ബുട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്‍കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍ 

ബംഗാളില്‍ നിന്നുള്ളവരാണ് തയ്യലിന് ഇവിടെയുള്ളത്. സാധാരണ ഓവര്‍ടൈം ജോലി ചെയ്താല്‍ അവര്‍ക്ക് അതിന്‍റെ പൈസ കൊടുക്കണം. പക്ഷേ ഈ ജോലിക്ക് അവരാരും പണമൊന്നും വാങ്ങിയില്ല.

രോ ക്രിസ്മസ് കാലത്തും സാന്‍റാ ക്ലോസിന്‍റെ സമ്മാനപ്പൊതികള്‍ക്കായി കാത്തിരിക്കുന്ന എത്രയോ കുട്ടികളുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ അങ്ങനെയൊരു സാന്‍റാ തിരുവനന്തപുരത്ത് എത്തിയത് ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കരികിലേക്കാണ്.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com

സാന്‍റാ ക്ലോസിനെ പോലെ ചുവന്ന ഉടുപ്പും പഞ്ഞിത്താടിയും കൊമ്പന്‍ മീശയുമൊന്നുമില്ല. പക്ഷേ ആ മക്കള്‍ക്ക് പുത്തനുടുപ്പും മധുരവും മനസ് നിറയെ സന്തോഷവും സമ്മാനിച്ചാണ് മടങ്ങിയത്.

ഫാഗ ബുട്ടീക്ക് ഉടമ മഞ്ജുഷ

സ്ഫോറ്റ്‍വെയര്‍ എന്‍ജിനീയറായ മഞ്ജുഷയാണ് തിരുവനന്തപുരത്തെ എല്‍എംഎസ് അനാഥാലയത്തിലെ കുരുന്നുകളുടെ സാന്‍റാ ആയത്.

ഇവിടുത്തെ 48 കുട്ടികള്‍ക്ക് പുത്തുനുടുപ്പ് സമ്മാനിക്കുക മാത്രമല്ല, ആ ഗൗണ്‍ ധരിച്ചെത്തിയ സുന്ദരിക്കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും സംഘടിപ്പിച്ചു. കേക്കും കരോളും ഫാഷന്‍ ഷോയുമൊക്കെയായി ഒരു കൊച്ചു ക്രിസ്മസ് ആഘോഷം തന്നെയാണ് മഞ്ജുഷയും കൂട്ടരും കൂടി ആ അനാഥാലയത്തിന്‍റെ അകങ്ങളിലൊരുക്കിയത്.

മഞ്ജുഷ കുറവന്‍കോണത്ത് ഒരു ബുട്ടീക്കും നടത്തുന്നുണ്ട്. അവിടെ മിച്ചം വരുന്ന തുണികള്‍ കുറെക്കാലമായി കൂട്ടിക്കൂട്ടി വെച്ചിരുന്നു. അതെടുത്താണ് കുട്ടികള്‍ക്ക് മനോഹരമായ ഗൗണുകള്‍ തയ്പ്പിച്ചെടുത്തത്.

ഇങ്ങനെയൊരു പ്ലാന്‍ പറഞ്ഞപ്പോള്‍ ബുട്ടീക്കിലെ തയ്യല്‍ക്കാര്‍ മഞ്ജുഷയ്ക്കൊപ്പം പൂര്‍ണപിന്തുണയോടെ നിന്നു. ഗൗണുകള്‍ തയ്ച്ചെടുക്കാന്‍ അവര്‍ ദിവസവും കൂടുതല്‍ നേരം ജോലി ചെയ്തു.

മഞ്ജുഷ കൊല്ലംകാരിയാണ്. പക്ഷേ കഴിഞ്ഞ ഏഴു വര്‍ഷമായി ഭര്‍ത്താവ് അനു ശങ്കറിനും മകള്‍ക്കുമൊപ്പം തിരുവനന്തപുരം ശ്രീകാര്യത്താണ് താമസം. അനു ശങ്കറും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.

ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന്  രക്ഷനേടാനാണ് ഒപ്പം ബുട്ടീക്കും തുടങ്ങിയതെന്ന് മഞ്ജുഷ.

“ഫാഗ ബുട്ടീക്ക്.. ഞങ്ങളുടെ ബുട്ടീക്കിന്‍റെ പേരിതാണ്. 2017-ലാണ് ആരംഭിച്ചത്.” മഞ്ജുഷ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മഞ്ജുഷ

“ഐടി ഫീല്‍ഡിലെ ജോലിയുടെ പ്രഷര്‍ എല്ലാര്‍ക്കും അറിയാലോ. ആ പ്രഷറില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ബുട്ടീക്ക് ആരംഭിക്കുന്നത് തന്നെ.


ജോലിയ്ക്കിടയില്‍ എന്‍റെയൊരു സന്തോഷം… അത്ര മാത്രമേ ആരംഭിക്കുമ്പോള്‍ മനസിലുണ്ടായിരുന്നുള്ളൂ.


“ഇതെന്‍റെ അംബീഷന്‍ ഒന്നുമായിരുന്നില്ല. ഡിസൈനിങ്ങുമായി ഒരു ബന്ധവും എനിക്കില്ല. ഞാനൊരു ഡിസൈനറൊന്നും അല്ലാല്ലോ. അതുകൊണ്ടു തന്നെ ഡിസൈനിങ്ങ് ബുട്ടീക്ക് എന്നൊന്നും ആദ്യകാലത്ത് ചിന്തിച്ചിരുന്നില്ല.

“ഫാബ്രിക് കലക്ഷന്‍ ഇഷ്ടമായിരുന്നു. യാത്രകളൊക്കെ പോകുമ്പോഴായിരുന്നു കൂടുതലും തുണിത്തരങ്ങളൊക്കെ അന്വേഷിച്ച് പോകുന്നത്. നല്ല നല്ല തുണികളും വസ്ത്രങ്ങളുമൊക്കെ വാങ്ങാനും കാണാനുമൊക്കെ ഇഷ്ടമായിരുന്നു.

“പക്ഷേ ഷോറൂമുകളില്‍ പോയി ഇതൊക്കെ വാങ്ങുന്ന പതിവില്ല. അതിനെക്കാള്‍ ഇഷ്ടം ഓരോ യാത്രകളിലും ആ നാടിന്‍റെ പ്രത്യേകതകള്‍ അറിഞ്ഞ് വാങ്ങണമെന്നാണ്. അവിടുള്ളവരോടൊക്കെ സംസാരിക്കുമ്പോള്‍ ആ നാട്ടിലെ പ്രത്യേകതയൊക്കെ അറിയാന്‍ പറ്റുമല്ലോ.

ഓരോ നാടിന്‍റെയും രുചികള്‍ അറിയുന്ന പോലെ വസ്ത്രങ്ങളെയും തുണികളെയുമൊക്കെ അറിയാന്‍ ശ്രമിക്കാറുണ്ട്.

ഫാഗയുടെ കളക്ഷനില്‍ നിന്നും. (Photo courtesy: FAGA/Facebook)

“ഇതൊക്കെ കുറേക്കാലം മുന്‍പാണ്. ജോലിയുടെ മടുപ്പും വിരസതയും ടെന്‍ഷനുമൊക്കെ ഇല്ലാതാക്കാന്‍ വല്ലതും ചെയ്താലോ എന്നൊരു ചിന്ത വന്നപ്പോ നല്ല തുണിത്തരങ്ങള്‍ ആളുകളിലേക്കെത്തിച്ചാല്ലോ എന്നു തോന്നി,” മഞ്ജു വിശദമാക്കുന്നു.

അങ്ങനെ അവര്‍ ഒരു ഫേബ്രിക് സ്റ്റോര്‍ തുടങ്ങി. “അതോടെ ഡിസൈനര്‍മാരുടെ സഹായത്തോടെ തുണികള്‍ വാങ്ങാനാണ് ആളുകള്‍ക്ക് ഇഷ്ടം എന്നു മനസിലായി. അങ്ങനെ എക്സ്ക്ലൂസീവ് ഡിസൈനര്‍ ബുട്ടീക്ക് കുറവന്‍കോണത്ത് ആരംഭിച്ചു,” ആ സംരംഭത്തിന്‍റെ കഥ മഞ്ജുഷ പറയുന്നു.

ഇതിനൊപ്പം തന്നെ പുറമേ നിന്നുള്ള തയ്യല്‍ ജോലികളും എടുക്കുമായിരുന്നു.  തയ്ക്കാന്‍ കൊണ്ടുവരുന്ന തുണി മിക്കവാറും ആവശ്യത്തില്‍ കൂടുതലുണ്ടാകും. ചിലരൊക്കെ ബാക്കി തുണി കൊണ്ട് എന്തെങ്കിലുമൊക്കെ തയ്പ്പിക്കുകയോ മറ്റോ ചെയ്യും.

“എന്നാല്‍ കൂടുതല്‍പേരും പറയുന്നത്, അതിനി വേണ്ടെന്നാണ്. വേറൊന്നും കൊണ്ടല്ല, ഒരേ നിറത്തിലുള്ള, ഒരേ തുണിയിലുള്ള ഒരു ഡ്രസ് കൂടി എന്തിനാ എന്നാണ് പലരും ചോദിക്കുന്നത്.

“കട്ട് പീസ് വേണ്ടെന്നു പറയുന്നതോടെ അതൊക്കെയും കടയില്‍ തന്നെ സൂക്ഷിക്കേണ്ടി വരും. അങ്ങനെ മൂന്നു നാലു വലിയ ബോക്സുകള്‍ നിറയെ കട്ട് പീസുകള്‍ മാത്രമായി,” മഞ്ജുഷ പറയുന്നു.

മഞ്ജുഷയുടെ ഭര്‍ത്താവ് അനുശങ്കര്‍

ബാക്കി വരുന്ന തുണി ഒഴിവാക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്  മെനക്കേടാണല്ലോയെന്നു മഞ്ജുഷ. പലരും ഇതൊക്കെ കത്തിച്ചുകളയും.

“ഇത്രയും തുണികള്‍ കത്തിച്ചാലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് പറയേണ്ടല്ലോ. എവിടെയെങ്കിലും കൊണ്ടുപോയി കളയാമെന്നു കരുതിയാല്‍ അതു നടപ്പില്ല, കുറേയുണ്ടല്ലോ.., എവിടെയെങ്കിലും കൊണ്ടു കളഞ്ഞാല്‍ അതു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും.”

ഈ തുണികളൊക്കെ എന്ത് ചെയ്യും എന്ന ആലോചനയാണ് മനോഹരമായ മറ്റൊരു ചിന്തയിലേക്ക് നയിച്ചത്–ആ തുണികള്‍ ഉപയോഗിച്ച് അനാഥരായ കുട്ടികള്‍ക്ക് ഉടുപ്പ് തയ്ച്ച് കൊടുത്താലോ എന്നായി. കുട്ടികള്‍ക്കേ കട്ട് പീസുകള്‍ ഉപയോഗിച്ച് വസ്ത്രം തയ്ക്കാന്‍ പറ്റൂ. മുതിര്‍ന്നവര്‍ക്ക് തുണി തികയാതെ വരും.

“ബാക്കി വരുന്ന തുണികള്‍ കൊണ്ട് കുട്ടികള്‍ക്ക് ഉടുപ്പ് തുന്നിക്കൊടുക്കാമെന്നതിനെക്കുറിച്ച് പലരോടും സംസാരിച്ചു. എനിക്ക് അങ്ങനെ അധികം ബന്ധങ്ങളൊന്നുമില്ല. എന്ത് സംസാരിക്കും, ആര്‍ക്ക് കൊടുക്കും.. എന്നൊന്നും ഒരു ഐഡിയയും ഇല്ലായിരുന്നു,” മ‌ഞ്ജുഷ തുടരുന്നു.

ആര്‍ക്ക് എങ്ങനെ കൊടുക്കണമെന്നൊന്നും മഞ്ജുഷയ്ക്ക് അറിയില്ലായിരുന്നു. അപ്പോള്‍ ഒരു സുഹൃത്ത് സഹായത്തിനെത്തി.

“ആളുടെ പേര് റിയാസ്. ആളാണ് എവിടെയാണ് കൊടുക്കേണ്ടതെന്നു പറഞ്ഞു തരുന്നത്. അങ്ങനെ എല്‍എംഎസ് അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഗൗണ്‍ തയ്ച്ചു കൊടുക്കാന്‍ തീരുമാനിച്ചു. അനാഥാലയത്തിലുള്ളവരോട് ഇക്കാര്യമൊക്കെ പറഞ്ഞു.

“17 കുട്ടികള്‍ക്കാണ് ഉടുപ്പുകള്‍ വേണ്ടതെന്നു പറഞ്ഞത് അനുസരിച്ച് ഞങ്ങള്‍ കുട്ടികളെ കണ്ട് അളവെടുക്കാന്‍ പോയി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, 17 കുട്ടികളല്ല അവിടെ 48 കുട്ടികളാണ് താമസിക്കുണ്ടെന്ന്. .

“കുറച്ചു കുട്ടികള്‍ക്ക് മാത്രം പുത്തനുടുപ്പ് നല്‍കുന്നത് മോശമല്ലേ. ബാക്കിയുള്ളവര്‍ക്ക് സങ്കടമാകില്ലേ…അപ്പോ പിന്നെ എങ്ങനെയാണ് ഈ കുരുന്നുകളോട് രണ്ട് തരത്തില്‍ പെരുമാറാനാകുക. അങ്ങനെ അവരോട് സംസാരിച്ചു.. എല്ലാ കുട്ടികള്‍ക്കും വസ്ത്രം തയ്ച്ചു തരാം.., പ്രശ്നമില്ലെന്നു പറഞ്ഞു.

“അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രം ഉടുപ്പ് കൊടുത്താല്‍ മതിയെന്നാണ് അവര് തീരുമാനിച്ചത്. പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്.” അങ്ങനെ അവര്‍ക്കും കൂടി ഗൗണ്‍ തയ്ക്കാമെന്നു പറഞ്ഞു.

ഫാഗയുടെ കളക്ഷനില്‍ നിന്നും. (Photo courtesy: FAGA/Facebook)

കട്ട് പീസുകള്‍ മാത്രമല്ല വില്‍ക്കാതെ ബാക്കിയായതും ചെറിയ ഡാമേജ് വന്ന തുണികളുമൊക്കെ കുട്ടികള്‍ക്ക് ഗൗണ്‍ തയ്ക്കാനെടുത്തു. രണ്ടു മൂന്നു ചെറിയ കുട്ടികള്‍ക്ക് മാത്രം ഫ്രോക്കുകളും തയ്ച്ചു നല്‍കി.

“ഞങ്ങള് നേരിട്ട് പോയി കുട്ടികള്‍ക്ക് ഉടുപ്പുകള്‍ നല്‍കുകയായിരുന്നു. ചെറിയൊരു ആഘോഷവും സംഘടിപ്പിച്ചു.


ഇതുകൂടി വായിക്കാം:17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍


“ക്രിസ്മസും പുതുവര്‍ഷവുമൊക്കെയല്ലേ. കേക്ക് മുറിച്ച് ക്രിസ്മസ് കരോളും സാന്‍റാക്ലോസുമൊക്കെയുണ്ടായിരുന്നു,” അത് പറയുമ്പോള്‍ മ‍ഞ്ജുഷയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം.

അതിനു ശേഷം വീണ്ടുമൊരിക്കല്‍ മഞ്ജുഷയും കൂട്ടുകാരും അവര്‍ക്കരികിലേക്ക് വീണ്ടുമെത്തി. ഇത്തവണ ഒരു ചെറിയ ഫാഷന്‍ ഷോ സംഘടിപ്പിക്കാനായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.

“ഉടുപ്പ് കൊടുത്ത ശേഷം, കുട്ടികളെന്ത് ചടങ്ങ് വന്നാലും ഈ വസ്ത്രമാണ് ധരിക്കുന്നതെന്നു അവിടുള്ളവര്‍ പറഞ്ഞറിഞ്ഞു. പിന്നെ ഉടുപ്പ് കിട്ടിയതില്‍ ആ കുട്ടികള്‍ എപ്പോഴും താങ്ക്സ് പറയുമായിരുന്നുവത്രേ.

“ഇതൊക്കെ കേട്ടതോടെ അവര്‍ക്ക് സന്തോഷമാകുന്ന എന്തെങ്കിലും ചെയ്യണമെന്നു തോന്നി. അങ്ങനെ ഒരു ഫാഷന്‍ ഷോ സംഘടിപ്പിക്കട്ടെയെന്നു കുട്ടികളോട് ചോദിച്ചു. അവര്‍ക്കതിനെക്കാള്‍ വലിയ സന്തോഷമുണ്ടോ.?

“ആ പുത്തനുടുപ്പുകള്‍ ധരിച്ച് അവരൊക്കെയും റാംപിലൂടെ നടന്നു. കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റില്ല. അതുകൊണ്ട് അനാഥാലയത്തില്‍ തന്നെ കുട്ടി ഫാഷന്‍ഷോയും സംഘടിപ്പിച്ചു.” മഞ്ജുഷ വിശദമാക്കുന്നു.

ആ കുട്ടികള്‍ക്കായി ഉടുപ്പുകള്‍ തയ്ച്ചുനല്‍കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ബുട്ടീക്കിലെ ഡിസൈനര്‍മാരും തയ്യല്‍ക്കാരും ആവേശത്തോടെയാണ് പ്രതികരിച്ചത്.

“പതിവ് ജോലി സമയത്തിനെക്കാള്‍ കൂടുതല്‍ നേരം അവരിതിന് വേണ്ടി ചെലവഴിച്ചു. ജോലി സമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ നേരം കൂടുതല്‍ അവര്‍ ഗൗണുകള്‍ തയ്ക്കാനിരിക്കുമായിരുന്നു.

“ആറേഴ് ദിവസം കൊണ്ട് ഉടുപ്പുകള്‍ തയ്ച്ചു തീര്‍ത്തു. ബംഗാളില്‍ നിന്നുള്ളവരാണ് തയ്യലിന് ഇവിടെയുള്ളത്. സാധാരണ ഓവര്‍ടൈം ജോലി ചെയ്താല്‍ അവര്‍ക്ക് അതിന്‍റെ പൈസ കൊടുക്കണം. പക്ഷേ ഈ ജോലിക്ക് അവരാരും പണമൊന്നും വാങ്ങിയില്ല.

“അവര് ഇങ്ങനെയൊരു കാര്യത്തിന് ഒപ്പം നിന്നു. അവര് പണം വേണമെന്നു പറഞ്ഞിരുന്നേല്‍ ഒരു പക്ഷേ ഈ പദ്ധതി പോലും നടക്കില്ലായിരുന്നു. അത്രയും സാമ്പത്തികമൊക്കെ ചെലവാക്കി ചെയ്യാനാകുന്ന സാഹചര്യമല്ല.

“ബുട്ടീക്ക് ആരംഭിച്ച കാലം തൊട്ടേ എനിക്കൊപ്പമുള്ളവരാണ് ഇവര്‍. മാജുവാണ് മാസ്റ്റര്‍ ടെയ്‍ലര്‍. ഒപ്പം വാസിം, അലി, ആബുള്‍, റബിയൂള്‍ … കൂടാതെ മൂന്നു ഡിസൈനര്‍മാരുമുണ്ട്.

“ഇവരും കുറേക്കാലമായി ഒപ്പമുണ്ട്–ബിജോയ്‍യും മനുവും അര്‍ച്ചനയും. ഇവരും കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. മിക്സ് ആന്‍ഡ് മാച്ചിനുള്ള തുണികള്‍ കണ്ടെത്താനും കുട്ടികള്‍ക്ക് ചേരുന്ന നിറം തെരഞ്ഞെടുക്കാനും അളവെടുക്കാനുമൊക്കെ കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്.

“അത്രയും കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിക്കാന്‍ സാധിച്ചത് ഇവരുടെയൊക്കെ സഹകരണത്തോടെയാണ്.


ഇനിയും ഇതുപോലെ ഉടുപ്പുകള്‍ തുന്നി നല്‍കണമെന്നു തന്നെയാണ് കരുതുന്നത്. ഇനിയും കട്ട്പീസുകളൊക്കെ കടയില്‍ വരും. അപ്പോ പിന്നെ ആ തുണികള്‍ വെറുതേ കളയാതെ ഇങ്ങനെയൊക്കെ ചെയ്യുന്നതല്ലേ നല്ലത്.


ഇതുപോലെ എല്ലാ ബുട്ടീക്കുകാരും സ്റ്റിച്ചിങ് സെന്‍റേറുകാരുമൊക്കെ ചെയ്യുകയാണേല്‍ നന്നായിരുന്നു എന്നാണ് മഞ്ജുഷ വിചാരിക്കുന്നത്. ബാക്കി വരുന്ന തുണികള്‍ വെറുതേ വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട. പാവപ്പെട്ട കുട്ടികള്‍ക്ക് പുതിയ ഉടുപ്പുകളുമാവും…

അതിനേക്കാള്‍ വലുത് പുത്തനുടുപ്പുകള്‍ കിട്ടുമ്പോള്‍ അവര്‍ക്കുള്ള സന്തോഷം…പല നിറങ്ങളിലുള്ള ഗൗണുകള്‍ ഇട്ട് മാലാഖമാരെപ്പോലെ നില്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി…അതുപോലെ മനോഹരമായ മറ്റെന്ത് കാഴ്ചയാണുള്ളത്?

“ഉടുപ്പ് തയ്ക്കുന്നതില്‍ ചെറിയൊരു ചെലവ് വരുന്നുണ്ട്. ഉടുപ്പിന് വേണ്ട ലൈനിങ്ങ് തുണികള്‍ വാങ്ങുന്ന ചെലവ്. അത്ര വലിയ തുകയൊന്നുമല്ല. ഇത്രയും കുട്ടികള്‍ക്ക് വേണ്ടി രണ്ടായിരമോ മൂവായിരമോ വേണ്ടി വന്നേക്കും, അത്രമാത്രം,”മഞ്ജുഷ കൂട്ടിച്ചേര്‍ക്കുന്നു.

ഫാഗയുടെ കളക്ഷനില്‍ നിന്നും. (Photo courtesy: FAGA/Facebook)

ബുട്ടീക്ക് തുടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ യാതൊരു മുന്‍പരിചയവുമില്ലായിരുന്നുവെന്ന് മഞ്ജുഷ പറയുന്നു. .

“ശരിക്കും പറഞ്ഞാല്‍, കുടുംബത്തിലും അങ്ങനെയൊരു ബിസിനസ് പരിചയമൊന്നുമില്ല, വീട്ടില്‍ എല്ലാവരും അധ്യാപകരായിരുന്നു.

“അച്ഛന്‍ പ്രൊഫസറായിരുന്നു. കുഞ്ഞമ്മമാരൊക്കെ ടീച്ചര്‍മാരാണ്. ഫാബ്രിക് സ്റ്റോര്‍ ആരംഭിക്കുന്നുവെന്നു കേട്ടപ്പോ തന്നെ എല്ലാവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു.

“നല്ല രീതിയില്‍ വഴക്കുണ്ടായിരുന്നു. നീ എന്താണ് ചെയ്യാന്‍ പോകുന്നത്. നിനക്ക് ഈ ഫീല്‍ഡില്‍ ഒരു പരിചയവും ഇല്ലല്ലോ. നിനക്കിത് വല്ലതും അറിയോ.. നിനക്ക് ബോധമുണ്ടോ എന്നൊക്കെയാണ് ചോദിച്ചത്.

“അവരോടൊക്കെ ഞാന്‍ പറഞ്ഞത്, എനിക്കറിയില്ല ഇതൊന്നും പക്ഷേ എനിക്കിഷ്ടമാണ്. എനിക്ക് സന്തോഷമായിട്ടിരിക്കാനാകും. എന്നു മാത്രമാണ്. പക്ഷേ ഇപ്പോ എല്ലാവരും ഹാപ്പിയാണ്. ബുട്ടീക്കിനെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങളൊക്കെ കേട്ടതോടെയാണ് ഇവരെല്ലാം മാറിയത്.

“എന്തോ ഇപ്പോ ആരും ഒന്നും എതിര്‍ത്ത് പറയുന്നില്ല. സമാധാനമായിരിക്കുന്നു.”

ബിസിനസ് തുടങ്ങാന്‍ വേണ്ടി ജോലി  ഉപേക്ഷിക്കാതിരുന്നതുകൊണ്ടാണ് വഴക്ക് കുറച്ചൊക്കെ കുറഞ്ഞത് എന്നുപറഞ്ഞ് മഞ്ജുഷ ചിരിക്കുന്നു: “ജോലിയെങ്ങാനും കളഞ്ഞാണ് ബുട്ടീക്ക് എന്നും പറഞ്ഞ് ഇറങ്ങിയതെങ്കില്‍ അടിപൊളി ആയേനെ…”

“ഭര്‍ത്താവാണ് കൂടുതലും സപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാത്തിനും എനിക്കൊപ്പം കൂടെയുണ്ട്. ഇപ്പോ കുട്ടികള്‍ക്ക് ഗൗണ്‍ തയ്ച്ചു നല്‍കുന്ന പരിപാടിയ്ക്കും എല്ലാത്തിനും കൂടെ ആളുണ്ട്.

“എവിടെയെങ്കിലും ഞാനൊന്ന് നിന്ന് പോയാല്‍, ആള്‍ക്ക് മനസിലാകും.. പിന്നെ എങ്ങനെയെങ്കിലും എഴുന്നേല്‍പ്പിക്കും.. പോസിറ്റീവാക്കും,” അവര്‍ അനു ശങ്കറിന്  ആ ക്രെഡിറ്റ് നല്‍കുന്നു.

സുജാതയാണ് അമ്മ. അച്ഛന്‍ പ്രൊഫ.മധു. മകള്‍ നന്ദിനി എല്‍ കെ ജിയില്‍ പഠിക്കുന്നു.

ഫോട്ടോകള്‍ക്ക് കടപ്പാട്: മഞ്ജുഷ, FAG Boutique/ Facebook

ഇതുകൂടി വായിക്കാം:‘അമ്മ എന്നെ രണ്ട് വട്ടം പ്രസവിച്ചു’: അമൃതയുടെ ധീരമായ അതിജീവനകഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം