ തന്നെ അവര്‍ കഴിഞ്ഞോട്ടെ.


ഇതുകൂടി വായിക്കാം: മലയണ്ണാനും കുരുങ്ങുകള്‍ക്കും വേണ്ടി മരമേലാപ്പുകള്‍ക്കിടയില്‍ മേല്‍പ്പാലങ്ങള്‍: കാട്ടുമൃഗങ്ങളെ രക്ഷിക്കാന്‍ ചിന്നാര്‍ മോഡല്‍


“നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് കണ്ടിട്ടില്ലേ പാല്‍ കറക്കുന്നതിനു മുമ്പ് ക്ടാവിനെ കൊണ്ട് ഒന്ന് കുടിപ്പിക്കും. അമ്മ അത് തന്‍റെ കുഞ്ഞു കുടിക്കുന്നതാണെന്ന് കരുതി പാല്‍ നല്ലോണം ചുരത്തും. കുഞ്ഞിനെ കുടിപ്പിച്ച ശേഷം അതിനെ മാറ്റി കണ്‍മുമ്പില്‍ കെട്ടിയിട്ട് നമ്മള്‍ പാല്‍ കറന്നെടുക്കും. ആ ജീവിയോട് ചെയ്യുന്ന ഒരു ക്രൂരത ആയി എനിക്കത് തോന്നിയിട്ടുണ്ട്. പക്ഷെ ഇത് എന്‍റെ ചിന്തയാണ്. അതുകൊണ്ട് ഞാന്‍ എങ്കിലും അവയുടെ സ്വാതന്ത്ര്യത്തില്‍ കയറി ഇടപെടേണ്ട എന്ന് കരുതി പാല്‍ കറക്കാറില്ല.”

അധികമാരും ചിന്തിക്കാത്ത, സഞ്ചരിക്കാത്ത വഴിയിലൂടെയാണ് ഈ മനുഷ്യന്‍ പോകുന്നത് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ!?

പട്ടികള്‍ അത്താഴത്തിന് ഹാജരായപ്പോള്‍

“ഞാന്‍ ഇവിടെ പശുവിനെ ആര്‍ക്കും വിലക്കും നല്‍കാറില്ല. നാടന്‍ പശുക്കളോട് താല്പര്യം ഉള്ളവര്‍ക്ക് ഞാന്‍ വളര്‍ത്താന്‍ കൊടുക്കും എന്ന് മാത്രം. അതും ഒരു പശുക്കുട്ടിക്കു ഒരു മൂരിക്കുട്ടി എന്ന കണക്കില്‍ ഇണയായി മാത്രമേ കൊടുക്കാറുള്ളു.”

പക്ഷേ, അതിനും കര്‍ശന നിബന്ധനകളുണ്ട്.

“ആര്‍ക്ക് കൊടുക്കാണെങ്കിലും നൂറു രൂപയുടെ മുദ്രപത്രത്തില്‍ ഈ ജീവികളെ തങ്ങള്‍ നന്നായി പരിപാലിച്ചു നോക്കിക്കോളാം എന്ന് കരാര്‍ എഴുതി ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്തു മാത്രമേ അവയെ കൈമാറുകയുള്ളു. എന്‍റെ ഒരു ഉറപ്പിന് വേണ്ടിയാണിത്. ഇവിടുന്ന് പോയാലും ആ മിണ്ടാപ്രാണികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്,” ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.


തെരുവില്‍ നിന്നും കിട്ടിയ അനേകം പട്ടികളും കുറെയേറെ നാടന്‍ പശുക്കളും. അതാണിപ്പോള്‍ അദ്ദേഹത്തിന്‍റെ ലോകം.


“തീര്‍ച്ചയായും ജീവിതം കുറച്ചു കൂടി അര്‍ത്ഥമുള്ളതായി തോന്നുന്നത് ഇപ്പോഴാണ്. നേവിയില്‍ ജോലി ചെയ്യുമ്പോള്‍ തിരക്കേറിയ ഒരു ജീവിത രീതി ആയിരുന്നു. എന്നാല്‍ ചിട്ടവട്ടങ്ങളുടെ ചട്ടക്കൂടില്‍ നിന്നും പുറത്തിറങ്ങിയത് ഇപ്പോഴാണെന്ന് തോന്നുന്നു. മിണ്ടാപ്രാണികളാണെങ്കിലും നമ്മള്‍ അടുത്ത് ചെല്ലുമ്പോള്‍ ഉള്ള അവരുടെ സ്‌നേഹപ്രകടനം കാണുന്നതാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.

“ഇവിടെ വളരുന്ന പശുക്കളും പട്ടികളും പുറത്തു നിന്നും വരുന്ന ആരെയും ഉപദ്രവിക്കാറില്ല. അവര്‍ പൊതുവെ ശാന്തപ്രകൃതമാണ് കാണിക്കുന്നത്. കാരണം അവര്‍ക്ക് വേണ്ട സ്വാതന്ത്ര്യവും കരുതലും ഇവിടെ കിട്ടുന്നുണ്ട്. മനുഷ്യരേക്കാളേറെ മൃഗങ്ങള്‍ക്കാണ് സ്‌നേഹിക്കാന്‍ അറിയുക എന്നേ ഞാന്‍ പറയൂ. ഒരു അണ്‍കണ്ടിഷണല്‍ ലവ്. പട്ടികള്‍ എന്നെ ദൂരെ നിന്ന് കാണുമ്പോഴേ വാല്‍ നിര്‍ത്താതെ ആട്ടി ഓടി വന്നു എനിക്ക് ചുറ്റും തുള്ളി നടക്കും. ഇതൊക്കെ തന്നെ പോരെ ജീവിതം സ്വസ്ഥമാകാന്‍?” അദ്ദേഹം വീണ്ടുമൊരു മറുചോദ്യമെറിഞ്ഞു.

“നേവിയില്‍ ജോലി ചെയ്യുമ്പോഴും മസ്‌കറ്റില്‍ ഉണ്ടായിരുന്നപ്പോഴും ഹൈ ക്ലാസ് ജീവിതത്തിന്‍റെ എല്ലാ മധുരവും കയ്പ്പും അറിഞ്ഞു. എന്നാല്‍ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുമ്പോഴാണ് ഇവിടെ ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നവരെയും മത്സരിക്കുന്നവരെയും കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞത്. നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ ഒരു മനുഷ്യന് ജോലി ചെയ്യുമ്പോള്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ജീവിക്കാന്‍പോന്ന വൃത്തിയായ ചുറ്റുപാടുകളോ നല്‍കുന്നില്ല.

ഉണ്ണികൃഷ്ണനും കുടുംബവും

“ഒരു മനുഷ്യന് ലഭിക്കേണ്ട കേവലം കരുതല്‍ പോലും പല ജോലി സ്ഥലങ്ങളിലും ലഭിക്കാതെ പോകുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും അവര്‍ക്ക് വേണ്ട പരിശീലനങ്ങളും സാങ്കേതിക നിര്‍ദേശങ്ങളും നല്കാന്‍ കഴിഞ്ഞത് മസ്‌ക്കറ്റിലെ ഷെല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ജോലി ചെയ്തപ്പോഴാണ്. അവിടെ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് സേഫ്റ്റി സംബന്ധമായ പരിശീലനം നല്‍കുകയായിരുന്നു എന്‍റെ ജോലി. ആ ജോലിയിലൂടെ ഒരുപാട് ജീവിതങ്ങളിലൂടെ കയറിയിറങ്ങി പഠിക്കാന്‍ സാധിച്ചു,” ആ മുന്‍ നേവല്‍ എന്‍ജിനീയര്‍ തുറന്നുപറഞ്ഞു.

നാല്പത്തിനാല് പശുക്കളും ഇരുപത് പട്ടികളും! ഇത്രയും പേര്‍ക്ക് ദിവസവും ഭക്ഷണം ഒരുക്കല്‍, നല്ല അധ്വാനവും ചെലവും വരുമല്ലോ എന്ന് എത്ര അടക്കിവെച്ചിട്ടും ചോദിച്ചുപോയി.

“പശുക്കള്‍ക്ക് പുല്ലും വൈക്കോലും തവിടും കഞ്ഞിവെള്ളവും കൊടുക്കും. പട്ടിക്കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ ചോറും മീനും അല്ലെങ്കില്‍ ചോറും ഇറച്ചിയുമാണ് ആഹാരം. അത് കൃത്യസമയത്തു എല്ലാവര്ക്കും എത്തിക്കാനായി ഉഷ, സുഭദ്ര, ദേവി എന്നിങ്ങനെ മൂന്നു ജോലിക്കാരികളെയും വച്ചിട്ടുണ്ട്. പട്ടിക്കുഞ്ഞുങ്ങള്‍ക്കായി ഓരോ സ്റ്റീല്‍ പാത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിലാണ് ഭക്ഷണം വിളമ്പുക,” ഉണ്ണികൃഷ്ണന്‍ വിശദമാക്കി.

“ഭാര്യ ഉഷ ഇതിലെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നത് എനിക്കൊത്തിരി സന്തോഷമാണ്. എനിക്ക് രണ്ടു പെണ്മക്കള്‍ ഉണ്ട്. രണ്ടു പേരും വിവാഹം കഴിഞ്ഞു ജീവിക്കുന്നു. പിന്നെ ഞാനും ഉഷയും അല്ലെ, ഞങ്ങള്‍ ദേ കൊച്ചുകൊച്ചു വിശേഷങ്ങളുമായി അടിച്ചുപൊളിക്കുവല്ലേ…” ഉണ്ണികൃഷ്ണന്‍റെ വാക്കുകളില്‍ കുടുംബത്തിലെ സന്തോഷം ഓളംതല്ലുന്നുണ്ടായിരുന്നു.

“നമ്മുടെ ഓരോരുത്തരുടെയും ജന്മത്തിനു ഓരോ ഉദ്ദേശങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്‍റെ ജീവിത ഉദ്ദേശം തന്നെ ഇതാണ്, മിണ്ടാപ്രാണികള്‍ക്ക് അവരുടേതായ ലോകം ഒരുക്കുക,” അദ്ദേഹം പറഞ്ഞുപൂര്‍ത്തിയാക്കിയപ്പോഴേക്കും ആ സ്‌നേഹതുരുത്തിലെ ചങ്ങാതിമാര്‍ക്ക് ഉച്ചഭക്ഷണവുമായി ഉഷച്ചേച്ചി വന്നു.

അവര്‍ വിളമ്പുന്നതും പ്രതീക്ഷിച്ചു ഓരോരുത്തരും അവരവരുടെ പാത്രത്തിനു മുമ്പില്‍ അനുസരണയുള്ള കുട്ടികളെ പോലെ ഇരുന്നു. വിളമ്പിക്കിട്ടിയ ഭക്ഷണം അടുത്തിരിക്കുന്നവന്‍റെ പാത്രത്തിലേക്ക് പോലും നോക്കാതെ സംതൃപ്തിയോടെ കഴിക്കുന്നു.

അതുകണ്ടുനില്‍ക്കേ കണ്ണും മനസ്സും നിറഞ്ഞുപോകും.


ഇതുകൂടി വായിക്കാം: പഠിച്ചത് പത്രപ്രവര്‍ത്തനം, തെര‍ഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… ആ സ്നേഹത്തിന് പിന്നില്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം