‘അതുവരെ ചെരിപ്പിടില്ല!’: പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്‍റെ പ്രതിജ്ഞ

ആസ്പത്രി വരാന്തയിലോ കടത്തിണ്ണയിലോ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ പിറ്റേന്ന് പാവങ്ങളായ രോഗികള്‍ക്ക് ഭക്ഷണത്തിനുള്ള വക എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയില്‍ സിബിന്‍റെ മനസ്സ് വേവാറുണ്ട്.

കോ ട്ടയം മെഡിക്കല്‍ കോളെജിന് മുന്നിലെത്തിയാല്‍ ആരുടേയും കണ്ണ് നനയ്ക്കുന്ന ഒരു കാഴ്ച കാണാം. അവിടെ ചികിത്സയില്‍ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരുമായ നൂറുകണക്കിന് പാവങ്ങള്‍ക്ക് രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിനായി തിരക്കുപിടിച്ചോടുന്ന ഒരു യുവാവ്. സഹായിക്കാന്‍ മനസുള്ളവരുടെ മുന്നില്‍ അയാള്‍ മറ്റുള്ളവര്‍ക്കായി കൈനീട്ടുന്നു. അവരില്‍ നിന്നും ലഭിക്കുന്ന ഓരോ ചെറിയ തുകയും കൂട്ടിവെച്ച്, ദാനമായി ലഭിക്കുന്ന ഓരോ അരിമണിയും സംഭരിച്ച് പാവങ്ങള്‍ക്കായി പാചകം ചെയ്യുന്നു.

പ്ലസ് ടു കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ആലപ്പുഴ കൈനകരിക്കാരന്‍ പയ്യന്‍ സിബിന്‍ ജോസഫ്. നേരെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക്.
കയറിക്കിടക്കുവാന്‍ നല്ല ഒരിടമില്ല. ആ പാചകപ്പുരയോട് ചേര്‍ന്നുള്ള ബെഞ്ചില്‍ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ അടുത്തദിവസത്തെ ഉച്ച ഭക്ഷണം എങ്ങനെ തയ്യാറാക്കും എന്ന ചിന്തയില്‍ ആ മനസ്സ് വേവാറുണ്ട്.

എങ്ങനെയെങ്കിലുമൊക്കെ, ആരെങ്കിലുമൊക്കെ സഹായിച്ച് അരിയും സാധനങ്ങളുമൊക്കെ സംഘടിപ്പിച്ച് പാചകം തുടങ്ങും.

കോട്ടയം മെഡിക്കല്‍ കോളെജിനടുത്തുള്ള ഈ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഇപ്പോള്‍ ദിവസം 800 പേര്‍ക്ക് ഊണ് വിതരണം ചെയ്യുന്നുണ്ട്.

ഒരു വട്ടം സംസാരിച്ചാല്‍ മനസ്സിലാവും, ഈ ചെറുപ്പക്കാരന് സ്വന്തമായി എന്തെങ്കിലും നേടണമെന്ന മോഹം ഒട്ടുമേയില്ല. വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കണമെന്ന ആഗ്രഹം മാത്രം. പാവങ്ങളെ സഹായിക്കണം, അത്രമാത്രം.


വിശപ്പിന്‍റെ വേദനയെന്തെന്ന് അതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല


മരുന്നിന് വഴിയില്ലാതെ മെഡിക്കല്‍ കോളെജിന് മുന്നില്‍ മനസ്സു തകര്‍ന്നു നില്‍ക്കുന്നവരെ സഹായിക്കുന്നതിനും അഗതികളായവര്‍ക്ക് ഒരു നേരത്തെ ആഹാരം എത്തിക്കുന്നതിനുമായും സിബിന്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷങ്ങളായി. തനിക്ക് ഉച്ചയൂണിന് നീക്കി വച്ചിരുന്ന പണം കൊണ്ട് മറ്റുള്ളവര്‍ക്ക് ഊണ് വാങ്ങിക്കൊടുത്ത് തുടങ്ങിയതാണ്.

“വിശപ്പിന്‍റെ വേദനയെന്തെന്ന് അതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നിട്ടും അവിടെ വിശന്നിരിക്കുന്നവരുടെ വേദന എന്‍റെ മനസിനെ വേദനിപ്പിച്ചു,” സിബിന്‍ തന്‍റെ കഥ പറഞ്ഞുതുടങ്ങുന്നു.

സിബിന്‍ പാചകപ്പുരയില്‍

പതിമൂന്നാം വയസ്സില്‍ അമ്മക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ഒരു അകന്ന ബന്ധുവിനെ കാണാന്‍ ചെന്നതോടെയാണ് സിബിന്‍ മാറുന്നത്. ബന്ധുവിന് കാന്‍സര്‍ ആയിരുന്നു. കീമോതെറാപ്പി കഴിഞ്ഞു കിടക്കുകയായിരുന്നു ബന്ധു.

ആശുപത്രിയിലെ കാഴ്ചകള്‍ സിബിനെ ഉലച്ചുകളഞ്ഞു. നിലത്തും വരാന്തയിലും കട്ടിലിന്‍റെ ചുവട്ടിലുമൊക്കെയായി കിടക്കുന്ന രോഗികകള്‍. വേദന, ദാരിദ്ര്യം ദൈന്യത…എല്ലാം അവരുടെ നിസ്സഹായമായ കണ്ണുകളില്‍ ആ കുട്ടി കണ്ടു. അന്ന് ആദ്യമായാണ് കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന വിഷമം അവന്‍ നേരില്‍ കാണുന്നത്. കീമോതെറാപ്പിയുടെയും റേഡിയേഷന്‍റെയും വേദനകളും അസ്വസ്ഥതകളും സഹിച്ച് കഴിയുന്ന നിരവധി കഴിയുന്നവരെ കണ്ടതോടെ ജീവിതത്തെപ്പറ്റിയുള്ള സിബിന്‍റെ കാഴ്ചപ്പാട് തന്നെ മാറി.


ഇതുകൂടി വായിക്കാം: വിപ്ലവപാതയും കൊള്ളാവുന്ന ജോലിയും വിട്ട് കൃഷിക്കിറങ്ങിയ നാടകപ്രവര്‍ത്തകന്‍റെ ഗ്രീന്‍ റെവല്യൂഷന്‍


“ജീവിതത്തില്‍ എന്നെ അത്രമാത്രം വേദനിപ്പിച്ച ഒരു കാഴ്ച അതുവരെ വേറെ ഉണ്ടായിരുന്നില്ല. മൂക്കിലൂടെ ട്യൂബ് ഇട്ട്, ഒന്നും കഴിക്കാന്‍ പോലും കഴിയാതെ കഴിയുന്ന ആളുകളുടെ ചിത്രം എന്ന വല്ലാതെ വേദനിപ്പിച്ചു. മാത്രമല്ല, ആഹാരം കഴിക്കാന്‍ കഴിയുന്നവര്‍ക്ക് പോലും അവിടെ ആവശ്യത്തിന് ഭക്ഷണം ഇല്ലാത്ത അവസ്ഥ…. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ആളുകളായിരുന്നു ഭൂരിഭാഗവും. ആ പ്രായത്തില്‍ അവരെ സഹായിക്കുന്നതിനായി എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്ന ചിന്ത എന്നെ ഏറെ അസ്വസ്ഥനാക്കി,” സിബിന്‍ പറയുന്നു.

ഏതെങ്കിലും ഒരു ജോലി കണ്ടെത്തി അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുക എന്നതായിരുന്നു സിബിന്‍രെ തുടക്കത്തിലെ തീരുമാനം

തിരിച്ച് വീട്ടിലെത്തിയിട്ടും ആ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞുനിന്നു. പാവപ്പെട്ട ആ മനുഷ്യര്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അവന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. എന്നാല്‍ ആ ചെറുപ്രായത്തില്‍ അത്തരം ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതുക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളെജില്‍ കണ്ട കാഴ്ചകള്‍ സിബിന്‍റെ മനസ്സില്‍ നിന്നും പോയില്ല.

ചെറിയ ചെറിയ തൊഴിലുകള്‍ ചെയ്ത് കിട്ടുന്ന പണവും ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ക്ക് ലഭിക്കുന്ന തുകയുമെല്ലാം കൂട്ടിവെച്ച് സിബിന്‍ അഗതികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കികൊണ്ടിരുന്നു. അങ്ങനെ നാല് വര്‍ഷം കടന്നു പോയി. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായതോടെ, തന്‍റെ ആഗ്രഹത്തെ പിന്തുടരാന്‍ തന്നെ സിബിന്‍ തീരുമാനിച്ചു. തുടര്‍പഠനം വേണ്ടെന്നു വച്ച് കോട്ടയത്തേക്ക് ബസുകയറി.

വീട്ടുകാരുടെ കടുത്ത എതിര്‍പ്പ്

ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വലയുന്നവരെ സഹായിക്കണം എന്ന ആഗ്രഹം മകന്‍ പറഞ്ഞപ്പോള്‍ ആ നല്ല മനസിനെപ്പറ്റി തികഞ്ഞ അഭിമാനമായിരുന്നു സിബിന്‍റെ മാതാപിതാക്കള്‍ക്ക്., എന്നാല്‍ അതിനായി പഠിത്തം വേണ്ടെന്നു വച്ച് പോകാന്‍ അവന്‍ തീരുമാനിച്ചപ്പോള്‍ അത് അംഗീകരിക്കാന്‍ അവര്‍ക്കായില്ല. സ്വാഭാവികമായും വീട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ടു. എന്നാല്‍ അതുകൊണ്ടൊന്നും ആ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സിബിന്‍ തയ്യാറായില്ല. നാടും വീടും വിട്ട് തന്‍റെ സര്‍ട്ടിഫിക്കറ്റുകളുമായി അവന്‍ കോട്ടയത്ത് എത്തി.

”എന്ത് ചെയ്യണമെന്നും എങ്ങനെ തുടങ്ങണമെന്നും എനിക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു ജോലി കണ്ടെത്തി അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുക എന്നതായിരുന്നു തീരുമാനം. പലവിധ ജോലികള്‍ ചെയ്തു–കടയില്‍ സെയില്‍സ് മാന്‍ ജോലി മുതല്‍ ഹോട്ടലില്‍ പൊറോട്ട അടിക്കലും പാത്രം കഴുകലും…അങ്ങനെ കിട്ടുന്ന ജോലിയെല്ലാം ചെയ്തു. എന്നാല്‍ അതില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനമൊന്നും തന്നെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരുടെ വിശപ്പകറ്റാന്‍ തികയുമായിരുന്നില്ല,” സിബിന്‍ പറയുന്നു.

ഇതിനിടക്കും പ്രൈവറ്റായി ഡിഗ്രിക്ക് ചേര്‍ന്നു. ബികോം ആയിരുന്നു. തുടക്കത്തില്‍ വരുമാനം കണ്ടെത്തുക എന്നതും പഠനം മുന്നോട്ട് കൊണ്ട് പോകുക എന്നതുമെല്ലാം വലിയ ബുദ്ധിമുട്ടായി തോന്നി. കയറിക്കിടക്കാന്‍ മര്യാദയ്‌ക്കൊരു കിടപ്പാടം പോലുമില്ല. കടകളുടെയും മറ്റും ചായ്പ്പില്‍ അന്തിയുറങ്ങി. ആ അലച്ചിലിനിടയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടമായി. പല തിരിച്ചടികളുമുണ്ടായി. എന്നാല്‍ സിബിന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു.

ലിസമ്മ എന്ന അമ്മ

ചിലര്‍ ജന്മം കൊണ്ടുമാത്രമല്ല ഒരാളുടെ അമ്മയാകുന്നത്.  ലിസമ്മ അത്തരത്തില്‍ ഒരാളാണ് എന്ന് സിബിന്‍ പറയും. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ആ ചെറുപ്പക്കാരന്‍ പഴയ പുസ്തകങ്ങള്‍ വാങ്ങി തിരിച്ചെത്തുമ്പോഴാണ് കോട്ടയം നഗരത്തില്‍ വെച്ച് ലിസമ്മയെ കാണുന്നത്. സിബിനെ കുറെക്കാലമായി ശ്രദ്ധിക്കുന്നുണ്ടായിരുന്ന  അവര്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കി.

അവനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍, അവന്‍റെ ഉള്ളിലെ നന്മ അറിഞ്ഞപ്പോള്‍ ലിസമ്മ അവനെ സ്വന്തം മകനെപ്പോലെ കണ്ട് സ്വന്തം വീട്ടില്‍ അവനായി ഒരു കിടപ്പിടം ഒരുക്കി. തന്‍റെ മൂന്നു പെണ്‍മക്കള്‍ക്ക് ഒരു ആങ്ങള എന്ന പോലെ അവര്‍ അവനെ കണ്ടു. വീടിനോടു ചേര്‍ന്നുള്ള ഒറ്റമുറിയില്‍ സിബിനു പഠിക്കുന്നതിനും താമസിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ലിസമ്മ ഒരുക്കി നല്‍കി.


കേട്ടും കണ്ടും ആവശ്യക്കാരായ നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണത്തിനായി അവിടെ എത്താന്‍ തുടങ്ങി.


ആ ഒറ്റമുറിയില്‍ നിന്നുകൊണ്ടാണ് പിന്നീട് സിബിന്‍റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. അടുത്തുള്ള കടകളില്‍ നിന്നും നന്മ നിറഞ്ഞ മനുഷ്യരില്‍ നിന്നും പണം പിരിച്ചും തന്നാല്‍ കഴിയുന്ന പോലെ ജോലികള്‍ ചെയ്തുമാണ് ആദ്യ മൂന്ന് വര്‍ഷങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതെന്ന് സിബിന്‍ പറഞ്ഞു.

കുറച്ച് പാവങ്ങള്‍ക്ക് ഒരുനേരത്തെ ചോറുകൊടുക്കാന്‍ സിബിന്‍ പെടുന്ന പാടുകണ്ട് ചില കടക്കാര്‍ പലചരക്കു സാധനങ്ങള്‍ വിലകുറച്ചു നല്‍കി. വേറെ ചിലര്‍ അവരുടെ വരുമാനത്തിന്‍റെ ഒരു വിഹിതം മാറ്റിവച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ചെലവിനുള്ള പണം മുഴുവനായി ഒത്തുകിട്ടാറില്ല, പലപ്പോഴും. കേട്ടും കണ്ടും ആവശ്യക്കാരായ നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണത്തിനായി അവിടെ എത്താന്‍ തുടങ്ങി.

ലിസമ്മയുടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ അടുപ്പ് കൂട്ടിയായിരുന്നു പാചകം. ആ മൂന്നു വര്‍ഷം കൊണ്ട് കോട്ടയം മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്കിടയിലെ സജീവ സാന്നിധ്യമായി സിബിന്‍ മാറി.

സിബിന്‍ ചെയ്യുന്ന പ്രവര്‍ത്തിയിലെ സത്യം മനസിലാക്കിയ ഒരു സുഹൃത്താണ് ‘അഭയം ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന പേരില്‍ ഒരു ചാരിറ്റി ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. ഇപ്പോള്‍ മൂന്നു വര്‍ഷം തികയുന്ന അഭയം ട്രസ്റ്റിന് കീഴിലാണ് സിബിന്‍റെ പ്രവര്‍ത്തങ്ങള്‍. സ്‌നേഹമുള്ള നിരവധിയാളുകള്‍ പണം നല്‍കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ വരവ് ചെലവ് കണക്കുകളും സിബിന്‍ സൂക്ഷിക്കുന്നുണ്ട്. ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ലെങ്കിലും ചെലവിടുന്ന ഓരോ രൂപക്കും അത് തന്നവനോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ആ ചെറുപ്പക്കാരന്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നു.

മാതാപിതാക്കള്‍ മകനെത്തേടിയെത്തുന്നു

സിബിന്‍ ചിന്തിച്ച വഴിയായിരുന്നു ശരിയെന്ന് വൈകാതെ അവന്‍റെ മാതാപിതാക്കള്‍ മനസ്സിലാക്കി. മകനെത്തേടി അവരെത്തി. അതോടെ അവന് കൂടുതല്‍ കരുത്തായി. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു ഭക്ഷണ വിതരണം. പിന്നീടത് ആഴ്ചയില്‍ നാല് ദിവസമാക്കി. ചോറ്, സാമ്പാര്‍, തോരന്‍ എന്നിവയാണ് ഉച്ചഭക്ഷണത്തില്‍ ഉള്ളത്. മാതാപിതാക്കളും ഇപ്പോള്‍ സിബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായുണ്ട്.

ഇതിനിടയില്‍ സിബിന്‍ ബികോം നല്ല മാര്‍ക്കോടെ പൂര്‍ത്തിയാക്കി എന്നതും വീട്ടുകാര്‍ക്ക് സന്തോഷം നല്‍കി.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ജോലി കണ്ടെത്തുക എന്നത് എളുപ്പമല്ല എന്നാണ് സിബിന്‍ പറയുന്നത്. കാരണം, ജോലിയില്‍ പ്രവേശിച്ചാല്‍ ഉച്ചഭക്ഷണം വിതരണം നിലക്കും. കഴിഞ്ഞ ആറു വര്‍ഷമായി 800 ല്‍ പരം ആളുകള്‍ക്ക് സിബിന്‍ ഉച്ചഭക്ഷണം വിളമ്പുന്നു. 

മെഡിക്കല്‍ കോളെജില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും ഏതു സമയത്തും എന്ത് ആവശ്യത്തിനും സിബിനെ വിളിക്കാം. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് സിബിന്‍. എന്നിരുന്നാലും കാന്‍സര്‍ വാര്‍ഡിലെ രോഗികളെ സിബിന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി തുടങ്ങിയ ദിവസങ്ങളിലായാണ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. ദിവസം ഏകദേശം 10,000 രൂപ ചെലവ് വരും. ഒരിക്കല്‍ പോലും പണമില്ലാത്തതിന്‍റെ പേരില്‍ അന്നദാനം മുടങ്ങിയിട്ടില്ല.

നാളത്തേക്ക് എന്ത് ചെയ്യുമെന്നോര്‍ത്ത് വിഷമിച്ചിരിക്കുമ്പോള്‍ ആരെങ്കിലും പണം എത്തിക്കുമെന്ന് സിബിന്‍ പറയുന്നു. പാചകത്തിന് ഇപ്പോള്‍ സഹായികളായി 2 സ്ത്രീകള്‍ കൂടിയുണ്ട്. ഇവര്‍ക്ക് 250 രൂപ വീതം കൂലി നല്‍കുകയും വേണം.

രോഗികള്‍ക്ക് താമസിക്കാനിടം

റേഡിയേഷനും കീമോ തെറാപ്പിക്കുമായി എത്തുന്ന രോഗികള്‍ പുറത്ത് മുറിയെടുത്ത് താമസിക്കണം. എന്നാല്‍ അതിനു വകയില്ലാത്ത ആളുകള്‍ക്ക് സിബിന്‍ താമസം ഒരുക്കുന്നു. ഡോക്ടറുടെ സാക്ഷ്യപത്രം, റേഷന്‍കാര്‍ഡിന്‍റെ കോപ്പി തുടങ്ങിയ രേഖകള്‍ സ്വീകരിച്ച ശേഷമാണ് താമസിക്കാന്‍ ഇടം നല്‍കുന്നത്. സിബിനു താമസിക്കുന്നതിനായി ലിസമ്മ നല്‍കിയ മുറി ഡോര്‍മെറ്ററി ആക്കി മാറ്റി അവിടെയാണ് പാവപ്പെട്ട രോഗികള്‍ക്ക് താമസിക്കാന്‍ ഇടം നല്‍കിയത്.

അങ്ങനെ നാല് പേര്‍ക്ക് താമസസൗകര്യം ഒരുക്കി. എന്നാല്‍ പിന്നീട് ആവശ്യക്കാരായ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ, ലിസമ്മയും മക്കളും വാടകവീട്ടിലേക്ക് താമസം മാറുകയും വീട് പൂര്‍ണമായും സിബിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

വരുമാനത്തിനായി കന്നുകാലി വളര്‍ത്തല്‍

വരുമാനം നേടുന്നതിനായി ഒരു ജോലിക്ക് പോയാല്‍ പാവപ്പെട്ട രോഗികള്‍ പട്ടിണിയിലാകും. അതുപോലെ തന്നെ എന്തെങ്കിലും വരുമാനം കണ്ടെത്തി സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കണം….ഇതൊക്കെ കണക്കുകൂട്ടി സിബിന്‍ ഇപ്പോള്‍ കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചു. പോത്തും എരുമയുമൊക്കെയുണ്. അടുത്തുള്ള കണ്ടത്തിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കന്നുകാലി വളര്‍ത്തല്‍ കാരുണ്യ പ്രവര്‍ത്തങ്ങളെ ബാധിക്കാതെ തന്നെ മുന്നോട്ട് പോകുന്നുണ്ട് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു.

കന്നുകാലി വളര്‍ത്തലില്‍ നിന്ന് നല്ല വരുമാനം കിട്ടുന്നുണ്ടെന്നും സിബിന്‍ പറയുന്നു. കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ലാത്ത രോഗികളെ പാര്‍പ്പിക്കുന്നതിനായി അത്യാവശ്യം മികച്ച ഒരു കെട്ടിടം നിര്‍മിക്കണം എന്ന ആഗ്രഹത്തിലാണ് ഈ യുവാവ്. കന്നുകാലി വളര്‍ത്തലില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം അതിനായി ഇപ്പോഴേ മാറ്റിവെച്ചുതുടങ്ങിയിട്ടുണ്ട് അദ്ദേഹം.

ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് വരെ ചെരിപ്പിടാതെ ജീവിക്കാനാണ് സിബിന്‍ ഇഷ്ടപ്പെടുന്നത്. ചെരുപ്പിടാതെ നടക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ ഒരു പ്രാര്‍ഥനയും ത്യാഗവും ഒക്കെയായി ദൈവത്തിനു സമര്‍പ്പിച്ച് അഗതികള്‍ക്ക് താമസിക്കാനുള്ള ഒരു കെട്ടിടം ഉടനെ നിര്‍മ്മിക്കാന്‍ കഴിയണേ എന്നാണ് ആ ചെറുപ്പക്കാരന്‍റെ പ്രാര്‍ത്ഥന.

സിബിന്‍റെ ഫോണ്‍ നമ്പര്‍: 9446937349

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം