ബസു കന്നോഗിയ

അഞ്ച് വര്‍ഷത്തില്‍ 7 സ്ഥലംമാറ്റങ്ങള്‍, ഭീഷണികള്‍…ഒന്നിനും വഴങ്ങാതെ ഈ സ്ത്രീ ഒഴിപ്പിച്ചെടുത്തത് 6,000 ഹെക്ടര്‍ വനഭൂമി

2012-ബാച്ച് ഐ എഫ് എസ് ഓഫീസറായ ബസു 2014-ലാണ് ചാര്‍ജ്ജ് എടുക്കുന്നത്. അന്നുമുതല്‍ വനം മാഫിയകളോട് നിരന്തരയുദ്ധമാണ്.

“ഒന്നുകില്‍ തെറ്റ്, അല്ലെങ്കില്‍ ശരി. അതിനിടയിലൊരു ഗ്രേ ഏരിയ ഇല്ല,” ബസു കന്നോഗിയ എന്ന ധീരയായ ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് നയം വ്യക്തമാക്കുന്നു.

കയ്യേറ്റമൊഴിപ്പിക്കല്‍ സ്‌പെഷ്യലിസ്റ്റ് എന്നാണ് ഡിപ്പാര്‍ട്ട്‌മെന്‍റെിലെ മറ്റ് ഓഫീസര്‍മാര്‍ക്കിടയില്‍ ബസുവിനെ വിളിക്കുന്നത്. അതിന് കാരണമുണ്ട്.

“വികസനം എന്നൊക്കെപ്പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്നതും കടന്നുകയറ്റവും എനിക്ക് അനുവദിക്കാനാവില്ല. കാടും പച്ചപ്പും സംരക്ഷിക്കുകയെന്നതാണ് എന്‍റെ ജോലി. ഞാനത് ചെയ്യുന്നു, അത്രമാത്രം,” ബസു പറയുന്നു.

ബസു കന്നോഗിയ

2012-ബാച്ച് ഐ എഫ് എസ് ഓഫീസറായ ബസു 2014-ലാണ് ചാര്‍ജ്ജ് എടുക്കുന്നത്. അന്നുമുതല്‍ വനം മാഫിയകളോട് നിരന്തരയുദ്ധമാണ്. ലൈസന്‍സില്ലാതെയുള്ള മരംവില്‍പനയും കാട്ടിലെ അനധികൃത കുടിയേറ്റവും ഖനനവും വന്യജീവികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളുമെല്ലാം യാതൊരു ദാക്ഷിണ്യവുമില്ലാതെ നിയമപരമായിത്തന്നെ ബസു നേരിടുന്നു.


സ്വാഭാവികമായും ധാരാളം വിവാദങ്ങള്‍, ഭീഷണകള്‍ ഒക്കെ നേരിടേണ്ടി വന്നു.


പക്ഷേ, അതൊന്നും വകവെയ്ക്കാതെ ബസു മുന്നോട്ട് തന്നെയാണ്. ഭീഷണികള്‍ മാത്രമല്ല, അഞ്ച് വര്‍ഷത്തിനിടയില്‍ ഏഴ് ട്രാന്‍സ്ഫറുകളും കിട്ടി. എന്നാല്‍ അതിനിടയിലും 6,000 ഹെക്ടറിലെ വനംകയ്യേറ്റം അവര്‍ ഒഴിപ്പിച്ചെടുത്തു.

വളരെ കണിശമായ ചിട്ടയിലാണ് ബസുവിനെ വീട്ടില്‍ വളര്‍ന്നത്. കാണ്‍പൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. സയന്‍സില്‍ ഡിഗ്രിയെടുത്തത് അലഹബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും.

പിതാവ് ഉത്തര്‍പ്രദേശ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലായിരുന്നു.
“ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്‍റെ പിതാവ് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അധികാരം അദ്ദേഹത്തിന്‍റെ തലയ്ക്ക് പിടിച്ചിരുന്നില്ല. എല്ലായ്‌പ്പോഴും സാധാരണക്കാരെ സഹായിക്കാന്‍ അദ്ദേഹം ശ്രമിച്ചു,” ബസു പറയുന്നു.

പിതാവിന്‍റെ പാത പിന്തുടര്‍ന്ന് മകളും യു പി എസ് സിക്ക് ശ്രമിച്ചു.
ബസു ഒരു പ്രകൃതി സ്‌നേഹി കൂടിയായിരുന്നു. അതുകൊണ്ട്
ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ആയിരുന്നു ആദ്യ ചോയ്‌സ്.

ആദ്യശ്രമത്തില്‍ തന്നെ ബസു വിജയിച്ചു. പരിശീലനത്തിന് ശേഷം മധ്യപ്രദേശിലെ അശോക്‌നഗര്‍ ജില്ലയില്‍ ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ (ഡി എഫ് ഓ) ആയി നിയമിക്കപ്പെട്ടു.

സമയമൊട്ടും കളയാതെ തന്നെ ബസു പണി തുടങ്ങി.

“ഐ എഫ് എസ് പ്രധാനമായും ഊന്നുന്നത് രണ്ട് കാര്യങ്ങളിലാണ്–പ്രൊട്ടക്ഷനും (വനസംരക്ഷണവും) പ്ലാന്‍റേഷനും (വനവല്‍ക്കരണവും). ഭൂമിയില്ലാതെ വനവല്‍ക്കരണം നടക്കില്ല. അതുകൊണ്ട് വനഭൂമി സംരക്ഷിക്കുകയെന്നതിനാണ് ആദ്യപരിഗണന,” ബസു പറയുന്നു.

നിയമം വേണ്ട വിധത്തില്‍ നടപ്പിലാക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന അശോക് നഗറില്‍ ചെന്ന് ആദ്യവര്‍ഷം തന്നെ അവര്‍ക്ക് തോന്നി.

“വനഭൂമിയില്‍ കൃഷിയിറക്കുന്നതും കടന്നുകയറി താമസിക്കുന്നതും നിയമവിരുദ്ധമാണെന്ന് ജനങ്ങളോട് ആരും പറഞ്ഞുകൊടുത്തിരുന്നില്ല. അതുകൊണ്ട്, അവരുടേതല്ലാത്ത കാരണത്താല്‍ ഞങ്ങള്‍ക്ക് പലരേയും കുടിയിറക്കേണ്ടി വന്നു. ഞങ്ങളുടെ അപ്പനപ്പൂപ്പന്മാരായി ഇവിടെ താമസിക്കുന്നതാണെന്നൊക്കെ പലരും പറഞ്ഞു. ഇങ്ങനെയുള്ള കേസുകളില്‍ അവരെ ഇറക്കിവിടുന്നത് ഹൃദയഭേദകമായിരുന്നു. പക്ഷേ, വനസംരക്ഷണം ആയിരുന്നു അതിലും പ്രധാനം,” ബസു തുടരുന്നു.

വനത്തില്‍ പരമ്പരാഗതമായി താമസിക്കുന്നവര്‍ക്ക് വനാവകാശനിയമം അനുസരിച്ച് വനത്തില്‍ തുടരുന്നതിനും വിഭവസമാഹരണത്തിനുമുള്ള അവകാശങ്ങളുണ്ട്.


ഇതുകൂടി വായിക്കാം: 91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…


ഇതുസംബന്ധിച്ച് അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇകോളജി ആന്‍ഡ് ദ് എന്‍വയോണ്‍മെന്‍റിലെ നിതിന്‍ റായിയുമായി ദ് ബെറ്റര്‍ ഇന്‍ഡ്യ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

“വനത്തില്‍ താമസിക്കുന്നവരെയും അവരുടെ ചരിത്രത്തേയും മനസ്സിലാക്കേണ്ടതും അവര്‍ക്ക് ജനാധിപത്യപരമായ പ്രക്രിയകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കേണ്ടതും അത്യാവശ്യമാണ്. വനസംരക്ഷണം സംബന്ധിച്ച നയങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ വനാവകാശനിയമവും അത് വനവാസികള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളും പരിരക്ഷിക്കാനും വനംവകുപ്പ് ബാധ്യസ്ഥമാണ്.

“മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ നാനൂറ് ഗ്രാമസഭകള്‍ സമൂഹവനാവകാശം നേടിയ ഉദാഹരണം നമുക്ക് മുമ്പിലുണ്ട്. അവിടെ വനംവകുപ്പ് അവരോടൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള സമീപനം രാജ്യം മുഴുവന്‍ ഉണ്ടാകണം.”

എന്നാല്‍, വനത്തില്‍ താമസിക്കുന്നവര്‍ അവിടെ കാലങ്ങളായി താമസിച്ചിരുന്നുവെന്നതിനുള്ള തെളിവ് ഹാജരാക്കാന്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാറുള്ളൂ എന്നാണ് ബസു വ്യക്തമാക്കുന്നത്. “ഈ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഘടകങ്ങളുള്ള കമ്മിറ്റിയാണ് കാട്ടില്‍ തുടര്‍ന്നും താമസിക്കുന്നതിനുള്ള അനുവാദം നല്‍കുന്നത്.”

ബസു കന്നോഗിയ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍

‘നിങ്ങളെവിടെയാണ് താമസിക്കുന്നതെന്നൊക്കെ ഞങ്ങള്‍ക്കറിയാം’, ‘കാണിച്ചുതരാം’, ‘നിന്‍റെ വീട്ടുകാരെ നോക്കിക്കോ’ എന്നിങ്ങനെ പലതരം ഭീഷണികള്‍ നേരിട്ടുതന്നെ ബസു കേട്ടു.

പലപ്പോഴും ഭൂമികയ്യേറ്റക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

പോസ്റ്റിങ്ങ് എവിടെയാണെങ്കിലും വനഭൂമി സംരക്ഷണം സംബന്ധിച്ച് സാധാരണയായി ഒരു പൊതുതന്ത്രമാണ് ബസു സ്വീകരിക്കുന്നത്.

“രണ്ട് തരം ഭൂമികയ്യേറ്റക്കാരുണ്ട്. ഒരുകൂട്ടര്‍ താല്‍കാലികമായി മാത്രം വനത്തില്‍ കയറിക്കൂടുന്നവരാണ്. മറ്റൊന്ന് സ്ഥിരം കയ്യേറ്റവും. താല്‍ക്കാലികമായി കയ്യേറുന്നവര്‍ ഓരോ സീസണ്‍ അനുസരിച്ച് കൃഷിയിറക്കുന്നവരാണ്,” എന്ന് ബസു മനസ്സിലാക്കി.

അതുകൊണ്ട് ആദ്യം ചെയ്യുന്നത് പ്രദേശവാസികളെ പഠിക്കുകയെന്നതാണ്. പിന്നീട് അവര്‍ക്ക് ബദല്‍ ജീവിതമാര്‍ഗം നല്‍കുന്നതിനും പുനരധിവാസത്തിനും വേണ്ട സര്‍ക്കാര്‍ പദ്ധതികള്‍ കണ്ടെത്തും.


പട്രോളിങ്ങും ഇടക്കിടെയുള്ള ഇന്‍സ്‌പെക്ഷനും തുടരും. ഈ പരിശോധനാ വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വന്തം സഹപ്രവര്‍ത്തകരെപ്പോലും ചിലപ്പോള്‍ നേരത്തെ അറിയിക്കാറില്ല.


അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിപ്പിക്കാനുള്ള ചര്‍ച്ചകളാണ് അടുത്ത പടി. അതിനെ അവര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാത്രം നിയമപരമായ വഴി തേടും. തടയുന്നവര്‍ക്കെതിരെ എഫ് ഐ ആറിന് സമാനമായ പ്രെലിമിനറി ഒഫന്‍സ് റിപ്പോര്‍ട്ട് (പി ഒ ആര്‍) തയ്യാറാക്കും. ഇതുകൊണ്ടുതന്നെ ഒരുവിധം കയ്യേറ്റക്കാരൊക്കെ ഒഴിഞ്ഞുപോകുമെന്ന് ബസു. ഒഴിപ്പിച്ചെടുത്ത ഭൂമിയില്‍ വനംവകുപ്പ് മരത്തൈകള്‍ നട്ടുപിടിപ്പിക്കും.

ഈ ഒഴിപ്പിക്കല്‍ പ്രക്രിയക്ക് ഒന്നുമുതല്‍ നാല് മാസം വരെ ചിലപ്പോള്‍ വേണ്ടിവന്നേക്കും.

ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പ്രാദേശിക രാഷ്ട്രീയക്കാരുമായും പലപ്പോഴും കൊമ്പുകോര്‍ക്കേണ്ടി വന്നു ബസുവിന്. ആര്‍ക്കും മുന്നില്‍ തലകുനിച്ചില്ല. 2018-ല്‍ വനപ്രദേശത്ത് വീടുണ്ടാക്കിയതിന്‍റെ പേരില്‍ ഉമാരിയ ജില്ലാ കളക്ടര്‍ക്കും സൂപ്രണ്ടിനും വരെ നോട്ടീസ് അയച്ചു.

രണ്ട് മാസത്തിനകം ബസുവിനെ അവിടെ നിന്നും സ്ഥലം മാറ്റി. നൗറാദേഹി വന്യജീവിസങ്കേതത്തില്‍ അനധികൃതമായ മരംമുറിക്കെതിരെ നിന്നപ്പോള്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ എത്തി. ലോണ്ടി വനമേഖലയിലെ 300 ഹെക്ടറില്‍ നിന്നും അനധികൃത സെറ്റില്‍മെന്‍റ് ഒഴിപ്പിച്ചപ്പോള്‍ അടുത്ത സ്ഥലംമാറ്റം.

ഏറ്റവും ഒടുവിലത്തെ ട്രാന്‍സ്ഫര്‍ പന്ന കടുവാസങ്കേതത്തില്‍ നിന്നായിരുന്നു. അവിടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു ബസു. ഒരുവര്‍ഷം തികയും മുമ്പേ കാരണം പോലും പറയാതെയായിരുന്നു ഈ സ്ഥലംമാറ്റം.

ഇപ്പോള്‍ രത്‌ലാമില്‍ ഡി എഫ് ഓ ആണ് ബസു. ഇവിടെയെത്തി മൂന്ന് മാസത്തിനുള്ളില്‍ വനം മാഫിയയില്‍ നിന്ന് 300 ഹെക്ടര്‍ വനഭൂമി വീണ്ടെടുക്കാന്‍ ഈ ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞു.

“ആരില്‍ നിന്നും ഒരാനുകൂല്യവും പറ്റാതിരിക്കുക. തെറ്റായ കാര്യങ്ങള്‍ കാണുമ്പോള്‍ ശങ്കയില്ലാതെ ‘നോ’ പറയുക. രാജ്യത്തെയും പ്രകൃതിയെയും രക്ഷിക്കുന്ന കാര്യം വരുമ്പോള്‍ ഒരിക്കലും ഭയത്തിന് അടിപ്പെടാതിരിക്കുക,” സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാനും ജനങ്ങളെ സേവിക്കാനും ആഗ്രഹിക്കുന്നവരോട് ബസുവിന്‍റെ ഉപദേശം ഇതാണ്.

“നിങ്ങളിലും നിങ്ങളിരിക്കുന്ന പദവിയിലും വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തുന്ന ഒരുപാട് പേരുണ്ടെന്ന് മനസ്സിലാക്കുക. സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ ജോലി ചെയ്യുന്നത് ഒരു നന്ദിയില്ലാത്ത പണിയാണ്–ശരിയായ കാര്യം ചെയ്തുവെന്നതുകൊണ്ട് നിങ്ങള്‍ക്ക് എപ്പോഴും മെഡല്‍ കിട്ടിയെന്ന് വരില്ല. നിങ്ങളുടെ കൂടെ ജോലിക്ക് കയറിയവര്‍ വലിയ പദവിയും കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനങ്ങളിലും എത്തിയെന്നിരിക്കും. എന്നാല്‍ ഉള്ളില്‍ അനുഭവിക്കുന്ന സന്തോഷം, അതാണ് നിങ്ങളെ ഓരോ ദിവസവും കൂടുതല്‍ നന്നായി ജോലിയെടുക്കാന്‍ പ്രേരിപ്പിക്കുക, കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും,” സ്വന്തം അനുഭവത്തില്‍ നിന്നുകൂടിയാണ് ബസു പറയുന്നത്.

പ്രകൃതിയെയും വനമേഖലയെയും സംരക്ഷിക്കുന്നതില്‍ നിന്നും ഈ 33-കാരിയെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ ഭീഷണികള്‍ക്കോ രാഷ്ട്രീയ ഇടപെടലുകള്‍ക്കോ നിരന്തരമായ സ്ഥലംമാറ്റങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.

ഫോട്ടോകള്‍ക്ക് കടപ്പാട്: ബസു കന്നോഗിയ
ഫീച്ചര്‍ ഫോട്ടോ: മധ്യപ്രദേശ് വനംവകുപ്പ്

ഇതുകൂടി വായിക്കാം: ‘അമ്മ എന്നെ രണ്ട് വട്ടം പ്രസവിച്ചു’: അമൃതയുടെ ധീരമായ അതിജീവനകഥ


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം