ചാരായത്തില്‍ നിന്ന് ചെസ്സിന്‍റെ ലഹരിയിലേക്ക് ഒരു ഗ്രാമത്തെ കൊണ്ടുപോയ ചായക്കടക്കാരന്‍; വിദേശ സ്റ്റാമ്പുകളില്‍ വരെ ഇടംപിടിച്ച ഉണ്ണി മാമ്മനും നാട്ടുകാരും

വാറ്റുചാരായവും ചീട്ടുകളിയിലേക്കുമൊക്കെ വീണുപോയ മരോട്ടിച്ചാലുകാരുണ്ട്. ആ ലഹരിയില്‍ നിന്നു നാടിനെ രക്ഷിച്ചെടുത്തതില്‍ ഈ ചായക്കടക്കാരനും ഒരു വലിയ പങ്കുണ്ട്

കുറേ വര്‍ഷങ്ങളായി തൃശ്ശൂര്‍ മരോട്ടിച്ചാലുകാര്‍ അഭിമാനത്തോടെ പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കഥയാണിത്.

പഴക്കം കൂടുന്തോറൂം വീര്യം കൂടുന്ന  വീഞ്ഞു പോലെയാണത്.  അതുകൊണ്ട് മരോട്ടിച്ചാലുകാരെയും അവരുടെ സ്വന്തം ഉണ്ണി മാമ്മനേയും പറ്റി കേള്‍ക്കാത്തവര്‍ക്കായി ഒരിക്കല്‍ക്കൂടി.

ഉണ്ണി മാമ്മന്‍ എന്നാണ് മരോട്ടിച്ചാലുകാര്‍ ചരളിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ എത്രയോ വര്‍ഷങ്ങളായി സ്നേഹത്തോടെ വിളിക്കുന്നത്. ഉണ്ണി മാമ്മന്‍ ഹോട്ടല്‍ ഉടമയാണ് ഇദ്ദേഹം. രുചിയേറുന്ന ഭക്ഷണം വിളമ്പുന്നതു കൊണ്ടു മാത്രമല്ല ഈ 62-കാരനോട് നാട്ടുകാര്‍ക്ക് ഇത്ര ഇഷ്ടം.


നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com

വാറ്റുചാരായവും ചീട്ടുകളിയും കൊണ്ടു മരോട്ടിച്ചാലിലെ വീടുകളില്‍ സങ്കടക്കൊട്ടാരം കെട്ടിയൊരു കാലമുണ്ടായിരുന്നു. ആ കെട്ട കാലത്തെ ചെസ് കളിയിലൂടെ പഴയ ഓര്‍മകള്‍ മാത്രമാക്കി മാറ്റുന്നതില്‍ വലിയൊരു പങ്കുവിച്ച ആളുകളിലൊരാളാണ് ഈ ഉണ്ണിച്ചേട്ടന്‍.

ഉണ്ണിക്കൃഷ്ണന്‍

ചതുരംഗത്തിലൂടെ നാടിനെയും നാട്ടുകാരെയും പുതിയ വഴിയൂടെ സഞ്ചരിക്കാന്‍ പഠിപ്പിച്ചു, ഗിന്നസ് റെക്കോഡും സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പും സ്വന്തമാക്കി.

മരോട്ടിച്ചാല്‍ എന്ന കൊച്ചുഗ്രാമത്തിന്‍റെ ഓരോ മുക്കിലും മൂലയിലും രാജാവും മന്ത്രിയും കലാളുമൊക്കെ നിറയുന്ന ചതുരംഗപ്പലകകള്‍ കാണാം. ഓരോ വീടിന്‍റെ ഉമ്മറത്തും കവലയിലെ കലുങ്കിലും ചെസ് കളിയിലൂടെ ആവേശക്കൊടുമുടി കയറുന്ന നാട്ടുകാരെയും നമുക്കിന്നും കാണാം.

ഒരു കട്ടന്‍ ചായ കുടിക്കണമെന്നു കരുതി ഉണ്ണി മാമ്മന്‍സ് ചായക്കടയിലേക്ക് വന്നാല്‍ മതി, പിന്നെ ചായ അല്ല ഊണിന്‍റെ നേരം കഴിഞ്ഞാലും അവിടന്നാരും പോകില്ല.

ചായക്കടയിലെ നാടന്‍ രുചികള്‍ക്കൊപ്പം ചതുരംഗപ്പലകയും ഇടം പിടിച്ചിട്ട് കാലം കുറേയായി. കളിക്കാനെത്തിയവരും കളി കാണാനെത്തിയവരും പിന്നെ ചായ കുടിക്കാനെത്തിയവരുമൊക്കെ ചെസ് ബോര്‍ഡിന് ചുറ്റും കണ്ണും മിഴിച്ച് കണക്കുകൂട്ടിയിരിക്കുന്നുണ്ടാവും.

എന്നാല്‍ പത്തമ്പത് കൊല്ലം മുമ്പ് മരോട്ടിച്ചാല്‍ ഇങ്ങനെയൊന്നുമായിരുന്നില്ല.

ഉണ്ണികൃഷ്ണന്‍റെ ചായക്കട

തൃശൂര്‍ പുത്തൂര്‍ പഞ്ചായത്തിലാണ് മരോട്ടിച്ചാല്‍. കാടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം. കുടിയേറ്റ മേഖല. കാടു വെട്ടിത്തെളിച്ച് കൃഷിയൊക്കെ ചെയ്താണ് ഈ മേഖലയില്‍ മനുഷ്യവാസമുണ്ടാകുന്നത്.

അരനൂറ്റാണ്ട് പിന്നിലെ ഓര്‍മ്മകളിലേക്ക് ഉണ്ണിമാമ്മന്‍ കൂട്ടിക്കൊണ്ടുപോകുന്നു.

“മരോട്ടിച്ചാല്‍ ഇന്നിപ്പോ ഈ പേരു കേള്‍ക്കുമ്പോഴേ ആള്‍ക്കാര് പറയും, മരോട്ടിച്ചാല്‍ വെള്ളച്ചാട്ടംന്ന്. പക്ഷേ എന്‍റെയൊക്കെ കുട്ടിക്കാലത്ത് ഇവിടമൊരു കാട് മാത്രമായിരുന്നു.

“ഞങ്ങള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു മൈതാനം പോലുമില്ലാത്ത നാടായിരുന്നു. കുറേ ആഗ്രഹിച്ചിട്ടുണ്ട്, ഫുട്ബോള്‍ കളിക്കാനൊക്കെ. താമസക്കാരും കുറവായിരുന്നു.

“എല്ലാരും കൂടെ ഈ മരോട്ടിച്ചാലില്‍ വെറും 700-പേരെന്തോ ഉണ്ട്. കളിക്കാന്‍ ഇടമില്ല, കൂട്ടിന് കളിക്കാനാളുമില്ലായിരുന്നു. “

മരോട്ടിച്ചാല്‍ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വനത്തിന് നടുവിലെ ഈ മനോഹരമായ വെള്ളച്ചാട്ടം കാണാന്‍ ദൂരങ്ങളില്‍ നിന്നുപോലും ആളുകളെത്തുന്നു. Photo: KR Ranjith

ഉണ്ണി മാമ്മന്‍റെ വീട്ടില്‍ നെല്‍കൃഷിയുണ്ടായിരുന്നു. സ്കൂളിലൊക്കെ പോയി വന്ന ശേഷം വീട്ടില്‍ കൃഷിപ്പണിക്ക് അച്ഛനെ സഹായിക്കും. അതായിരുന്നു പതിവ്. കിട്ടുണ്ണി നായരെന്നാണ്  അച്ഛന്‍റെ പേര്. അമ്മ കല്യാണിക്കുട്ടിയമ്മ. രണ്ടാളും ഇന്നില്ല.

“ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ വേറെ പണിയൊന്നുമില്ലല്ലോ. അങ്ങനെയാണ് ചെസ് പഠിച്ചാലോ എന്നൊരു ചിന്ത വരുന്നത്. അങ്ങനെ ചെസ് പഠിക്കാന്‍ പോയിത്തുടങ്ങി.

“15 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് ഞാന്‍ പഠിച്ചത്. പുത്തൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍.


അന്നൊന്നും ബസ് സൗകര്യം ഒന്നുമില്ല, 15 കിലോമീറ്റര്‍ ദൂരം നടന്നാണ് പോകുന്നത്.


“ചെസ് പഠിക്കാന്‍ പോകുന്നതും ഇത്രയും ദൂരത്തേക്കാണ്. പക്ഷേ ചെസ് പഠിക്കാന്‍ വേണ്ടി മാത്രം ഇത്രയും ദൂരേക്ക് പോകുന്നതില്‍ ആര്‍ക്കും എതിര്‍പ്പൊന്നുമില്ലായിരുന്നു.

“വീട്ടില്‍ അച്ഛനും അമ്മയും ഒന്നും പറഞ്ഞിരുന്നില്ല, വീട്ടിലെ പണിയൊക്കെ കഴിഞ്ഞുള്ള നേരത്തല്ലേ ഞാന്‍ പോകുന്നത്. വീട്ടിലെ കൃഷിപ്പണിക്കൊക്കെ സഹായിക്കുമല്ലോ.”

ആ ജോലികളൊക്കെ കഴിഞ്ഞിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ ചെസ് പഠിക്കാന്‍ പോയിരുന്നത്.  അതൊന്നും ചെയ്യാതെ കളിയെന്നു പറഞ്ഞു നടന്നിരുന്നുവെങ്കില്‍ ചിലപ്പോ അവര് വഴക്ക് പറഞ്ഞേനെ

പലയിടങ്ങളിലും ചെന്ന് പലരുടെ അടുത്തുനിന്നുമായി ചെസ് പഠിച്ചെടുത്തു. കളിച്ച് കളിച്ചാണ് ചെസ് നന്നായി കളിക്കുന്ന ആളായത്. “സത്യത്തില്‍ വേറെ എന്തെങ്കിലും കളിക്കാന്‍ പോകാനുള്ള സാഹചര്യമില്ലായിരുന്നു.. ഗ്രൗണ്ടോ ആള്‍ക്കാരോ ഇല്ലാല്ലോ. അങ്ങനെ ചെസ് പഠിച്ചൂന്നേയുള്ളൂ,” എന്ന് ഉണ്ണിമാമ്മന്‍.

 

“എല്ലാവരെയും ചെസ് കളി പഠിപ്പിക്കാനൊരു കാരണം കൂടിയുണ്ടായിരുന്നു. 60-കളിലും 70-കളിലുമൊക്കെ മരോട്ടിച്ചാല്‍ വാറ്റുചാരായത്തിന്‍റെ കേന്ദ്രമായിരുന്നു,” അദ്ദേഹം മരോട്ടിച്ചാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ആ പഴയകാലത്തേക്ക്…

“പല നാട്ടില്‍ നിന്നൊക്കെ കുടിയേറിയവരല്ലേ. കാടിന് സമീപപ്രദേശമാണല്ലോ. കാട് വെട്ടി കൃഷി ചെയ്താണ് ഇവിടുള്ളവര് ജീവിച്ചിരുന്നത്.
പക്ഷേ കാട് വെട്ടിത്തെളിച്ച് നട്ടത് റബറും തെങ്ങും കുരുമുളകുമൊക്കെയാണ്. ഇതില്‍ നിന്നു വരുമാനം കിട്ടാന്‍ സമയമെടുക്കുമല്ലോ.

“അഞ്ചാറു വര്‍ഷത്തേക്ക് വരുമാനം ഇല്ലാതെയായിപ്പോയി. നെല്‍കൃഷിയൊക്കെയാണേല്‍ പത്ത് മാസം കൊണ്ടൊക്കെ വരുമാനം നേടാല്ലോ. അപ്പോ പിന്നെ കാശ് വേണ്ടേ… പലരും കള്ള വാറ്റ് ആരംഭിച്ചു.

“കുടില്‍ വ്യവസായം പോലെ എല്ലാരും ചാരായം വാറ്റ് ആരംഭിച്ചു. അങ്ങനെ മദ്യ സംസ്കാരത്തിലേക്ക് എല്ലാവരും പോയി. വീട്ടില്‍ തന്നെയുണ്ടാക്കാനും തുടങ്ങി. കാടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമല്ലേ വാറ്റാനും സൗകര്യം ആണല്ലോ.

നല്ല വരുമാനവും കിട്ടിത്തുടങ്ങിയതോടെ ഇന്നാട്ടിലെ 90 ശതമാനം പേരും വീട്ടില്‍ ചാരായം വാറ്റിത്തുടങ്ങി.

“മദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും പതിവായതോടെ ഞങ്ങള് കൂട്ടുകാരൊക്കെ ചേര്‍ന്ന് മദ്യ നിരോധനസമിതി ആരംഭിച്ചു. ഗ്രാമത്തിലെ സ്ത്രീകളും ഇതിനൊപ്പം കൂടി. ഇതിനൊപ്പം തന്നെ ചെസ് പഠിക്കുന്നവരുടെയും കളിക്കുന്നവരുടെയുമൊക്കെ എണ്ണവും കൂടിക്കൊണ്ടിരുന്നു.


ചാരായം കുടിക്കാന്‍ പോകുന്നവര്‍ ചെസ് കളി കാണാന്‍ തുടങ്ങി. കണ്ട് കണ്ട് ചാരായം കുടിക്കാന്‍ പോകാതെ ചെസ് കളിയുടെ ലഹരിയില്‍ വീണു.


“പലരും ചെസ് പഠിക്കാനും വന്നു തുടങ്ങി. അതൊരു അവസരം തന്നെയായിരുന്നു. ‍എനിക്ക് പിന്നാലെ ചെസ് പഠിച്ചവരും മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാരും ചെസിനെ ഇഷ്ടപ്പെട്ടു തുടങ്ങി.”

മാനസികമായിട്ട് ഒരുപാട് തെറ്റുകളില്‍ നിന്നൊക്കെ മാറി നില്‍ക്കാന്‍ ചെസിലൂടെയാകുമെന്ന് ഉണ്ണി മാമ്മന്‍ ഉറച്ചുവിശ്വസിക്കുന്നു. “ഇതൊക്കെ കളിച്ചും പഠിച്ചും മനസിലാക്കിയതാണ്. ചെസ് കളിച്ചു തുടങ്ങിയാല്‍ പിന്നെ അതൊരു ലഹരിയാണ്.

“പക്ഷേ മദ്യമോ സിഗരറ്റോ പോലുള്ള ലഹരി പോലെ അല്ലല്ലോ. ഈ ചെസ് ലഹരി കൊണ്ടു ദോഷങ്ങളൊന്നുമില്ലല്ലോ. ക്ഷമാ ശീലവും കിട്ടും. കരു നീക്കാന്‍ ആലോചിച്ച് നില്‍ക്കുമല്ലോ. കൃത്യമായ നീക്കമാകണ്ടേ, ആ ആലോചനയിലൂടെ ക്ഷമയും കിട്ടും.

“എടുത്തുചാടി പ്രവര്‍ത്തിക്കുന്ന സ്വാഭാവമൊക്കെ ചെസിലൂടെ മാറ്റിയെടുക്കാം.”  ഇതൊക്കെ അനുഭവങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞതാണെന്നു ഉണ്ണികൃഷ്ണന്‍

മരോട്ടിച്ചാല്‍ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. Photo: KR Ranjith

നാട്ടുകാരെയൊക്കെ ചെസ് കളി പഠിപ്പിച്ച ഉണ്ണികൃഷ്ണന്‍റെ ആദ്യ ശിഷ്യന്‍ ഐസക്ക് ആയിരുന്നു. “ചെസ് കളിക്കാന്‍ നാട്ടിലെനിക്കൊരു കമ്പനി വേണമല്ലോ.” അങ്ങനെയാണ് കൂട്ടുകാരനെ പഠിപ്പിച്ചതെന്നു അദ്ദേഹം പറയുന്നു. രണ്ടുപേരും സമപ്രായക്കാരാണ്.

“പിന്നീട് അവന്‍ എന്നെക്കാള്‍ വലിയ കളിക്കാരനായി മാറി. ഇതിനു പിന്നാലെ നാട്ടുകാരായ നാലഞ്ച് പേര്‍ക്ക് ചെസ് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ കുറേപ്പേര്‍ക്ക് ചെസ് കളി പറഞ്ഞു കൊടുത്തു. കുറേ നാള്‍ക്ക് ശേഷമാണ് എനിക്കൊരു ഐഡിയ തോന്നുന്നത്.

“ചായക്കടയില്‍ ചെസ് കളിക്കാനൊരിടം. അങ്ങനെ ചെസ് ബോര്‍ഡ് ചായക്കടയില്‍ കൊണ്ടുവച്ചു. പിന്നെ ഇവിടെ കട്ടന്‍ കുടിക്കാന്‍ വരുന്നവരൊക്കെ ചെസ് കളിച്ചേ പോകൂ എന്ന സാഹചര്യമായി.”

 

“മരോട്ടിച്ചാലുകാര്‍ ചെസ് അറിഞ്ഞിരിക്കണം, പഠിച്ചിരിക്കണം, അതൊരു കടമയാണ് എന്നു പറയുന്ന സാഹചര്യമാണിപ്പോള്‍. മെല്ലെമെല്ലെ നാട്ടിലെ വാറ്റുചാരായ ബിസിനസൊക്കെ അവസാനിച്ചു. പക്ഷേ ചെസിനോടുള്ള ലഹരി കൂടിയതേയുള്ളൂ.

“ഇന്നാട്ടിലെ ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ചെസ് കളി അറിയും. അല്ലാത്ത ഒരു കുടുംബവും ഇവിടില്ല. സ്ത്രീകള്‍ക്കും, കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ചെസ് അറിയാം.

“കുഞ്ഞുങ്ങള്‍ തൊട്ട് 70 പിന്നിട്ടവര്‍ വരെ ഈ ചായക്കടയിലിരുന്ന് ചെസ് കളിക്കാറുണ്ട്. എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് മരോട്ടിച്ചാല്‍ പഞ്ചായത്ത്.

“ഈ മൂന്നു വാര്‍ഡുകളിലായി ഏതാണ്ട് 45,00-വോട്ടര്‍മാരുണ്ടാകും. പിന്നെ കുട്ടികള്‍ വേറെയും. ഇവരില്‍ 80 ശതമാനത്തിലേറെ പേര്‍ക്കും ചെസ് കളി അറിയാം.


ഇതുകൂടി വായിക്കാം:ലക്ഷ്യങ്ങളില്ലാതെ, ലഹരിയിലും ആത്മനിന്ദയിലും വീണുപോകുമായിരുന്ന കടലോരഗ്രാമത്തിലെ കുട്ടികളുടെ കൈപിടിച്ച് നസ്മിനയും കൂട്ടുകാരും


“ഞാന്‍റെ വീട്ടിലുള്ളവരെയും ചെസ് പഠിപ്പിച്ചിരുന്നു. ഭാര്യ സാവിത്രിയും മോന്‍ മുരളിയും മോന്‍റെ ഭാര്യ തുളസിയുമൊക്കെ ചെസ് കളിക്കും. കല്യാണത്തിന് ശേഷം ഇവിടെ വന്നതില്‍ പിന്നെയാണ് തുളസി ചെസ് കളിക്കാന്‍ പഠിച്ചെടുത്തത്.

“രണ്ടുവയസുള്ള പേരക്കുട്ടിയെ കൂടി ചെസ് കളിക്കാന്‍ പഠിപ്പിച്ചാല്‍ മതി വീട്ടിലും സമ്പൂര്‍ണമാകും. മുരളി, ഭീമ ജ്വല്ലറിയിലെ മാനെജറാണ്.

“അയല്‍ക്കാരും പരിചയക്കാരുടെ മക്കളുമൊക്കെ ഞായറാഴ്ചകളില്‍ വീട്ടില്‍ വന്നു ചെസ് കളി പഠിക്കാറുണ്ട്. ഒരു കൂട്ടം കുട്ടികള്‍ പല സമയത്തായി വീട്ടിലേക്ക് വരും. ചായക്കടയും വീടും തമ്മില്‍ വലിയ അകലമില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെസ് കളിയിലൂടെ നാടിനെ നന്നാക്കിയെടുക്കുക മാത്രമല്ല റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട് മരോട്ടിച്ചാലുകാര്‍. ചെസ് പ്രചരണത്തിന്‍റെ ഭാഗമായാണ് 12,00-പേര്‍ പങ്കെടുത്ത ചെസ് മത്സരം സംഘടിപ്പിച്ചത്.


ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 12,00 പേര്‍ ഒരേസമയം ചെസ് കളിച്ചു. മൂന്നു വര്‍ഷം മുന്‍പാണിത്.


മരോച്ചാലിന്‍റെ ചെസ് പ്രേമത്തെക്കുറിച്ച് ആളുകളെ അറിയിക്കാനായിരുന്നു ഇങ്ങനെയൊരു പരിപാടി.

പക്ഷേ ആ പരിപാടിയിലൂടെ ഗിന്നസ് കിട്ടുമെന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഏഷ്യന്‍ ഗിന്നസ് റെക്കോഡില്‍ ഇടം കിട്ടിയെന്നു ഉണ്ണികൃഷ്ണന്‍.

“ചെസ് കളിക്കാരുടെ നാട് കാണാന്‍ വിദേശികളും ഇവിടേക്ക് വരാറുണ്ട്. മരോട്ടിച്ചാലിന്‍റെ മുക്കിലും മൂലയിലുമൊക്കെ ചെസ് കളിക്കുന്നവരെ കാണാനാകും. ഇതൊക്കെ കാണാനും അറിയാനുമൊക്കൊണ് വിദേശികള്‍ വരുന്നത്.

“ഏതാനും ദിവസം മുന്‍പ് ജര്‍മ്മനി, ഓസ്ട്രേലിയ, ചെക്കോസ്ലോവ്യാക ഇവിടങ്ങളില്‍ നിന്നൊക്കെയുള്ളവര്‍ ഇവിടെ വന്നിരുന്നു. പിന്നെ ഈ നാട് കാണാനും കൂടിയാണ് അവരൊക്കെ വരുന്നത്.”

ഫോട്ടോ കടപ്പാട് : http://solomon.post-stamps.com/

സ്വന്തം ചിത്രം പതിച്ചൊരു സ്റ്റാമ്പ് ഇല്ലേ… അതേക്കുറിച്ച് പറഞ്ഞില്ലല്ലോ ഇടയ്ക്ക് കയറി ചോദിച്ചു. കേട്ടപ്പാടെ ഉണ്ണി മാമ്മന്‍ പറഞ്ഞു തുടങ്ങി, “സോളമന്‍ ഐലന്‍റ്… അവരുടെ 2017-ലെ സ്പോര്‍ട്സ് സ്റ്റാമ്പ് ഇറക്കിയതിലാണ് എന്‍റെ ചിത്രമുള്ളത്.

“എന്‍റെയും മരോട്ടിച്ചാലിന്‍റെയും ചിത്രമുള്ള രണ്ട് സ്റ്റാമ്പുകളാണ് ആ വര്‍ഷത്തെ സ്പോര്‍ട്സ് സ്റ്റാമ്പ് കാറ്റഗറിയില്‍ അവര്‍ പുറത്തിറക്കിയത്. നാട്ടുകാരെല്ലാം ചെസ് കളിക്കാരായ മാരോട്ടിച്ചാലിനെക്കുറിച്ച് ബിബിസിയിലൊരു വാര്‍ത്ത വന്നിരുന്നു. അതു കണ്ടിട്ടാണ് അവര് സ്റ്റാമ്പ് ഇറക്കിയത്.

“സാധാരണ ചെസ് അസോസിയേഷനില്‍ 25-പേരൊക്കെയോ അംഗങ്ങളുണ്ടാകൂ. പക്ഷേ മരോട്ടിച്ചാലിലെ ചെസ് അസോസിയേഷനില്‍ 700-ലേറെ അംഗങ്ങളുണ്ട്.” ഇതും ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്നു ഉണ്ണികൃഷ്ണന്‍.

തുടങ്ങിയിട്ട് വര്‍ഷം കുറേയായെങ്കിലും ഉണ്ണികൃഷ്ണന്‍റെ ചെസ് ക്ലാസുകള്‍ ഇന്നുമുണ്ട്. വീട്ടിലും വഴിയോരത്തും ചായക്കടയിലും മാത്രമല്ല സ്കൂളുകളിലും ഉണ്ണികൃഷ്ണന്‍ ചെസ് പരിശീലനം നല്‍കുന്നുണ്ട്.

മരോട്ടിച്ചാല്‍ എ യു പി സ്കൂളിലെ കുട്ടികളെയാണിപ്പോള്‍ ചെസ് പഠിപ്പിക്കുന്നത്.  സ്കൂളിലെ മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെയാണ് ചെസ് ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

90 കുട്ടികള്‍ക്കാണ് ചെസ് പരിശീലനം നല്‍കുന്നത്. ചെസിനോട് താത്പ്പര്യമുള്ള കുട്ടികളില്‍ നിന്നു തെരഞ്ഞെടുത്തവരാണിത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ക്ലാസ്. പരിശീലനത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരാള്‍ കൂടിയുണ്ട്.

“ചായക്കട ആരംഭിച്ചിട്ടിപ്പോള്‍ 25 വര്‍ഷം കഴിഞ്ഞു കാണും.” ഹോട്ടലിനെക്കുറിച്ച് ഉണ്ണികൃഷ്ണന്‍. “അന്ന് തൊട്ടേ ഈ ചായക്കടയില്‍ ചെസ് പഠിപ്പിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്.” ഭാര്യ സാവിത്രിയും ഏതുനേരവും ഈ ചെറിയ ചായക്കടയിലുണ്ടാകും.

“ഞങ്ങള്‍ക്ക് ജീവിക്കാനുള്ളത് ഇതില്‍ നിന്നു കിട്ടും. കുറച്ചുപേര‍്ക്ക് ഊണും കൊടുക്കും.

ഫോട്ടോ കടപ്പാട് : http://solomon.post-stamps.com/

സിനിമ കാണാനൊന്നും തിയെറ്ററുകളില്‍ പോകാറില്ലെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് ഉണ്ണികൃഷ്ണന്‍. അഭിനയിക്കുക മാത്രമല്ല ഡബ്ബും ചെയ്തിട്ടുണ്ട്.

“പദ്മരാജന്‍റെ മകന്‍ അനന്തപദ്മനാഭന്‍റെ വേനലിന്‍റെ കളിനീക്കങ്ങള്‍ എന്ന കഥയാണ് സിനിമയാക്കിയത്. മരോട്ടിച്ചാലിനെക്കുറിച്ച് ഓഗസ്റ്റ് ക്ലബ് എന്ന സിനിമയില്‍ പറയുന്നുണ്ട്. ഞാന്‍ മാത്രമല്ല നാട്ടിലെ ചിലരൊക്കെ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.”

ഉണ്ണി മാമ്മന്‍ എന്നൊരു കഥാപാത്രം തന്നെയുണ്ട് ഈ സിനിമയില്‍.

“ഇന്നും കുറച്ചു കൃഷിയുണ്ട്. പണ്ടത്തെ പോലെ നെല്‍കൃഷിയൊന്നും അല്ല. തെങ്ങും വാഴയും പച്ചക്കറിയുമൊക്കെയാണ് ഒരേക്കറില്‍ നട്ടിരിക്കുന്നത്. ഞാനൊറ്റയ്ക്കല്ല, മോനും കൂടി ചേര്‍ന്നാണ് കൃഷിപ്പണിയൊക്കെ ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.

ചായക്കടയും കൃഷിയും ചെസ് കളിയുമൊക്കെയായി ഉണ്ണി മാമ്മനും മരോട്ടിച്ചാലുകാരും ജീവിതം ആഘോഷിക്കുകയാണിപ്പോള്‍.


ഇതുകൂടി വായിക്കാം: കണ്ണൂരിലെ ഈ ഗ്രാമത്തിലെ കു‍ഞ്ഞുചായക്കടയില്‍ ദക്ഷിണേന്‍ഡ്യയിലെ എണ്ണംപറഞ്ഞ എഴുത്തുകാരെത്തുന്നു: വരാന്തയുടെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം