സ്കൂളില്‍ പോണോ, വീട്ടിലെ പട്ടിണി മാറ്റണോ? മുന്നില്‍ ഒറ്റവഴി മാത്രം! വഴിയോരക്കടയിലെ നോവലിസ്റ്റിന്‍റെ കഥ

മൂന്ന് അന്ധ സഹോദരങ്ങളടക്കം അഞ്ച് മക്കളുള്ള കുടുംബത്തിലെ ഇളയവനാണ് ഷംനാദ്. മൂത്ത രണ്ട് സഹോദരങ്ങളുടെയും മരണത്തോടെ കുടുംബം നോക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഷംനാദും നിര്‍ബന്ധിതനായി.

തൃശൂര്‍ സാഹിത്യ അക്കാദമിക്ക് മുന്നിലെ നടപ്പാതയോട് ചേര്‍ന്ന് ഒരു ചെറിയ പുസ്തകക്കടയുണ്ട്. മതിലിനപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സാഹിത്യ അക്കാദമിയുടെ വലിയ പുസ്തകശാല. അതിന്‍റെ ഒരു ഓരത്താണ് ഈ കുഞ്ഞന്‍ കടയുടെ നില്‍പ്പ്.

ഇതാണാ പുസ്തകക്കട

ചക്രത്തില്‍ ഘടിപ്പിച്ച, ഇരുമ്പിന്‍റെ ചുമരുകളുള്ള ആ പുസ്തകശാലയുടെ ചെറുവാതിലില്‍ ഒരു കവിത കോറിവരച്ചിരിക്കുന്നു.

കൊതിമൂത്ത്
പറിക്കാനാഞ്ഞപ്പോള്‍
അരുതെന്ന് പിന്‍വിളി
എങ്കിലും പൂക്കള്‍
തലയാട്ടി വിളിച്ചു.

ആ ഇത്തിരിപ്പോന്ന കടയ്ക്കുള്ളില്‍ പുസ്തകങ്ങള്‍ തിങ്ങിനിറഞ്ഞിരിപ്പുണ്ട്. വഴിയരികിലൂടെ നടന്നുപോകുന്നവരെ ഒരു നിമിഷം പിടിച്ചു വലിക്കും വിധമുള്ള പുസ്തകങ്ങളുടെ ആകര്‍ഷകമായ അടുക്കുകള്‍. ആ പുസ്തകങ്ങളെ പരിചയപ്പെടാനായി കടയിലേക്ക് കടന്നെത്തുന്നവരുടെ കണ്ണുകള്‍ പലപ്പോഴും ഇരുമ്പുഷീറ്റില്‍ കുറിച്ചിട്ട ആ അഞ്ച് വരികളില്‍ ഉടക്കിനില്‍ക്കാറുണ്ട്.


ഇതുകൂടി വായിക്കാം: ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു?


കടയില്‍ നിരത്തിവച്ചരിക്കുന്ന ഏതോ പഴയ പുസ്തകത്തില്‍ നിന്നും  പരതിയെടുത്ത് എഴുതിവച്ചതാകാം ആ വരികളെന്ന് കരുതുന്നവരാണ് ഏറെയും.

എന്നാല്‍ കടയുടെ ഒരു കോണില്‍ അടുക്കിവച്ചിട്ടുള്ള ‘എപ്പിസോഡ്’ എന്ന കവിതാ സമാഹാരം എടുത്തുനോക്കുന്നവര്‍ക്ക് പുസ്തകത്തിന്‍റെ താളുകള്‍ക്കുള്ളില്‍ ആ വരികള്‍ കണ്ടുപിടിക്കാന്‍ കഴിയും.

പുറംചട്ടയില്‍ കാണുന്ന കവിയുടെ ഫോട്ടോയ്ക്ക് ആ പുസ്തക വില്‍പ്പനക്കാരന്‍റെ മുഖച്ഛായയും.

”അതെ, ഞാന്‍ ഷംനാദ്. ഇത് എന്‍റെ കവിതാ സമാഹാരമാണ്,” എന്ന് പറഞ്ഞ് പുസ്തകക്കച്ചവടക്കാരന്‍ സ്വയം പരിചയപ്പെടുത്തുമ്പോഴും പലരുടെയും സംശയം അവസാനിക്കാറില്ല.


ഷംനാദിന്‍റെ ഉള്ളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത്  ആരൊക്കെയോ വായിച്ചുപേക്ഷിച്ച പുസ്തകങ്ങളാണ്.


ജീവിതപ്രാരാബ്ദങ്ങള്‍ കാരണം ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് പതിനഞ്ചാം വയസ്സില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനായി തെരുവിലിറങ്ങിയ ഷംനാദിന്‍റെ ഉള്ളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത്  ആരൊക്കെയോ വായിച്ചുപേക്ഷിച്ച പുസ്തകങ്ങളാണ്.

ഷംനാദ്

ഷംനാദിനിപ്പോള്‍ 32 വയസ്സ്. തിരുവനന്തപുരം സ്വദേശിയാണ്. കച്ചവടാവശ്യങ്ങള്‍ക്കായി പിതാവ് തൃശൂരിലെത്തിയതോടെ ഇവിടെ സ്ഥിരതാമസമായി. മൂന്ന് അന്ധ സഹോദരങ്ങളടക്കം അഞ്ച് മക്കളുള്ള കുടുംബത്തിലെ ഇളയവനാണ് ഷംനാദ്.


ഇതുകൂടി വായിക്കാം: തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി


മൂത്ത രണ്ട് സഹോദരങ്ങളുടെയും മരണത്തോടെ കുടുംബം നോക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഷംനാദും നിര്‍ബന്ധിതനായി. പഠനം തുടരണോ, പട്ടണി കൂടാതെ കഴിയണോ എന്ന ചോദ്യത്തിന് മുന്നില്‍ ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.


ചിലപ്പോള്‍ വായിച്ചുതീരുംമുമ്പ് ആരെങ്കിലും പുസ്തകങ്ങള്‍ വാങ്ങിപ്പോകും. വായിച്ചുതീര്‍ക്കാനാവാത്ത സങ്കടം ഒതുക്കി ഷംനാദ് അത് കൈമാറും.


അങ്ങനെ, ഷംനാദ് വാപ്പയുടെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയിലെത്തി. സ്‌കൂള്‍ പഠനം അവിടെ നിലച്ചു.

കടയില്‍ ഒഴിവുള്ള നേരത്ത് സാഹിത്യ അക്കാദമിയുടെ മതിലിനരികിലെ വന്മരത്തിന്‍റെ തണലില്‍ ഇരുന്ന് വില്‍പ്പനയ്ക്കായി വച്ച പുസ്തകങ്ങള്‍ പലതും ഷംനാദ് വായിച്ചുതുടങ്ങി.

അങ്ങനെ മലയാള ഭാഷയിലെ പല പ്രമുഖ കൃതികളും ഷംനാദ് വായിച്ചുതീര്‍ത്തു. പഠനം പാതിവഴിയില്‍ മുടങ്ങിയെങ്കിലും മറ്റാരോ വായിച്ചുപേക്ഷിച്ച പുസ്തകങ്ങള്‍ വില്‍ക്കുന്ന ആ കട ഷംനാദിന് മുന്നില്‍ അക്ഷരങ്ങളുടെ ലോകം തുറന്നിട്ടു. പുസ്തകങ്ങള്‍ അറിവും അഭിരുചിയും കൂടി അയാളിലേക്ക് പകര്‍ന്നു.


ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ


പുസ്തകക്കച്ചവടത്തില്‍ നിന്ന് വായനയിലേക്കും എഴുത്തിലേക്കും ഷംനാദ് കടന്നു.  പോയ വര്‍ഷം ഷംനാദ് എഴുതിയ ആദ്യ നോവല്‍ സാഹിത്യ അക്കാദമിയുടെ ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ‘ബീരാന്‍ ബിതച്ച ബിത്ത്’ എന്ന ആ നോവല്‍ അക്കാദമിയുടെ പ്രസിഡന്‍റും എഴുത്തുകാരനുമായ വൈശാഖനാണ് പ്രകാശനം ചെയ്തത്.

വേദനയുടെയും അധ്വാനത്തിന്‍റെയും ആത്മവിശാസത്തിന്‍റെയും ഒരുപാട് കഥകള്‍ ഷംനാദിന് പറയാനുണ്ട്. ആ ചെറുപ്പക്കാരന്‍റെ ചില കവിതകളില്‍ അതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നു.

ഉച്ചവെയിലില്‍
തറച്ചുനില്‍ക്കുമ്പോള്‍
കാറ്റു വന്ന് കാതില്‍ പറഞ്ഞു
പൊള്ളുന്നതാണ് ജീവിതം
പൊള്ളയാണ് ജീവിതം.
ആര്‍ദ്രതയും
അങ്കക്കലിയും
ചേര്‍ന്നതാണ് എന്‍റെ ജീവിതം.
കാറ്റതും പറഞ്ഞ്
കരകാണാക്കടലിലേക്ക്
പാഞ്ഞുപോയി.

”വാപ്പ നൂറുദ്ദീനാണ് പഴയ പുസ്തകങ്ങള്‍ ശേഖരിച്ച് വില്‍പ്പനക്കായി റോഡരികിലേക്ക് ആദ്യമെത്തുന്നത്. പഴയ പത്രങ്ങളും മാസികകളും വീടുകളില്‍ കയറി ശേഖരിച്ച് വില്‍ക്കുക എന്ന ജോലിയാണ് വാപ്പ ആദ്യമെല്ലാം ചെയ്തിരുന്നത്.

“ഇതിനിടയിലാണ് പുസ്തകങ്ങള്‍ കൂടി ശേഖരിച്ച് വില്‍പ്പന നടത്താം എന്ന ആശയത്തിലേക്ക് എത്തിയത്. തൃശൂര്‍ റൗണ്ടില്‍ തന്നെ വഴിയോരത്ത് ഒരു കട താത്കാലികമായി നിര്‍മ്മിച്ചു. സ്ഥിരമായി ഒരിടത്ത് സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ കിട്ടി തുടങ്ങിയതോടെ കടയിലേക്കെത്തുന്ന ആളുകളുടെ എണ്ണവും കൂടിത്തുടങ്ങി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വക്കീലന്മാരും ഡോക്ടര്‍മാരുമെല്ലാം വാപ്പയുടെ നിത്യസന്ദര്‍ശകരായി.


പഴയ പത്രങ്ങളും മാസികകളും വീടുകളില്‍ കയറി ശേഖരിച്ച് വില്‍ക്കുക എന്ന ജോലിയാണ് വാപ്പ ആദ്യമെല്ലാം ചെയ്തിരുന്നത്


“ഫിക്ഷനുകളായിരുന്നു കൂടുതലായും വിറ്റുപോയിരുന്നത്. വായനക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പുസ്തകങ്ങള്‍ കൂട്ടിയതോടെ വാപ്പയ്ക്ക് രണ്ടാമതായി ഒരു കട കൂടി തുടങ്ങേണ്ടി വന്നു. അങ്ങനെയാണ് വീട്ടിലെ പ്രാരാബ്ദങ്ങള്‍ കാരണം പഠനം നിര്‍ത്തേണ്ടി വന്ന എന്നെയും വാപ്പ കൂടെ കൂട്ടിയത്”.


ഇതുകൂടി വായിക്കാം: വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും


പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിച്ചേര്‍ന്നതിനെക്കുറിച്ച് പറയുന്നതിനിടയില്‍  കുറച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ അവിടേക്ക് കയറിവന്നു. കംപ്യൂട്ടിംഗിനെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡ് പുറത്തിറക്കിയ ഒരു ഡിക്ഷണറിയായിരുന്നു അവരുടെ ആവശ്യം. പഴയതെങ്കിലും നന്നായി സൂക്ഷിച്ചിരുന്ന നീലച്ചട്ടയുള്ള ഒരു ഡിക്ഷണറി പൊടിതട്ടിത്തുടച്ച് അവര്‍ക്ക് നല്‍കിക്കൊണ്ട് ഷംനാദ് തുടര്‍ന്നു.

”വായനക്കാര്‍ ആവശ്യപ്പെടുന്നതുപ്രകാരമുള്ള പുസ്തകങ്ങള്‍ എടുത്തുകൊടുക്കാന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഞാന്‍ പഠിച്ചു. അതോടെ വാപ്പ പുതിയ കടയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും എന്നെ ഏല്‍പ്പിച്ചു.”


അയാളുടെ ഹൃദ്യമായ പെരുമാറ്റവും പുസ്തകങ്ങളെക്കുറിച്ചുള്ള ധാരണയും വളരെ വേഗം ആ മരത്തണലിനെ ഒരു വായനാകോര്‍ണര്‍ ആക്കി മാറ്റി.


അങ്ങനെയാണ് സാഹിത്യ അക്കാദമിയോട് ചേര്‍ന്നുള്ള വഴിയോരത്തെ നൂറുദ്ദീന്‍റെ പുസ്തകക്കടയുടെ ചുമതല അന്ന് പതിനഞ്ചു വയസ്സു മാത്രമുള്ള ഷംനാദിന്‍റെ കൈകളില്‍ എത്തുന്നത്. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് ഏഴുവരെ ഷംനാദ് പുസ്തകങ്ങള്‍ക്ക് കൂട്ടിരിക്കും. തൃശൂര്‍ പബ്ലിക്ക് ലൈബ്രറിക്കും സാഹിത്യ അക്കാദമിക്കും ഇടയിലുള്ള നിരത്തായതിനാല്‍ വായനക്കാരായ വഴിയാത്രക്കാരുടെ എണ്ണം പൊതുവെ കൂടുതലായിരുന്നു. ഷംനാദ് എന്ന കൗമാരക്കാരന്‍റെ നില്‍പ്പും അയാളുടെ ഹൃദ്യമായ പെരുമാറ്റവും പുസ്തകങ്ങളെക്കുറിച്ചുള്ള ധാരണയും വളരെ വേഗം ആ മരത്തണലിനെ ഒരു വായനാകോര്‍ണര്‍ ആക്കി മാറ്റി.


ഇതുകൂടി വായിക്കാം: കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു


എന്നാലും തിരക്കൊഴിഞ്ഞ സമയങ്ങളിലെല്ലാം ഷംനാദ് പത്രക്കടലാസുകള്‍ വായിക്കുന്നത് ഒരു ശീലമാക്കി. വായനയുടെ ലോകത്തേക്കുള്ള ഒരു എഴുത്തുകാരന്‍റെ പ്രവേശനമായിരുന്നു അത്. പതിയെ കടയിലിരുന്ന കവിതകളും കഥകളും നോവലുകളും വായിച്ചു തുടങ്ങി. പതിയെ വായന ഹരമായി. വില്‍പ്പനയ്‌ക്കെത്തുന്ന പഴയ പുസ്തകങ്ങള്‍ ആര്‍ത്തിയോടെ അയാള്‍ വായിച്ചുതീര്‍ക്കാന്‍ തുടങ്ങി. പകുതി വായിച്ച പല പുസ്തകങ്ങളും സങ്കടത്തോടെ ആവശ്യക്കാര്‍ക്ക് വില്‍ക്കേണ്ടിയും വന്നിട്ടുണ്ട് ഷംനാദിന്.

”ഒന്നാം വായനയ്ക്ക് ശേഷം ആളുകള്‍ ഒഴിവാക്കുന്ന പുസ്തകങ്ങള്‍ ശേഖരിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഒഴിവുസമയത്തെല്ലാം അങ്ങനെ കിട്ടുന്ന പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. കവിതകള്‍ വായിക്കാനാണ് ഏറെ ഇഷ്ടം. വലിയ കാര്യങ്ങള്‍ ചെറിയ വാക്കുകളില്‍ അവതരിപ്പിക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല കവിതകളും പല ആവര്‍ത്തി വായിക്കാറുള്ളത് ഈ അത്ഭുതം ഉള്ളിലുള്ളതുകൊണ്ടാണ്”.


കവിത വായനയില്‍ നിന്നും കവിതാ രചനയിലേക്ക് മാറാന്‍ ഷംനാദിന് ഏറെനാള്‍ വേണ്ടി വന്നില്ല.


അരുന്ധതി റോയിയുടെ പുതിയ നോവലുണ്ടോ എന്ന് ചോദിച്ചെത്തിയ ചെറുപ്പക്കാരനായ ഒരാള്‍ വീണ്ടും ഷംനാദിന്‍റെ ആ സംഭാഷണത്തെ മുറിച്ചു. വളരെ വേഗം ‘മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’ എന്ന പുസ്തകം അയാള്‍ക്ക് എടുത്തുകൊടുക്കുമ്പോഴുള്ള ആവേശം ഷംനാദിലെ വായനക്കാരന്‍റെ മനസ്സ് വ്യക്തമാക്കുന്നതായിരുന്നു.

കവിത വായനയില്‍ നിന്നും കവിതാ രചനയിലേക്ക് മാറാന്‍ ഷംനാദിന് ഏറെനാള്‍ വേണ്ടി വന്നില്ല. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ലളിതമായ വരികളില്‍ കോര്‍ത്തിണക്കി കുഞ്ഞു കവിതകളായി ഷംനാദ് എഴുതിത്തുടങ്ങി. ആഴമേറിയ അനുഭവങ്ങളെ അന്തഃസത്ത ചോര്‍ന്നുപോവാതെ നാലും അഞ്ചും വരികളിലേക്ക് ചുരുക്കിയെഴുതാനുള്ള ഷംനാദിന്‍റെ കഴിവ് കടയിലെത്തിയിരുന്ന പല വായനക്കാരും ശ്രദ്ധിച്ചുതുടങ്ങി. എഴുത്ത് തുടരാന്‍ അവരെല്ലാം പ്രോത്സാഹിപ്പിച്ചു.

”എന്‍റെ അനുഭവങ്ങളെ തന്നെയാണ് ഞാന്‍ കവിതകളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ശക്തി ചോര്‍ന്നുപോകാതെ അവ കുറച്ചു വരികളിലേക്ക് ചുരുക്കുക എന്നത് ശ്രമകരമായിരുന്നു. കടയിലാളില്ലാത്ത സമയങ്ങളിലെല്ലാം ഞാന്‍ എഴുതും. ഇവിടെ പലപ്പോഴും ഏകാഗ്രത കിട്ടാത്തതിനാല്‍ വീട്ടില്‍ പോയിട്ടും എഴുത്ത് തുടര്‍ന്നു.”


പക്ഷെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ പുസ്തകമാക്കാനുള്ള തീരുമാനത്തില്‍ ഞാനുമെത്തി.


അങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവങ്ങളും കാഴ്ച്ചകളും കോര്‍ത്തിണക്കി നൂറോളം കവിതകള്‍ ഷംനാദ് എഴുതി. അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ ‘എപ്പിസോഡ്’ എന്ന പേരിലൊരു കവിതാസമാഹാരം വൈകാതെ പുറത്തിറങ്ങി. ഇരുപതോളം കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുഞ്ഞു പുസ്തകമായിരുന്നു അത്.

”വളരെ പ്രിയപ്പെട്ട ചില സുഹൃത്തുക്കളെ മാത്രമാണ് എന്‍റെ കവിത വായിച്ചു കേള്‍പ്പിച്ചിരുന്നത്. പുസ്തകം വാങ്ങാനായി സ്ഥിരമായി എത്തുന്ന പലരുമായും അഗാധമായ സൗഹൃദബന്ധം കാത്തുസൂക്ഷിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിലെ ചിലരാണ് ഈ കവിതകള്‍ ഒരു പുസ്തക രൂപത്തില്‍ സമാഹരിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ആദ്യമെല്ലാം ഞാനതത്ര കാര്യമായെടുത്തില്ലായിരുന്നു. പക്ഷെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ പുസ്തകമാക്കാനുള്ള തീരുമാനത്തില്‍ ഞാനുമെത്തി. സുഹൃത്തുക്കള്‍ തന്നെയാണ് അതിനുവേണ്ട എല്ലാ പണികളും ചെയ്തത്.”

അങ്ങനെ മറ്റു പല പുസ്തകങ്ങളും തിരഞ്ഞ് കടയിലെത്തുന്നവര്‍ ഷംനാദിന്‍റെ പുസ്തകവും അക്കൂട്ടത്തില്‍ കണ്ട് അത്ഭുതപ്പെടാന്‍ തുടങ്ങി. ആദ്യ പതിപ്പ് കാലതാമസമില്ലാതെ വിറ്റഴിഞ്ഞു.


പുസ്തകത്തില്‍ നിന്നും റോയല്‍റ്റിയായി കിട്ടിയ തുകയുടെ നല്ലൊരു ഭാഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നല്‍കി.


ഒരുപാട് എഴുത്തുകാരുടെ പുസ്തകം വിറ്റാണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതെങ്കിലും സ്വന്തം പുസ്തകം വില്‍ക്കുന്നതിലൂടെ കിട്ടുന്ന തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നതും ഷംനാദിന് നിര്‍ബന്ധമായിരുന്നു.

”പുസ്തകത്തില്‍ നിന്നും റോയല്‍റ്റിയായി കിട്ടിയ തുകയുടെ നല്ലൊരു ഭാഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നല്‍കി. ബാക്കി തുക തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൊലേസ് എന്ന ജീവകാരുണ്യ സ്ഥാപനത്തിനും നല്‍കി. ഇവിടിരുന്ന് പുസ്തകങ്ങള്‍ വിറ്റാണ് ഞാനെന്‍റെ രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ചത്. സ്വന്തമായി ഒരു വീടും പണിതു. തത്കാലത്തേക്കുള്ള ബാധ്യതയെല്ലാം തീര്‍ന്നു. അങ്ങനെയാണ് എന്‍റെ പുസ്തകം വിറ്റു കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.”

ലോകത്തിന്‍റെ പല സ്ഥലങ്ങളിലും ഇറങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ തേടി കടയിലെത്തിയിരുന്നവരെക്കാള്‍ കൂടതലായിത്തീര്‍ന്നു ഷംനാദിന്റെ തന്നെ പുസ്തകം വാങ്ങാനെത്തുന്നവരുടെ എണ്ണം. വായനക്കാരുടെ പ്രതികരണങ്ങള്‍ ഷംനാദിനെ എഴുത്തില്‍ ഉറപ്പിച്ചുനിര്‍ത്തി.

”വായിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത ഞാന്‍ കവിതകള്‍ എഴുതിയാല്‍ നന്നാകുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷെ ആളുകളുടെ പ്രതികരണങ്ങള്‍ എനിക്ക് പ്രചോദനമായി. കേട്ടറിഞ്ഞ് പുസ്തകം വാങ്ങാനായി ആളുകളെത്തിയത് എന്നെയേറെ സന്തോഷിപ്പിച്ചു.

“വായിച്ച ശേഷം അഭിപ്രായം പറയാനായി മാത്രം പലരും തിരഞ്ഞുവന്നിരുന്നു. ആദ്യ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെടതോടെയാണ് തൃശൂര്‍ മുന്‍ മേയറും കേരള വര്‍മ്മ കോളേജിലെ അദ്ധ്യാപികയുമായ പ്രൊഫ. ആര്‍. ബിന്ദു ആ കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. അത് എനിക്ക് വലിയൊരു അംഗീകാരമായി. പ്രശസ്ത എഴുത്തുകാരി സാറാജോസഫിന്‍റെതായിരുന്നു അവകതാരിക. ഇംഗ്ലീഷ് പതിപ്പും വളരെ വേഗത്തില്‍ വിറ്റഴിക്കപ്പെട്ടു.”

തൃശൂര്‍ കോര്‍പ്പറേഷന്‍റെ പരിധിയിലെ വഴിയോരത്ത് പുസ്തകം നിരത്തിവച്ച് വില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കവിതകള്‍ മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിന്‍റെ ആഹ്ളാദം ഷംനാദിന്‍റെ വാക്കുകളില്‍ നിറഞ്ഞുനിന്നു.

”പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ എന്നെ അതിനനുവദിച്ചിരുന്നില്ല. ഏഴാം തരത്തില്‍ വെച്ച് പഠനം നിര്‍ത്തിയതോടെ ഔദ്യോഗിക വിദ്യാഭ്യാസം അവസാനിച്ചു. എന്നാലും വര്‍ഷങ്ങള്‍ക്കു ശേഷവും പഠിക്കണമെന്ന ആഗ്രഹം എന്‍റെ ഉള്ളില്‍ കിടന്നിരുന്നു. അങ്ങനെയാണ് വിദൂര വിദ്യാഭ്യാസ സമ്പ്രദായം വഴി 2013ല്‍ പത്താം തരം പൂര്‍ത്തിയാക്കിയത്.”

2018 ല്‍ ഷംനാദിന്‍റെ അടുത്ത പുസ്തകവും പ്രസിദ്ധീകരിച്ചു. വലിയ കാര്യങ്ങളെ കുഞ്ഞുവരികളിലൊതുക്കിയ കവി ഒരു നോവലിസ്റ്റായാണ് രണ്ടാമത് രംഗപ്രവേശം ചെയ്തത്. ഷംനാദിന്‍റെ മുന്നിലൂടെ കടന്നുപോയ പച്ചയായ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു ‘ബീരാന്‍ ബിതച്ച ബിത്ത്’ എന്ന നോവല്‍.

”ഏതൊരാളും അനുഭവിക്കുന്ന നിമിഷങ്ങളെ എന്‍റെതായ ഭാഷയില്‍ അവതരിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സര്‍വ്വമത ഐക്യത്തെ കുറിച്ചാണ് എന്‍റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. എന്‍റെ തന്നെ വ്യക്തിപരമായ ആഗ്രഹം കൂടിയാണത്. മുസ്ലിമായ എന്‍റെ നായികയെ അമുസ്ലിമായ ഒരാള്‍ വിവാഹം കഴിക്കുമ്പോഴാണ് ഞാനാ നോവല്‍ അവസാനിപ്പിച്ചത്.”


ഇതുകൂടി വായിക്കാം: പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി


ഷംനാദ് പറഞ്ഞുകൊണ്ടിരിക്കെ ‘ബീരാന്‍ ബിതച്ച ബിത്ത്’ എന്ന നോവല്‍ തന്നെ വാങ്ങുന്നതിനായി ഒരാള്‍ കടയിലേക്ക് എത്തി. ഷംനാദിനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു വായനക്കാരന്‍. നോവല്‍ അയാള്‍ക്ക് നല്‍ക്കിക്കൊണ്ട് അക്ഷരക്കൂട്ടങ്ങളുടെ ആ വഴിയോരക്കടയില്‍ ഒരു എഴുത്തുകാരനായി ഷംനാദ് നിന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം