ഒഡിഷയിലെ ഒരു ആദിവാസി ഗ്രാമത്തില്‍ നിന്നാണ് സാധനാ നായിക്ക് തിരുവനന്തപുരത്തെ വെള്ളായണിയിലെത്തുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ശരീരത്തിലും മനസ്സിലുമേറ്റ മുറിവുകള്‍ ഒരുപാടുണ്ട് സാധനയ്ക്ക് പറയാന്‍.
അടുത്ത സുഹൃത്തിന്‍റെ സഹോദരനില്‍ നിന്നും ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി സാധന. തുടര്‍ന്ന് അയാളെത്തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിതയായി.
അവിടെയും അവസാനിച്ചില്ല. പിന്നെയും വര്‍ഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങള്‍.
അവളുടെ ദുരിതം ആ വിവാഹം കൊണ്ടവസാനിച്ചില്ല. വിവാഹശേഷം ഭര്‍ത്താവിന് ഒരു അപകടത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഈ സമയത്ത് സാധന ഒരു സ്‌കൂളില്‍ അധ്യാപികയായും ഒരു എന്‍ ജി ഒ യില്‍ ആരോഗ്യപ്രവര്‍ത്തകയായും തൊഴിലെടുത്താണ് കുടുംബത്തെ പോറ്റിയത്.
അപകടത്തില്‍ നിന്നും മോചിതനായപ്പോള്‍ ഭര്‍ത്താവ് സാധനയെ തുടര്‍ന്ന് ജോലിയ്ക്കു വിടാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ജോലി കളയാന്‍ അവള്‍ തയ്യാറായില്ല.
അതോടെ പീഡനങ്ങള്‍ പിന്നെയും കൂടിവന്നു.
എല്ലാ ദിവസവും അവള്‍ ശാരിരികവും മാനസികവുമായ അക്രമത്തിനിരയായി. ചില ദിവസങ്ങളില്‍ കഴിയ്ക്കാന്‍ ഭക്ഷണം പോലും കൊടുത്തില്ല.
ഒരു ദിവസം, കൂടെ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് അവളെ ക്രൂരമായി അപമാനിച്ചു.
അന്നവള്‍ ഒരുറച്ച തീരുമാനം എടുത്തു: മതി, ഇത് ഇതോടെ അവസാനിപ്പിക്കണം.
എല്ലാ ധൈര്യവും സംഭരിച്ച് മൂന്നു വയസുകാരന്‍ മകനെയുമെടുത്തു പുറത്തേയ്ക്കു കടന്നു. അന്നു മുതല്‍ അവള്‍ക്കും മകനും അവളെപ്പോലെ പീഡനങ്ങളനുഭവിക്കുന്ന അനേകം സ്ത്രീകള്‍ക്കും വേണ്ടി സാധന പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
പക്ഷേ, വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു ആദിവാസി ഗ്രാമത്തില്‍ നിന്ന് വരുന്ന സാധനയ്ക്ക് എങ്ങനെ മുന്നോട്ടുപോകണം, ഒരു സംഘടന എങ്ങനെ നയിക്കണം എന്നൊന്നും വലിയ അറിവുണ്ടായിരുന്നില്ല.
അങ്ങനെയാണ് സാധന തിരുവനന്തപുരം വെള്ളായണി കായല്‍ത്തീരത്തെ കാന്താരിയില്‍ എത്തുന്നത്.
അവിടെ ലോകത്തെ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു. അവളെപ്പോലെ, ഒരു പക്ഷേ, അതിനേക്കാള്‍ മോശം പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവര്‍, ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍…അവര്‍ക്കെല്ലാം പക്ഷേ, ഒരു ലക്ഷ്യം ഉണ്ടായിരുന്നു. സമൂഹത്തില്‍ മാറ്റത്തിന്‍റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയെന്ന വലിയ ലക്ഷ്യം.
കാന്താരിയിലെ ഏഴു മാസത്തെ സൗജന്യ പരിശീലനം സാധനയ്ക്ക് കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള കരുത്ത് നല്‍കി. കാന്താരിയില്‍ നിന്നുവിട്ട് ഒഡിഷയില്‍ തിരിച്ചെത്തിയ സാധന ഗാര്‍ഹിക പീഡനത്തിനിരയാകുന്ന ആദിവാസി സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കാന്താരിയില്‍ പരിശീലനം നേടിയ 206 പേരില്‍ ഒരാളാണ് സാധന. പങ്കാളിയെ കൊന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കെ ആര്‍ രാജ, അച്ഛനും അമ്മയും സഹോദരിയും എയ്ഡ്സ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുകയും തുടര്‍ന്ന് എച്ച് ഐ വി ബാധിതര്‍ക്കിടയില്‍ എന്‍ ജി ഒ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന കെനിയന്‍ സ്വദേശി കെവിന്‍ ഒഡേറ, കേരളത്തിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഗോത്രതാള’ത്തിന്‍റെ മിനി അങ്ങനെ എത്രയെത്ര പേര്‍ കാന്താരിയുടെ സാബ്രിയെ ടെന്‍ബെര്‍കെനോടും പോളിനോടും നന്ദി പറയുന്നുണ്ട്.
സാബ്രിയെയുടെ കഥ, പോളിന്‍റെയും
ജര്‍മ്മന്‍ സ്വദേശിനിയായ സാബ്രിയെ ടെന്‍ബെര്‍കനും സുഹൃത്ത് നെതര്‍ലണ്ട് സ്വദേശി പോള്‍ ക്രോണന്‍ബര്‍ഗുമാണ് കാന്താരിയുടെ സ്ഥാപകര്‍. അവര്‍ തിരുവനന്തപുരത്തെ വെള്ളായണിയിലെത്തി ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുന്നതിന് പിന്നിലൊരു നീണ്ട കഥയുണ്ട്.
ആ കഥ വേണമെങ്കില്‍ തിബറ്റില്‍ നിന്ന് തുടങ്ങാം. അതല്ലെങ്കില്‍ കുറെക്കൂടി പിന്നോട്ടുപോയി ജര്‍മ്മനിയിലെ കൊളോണില്‍ നിന്നുമാവാം.
ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
“പെട്ടെന്നുള്ള അപകടങ്ങള്‍ ചിലപ്പോള്‍ ഒരാളുടെ ജീവിതം ആകെ മാറ്റിമറിച്ചേക്കാം. എന്നാല്‍ സാബ്രിയെ ടെന്‍ബെര്‍കറിന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ചുറ്റുമുള്ള കണ്ണുകാണാത്തവര്‍ ഉള്‍പ്പടെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവരുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നതിനുള്ള പ്രചോദനാത്മകമായ ഒരു യാത്ര ആരംഭിക്കുകയാണ് ചെയ്തത്,” സാബ്രിയെയുടെ ജീവിതത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഭരത് ഡോഗ്ര കുറിച്ചതിങ്ങനെയായിരുന്നു.
”ജര്‍മ്മനിയിലെ കൊളോണിലാണ് ഞാന്‍ ജനിച്ചത്. നന്നേ ചെറുപ്പത്തിലെ റെറ്റിനയില്‍ അസുഖം ബാധിച്ചു. ക്രമേണ എന്‍റെ കാഴ്ച ശക്തി പൂര്‍ണമായും ഇല്ലാതായി. പന്ത്രണ്ട് വയസില്‍ പൂര്‍ണമായും കാഴ്ചയില്ലാതായി,”സാബ്രിയെ ദ് ബെറ്റര്‍ ഇന്‍ഡ്യ വായനക്കാരോട് ജീവിതകഥ ചുരുക്കിപ്പറയുന്നു.
“പക്ഷെ പൂര്‍ണമായും കാഴ്ച ശക്തി നഷ്ടപ്പെടും മുന്‍പേ എന്‍റെ മാതാപിതാക്കള്‍ എന്നേയും കൊണ്ട് ലോകമെമ്പാടും സഞ്ചരിച്ചു. ആ യാത്രകള്‍ എന്‍റെ മനസിലേക്കാഴ്ന്നിറങ്ങിയിരുന്നു. ഈ ലോകത്തിന്‍റെ ദൃശ്യങ്ങള്‍, ആ മാസ്മരികത എല്ലാം ഞാന്‍ അന്നേ കഴിയുന്നത്ര ഹൃദയത്തില്‍ നിറച്ചിരുന്നു,” കാഴ്ച പൂര്‍ണമായും മറയും മുന്‍പേ മാതാപിതാക്കള്‍ തുറന്നിട്ട വിശാല ലോകത്തെപ്പറ്റി സാബ്രിയെ വിവരിച്ചു.
”പക്ഷെ അന്ധയായ ഞാന്‍ പലപ്പോഴും മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അതെന്നെ കൂടുതല്‍ ദുഖിതയാക്കി. ഞാന്‍ എന്നിലേക്കുതന്നെ വലിഞ്ഞു. പക്ഷെ മാറ്റിനിര്‍ത്തപ്പെടലുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാനുള്ള ശ്രമം ഞാനാരംഭിച്ചു.
“കറുപ്പിനഴക് എന്ന ചൊല്ല് എന്‍റെ മനസിനെ കൂടുതല്‍ ശക്തമാക്കി. അത് എന്നെ ഏറെ പ്രചോദിപ്പിച്ചു. ജീവിതത്തിലേക്ക് കടന്നുവന്ന ഇരുട്ടിനെ പ്രകാശമുള്ളതാക്കി മാറ്റി മറ്റുള്ളവര്‍ക്ക് വേണ്ടി മനോഹരമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണമെന്ന് ഞാന്‍ കൂടുതല്‍ ആഗ്രഹിച്ചു.
അന്ധത എന്നെ ഒരിടത്തു തളച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു മൂലയിലിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചതുമില്ല.
“എന്നാലാവും വിധം ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അതിന് വൈകല്യം ഒരു തടസമാകരുതെന്നും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചു,” സാബ്രിയെ മനസ്സുതുറന്നു.
സ്‌കൂള്‍ പഠനത്തിനു ശേഷം സാബ്രിയെ ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് മദ്ധ്യേഷ്യന്‍ പഠനങ്ങളില്‍ ബിരുദമെടുത്തു. തുടര്‍ന്ന് മംഗോളിയന്‍, ചൈനീസ്, ടിബറ്റന്‍ എന്നീ ഭാഷകളും സാമൂഹ്യ ശാസ്ത്രം, തത്വശാസ്ത്രം എന്നിവയിലും തുടര്‍ വിദ്യാഭ്യാസം നേടി.
തിബറ്റില്‍ അതിരുകളില്ലാത്ത സേവനം
”പക്ഷെ എന്‍റെ പ്രതിസന്ധികളൊന്നും അവിടെ തീര്‍ന്നില്ല. തിബറ്റന്‍ ഭാഷ പഠിക്കുന്നതിന്‍റെ ഭാഗമായി എനിക്ക് ബ്രയില്‍ ലിപി ഉപയോഗിക്കണമെന്നായിരുന്നു. പക്ഷെ തിബറ്റില്‍ അന്ന് ബ്രയില്‍ ലിപി വികസിപ്പിച്ചിരുന്നില്ല. അതുവരെ തിബറ്റില്‍ ആരും അങ്ങനെ ഒരാവശ്യം ഉന്നയിച്ചിരുന്നില്ല. കാരണം അന്ധത കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപത്തിന്‍റെ ഫലമായി കാണുന്ന ആളുകളായിരുന്നു അവിടെ.
അന്ധരായവരെ വീടിനുള്ളില്‍ തളച്ചിടുക എന്ന സമ്പ്രദായമാണ് അതുവരെ തിബറ്റില്‍ പിന്‍തുടര്‍ന്നു വന്നിരുന്നത്.
“മാത്രമല്ല ആവശ്യക്കാരില്ലാതിരുന്നതിനാല്‍ തിബറ്റന്‍ ഭാഷ പഠിക്കാന്‍ ഒരു മാര്‍ഗ്ഗങ്ങളും ഇല്ലായിരുന്നു. അങ്ങനെ തിബറ്റന്‍ ഭാഷ പഠിക്കുന്നതിനു വേണ്ടി ഞാന്‍ തന്നെ ബ്രയില്‍ ലിപി വികസിപ്പിച്ചെടുത്തു. 1992-ലായിരുന്നു അത്,” സാബ്രിയെ പറയുന്നു.
സാബ്രിയെ വികസിപ്പിച്ചെടുത്ത ടിബറ്റന്‍ ബ്രയില്‍ ലിപി പിന്നീട് കാഴ്ചയില്ലാത്ത ആളുകള്‍ക്ക് ടിബറ്റന്‍ ഭാഷ എഴുതാനുള്ള സമ്പ്രദായമായി അംഗീകരിക്കപ്പെട്ടു.
എന്നാല്‍ തിബറ്റന്‍ ബ്രയില്‍ ലിപിയോടെ സാബ്രിയെ ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല. സാബ്രിയെ ഒറ്റയ്ക്ക് തിബറ്റിലേക്ക് യാത്ര തിരിച്ചു. ആ രാജ്യത്ത് അന്ധര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരിട്ടറിയാനായിരുന്നു സാബ്രിയെയുടെ യാത്ര. പിന്നീട് ജര്‍മ്മനിയിലേക്ക് തിരികെ പോയ അവര്‍ വലിയൊരു പദ്ധതിയുമായി 1997-്ല്‍ ആ ഹിമാലയന്‍ രാഷ്ട്രത്തില്‍ തിരിച്ചെത്തി.
“അന്ധതയുടെ പേരില്‍ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയ തിബറ്റിലെ ആളുകള്‍ക്കായി ഞാന്‍ അവിടെ ഒരു അന്ധവിദ്യാലയം (ഒരു പ്രിപ്പറേറ്ററി സ്‌കൂള്‍) ആരംഭിച്ചു. ഒരു സമൂഹത്തിന്‍റെ കാഴ്ചപ്പാട് വളരെ പെട്ടെന്നു മാറ്റാന്‍ എളുപ്പമല്ലല്ലോ… സ്‌കൂളിലേക്ക് വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ കുട്ടികളെ വിട്ടത്. അഞ്ചു കുഞ്ഞുങ്ങളാണ് ആദ്യം എത്തിയത്. പിന്നെ വളരെയേറെ പ്രതിസന്ധികളും. എങ്കിലും പിടിച്ചുനിന്നു. മാത്രമല്ല ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്നു പറയാം,” തിബറ്റില്‍ സ്‌കൂള്‍ തുടങ്ങാനും നടത്താനുമായി അഞ്ചു വര്‍ഷം സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സാബ്രിയെ പറയുന്നു.
”എല്ലാ പ്രദേശങ്ങളിലേയും പോലെ തന്നെ തിബറ്റിലും അധികാരികളുടെ അനാവശ്യവും സംശയത്തോടുകൂടിയുള്ളതുമായ ഇടപെടലുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്കിടയിലാണ് എനിക്കൊരു കൈ സഹായമായി റെഡ് ക്രോസ് പ്രവര്‍ത്തകനും എന്‍ജിനിയറുമായ പോള്‍ ക്രോണന്‍ബര്‍ഗ് എത്തുന്നത്. അതൊരു നിമിത്തമായിരുന്നു. ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേര്‍ ഒരു പ്രവര്‍ത്തനമണ്ഡലത്തിലെത്തുകയായിരുന്നു,” സാബ്രിയെ തുടരുന്നു.
ഇതുകൂടി വായിക്കാം: പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും
തുടര്‍ന്ന് 2002 ആയപ്പോഴേക്കും തിബറ്റില്‍ സ്ഥാപിച്ച ബ്രയില്‍ സ്‌കൂളിന്‍റെ പേര് ബ്രെയിലി വിത്തൗട് ബോര്‍ഡേഴ്സ് (അതിരുകളില്ലാത്ത ബ്രെയിലി) എന്നാക്കി മാറ്റി. വിദ്യാലയത്തിനു പുറമെ തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിച്ചു..
തിബറ്റില്‍ സ്ഥാപിച്ച ബ്രയില്‍ സ്‌കൂള്‍ പ്രശസ്തിയിലേക്കുയര്‍ന്നതോടെ സാബ്രിയെയെത്തേടി നിരവധി പുരസ്‌ക്കാരങ്ങളൊക്കെ എത്തി. ഒപ്പം സ്‌കൂള്‍ മാധ്യമശ്രദ്ധയും പിടിച്ചു പറ്റി. അക്കാലത്തു തന്നെ സാബ്രിയെയും പോളും ചേര്‍ന്ന് കാഴ്ചയില്ലാത്തവര്‍ക്കായി പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുന്നതിനും മൃഗപരിപാലനത്തിനുമായി ഒരു പദ്ധതിയും തുടങ്ങിയിരുന്നു.
ഹിമാലയത്തില്‍ നിന്നും കായലോരത്തേക്ക്
“അക്കാലത്താണ് ന്യൂയോര്‍ക്ക് ടൈംസിന് ഞങ്ങളൊരു അഭിമുഖം നല്‍കുന്നത്. എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ ഒരു സ്ഥലം കണ്ടെത്തേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു,” സാബ്രിയെ തുടരുന്നു.
“ആ അഭിമുഖത്തിലാണ് കാന്താരിയെ കുറിച്ചുള്ള ആദ്യ ചിന്തകള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നത്. അതായത് സ്വന്തം ജീവിതത്തിലെ ഗുരുതരമായ പ്രതിസന്ധികളെ അതിജീവിച്ചവരെ ഒരിടത്തേക്ക് എത്തിക്കാന്‍ കഴിയണം. മാത്രമല്ല അവര്‍ക്ക് ആവശ്യമായ പരിശീലനവും മറ്റ് പിന്തുണകളും നല്‍കി സമാന പ്രതിസന്ധികളനുഭവിക്കുന്നവരെ ജീവിതത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാന്‍ കഴിയണം. അതായിരുന്നു ഈ പരിശീലന പരിപാടിയിലൂടെ ഞങ്ങള്‍ ആഗ്രഹിച്ചത്.
മാത്രമല്ല സൗത്ത് ഇന്‍ഡ്യയിലെവിടെയെങ്കിലും ഒരു നേതൃത്വ പരിശീലന കേന്ദ്രം തുടങ്ങണമെന്നും ഞാന്‍ പറഞ്ഞിരുന്നു.
“എന്‍റെ അഭിമുഖം കാണാനിടയായ നെടുമങ്ങാട് സ്വദേശിയും ബിസിനസുകാരനുമായ നവീന്‍ രാമചന്ദ്രനാണ് എന്നേയും പോളിനേയും തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ഞങ്ങള്‍ ഇവിടെയെത്തി. അദ്ദേഹത്തിന്‍റെ ഒപ്പം പല സ്ഥലങ്ങളും തേടി. ആ സമയത്താണ് രാജാ ഭദ്രേഷും, അജിത് കുമാറും ഞങ്ങള്‍ക്കൊപ്പമെത്തുന്നത്. പലയിടങ്ങള്‍ തേടിയെങ്കിലും വെള്ളായണിക്കായലിന്‍റെ തീരത്തുള്ള ഈ സ്ഥലം ഞങ്ങള്‍ക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ വിഭാവനം ചെയ്യുന്ന സ്ഥാപനം ഇവിടെ തുടങ്ങാന്‍ തന്നെ തീരുമാനിച്ചു,”സാബ്രിയെ ഓര്‍ക്കുന്നു.
അങ്ങനെ പോളും സാബ്രിയെയും കായല്‍ തീരത്ത് കാന്താരി-ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ വിഷനറീസ് സ്ഥാപിച്ചു. 2009-ലായിരുന്നു അത്. ഒരു രാജ്യാന്തര നേതൃത്വ/സംരംഭക പരിശീലന കേന്ദ്രം.
വെള്ളായണിക്കായല്‍ക്കരയില്‍ രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് കാന്താരിയുടെ ആസ്ഥാനം. അവിടെത്തന്നെയാണ് സാബ്രിയെയും ചാരുവും (സാബ്രിയെയുടെ വളര്‍ത്തുനായ) പോളും താമസിക്കുന്നത്.
വിവിധരാജ്യങ്ങളില്‍ നിന്ന് പരിശീലനത്തിനായി എത്തുന്നവര്‍ക്ക് താമസിച്ചു പഠിക്കാന്‍ ലാറി ബെക്കര്‍ മോഡലില്‍ പണികഴിപ്പിച്ച മനോഹരമായ കെട്ടിടങ്ങളുണ്ട് കാമ്പസില്‍. നല്ല കാറ്റും വെളിച്ചവും കടക്കുന്ന ജീവനുള്ള കെട്ടിടങ്ങള്‍. കായലില്‍ നിന്നുള്ള കാറ്റ് ഇഷ്ടം പോലെ… കാന്താരിയെ ഒരു ഹരിത ക്യാമ്പസാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ക്യാമ്പസിനുള്ളില്‍ പച്ചക്കറി കൃഷിയും മീന്‍ കൃഷിയും നടത്തുന്നുണ്ട്. ഇവിടെ ആവശ്യമായ വൈദ്യുതിയുടെ വലിയൊരളവും സൗരോര്‍ജ്ജത്തില്‍ നിന്നുല്‍പാദിപ്പിക്കുന്നു.
“ഈ കായല്‍ തീരം, ഇതിന്‍റെ പോസീറ്റീവ് എനര്‍ജ്ജി അങ്ങനെ ഈ സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു. മാത്രമല്ല തിരുവനന്തപുരം ഒരു സ്പ്രിംഗ് ബോര്‍ഡു(കുതിച്ചു ചാടുവാന്‍ വഴക്കമുള്ള പലക) പോലെയാണ്. നമുക്ക് ഇവിടെ നിന്ന് എവിടേക്കു വേണമെങ്കിലും ചാടാം. ഞങ്ങളുടെ പരിശീലനത്തിന്‍റെ ഉദ്ദേശ്യവും അത്തരത്തിലൊന്നു തന്നെയാണല്ലോ,” സാബ്രിയെ ചിരിക്കുന്നു.
വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം,പരിസ്ഥിതി സംരക്ഷണം, സ്വയം പര്യാപ്തത തുടങ്ങിയവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് പ്രത്യേക പഠന പദ്ധതിയാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. സാബ്രിയെയും പോളും ഉള്‍പ്പടെ അഞ്ച് സ്ഥിരം അധ്യാപകരാണ് കാന്താരിയിലുള്ളത്. കൂടാതെ പുറമെ നിന്നുള്ള വിദഗ്ധരും ക്ലാസുകള്‍ നടത്തും.
“പുതിയൊരാശയം, അതുനടപ്പാക്കാന്‍ ഒരു പരിശീലന കേന്ദ്രം… അതു തുടങ്ങാന്‍ 2005-ല്‍ സാബ്രിയെയും പോളും കേരളത്തിലെത്തുമ്പോള്‍ പദ്ധതിയെക്കുറിച്ചൊരു ഏകദേശ ധാരണ മാത്രമായിരുന്നു അവരുടെ മനസിലുണ്ടായിരുന്നത്. വെള്ളായനിക്കായല്‍ കരയില്‍ പരിശീലന കേന്ദ്രം ഒരുങ്ങുമ്പോള്‍ നാട്ടിലൊരു അന്ധവിദ്യാലയം തുടങ്ങുന്നു എന്നല്ലാതെ നാട്ടുകാര്‍ക്കും സ്ഥാപനത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല,” സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ അജിത് കുമാര്‍ പറയുന്നു.
എരിവുള്ളൊരു കവിത
“തുടങ്ങി 2 വര്‍ഷം വരെ കാന്താരി എന്ന പേരായിരുന്നില്ല. പേരുമാറ്റണമെന്ന് പോളും സാബ്രിയെയും ആഗ്രഹിച്ചിരിക്കുമ്പോഴാണ് കാന്താരി എന്ന പേര് മുന്നിലെത്തുന്നത്. പേര് പറഞ്ഞപ്പോള്‍ തന്നെ സാബ്രിയെയ്ക്കെന്തോ അതങ്ങ് വല്ലാതിഷ്ടപ്പെട്ടു,”കാന്താരിയുടെ നടത്തിപ്പില്‍ സാബ്രിയെയ്ക്കും പോളിനുമൊപ്പം നില്‍ക്കുന്ന അജിത്കുമാര്‍ പറയുന്നു.
“ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടി കൂടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തിന്‍റെ തനത് ഭക്ഷണമെന്തോ ആണ് കഴിക്കുന്നത്,” ആ ഇഷ്ടത്തിന് പിന്നിലെ കഥ സാബ്രിയെ പറഞ്ഞു. “പെട്ടെന്ന് ചെറിയൊരു മുളക് ഞാന്‍ അറിയാതെ കടിച്ചു. ഭയങ്കര എരിവ്. കണ്ണില്‍ കൂടി വെള്ളമൊക്കെ വന്നു. അറിയാമല്ലോ, പൊതുവെ അത്ര എരിവൊന്നും കഴിക്കുന്ന ശീലം ഞങ്ങളുടെ നാട്ടുകാര്‍ക്കില്ല.
“ഞാനടുത്തിരുന്ന സുഹൃത്തുക്കളോട് ചോദിച്ചു. ഏതാണ് ഈ മുളക്. ഇതിന്‍റെ പ്രത്യേകത എന്താണ്. ഞാന്‍ കടിച്ചത് കാന്താരിയാണെന്നും കേരളത്തിലെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ തനിയെ വളരുന്ന ഈ മുളക് അല്പം മതി എരിവിനെന്നും അവര്‍ പറഞ്ഞു.
ശരിക്കും പറഞ്ഞാല്‍ കാന്താരിമുളകിനെ കുറിച്ചുള്ള ഈ അറിവാണ് എന്നെ ഈ പേര് തിരഞ്ഞെടുക്കുന്നതിലേയ്ക്ക് എത്തിച്ചത്.
“വളരെ ചെറിയൊരംശത്തില്‍ പോലും ആളിക്കത്തുന്ന എരിവും ഒപ്പം ഔഷധമൂല്യവുമുള്ള കാന്താരി മുളകു പോലെ വ്യക്തികളുടെ ഉള്ളിലടങ്ങിയിരിക്കുന്ന ആവേശവും പുതിയ ചിന്തകളും ആളിക്കത്തിക്കാന്‍ സഹായിക്കുന്ന സ്ഥാപനം–അതിന് ഈ പേരല്ലാതെ എന്താണ് നല്‍കേണ്ടത്,” സാബ്രിയെ ചോദിക്കുന്നു.
“മാത്രമല്ല ഓരോ വ്യക്തിയും അവരുടെ വ്യക്തിത്വവും ഓരോ കാന്താരി മുളകിനെ പോലെ തീവ്രവും ശക്തവുമാണെന്ന് ഞങ്ങളുടെ അടിസ്ഥാന രീതികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്,”പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് കാന്താരിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. സമൂഹത്തിന്‍റെ പല തുറകളില്‍ നിന്നുമുള്ളവര്‍ കാന്താരിയോട് സഹകരിക്കുന്നുണ്ട്.
ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമാണ് കാന്താരിയില്‍ പരിശീലനത്തിനെത്തുന്നവരില്‍ ഏറെയും. ഒരിക്കല്‍ പാക്കിസ്ഥാനില്‍ നിന്നു വന്ന ഒരു വനിതയ്ക്ക് വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധി അനുഭവിക്കേണ്ടി വന്ന സമയത്ത് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും ഐ ബിയിലെ ഒരു ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് ഏറെ സഹായിച്ചതെന്ന് സാബ്രിയെ നന്ദിയോടെ ഓര്‍ക്കുന്നു.
46 രാജ്യങ്ങളില്‍ നിന്നുള്ള 206 പേരാണ് കാന്താരിയില്‍ നിന്ന് ഇതുവരെയായി വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേര്‍ മലയാളികളാണ്. ഇവരുടെ നേതൃത്വത്തില്‍ 130 സാമൂഹ്യമാറ്റ പദ്ധതികളാണ് ലോകമെമ്പാടും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അന്‍പതിനായിരത്തോളം പേരെ നേരിട്ട് തൊടുന്നു ഈ സംഘടനകള്‍. വളരെ താഴെത്തട്ടില്‍ നിന്നുള്ള മാറ്റം, സമൂഹങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍…അതാണ് അവര്‍ നടത്തുന്നത്, ഒഡിഷയിലെ സാധനയെപ്പോലെ.
“കാന്താരിയിലെ പരിശീലനത്തോടെ എന്തെങ്കിലും തുടങ്ങാനും പ്രവര്‍ത്തിക്കാനുമുള്ള ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു,”സാധന പറയുന്നു. സാധനയെപ്പോലെ ഉള്ളില്‍ കനലും അനുഭവങ്ങളുടെ എരിവും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ആവേശവുമള്ള 206 പേരാണ് കാന്താരിയില്‍ നിന്നും സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്.
“ഗുരുതരമായ പ്രതികൂല സാഹചര്യങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് അനുഭവിക്കുകയും വേദനിയ്ക്കുകയും ചെയ്തവരെ സമാനമായ പ്രതിസന്ധികളും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ വേദന കുറയ്ക്കാന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് പാകപ്പെടുത്തുന്ന തരത്തിലുള്ള നേതൃത്വ പരിശീലനമാണ് കാന്താരിയിലൂടെ നല്‍കുന്നത്,” സാബ്രിയെ വിശദീകരിക്കുന്നു.
“സമൂഹത്തിന്‍റെ ഇന്നത്തെ സാഹചര്യങ്ങളോട് ഇഴുകിച്ചേര്‍ന്നു പോകാന്‍ താല്‍പര്യമില്ലാത്ത, സമൂലമായ മാറ്റം കൊണ്ടുവരണമെന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇതൊരു നേതൃത്വ പരിശീലന കേന്ദ്രമാണ്. ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കേണ്ടി വന്നവരും അതേസമയം സാമൂഹ്യ പ്രതിബദ്ധതയുള്ളവരായ വ്യക്തികളെ കണ്ടെത്തി സമൂഹത്തിന്‍റെ മാറ്റത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിപ്പിക്കുകയാണ് കാന്താരിയുടെ ലക്ഷ്യം.”
ചൂഷണം, ലൈംഗിക അതിക്രമം, ദാരിദ്ര്യം, കാഴ്ചവൈകല്യം, മറ്റ് അംഗവൈകല്യങ്ങള്‍, യുദ്ധക്കെടുതി തുടങ്ങിയ ജീവിതവെല്ലുവിളികളെ അതിജീവിച്ച 22 വയസ്സിനു (ഉയര്‍ന്ന പ്രായപരിധിയില്ല) മുകളിലുള്ളവര്‍ക്ക് കാന്താരിയില്‍ പ്രവേശനം നേടാം. കടന്നുവന്ന സാഹചര്യത്തിന്‍റെ ഇരകളാകുന്നതിനു പകരം ലോകത്ത് മാറ്റമുണ്ടാക്കാനുള്ള കരുത്തും അഭിനിവേശവും ഉള്ളവരെയാണ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷം നീളുന്ന ഉയര്‍ന്ന നിലവാരമുള്ള പരിശീലന പരിപാടിയിലേക്ക് അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുണ്ട്. ഒരു അക്കാദമിക വര്‍ഷത്തില്‍ 25 പേര്‍ക്കാണ് പ്രവേശനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിശീലന പരിപാടിയിലേക്ക് പരിഗണിക്കും. കോഴ്സ് പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്.
അഞ്ചു ഘട്ടങ്ങളിലായാണ് (അഞ്ചു ഘട്ടങ്ങളിലൂടെയുള്ള യാത്ര) കോഴ്സ് പൂര്‍ത്തീകരിക്കേണ്ടത്. ആദ്യത്തെ ഏഴു മാസം കാന്താരിയുടെ ക്യാമ്പസിനുള്ളില്‍ നടക്കുന്ന പരീശീലന പരിപാടിയാണ്. പിന്നീട് പുറത്തുള്ള അനുബന്ധ പരിശീലന പരിപാടികള്‍ (ആദ്യത്തെ നാലുഘട്ടം). അഞ്ചാമത്തെ ഘട്ടത്തില്‍ പരിശീലനം നേടിയവര്‍ അവരവരുടെ നാടുകളില്‍ തിരികയെത്തുകയും തങ്ങളുടെ പ്രൊജക്ട് നടപ്പാക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കുകയും വേണം.
വളരെ ശ്രദ്ധയോടെയാണ് പരിശീലനത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത്. അതിലും അഞ്ച് ഘട്ടങ്ങള്‍ ഉണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം സമൂഹത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തിയെക്കുറിച്ച് വിശദമായി വിവരണം നല്‍കണം. ഇതിന് ശേഷം സ്വന്തം ജീവിത സാഹചര്യങ്ങള്‍, സാമൂഹ്യാന്തരീക്ഷം കടന്നുവന്നവഴികള്‍, സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ സംബന്ധിച്ച വിശദമായ പ്രബന്ധം തയ്യാറാക്കി അയക്കണം. അതിന് മുമ്പ് ഓണ്‍ലൈനായി കാന്താരിയുടെ പ്രതിനിധി വീഡിയോ ഇന്‍റെര്‍വ്യൂ നടത്തും. ഈ മൂന്ന് ഘട്ടങ്ങളും കടന്നാല്‍ അതത് മേഖലയിലെ സ്വതന്ത്ര വിദഗ്ധ തുടര്‍ അഭിമുഖം നടത്തും. ഇതിനുശേഷം അന്തിമ അഭിമുഖം കാന്താരിയുടെ മാനേജ്‌മെന്‍റുമായി. പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ ഇന്‍ഡ്യയിലെത്തുന്നതിനു മുന്‍പേ മറ്റ് അസൈന്‍മെന്‍റുകളും പൂര്‍ത്തിയാക്കിയിരിക്കണം.
“പരിശീലനത്തിന്‍റെ ഭാഗമായി അംഗങ്ങള്‍ അവവരുടെ പ്രൊജക്ടുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും വേണം. ഉദാഹരണത്തിന് അനാഥക്കുട്ടികള്‍ക്കായുള്ള പദ്ധതികളാണ് നടപ്പാക്കാനുദ്ദ്യേശിക്കുന്നതെങ്കില്‍ അത്തരം സംഘടനകളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. മാത്രമല്ല പരിശീലന പങ്കാളികള്‍ തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ സ്വന്തം പ്രൊജക്ടിനേക്കുറിച്ചുള്ള എക്സിബിഷന്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്(കഴിഞ്ഞ രണ്ടു വര്‍ഷമായി),” പോള്‍ വിശദമാക്കി.
സാധാരണഗതിയില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ കാന്താരി ക്യാമ്പസ് നിശബ്ദമാകുകയാണ് പതിവ്. കാരണം മെയ് മാസത്തില്‍ ആരംഭിക്കുന്ന ക്ലാസുകള്‍ ഡിസംബറോടെ പൂര്‍ത്തിയായി പരിശീലനത്തിനെത്തുന്നവര്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങും. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കാന്താരിയുടെ ക്യാമ്പസ് ഈ സമയത്തും സജീവമാണ്.
”ഈ വര്‍ഷം മാഡ്(മേക്ക് എ ഡിഫറന്‍സ്) എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ അണ്‍ പ്രിവിലേജ്ഡ് കുടുംബങ്ങളിലെ കുട്ടികള്‍ക്കായി രണ്ടു ഘട്ടങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്‍റെയും(നിഷ്), കേരളാ ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി (കെ-ഡിസ്‌ക്)ന്‍റെയും നേതൃത്വത്തില്‍ കാഴ്ച, ശ്രവണ, അംഗ വൈകല്യമുള്ള കുട്ടികള്‍ക്കായി ആറു ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഭിന്നലിംഗക്കാരായ ആളുകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും പുതുമയുള്ളതും സാഹസികവുമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പക്ഷെ അതത്ര എളുപ്പമുള്ള ഒന്നല്ല,”കാന്താരിയുടെ സംഘാടകര്‍ പറയുന്നു.
***
കാന്താരിയില്‍ കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ, കൃഷി, മാലിന്യസംസ്‌ക്കരണം, മൃഗപരിപാലനം/തേനീച്ച വളര്‍ത്തല്‍, വനവല്‍ക്കരണം, തടാക/നദി സംരക്ഷണം, ചേരികളുടെ പുനരുദ്ധാരണം എന്നിവയുള്‍പ്പെടുന്നുണ്ട്. മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ലൈംഗിക അടിച്ചമര്‍ത്തലുകള്‍, സമാധാനവും സംഘര്‍ഷവും കൈകാര്യം ചെയ്യല്‍, ഗോത്രവര്‍ഗ്ഗ സംരക്ഷണം, സ്ത്രീ വിവേചനം, വിവേചനം, എച്ച് ഐ വി പകര്‍ച്ച വ്യാധികള്‍ അതിജീവിച്ചവര്‍, കുടിയേറ്റ തൊഴിലാളികള്‍, നല്ലഭരണം, തെരുവുകുട്ടികളുടെ പ്രശ്‌നങ്ങളും പുനരധിവാസവും, ലൈംഗിക തൊഴിലാളികള്‍, സ്ത്രീശാക്തീകരണം, തടവുകാരുടെ ശാക്തീകരണം, മനുഷ്യാവകാശം/കുട്ടികളുടെ അവകാശം, അന്ധ വിശ്വാസം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നിവയും ഉള്‍പ്പെടുന്നു.
ഇതുകൂടി വായിക്കാം: ക്വട്ടേഷനെടുത്ത ഗുണ്ട പോലും സുനിതയെ ആക്രമിക്കാതെ പിന്‍മാറി: ‘ക്രിമിനല്‍ ഗോത്ര’ങ്ങളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കുവേണ്ടി ഉയര്‍ന്ന സ്ത്രീശബ്ദം
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമാന്തര വിദ്യാഭ്യാസം, ആദിവാസി/ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുള്ള വിദ്യാഭ്യാസം, കലകളില്‍ക്കൂടി യുവജനങ്ങളുടെ ശാക്തീകരണം എന്നീ വിഷയങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കാന്താരിയിലെ പരിശീലനം. ഒപ്പം അന്ധരുടെ ശാക്തീകരണം, മാനസിക ആരോഗ്യവും ആസക്തിയും, സംയോജനം, തൊഴിലിടങ്ങളിലെ സമത്വം എന്നിങ്ങനെയുള്ള വിഷയങ്ങളും ഇതിലുള്‍പ്പെട്ട സാമൂഹിക പ്രശ്‌നങ്ങളും കാന്താരിയിലെ പ്രധാന മേഖലകളാണ്.
കാന്താരിയുടെ അടുത്ത നേതൃത്വ പരിശീലന കോഴ്സിലേക്കുള്ള അഡ്മിഷന്‍ 2020 ഏപ്രിലിലാണ്. മെയ് മാസത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുക
കുടുതല്‍ വിവരങ്ങള്‍ക്ക്: www.kanthari.org സന്ദര്‍ശിക്കാം. Email: office(at)kanthari.org
Phone: +91-471-2395677 / +91-471-239197
ഫോട്ടോകള്‍ക്ക് കടപ്പാട്: www.kanthari.org, കാന്താരി ഫേസ്ബുക്ക് പേജ്