ഉപേക്ഷിക്കപ്പെട്ട  അരുമകള്‍ക്ക് 2.5 ഏക്കറില്‍ അഭയകേന്ദ്രം തീര്‍ത്ത് പ്രീതി; തെരുവില്‍ നിന്നെടുത്ത് പോറ്റുന്നത് 60 നായ്ക്കളെയും 22 കന്നുകാലികളെയും

“മനുഷ്യന്‍മാര്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ഏതു സമയത്തും പോകാന്‍ ആശുപത്രികളൊക്കെയുണ്ട്. മൃഗങ്ങള്‍ക്കും അങ്ങനെയൊരു ഇടം വേണം.”

ര്‍ഷങ്ങളോളം വീട്ടില്‍ പൊന്നോമനകളായി വളര്‍ത്തും. വല്ല അസുഖവും വന്നാലോ അല്ലെങ്കില്‍ പ്രായമായാലോ പിന്നെ ആരും കാണാതെ വീട്ടില്‍ നിന്നേറെ അകലെ വല്ല വഴിയോരത്തും കൊണ്ടുപോയി കളയും.

എത്രയൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയ അരുമയാണെങ്കിലും ഇങ്ങനെയൊക്കെ ഉപേക്ഷിച്ചു കളയും ചിലര്‍ (എല്ലാവരും അങ്ങനെയല്ല കേട്ടോ…). ഇങ്ങനെ പലരും ഉപേക്ഷിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒരു ഇടം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂര്‍കാരി പ്രീതി ശ്രീവത്സന്‍.


പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം : Karnival.com

തെരുവുകളില്‍ നിന്നു രക്ഷപ്പെടുത്തിയ നായകള്‍ മാത്രമല്ല ഇവിടെയുള്ളത്.  പശുവും പോത്തുമൊക്കെ ഒരുമിച്ച് കഴിയുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ കോളങ്ങാട്ടുകരയിലാണ് പ്രീതി ഇവര്‍ക്ക് ഇടം നല്‍കിയിരിക്കുന്നത്.

പ്രീതി ശ്രീവത്സന്‍

പ്രീതി ശ്രീവത്സന്‍. ഡോക്റ്റര്‍ ശ്രീവത്സന്‍റെയും ഉഷയുടെയും ഇളയമകള്‍. ബയോടെക്നോളജിയില്‍ എംഎസ്‍സി. പക്ഷേ കൂടെ പഠിച്ച കൂട്ടുകാരൊക്കെ റിസര്‍ച്ച്, വിദേശജോലി എന്നൊക്കെ പറഞ്ഞപ്പോള്‍ അതൊന്നുമായിരുന്നില്ല പ്രീതിയുടെ മനസില്‍.

“കുട്ടിക്കാലം തൊട്ടേ മൃഗങ്ങളെ ഇഷ്ടമായിരുന്നു. ആ ഇഷ്ടമാണിപ്പോള്‍ കൂടെ കൂട്ടിയത്,” പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസ് (പി എ ഡബ്ല്യൂ എസ്) സംഘടനയുടെ അമരക്കാരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

“കുറച്ചു കൂടി മുതിര്‍ന്നതോടെ വഴിയില്‍ അപകടം പറ്റിയൊക്കെ കിടക്കുന്ന നായകളെയൊക്കെ ആശുപത്രിയിലെത്തിക്കാനും മരുന്നു നല്‍കാനുമൊക്കെ ശ്രമിച്ചു തുടങ്ങി. പിന്നെപ്പിന്നെ ഞാനിങ്ങനെയൊക്കെ ചെയ്യുമെന്നറിഞ്ഞ് പലരും എന്നെ വിളിച്ചു തുടങ്ങി.

തെരുവില്‍ നിന്നു രക്ഷപ്പെടുത്തിയ നായയെ പരിചരിക്കുന്നു

“വിളിക്കുന്നവരൊക്കെ പറയുന്നത് ‘വണ്ടിയിടിച്ച് ഒരു നായ റോഡില്‍ കിടപ്പുണ്ട്’, ‘പാടത്ത് രണ്ട് പട്ടിക്കുഞ്ഞുങ്ങളെ സഞ്ചിയ്ക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു…’ എന്നൊക്കെയാണ്. അതുകേട്ട് ഞാന്‍ ചെല്ലും. അതിനെയൊക്കെ എടുത്തുകൊണ്ടു പോരുകയും ചെയ്യും.

“അതോടെ നാട്ടുകാര്‍ക്ക് ഞാനൊരു മൃഗസ്നേഹി മാത്രമല്ല മൃഗസംരക്ഷക കൂടിയായി. പിന്നെ ഈ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായി. അങ്ങനെ 2012-ല്‍ പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസ് എന്ന പേരില്‍ സംഘടന രജിസ്ട്രര്‍ ചെയ്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

“തൃശൂരില്‍ പടിഞ്ഞാറേക്കോട്ടയിലാണ് സംഘടനയുടെ ഓഫിസ്. ഇതിനടുത്ത് തന്നെയാണ് ഞാന്‍ താമസിക്കുന്നതും. പക്ഷേ നായകള്‍ക്കും പശുക്കള്‍ക്കും താമസിക്കാനുള്ള ഇടം ടൗണില്‍ നിന്നു കുറച്ചകലെയാണ്.

“തൃശൂരില്‍ നിന്നു ഏഴു കിലോമീറ്റര്‍ അകലെ കോളങ്ങാട്ടുകരയിലാണ് മൃഗങ്ങള്‍ക്കുള്ള ഷെല്‍റ്ററുള്ളത്. നെല്ലും തെങ്ങും പച്ചക്കറിയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഇടം കൂടിയാണിത്.

ഷെല്‍റ്ററിലെ നായക്കുഞ്ഞുങ്ങള്‍

“ഞങ്ങളുടെ തന്നെ പറമ്പാണ്. സംഘടനയുടെ രജിസ്ട്രേഷനൊക്കെ കഴിഞ്ഞതോടെയാണ് ഇവിടെ ഷെല്‍റ്ററും ആരംഭിക്കുന്നത്.  60 നായകളും 22 കന്നുകാലികളുമുണ്ടിവിടെ.

“പൂച്ചകള്‍ക്ക് അങ്ങനെ വലിയ സ്പേസ് ഒന്നും നല്‍കിയിട്ടില്ല.


ഇത്രയും നായകളൊക്കെയുള്ളത് കൊണ്ട് പൂച്ചകളൊന്നും നില്‍ക്കില്ല. പൂച്ചയ്ക്ക് പട്ടിയെ പേടിയായിരിക്കുമല്ലോ.


“അനാഥരും ഉടമകള്‍ ഉപേക്ഷിക്കുന്നതുമായ വളര്‍ത്തുമൃഗങ്ങളെയാണ് ഭക്ഷണവും ചികിത്സയും സുരക്ഷിതമായ ഇടവും നല്‍കി സംരക്ഷിക്കുന്നത്. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നവയും അപകടങ്ങളില്‍ നിന്നു രക്ഷിച്ചവയുമൊക്കെ ഇവിടുണ്ട്.

“കൂടം കൊണ്ട് തലയ്ക്ക് അടിച്ചു മൃഗങ്ങളെ കൊല്ലുന്ന അറവുശാലകളില്‍ നിന്നു രക്ഷിച്ചെടുത്ത പോത്തും പശുവുമൊക്കെയുണ്ട്. പിന്നെ അറവുശാലകളിലേക്ക് വാഹനങ്ങളില്‍ കുത്തി നിറച്ച് കൊണ്ടുപോകില്ലേ.. അതിന് പൊലീസ് കേസ് ഒക്കെയാകും. അങ്ങനെ റെയ്ഡില്‍ പിടിക്കൂടിയ കന്നുകാലികളെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.” പ്രീതി പറയുന്നു.

വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വല്ല അസുഖോം വന്നാല്‍ പിന്നെ ഉപേക്ഷിക്കുന്നതാണല്ലോ പതിവെന്നു പ്രീതി. ” വീട്ടില്‍ വളര്‍ത്തിയ നായകളെ തെരുവില്‍ ഉപേക്ഷിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്.

“തെരുവില്‍ വളര്‍ന്ന നായകള്‍ വാഹനങ്ങളൊക്കെ കണ്ടാലും ഭയന്ന് ഓടാതെ സൂക്ഷിച്ചു നടക്കും. വീട്ടില്‍ കൂട്ടിനുള്ളില്‍ വളര്‍ന്നു വന്ന നായകളാണ് അപകടത്തിലൊക്കെ പെടുന്നത്. അങ്ങനെ അപകടം സംഭവിച്ച നായകളും ഇവിടുണ്ട്.

ഷെല്‍റ്ററിലെ കാല്‍ നഷ്ടപ്പെട്ട നായ

“ഇങ്ങനെയൊരു ഇടം വന്നതോടെ പലരും വിളിക്കുന്നുണ്ട്. വീട്ടില്‍ നിന്നുള്ള നായകളെയടക്കം ഷെല്‍റ്ററിലേക്ക് നല്‍കാന്‍ വേണ്ടി വിളിച്ചവരുണ്ട്. പക്ഷേ ഇവിടെ ഈ ഷെല്‍റ്ററില്‍ അതിനുള്ള സാഹചര്യമില്ല.

“അവയ്ക്ക് കിടക്കാനിടം, ഭക്ഷണം.. ഇതൊക്കെ നല്‍കണ്ടേ. വളര്‍ത്തുമൃഗങ്ങളുടെ എണ്ണം കൂടിയാല്‍ പ്രശ്നമാണ്. അത്രയേറെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യമൊന്നും ഇവിടില്ല.

“വിളിക്കുന്നവരോട് പറയും, തത്ക്കാലം ഇവിടേക്ക് കൊണ്ടുവരണ്ട. പക്ഷേ നിങ്ങള് വഴിയില്‍ ഉപേക്ഷിക്കരുത്. ഞങ്ങള്‍ വീട്ടില്‍ വന്നു നോക്കിക്കോളാം.. ആശുപത്രിയില്‍ കൊണ്ട് പോയ്ക്കോളാം. ചികിത്സയൊക്കെ ഏറ്റെടുത്തോളാം.. എന്നൊക്കെ പറയും.

ഷെല്‍റ്ററില്‍ സഹായത്തിനെത്തിയ വോളന്‍റിയര്‍മാര്‍

“ചെറിയ നായക്കുട്ടികളെ സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടില്ല. പ്രത്യേകം അവയെ ശ്രദ്ധിക്കണമല്ലോ. അങ്ങനെ നോക്കാനൊന്നും ഇവിടെ ആളില്ല. ഇതൊരു ചെറിയ സ്ഥാപനമാണ്. കുറേ ജീവനക്കാരോ വലിയ ഫണ്ടോ ഒന്നുമില്ലല്ലോ.

“ഞങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നൊന്നും ഫണ്ട് കിട്ടാറില്ല. അങ്ങനെ പ്രത്യേകിച്ച് ഒരു സഹായവും സര്‍ക്കാരില്‍ നിന്നു കിട്ടിയിട്ടില്ല. ആരെങ്കിലുമൊക്കെ നല്‍കുന്ന കാശു കൊണ്ടാണ് ഇപ്പോ കാര്യങ്ങളൊക്കെ നീങ്ങി പോകുന്നത്.

“മ‍ൃഗങ്ങളോടൊക്കെ ഇഷ്ടമുള്ളവരില്ലേ… അങ്ങനെ ചിലര്‍ നല്‍കുന്ന ചെറിയ തുകയാണ് ഞങ്ങളുടെ ഫണ്ട് എന്നു പറയുന്നത്. പക്ഷേ പൈസയൊന്നും ഒന്നിനും തികയാറുമില്ല,” അത്ര വലിയ തുകയൊന്നും ആരും നല്‍കാറില്ലെന്നും പ്രീതി.

നായയെ ദത്തെടുത്തവര്‍

“സ്വന്തം പറമ്പായത് കൊണ്ട് പ്രത്യേകിച്ച് വാടകയൊന്നും വേണ്ടല്ലോ.” പക്ഷേ ഇത്രയും ഭക്ഷണവും ചികിത്സയുമൊക്കെയായി മാസം നല്ലൊരു തുക വേണ്ടി വരുന്നുണ്ടെന്നു ഈ മൃഗസ്നേഹി പറയുന്നു.

“നായകള്‍ക്ക് രണ്ടു നേരമാണ് ഭക്ഷണം നല്‍കുന്നത്. ചോറും മീന്‍ കറിയും അല്ലെങ്കിലും ചോറും കോഴിക്കറിയുമാണ് കൊടുക്കുക. പശുവിനെ അടുത്തുള്ള പാടത്തൊക്കെ കൊണ്ടുപോയി തീറ്റിക്കും.

“പിന്നെ കാലീത്തീറ്റയും നല്‍കാറുണ്ട്. മാസം 25,000 രൂപ കാലീത്തീറ്റയ്ക്ക് മാത്രം ചെലവ് വരുന്നുണ്ട്. ഇത്രയേറെ വളര്‍ത്തുമ‍ൃഗങ്ങളില്ലേ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ അസുഖങ്ങളും വരില്ലേ.. അങ്ങനെയുള്ള ചികിത്സാചെലവ് വേറെ,” പ്രീതി പറയുന്നു.

രണ്ടര ഏക്കറിലാണ് ഷെല്‍റ്ററും കൃഷിയുമൊക്കെയുള്ളത്. അടച്ചുപൂട്ടിയ കൂടുകളൊന്നുമില്ല.

“അവയ്ക്ക് മഴയും വെയിലും കൊള്ളാതെ കിടക്കാനൊരിടം, അതിവിടെയുണ്ട്. അതേസമയം, തെരുവിലൊക്കെ ഓടിച്ചാടി നടന്ന നായകളല്ലേ അവയ്ക്ക് കൂട്ടിലെ ജീവിതം ഇഷ്ടമാകില്ലല്ലോ.


ഇതു കൂടി വായിക്കാം: രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു! ഞങ്ങള്‍ക്ക് കരച്ചിലടക്കാനായില്ല


“ഇതൊരു വലിയ പറമ്പാണ് അതില്‍ ഇവയ്ക്ക് ജീവിക്കാം. കൂട്ടിലിടുകയോ കെട്ടിയിടുകയോ ഒന്നുമില്ല. ഇവയ്ക്കും സ്വാതന്ത്ര്യം വേണം. ഓടാനും ചാടാനുമൊക്കെ സ്ഥലവും വേണം,” അസൗകര്യങ്ങള്‍ക്കിടയിലും അവയ്ക്ക് സ്വാതന്ത്ര്യമുണ്ടല്ലോ എന്നൊരാശ്വാസമാണ് പ്രീതിക്ക്.

കണ്ണു കാണാത്ത ലാബ്രഡോര്‍, മൂന്നു ഡാഷ്, ജര്‍മ്മന്‍ ഷെപ്പേഡ് തുടങ്ങി പല ഇനങ്ങളിലുള്ള നായകളുമുണ്ട്. ഇവരെയൊക്കെ ഉടമസ്ഥര്‍ ഉപേക്ഷിച്ചതാണ്. കാഴ്ച നഷ്ടപ്പെട്ട നായയ്ക്ക് ചികിത്സ തുടരുന്നുണ്ട്.

ശരിയായ സമയത്ത് ചികിത്സിച്ചിരുന്നുവെങ്കില്‍ അതിന്‍റെ കാഴ്ച നഷ്ടപ്പെടുമായിരുന്നില്ലെന്നാണ് പ്രീതി പറയുന്നത്.

ദത്തെടുക്കലിനുള്ള നായക്കുഞ്ഞുങ്ങള്‍

ജൈവകൃഷിയും ചെയ്യുന്നുണ്ട് പ്രീതി. നെല്ലും പച്ചക്കറിയും തെങ്ങുമൊക്കെയുണ്ട്. കൂടുതലും നെല്‍കൃഷിയാണ്. ഏഴു കണ്ടം നെല്ലുണ്ട്.. അതായത് ഒന്നര ഏക്കറില്‍ നെല്‍ കൃഷി ചെയ്യുന്നുണ്ട്.  നെല്ല് ഉള്ളത് കൊണ്ട് വൈക്കോല്‍ കിട്ടും. പശുവിനുള്ള വൈക്കോല്‍ അങ്ങനെയാണ് സംഘടിപ്പിക്കുന്നത്.

ഷെല്‍റ്ററില്‍ നിന്നു അരുമമൃഗങ്ങളെ ദത്തെടുത്ത് വളര്‍ത്താനുള്ള സൗകര്യമുണ്ട്.  പടിഞ്ഞാറേക്കോട്ടയിലുള്ള ഓഫിസിലാണ് ദത്തെടുക്കല്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ മൂന്നു മാസം കൂടുന്തോറും അഡോപ്ഷന്‍ ഡ്രൈവ് നടത്താറുണ്ടെന്നു പ്രീതി പറയുന്നു.

“നായകളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കൂ. സൗജന്യമാണ് ഈ ദത്തെടുക്കല്‍. പക്ഷേ അഡോപ്ഷന്‍ ഡ്രൈവില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ പൈസയൊന്നും വാങ്ങാറില്ല…

“ഈ പരിപാടിയില്‍ മൃഗ ഡോക്റ്ററുണ്ടാകും. അദ്ദേഹം നായകള്‍ക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും നല്‍കേണ്ട മരുന്നുകളെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കും. പിന്നെ വാക്സിന്‍ എപ്പോഴൊക്കെ നല്‍കണമെന്ന ചാര്‍ട്ടുകളും നല്‍കും.”

ഇതിനൊപ്പം ഒരു കൗണ്‍സിലിങ്ങുണ്ടാവും. ഓരോ പത്ത് പേരടങ്ങുന്ന ടീമുകളായി തിരിച്ചാണ് കൗണ്‍സിലിങ് സെഷന്‍ നടത്തുന്നത്. നായയെ വളര്‍ത്തുന്നതിന്‍റെ ബുദ്ധിമുട്ടുകളൊക്കെയാണ് പറഞ്ഞുകൊടുക്കുന്നത്.

“ഇതൊക്കെ കേട്ടിട്ട് നായയെ വാങ്ങാതെ പോയാല്‍ ഒരു കുഴപ്പവുമില്ല.. അത്രയും നല്ലതെന്നേ പറയൂ,” എന്ന് പ്രീതി.

“കാരണം നായകളെ കൊണ്ടുപോയിട്ട്, ഏതുനേരവും കൂട്ടിലിട്ട് വളര്‍ത്തുന്നവരാണെങ്കില്‍ ബുദ്ധിമുട്ടാണ്. സ്വാതന്ത്ര്യത്തോടെ ജീവിച്ച അവയെ അടച്ചിട്ടു വളര്‍ത്താന്‍ ഞങ്ങളനുവദിക്കില്ല,” അവര്‍‍ കൂട്ടിച്ചേര്‍ത്തു.

ബ്രീഡിങ്ങ് ബിസിനസുകാരെ ഒഴിവാക്കി നിറുത്തിയിരിക്കുകയാണെന്നു പ്രീതി പറയുന്നു. “വഴിയോരത്ത് ഉപേക്ഷിക്കുന്ന നായകളെ രക്ഷിച്ചെടുത്ത്, ചികിത്സയൊക്കെ നല്‍കിയാണ് നമ്മള്‍ സംരക്ഷിക്കുന്നത്. ആ നായകളെയാണ് ദത്തെടുക്കുന്നതിന് അവസരം നല്‍കുന്നത്.

“ബ്രീഡിങ് ഇവിടെയില്ലെന്നു മാത്രമല്ല അതിനൊക്കെ എതിരുമാണ്. ഒരു പെണ്‍പട്ടി കൈയിലുണ്ട്. എന്നാല്‍ വേഗം ആണ്‍പട്ടിയെ കൂടി സംഘടിപ്പിച്ച് അതിനെ ബ്രീഡ് ചെയിപ്പിച്ച് കുഞ്ഞുണ്ടാക്കാം.

“ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ആ കുഞ്ഞിനെ നല്ല വിലയ്ക്ക് വില്‍ക്കുകയും ചെയ്യാല്ലോ. ഇങ്ങനെ ചിന്തിക്കുന്നവരാണ് ഏറെയും. എന്നാല്‍ ആ നായകളുടെ ആരോഗ്യത്തെക്കുറിച്ചൊന്നും അന്വേഷിക്കുകയൊന്നുമില്ല.

പ്രീതിയുടെ ഷെല്‍റ്ററിലെ പൂച്ചക്കുട്ടികള്‍

“ബ്രീഡ് ചെയ്യാന്‍ പറ്റാത്ത ചിലവയുണ്ട്. കാഴ്ച ഇല്ലാത്ത നായകളെ ബ്രീഡിങ്ങിന് ഉപയോഗിച്ചാല്‍ അതിനുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അവയെ ഒന്നും ബ്രീഡ് ചെയ്യാന്‍ പറ്റില്ല.

“പിന്നെ ഇടുപ്പിന് അസുഖം വരുന്നവയുണ്ട്, അവയെ ബ്രീഡ് ചെയ്യാന്‍ പാടില്ല. ആ നായകള്‍ക്കും അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും തളര്‍ന്നു പോകാനുള്ള സാധ്യതയുണ്ട്. പക്ഷേ ആളുകളൊന്നും ഇതു നോക്കുകയില്ല,” പപ്പീസിനെ വില്‍ക്കുകയാണ് മാത്രമാണ് അത്തരക്കാരുടെ ലക്ഷ്യമെന്നും പ്രീതി.

ചികിത്സയ്ക്ക് കൊണ്ടുവന്ന നായ

ദത്തെടുക്കാന്‍ വരുന്നവര്‍ക്ക് നായകളെ നല്‍കുന്നതിന് മുന്‍പ് വന്ധ്യംകരണം ചെയ്ത ശേഷമേ നല്‍കാറുള്ളൂ. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സംഘടനയാണിത്.

“കഴിഞ്ഞ മാസം ഒരു ദത്തെടുക്കല്‍ പരിപാടി കഴിഞ്ഞതേയുള്ളൂ. 70 നായകളില്‍ 20 എണ്ണത്തിനെയും പലരും ദത്തെടുത്തു. ഇനി അടുത്തത് ഡിസംബറിലാണ്. ഏകദേശം മൂന്നു മാസം കൂടുമ്പോഴൊക്കെ അഡോപ്ഷന്‍ ഡ്രൈവ് സംഘടിപ്പിക്കാറുണ്ട്.

“നായകളെ ദത്തെടുക്കാമെങ്കിലും പശുക്കളെ ഇവിടെ നിന്ന് ആര്‍ക്കും നല്‍കാറില്ല. പശുക്കളെയും മൂരിക്കുട്ടികളെയും പാലിനും മാംസത്തിനുമല്ലാതെ സംരക്ഷിക്കണമെന്നാണ് ഞങ്ങളുടെ പോളിസി.

“ചാണകവും മൂത്രവും മാത്രം മതിയെന്നു പറഞ്ഞു വരുന്നവര്‍ക്ക് മാത്രമേ ഷെല്‍റ്ററിലെ പശുക്കളെ നല്‍കുകയുള്ളൂ.” ഒരിക്കലും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്യരുതെന്ന നിബന്ധന കൂടി ഇതിനൊപ്പമുണ്ടെന്നും പ്രീതി പറഞ്ഞു.

പടിഞ്ഞാറേക്കോട്ടയിലെ ഓഫീസില്‍ ഒരു സ്റ്റാഫ് ഉണ്ട്. ഷെല്‍റ്ററില്‍ രണ്ട് ജീവനക്കാരുമുണ്ട്. ഇതല്ലാതെ വേറെ സ്ഥിരം സഹായികളൊന്നും ഇവിടില്ലെന്നു പ്രീതി പറയുന്നു.

“പിന്നെ വോളന്‍റിയര്‍മാരുണ്ട്. വോളന്‍റിയേഴ്സ് അവരുടെ സമയവും സൗകര്യവുമൊക്കെ അനുസരിച്ച് വന്നു സഹായിക്കാറുണ്ട്. മൃഗങ്ങളോടൊക്കെ താത്പ്പര്യമുള്ള, ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാനിഷ്ടമുള്ളവരാണ് വോളന്‍റിയര്‍മാരായി ഇവിടെ വരുന്നത്.

“ഏതെങ്കിലുമൊരു ദിവസം ഇങ്ങനെ എല്ലാവരും അവിടെ കൂടും. അന്നേരം എല്ലാരും കൂടെ നായകളെയും പശുക്കളെയുമൊക്കെ കുളിപ്പിക്കും, അവയ്ക്ക് മരുന്നൊക്കെ കൊടുക്കും അങ്ങനെ പലതും. ഒരു ഫുള്‍ ഡേ എല്ലാവരും അവയ്ക്കൊപ്പമുണ്ടാകും.

“അച്ഛനും അമ്മയും പിന്തുണയോടെ കൂടിയുണ്ട്. ഞാനിങ്ങനെയൊക്കെ ചെയ്യുന്നതിനോട് സന്തോഷമേയുള്ളൂ അവര്‍ക്ക്. വീട്ടുകാരുടെ പിന്തുണ ഇല്ലാതെ ഇതുപോലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ.


അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യാനുള്ള ഫ്രീഡമൊക്കെയുണ്ട് വീട്ടില്‍.


“അങ്ങനെ അച്ഛനും അമ്മയും കട്ട സപ്പോര്‍ട്ടുമായി കൂടെയുള്ളതു കൊണ്ട് മറ്റുളളവര്‍ ആരും ഒന്നും പറയില്ല.

“നെഗറ്റീവ് അഭിപ്രായമൊന്നും ആരും പറഞ്ഞിട്ടില്ല. ഞാനിങ്ങനെയൊക്കെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോ പിന്നെ എന്തിന് ഈ പണി ചെയ്യുന്നുവെന്നു ആരും ചോദിക്കില്ല.

“എനിക്കൊരു ചേച്ചിയുണ്ട്, ജ്യോതി ശ്രീവത്സന്‍. കല്യാണമൊക്കെ കഴിഞ്ഞു ബെംഗളൂരുവിലാണിപ്പോള്‍. കുട്ടിക്കാലത്ത് ചേച്ചിയാണെന്‍റെ ഹീറോയും വഴിക്കാട്ടിയുമൊക്കെ. ചേച്ചിയില്‍ നിന്നാണ് മൃഗങ്ങളോടൊക്കെ കരുണയും സ്നേഹവും കാണിക്കാനൊക്കെ ഞാന്‍ പഠിക്കുന്നത് തന്നെ.

“അമ്മയുടെയും അച്ഛന്‍റെയും റിലേറ്റീവ്സില്‍ തന്നെ ഒട്ടുമിക്ക പേരും മൃഗസ്നേഹികളാണ്. പലരും എന്നെ സഹായിക്കാറുമുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, പറ്റുന്ന പോലെയൊക്കെ സാമ്പത്തികമായും അവരൊക്കെ സഹായിക്കാറുണ്ട്.

“ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു വെറ്റിനറി ആശുപത്രി… അതാണ് എന്‍റെ ആഗ്രഹവും ലക്ഷ്യവും. മൃഗങ്ങള്‍ക്ക് 24 മണിക്കൂര്‍ ചികിത്സ സൗകര്യമുള്ള ഇടമൊന്നും ഇവിടില്ലല്ലോ.


ഇതുകൂടി വായിക്കാം: അനാഥരേയും വൃദ്ധരേയും സംഗീതം കൊണ്ട് സന്തോഷിപ്പിക്കാന്‍ സാക്സൊഫോണുമായി ഒരു പൊലീസുകാരന്‍


“മനുഷ്യന്‍മാര്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ഏതു സമയത്തും പോകാന്‍ ആശുപത്രികളൊക്കെയുണ്ട്. മൃഗങ്ങള്‍ക്കും അങ്ങനെയൊരു ഇടം വേണം.”

തൃശൂര്‍ കാര്‍ത്ത്യായനി നഴ്സിങ്ങ് ഹോമിലെ ഡോക്റ്ററാണ് പ്രിതിയുടെ അച്ഛന്‍ ശ്രീവത്സന്‍. അമ്മ സ്വന്തമായൊരു പ്ലേ സ്കൂള്‍ നടത്തുന്നു.

***

ഫോട്ടോ കടപ്പാട് : ഫേസ്ബുക്ക് / പ്രീതി ശ്രീനിവാസന്‍, പോസ്

ഫോണ്‍: 085920 50809

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം