എ സിയും ഫാനും വേണ്ട! പൂനെ നഗരത്തിന് നടുവില്‍ മണ്‍വീട് നിര്‍മ്മിക്കുന്ന ദമ്പതികള്‍

“പ്രകൃതിദത്തമായ വസ്തുക്കള്‍ക്ക് അതിന്‍റേതായ സൗന്ദര്യമുണ്ട്. അത് ഫാക്ടറിനിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം വെയ്ക്കാനാവാത്തതാണ്. അനന്യമായ ഒരു വീട്ടിലാണ് താമസിക്കുന്നതെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകും.”

നാല് മാസം കൂടി കഴിഞ്ഞാല്‍ അന്‍വിത് പാഥക്കിന്‍റെയും ഭാര്യ നേഹയുടെയും വീട് പണിപൂര്‍ത്തിയായി താമസിക്കാറാകും. പൂനെ നഗരത്തിലാണ് അവരുടെ രണ്ടുനില വീട് ഉയരുന്നത്–ഒരു മണ്‍വീട്.

“ഞങ്ങള്‍ക്ക് ഒരു പ്ലോട്ട് ഉണ്ടായിരുന്നു. വീടുപണിയാന്‍ ആലോചിച്ചപ്പോള്‍ മണ്‍വീടുകളെക്കുറിച്ചും കേട്ടറിഞ്ഞു. പല നല്ല കാര്യങ്ങളും മനസ്സിലാക്കി-ശ്വസിക്കുന്ന ചുമരുകള്‍, കുറഞ്ഞ മെയിന്‍റനന്‍സ്, പ്രകൃതിദത്തമായ വസ്തുക്കളുടെ ഉപയോഗം അങ്ങനെയങ്ങനെ. ഒരു പ്രമുഖ ആര്‍കിടെക്റ്റ് മണ്‍വീടുകളെപ്പറ്റി വിശദമായി സംസാരിക്കുന്നത് കേട്ടതോടെ എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു,” പൂനെയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയ അന്‍വിത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

മണ്‍വീടുകളിലും പ്രകൃതിസൗഹൃദവീടുകളിലും ആളുകള്‍ കൂടുതലായി താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലരും മണ്‍വീടുകള്‍ ഫാംഹൗസുകളായോ വല്ലപ്പോഴും ചെന്ന് താമസിക്കാനുള്ള വേനല്‍ക്കാല വീടുകളായോ ഒക്കെയാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ അന്‍വിതിനെയും നേഹയേയും സംബന്ധിച്ച് ആ വീട് അവരുടെ സ്വപ്‌നം തന്നെയായിരുന്നു.

അന്‍വിത പാഥക്കും നേഹയും പണിതുകൊണ്ടിരിക്കുന്ന വീടിന് മുന്നില്‍

“ഞങ്ങള്‍ക്ക് പൂനെയുടെ നഗരത്തിരക്കിന് നടുവിലായിത്തന്നെ നിര്‍മ്മിക്കണമായിരുന്നു. മണ്‍വീടെന്ന ആശയം പറഞ്ഞപ്പോള്‍ തന്നെ അധികം പേരും കളിയാക്കി. പക്ഷേ, ഞങ്ങള്‍ സീരിയസ് ആയിരുന്നു. ഞങ്ങള്‍ നന്നായി ഗവേഷണം നടത്തുകയും ചെയ്തു,” അന്‍വിത് പറഞ്ഞു.

അവര്‍ അനുജ്ഞ നൂതന്‍ ധ്യാനേശ്വര്‍ എന്ന ആര്‍കിടെക്റ്റിനെ സമീപിച്ചു. അനുജ്ഞ നേരത്തെ മൂന്ന് മണ്‍വീടുകള്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി പണിതിരുന്നു.

മണ്‍വീട് വെയ്ക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ നന്നായി ഗവേഷണം നടത്തിയ അന്‍വിതിനേയും നേഹയേയും പുകഴ്ത്തിക്കൊണ്ടാണ് അനുജ്ഞ സംസാരിച്ചുതുടങ്ങിയത്. “മണ്‍വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ ട്രെയിനിങ്ങ് നേടിയിട്ടുള്ളവരെ തിരയുന്നതിനിടയിലാണ് അവര്‍ എന്നെത്തേടിയെത്തുന്നത്. എന്നാല്‍ അവര്‍ മറ്റ് നിരവധി ആര്‍കിടെക്റ്റ്‌സുമായും പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിക്കുന്നവരുമായുമൊക്കെ സംസാരിച്ച് ഇത്തരം വീടുകളെക്കുറിച്ച്  നല്ല ധാരണ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.

“ഈ വീടുകളുടെ ഗുണദോഷങ്ങളും ഇങ്ങനെയുള്ള വീടുകളില്‍ താമസിക്കുമ്പോള്‍ വരുത്തേണ്ട ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു.”

വീടിനുള്ളില്‍

അനുജ്ഞ തുടരുന്നു.”എല്ലാ ലിവിങ് സ്‌പേസും ഭാരം താങ്ങുന്ന സ്ട്രക്ചറുകളും ഉണ്ടാക്കിയിരിക്കുന്നത് വെയിലത്തുണക്കിയെടുത്ത മണ്‍കട്ടകള്‍ കൊണ്ടാണ്. കളിമണ്ണും വൈക്കോലും മാത്രമേയുള്ളൂ ഇതില്‍. ചുമരുകളില്‍ വരുന്ന ഭാരം താങ്ങാന്‍ മാത്രം ഞങ്ങള്‍ ആര്‍ സി സി ബീം ഉപയോഗിച്ചിട്ടുണ്ട്. തറ കല്ലും മണ്ണും കൊണ്ടാണ്. മേല്‍ക്കൂര മരവും മുളയും മാംഗ്ലൂര്‍ ടൈലും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.”

സിമെന്‍റ് ഉപയോഗിച്ചിരിക്കുന്നത് തറയ്ക്ക് മുകളില്‍ ഇഷ്ടികച്ചുമര് തുടങ്ങുന്നതിനിടയിലാണ്. വാതിലിനും ജനലുകള്‍ക്കും മുകളിലായി കോണ്‍ക്രീറ്റ് ബാന്‍റ് വെച്ചിട്ടുണ്ട്. ഇതും ഭാരം സമമായി ചുമരുകളിലേക്ക് വീതിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ്.

“ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വാതിലിനും ജനലുകള്‍ക്കും വലിയ സ്‌പേസ് കൊടുക്കാന്‍ കഴിഞ്ഞു. ഇതൊരു സിമെന്‍റ് രഹിത നിര്‍മ്മാണമല്ല. എന്നാല്‍ ഒരുപാട് സിമെന്‍റ് ഒഴിവാക്കാനും ഫാക്ടറി നിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനും ശ്രദ്ധിച്ചു.”

മണ്‍വീടാണെങ്കിലും ഏറ്റവും പുതിയ ഡിസൈനും എല്ലാവിധ സൗകര്യങ്ങളും ചേര്‍ന്ന ഒരു വീടാണിത്. ടോയ്‌ലെറ്റുകള്‍ ചുട്ട ഇഷ്ടികയും സിമെന്‍റും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അന്‍വിത പാഥക്കും നേഹയും പണിതുകൊണ്ടിരിക്കുന്ന വീടിന് മുന്നില്‍

ഇഷ്ടികപ്പണി റാറ്റ് ട്രാപ് ബോണ്ട് ശൈലിയിലാണ് നടത്തിയിരിക്കുന്നത്. വാസ്തുവിദ്യയുടെ ഗാന്ധി എന്നറിയപ്പെടുന്ന ലാറി ബേക്കര്‍ ആണ് ഈ ശൈലി വികസിപ്പിച്ചെടുത്തത്. സാധാരണ തിരശ്ചീനമായി ഇഷ്ടിക വെച്ച് പടുക്കുന്നതിന് പകരമായി ഇഷ്ടിക കുത്തനെ നിര്‍ത്തുന്നു. അങ്ങനെ വരുമ്പോള്‍ ചുവരിനകത്ത് ഒരു ഒഴിഞ്ഞ സ്‌പേസ് ഉണ്ടാവുന്നു. ലാറി ബേക്കര്‍ വ്യാപകമായി ഉപയോഗിച്ച ഈ ശൈലി ഇഷ്ടികച്ചെലവ് കുറയ്ക്കുകയും വീടിനുള്ളിലെ താപനിലയിലും കാര്യമായ വ്യത്യാസമുണ്ടാക്കുകയും ചെയ്യും.

അന്‍വിതിന്‍റെയും നേഹയുടെയും വീട് മൂന്ന് ബെഡ്‌റൂമുകള്‍ ഉള്ള രണ്ട് നില കെട്ടിടമാണ്.

“മണ്‍ചുവരുകള്‍ വീടിനുള്ളില്‍ വലിയ സുഖം നല്‍കുന്നുണ്ട്. സാധാരണ വീതി കുറഞ്ഞ ചുവരുകളെ അപേക്ഷിച്ച് തണുപ്പ് കാലത്ത് ഇതിനുള്ളില്‍ ആവശ്യത്തിന് ചൂടുണ്ടാവും ചൂടുകാലത്ത് തണുപ്പും. എന്‍റെ ക്ലയന്‍റ്സിനറിയാം ചുവരുകള്‍ സാധാരണത്തേക്കാള്‍ കനം (ഒന്നരയടി കനം) കൂടിയതായിരിക്കുമെന്ന്,” അനുജ്ഞ പറയുന്നു.

വീടിനുള്ളില്‍

ഏത് വേനല്‍ക്കാലത്തും ഈ വീടിനുള്ളില്‍ ഫാനോ എ.സിയോ ഇല്ലാതെ കഴിയാമെന്ന് അനുജ്ഞ ഉറപ്പിച്ചുപറയുന്നു. ജീവിതകാലം മുഴുവനും എസിയും ഫാനുമായി പൊരുത്തപ്പെട്ടവര്‍ക്ക് സ്വാഭാവികമായ താപനിലയുമായി പൊരുത്തപ്പെടാന്‍ അല്‍പം സമയം എടുക്കുമായിരിക്കുമെന്ന് മാത്രം.

അല്ലെങ്കിലും പൂനെയില്‍ കടുത്ത വേനലില്‍ സീലിങ്ങ് ഫാന്‍ കൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്ന് അനുജ്ഞ പറയുന്നു. മുകളിലുള്ള ചൂടുപിടിച്ച വായു ഇ്ങ്ങനെ മുറിക്കുള്ളില്‍ കറങ്ങിക്കറങ്ങിനില്‍ക്കും, അത്രതന്നെ. സാധാരണ ടേബിള്‍ ഫാനോ മറ്റോ ജനലിനടുത്ത് കൊണ്ടുവെച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ പിന്നെയും അല്‍പം ആശ്വാസം ഉണ്ടാകുമെന്ന് മാത്രം.

പ്രകൃതിദത്ത നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മറ്റൊരു മാറ്റം കൂടിയുണ്ട്. സിമെന്‍റ്, കമ്പി പോലുള്ള ഫാക്ടറി നിര്‍മ്മിത വസ്തുക്കള്‍ക്കുള്ള ചെലവ് വളരെയേറെ കുറയും, പണിക്കാരുടെ വരുമാനം കൂടും.

“ഒരു സാധാരണവീട് ഉണ്ടാക്കുമ്പോള്‍ 80% ചെലവും നിര്‍മ്മാണവസ്തുക്കള്‍ക്കാണ്. അതായത് നൂറു രൂപ ചെലവാകുമ്പോള്‍ അതില്‍ 80 രൂപയും സ്റ്റീല്‍-സിമെന്‍റ് കമ്പനികള്‍ കൊണ്ടുപോകുന്നു. 20 രൂപ മാത്രമേ പണിക്കാര്‍ക്ക് കിട്ടുന്നുള്ളൂ. എന്നാല്‍ പ്രകൃതിസൗഹൃദവീടുകളില്‍ ഇത് നേരെ തിരിച്ചാണ്. നൂറില്‍ 80 രൂപയും നിങ്ങള്‍ ചെലവാക്കുന്നത് മേസ്തിരിമാര്‍ക്കും കല്‍പണിക്കാര്‍ക്കും ആശാരിപ്പണിക്കാര്‍ക്കുമാണ്. 20 രൂപ മാത്രമേ നിര്‍മ്മാണ വസ്തുക്കള്‍ക്ക് ചെലവാകുന്നുള്ളൂ,” അനുജ്ഞ പറയുന്നു.

ഇതിനെല്ലാം പുറമെ, മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. “പ്രകൃതിദത്തമായ വസ്തുക്കള്‍ക്ക് അതിന്‍റേതായ സൗന്ദര്യമുണ്ട്. അത് ഫാക്ടറിനിര്‍മ്മിത വസ്തുക്കള്‍ക്ക് പകരം വെയ്ക്കാനാവാത്തതാണ്. അനന്യമായ ഒരു വീട്ടിലാണ് താമസിക്കുന്നതെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകും.”

അന്‍വിതും നേഹയും വലിയ ആവേശത്തിലാണ്. “ശ്വസിക്കുന്ന ചുമരുകളുള്ള പ്രകൃതി സൗഹൃദ വീട്ടില്‍ താമസിക്കുകെന്നത് തികച്ചും വ്യ്ത്യസ്തമായ അനുഭവമായിരിക്കും. ഞങ്ങള്‍ക്ക് ഭിത്തിയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനുണ്ടാവില്ല. ഞങ്ങളുടെ കുട്ടികള്‍ ഒരു റൂം ഷെയര്‍ ചെയ്യും, കാരണം ഈ വീട് ഇനി വലുതാക്കാന്‍ കഴിയില്ല. ചുമരില്‍ നിന്ന് ഒന്നും തൂക്കിയിടില്ല. വീട്ടിനുള്ളില്‍ ഒരു മണ്ണ്-ലുക്ക് ഉണ്ടാവുമെങ്കിലും നേരെ മുകളിലേക്ക് നോക്കിയാല്‍ അതിഗംഭീരമായ സ്‌കൈലൈറ്റ് കിട്ടും!”

മണ്‍വീട്ടിലേക്ക് മാറുന്നതോടെ ഏത് തരം ജീവിതശൈലീ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് വീട്ടുകാര്‍ക്ക് നല്ല നിശ്ചയമുണ്ടെന്ന് അന്‍വിത് കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം