കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം

കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി കടലിലേക്കു പോകുതുവരെ സ്വന്തം കുഞ്ഞുങ്ങളെപോലെ പോറ്റുന്നു. മുമ്പ് കടപ്പുറത്തു നിന്നും കടലാമയുടെ മുട്ടകള്‍ പെറുക്കി ഭക്ഷിച്ചിരുന്നവര്‍ ഇന്ന് സംരക്ഷകരായി മാറി.

കരമഞ്ഞിനെയൊന്നും കൂസാതെ ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണി. തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍  കടപ്പുറം. ഇരുട്ടില്‍ കടല്‍മണലില്‍ അവരതിനെ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി–ഒലിവര്‍ റി‍ഡ്ലി!

വലിയൊരു കടലാമ. ഏറെ വംശനാശ ഭീഷണി നേരിടുന്ന കടലാമ ഇനങ്ങളിലൊന്ന്. ഏറെ നാളായി  ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈ തീരദേശത്ത് കടലാമകള്‍ വന്ന് മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് തിരിച്ചുപോവും. എത്രയോ ആയിരം വര്‍ഷങ്ങളായി തുടരുന്നുണ്ടാവാം ഈ സന്ദര്‍ശനം.

മുട്ടയിട്ട് ആ കുഴി മൂടി തിരിഞ്ഞുനോക്കാതെ ആമകള്‍ കടലിലേക്ക് ഒറ്റപ്പോക്കാണ്.


20 വര്‍ഷമായി കടലാമകളെ സംരക്ഷിക്കാന്‍ ഈ മണപ്പുറത്തുകാര്‍ ഉറക്കമൊഴിച്ചിരിക്കുന്നു..


പിന്നീടങ്ങോട്ടുളള ദിവസങ്ങളില്‍ മുട്ടകള്‍ക്ക് കാവലിരിക്കാനും പട്ടിയും കുറുക്കനും മനുഷ്യരും കട്ടെടുക്കാതെ കാക്കാനും ഈ തീരങ്ങളില്‍ കുറച്ച് ചെറുപ്പക്കാരുണ്ട്, അവര്‍ പറഞ്ഞുമനസ്സിലാക്കി കൂടെക്കൂട്ടിയ ഗ്രാമവാസികളുണ്ട്.

20 വര്‍ഷമായി കടലാമകളെ സംരക്ഷിക്കാന്‍ ഈ മണപ്പുറത്തുകാര്‍ ഉറക്കമൊഴിച്ചിരിക്കുന്നു.. ഇരുട്ടിന്‍റെ മറവില്‍ കടലാമക്കുഞ്ഞുങ്ങളെ വേട്ടയാടുവരെ ആട്ടിയോടിക്കാനായി അവര്‍ ഉറങ്ങാതെയിരിക്കുന്നു.


ഇതുകൂടി വായിക്കാം: കുന്നിലും പാടത്തും ഓടുന്ന നാലുചക്ര വാഹനം 3,000 രൂപയ്ക്ക്: ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ 17-കാരന്‍


കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി കടലിലേക്കു പോകുതുവരെ സ്വന്തം കുഞ്ഞുങ്ങളെപോലെ പോറ്റുന്നു. മുമ്പ് കടപ്പുറത്തു നിന്നും കടലാമയുടെ മുട്ടകള്‍ പെറുക്കി ഭക്ഷിച്ചിരുന്നവര്‍ ഇന്ന് സംരക്ഷകരായി മാറി. മുട്ടയിടാന്‍ കരയ്ക്കു കയറുന്ന ആമകളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഇന്ന് നാട്ടുകാര്‍ മനസ്സിലാക്കിയിരിക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്ര നഗരിക്കു സമീപം ചാവക്കാട് ബ്ലാങ്ങാട് മുതല്‍ വടക്കോട്ട് അകലാട് വരെ പത്തു കിലോമീറ്ററോളം ദൂരത്തില്‍ നാലു കടലാമ സംരക്ഷണ സമിതികളാണുള്ളത്. ഗ്രീന്‍ ഹാബിറ്റാറ്റാണ് പ്രധാന കടലാമ സംരക്ഷകര്‍. പുത്തന്‍ കടപ്പുറത്തെ സൂര്യ കടലാമ സംരക്ഷണ സമിതിയാണ് മറ്റൊന്ന്.


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


ഇരട്ടപ്പുഴ മഹാത്മ കലാ കായിക സാംസ്‌കാരിക വേദി, ഇരട്ടപ്പുഴ ഫൈറ്റേഴ്‌സ് എന്നിവയും കടലാമ സംരക്ഷണമൊരുക്കുന്ന ചാവക്കാട്ടെ സംഘടനകളാണ്. എല്ലാ വര്‍ഷവും നവംബര്‍ മാസം പിറന്നാല്‍ രാവും പകലും വ്യത്യാസമില്ലാതെ ചാവക്കാട് കടല്‍ തീരത്ത് ഒരു കൂട്ടം യുവാക്കളെ കാണാം.


കടലാമ വിരിഞ്ഞിറങ്ങും വരേയുള്ള ഒന്നര മാസത്തോളം രാവും പകലും സംഘാഗങ്ങളുടെ നിരീക്ഷണത്തിലായിരിക്കും.


കടല്‍ തീരത്തെ മണലില്‍ മുട്ടയിട്ടു മടങ്ങിയ കടലാമകളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് കടലാമ മുട്ടയിട്ട സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് സംഘത്തിന്‍റെ ആദ്യ ജോലി. കടലാമക്കൂട് കണ്ടെത്തിയാല്‍ പിന്നെ അതിന്‍റെ സംരക്ഷണം ഉറപ്പാക്കും.

വെള്ളം കയറുന്ന മേഖലയിലാണ് കൂടെങ്കില്‍ മുട്ടകള്‍ അവിടെ നിന്നും ശ്രദ്ധാപൂര്‍വ്വം കുഴിച്ചെടുത്ത് കടല്‍ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സുരക്ഷിതമായ സ്ഥലത്ത് വിരിയാന്‍ സൂക്ഷിക്കും. കടലാമക്കൂടിന്‍റെ സംരക്ഷണത്തിനായി വലകള്‍ കൊണ്ട് കവചമൊരുക്കും.

പിന്നീട് കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും വരേയുള്ള ഒന്നര മാസത്തോളം രാവും പകലും സംഘാഗങ്ങളുടെ നിരീക്ഷണത്തിലായിരിക്കും. മേല്‍ഭാഗത്തെ മണ്ണ് താഴുന്നത് കണ്ടാണ് മുട്ടകള്‍ പൊട്ടി വിരിയുന്നതായി മനസ്സിലാക്കുക.

മണല്‍നീക്കി കുഞ്ഞുങ്ങളെ കൈയിലെടുത്ത് കടല്‍വെള്ളം നിറച്ച ഒരു വലിയ പാത്രത്തില്‍ ഇവയെ ശേഖരിക്കും. തുടര്‍ന്ന് കടല്‍തിരമാലകള്‍ക്കിടയില്‍ ഒഴുക്കിവിടുകയാണ് രീതി. വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ സൂര്യപ്രകാശം ഊര്‍ജ്ജമായി സ്വീകരിച്ചാണ് കടലിലേക്കുള്ള യാത്ര. അവസാനത്തെ കടലാമകുഞ്ഞിനേയും കടലിലേക്ക് തുറന്നു വിട്ട ശേഷമേ യുവാക്കളുടെ സംഘം തീരം വിടാറുള്ളൂ.


ഇതുകൂടി വായിക്കാം: ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്


20 വര്‍ഷമായി ഞങ്ങള്‍ ശേഖരിച്ച ആമ മുട്ടകളുടെ എണ്ണം 30,000ലധികം വരും. അതില്‍ 90 ശതമാനം മുട്ടകളും വിരിഞ്ഞു. ഭൂമിയില്‍ വംശാനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഈ കടലാമകള്‍ മുതിര്‍ന്നതിനു ശേഷം ഈ തീരം സന്ദര്‍ശിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍,’ സംഘാംഗങ്ങളില്‍ ഒരാളായ എന്‍ ജെ ജയിംസ് പറയുന്നു. ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും എടക്കഴിയൂര്‍ സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമാണ് ജെയിംസ്.


20 വര്‍ഷമായി ഞങ്ങള്‍ ശേഖരിച്ച ആമ മുട്ടകളുടെ എണ്ണം 30,000ലധികം വരും. അതില്‍ 90 ശതമാനം മുട്ടകളും വിരിഞ്ഞു


1999ലാണ് ഗ്രീന്‍ ഹാബിറ്റാറ്റ് രൂപീകൃതമായത്. ചാവക്കാട് മേഖലയില്‍ മുട്ടയിടാനെത്തുവയിലേരെയും ഒലീവ് റിഡ്‌ലി എറിയപ്പെടുന്ന കടലാമകളാണ്. ഗുരുതരമായ വംശനാശഭീഷണി നേരിടുവയാണ് ഇവയെന്ന് ജെയിംസ് പറയുന്നു.

WATCH: കടലാമകളുടെ വരവും പോക്കും. വീഡിയോ: സലീം ഐ ഫോക്കസ്

കൂടാതെ ഗ്രീന്‍ ടര്‍ട്ടില്‍, ഹാക്‌സ് ബില്‍ വിഭാഗങ്ങളിലുളള കടലാമകളും തീരത്ത് മുട്ടയിടാനെത്താറുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കടലാമകള്‍ മുട്ടയിടാനായി കരയിലേക്കെത്തുക. കടലിലാണ് ജീവിതമെങ്കിലും മുട്ടയിടാന്‍ കടലാമകള്‍ തെരഞ്ഞെടുക്കുന്നത് വളരെ സുരക്ഷിതം എന്ന് തോന്നുന്ന കടലോരപ്രദേശങ്ങളാണ്. മണലില്‍ കുഴിയുണ്ടാക്കിയാണ് കടലാമകള്‍ മുട്ടകളിടുക.

ആമ മുട്ടയിടുന്ന സ്ഥലത്തെ ആമക്കൂടെന്ന് പറയും. ഒരുകൂടില്‍ 150 വരെ മുട്ടകളുണ്ടാവും. മുട്ടയിട്ട ശേഷം കുഴി മണലുകൊണ്ട് മൂടി ഭദ്രമാക്കിയശേഷം കടലാമ കടലിലേക്ക് തന്നെ ഇഴഞ്ഞു നീങ്ങും. മുട്ടകള്‍ വിരിയാന്‍ 45 മുതല്‍ 60 ദിവസം വരെ നീളും.

മുട്ടയിട്ടുകഴിഞ്ഞാല്‍ ആ പ്രദേശത്തേക്ക് കടലാമ തിരിച്ചുവരാറില്ല. അമ്മയാമയുടെ ചൂടില്ലാതെയാണ് മുട്ടകള്‍ വിരിയുന്നതും, കുഞ്ഞാമകള്‍ വളരുന്നതുമെല്ലാം. സൂര്യപ്രകാശവും ചൂടുമേറ്റാണ് മുട്ടകള്‍ വിരിയുക. അതേ സമയം, വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ കടലിലേക്കിറങ്ങിയാല്‍ പിന്നീട് വളര്‍ന്ന് മുട്ടയിടാറാകുമ്പോള്‍ ഇതേ പ്രദേശം തന്നെ അതിനായി തെരഞ്ഞെടുക്കാറുണ്ടെന്നും ജയിംസ് പറയുന്നു.


ഇതുകൂടി വായിക്കാം: അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരനെത്തേടി ഇന്ന് ലോകമെത്തുന്നു: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ


ആമ മുട്ടകള്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്ന ഗ്രാമവാസികള്‍ക്ക് ഈ അടുത്തകാലംവരെ ഇതൊരു വരുമാന മാര്‍ഗ്ഗമായിരു്ന്നു. പലരും കടലാമ മുട്ടകള്‍ ശേഖരിച്ച് വില്‍പന നടത്തിയിരുന്ന കാലവും ഉണ്ടിരുന്നു.


തീരദേശവാസികളോട് കടലാമ മുട്ട എടുക്കരുത് എന്നു പറയുത് അത്ര എളുപ്പമല്ലായിരുന്നു. ഒരു പക്ഷെ കടലില്‍ നിന്നും മീന്‍ പിടിക്കരുത് എന്ന ആജ്ഞ കേട്ട പോലെയായിരുന്നു പലരുടേയും പ്രതികരണം.


ചില ഹോട്ടലുകളില്‍ വില്‍പനയും നടത്തിയിരുന്നു. ഇതുമൂലം നാള്‍ക്കുനാള്‍ വിരിഞ്ഞിറങ്ങുന്ന ആമകളുടെ എണ്ണം കുറഞ്ഞു വന്നു. ആദ്യ കാലങ്ങളില്‍ ആമ മുട്ടയിടുന്ന സമയത്ത് പോലും ചില സാമൂഹ്യദ്രോഹികള്‍ മുട്ടകള്‍ കൈക്കലാക്കാറുണ്ടായിരുന്നു. മുട്ടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുതിനാല്‍ മുട്ടവേട്ടയും വ്യാപകമായി.

ആമ മുട്ട കഴിച്ചാല്‍ ആസ്ത്മ പോലുള്ള രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്ന ധാരണയും ആമമുട്ടയ്ക്ക് ആവശ്യക്കാരെ വര്‍ദ്ധിപ്പിച്ചു. കടലാമകളുടേയും മുട്ടകളുടേയും നാശം ക്രമാതീതമായ ഘട്ടത്തിലാണ് കടലാമ സംരക്ഷകരുടെ ശ്രദ്ധ കടലോരത്തെത്തിയത്. തീരദേശവാസികളോട് കടലാമ മുട്ട എടുക്കരുത് എന്നു പറയുത് അത്ര എളുപ്പമല്ലായിരുന്നു. ഒരു പക്ഷെ കടലില്‍ നിന്നും മീന്‍ പിടിക്കരുത് എന്ന ആജ്ഞ കേട്ട പോലെയായിരുന്നു പലരുടേയും പ്രതികരണം.

കടലാമകളേയും മുട്ടയേയും വേട്ടയാടുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും നാള്‍ക്കുനാള്‍ ഇവയുടെ എണ്ണം കുറഞ്ഞ് വംശനാശത്തിന്‍റെ വക്കിലാണെന്നും കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തി. കടലാമ മുട്ടകള്‍ എടുക്കാന്‍ എത്തുവരെ ഇവര്‍ കയ്യോടെ പിടികൂടി. കൂടാതെ ആമക്കൂടുകള്‍ക്ക് ചുറ്റും സംരക്ഷണവേലി സ്ഥാപിച്ച് മത്സ്യത്തൊഴിലാളികളെ കാവലേര്‍പ്പെടുത്തുക കൂടി ചെയ്തു.


ആമക്കൂടുകള്‍ക്ക് ചുറ്റും വല കെട്ടുകയും നിതാന്ത ജാഗ്രതയോടെ കാവലിരിക്കുകയും ചെയ്താണ് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ മുട്ടക്കള്ളന്‍മാരെ തുരത്തിയോടിച്ചത്.


എതിര്‍പ്പുകളും മറ്റും ഉണ്ടായിരുന്നെങ്കിലും മുട്ട വിരിഞ്ഞു പുറത്തു വന്ന ആമക്കുഞ്ഞുങ്ങള്‍ വരിവരിയായി കടലിലേക്ക് ഇറങ്ങിപ്പോകുന്ന കാഴ്ച ഏവരുടെയും മനം കുളിര്‍പ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു നാടിന്‍റെ ജൈവസംരക്ഷണത്തിലേക്കുള്ള യാത്രയുടെ തുടക്കം.

കടലാമ സംരക്ഷകര്‍ നടത്തിയ വിപ്ലവകരമായ ശ്രമങ്ങള്‍ വിജയം വരിക്കുന്നതാണ് പിന്നെ കണ്ടത്. മനുഷ്യരെ കൂടാതെ കുറുക്കന്‍, നായ, കീരി, ഞണ്ട് എിവയും കടലാമ മുട്ടകള്‍ക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആമക്കൂടുകള്‍ക്ക് ചുറ്റും വല കെട്ടുകയും നിതാന്ത ജാഗ്രതയോടെ കാവലിരിക്കുകയും ചെയ്താണ് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ മുട്ടക്കള്ളന്‍മാരെ തുരത്തിയോടിച്ചത്.

കടലാമ സംരക്ഷണത്തിനായി നിരവധി പരിപാടികള്‍ ഗ്രീന്‍ഹാബിറ്റാറ്റ് സംഘടിപ്പിച്ചു. പ്രചാരണ ജാഥകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ക്യാംപുകള്‍, ഫിലിം ഷോകള്‍, വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണം, ജൈവ വൈവിധ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയുള്ള സെമിനാറുകള്‍, സ്‌ററിക്കറുകള്‍, ബ്രോഷറുകള്‍, നോട്ടീസുകള്‍ തുടങ്ങിയവയിലൂടെ ജനങ്ങളിലേക്ക് ആശയമെത്തിച്ചു. എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ രക്ഷാകര്‍ത്തൃസംഘടനകളുടെ സഹകരണത്തോടെ അയല്‍ വിദ്യാലയങ്ങളിലും കടലാമസംരക്ഷണ സന്ദേശമെത്തിച്ചു, സംഘാംഗങ്ങള്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്


പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമസഭകളിലും കടലാമ സംരക്ഷണം ചര്‍ച്ചാ വിഷയമായി. ഇതോടെ, കടലോരത്തെ പൗരപ്രമുഖരും വിവിധ ക്ലബ്ബുകളും സംഘടനകളും ഗ്രീന്‍ ഹാബിറ്റാറ്റിന്‍റെ ശ്രമങ്ങളില്‍ പങ്കാളികളാകുകയായിരുന്നു. മേഖലയിലെ വിവിധ സ്‌കൂളുകളില്‍ ആമ ക്ലബ്ബുകള്‍ രൂപീകരിച്ചു.

കടലാമ സംരക്ഷണത്തിന് പ്രചാരണ ഉപാധിയായി ദുബായിലെ ഹൈമാഗ് കമ്മ്യൂണിക്കേഷന്‍സ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വ ചലച്ചിത്രം നിര്‍മ്മിച്ച് ഗ്രീന്‍ ഹാബിറ്റാറ്റിന് നല്‍കി. സന്ദീപ് പി ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഇതിവൃത്തം കടലാമ മുട്ട വേട്ടയാടുന്ന തീരദേശവാസി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുതും അവിടെവെച്ച് പശ്ചാതപിച്ച് മനംമാറ്റമുണ്ടായി. ജയില്‍ വിമോചിതനായപ്പോള്‍ ആമ സംരക്ഷകനാകുന്നതുമായിരുന്നു. കൂടാതെ ആമകളുടെ സംരക്ഷണത്തെക്കുറിച്ച് ബസില്‍ ബാനറുമായി ഹരിതസേന യാത്രയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഗ്രീന്‍ ഹാബിറ്റാറ്റിന്‍റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ബി സി ചൗധരി കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ചാവക്കാട്ടെത്തി. സംസ്ഥാനത്ത് കടലാമകളുടെ പ്രധാനപ്പെട്ട പ്രജനന കേന്ദ്രമാണ് ചാവക്കാട് തീരമെന്ന് ഡോ. ബി സി ചൗധരി പറഞ്ഞപ്പോഴാണ് അക്കാര്യം പലരും അറിഞ്ഞതു തന്നെ. ഇതോടെ ഈ തീരപ്രദേശം കടലാമ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ദേശീയശ്രദ്ധ നേടി.

ഫോട്ടോ, വീഡിയോ: സലീം ഐ ഫോക്കസ്

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം