പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്‍ 

പൗരത്വം തെളിയിക്കാന്‍ ആ 61-കാരിയുടെ കൈകളില്‍ കാര്യമായ രേഖകളൊന്നും ഇല്ലായിരുന്നു. കാണിച്ച രേഖകള്‍ ട്രൈബ്യൂണല്‍ നിരസിക്കുകയും ചെയ്തു.  

ത്രിപുരയില്‍ നിന്നുള്ള ദിലീപ് ദാസിനെ ആസ്സാമില്‍ നിന്നുള്ള ഗീതാ റാണി സര്‍ക്കാരിന് ഒരു പരിചയവുമുണ്ടായിരുന്നില്ല, ഈ ഒക്ടോബര്‍ വരെ.

എന്നാല്‍ ഇന്ന് ഗീതാ റാണി അദ്ദേഹത്തെ സ്വന്തം മകനായാണ് കണക്കാക്കുന്നത്.  നിസ്സഹായായ ആ സ്ത്രീക്കുവേണ്ടി അദ്ദേഹം ഒപ്പം നിന്നു.

61-കാരിയായ ഗീതാ റാണി ത്രിപുരയിലെ സെപാഹിജാല എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും. പിന്നീട് ആസ്സാമിലെ നല്‍ബാരിയിലേക്ക് മാറി. 1958-ല്‍ ആണ് അവര്‍ ജനിച്ചത്. കൗമാരകാലം അവിടെയാണ് ചെലവഴിച്ചതും.

1971-ന് മുമ്പുള്ള പൗരത്വരേഖകളൊന്നും കൈയ്യിലില്ലായിരുന്നു. അതുകൊണ്ട് ആസ്സാമില്‍ എന്‍ ആര്‍ സി (ദേശീയ പൗരത്വ രെജിസ്റ്റര്‍) നടപടികള്‍ നടന്നപ്പോഴും അന്തിമ ലിസ്റ്റ് വന്നപ്പോഴും അവര്‍ അതില്‍ ഉള്‍പെട്ടില്ല.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

തുടര്‍ന്ന് ഗീതാ റാണിക്ക് എല്ലാ ദിവസവും ഡിറ്റെന്‍ഷന്‍ സെന്‍ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സ്ഥിതിയായി. നാളെയിനി എന്താവുമെന്ന ആശങ്കയില്‍ ആ 61-കാരി വെന്തു.

Geetha Rani Sirkar was denied citizenship during Assam NRC as she could not produce documents
ഗീതാ റാണി സര്‍ക്കാര്‍

ത്രിപുരയിലെ ചാരിലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് ദിലീപ് ദാസ്. അദ്ദേഹം ഗീതാ റാണിയുടെ ദുരിതം അറിഞ്ഞു. അവരെ സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

കാരണം, ആ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ഗീതാ റാണിയെന്ന് അദ്ദേഹം മനസ്സിലാക്കി. അരനൂറ്റാണ്ട് മുന്‍പുള്ള സ്‌കൂള്‍ രേഖകള്‍ സംഘടിപ്പിക്കാനായി അദ്ദേഹത്തിന്‍റെ ശ്രമം. ഇതിനായി ഏകദേശം 14,000 രൂപ അദ്ദേഹം സ്വന്തം കയ്യില്‍ നിന്ന് ചെലവഴിച്ചു. പത്ത് ദിവസം സ്‌കൂളില്‍ നിന്ന് ലീവെടുത്ത് ഗീതാ റാണിയുടെ മോചനത്തിനായി തന്നെക്കൊണ്ടാവുന്നത് ചെയ്യാനായി ഇറങ്ങിത്തിരിച്ചു.

ത്രിപുര സര്‍ക്കാര്‍ 1960-കളില്‍ നല്‍കിയ ഒരു പൗരത്വസര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഗീതാ റാണിക്ക് ആസ്സാം എന്‍ ആര്‍ സി ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കാന്‍ പറ്റിയത്. അത് സ്വീകരിക്കാന്‍ ട്രൈബ്യൂണല്‍ തയ്യാറായില്ല. അതേസമയം അവരുടെ മക്കളുടേയും മറ്റ് കുടുംബാംഗങ്ങളുടെയും പേര് അന്തിമ ലിസ്റ്റില്‍ വരികയും ചെയ്തു.


അതോടെയാണ് ഗീതാറാണിയുടെ ദുരിതം ആരംഭിക്കുന്നത്.


Dileep Das traveled to Assam to help NRC victim
ദിലീപ് ദാസ് നല്‍ബാരി എന്‍ ആര്‍ സി ട്രൈബ്യൂണല്‍ ഓഫീസിന് മുന്ില്‍

അപ്പോഴൊക്കെയും ഗീതാ റാണി പറഞ്ഞുകൊണ്ടേയിരുന്നു, ത്രിപുരയിലെ ചാരിലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചകാര്യം… 1970-ല്‍ ആ സ്‌കൂളിലാണ് ആറാം ക്ലാസ്സില്‍ ചേര്‍ന്നതെന്നും അവര്‍ ഉറപ്പിച്ചുപറഞ്ഞു. പൗരത്വം തെളിയിക്കാന്‍ അതല്ലാതെ ഇനി മറ്റൊന്നുമില്ലെന്ന് അവര്‍ ദയനീയമായി അപേക്ഷിച്ചു.

അതുകേട്ട് മനസ്സലിഞ്ഞ ട്രൈബ്യൂണല്‍ സ്‌കൂളിന്‍റെ ഹെഡ് മാസ്റ്ററായ ദിലീപ് ദാസിന് നോട്ടീസയച്ചു, ഗീതാ റാണിയുടെ അവകാശവാദം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

“എന്നെക്കൊണ്ട് മാത്രമേ ആ സ്ത്രീയെ സഹായിക്കാന്‍ കഴിയൂ എന്നെനിക്ക് മനസ്സിലായി. ഞാന്‍ പല രാത്രികള്‍ ചെലവഴിച്ച് റെക്കോഡുകള്‍ പരതി. പഴയ രേഖകളില്‍ നിന്ന് ഒടുവില്‍ എനിക്കാ അഡ്മിഷന്‍ രേഖ കിട്ടി,” ദാസ് പറയുന്നു. അതിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്പീഡ് പോസ്റ്റ് ആയി ട്രൈബ്യൂണലിന് അയച്ചുകൊടുത്തു.

Promotion

എന്നാല്‍ രേഖകളുടെ അസ്സലുകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
അപ്പോഴാണ് നേരിട്ട് ഹാജരാവാന്‍ ദാസ് തീരുമാനിക്കുന്നത്.


“എനിക്ക് ഏണ്‍ഡ് ലീവില്‍ പത്ത് ദിവസം ബാക്കിയുണ്ടായിരുന്നു. സെപാഹിജാല ഡിസ്ട്രിക്റ്റ് എജ്യുകേഷന്‍ ഓഫീസില്‍ നിന്നും അനുമതി വാങ്ങണമായിരുന്നു. ഞാന്‍ ലീവ് അപ്ലൈ ചെയ്ത് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഉടനെ തന്നെ പുറപ്പെട്ടു.

യാത്ര നീണ്ടതും ദുഷ്‌കരവുമായിരുന്നു. ഞാന്‍ ഒക്ടോബര്‍ 22-ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഗുവഹാത്തിയില്‍ നിന്നും നല്‍ബാരിയിലേക്ക് വണ്ടി കയറി. ആ ഗ്രാമത്തിലെത്തിയപ്പോള്‍ രാവിലെ പത്തര,” ദാസ് തുടരുന്നു.

എന്‍ ആര്‍ സി ട്രൈബ്യൂണല്‍ ഓഫീസിലെത്തി അദ്ദേഹം ആ ഒറിജിനല്‍ രേഖകള്‍ അവിടെ സമര്‍പ്പിച്ചു. ഗീതാ റാണിയുടെ പേര് ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ദിവസങ്ങളോളം അവിടെ തന്നെ തങ്ങി.

“അപ്പോഴാണ് ആരോ ഗീതാ റാണി സര്‍ക്കാരിനെ എനിക്ക് കാണിച്ചു തന്നത്. ട്രൈബ്യൂണല്‍ ഓഫീസിന്‍റെ ഒരു മൂലയില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവര്‍… മെലിഞ്ഞുവിളറിയ ഒരു സ്ത്രീ. ആകെ പരവശയായിരുന്നു അവര്‍. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു, ഇനിയെല്ലാം ശരിയാവും എന്ന് ഉറപ്പുകൊടുത്തു. അതുകേട്ടപ്പോള്‍ അവരുടെ മുഖം തെളിഞ്ഞു. പിന്നെ, പൊട്ടിക്കരഞ്ഞു… എന്നെ മോനേ എന്ന് വിളിച്ചു,” ദാസ് ഓര്‍ക്കുന്നു.

Dileep Das with Geetha Rani, who was not initially listed in the National Registry of Citizenship India
ഗീതാ റാണിക്കൊപ്പം ദിലീപ് ദാസ്

എന്‍ ആര്‍ സി-യില്‍ പേരില്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഗീതാ റാണിക്ക് ഡിറ്റെന്‍ഷന്‍ സെന്‍ററില്‍ പോകണമായിരുന്നു. നാളെ എന്താവുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയായിരുന്നു.

സന്തോഷവും നന്ദിയും നിറഞ്ഞ മുഖത്തോടെ ആ സ്ത്രീ ദാസിനെ വീട്ടിലേക്ക് ക്ഷണിച്ചു. അപ്പോഴേക്കും ഒരാഴ്ച അവിടെ തങ്ങിയിരുന്നു. തിരിച്ചുപോകാന്‍ വൈകിയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ആ ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

ദാസ് നീണ്ട ലീവെടുത്തത് ഇങ്ങനെയൊരു കാര്യത്തിനാണ് എന്നറിഞ്ഞപ്പോള്‍ ത്രിപുര വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന്‍റെ പത്ത് ദിവസത്തെ ലീവ് ഡ്യൂട്ടി ലീവാക്കി മാറ്റി.

ത്രിപുരയിലെയും ആസ്സാമിലെയും ജനങ്ങള്‍ ദാസിനെ അവരുടെ അഭിനന്ദനങ്ങളും സ്‌നേഹവും കൊണ്ട് മൂടി.

“ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സമയത്ത് ആ സ്ത്രീയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്,” ആ ഹെഡ് മാസ്റ്റര്‍ വിനയത്തോടെ പറയുന്നു.


ഇതുകൂടി വായിക്കാം: എങ്ങനെയാണ് ഒരാള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം കിട്ടുന്നത്?

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

4 Comments

Leave a Reply
  1. Dileep das, you are the true Indian.. I appreciate you for what you have done for tha poor and helpless woman
    May God Almighty bless you always 🙏

  2. എന്നാൽ ഈ സ്ത്രീക്ക് ഒരു മുസ്ലിം പേരായിരുന്നെങ്കിൽ ?
    ഒന്ന് വെറുതേ ചിന്തിച്ചു പോയി.

  3. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ആർട്ടിക്കിൾ ആണിത്. ദാസ് എന്ന അധ്യാപകന്റെ സ്നേഹത്തെയും ആത്മാര്ഥതയെയും കാൾ നാം മനസ്സിലാക്കേണ്ടത് ആ അമ്മയുടെ അവസ്ഥയാണ്. ഈ അവസ്ഥ നാം അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾക്ക് ഒരു പക്ഷേ നാളെ അനുഭവിക്കേണ്ടി വരാം.

Leave a Reply

Your email address will not be published. Required fields are marked *

വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്‍റെയും പെണ്‍മിത്രയുടെയും വിജയകഥ

പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം