ഒറ്റച്ചാര്‍ജ്ജില്‍ 130km റെയ്ഞ്ചുള്ള ഇ-ബൈക്ക്, ഇലക്ട്രിക് ക്വാഡ് ബൈക്ക്, ഇ-ബസുകള്‍… ഇലക്ട്രിക് വാഹന വിപണി പിടിക്കാന്‍ മുന്‍ സൈനികരുടെ സ്റ്റാര്‍ട്ട് അപ്

ഈ വര്‍ഷം അവസാനത്തോടെ രാജ്യം മുഴുവന്‍ 100 ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ലക്ഷ്യം. ഒപ്പം രാജ്യാന്തര വിപണിയിലും ഇവര്‍ കണ്ണുവെയ്ക്കുന്നു.

“ഏതൊരു ടെക്‌നോളജിയും ആദ്യം പരിചയപ്പെടാനുള്ള ഒരു അവസരം പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്,” റിട്ടയേഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രേരണ ചതുര്‍വേദി പറയുന്നു.

“ഒരു പുതിയ സാങ്കേതിക വിദ്യ–ഉദാഹരണത്തിന് ജി പി എസ് (Global Positioning System) പൊതുജനങ്ങളുടെ ഉപയോഗത്തിനായി എത്തുന്നതിന് വളരെ മുമ്പുതന്നെ അതിന്‍റെ സാങ്കേതിക വിദ്യ സൈനിക ആവശ്യങ്ങള്‍ക്കായാണ് സാധാരണ പ്രയോജനപ്പെടുത്തുന്നത്.”

പ്രേരണയും റിട്ട. കേണല്‍ അജയ് അഹ്‌ലാവത്തും സംരംഭകരാവുന്നതിന് മുമ്പ് തികഞ്ഞ സൈനികരായിരുന്നു. അതുകൊണ്ട് അവര്‍ക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പല സാങ്കേതിക വിദ്യകളും പൊതുജനങ്ങളിലേക്കെത്തുന്നതിന് മുമ്പ് തന്നെ നേരിട്ട് അറിയാനും അവസരം കിട്ടിയിരുന്നു.

പക്ഷേ, പുതിയ സാങ്കേതിക മുന്നേറ്റങ്ങളോടുള്ള ഭ്രമം മാത്രമല്ല അവരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്തിച്ചത്. വിദൂരങ്ങളിലുള്ള കന്‍റോണ്‍മെന്‍റുകളില്‍ കഴിയുന്ന പട്ടാളക്കാര്‍ക്ക് മെച്ചപ്പെട്ട ഗതാഗതമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതുകൂടി അവരുടെ മനസ്സിലുണ്ടായിരുന്നു.

ഇവോലെറ്റിന്‍റെ സ്ഥാപകര്‍: (ഇടത്തുനിന്ന് വലത്തോട്ട്) കേണല്‍ അജയ് അഹ്ലാവത്ത്, സ്ക്വാഡ്രണ്‍ ലീഡര്‍ പ്രേരണാ ചതുര്‍വേദി, കമല്‍ജീത് കടാരിയ

“വിദൂരമായ മേഖലകളിലാണ് ക്യാമ്പ് എങ്കില്‍ സ്വന്തം വണ്ടി ഉപയോഗിക്കുന്ന പട്ടാളക്കാര്‍ക്ക് പെട്രോള്‍ പമ്പിലെത്താന്‍ അഞ്ച് കിലോമീറ്ററെങ്കിലും യാത്ര ചെയ്യേണ്ടി വരും. ഇത്തരം ഗതാഗത പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം വേണമെന്ന് ഞങ്ങള്‍ ആലോചിച്ചു. അധികം വൈകാതെ ഞങ്ങള്‍ അതിലൊരു ബിസിനസ് അവസരം കണ്ടെത്തി,” ഇപ്പോള്‍ ഗുരുഗ്രാം ആസ്ഥാനമായുള്ള ഇവോലെറ്റ്-റിസാലാ ഇലക്ട്രിക് മോട്ടോഴ്‌സിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സി ഇ ഓ-യുമായ പ്രേരണ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പ്രേരണയും അജയും കമല്‍ജീത് കടാറിയയും ചേര്‍ന്നാണ് ഈ സ്ഥാപനം തുടങ്ങുന്നത്.

2019 സെപ്തംബര്‍ 4-ന് സ്ഥാപിതമായ കമ്പനി ഇതിനകം ICAT (The International Centre of Automotive Technology) സര്‍ട്ടിഫിക്കേഷന്‍ നേടിയ ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കളുകളും ലോഞ്ച് ചെയ്തു കഴിഞ്ഞു. ഇതില്‍ കുറഞ്ഞ സ്പീഡുള്ള മോഡലുകളും ഹൈസ്പീഡ് വേരിയന്‍റുകളുമുണ്ട്. ഇവയ്ക്ക് പുറമെ ഇലക്ട്രിക് ബസുകള്‍, ക്വാഡ് ബൈക്കുകള്‍ (ആള്‍ ടെറൈയന്‍ ബൈക്കുകള്‍) എന്നിവയും കമ്പനി ലോഞ്ച് ചെയ്തു.

“ഞങ്ങള്‍ ലോ-സ്പീഡ് സെഗ്മെന്‍റിലാണ് ആദ്യം വില്‍പന തുടങ്ങിയത്. കാരണം, ഈ കാറ്റഗറിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രെജിസ്‌ട്രേഷന്‍ നിര്‍ബന്ധം ഇല്ല. ഇതുവഴി എളുപ്പത്തില്‍ മാര്‍ക്കറ്റിലും കസ്റ്റമേഴ്‌സിലേക്കും എത്താന്‍ കഴിഞ്ഞു. രെജിസ്‌ട്രേഷന്‍റെ കടലാസുപണികള്‍, നമ്പര്‍ പ്ലേറ്റ്…തുടങ്ങി നൂലാമാലകള്‍ ഒഴിവായിക്കിട്ടുന്നതുകൊണ്ട് ഒരു പ്രത്യേക മാര്‍ക്കെറ്റിലേക്ക് കടക്കാന്‍ കഴിഞ്ഞു,” പ്രേരണ വിശദമാക്കുന്നു.

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ടെക്‌നോളജി സൗഹൃദവുമായിരിക്കണം ബൈക്കുകളെന്നും അവര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

ദ് പോണി, പോളോ, ഡെര്‍ബി എന്നീ മോഡലുകളാണ് ലോ-സ്പീഡ് സെഗ്മെന്‍റില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇവ ലിഥിയം അയോണ്‍ ബാറ്ററിയിലും VRLA (Value Regulated Lead-Acid) ബാറ്ററിയിലും പ്രവര്‍ത്തിക്കുന്നു.

പോണി, പോളോ മോഡലുകള്‍ക്ക് തമ്മില്‍ ഡിസൈനില്‍ മാത്രമാണ് കാര്യമായ വ്യത്യാസമുള്ളത്. രണ്ട് ഇ-സ്‌കൂട്ടറുകളും ഒറ്റച്ചാര്‍ജ്ജില്‍ 65 കി.മി വരെ ഓടുമെന്ന് കമ്പനി പറയുന്നു. ഉയര്‍ന്ന സ്പീഡ് 25 കി.മി. ലിഥിയം അയോണ്‍ ബാറ്ററിയാണെങ്കില്‍ പൂര്‍ണമായും ചാര്‍ജ്ജാവാന്‍ രണ്ടര മണിക്കൂര്‍ എടുക്കും. VRLA ബാറ്ററിയാണെങ്കില്‍ അത് അഞ്ച് മണിക്കൂര്‍ വരെയാവും.


ഡെര്‍ബി മോഡലും ഒറ്റച്ചാര്‍ജ്ജില്‍ 65 കിലോമീറ്റര്‍ വരെ പോകും.


ലിഥിയം അയോണ്‍ ബാറ്ററിയാണെങ്കില്‍ നാല് മണിക്കൂറും VRLA ആണെങ്കില്‍ ആറ് മണിക്കൂറുമെടുക്കും പൂര്‍ണമായും ചാര്‍ജ്ജ് ആവാന്‍.

ഈ ഇ-സ്‌കൂട്ടറുകള്‍ക്ക് 44,000 രൂപ മുതല്‍ 65,000 രൂപ വരെയാണ് വില വരുന്നത്.

ഇവയ്ക്ക് പുറമെ, ഇവോലെറ്റ് ഇന്‍ഡ്യ ഇലക്ട്രിക് ബസുകളും നിര്‍മ്മിക്കുന്നുണ്ട്. ഈ ബസുകള്‍ക്ക് ARAI-യൂടെയും ICAT-യുടെയും അനുമതി പത്രങ്ങളും കിട്ടിയിട്ടുണ്ട്.

2020 മാര്‍ച്ച് 31-ഓടെ ഇവോലെറ്റ് അതിന്‍റെ ഹൈസ്പീഡ് മോഡലുകള്‍ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി ഈ മോഡലുകള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

120-130 കിലോമീറ്റര്‍ റേഞ്ചുള്ള ഹൈസ്പീഡ് മോട്ടോര്‍ബൈക്ക് ‘ഹോക്ക്’ ആണ് ഇതിലൊന്ന്. ഈ മോഡല്‍ നൂറ് കിലോമീറ്റര്‍ വരെ വേഗം കൈവരിക്കും.

മറ്റൊന്ന് ‘റാപ്റ്റര്‍’ എന്ന മോഡലാണ്. കാഴ്ചയില്‍ നല്ല ഉറപ്പും ഗാംഭീര്യവുമുള്ള ഈ ഹൈസ്പീഡ് മോഡല്‍ പൊലീസ്, ആംബുലന്‍സ് സര്‍വ്വീസുകള്‍ എന്നീ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ മാറ്റം വരുത്തി നല്‍കാനും കമ്പനിക്ക് പദ്ധതിയുണ്ട്.  ഇത്തരം ഇ-ബൈക്കുകള്‍ 160-170 കി.മി. റേഞ്ച് കിട്ടുന്ന വിധത്തില്‍ ഡബിള്‍ ലിഥിയം അയോണ്‍ ബാറ്ററികളിലാവും പ്രവര്‍ത്തിക്കുക.

കമ്പനി ഒരു ഓഫ്-റോഡര്‍ ക്വാഡ് ബൈക്കും വികസിപ്പിക്കുന്നുണ്ട്. അത് ഫെബ്രുവരിയോടെ ഉല്‍പാദനം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്. ഇതിന് കൂടിയ വേഗത മണിക്കൂറില്‍ 60 കി.മി ആയിരിക്കും 50 കി.മി. റേഞ്ചും കിട്ടും.

“ബാറ്ററികളാണ് ഞങ്ങളുടെ വാഹനങ്ങളുടെ കരുത്ത്. ഞങ്ങള്‍ക്ക് ലിഥിയം അയോണ്‍ ബാറ്ററികളും വി ആര്‍ എല്‍ എ ബാറ്ററികളും ഉണ്ട്. പ്രധാന വെല്ലുവിളിയെന്നത് ഉപഭോക്താക്കളെ മാറ്റത്തിന് പ്രേരിപ്പിക്കുക എന്നതും അവരുടെ വിശ്വാസം നേടുക എന്നതുമാണ്,” പ്രേരണ ദ് ഇകണോമിക് ടൈംസിനോട് പറഞ്ഞു.

“ലിഥിയം അയോണ്‍ ബാറ്ററികളാണ് കൂടുതല്‍ വേഗത്തില്‍ ചാര്‍ജ്ജാവുന്നതും കാര്യക്ഷമത കൂടിയത് എങ്കിലും വിലയുടെ കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ പല ഉപഭോക്താക്കളും കുറഞ്ഞ വിലയുള്ള വി ആര്‍ എല്‍ എ ബാ്റ്ററികള്‍ തെരഞ്ഞെടുക്കുന്നു.”

അതുകൊണ്ട് സാധാരണ ഉപഭോക്താക്കള്‍ക്ക് കമ്പനി രണ്ട് ബാറ്ററികളില്‍ ഏതും തെരഞ്ഞെടുക്കാമെന്ന ഓപ്ഷനും നല്‍കുന്നുണ്ട്. കൂടുതല്‍ ബാറ്ററി ലൈഫ് സൈക്കിളും നൂറ് ശതമാനം സുരക്ഷയും മറ്റും ആഗ്രഹിക്കുന്ന വാണിജ്യ ഉപഭോക്താക്കള്‍ക്കായി മെച്ചപ്പെട്ട ഓപ്ഷനുകള്‍ കമ്പനി നല്‍കും. ഇതില്‍ 2,000 മുതല്‍ 3,000 വരെ ലൈഫ് സൈക്കിള്‍ ലഭിക്കുന്ന ബാറ്ററികളുമുണ്ട്. അതായത് ഇത്തരം ബാറ്ററികള്‍ എട്ട് വര്‍ഷം വരെ കുഴപ്പമൊന്നും കൂടാതെ പ്രവര്‍ത്തിക്കും. കൂടുതല്‍ മെച്ചപ്പെട്ട ലിഥിയം ഫെറോഫോസ്‌ഫേറ്റ് ബാറ്ററികളുടെ ഓപ്ഷനും നല്‍കുമെന്ന് പ്രേരണ വ്യക്തമാക്കുന്നു.

ഈ ബാറ്ററികള്‍ക്കായി ഇവോലെറ്റ് മറ്റൊരു കമ്പനിയെ ആണ് ആശ്രയിക്കുന്നത്.


വളരെപ്പെട്ടെന്ന് തന്നെ കമ്പനി വലിയ തോതില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന നിലയിലേക്ക് വികസിച്ചുകഴിഞ്ഞു.


“ഹരിയാനയിലെ ബിലാസ്പൂരിലുള്ള ഞങ്ങളുടെ 1.4 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഉല്‍പാദനകേന്ദ്രത്തില്‍ നിന്ന് ദിവസവും 380 സ്‌കൂട്ടറുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ആവശ്യത്തിനനുസരിച്ച് ഇത് ദിവസത്തില്‍ 1,180 എന്ന നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയും.

“ഞങ്ങള്‍ക്ക് ചെന്നൈയിലും ഹൈദരാബാദിലും പ്ലാന്‍റുകളുണ്ട്. രണ്ടും കൂടി രണ്ട് ലക്ഷം സക്വയര്‍ഫീറ്റിലധികം വലുപ്പമുണ്ട്. ഇവിടെ ഇലക്ട്രിക് ബസുകളാണ് നിര്‍മ്മിക്കുന്നത്. ഈ പ്ലാന്‍റുകളില്‍ ഞങ്ങള്‍ക്ക് വര്‍ഷത്തില്‍ 1,500 ബസുകള്‍ നിര്‍മ്മിക്കാനാവും,” പ്രേരണ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

കമ്പനി ഇതുവരെയായി 1,500 വാഹനങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ലോഞ്ച് ചെയ്ത് നാലുമാസത്തിനുള്ളില്‍ തന്നെ ഇന്‍ഡ്യന്‍ റോഡുകളില്‍ സാന്നിധ്യമറിയിക്കാനും മഹാരാഷ്ട്ര, യു പി, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, ഹരിയാന ഡെല്‍ഹി എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും സാധിച്ചു.

ഇവോലെറ്റ് ഇന്‍ഡ്യയുടെ നിര്‍മ്മാണ യൂനിറ്റ്

മറ്റ് സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കമ്പനിയുടെ ഫൗണ്ടര്‍മാര്‍ അതിന്‍റെ നിക്ഷേപം പൂര്‍ണമായും സ്വന്തം നിലയ്ക്ക് സംഘടിപ്പിച്ചതാണ്. അതുകൊണ്ട് കമ്പനിക്ക് ഒരു രൂപ പോലും കടമില്ല.

ടൂ-വീലര്‍ ഡിവിഷന് 150 കോടിയും ബസ് ഡിവിഷന് 300 കോടിയുമാണ് പ്രാഥമിക ബജറ്റ് കണക്കാക്കിയിരിക്കുന്നത്. അതില്‍ ഇന്‍ഡ്യ മുഴുവനുമുള്ള ഓപറേഷനും പ്രൊഡക്ഷനുമൊക്കെ ഉള്‍പെടുന്നു. നിക്ഷേപം ശ്രദ്ധയോടെ ഘട്ടംഘട്ടമായി നടത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ രാജ്യം മുഴുവന്‍ 100 ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ലക്ഷ്യം. ഒപ്പം രാജ്യാന്തര വിപണിയിലും ഇവര്‍ കണ്ണുവെയ്ക്കുന്നു. ഏഷ്യ-പെസിഫിക് മേഖലയും മിഡില്‍ ഈസ്റ്റുമാണ് ഇന്‍ഡ്യക്ക് പുറത്ത് ഇവര്‍ നോട്ടമിടുന്ന പ്രധാന മേഖലകള്‍.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ നിരവധി ഇന്‍ഡ്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ പുതിയ സാങ്കേതിക വിദ്യകളും മെച്ചപ്പെട്ട ഫീച്ചറുകളുമായി എത്തുന്നുവെന്നത് വലിയ പ്രതീക്ഷ നല്‍കുന്നു.


ഇതുകൂടി വായിക്കാം: ഒറ്റച്ചാര്‍ജ്ജില്‍ 200km, കിലോമീറ്ററിന് 40 പൈസ മാത്രം ചെലവ്: മുംബൈ കമ്പനിയുടെ വില കുറഞ്ഞ ഇലക്ട്രിക് കാര്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം