39 വര്‍ഷമായി പാവങ്ങള്‍ക്കും ആരുമില്ലാത്തവര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കുന്ന 63-കാരന്‍

സുഹൃത്താണ് കുത്തിയത്. കുത്തേറ്റ് ഞരമ്പ് മുറിഞ്ഞു. ആ സംഭവം വാസുവിന്‍റെ ജീവിതം മാറ്റിമറിച്ചു. 

കോഴിക്കോട് നരിപ്പറ്റക്കാരന്‍ വൈച്ചിറയില്‍ വാസു ഒരിക്കല്‍ നടന്നുപോകുമ്പോഴാണ് പുറകില്‍ നിന്ന് കുത്തേറ്റത്.

വടകരയിലെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്  മെഡിക്കല്‍ കോളെജിലേക്കും കൊണ്ടുപോയി. പക്ഷേ, അവിടെയൊന്നും ചികില്‍സിക്കാന്‍ കഴിഞ്ഞില്ല.

“കാരണം ഞരമ്പ് മുറിഞ്ഞിരുന്നു,” വാസു മൂന്നരപ്പതിറ്റാണ്ടിനപ്പുറം നടന്ന ആ സംഭവം ഓര്‍ക്കുന്നു. “അങ്ങനെ എന്നെ മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചു ചികില്‍സിച്ചു ഭേദമാക്കി.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com

“ആ സാഹചര്യത്തില്‍ പല ആളുകളും എനിക്ക് രക്തം നല്‍കാനായി എത്തി. പരിചിതരും അല്ലാത്തവരും ഉണ്ടായിരുന്നു. സ്വന്തം ചെലവില്‍ എത്തി രക്തം തന്നു പ്രതിഫലം ഒന്നും തന്നെ സ്വീകരിക്കാതെ തീര്‍ത്തും മാനുഷികമായ സേവനമായി എന്നെ സഹായിച്ച നല്ലവരായ മനുഷ്യര്‍. ആ അനുഭവം എന്നെ ആഴത്തില്‍ തൊട്ടു,” വാസു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വാസു

കോയമ്പത്തൂര്‍ കണ്ണാശുപത്രിയിലേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങുന്നതിനിടയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അവിടെ ചികിത്സയില്‍ കഴിയുന്ന അപരിചിതനായ രോഗിക്ക് ശുശ്രുഷിച്ചു കൂട്ടിരിക്കാനാണ് യാത്ര. ആരെന്നോ എപ്പോഴെന്നോ നോക്കാതെ പാവപ്പെട്ടവരും ആവശ്യക്കാരുമായ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വിളിച്ചാല്‍ വാസു എവിടേക്കാണെങ്കിലും പോകും.

“മുപ്പത്തിയൊമ്പത് വര്‍ഷമായി ഞാന്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോകാന്‍ തുടങ്ങിയിട്ട്. 1980-ല്‍ തുടങ്ങിയതാണ്. അന്ന് എന്‍റെ ബന്ധു മൂക്കിന്‍റെ ഒപറേഷന് വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയപ്പോള്‍ ഞാന്‍ ആണ് എല്ലാത്തിനും കൂടെയുണ്ടായിരുന്നത്. അന്നൊക്കെ ബന്ധുക്കളുടെ ഇടയില്‍ മാത്രമായി ഒതുങ്ങിയിരുന്നു രോഗികള്‍ക്കൊപ്പമുള്ള കൂട്ടിരുപ്പ്.”

കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണ് ആ കത്തിക്കുത്ത് സംഭവം നടന്നതും ഒരു പരിചയവുമില്ലാത്തവരുടെ രക്തവും സഹായവും സ്വീകരിച്ച് വാസു ജീവിതത്തിലേക്ക് തിരിച്ചുവന്നതും.

അതിന് ശേഷം ആരുവിളിച്ചാലും വാസു ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോകും.

ജീവിതത്തിലെ വേദനാജനകവുമായ അനുഭവത്തില്‍ നിന്നും നല്ലതു മാത്രം വാസു ഉള്‍ക്കൊണ്ടു. സ്വന്തം സുഹൃത്ത് അപകടപ്പെടുത്തിയെങ്കിലും വാസുവിന് പരാതിയോ പരിഭവമോ ഇല്ല.

“ഓന്‍ ഒരു മാനസിക രോഗിയാണ്. എന്‍റെ അടുത്ത സുഹൃത്തായിരുന്നു. ഏതോ നിമിഷത്തില്‍ സംഭവിച്ച അബദ്ധമാകാം. എന്തായാലും ആ സംഭവത്തിന് ശേഷം ഓനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വബോധം വീണ്ടെടുത്തപ്പോള്‍ അവന്‍ എന്നോട് മാപ്പ് ചോദിച്ചു കത്ത് അയച്ചിരുന്നു. ഞാന്‍ മനസ്സ് കൊണ്ട് ക്ഷമിച്ചെങ്കിലും ഓനുമായി ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ല,” വാസു പറയുന്നു.


ഇതുകൂടി വായിക്കാം: നാലുമാസം കൊണ്ട് 800 കിലോ ജൈവപച്ചക്കറി വിളയിച്ച് നൂറുകണക്കിന് രോഗികളെ ഊട്ടിയ കോളെജ് വിദ്യാര്‍ത്ഥികള്‍


“ആപല്‍ഘട്ടത്തില്‍ എന്നെ സഹായിക്കാന്‍ കാണിച്ച ഒരുപാട് പേരുടെ സുമനസ്സ് പോലെ മറ്റുള്ളവരെയും എന്നെ കൊണ്ട് ആവും വിധം സഹായിക്കണമെന്ന് ഉറപ്പിച്ചു. അതിനു മുമ്പേ തന്നെ എന്‍റെ ചങ്ങായിമാരും സുഹൃത്തുക്കളും ആശുപത്രിയില്‍ കൂട്ട് പോകാനും മറ്റും എന്നെ വിളിക്കുമ്പോള്‍ ഞാന്‍ എല്ലാ തിരക്കുകളും മാറ്റി വച്ചും പോകുമായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് പരിചയമില്ലാത്തവര്‍ക്ക് വേണ്ടിയും ഞാന്‍ കൂട്ടുപോകാന്‍ തുടങ്ങി. നാട്ടിലെ എന്‍റെ ചങ്ങാതിമാര്‍ തന്നെ എവിടെയെങ്കിലും ആവശ്യക്കാര്‍ ഉള്ളത് അനുസരിച്ചു എന്നെ വിളിച്ചറിയിക്കും,” വാസു വിശദമാക്കുന്നു.

രോഗികള്‍ക്ക് തന്‍റെ കൂട്ട് ആവശ്യം ഉണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ വാസു എല്ലാ തിരക്കും മാറ്റിവെച്ച് ബാഗുമെടുത്ത് ഇറങ്ങും. എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലത്താണെങ്കില്‍ വാസു സ്വയം ചെല്ലും. അറിയാത്ത സ്ഥലമാണെങ്കില്‍ രോഗിയുടെ ആളുകള്‍ തന്നെ വന്നു കൂട്ടികൊണ്ടു പോകും.

“സമ്പന്നരും പാവപ്പെട്ടവരും ഒക്കെ എന്നെ ബന്ധപ്പെടാറുണ്ട്. ചിലവര്‍ക്ക് കൂട്ടിരിക്കാന്‍ ആരുമില്ലാത്തവര്‍, മറ്റു ചിലവര്‍ക്ക് ആളുണ്ടെങ്കിലും തിരഞ്ഞു നോക്കാത്തവര്‍, ഇതൊന്നുമല്ലെങ്കില്‍ കൂടെനിക്കുന്നവര്‍ക്ക് താങ്ങായി ഒരു ധൈര്യത്തിന് നില്ക്കാന്‍ ഒക്കെയാണ് വിളിക്കുക. ആര് വിളിച്ചാലും ഞാന്‍ പോകും,” എന്ന് വാസു.

“കുത്തേറ്റ്മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനാല്‍ അവിടെ എനിക്ക് നല്ല പരിചയമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ പോയിട്ടുള്ളതും അവിടെയാണ്.”


കൂട്ടിരിക്കാന്‍ പോകുന്നതിനോ ശുശ്രുഷിക്കുന്നതിനോ വാസു പ്രതിഫലം വാങ്ങാറില്ല.


“ഞാന്‍ ഒന്നും വാങ്ങാറില്ല അയിനൊന്നും. ഇതൊക്കെ എന്‍റെ സമാധാനത്തിനും ബുദ്ധിമുട്ടുന്നോര്‍ക്ക് കൂട്ടാകാനും പോകുന്നു എന്നുള്ളു. ആശുപത്രിയിലെ എന്‍റെ ചെലവും യാത്രയുടെ ചെലവും മാത്രം ഓരോട് എടുക്കാന്‍ പറയും,” വാസു തുടരുന്നു.

ഒരുപരിചയമില്ലാത്ത രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ എല്ലാ തിരക്കും മാറ്റിവെച്ച് വാസു പോകും (Image for representation only. Photo: Pixabay.com)

“ഒരു മാസം വരെയൊക്കെ ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. പരിചയക്കാര്‍ക്ക് വേണ്ടിയല്ല. അതൊരു കാന്‍സര്‍ രോഗിക്ക് വേണ്ടിയായിരുന്നു. മൂത്രാശയത്തില്‍ കാന്‍സര്‍ വന്ന അദ്ദേഹത്തിന് വേദന ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട്. മൂത്രാശയം എടുത്ത് കളയേണ്ടി വന്നു. സര്‍ജറിക്ക് ശേഷം ഡോക്ടര്‍ പറഞ്ഞതനുസരിച്ചു അദ്ദേഹത്തെ ഞങ്ങള്‍ നടത്താറുണ്ടായിരുന്നു. എല്ലാത്തിനും ഞാന്‍ കൈത്താങ്ങായി നിന്നു.

“പക്ഷെ ആശുപത്രി വാസത്തിനിടെ വന്ന ഹൃദയാഘാതം മൂലം അദ്ദേഹം മരണപെട്ടു. അങ്ങനെ സങ്കടകരമായ പല സാഹചര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്,” വാസു ഒരു നിമിഷം നിശ്ശബ്ദനായി.

പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും തണലായി വാസു കൂടെ നില്‍ക്കാറുണ്ട്. രോഗി സ്ത്രീ ആണെകില്‍ രോഗിയുടെ ബന്ധുക്കള്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ കൂട്ടായി നില്‍ക്കാറുള്ളു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കുടുംബത്തില്‍ നാഥനില്ലാത്ത അനേകം പേര്‍ നമുക്ക് ചുറ്റുമുണ്ടല്ലോ. അവര്‍ക്കും വേണമല്ലോ പേരിനു ബലമായി ഒരാള്‍. മരുന്ന് വാങ്ങാനും, ബില്ല് അടക്കാനും, അത്യാവശ്യങ്ങള്‍ക്ക് പുറത്തു പോകാനും ഡോക്ടറോട് സംസാരിക്കാനും ഞാന്‍ ഉണ്ടാകും എന്ന ധൈര്യം മതി അവര്‍ക്ക്.” ചില സാഹചര്യങ്ങളില്‍ അങ്ങനെയൊരു ധൈര്യം തന്നെ വലിയ കാര്യമാണ്.

“നമുക്ക് ചുറ്റും നടക്കുന്നത് നമ്മള്‍ അറിയാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്തതുകൊണ്ടാണ്. എത്രയോ രോഗികള്‍ ഒന്ന് വന്ന് അന്വേഷിക്കാന്‍ പോലും ആളില്ലാതെ നരകിച്ചു കഴിയുന്നുണ്ട് എന്നറിയാമോ,” വാസുവിന്‍റെ സ്വരം നേര്‍ത്തുവന്നു. അനേകം ആളുകളുടെ ദുഃഖങ്ങളിലൂടെയും വേദനകളിലൂടെയും കയറിയിറങ്ങിയ വാസു ജീവിതം കണ്ടറിഞ്ഞത് ആശുപത്രി വാര്‍ഡുകളിലാണ്.

നീണ്ട ആശുപത്രിവാസത്തിനിടയില്‍ ചില ഘട്ടങ്ങളില്‍ വാസുവിനെയും അസുഖം ബാധിക്കാറുണ്ട്.

വാസു

“മണിപ്പാല്‍ ആശുപത്രിയില്‍ ഇപ്പോള്‍ നല്ല പരിചയമാണ് എനിക്ക്. എന്‍റെ പേര് പറഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും നന്നായി അറിയാം. ഒരിക്കല്‍ ഒരു രോഗിക്ക് കൂട്ടിനായി പോയപ്പോള്‍ എനിക്കും അവിടെ അഡ്മിറ്റ് ആകേണ്ടി വന്നു. ആസ്മയുടെ പ്രശ്‌നമുണ്ടേ,” വാസു പുഞ്ചിരിച്ചുകൊണ്ട് തുടരുന്നു.

“അപ്പോള്‍ എന്നെയും അവിടെ പ്രവേശിപ്പിച്ചു. എനിക്ക് വരുന്ന ഡോക്ടര്‍ ഫീസോ മറ്റു ചെലവുകളോ മണിപ്പാല്‍ ആശുപത്രിയില്‍ വാങ്ങാറില്ല. ഒരിക്കല്‍ അവിടെ സര്‍ജ്ജറി ചെയ്തപ്പോള്‍ ചെറിയ തുക മാത്രം വാങ്ങി. അത്രക്ക് പരിചയമാണ് അവര്‍ക്കിപ്പോള്‍ വാസൂന്ന് വച്ചാല്‍.”

രോഗികള്‍ക്ക് കൂട്ടെന്ന പേരില്‍ ആശുപത്രി വരാന്തയില്‍ ഒരു കസേരയില്‍ ഒതുങ്ങുന്ന പ്രകൃതക്കാരനല്ല വാസു. ഡോക്ടറെ കണ്ടു സംസാരിക്കാനും, സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോകാനും, ലാബ് ടെസ്റ്റിനും റിസള്‍ട്ട് വാങ്ങാന്‍ ഓടിനടക്കാനും ബില്ല് അടക്കാനും ഫാര്‍മസിയിലേക്ക് ഓടാനും ക്യാന്‍റീനില്‍ പോകാനും ഒക്കെ വാസു തന്നെ. രോഗിയെ പിടിച്ചു നടത്താനും ശുചിമുറിയില്‍ കൊണ്ടുപോകാനും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു ഉഷാറാക്കാനും വാസു മുന്‍പിലുണ്ടാകും.

“ആശുപത്രിയില്‍ എത്തി രോഗിയെ കണ്ടു സംസാരിച്ചു കഴിഞ്ഞാല്‍ പിന്നീട് അങ്ങോട്ട് എല്ലാ ഘട്ടങ്ങളിലും ഞാന്‍ കൂടെയുണ്ടാകും. ഡിസ്ചാര്‍ജ് ആയി രോഗി പോകുമ്പോള്‍ മാത്രമേ ഞാനും തിരികെ പോരുകയുള്ളു. കണ്ണൂരും, കോഴിക്കോടും, ചെന്നൈയിലും, കോയമ്പത്തൂരും ഒക്കെ ആശുപത്രികളില്‍ പോയി നിന്നിട്ടുണ്ട്. പലവരും അസുഖമൊക്കെ മാറി എന്നെ വിളിക്കാറുണ്ട്, ചിലര്‍ നേരിട്ട് എന്‍റെ വീട്ടിലെത്തി എന്‍റെ കൂടെ കുറച്ചു നേരം ചിലവിടും. അതൊക്കെ തന്നെയാണ് എനിക്കിതില്‍ നിന്നും കിട്ടുന്ന കൂലി. മനസ്സ് നിറച്ചും പെരുത്ത് സന്തോഷം,” വാസു പറയുന്നു.

കോഴിക്കോട് തന്നെ ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന വാസു ഇപ്പോള്‍ ആസ്മയുടെ ബുദ്ധിമുട്ട് മൂലം കട തുറക്കാറില്ല.

“ഇപ്പോള്‍ കട നടത്തിപ്പിനൊന്നും ഉള്ള ആരോഗ്യസ്ഥിതി അല്ല. അറക്കപ്പൊടിയും ചിന്തേര് പൊടിയും ഒക്കെ അടിച്ചാല്‍ ആസ്മക്ക് പറ്റില്ലാലോ. ഇപ്പോള്‍ രോഗികള്‍ക്കു ആവശ്യം വന്നാല്‍ ആള്‍ ബലത്തിന് ഞാന്‍ അവിടെ എത്തും. എന്‍റെ ആരോഗ്യത്തെ ഓര്‍ത്തു ചില സമയങ്ങളില്‍ കുടുംബക്കാര്‍ക്ക് തോനെ ബേജാറാണ്. എന്നാലും എനിക്ക് പോകണമെന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കൂല്ല,” അദ്ദേഹം പറയുന്നു.

സംസാരിച്ചിരിക്കെ വാസുവിന്‍റെ ഫോണ്‍ മുഴങ്ങി. ഫോണ്‍ എടുത്തു നോക്കി സന്തോഷത്തോടെ ചെവിയില്‍ വച്ച് സംസാരിക്കുന്നു. വരും ദിവസം കോയമ്പത്തൂര്‍ പോകുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സംസാരിക്കുന്നു. അല്‍പ സമയത്തിന് ശേഷം വാസു തിരികെ വന്നു തുടര്‍ന്നു.

“മകനാണ്. അഭിനന്ദ്. കോയമ്പത്തൂരില്‍ ആണ് ജോലി. ഓനാണ് മൂത്തത്. ഞാന്‍ കോയമ്പത്തൂരിലെ ആശുപത്രികളില്‍ നില്‍ക്കുമ്പോള്‍ മോന്‍ വന്നു ഇടക്ക് അന്വേഷിക്കാറുണ്ട്. എനിക്ക് ചെറിയ ആസ്മ പ്രശ്‌നം ഉള്ള ടെന്‍ഷനേ ഉള്ളു ഓന്. ഞാന്‍ ഇങ്ങനെ കൂട്ടിരിക്കാന്‍ പോകുന്നതിലൊന്നും ഓര്‍ക്ക് വിഷയൊന്നുല്ല,” നല്ല മലബാര്‍ ഭാഷയില്‍ വാസു പറഞ്ഞു.

വാസുവും കുടുംബവും

“എന്‍റെ ഭാര്യയുടെ പേര് ശാന്ത. എനിക്ക് രണ്ടു ആണ്‍കുട്ടികളാണ്. അഭിനന്ദും അശ്വന്തും. അശ്വന്ത് കോഴിക്കോട് തന്നെ എസി മെക്കാനിക്കായ് ജോലി ചെയ്യുന്നു. മൂത്ത ആള്‍ വിവാഹം ചെയ്തു. ഒനാണ് കോയമ്പത്തൂരില്‍. എന്‍റെ കുടുംബം എന്‍റെ കൂടെ നില്‍ക്കുന്നതാണ് എന്‍റെ ബലം. ഇപ്പോ അറുപത്തിമൂന്ന് വയസായില്ലേ. ആരോഗ്യം പഴയ പോലെ അല്ലാലോ. അതിന്‍റെ വേവലാതി മാത്രം ഉള്ളു ഓര്‍ക്ക്,” വാസു കൂട്ടിച്ചേര്‍ത്തു.

1987-ല്‍ ആയിരുന്നു വാസുവിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ നാളുകളില്‍ ഭര്‍ത്താവ് ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിനായി ബാഗുമെടുത്തു ഇറങ്ങുമ്പോള്‍ ഭാര്യ എങ്ങനെയാണു പ്രതികരിച്ചിരുന്നത് എന്ന ചോദ്യത്തിന് വാസുവിന്‍റെ മറുപടി ഇങ്ങനെ:

“ഓ അന്നൊക്കെ പുതുമോടി അല്ലെ. അന്നത്തെ കാലത്തു ഒക്കെ കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്‍റെ മുഖത്തു നോക്കാന്‍ തന്നെ ഒരാഴ്ച എടുക്കും. ഇന്നത്തെ കാലത്തേ പോലെ ചാറ്റിങ്ങും ചീറ്റിങ്ങും ഒന്നുമില്ലലോ,” വാസു നിറഞ്ഞു ചിരിച്ചു.

“പരിചയമാകാന്‍ തന്നെ സമയമെടുക്കും. അന്നൊക്കെ നമ്മള്‍ എന്താണ് പറയുന്നത് അത് അവര്‍ കേട്ട് നിക്കും. മറുത്തു ഒന്നും പറയില്ല. ഞാന്‍ ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞാലും ഓള്‍ ഒന്നും പറയൂല,” ശാന്തക്ക് അക്കാലത്ത് അതില്‍ പരിഭവവമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വാസു വിശ്വസിക്കുന്നത്.

വാസുവിന്‍റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. അടുത്ത ദിവസം കൂട്ടിനു പോകേണ്ട ആളാണ് മറുതലക്കല്‍.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം