നാട്ടിലിന്ന് എമ്പാടും ബി ടെക്കുകാരുണ്ട്. പലരും പഠിച്ച പണി മാത്രമേ ചെയ്യൂ എന്ന വാശിയില്‍ തൊഴില്‍ രഹിതരായി കഴിയുന്നു. മലപ്പുറംകാരന്‍ ജഷീറും കോഴിക്കോട്ടുകാരന്‍ ജസലും കൃഷിയിലേക്ക് തിരിഞ്ഞു, അല്‍പം സാഹസികമായിത്തന്നെ.
കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി എ.കെ. ജഷീര്‍ ബി ടെക് കഴിഞ്ഞ് സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു. ജഷീറും ദേശീയ ഹാന്‍ഡ്‌ബോള്‍ താരവുമായിരുന്ന കോഴിക്കോട് അടിവാരം സ്വദേശി കെ ജസലും ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോര എന്ന് തീരുമാനിച്ച് പല പ്ലാനുകളും മനസ്സിലിട്ടു. സൗഹൃദത്തിന് പുറമെ അവര്‍ക്കിടയില്‍ ഒരു പോലെ ശക്തമായിരുന്നു കൃഷിയോടുള്ള താല്‍പര്യവും. ഒടുവില്‍ അവര്‍ അതുതന്നെ തീരുമാനിച്ചു, കൃഷിയിലേക്കിറങ്ങാം.
ഇതുകൂടി വായിക്കാം: പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു
കൂണ്‍കൃഷിയുടെ സാധ്യത പരീക്ഷിക്കാം എന്ന് മനസ്സിലുറപ്പിച്ച് 2010ലാണ് തുടക്കം. പിന്നീട് തിരിഞ്ഞുനോക്കിയില്ല. ആ കൂട്ടുകാര്‍ സൃഷ്ടിച്ചത് ആരോടും കിടപിടിക്കത്തക്ക രീതിയിലുള്ള സംരംഭകത്വ മാതൃകയാണ്. വളരെ ചെറിയ രീതിയില്‍തുടങ്ങിയ ഇവരുടെ ഔഷധി ബ്രാന്‍ഡ് കൂണുകള്‍ ഇന്ന് മലബാറിലെ വിപണിയുടെ സിംഹഭാഗവും കയ്യടക്കിക്കഴിഞ്ഞു.
വളരെ ചെറിയ രീതിയില്‍തുടങ്ങിയ ഇവരുടെ ഔഷധി ബ്രാന്‍ഡ് കൂണുകള്‍ ഇന്ന് മലബാറിലെ വിപണിയുടെ സിംഹഭാഗവും കയ്യടക്കിക്കഴിഞ്ഞു.
കൂണുകള്‍ എന്നും മലയാളികളുടെ മെനുവിലെ പ്രധാനവിഭവങ്ങളില്‍ ഒന്നാണ്. മാംസാഹാരത്തിനു തുല്യം വയ്ക്കാന്‍ കഴിയുന്ന ഏറെ പോഷകമൂല്യമുള്ള കൂണുകള്‍ക്ക് കാലാകാലങ്ങളായി കേരളവിപണിയില്‍ വലിയ ഡിമാന്‍റാണുളളത്. കിലോക്ക് 400 രൂപക്ക് മുകളിലാണ് കൂണിന്‍റെ വില. ശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിക്കുകയാണ് എങ്കില്‍ വളരെ വേഗത്തില്‍ വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഒരു മേഖലയാണ് കൂണ്‍കൃഷി എന്ന തിരിച്ചറിവില്‍ നിന്നുമാണ് സുഹൃത്തുക്കളായ ജസലും ജഷീറും കൂണ്‍കൃഷിയിലേക്ക് ഇറങ്ങുന്നത്.
മായം ചേര്‍ക്കാത്തതും പോഷകസമ്പുഷ്ടമായ എന്തുണ്ടാക്കി വിറ്റാലും വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ട് എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. മാത്രമല്ല, വൈറ്റ് കോളര്‍ ജോലികളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത വരുമാനം കൊണ്ട് ജീവിതത്തില്‍ പെട്ടൊന്നൊരുയര്‍ച്ച സാധ്യമാകില്ല എന്ന ഉത്തമബോധ്യവും ഇരുവര്‍ക്കും ഉണ്ടായിരുന്നു. അതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണങ്ങളാണ് കൂണ്‍കൃഷിയിലേക്ക് ഇരുവരെയും എത്തിച്ചത്.
ഇതുകൂടി വായിക്കാം: കുന്നിലും പാടത്തും ഓടുന്ന നാലുചക്ര വാഹനം 3,000 രൂപയ്ക്ക്: ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ 17-കാരന്‍
”ജോലി ചെയ്ത് പണം നേടണം എന്ന ആഗ്രഹമുണ്ടായാല്‍ പിന്നെ അത് വൈറ്റ് കോളറാണോ അല്ലയോ എന്നൊന്നും ആലോചിച്ച് ഇരിക്കരുത്, ഏത് ജോലിക്കും അതിന്‍റെതായ മഹിമയുണ്ട് എന്ന് മനസിലാക്കണം. ഈ ചിന്തയില്‍ നിന്നുമാണ് ഞങ്ങള്‍ കൂണ്‍കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചത്. കൂണ്‍കൃഷി ലാഭകരമാണ് എന്ന് കേട്ടിട്ടുള്ളതല്ലാതെ, ഈ മേഖലയെപ്പറ്റി കാര്യമായ അറിവൊന്നും ഇല്ലാതിരുന്ന സമയത്താണ് കൃഷിയിലേക്ക് ഇറങ്ങുന്നത്.
ജോലി ചെയ്ത് പണം നേടണം എന്ന ആഗ്രഹമുണ്ടായാല്‍ പിന്നെ അത് വൈറ്റ് കോളറാണോ അല്ലയോ എന്നൊന്നും ആലോചിച്ച് ഇരിക്കരുത്
“എന്നാല്‍ ഞങ്ങള്‍ കൈവക്കാന്‍ പോകുന്ന മേഖലയെപ്പറ്റി നന്നായി പഠിക്കാനുള്ള സമയം ഞങ്ങള്‍ കണ്ടെത്തി. എങ്ങനെ കൂണ്‍ കൃഷി ചെയ്യാം? എങ്ങനെ വിപണനം ചെയ്യാം? ഏതെല്ലാം വിധത്തില്‍ വരുമാനം കണ്ടെത്താം തുടങ്ങി കൂണ്‍കൃഷിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും നന്നായി പഠിച്ചശേഷമാണ് ഈ മേഖലയില്‍ നിക്ഷേപം നടത്തിയത്,” ജഷീറും ജസലും പറയുന്നു.
എന്നാല്‍ ബിടെക്ക് കഴിഞ്ഞ ചെറുപ്പക്കാരന്‍ കൂണ്‍കൃഷി തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ പലരും നെറ്റിചുളിച്ചു. എങ്ങനെ വിപണി കണ്ടെത്തും? കൃഷി പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും ഇതെല്ലാമായിരുന്നു അവരുടെ പ്രധാന ചോദ്യങ്ങള്‍. അങ്ങനെയൊരു അവസ്ഥ വന്നാല്‍ മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീ ആകുന്ന പോലെയിരിക്കും. എന്നാല്‍ റിസ്‌ക് എടുക്കുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം ഉണ്ടാകൂ എന്ന് ഉറച്ചു വിശ്വസിക്കാനായിരുന്നു ജഷീറിനും ജസലിനും ഇഷ്ടം.
ബിടെക്ക് കഴിഞ്ഞ ചെറുപ്പക്കാരന്‍ കൂണ്‍കൃഷി തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ പലരും നെറ്റിചുളിച്ചു.
തങ്ങളുടെ അതുവരെയുള്ള സമ്പാദ്യത്തിന്‍റെ നല്ലൊരു ശതമാനം നീക്കിവച്ച് കൂണ്‍കൃഷിയെപ്പറ്റി കൂടുതല്‍ പഠിക്കുകയും നിക്ഷേപമിറക്കി 2010ല്‍ കൃഷി തുടങ്ങുകയും ചെയ്തു.
കൃഷിയോടുള്ള കമ്പം
കൂണ്‍കൃഷിയില്‍ മുന്‍പരിചയം ഇല്ലെങ്കിലും കൃഷിയോട് താല്പര്യമുള്ള വ്യക്തിയായിരുന്നു ജഷീര്‍. സിവില്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കുന്ന വേളയില്‍ ഒരിക്കല്‍ ഒരു കര്‍ഷകനെ പരിചയപ്പെട്ടു. കൂണ്‍കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹത്തിലൂടെയാണ് ജഷീര്‍ ആദ്യമായി കൂണ്‍കൃഷിയുടെ സാധ്യതകള്‍ മനസിലാക്കുന്നത്. കൂണ്‍ ഏറെ ഇഷ്ടമുള്ള ഒരു വിഭവമായിരുന്നതിനാല്‍ കൂണ്‍ കൃഷി തുടങ്ങുക എന്ന ആഗ്രഹം അങ്ങനെയാണ് മനസ്സില്‍ മുളപൊട്ടുന്നത്. മനസ്സില്‍ അത്തരമൊരു ചിന്ത വന്നപ്പോള്‍ തന്നെ അടുത്ത സുഹൃത്തായ ജസലിനോട് കാര്യം പറഞ്ഞു.
കോഴിക്കോട് അടിവാരത്ത് വളരെ ചെറിയ രീതിയില്‍ ഇരുവരും ചേര്‍ന്ന് തങ്ങളുടെ ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു.
ദേശീയ ഹാന്‍ഡ്ബോള്‍ താരമായിരുന്ന ജസലാണ് കൂണ്‍കൃഷി തുടങ്ങാം എന്ന കാര്യത്തില്‍ ജഷീറിന് പൂര്‍ണ പിന്തുണ നല്‍കിയത്. കാരണം ജസലിനും കൃഷി എന്നത് ഏറെ പ്രിയപ്പെട്ട കാര്യമായിരുന്നു. അങ്ങനെ കോഴിക്കോട് അടിവാരത്ത് വളരെ ചെറിയ രീതിയില്‍ ഇരുവരും ചേര്‍ന്ന് തങ്ങളുടെ ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു.
ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതീവ ശ്രദ്ധയോടെ വേണ്ടത്ര പരിചരണം നല്‍കിയാണ് കൃഷി നടത്തുന്നത്. ഗുണമേന്മയുള്ള കൂണ്‍വിത്തുകള്‍ കണ്ടെത്തുക എന്നതായിരുന്നു ആദ്യകാലത്ത് ഈ സുഹൃത്തുക്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പിന്നീട് സ്വന്തം കൃഷിയിടത്തില്‍ നിന്നുതന്നെ മേന്മയേറിയ വിത്തുകളെ ഇവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. അതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ
കൂണുകള്‍ വളരെ വേഗം വളരുകയും വിളവെടുപ്പിനു പാകപ്പെടുകയും ചെയ്യും എന്നത്‌കൊണ്ട് തന്നെ വരുമാനത്തിനായി ഏറെക്കാലം കാത്തിരിക്കേണ്ടതില്ല. ഹ്രസ്വകാല നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യസ്ഥിതിയും സമയവും ഉണ്ടെങ്കില്‍ ധൈര്യമായി കൂണ്‍തടങ്ങളില്‍ നിക്ഷേപിക്കാം. ആദ്യകാലത്ത് ഉല്‍പാദിപ്പിച്ച കൂണുകളത്രയും പ്രാദേശിക വിപണിയിലാണ് വിറ്റഴിച്ചത്.
തുടക്കത്തില്‍ ആയിരങ്ങള്‍ കിട്ടിയിരുന്ന ബിസിനസില്‍ നിന്നും പിനീട് പതിനായിരങ്ങളും ലക്ഷങ്ങളുമായി വരുമാനം.
പച്ചക്കറിക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ നേരിട്ട് കൊണ്ട് പോയിട്ടായിരുന്നു വില്പന. പിന്നീട് അത് മാറി ഔഷധി എന്ന പേരില്‍ കൂണുകള്‍ ബ്രാന്‍ഡ് ചെയ്ത്. കൂണ്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും മികച്ച വില ലഭിക്കുന്നതിനും ഈ ബ്രാന്‍ഡിംഗ് സഹായകമായി. ആദ്യം മലപ്പുറം ജില്ലയില്‍ മാത്രം വിറ്റിരുന്ന കൂണുകള്‍ പിന്നീട് ജില്ലക്ക് പുറത്തേക്കും വ്യാപിച്ചു.
തുടക്കത്തില്‍ ആയിരങ്ങള്‍ കിട്ടിയിരുന്ന ബിസിനസില്‍ നിന്നും പിനീട് പതിനായിരങ്ങളും ലക്ഷങ്ങളുമായി വരുമാനം. അതോടെ ബിടെക്ക് കഴിഞ്ഞ് വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പോകുന്നതല്ല ആ ചെറുപ്പക്കാര്‍ തീരുമാനിച്ചത് തന്നെയായിരുന്നു ശരിയെന്നു നാടും നാട്ടുകാരും പറഞ്ഞു.
കൂണ്‍ വളര്‍ത്തല്‍ പഠിക്കണോ? ജസലും ജഷീറും പഠിപ്പിക്കും
കൂണ്‍കൃഷിയില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് താരങ്ങളായി മാറിയതോടെ, അത് മറ്റുള്ളവര്‍ക്കും പഠിപ്പിച്ചുകൊടുക്കാം എന്നായി ചിന്ത. ഇത് ബിസിനസ് വിപുലീകരണത്തില്‍ കൂടി ഭാഗമായി എടുത്ത തീരുമാനമായിരുന്നു. കടകള്‍ വഴി മാത്രം കൂണുകള്‍ വിറ്റുകിട്ടുന്ന കൊണ്ട് കാര്യമില്ല എന്ന തോന്നലില്‍ നിന്നാണ് കൂണ്‍കൃഷി പഠിപ്പിക്കല്‍ എന്ന ചിന്ത വരുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ വീട്ടിലും ഓരോ കൂണ്‍ തടം എന്ന രീതിയിലേക്ക് ബിസിനസ് മാതൃക മാറ്റിപ്പിടിക്കുകയായിരുന്നു.
നിരവധിയാളുകള്‍ ഇവരില്‍ നിന്നും കൂണ്‍തടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നു.
അതായത് കൂണ്‍ കഴിക്കാന്‍ താല്പര്യമുള്ളവര്‍ സ്ഥിരമായി പുറത്തു നിന്നും കൂണ്‍ വാങ്ങുന്നതിനു പകരമായി സ്വന്തം വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക. ഇതിന്‍റെ ഭാഗമായി കൂണിന്‍റെ ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റിയും കൂണ്‍ ആഹാരത്തിന്‍റെ ഭാഗമാക്കേണ്ടതിന്‍റെ ആവശ്യകതെയെപ്പറ്റിയുമെല്ലാം ക്‌ളാസുകള്‍ എടുത്തു. തുടര്‍ന്ന് നിരവധിയാളുകള്‍ ഇവരില്‍ നിന്നും കൂണ്‍തടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നു.
ഇതിന്‍റെ ഭാഗമായി ശാസ്ത്രീയമായി തയാറാക്കി 22-25 ദിവസത്തെ വളര്‍ച്ച പൂര്‍ത്തിയാക്കിയ കൂണ്‍തടങ്ങള്‍ കേരളത്തിന്‍റെ ഏതുഭാഗത്തേക്കും ഇവര്‍ എത്തിച്ചു നല്‍കും. ആദ്യം മലബാര്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു പ്രവര്‍ത്തനം എങ്കിലും പിന്നീട് ഈ പദ്ധതികൂടി നിലവില്‍ വന്നപ്പോള്‍ വിതരണ ശൃംഖല വ്യാപിപ്പിക്കുകയായിരുന്നു. വീട്ടാവശ്യങ്ങള്‍ക്കായി മാത്രമല്ല, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് വേണ്ടിയും ഇവര്‍ കൂണ്‍തടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം
ഇത്തരത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേക്കും ഈ കൂട്ടുകാര്‍ കൂണ്‍തടങ്ങള്‍ എത്തിക്കുന്നു. ശാസ്ത്രീയമായി തയ്യാറാക്കി വിത്തുപാകിയ കൂണ്‍തടങ്ങള്‍ സമനില ക്രമീകരിച്ച, സൂര്യപ്രകാശം കടക്കാത്ത മുറിയില്‍ സൂക്ഷിക്കുക എന്നതുമാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഒരു തടത്തില്‍ നിന്നും പത്തുകിലോക്ക് മുകളില്‍ കൂണുകള്‍ പലപ്പോഴായി നേടിയെടുക്കാം.
കൂണ്‍തടങ്ങള്‍ വില്‍പനയ്ക്ക് ലഭ്യമാക്കുക എന്നത് ഈ രംഗത്തെ തീര്‍ത്തും വ്യത്യസ്തമായ ഒരു സമീപനമായിരിക്കുന്നു. കേരളത്തിന്‍റെ വിവിധ ജില്ലകളിലേക്ക് കൂണ്‍തടങ്ങള്‍ എത്തിക്കാന്‍ തുടങ്ങിയതോടെ സ്ഥാപനത്തിന്‍റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു എന്ന് ആ കൂട്ടുകാര്‍ പറയുന്നു. അടിവാരത്ത് ഉല്‍പാദിപ്പിച്ചുവന്നിരുന്ന കൂണുകള്‍ മതിയാവാതെ വന്നപ്പോഴാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് അടുത്ത ഫാം ആരംഭിക്കുന്നത്. ഇപ്പോള്‍ രണ്ടു ഫാമുകളും ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.
കൊണ്ടോട്ടിയിലെ കൃഷിയിടത്തില്‍ 10,000 ബെഡുകളും അടിവാരത്ത് 6,000 ബെഡുകളുമാണ് ഒരേ സമയം കൃഷി ചെയ്യുന്നത്
അടിവാരത്തുള്ള കൂണ്‍ശാലയോട് അനുബന്ധിച്ച് ഒരു ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. കൂണിന്‍റെ ഗുണനിലവാരം പരിശോധിച്ചറിയുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂണിനൊപ്പം അതിന്‍റെ തടങ്ങളും വിത്തും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു കൂണ്‍ഫാക്ടറിക്കാണ് ഇവര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംരംഭം. നിലവില്‍ പാലക്കാട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും കൂണ്‍ തടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊണ്ടോട്ടിയിലെ കൃഷിയിടത്തില്‍ 10,000 ബെഡുകളും അടിവാരത്ത് 6,000 ബെഡുകളുമാണ് ഒരേ സമയം കൃഷി ചെയ്യുന്നത്, അവര്‍ വിശദീകരിക്കുന്നു.
ഇതുകൂടി വായിക്കാം: തളര്‍ത്താനാവില്ല, തോല്‍പിക്കാനും: പോളിയോ അതിജീവിച്ച് മംഗള്‍യാനില്‍ കൈയ്യൊപ്പിട്ട വനിത
“കൂണ്‍കൃഷി പൊതുവെ എല്ലാവര്‍ക്കും താല്‍പര്യമുള്ള ഒന്നാണ്. ശ്രദ്ധയും പരിചരണവും നല്‍കാന്‍ മനസ്സുണ്ടെങ്കില്‍ വലിയ മുതല്‍മുടക്കൊന്നും ആവശ്യമില്ല. ഇന്ന് നിരവധിയാളുകള്‍ കൂണ്‍കൃഷിയിലൂടെ ചെറുതല്ലാത്ത വരുമാനം നേടുന്നുണ്ട്. എന്നാല്‍ കൂണ്‍കൃഷിയില്‍ ബഹുദൂരം മുന്നോട്ട് പോകുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്ന ഘടകം ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കാത്തതാണ്. ഞങ്ങള്‍ ആരംഭിച്ചിരിക്കുന്ന കൂണ്‍തട വിതരണകേന്ദ്രവും ഫാക്റ്ററിയും അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു.
“നഗരത്തില്‍ തിരക്കില്‍ ജീവിക്കുന്ന ആളുകള്‍ക്ക് പോലും കൂണ്‍കൃഷി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കി നല്‍കുന്നുണ്ട് ഞങ്ങള്‍. ഈ പദ്ധതിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിത്ത് പാകി, ഇരുട്ടുമുറിയില്‍ വച്ച് വൈക്കോല്‍ ബെഡില്‍ വികസിപ്പിച്ചെടുത്ത കൂണ്‍തടങ്ങളാണ് ഞങ്ങള്‍ വിതരണം ചെയ്യുന്നത്. ഉപഭോക്താക്കള്‍ ഈ ബെഡുകള്‍ വീട്ടില്‍ തണുപ്പുള്ള ഏതെങ്കിലും കോണില്‍ സൂക്ഷിച്ചാല്‍ മാത്രം മതി. ദിവസങ്ങള്‍ക്കുള്ളില്‍ രുചികരമായ, മായം കലരാത്ത കൂണുകള്‍ സ്വന്തം വീട്ടില്‍ നിന്നും വിളവെടുത്ത് കഴിക്കാം. ഇത്തരത്തില്‍ വില്‍ക്കുന്ന ഒരു ബെഡിന് ഞങ്ങള്‍ ഈടാക്കുന്നത് 100 രൂപയാണ്. ഒരു ബെഡില്‍ നിന്നും ഒന്നര കിലോ കൂണ്‍ ലഭിക്കും,” ജഷീര്‍ തങ്ങളുടെ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുന്നു.
ഒരു കിലോ കൂണിന്‍റെ വില 400 മുതല്‍ 500 രൂപ വരെയാണ്. ആ നിലക്ക് നോക്കുമ്പോള്‍ ഇത്തരത്തില്‍ ബെഡ് വാങ്ങി കൂണ്‍ വളര്‍ത്തുന്നത് എന്തുകൊണ്ടും ലാഭകരമാണ്. ഔഷധി മഷ്റൂമുകള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നതിന് പിന്നിലെ പ്രധാന കാരണവും ഇത് തന്നെയാണ്. ഇതിനു പുറമെ കൂണ്‍കൃഷിയില്‍ താല്പര്യപ്പെട്ട് പഠിക്കണം എന്ന ആഗ്രഹവുമായി വരുന്ന ആരെയും ഈ സുഹൃത്തുക്കള്‍ നിരാശരാക്കില്ല. കൂണ്‍കൃഷിയുടെ സകല പാദങ്ങളും പഠിപ്പിക്കും.
തുടക്കത്തില്‍ മുപ്പതോളം സംരംഭകര്‍ ജഷീറിന്‍റെ പക്കല്‍നിന്നും വിത്ത് വാങ്ങി കൂണ്‍ ഉല്‍പാദനം നടത്തിയിരുന്നു. എന്നാല്‍ വിത്ത് ഉപയോഗിച്ചുള്ള കൂണ്‍കൃഷിയില്‍ പലരും പരാജയപ്പെട്ടു. പിന്നീട് ജഷീര്‍ കൂണ്‍ തടം വിതരണം ചെയ്യാന്‍ ആരംഭിച്ചതോടെ ഈ പ്രശ്‌നത്തിനു പരിഹാരമായി.
ഒരു ദിവസം ശരാശരി 50 കിലോ കൂണിന്‍റെ വില്‍പ്പനയാണ് ഇവര്‍ക്കുള്ളത്. കൂണ്‍ വില്‍പനയില്‍ നിന്നും 3 ലക്ഷം രൂപയും കൂണ്‍ തടങ്ങളുടെ വില്‍പനയില്‍ നിന്നും ഒരു ലക്ഷം രൂപയും ശരാശരി വരുമാനമായി ലഭിക്കുന്നുണ്ട്. ഈ വരുമാനം എന്തായാലും ബിടെക്ക് ഉദ്യോഗം കൊണ്ട് കേരളത്തില്‍ നിന്നും ലഭിക്കില്ലെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നു.
കൂണ്‍കൃഷി സംബന്ധമായ എന്തുപ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുന്നതിനായി 9207362222 എന്ന നമ്പറില്‍ ഇവര്‍ വാട്‌സാപ്പ് സേവനവും നല്‍കിവരുന്നു. സൗജന്യമായി ഈ വിഷയത്തെപ്പറ്റി അറിയുന്നതിനും മനസിലാക്കുന്നതിനും ഏത് സമയത്തും വിളിക്കാം.