ത്രിപുര സുന്ദരി

കാവിയിട്ട തിളങ്ങുന്ന പഴയ നിലം ഓര്‍മ്മയുണ്ടോ? റെഡ് ഓക്‌സൈഡ് ഫ്‌ളോറിങ്ങ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവ ആര്‍കിടെക്റ്റിനെ പരിചയപ്പെടാം

‘ഞങ്ങളവിടെ എത്തിയപ്പോള്‍ കൂടെയുള്ള ഒരു ഫ്‌ളോറിങ് കലാകാരന്‍റെ പിതാവ് മരണമടഞ്ഞതായി വിവരം ലഭിച്ചു. ഞങ്ങള്‍ അയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് അദ്ദേഹത്തോട് പെട്ടെന്ന് നാട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം തിരിച്ചുപോകാന്‍ വിസമ്മതിച്ചു.

കേരളത്തിലെ ഒരു വീട്ടില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യമായി റെഡ് ഓക്‌സൈഡ് ഇട്ട നിലം കാണുന്നത്. അന്നത് വലിയ കൗതുകമായിരുന്നു. ആ നിലത്ത് ചവിട്ടാനും നല്ല സുഖമായിരുന്നു.

ഓക്‌സൈഡ് ഫ്‌ളോറിങ്ങ്–കാവിയിടല്‍ എന്ന് നാടന്‍ ഭാഷയില്‍ പറയും–വളരെപ്പഴക്കമുള്ള ഒരു രീതിയാണ്. സാധാരണമായ നിറങ്ങളും അവയുടെ സങ്കലനങ്ങളുമാണ് ഇതിന്‍റെ ലാളിത്യം. ഉപയോഗിക്കും തോറും തിളക്കം കൂടി വരും.

രാജ്യത്ത് പലയിടത്തും ഈ ശൈലി വ്യാപകമായിരുന്നുവെങ്കിലും മാര്‍ബിളും ടൈലുകളും നിര്‍മ്മാണ മേഖല കയ്യടക്കിയപ്പോള്‍ ഇത്തരം നിലങ്ങളും പഴമയായി.


വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന രാസവിഷവസ്തുക്കള്‍ ഒഴിവാക്കാം… പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ഉല്‍പന്നങ്ങള്‍ വാങ്ങാം. Karnival.com

എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ആര്‍കിടെക്റ്റ് തിരുപുരസുന്ദരി സെവ്വേല്‍ പഴയ റെഡ് ഓക്‌സൈഡ് കാലം തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്.

അവര്‍ക്കൊരു സംഘടനകൂടിയുണ്ട്. നാം വീട്, നാം ഊര്, നാം കഥൈ (നമ്മുടെ വീട്, നമ്മുടെ നാട്, നമ്മുടെ കഥ) എന്നാണ് ആ സംഘടനയുടെ പേര്. അതിലൂടെ പരമ്പരാഗത നിര്‍മ്മാണ ജോലിക്കാരുമായി ചേര്‍ന്ന് ഈ പഴമയെ പുതിയ കാലത്തിനൊത്ത് പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

തിരുപുര സുന്ദരി

ചെന്നൈയിലെ എസ് ആര്‍ എം യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് തിരുപുരസുന്ദരി ആര്‍കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കുന്നത്. ബെര്‍മ്മിങ്ഹാം സിറ്റി യൂനിവേഴ്‌സിറ്റിയിലും പഠിക്കാന്‍ അവര്‍ക്ക് അവസരം കിട്ടി.

“അവിടെച്ചെന്നപ്പോഴാണ് എനിക്ക് മനസ്സിലായത് ആര്‍കിടെക്ചറിന്‍റെ ഗാന്ധി എന്നറിയപ്പെടുന്ന ലാറി ബെക്കറും അവിടെയാണ് പഠിച്ചതെന്ന്… എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു,” തിരുപുര സുന്ദരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഫ്രാന്‍സില്‍ നിന്നാണ് അവര്‍ അര്‍ബന്‍ ആന്‍റ് റീജണല്‍ പ്ലാനിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയത്. അക്കാലത്ത് ഫ്രാന്‍സിന്‍റെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു. 2011-ലാണ് ഇന്‍ഡ്യയില്‍ തിരിച്ചെത്തി സ്വന്തം സ്ഥാപനം തുടങ്ങുന്നത്.

ഓക്സൈഡ് ഫ്ളോറിങ്ങ്

തിരുപുരസുന്ദരിയും റെഡ് ഓക്‌സൈഡ് നിലമുള്ള ഒരു വീട്ടിലാണ് ജനിച്ചുവളര്‍ന്നത്. അതുകൊണ്ട് പരമ്പരാഗതമായ ആ ഫ്‌ളോറിങ് രീതിയോടൊരു ഗൃഹാതുരമായ അടുപ്പം ഉണ്ടായിരുന്നു. “എങ്കിലും അത്തരം നിലങ്ങളുടെ ഗുണം മനസ്സിലാക്കാന്‍ വിദേശത്തായിരിക്കുമ്പോഴാണ് അവസരം കിട്ടിയത്. ഒരു പക്ഷേ, ദൂരേക്ക് പോയപ്പോഴാണ് നാട്ടിലുള്ളതിന്‍റെ വില എനിക്ക് മനസ്സിലായത്,” അവര്‍ ചിരിക്കുന്നു.

എന്തൊക്കെയാണ് റെഡ് ഓക്‌സൈഡ് ഫ്‌ളോറിന്‍റെ ഗുണങ്ങള്‍?

1. ഭംഗി

“അതൊരൊറ്റ പീസായി തോന്നും. മറ്റ് ടൈലുകളേയും മാര്‍ബിളുകളേയും പോലെ ജോയിന്‍റ്സ് കാണാനാവില്ല. നേരത്തെയുള്ള ധാരണ ഓക്‌സൈഡ് ഫ്‌ളോറെന്നാല്‍ ചുവപ്പ് മാത്രമാണെന്നാണ്. എന്നാല്‍ നമ്മള്‍ പല നിറങ്ങളും കോമ്പിനേഷനുകളും കാണിച്ചുകൊടുക്കുമ്പോള്‍ എല്ലാവര്‍ക്കും അതിന്‍റെ മനോഹാരിത മനസ്സിലാവുന്നുണ്ട്,” യുവ ആര്‍കിടെക്റ്റ് പറയുന്നു.

നേരത്തെ പല സാംപിളുകള്‍ ക്ലയന്‍റ്സിന് കാണിച്ചുകൊടുക്കാന്‍ മാര്‍ഗമില്ലായിരുന്നു. ഇപ്പോള്‍ ചെറിയ അളവില്‍ സാംപിള്‍ നിലങ്ങളുണ്ടാക്കി അവര്‍ക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സംവിധാനം ഉണ്ടാക്കി.
എളുപ്പത്തില്‍ മെയന്‍റെയ്ന്‍ ചെയ്യാമെന്നതാണ് ഈ ഫ്‌ളോറുകളുടെ മറ്റൊരു ഗുണം. പഴക്കം ചെല്ലുംതോറും തിളക്കം കൂടിവരികയും ചെയ്യും.

ഓക്സൈഡ് ഫ്ളോറിങ്ങ്

2. പ്രകൃതിക്കിണങ്ങുന്നത്

ഓക്‌സൈഡ് ഫ്‌ളോറിങ്ങ് മാറിമറിയുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഇന്‍ഡ്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ക്കും യോജിച്ചതാണ്, അവര്‍ പറയുന്നു. “പ്രധാന ഗുണം എന്താണെന്നുവെച്ചാല്‍ ഇത് നമ്മുടെ തനത് സാങ്കേതിക വിദ്യയാണ് എന്നതാണ്. മാത്രമല്ല, ഇത് ശ്വസിക്കുന്ന നിലം കൂടിയാണ്.”

മറ്റ് പല ഫ്‌ളോറുകളും കാലുകള്‍ക്ക് വേദനയുണ്ടാക്കും. എന്നാല്‍ ഓക്‌സൈഡ് നിലങ്ങള്‍ കാലുകള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നില്ല.

2. സാമൂഹ്യവശം

“ഇതു പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരമ്പരാഗത ജോലിക്കാരെയും ഒരു കലയെയും കൂടിയാണ് നമ്മള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്,” തിരുപുര സുന്ദരി പറഞ്ഞു. ഇത് കൂടുതല്‍ വിദഗ്ദ തൊഴിലാളികളെ ആവശ്യമുള്ള രീതി കൂടിയാണ്. അതുകൊണ്ട് ഇതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

തിരുപുര സുന്ദരിയുടെ സംഘടന നടത്തിയ ഓക്സൈഡ് ഫ്ളോറിങ്ങ് ശില്‍പശാലയില്‍ നിന്ന്

പരമ്പരാഗതമായ നിര്‍മ്മാണ രീതികള്‍ക്കും വസ്തുക്കള്‍ക്കും കൈവേലക്കാര്‍ക്കും പ്രാധാന്യം കൊടുക്കുകയെന്നതാണ് ഈ ആര്‍കിടെക്റ്റിന്‍റെ ലക്ഷ്യം. ഇതിനായി കുമ്മായമുപയോഗിച്ചുള്ള പ്ലാസ്റ്റെറിങ്ങ്, ഓക്‌സൈഡ് ഫ്‌ളോറിങ്ങ് എന്നിവയെ പ്രോത്സാഹിപ്പിക്കാനുളള പരിശ്രമങ്ങളിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ യുവതി.

“ഒരു കരകൗശല വിദഗ്ദന്‍ ഒരു കലാരൂപം ഉണ്ടാക്കാന്‍ വേണ്ടി ശ്രദ്ധയോടെ ദിവസങ്ങള്‍ ചെലവഴിക്കുന്നതുപോലെത്തന്നെയാണ് ഈ ഫ്‌ളോര്‍ ഉണ്ടാക്കുന്ന പണിക്കാര്‍. ചിലപ്പോള്‍ പതിനഞ്ചും ഇരുപതും ദിവസം ഒരു ഫ്‌ളോര്‍ പൂര്‍ത്തിയാക്കാനെടുക്കും (ഫ്‌ളോറിന്‍റെ വലുപ്പം, പണിക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍). രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന് നിലം പെര്‍ഫെക്ട് ആയിരിക്കുക. രണ്ട്, പണിക്കാര്‍ക്ക് പൂര്‍ണ പ്രയോജനം കിട്ടുക.”


ഇതുകൂടി വായിക്കാം: സ്റ്റീലും സിമെന്‍റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്


ഫാക്ടറികളിലും ഖനികളിലും വലിയ തോതില്‍ നിര്‍മ്മിക്കപ്പെടുന്ന ഫ്‌ളോറിങ്ങ് വസ്തുക്കളുടെ കടന്നുവരവോടെ ഇല്ലാതായതാണ് ഓക്‌സൈഡ് ഫ്‌ളോറുകളുടെ പാരമ്പര്യം. അതുകൊണ്ടാണ് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ പാരമ്പര്യം നിലനിര്‍ത്തണമെന്ന തോന്നലുണ്ടായതെന്ന് തിരുപുരസുന്ദരി പറയുന്നു.

ഹൃദയത്തില്‍ തൊടുന്ന ഒരു സംഭവം അവര്‍ ഓര്‍ക്കുന്നു. ഉദയ്പൂരില്‍ ഒരു പ്രോജക്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. “ഞങ്ങളവിടെ എത്തിയപ്പോള്‍ കൂടെയുള്ള ഒരു ഫ്‌ളോറിങ് കലാകാരന്‍റെ പിതാവ് മരണമടഞ്ഞതായി വിവരം ലഭിച്ചു. ഞങ്ങള്‍ അയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് അദ്ദേഹത്തോട് പെട്ടെന്ന് നാട്ടിലേക്ക് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം തിരിച്ചുപോകാന്‍ വിസമ്മതിച്ചു.

ഓക്സൈഡ് ഫ്ളോറിങ്ങ് ശില്‍പശാലയില്‍ നിന്ന്

“അദ്ദേഹം പറഞ്ഞു. ‘എന്‍റെ പിതാവും ഒരു കരകൗശലപ്പണിക്കാരനാണ്. അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരം ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങുന്നതായിക്കും.’ ആ കലാകാരന്‍മാരുടെ ജീവിതത്തിന്‍റെയും പ്രവര്‍ത്തനങ്ങളുടെയും സത്ത ആ വാക്കുകളിലുണ്ട്.”

തിരുപുരസുന്ദരി ഇതിനകം മുപ്പത് ക്ലയന്‍റ്സിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും സന്തോഷം പകരുന്ന കാര്യം അവരില്‍ മിക്കവരും രണ്ടാമതും അവരെത്തേടി വന്നവരായിരുന്നു എന്നതാണ്. പുതിയ ക്ലയന്‍റ്സ് പോലും മുന്‍ ക്ലയന്‍സ് പറഞ്ഞറിഞ്ഞ് എത്തിയവരാണ്.

“സത്യത്തില്‍ എനിക്കാകെ ചെയ്യാനുണ്ടായിരുന്നത് ഓക്‌സൈഡ് ഫ്‌ളോറിങ്ങ് നടത്തിയ സൈറ്റുകളിലേക്ക് അവരെ ക്ഷണിക്കുകയെന്നത് മാത്രമായിരുന്നു. അവര്‍ അത് കണ്ട് ഒന്ന് ആ നിലത്തൂടെ നടന്നുനോക്കിയാല്‍ പകുതി യുദ്ധം കഴിഞ്ഞു,” അവര്‍ ചിരിച്ചു. തിരുപുരസുന്ദരിയുടെ ഓഫീസിലും ഓക്‌സൈഡ് ഫ്‌ളോറിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിനെത്ര ചെലവ് വരും?

“കൂടുതല്‍ ആള്‍ക്കാര്‍ ഓക്‌സൈഡ് ഫളോര്‍ ഉപയോഗിക്കുന്നതോടെ ചെലവും കുറഞ്ഞുവരും–അടിസ്ഥാനപരമായി ഡിമാന്‍റ്-സപ്ലൈ തത്വം തന്നെ. മറ്റ് ഫ്‌ളോറിങ്ങ് വസ്തുക്കള്‍ ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ ചെലവ് ഏകദേശം 30 ശതമാനം കുറവുമാണ്. അതുപറയുമ്പോള്‍ തന്നെ ഫ്‌ളോറിങ് ഏരിയയുടെ വലുപ്പം, ഉപയോഗിക്കുന്ന നിറം എന്നിവയനുസരിച്ച് വ്യത്യാസമുണ്ടാവാം,” അവര്‍ പറഞ്ഞു.

ഇതുണ്ടാക്കുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് അവരുടെ വിഹിതം ഉറപ്പാക്കുക എന്നതും പ്രധാനമാണെന്ന് തിരുപുരസുന്ദരി പറയുന്നു. കാരണം ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ആവശ്യക്കാര്‍ കുറവും. “ഇത് ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന ഏറ്റവും ചെലവുകുറഞ്ഞ ഫ്‌ളോറിങ് ആണെന്നൊന്നും ഞാന്‍ പറയില്ല. എന്നാല്‍ ഇത് തികച്ചും കീശയ്ക്കിണങ്ങുന്നതാണ്, പ്രകൃതിസൗഹൃദമാണ് ഒപ്പം നിരവധി പണിക്കാരുടെ ജീവിതങ്ങളെ നിലനിര്‍ത്തുന്നതുമാണ്.”

തിരുപുരസുന്ദരി

ഓക്‌സൈഡ് ഫ്‌ളോറിങ്ങിനെക്കുറിച്ച് ചിലത്.

1. ട്രീറ്റ് ചെയ്യപ്പെടാത്തതും രാസവസ്തുക്കള്‍ കലരാത്തതുമായ വെള്ളമാണ് ഇത്തരം ഫ്‌ളോറിങ്ങിനായി ഉപയോഗിക്കുന്നത്. കുഴല്‍ക്കിണറുകളില്‍ നിന്നുള്ള ലവണങ്ങള്‍ നിറഞ്ഞ വെള്ളം നല്ലതല്ല.

2. നല്ല ഫിനിഷിങ്ങിനും ഗുണത്തിനും നല്ല ഗുണനിലവാരമുള്ള റെഡ് ഓക്‌സൈഡ് ഉപയോഗിക്കണം.

3. പണിക്കാര്‍ പരിചയ സമ്പന്നരും മികച്ച കലാബോധമുള്ളവരും ആയിരിക്കണം. ഓക്സൈഡ് ഫ്‌ളോറിങ്ങ് ഇടവേളയില്ലാതെ ഒറ്റയടിക്ക് പണി തീര്‍ക്കണം-ചിലപ്പോള്‍ രാത്രികളും പകലുകളും തുടര്‍ച്ചയായി ജോലിയെടുക്കേണ്ടി വരും (ഏരിയയുടെ വലുപ്പം അനുസരിച്ച്.)

4. ഒട്ടുമിക്ക ഫ്‌ളോറിങ്ങ് മെറ്റീരിയലുകളും കാലം ചെല്ലുന്തോറും തിളക്കം നഷ്ടപ്പെടുമ്പോള്‍ ഓക്‌സൈഡ് ഫ്‌ളോറിങ്ങ് അതിനൊരപവാദമാണ്. കൂടുതല്‍ കാലം ചെല്ലുമ്പോള്‍ അതിന്‍റെ തിളക്കവും കൂടും.

5. നമുക്ക് രാസവസ്തുക്കളില്ലാത്ത ഫ്‌ളോര്‍ ക്ലീനിങ്ങ് വസ്തുക്കള്‍ ഉപയോഗിക്കാം. ഇത് ജീവിതശൈലിയിലും മാറ്റം വരുത്തും.

6. പോളിഷ് ചെയ്യുന്നത് തേന്‍മെഴുകുകൊണ്ടാണ്. അതും കൈകൊണ്ടാണ് ചെയ്യുന്നത്. അതുമാത്രമേ ഓക്‌സൈഡ് ഫ്‌ളോറിങ്ങിന്‍റെ ആധികാരികത നല്‍കൂ.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


കൂടുതല്‍ അറിയാന്‍ തിരുപുരസുന്ദരിയെ ഈ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. annanagarshg@gmail.com

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം