ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍

തിരിഞ്ഞുനോക്കുമ്പോള്‍  അതൊക്കെയൊരു നിമിത്തമായിരുന്നു–പത്താംക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതും ജോലി തേടി അലയേണ്ടി വന്നതുമെല്ലാം. അര്‍ബുദത്തിന്‍റെ രൂപത്തില്‍ ജീവിതത്തിലേക്ക് പടര്‍ന്ന ആ ഇരുളില്‍ നിന്നാണ് രാജേഷ് ഭൂമിയില്‍ കൊച്ചുകൊച്ചു പച്ചക്കുടകള്‍ വിരിയിച്ചത്.

രാജേഷ് അന്ന് പത്താം ക്ലാസ്സിലായിരുന്നു. പാലക്കാട് അടയ്ക്കാപുത്തൂര് ഹൈസ്കൂളിലായിരുന്നു പഠനം. അക്കാലത്താണ് അമ്മ സുഭദ്രാമ്മ വയ്യായ്കയുടെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതും.

“അന്നാണെങ്കില്‍ മൂത്ത ചേട്ടന്‍ ടാഗോര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു…ഇളയ പെങ്ങള്‍ ആറിലോ ഏഴിലോ എത്തിയിട്ടേയുള്ളൂ,” രാജേഷ് ഓര്‍ക്കുന്നു.

രാജേഷ് അടക്കാപുത്തൂര്‍

പഠനം ഉപേക്ഷിച്ച് വേറെ ജോലി നോക്കാന്‍ തീരുമാനിച്ചു. തൊഴില്‍ തേടി മുംബൈയിലും കൊല്‍ക്കത്തയിലും അലഞ്ഞു.
അധികം വൈകും മുന്‍പേ അമ്മക്ക് അര്‍ബുദമാണെന്ന്  ഡോക്ടര്‍മാര്‍ ഉറപ്പിച്ചു.


ഡോക്ടര്‍മാര്‍ പറഞ്ഞു, ‘സുഭദ്രാമ്മ കൂടിവന്നാല്‍ പത്തുവര്‍ഷം കൂടി ജീവിക്കും.’


“അമ്മക്ക് ഏറ്റവും നല്ല ചികിത്സ നല്‍കണമെന്നു മാത്രമേ അന്നുണ്ടായിരുന്നുള്ളൂ… പിന്നെ അധികമൊന്നും ചിന്തിച്ചില്ല, വിദേശജോലിയെന്ന സ്വപ്നമൊക്കെ ഉപേക്ഷിച്ച് അമ്മക്കരികിലേക്കെത്തി,” രാജേഷ് പറയുന്നു.

ചെന്നൈയിലെ അടയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷം നീണ്ട ചികിത്സ. തിരിച്ചുപോരുമ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, ‘സുഭദ്രാമ്മ കൂടിവന്നാല്‍ പത്തുവര്‍ഷം കൂടി ജീവിക്കും.’

ആ ഇരുളില്‍ നിന്നാണ് അടയ്ക്കാപുത്തൂരിലെ രാജേഷ് ഭൂമിയില്‍ കൊച്ചുകൊച്ചു പച്ചക്കുടകള്‍ വിരിയിച്ചത്. Photo: Pexels

തിരിഞ്ഞുനോക്കുമ്പോള്‍  അതൊക്കെയൊരു നിമിത്തമായിരുന്നു–പത്താംക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതും ജോലി തേടി അലയേണ്ടി വന്നതുമെല്ലാം. അര്‍ബുദത്തിന്‍റെ രൂപത്തില്‍ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് പടര്‍ന്ന ആ ഇരുളില്‍ നിന്നാണ് അടയ്ക്കാപുത്തൂരിലെ രാജേഷ് (46) ഭൂമിയില്‍ കൊച്ചുകൊച്ചു പച്ചക്കുടകള്‍ വിരിയിച്ചത്.


ഇതുകൂടി വായിക്കാം: ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍


അമ്മയുടെ ചികിത്സ കഴിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തുമ്പോള്‍ ഇനിയെന്തു ചെയ്യണമെന്ന് രാജേഷിന് ഒരു പിടിയുമില്ലായിരുന്നു.

എന്തു പണിയെടുക്കാനും തയ്യാറായിരുന്നു. പരിചയക്കാരില്‍ ഒരാള്‍ അടുത്തുള്ള മുള ഡിപ്പോയിലെത്തിച്ചു. അവിടെ അഞ്ചുവര്‍ഷം. അതിന് ശേഷം മനിശേരിയിലെ ഈര്‍ച്ച മില്ലില്‍ തൊഴിലാളിയായി.

Image for representation. Source: pexels.com

“അന്നു മുതല്‍ മരങ്ങളുടെ ശവപ്പറമ്പിലായിരുന്നു ഞാന്‍. ഒരു മരം പോലും എന്‍റെ കൈ കൊണ്ടു മുറിച്ചിട്ടില്ല…പക്ഷേ മുന്നിലെത്തുന്ന മരങ്ങളെ പല കഷ്ണങ്ങളായി കീറിയും മുറിച്ചുമായി ജീവിതം.” ആ ‘ശവപ്പറമ്പി’ല്‍ നിന്നാണ് മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ രാജേഷ് തീരുമാനിച്ചത്. ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന ജോലിക്ക് ജീവിതം കൊണ്ടൊരു പ്രായശ്ചിത്തം. വേറെയും കാരണങ്ങളുണ്ടായിരുന്നു…

“പാലക്കാട് അന്ന് ഇന്നത്തേക്കാള്‍ ചൂടായിരുന്നു,” രാജേഷ് ഓര്‍ക്കുന്നു. “പത്രങ്ങളിലെല്ലാം കടുത്ത ചൂടിനെക്കുറിച്ചും സൂര്യാഘാതം ഏറ്റുപൊള്ളിയവരെക്കുറിച്ചുമുള്ള വാര്‍ത്തകള്‍…’ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന വാചകം അക്കാലത്താണ് ശ്രദ്ധയില്‍ പെട്ടത്.

Image for representation. Photo: pexels.com

“അതിനെ അടിസ്ഥാനമാക്കി ചിതകള്‍ പൂക്കുമ്പോള്‍ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമായിരുന്നു ആദ്യം ചെയ്തത്. ഒറ്റപ്പാലത്തെ ഒരു വിധം സ്‌കൂളുകളിലെല്ലാം ചിത്രം പ്രദര്‍ശിപ്പിച്ചു…അതു മാത്രം പോരയെന്ന ചിന്തയായി.”


ഇതുകൂടി വായിക്കാം: കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്


അങ്ങനെയാണ് രാജേഷ് മരത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങുന്നത്. കൂട്ടുകാരായ വിനയന്‍ കെ പി എസിയും ജി ബിനോജും കൂട്ടിനുണ്ടായിരുന്നു. ഭാരതപ്പുഴയുടെ സംരക്ഷകനെന്ന് വിളിക്കപ്പെട്ട അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇന്ത്യനൂര്‍ ഗോപിമാഷും മുഴുവന്‍ പിന്തുണയും നല്‍കി. “സംസ്‌കൃതിയെന്ന പേരിലായിരുന്നു തൈകള്‍ നട്ടു തുടങ്ങിയത്…പഞ്ചായത്തും, സ്‌കൂളും, മറ്റു സംഘടനകളുമെല്ലാമായി പിന്നെയത് വ്യാപിച്ചു.”

കൂട്ടുകാരോടൊപ്പം മരത്തൈ നടല്‍

ഇന്നിപ്പോള്‍ അടയ്ക്കാപുത്തൂരിലും സമീപത്തുമായി പല പല പദ്ധതികളിലൂടെ അത്തിയും ഇത്തിയും പേരാലും അരയാലും മാവും പുളിയുമെല്ലാമായി രാജേഷും കൂട്ടുകാരും നട്ടു നനച്ച് വളര്‍ത്തി–ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍.


ആദ്യത്തെ മരം നടുമ്പോള്‍ ആ മനുഷ്യനായിരുന്നു മനസ്സില്‍ നിറയെ


ഇവിടെയൊരു നാടന്‍ പരിസ്ഥിതി പ്രവര്‍ത്തകനുണ്ടായിരുന്നു, നാട്ടിലെല്ലാവരും മരമുണ്ടന്‍ എന്ന് വിളിച്ചിരുന്ന ഒരാള്‍, രാജേഷ് ഓര്‍ക്കുന്നു. “ആദ്യത്തെ മരം നടുമ്പോള്‍ ആ മനുഷ്യനായിരുന്നു മനസ്സില്‍ നിറയെ. വഴിയോരങ്ങള്‍ നിറയെ മരങ്ങള്‍ വച്ചു പിടിപ്പിച്ചിരുന്ന ഒരു സാധു. അവകാശവാദങ്ങളൊന്നുമില്ലാതെ ജീവിച്ചു മരിച്ച ആ മനുഷ്യനെ, വഴിയോരങ്ങളില്‍ അയാള്‍ നട്ടു വളര്‍ത്തിയ തണല്‍മരങ്ങള്‍ പിന്നെയും പിന്നെയും ഓര്‍മിച്ചു കൊണ്ടിരുന്നു.”

ഈര്‍ച്ചമില്ലിലെ തൊഴിലാളി മരം നട്ടുപിടിപ്പിക്കാനിറങ്ങിയപ്പോള്‍ ആദ്യമൊക്കെ  എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു. പിന്നീട് വീട്ടുകാരും കൂട്ടുകാരുമൊക്കെ കൂടെക്കൂടി.


ജീവിതം ഇരുളിലേക്കു വീണു പോകുമെന്ന് തോന്നിയപ്പോള്‍ സഹായമായതും അന്നം തന്നതും ഈര്‍ച്ചമില്ലായിരുന്നു


“മില്ലില്‍ മരമറുപ്പിക്കാന്‍ വരുന്നവര്‍ക്ക് വൃക്ഷത്തെകള്‍ സമ്മാനിച്ചും മില്ലിന്‍റെ ഒരു ഭാഗത്ത് തൈകള്‍ നട്ടും ജീവിതം മുന്നോട്ടു പോയി. ജീവിതം ഇരുളിലേക്കു വീണു പോകുമെന്ന് തോന്നിയപ്പോള്‍ സഹായമായതും അന്നം തന്നതും ഈര്‍ച്ചമില്ലായിരുന്നു. ആ കൂറ് എന്നുമുണ്ടായിരുന്നു.”

സാമൂഹ്യപ്രവര്‍ത്തക ദയാഭായിക്കൊപ്പം തൈ നടുന്നു

മരം അറുത്തുമുറിക്കുന്നവര്‍ തന്നെ മരത്തൈ നട്ടുപിടിപ്പിക്കുന്നതിലൊരു ചേരായ്കയില്ലേ എന്നൊക്കെ പലര്‍ക്കും സംശയം തോന്നാം. സ്വാഭാവികം.
“ഈര്‍ച്ചമില്ലിലെ ജോലി അവസാനിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഇപ്പോഴും തോന്നുന്നില്ല. ഒരാള്‍ ഈര്‍ച്ചമില്‍ പൂട്ടിയതു കൊണ്ടോ ജോലി അവസാനിപ്പിച്ചതു കൊണ്ടോ മരങ്ങള്‍ അറുക്കുന്നതിനു കുറവൊന്നുമുണ്ടാകില്ല.

“ജോലി വിട്ടു പോകുന്നയാള്‍ക്കു പകരം മറ്റൊരാള്‍ വന്ന് കാര്യങ്ങള്‍ പഴയതു പോലെ നടക്കും. നമുക്കൊരിക്കലും അതില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ല..”എന്നാണ് രാജേഷിന്‍റെ മനസ്സില്‍.

“അപ്പോ ഒഴുക്കിനനുസരിച്ച് പോകുന്നതിനേക്കാള്‍ പൊരുതി നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി. ആ കാഴ്ചപ്പാടിലൂടെയാണ് മില്ലില്‍ നിന്നു കൊണ്ടു തന്നെ മരങ്ങള്‍ നടാന്‍ തുടങ്ങിയത്.”

നട്ടു വളര്‍ത്തിയ വൃക്ഷങ്ങളെപ്പോലെ രാജേഷിന്‍റെ ജീവിതവും പതിയെ തളിര്‍ത്തു പൂത്തുതുടങ്ങിയിരുന്നു. “സഹോദരന്‍ സുരേഷ് കെ.നായര്‍ ബനാറസ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി. ഡോക്ടര്‍മാര്‍ വെറും പത്തു വര്‍ഷം ആയുസു പറഞ്ഞ അമ്മ പിന്നെയുമൊരു പതിനട്ടു വര്‍ഷം കൂടി ഒപ്പമുണ്ടായിരുന്നു…”

കവയിത്രി സുഗതകുമാരിക്ക് വൃക്ഷത്തൈ നല്‍കുന്നു.

ഭാര്യ മാധവിക്കുട്ടിക്കും മക്കള്‍ അശ്വതി രാജിനും അര്‍ജുന്‍ രാജിനുമൊപ്പം അടക്കാപുത്തൂരിലെ അശ്വതി നിവാസ് എന്ന വീട്ടില്‍ മരങ്ങള്‍ തണല്‍ വിരിച്ച ജീവിതം…

“അടുത്തിടെയാണ് അമ്മ പിരിഞ്ഞത്. ആ വിയോഗം പക്ഷേ അച്ഛനെ തളര്‍ത്തി… അതുകൊണ്ടൊക്കെയായിരിക്കാം മില്ലിലെ ജോലി ഉപേക്ഷിക്കാന്‍ തോന്നിയില്ല.”


ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക


ഇപ്പോള്‍ പൂക്കോട്ടുകാവ് സോമില്‍ എന്ന പേരില്‍ സ്വന്തമായി ഒരു ഈര്‍ച്ചമില്ലും അതിനോടു ചേര്‍ന്നു തന്നെ ചെറിയൊരു നഴ്സറിയും നടത്തുന്നുണ്ട് രാജേഷ്.

സേവാഗ്രാമില്‍ മഹാത്മാഗാന്ധി നട്ട മരത്തിന് മുന്നില്‍

തൈകള്‍ നടാന്‍ തുടങ്ങിയിട്ടിപ്പോള്‍ പതിനഞ്ച് വര്‍ഷമായി എത്ര മരങ്ങള്‍ നട്ടുവെന്ന് ചോദിച്ചാല്‍ ലക്ഷക്കണക്കിന് എന്നു മാത്രമേ രാജേഷിന് ഉത്തരമുള്ളൂ. “ജോലി ചെയ്തിരുന്ന മില്ലിലാണ് ആദ്യത്തെ മരം നട്ടത്. സാധാരണ തണല്‍മരമായിരുന്നു. അതിന്നു വലിയ വൃക്ഷമായി മാറി. ദിവസത്തിലൊരു മരം എന്ന രീതിയിലാണ് ഇപ്പോള്‍ തൈകള്‍ നടുന്നത്.”

നട്ടുപോയ വഴിക്ക് തിരിഞ്ഞുനോക്കാതെ അടുത്ത വര്‍ഷവും അതേ കുഴിയില്‍ തന്നെ വീണ്ടും നടുന്ന തരം ഏര്‍പ്പാടല്ല രാജേഷിന്‍റെയും സുഹൃത്തുക്കളുടേയും. “ഒരുതൈ നട്ടാല്‍ പിന്നെ 3 വര്‍ഷത്തോളം അവയെ കൃത്യമായി നനച്ച് ശുശ്രൂഷിക്കും. കുട്ടികള്‍ക്കായി ‘ഞാനും നട്ടു ഒരു വൃക്ഷത്തൈ’ എന്നും ‘ഇതു ഞാന്‍ നട്ട വൃക്ഷ’മെന്നുമുള്ള പേരുകളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്,” അദ്ദേഹം വിശദീകരിക്കുന്നു.

ഇന്‍ഡ്യയുടെ ‘വാട്ടര്‍മാന്‍’ രാജേന്ദ്ര സിങ്ങിനൊപ്പം

സമൂഹമാധ്യമങ്ങളെയും നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. “വാട്സ്ആപ്പ് ഗ്രൂപ്പില്‍ നട്ട ചെടികളുടെ ചിത്രങ്ങളും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തന്നോളം വളര്‍ന്ന മരങ്ങളുടെ ചിത്രങ്ങളുമെല്ലാം കുട്ടികള്‍ പോസ്റ്റ് ചെയ്യുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നുണ്ട്.”

മരങ്ങള്‍ നടുന്നതിനും സന്ദേശം പ്രചരിപ്പിക്കുന്നതിനും രാജേഷും കൂട്ടുകാരും പല വഴികളും സ്വീകരിച്ചു. ഒരിക്കല്‍ ഒരു പരിസ്ഥിതി ദിനത്തില്‍ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തു വഴിയായിരുന്നു തൈകള്‍ വിതരണം ചെയ്തത്. ബസില്‍ ടിക്കറ്റെടുത്ത എല്ലാവര്‍ക്കും ടിക്കറ്റിനൊപ്പം കവറിലാക്കിയ തൈയും നല്‍കി…പൂജാപുഷ്പം എന്ന പേരില്‍ പൂജക്കു വേണ്ടിയുള്ള പുഷ്പങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ തന്ന ചെടികള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതി. ചെനക്കത്തൂര്‍ ക്ഷേത്രത്തിലൂടെ പ്രസാദമായി ഭക്തര്‍ക്ക് 3,000 വേപ്പിന്‍ തൈകള്‍ നല്‍കി അങ്ങനെയങ്ങനെ, രാജേഷ് മരംനടല്‍ പദ്ധതികളെക്കുറിച്ച് വാചാലനായി.

ശില്‍പി കാനായി കുഞ്ഞിരാമന്‍ ചെര്‍പ്പുളശ്ശേരിയില്‍ മരം നടുന്നു

അതിനിടെ ചെര്‍പ്പുളശേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ സ്‌കൂളില്‍ ശലഭോദ്യാനം വളര്‍ത്തിയെടുത്തു. പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെയായിരുന്നു അത്. ശലഭങ്ങളെ ആകര്‍ഷിക്കുന്ന പല തരത്തിലുള്ള സസ്യങ്ങളാണ് അവിടെ നട്ടിരിക്കുന്നത്.


ഇതുകൂടി വായിക്കാം: വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍


കടുത്ത വേനല്‍ മുന്നില്‍ കണ്ട് സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും ആശ്വാസം പകരുന്നതിനായി തണ്ണീര്‍ക്കുടങ്ങളും സ്ഥാപിച്ചിരുന്നു. മരത്തിന്‍റെ വേരിനോട് ചേര്‍ന്ന് മണ്‍കുടങ്ങളിലാണ് വെള്ളം നിറച്ചിരുന്നത്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീദ്രന്‍മാഷിനൊപ്പം സംസ്കൃതിയുടെ പ്രവര്‍ത്തകര്‍

നട്ട മരങ്ങളില്‍ കൂടുതലും ആലുകളാണ്. മറ്റു മരങ്ങളെപ്പോലെയല്ല ആലുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും; കൂടുതല്‍ ഓക്സിജന്‍ പുറത്തുവിടും. അടയ്ക്കാപുത്തൂരില്‍ ആല്‍മരങ്ങള്‍ കൊണ്ടു മാത്രം സ്വാഭാവിക വനം വളര്‍ത്തിയെടുത്തു. ജൈവ സമ്പന്നമായ പാറയ്ക്കു ചുറ്റും പേരാലിന്‍ തൈകള്‍ വച്ചു പിടിപ്പിച്ചതുമെല്ലാം അതു കൊണ്ടാണെന്ന് രാജേഷ്.


മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതു മാത്രമാണ് എന്‍റെ ലക്ഷ്യം


ജന്മനക്ഷത്രപ്രകാരമുളള വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും ആണ്ടുകള്‍ പഴക്കമുള്ള മരമുത്തശ്ശന്മാരെ ആദരിക്കുന്നതിനുമെല്ലാം രാജേഷും സംസ്‌കൃതിയും മുന്‍പന്തിയിലുണ്ട്. അതിനിടെ ഈര്‍ച്ചമില്ലിലെ ജോലിയും മുടങ്ങാതെ നടക്കുന്നു.

സ്കൂള്‍ കുട്ടികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് സംസ്കൃതിയുടെ പ്രവര്‍ത്തനം

മരങ്ങള്‍ നടുന്നതു മാത്രമല്ല മരങ്ങളില്‍ തറക്കുന്ന ആണികളും പോസ്റ്ററുകളും നീക്കം ചെയ്ത് സംരക്ഷിക്കാനും സംസ്‌കൃതിയിലെ കൂട്ടുകാര്‍ മുന്‍കൈ എടുക്കുന്നു.

“…എത്ര അപകടാവസ്ഥയിലാണെങ്കിലും മരങ്ങള്‍ മുറിക്കരുതെന്ന പറഞ്ഞ് മരത്തിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ചേരാന്‍ എനിക്കാവില്ല. കടപുഴകി വീഴാവുന്ന സ്ഥിതിയിലെത്തിയ മരമാണെങ്കില്‍ അതിനെ മുറിച്ചു മാറ്റണം. എന്നിട്ട് അവിടെ പുതിയ ചെടികൂടി നടണമെന്നാണ് എന്‍റെ നയം,” എന്ന് രാജേഷ് വ്യക്തമാക്കുന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതു മാത്രമാണ് എന്‍റെ ലക്ഷ്യം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം: ‘ദിവസവും ആനകൾ കാടിറങ്ങിവരും, പിള്ളാരുടെ ക്രിക്കറ്റ് ​ഗ്രൗണ്ടിന് തൊട്ടടുത്ത്’: കാട്ടാനകളോട് ചങ്ങാത്തം കൂടിയ ​​ഗ്രാമത്തിൽ നിന്നും


മഹാത്മാഗാന്ധിയുടെ സേവാഗ്രാമില്‍ 100 പ്ലാവിന്‍ തൈകള്‍ നട്ടതാണ് രാജേഷിന് മറക്കാനാവാത്ത മറ്റൊരു നിമിഷം. പലപ്പോഴും തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ട് പരിഹസിക്കപ്പെടാറുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാറില്ല, രാജേഷ് പറഞ്ഞു.

കഴിഞ്ഞ ജലദിനത്തില്‍ ഗ്ലൂക്കോസ് കുപ്പികള്‍ സ്റ്റാന്‍ഡില്‍ വച്ച് തുള്ളി ജലസേചനം നടത്തുന്നൊരു പരീക്ഷണം നടത്തിയിരുന്നു. കൊടുംവേനലില്‍ നട്ടുവെച്ച തൈകള്‍ കരിഞ്ഞുപോവാതെ കാക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നു അത്.

അന്നത് വാര്‍ത്തയായതിനെത്തുടര്‍ന്ന് ഒരു ആശുപത്രിയില്‍ നിന്നും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മുഴുവന്‍ ഗ്ലൂക്കോസ് കുപ്പികളും എത്തിച്ചു തരാമെന്ന് അറിയിച്ചിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളരിലെത്തുന്നതു വഴിയുണ്ടാകുന്ന ഗുണത്തിനൊരു ഉദാഹരണമാണതെന്ന് രാജേഷ്.

എം ടി വാസുദേവന്‍ നായര്‍ക്ക് സ്നേഹസമ്മാനമായി വൃക്ഷത്തൈ

“ഞാനെപ്പോഴും കുട്ടികളോട് പറയാറുള്ളതെന്താണെന്ന് വച്ചാല്‍ നമുക്കിവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്…പക്ഷേ അതുയര്‍ത്തിപ്പിടിക്കുന്നതിനു പകരം അതിനം പരിഹരിക്കുന്നതെങ്ങനെയാണെന്ന് വേണം ചിന്തിക്കാന്‍. അങ്ങനെ ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ ഇവിടെ.”

അടയ്ക്കാപുത്തൂരിലും സമീപത്തുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി പുരസ്‌കാരങ്ങളും രാജേഷിനെയും സംസ്കൃതിയെയും തേടിയെത്തി. ചെന്നൈ ലയണ്‍സ് ക്ലബിന്‍റെ ലൈഫ് ടൈം പുരസ്‌കാരം, നെല്‍സണ്‍ മണ്ടേല യൂണിവേഴ്സിറ്റിയുടെ പുരസ്‌കാരം, വനമിത്ര പുരസ്‌കാരം…അങ്ങനെയങ്ങനെ.

വരുന്ന പരിസ്ഥിതി ദിനത്തില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച സൈനികരുടെ പേര് വച്ച് പാലക്കാട് കേന്ദ്രീയ വിദ്യാലയത്തില്‍ തൈ നടാനുള്ള ഒരുക്കത്തിലാണ് രാജേഷ്.


ഇതുകൂടി വായിക്കാം: 4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, നാടന്‍ പശുക്കള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ


അതിനിടയില്‍ സിനിമാരംഗത്തേക്കും ചുവടുവെച്ചു. ചിതകള്‍ പൂക്കുമ്പോള്‍ എന്ന ഹ്രസ്വചിത്രത്തിനു ശേഷം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എന്നൊരു ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തു. പതിയെ സിനിമാലോകവുമായും അടുത്തു.

Image for representation. Photo:www.pixabay.com

“ഒടിയന്‍, ലൂസിഫര്‍, ഇപ്പോള്‍ ചിത്രീകരണ നടക്കുന്ന മാമാങ്കം, കുഞ്ഞാലിമരയ്ക്കാര്‍ എന്നീ ചിത്രങ്ങളിലെ കലാസംവിധായകന്‍മാരടക്കം 25 കലാസംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ അവര്‍ക്കാവശ്യമുള്ള വസ്തുക്കള്‍ എത്തിച്ചു കൊടുക്കും.


അതിലെ കുടകള്‍ പ്രിയദര്‍ശന് ഏറെ ഇഷ്ടപ്പെട്ടു. തന്‍റെ ചിത്രത്തിലും അത്തരം കുടകള്‍ വേണമെന്നായി.


“അടുത്തിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ പ്രത്യേക തരം കുടകളുമായി ഹൈദരാബാദ് രാമോജി ഫിലിം സിറ്റി വരെ കാറോടിച്ചു പോയി. മോഹന്‍ദാസ് എന്ന കലാസംവിധായകന്‍ എത്തിച്ച ചൂല് മുറം കുടകള്‍ എന്നിവ കണ്ടിഷ്ടപ്പെട്ടാണ് പ്രിയദര്‍ശന്‍ കുടകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്,” രാജേഷ് വാചാലനായി.

സിനിമയ്ക്ക് വേണ്ടി മുളകൊണ്ടുണ്ടാക്കിയ കുട്ടകളും കുടകളും

“മനിശേരി മനയില്‍ ജോലി ചെയ്യുന്ന സമയത്താണ് സിനിമക്കാരുമായി പരിചയപ്പെടുന്നത്.  ലൊക്കേഷനില്‍ ആവശ്യമുള്ള പല സാധനങ്ങളും കലാസംവിധായകര്‍ക്ക് എത്തിച്ചു കൊടുക്കാറുണ്ട്…

“ഒരു ചിത്രത്തിനു വേണ്ടി പഴയ ഓലക്കുടകള്‍, കുട്ട, ചൂല്, മുറം അങ്ങനെ ഒരു വലിയ ലോറി നിറയെ സാധനങ്ങള്‍ ഹൈദരബാദിലെത്തിച്ചു കൊടുത്തിരുന്നു. അതിലെ കുടകള്‍ പ്രിയദര്‍ശന് ഏറെ ഇഷ്ടപ്പെട്ടു. തന്‍റെ ചിത്രത്തിലും അത്തരം കുടകള്‍ ഉപയോഗിക്കണമെന്ന് കലാസംവിധായകന്‍ വഴി അറിയിച്ചു.

“കുടകള്‍ തയാറാക്കി ബസില്‍ കൊടുത്തയക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. കുടകള്‍ ഇതു പോലെ അങ്ങോട്ടെക്കെത്തുമെന്ന് ഒരു ഉറപ്പും തരാനാകില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞതോടെ കുഴപ്പത്തിലായി. പാഴ്‌സലുകള്‍ എടുത്തെറിയുന്ന കൂട്ടത്തില്‍ കുടകള്‍ കീറിപ്പോയാല്‍ പ്രശ്‌നമാകും. പിറ്റേന്ന് ഷൂട്ടിങ്ങാണ്…


പലരും എന്നെ കളിയാക്കാറുണ്ട്. ചെയ്യുന്നതെല്ലാം വിളിച്ചുപറഞ്ഞു നടക്കുന്നു മട്ടിലാണ് പരിഹാസം


“രണ്ടാമതൊന്നും ചിന്തിച്ചില്ല.  കുടകള്‍ കാറില്‍ കയറ്റി ഒരു കൂട്ടുകാരനൊപ്പം നേരെ ഹൈദരാബാദിലെക്ക് പോയി. അങ്ങോട്ടും ഇങ്ങോട്ടുമായി 2,500 കിലോമീറ്ററോളമാണ് സഞ്ചരിച്ചത്,” രസകരമായ ആ അനുഭവം രാജേഷ് വിശദീകരിച്ചു.

സിനിമാ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ നിന്നാവണം, രാജേഷും രണ്ട് ചെറിയ ചിത്രങ്ങളുണ്ടാക്കാനുളള ശ്രമത്തിലാണ്. ഒരു ഭ്രാന്തന്‍ സ്വപ്നം എന്ന ഡോക്യുമെന്‍ററിയും പുതുതലമുറക്ക് സന്ദേശമാകുന്ന സോറി എന്നൊരു ഹ്രസ്വചിത്രവും പണിപ്പുരയിലാണെന്ന് രാജേഷ് പറഞ്ഞു.

“ചെയ്യുന്ന കാര്യങ്ങളെല്ലാം വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമെല്ലാം എല്ലാവരെയും ഞാന്‍ അറിയിക്കും. അതെന്‍റെ ഒരു ശീലമാണ്. പലരും എന്നെയതിന് കളിയാക്കാറുമുണ്ട്. ചെയ്യുന്നതെല്ലാം വിളിച്ചുപറഞ്ഞു നടക്കുന്നു മട്ടിലാണ് പരിഹാസം.” പക്ഷേ, രാജേഷ് അത് കാര്യമാക്കുന്നില്ല.


ഇതുകൂടി വായിക്കാം: സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്


അങ്ങനെ എല്ലാവരെയും അറിയിക്കുന്നതുകൊണ്ടാണ് തന്നെപ്പോലെ വെറും സാധാരണക്കാരനായ ഒരാള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായവും സഹകരണവും ലഭിക്കുന്നത് എന്ന് രാജേഷ് പറയുന്നു.

പിന്നെ, ഇതൊക്കെ കണ്ട് ഭൂമിയെ പച്ചപിടിപ്പിക്കാനും നല്ലകാര്യങ്ങള്‍ ചെയ്യാനും ഒരാളെങ്കിലും മുന്നോട്ടുവന്നാല്‍ അത്രയും നല്ലതല്ലേ?

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം