ഒരു പൊലീസുകാരന്‍റെ നന്മ: ലോണെടുത്തുവെച്ച മൂന്ന് കെട്ടിടങ്ങളില്‍ സൗജന്യ ലഹരി മുക്തി കേന്ദ്രം, ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി സെന്‍റര്‍, സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലനം, അംഗന്‍വാടി 

കെട്ടിടം നിര്‍മ്മിച്ചതിന്‍റെയൊക്കെ ലോണ്‍ ഇനിയും അടച്ചുതീര്‍ക്കാനുണ്ട്.. കുറച്ചൊന്നുമല്ല, പക്ഷേ സാമ്പത്തിക പ്രശ്നമാണെന്നു പറഞ്ഞു ഒന്നും അവസാനിപ്പിക്കില്ലെന്ന് ശ്രീകുമാര്‍

തെങ്കിലും സ്കൂളില്‍ ഇക്കണോമിക്സ് മാഷ് ആകേണ്ടയാളാണ് ഡി. ശ്രീകുമാര്‍ എന്ന കൊല്ലംകാരന്‍.

എന്നാല്‍ എത്തിപ്പെട്ടത് കാക്കിക്കുപ്പായത്തിനുള്ളില്‍. 22 വര്‍ഷം മുന്‍പാണ് അദ്ദേഹം കേരള പൊലീസില്‍ കയറുന്നത്.

ഇപ്പോള്‍ കൊല്ലം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്‍റ് സബ്‍ ഇന്‍സ്പെക്റ്ററാണ്.

ഇത്രയും കാലത്തെ സമ്പാദ്യവും കുറെ കടവുമൊക്കെയെടുത്ത്  കുടുംബസ്വത്തായി കിട്ടിയ അരയേക്കര്‍ വസ്തുവില്‍ അദ്ദേഹം മൂന്ന് കെട്ടിടങ്ങള്‍ പണിതിട്ടു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com


വാടകയ്ക്ക് കൊടുത്ത് ശിഷ്ടകാലം സുഖമായി ജീവിക്കാനല്ല.

മദര്‍ഹുഡ് ചാരിറ്റി മിഷനിലെ യോഗ ക്ലാസ്

ആ കെട്ടിടത്തില്‍ അദ്ദേഹം നാല് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്–മദര്‍ഹുഡ് ചാരിറ്റി മിഷന്‍, സബര്‍മതി ലഹരിവിമുക്ത കേന്ദ്രം, അംഗനവാടി, സ്ത്രീകള്‍ക്കായുള്ള സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം.

“ഈ മാസം തന്നെ ഓട്ടിസ്റ്റിക് സെന്‍ററും പ്രവര്‍ത്തിച്ചു തുടങ്ങും കെട്ടോ..,” ശ്രീകുമാര്‍ ആവേശത്തോടെ പറഞ്ഞു.

ആരില്‍ നിന്നും പണവും ഫീസുമൊന്നും വാങ്ങാതെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ ഡീ അഡിക്ഷന്‍ സെന്‍ററും തൊഴില്‍ പരിശീലന കേന്ദ്രവുമൊക്കെ നടത്തി കൊണ്ടുപോകുന്നത്.

കെട്ടിടം ഉണ്ടാക്കിയതിന്‍റെയൊക്കെ ലോണ്‍ ഇനിയും അടച്ചുതീര്‍ക്കാനുണ്ട്.. കുറച്ചൊന്നുമല്ല, പക്ഷേ സാമ്പത്തിക പ്രശ്നമാണെന്നു പറഞ്ഞു ഒന്നും അവസാനിപ്പിക്കില്ലെന്ന് ശ്രീകുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട്.

നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഡി.ശ്രീകുമാര്‍

“കൊല്ലത്ത് കാവനാടാണ് വീട്. പക്ഷേ ഈ ലഹരിവിമുക്ത കേന്ദ്രവും തൊഴില്‍ പരിശീലന കേന്ദ്രവുമൊക്കെ പ്രവര്‍ത്തിക്കുന്നത് നീണ്ടകരയിലാണ്. മദര്‍ഹുഡ് ചാരിറ്റി മിഷനില്‍ ലഹരി വിമുക്ത കേന്ദ്രമാണ് ആദ്യം ആരംഭിച്ചത്. സബർമതി എന്നാണ് ഡീ അഡിക്ഷന്‍ സെന്‍ററിന്‍റെ പേര്.

“അഞ്ചാറ് വര്‍ഷം മുന്‍പാണ് സബര്‍മതി ആരംഭിച്ചത്. ഇത് ആരംഭിക്കും മു‍ന്‍പേ സാമൂഹിക പ്രവര്‍ത്തനങ്ങളൊക്കെയുണ്ടായിരുന്നു. 2005-ലാണ് മദര്‍ഹുഡ് ചാരിറ്റി മിഷന്‍ ആരംഭിക്കുന്നത്.


പൊലീസിലല്ലേ.. ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ ജീവിതം നഷ്ടമാകുന്ന കുറേപ്പേരെ കണ്ടിട്ടുണ്ട്.


കുറേയാളുകള്‍ ലഹരിയില്‍ വീണു പോയതു കണ്ടിട്ട് തന്നെയാണ് ഇങ്ങനെയൊരു കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കംപ്യൂട്ടര്‍ ക്ലാസില്‍ നിന്ന്

“ഇപ്പോ ഇവിടെ കൗണ്‍സിലിങ്ങ് മാത്രമാണ് നല്‍കുന്നത്. ആരെയും കിടത്തി ചികിത്സിക്കുന്നില്ല. ഇവിടെ വരുന്നവരെ ലഹരിവിമുക്ത ചികിത്സാകേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യാറുണ്ട്.

പൊലീസിലായതു കൊണ്ട് ഇത്തരം കേസുകളെക്കുറിച്ച് അറിയാം. ജനമൈത്രിയിലൂടെ ആളുകളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനാകുന്നുണ്ട്. അതുകൊണ്ടു ഇതുപോലുള്ള കേസുകളൊക്കെ വരുമ്പോള്‍ പലരും ഇവിടേക്ക് അയക്കാറുണ്ട്.

“പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്നതു കൊണ്ടാണ് ഇതുപോലുള്ള കേസുകള്‍ കൂടുതല്‍ അറിയാനും കഴിയുന്നത്.”

മദര്‍ഹുഡ് ചാരിറ്റി മിഷന് വേണ്ടി ശ്രീകുമാര്‍ നിര്‍മിച്ച കെട്ടിടങ്ങള്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി അദ്ദേഹം ഇതുപോലുള്ള ഒരുപാട് കാര്യങ്ങളില്‍ സജീവമാണ്. എന്നാല്‍ സബര്‍മതി ലഹരി വിമോചന ചികിത്സ പുനരധിവാസകേന്ദ്രം തുടങ്ങുന്നത് 2014-15-ലാണെന്ന് മാത്രം.

ഇപ്പോള്‍ അവിടെ കിടത്തി ചികിത്സ ഇല്ലെങ്കിലും അതിനുള്ള സൗകര്യമൊക്കെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. രണ്ടു നിലയുള്ളതും മൂന്നു നിലയുള്ളതുമായ കെട്ടിടങ്ങളാണ് പണിതിട്ടിരിക്കുന്നത്.

“പക്ഷേ കെട്ടിടം മാത്രം പോരല്ലോ. മറ്റു സൗകര്യങ്ങളും വേണ്ടതല്ലേ. അതൊരുക്കാന്‍ സാധിച്ചിട്ടില്ല. സാമ്പത്തികം തന്നെയാണ് പ്രശ്നം. ആളുകള്‍ക്ക് കിടത്തി ചികിത്സ നല്‍കണമെന്നാണ് ആഗ്രഹം,” അദ്ദേഹം തുറന്നുപറയുന്നു.

ഒരു ചെറിയ കെട്ടിടം  അംഗനവാടിക്കും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷമായി അംഗനവാടി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതു കൂടി വായിക്കാം: ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്‍റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം


“നേരത്തെ ഒറ്റമുറിയിലായിരുന്നു അംഗനവാടി. ആ അസൗകര്യങ്ങള്‍ കണ്ടതോടെയാണ് അവര്‍ക്ക് വേണ്ടിയൊരു കൊച്ചു കെട്ടിടം നിര്‍മ്മിച്ചു കൊടുക്കുന്നത്. അംഗനവാടിക്ക് സൗകര്യപ്രദമായ ഇടം കിട്ടും വരെ ഇവിടെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് പറഞ്ഞേക്കുന്നത്,” ശ്രീകുമാര്‍ തുടരുന്നു.

ശ്രീകുമാര്‍ നടത്തുന്ന തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 400-ഓളം പേര്‍ പഠിക്കാനുണ്ട്. സൗജന്യ പരിശീലനമാണ്. തയ്യല്‍, ബ്യൂട്ടീഷന്‍, കംപ്യൂട്ടര്‍ കോഴ്സുകളൊക്കെയാണുള്ളത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം നടപ്പാക്കുന്ന ജന്‍ ശിക്ഷക് സന്‍സ്ഥാന്‍ പദ്ധതി പ്രകാരമാണ് പഠിപ്പിക്കുന്നത്. ട്രെയ്നര്‍മാരെ നൈപുണ്യ നല്‍കും.

കൂടുതല്‍ പേരും തയ്യല്‍ ക്ലാസിനാണുള്ളത്. മൂന്നു ബാച്ചുകളിലായി 120 പേരുണ്ട്. ബ്യൂട്ടീഷ്യന്‍ കോഴ്സിന് 50 പേരും കംപ്യൂട്ടര്‍ കോഴ്സിന് 70-ലേറെ പേരുമാണുള്ളത്. കംപ്യൂട്ടര്‍ കോഴ്സിന് മാത്രം മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമുണ്ട്.

അലുമിനിയം ഫാബ്രികേഷന്‍, തുണിസഞ്ചി നിര്‍മ്മാണം, കടലാസ് കവര്‍ നിര്‍മ്മാണം ഇതൊക്കെ പഠിപ്പിക്കാനുള്ള കോഴ്സുകള്‍ ഉടന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ശ്രീകുമാര്‍. നേരത്തെ ഈ കോഴ്സുകള്‍ ഇവിടെ പഠിപ്പിച്ചിരുന്നു.

തൊഴില്‍ പഠിപ്പിച്ച് വിടുക മാത്രമല്ല. മാനസികമായും അവരെ ശക്തരാക്കുന്നതിനൊപ്പം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയെടുക്കുക കൂടി ചെയ്യുന്നുണ്ട്.

വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകള്‍, സ്വയം പ്രതിരോധ പരിശീലന ക്ലാസ്, യോഗ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഫീസ് ഒന്നുമില്ല. എല്ലാം പൂര്‍ണമായും സൗജന്യമായാണ് പഠിപ്പിക്കുന്നത്.

“എന്‍റെ ജീവിതാനുഭവങ്ങള്‍… അതു തന്നെയാണ് ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നു പ്രേരിപ്പിക്കുന്നത്.” ഓട്ടിസ്റ്റിക് സെന്‍റര്‍ ആരംഭിച്ചതിനെക്കുറിച്ച് ശ്രീകുമാര്‍ പറയുന്നു.

“എന്‍റെ മോനും ഓട്ടിസ്റ്റിക്കാണ്. ബാലാജി എന്നാണ് അവന്‍റെ പേര്. അഞ്ച് വയസുണ്ട് അവന്. സ്പീച്ച് തെറാപ്പിയൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. മോന് കുറേ ചികിത്സകള്‍ ചെയ്തു.

“പക്ഷേ ആത്മാര്‍ഥതയോടെ  ചികിത്സിക്കുന്നവര്‍ കുറവാണ്. അങ്ങനെയുള്ളവര്‍ക്കായുള്ള അന്വേഷണത്തിനൊടുവിലാണ് ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് വേണ്ടിയൊരു സെന്‍റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

“ഓട്ടിസമുള്ള കുട്ടികള്‍ക്കായി കുറേ സ്ഥാപനങ്ങളുണ്ട്.


പക്ഷേ ഈ സ്ഥാപനങ്ങളിലൊന്നും കമ്മിറ്റ്മെന്‍റുള്ള അധ്യാപകരോ പരിശീലകരോ ഇല്ല. ഈ തിരിച്ചറിവിലാണ് ഓട്ടിസം ട്രെയ്നിങ് സെന്‍റര്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.


ഇത്തരം പോരായ്മകള്‍ മറികടക്കുന്നൊരു സ്ഥാപനം വേണമെന്ന ചിന്തയിലാണ് ഇതിനു വേണ്ടി കെട്ടിടം നിര്‍മ്മിച്ചത് തന്നെ.

“പക്ഷേ ഇനിയുള്ള സജ്ജീകരണങ്ങള്‍ക്കാണ് ചെലവേറെയുള്ളത്. സാമ്പത്തികം തന്നെയാണ് ഇവിടെയും പ്രശ്നം. സെന്‍ററിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍,  പരിശീലകര്‍ക്കുള്ള ശമ്പളം, വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍.. ഇങ്ങനെ ചെലവുകളേറെയുണ്ടല്ലോ.

“ഇപ്പോ തന്നെ ഈ കെട്ടിടങ്ങളുടെ ലോണ്‍ അടച്ചു തീര്‍ക്കാനുണ്ട്. സബര്‍മതിയുടെയും തൊഴില്‍ പരിശീലന കേന്ദ്രത്തിന്‍റെയുമൊക്കെ ചെലവുകള്‍ വേറെ.

“ഇതൊക്കെ എന്‍റെയൊരാളുടെ ശമ്പളത്തിലാണ് എങ്ങനെയൊക്കെയോ നടന്നു പോകുന്നത്. ഇതിനൊക്കെയൊപ്പം വീട്ടുചെലവുകളുമില്ലേ. പിന്നെ ആരുടെ കൈയില്‍ നിന്നും സഹായമായും ഒന്നും സ്വീകരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ ആരംഭിക്കാന്‍ വൈകുന്നതും.” സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും നല്ലകാര്യങ്ങള്‍ക്കായി മനസ്സ് നേരത്തെ തന്നെ ഒരുക്കിയതുകൊണ്ട് അദ്ദേഹത്തിന് അതില്‍ പ്രയാസങ്ങളൊന്നുമില്ല.

ഓട്ടിസം സെന്‍റര്‍ രണ്ടു വര്‍ഷം മുന്‍പേ ആരംഭിക്കാനിരുന്നതാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം നീണ്ടു പോകുകയായിരുന്നു.

ഓട്ടിസം സെന്‍ററിലേക്ക് വരുന്ന കുട്ടികളില്‍ നിന്നും ഫീസ് വാങ്ങില്ല. പണം ഒരു ഘടകമല്ല. പിന്നെ ഓട്ടിസ്റ്റിക് സെന്‍ററും തൊഴില്‍ പരിശീലന കേന്ദ്രവും സബര്‍മതിയുമൊക്കെ അടയാളങ്ങളാണ്. നമ്മള്‍ ജീവിച്ചിരിക്കുന്നുവെന്നതിന്‍റെ അടയാളമാണ് ഇതൊക്കെയും. സാമൂഹിക ഇടപെടലുകള്‍ നടത്താതെ പോകരുതല്ലോ.” ഈ ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത്.

പണം മാത്രമല്ല, സമയക്കുറവും ഉണ്ട്.

“സമയം ഒരു ഘടകമാണ്. ഓഫീസ് ജോലിക്ക് തന്നെ ആള് വേണം. മൂത്ത മകന്‍ ശിവജിയെ എല്ലാം പറഞ്ഞേല്‍പ്പിച്ചാണ് ഞാനിപ്പോ ജോലിക്ക് പോകുന്നത്. പിന്നെ ഓഫീസും പൊലീസ് സ്റ്റേഷനും തമ്മില്‍ വലിയ ദൂരമില്ല. ഒരു കിലോമീറ്റര്‍ അകലമേയുള്ളൂ.അത്യാവശ്യം വന്നാല്‍ എനിക്ക് വന്ന് പോകാവുന്നതേയുള്ളൂ,” എന്നതാണ് അദ്ദേഹത്തിന്‍റെ ഒരാശ്വാസം.

സുജയാണ് ശ്രീകുമാറിന്‍റെ ഭാര്യ. ശിവജി നീറ്റ് എന്‍ട്രന്‍സിനുള്ള തയാറെടുപ്പിലാണ്. ഇതിനിടയിലാണ് അച്ഛനെ സഹായിക്കാനെത്തുന്നത്. സുജയും പൂര്‍ണ പിന്തുണയോടെ കൂടെയുണ്ട്.

കേരള പൊലീസ് അസോസിയേഷന്‍റെയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും സഹകരണവും സഹായവുമുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം:പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം