‘പിന്നെ ഒട്ടും വൈകിയില്ല, ആരെയും കാത്തുനിൽക്കാതെ പോരാട്ടം തുടങ്ങി’: വിവരാവകാശത്തിലൂടെയും സമരങ്ങളിലൂടെയും ഭിന്നശേഷിക്കാര്‍ക്കായി നീതി പിടിച്ചു വാങ്ങിയ റഷീദിനൊപ്പം

“എൻ്റെ അമ്മ ഒരുപാട് കരഞ്ഞുപറഞ്ഞപ്പോൾ അന്നത്തെ അമ്പതു രൂപ കൈക്കൂലി വാങ്ങിച്ചു ഒരു സർട്ടിഫിക്കറ്റ് അയാൾ എഴുതിത്തന്നു. അതിങ്ങനെ മനസ്സിൽ തിങ്ങി നിറഞ്ഞു കിടപ്പുണ്ട്.”

ത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ഭിന്നശേഷിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണത്തിനായുള്ള മുറി. മുൻപിൽ ഒരു നീണ്ട നിര തന്നെയുണ്ട്. നൂറിലധികം ആളുകൾ… പലരും അക്ഷമരാണ്.

കാരണം, മണിക്കൂറുകളായി സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. വരിയുടെ ഏറ്റവും ഒടുവിലായി റഷീദ് ആനപ്പാറ എന്ന ഇരുപത്തിമൂന്നുകാരൻ.

തൊണ്ണൂറു ശതമാനവും ശാരീരിക വൈകല്യമുള്ള ഒരാൾ. അരയ്ക്കു താഴെ തളർന്നിട്ടാണ്.  ആ 23-കാരനെ അമ്മ എടുത്തുകൊണ്ടാണ് അത്രയും മണിക്കൂറുകളായി വരിയില്‍ കാത്തുനിന്നിരുന്നത്.

പ്രീ-ഡിഗ്രി വരെ പഠിച്ച റഷീദിനെ പഠനകാലത്തുള്ള യാത്രകളെല്ലാം അമ്മയുടെ ഒക്കത്തിരുന്നായിരുന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം: Karnival.com

മണിക്കൂറുകളായുള്ള ആ കാത്തിരിപ്പ് ഒട്ടൊന്നുമല്ല അയാളെയും അമ്മയെയും ബുദ്ധിമുട്ടിച്ചത്. മൂന്നു മാസം മുൻപ് സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിക്കുന്നതിനായി വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു.

‘കേരളത്തിലാകമാനം  ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന എത്രയോ മനുഷ്യർ!’ എന്ന് റഷീദ് ചിന്തിക്കാതെയിരുന്നില്ല.

റഷീദ് ആനപ്പാറ

മണിക്കൂറുകൾ നീണ്ട ആ കാത്തിരിപ്പ് തന്നെയാണ് റഷീദിനെ പിന്നീട് പത്തനംതിട്ട കളക്ടറേറ്റിലെ പടിക്കൽ നിരാഹാര സത്യാഗ്രഹം തുടങ്ങാൻ പ്രേരിപ്പിച്ചതും.

“അന്ന് 2003 ഡിസംബർ 3. ഇന്നെനിക്കു വയസ്സ് 41. തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു, എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത് എന്ന്,” റഷീദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അന്ന് റഷീദിന് ഇരുപത്തിമൂന്ന് വയസ്സാണ്. ഭിന്നശേഷിക്കാരോടുള്ള കടുത്ത അവഗണനയോടും, അവർക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമ്പോഴുള്ള മെല്ലെപ്പോക്കിനോടും പ്രതിഷേധിച്ച് റഷീദ് നടത്തിയ നിരാഹാര സത്യാഗ്രഹം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ മാത്രമല്ല, ഒരുപാടു പേരുടെ ജീവിതങ്ങളില്‍ മാറ്റങ്ങളുണ്ടാക്കി.

“ഭിന്നശേഷിക്കാർക്ക് സർക്കാറിന്‍റെ കയ്യിൽ നിന്നും ഏതെങ്കിലും ആനുകൂല്യം കിട്ടണമെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. എന്നാൽ, ഞങ്ങളെപ്പോലെ ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവർക്ക് ഈ സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാത്തിരിപ്പ് അന്ന് ഒരു ശ്രമകരമായ ജോലിയായിരുന്നു.

റഷീദിന്‍റെ ഒറ്റയാള്‍ സമരം

“ഞങ്ങളിൽ ചിലരെ ബന്ധുക്കൾ എടുത്തുകൊണ്ട് വരുമ്പോൾ എന്നെപ്പോലെയുള്ള മറ്റു ചിലർ  പല പ്രതിസന്ധികളും സ്വയം തരണം ചെയ്തുകൊണ്ടാണ് അവിടെ എത്തിച്ചേർന്നിരുന്നത്. അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്കോ മാനസിക സംഘർഷങ്ങൾക്കോ യാതൊരു വിലയും ആരും കല്പിച്ചിരുന്നില്ല. ഇതെന്നെ ഒരുപാട് വേദനിപ്പിച്ചു,” റഷീദ് പറയുന്നു.

“അവിടെ എത്തിക്കഴിഞ്ഞാലോ? പിന്നെയും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഇതിനൊരവസാനമില്ലേ? എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഞങ്ങളെ പോലെയുള്ളവരുടെ ആവശ്യങ്ങൾ നടത്തിക്കിട്ടുന്നതിനായി നിരാഹാരമല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്ന് മനസ്സ് പറഞ്ഞത്.”


പിന്നെ ഒട്ടും വൈകിച്ചില്ല, ആരുടേയും സഹായങ്ങൾക്കും സഹകരണങ്ങൾക്കും കാത്തു നിൽക്കാതെ റഷീദ് തൻ്റെ പോരാട്ടം ആരംഭിച്ചു.


“ഇതിനായി മുൻപും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഫലം കണ്ടിട്ടില്ലെന്നും  അറിയാഞ്ഞിട്ടല്ല, എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നത് ചെയ്യണം എന്ന നിശ്ചയദാർഢ്യം മനസ്സിലുണ്ടായിരുന്നു.  സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ജില്ലാ ആശുപത്രിയിൽ മാത്രമായിരുന്നതിനാൽ നൂറു കണക്കിന് ഭിന്നശേഷിക്കാരാണ് അത് വാങ്ങുന്നതിനായി വന്നുകൊണ്ടിരുന്നത്.” ശരിക്കും മടുത്തിട്ടാണ് അന്ന് നിരാഹാര സത്യാഗ്രഹം തുടങ്ങാൻ പെട്ടെന്നു തന്നെ തീരുമാനിച്ചതെന്ന് റഷീദ്.

റഷീദ് ആനപ്പാറ

നിരാഹാര സത്യാഗ്രഹം ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുൻപ് തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഭിന്നശേഷിക്കാർ റഷീദിന്‍റെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്
പത്തനംതിട്ട കളക്ടറേറ്റ് പടിക്കലേക്ക് എത്തിത്തുടങ്ങി. അത് പതുക്കെ മറ്റു ജില്ലകളിൽ  നിന്നുള്ള ഭിന്നശേഷിക്കാരുടെയും ശ്രദ്ധ ആകർഷിക്കുന്നതിൽ വിജയിച്ചു.

ധർണ്ണയുടെ ഫലമായി റോഡ് ഗതാഗതം സ്തംഭിച്ചു. തുടർന്ന്, അന്നുള്ള പത്തനംതിട്ട ഡി വൈ എസ് പി-യുടെ നേതൃത്വത്തിൽ പോലീസ് സന്നാഹമെത്തി നിരാഹാര പന്തൽ പൊളിച്ചു മാറ്റുകയും റഷീദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു.

“എന്നെയും കൂട്ടാളികളെയും സ്റ്റേഷനിൽ വൈകുന്നേരം വരെ ഇരുത്തി പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ, ജാമ്യത്തിൽ ഇറങ്ങിയതും ഞങ്ങൾ തിരിച്ചു പോയി ധർണ്ണ പുനരാരംഭിച്ചു. പതിനൊന്നു ദിവസം നീണ്ടപ്പോൾ അന്നത്തെ കളക്ടർ ചർച്ചയ്ക്കു വിളിച്ചു.”

അപേക്ഷിച്ചു മൂന്നുമാസം കഴിഞ്ഞു മാത്രം കിട്ടുന്ന ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ അന്നന്ന് തന്നെ കൊടുക്കുവാൻ ചർച്ചയിൽ തീരുമാനവുമായി . കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ്, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൂടി കൂടാൻ ഉത്തരവായി.

എം എല്‍ എ വീണാ ജോര്‍ജ്ജിനൊപ്പം

കളക്ടറുടെ ഉറപ്പിന്മേൽ റഷീദും കൂട്ടരും സമരം പിൻവലിച്ചു.

ആ വിജയം റഷീദിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്‍കിയത്. അന്ന് തുടങ്ങിയ ഒറ്റയാൾ സമരം വർഷങ്ങൾ പിന്നിടുമ്പോൾ, ഏകദേശം നൂറിന് മുകളിൽ എത്തി നിൽക്കുന്നു. ഒന്നും ഇതേ വരെ പരാജയപ്പെട്ടിട്ടില്ലെന്ന് റഷീദ്.

ആ സമരത്തിന്‍റെ നേട്ടങ്ങൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ മാത്രം ഒതുങ്ങിയില്ലെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

“പത്തനംതിട്ട സാമൂഹ്യ ക്ഷേമ ഓഫീസ് പ്രവർത്തിച്ചിരുന്നത് മിനി സിവിൽ സ്റ്റേഷന്‍റെ നാലാം നിലയിൽ ആയിരുന്നു. അങ്ങോട്ട് പോകുവാൻ ഒരു ലിഫ്റ്റ് ഉണ്ടായിരുന്നുവെങ്കിലും അത് പ്രവർത്തിച്ചിരുന്നില്ല. ചിലരെ ബന്ധുക്കളും സഹായികളും എടുത്തു കൊണ്ട് പോകുമ്പോൾ മറ്റു ചിലർ എങ്ങനെയൊക്കെയോ നിരങ്ങിയും ഇഴഞ്ഞുമാണ് ഓഫീസിൽ എത്തിയിരുന്നത്. ഭിന്നശേഷിക്കാർക്കായുള്ള റാമ്പുകളും എവിടെയും ഉണ്ടായിരുന്നില്ല.”

റഷീദിന്‍റെ നിരാഹാരസമരത്തെ തുടർന്നുണ്ടായ ചർച്ചയിൽ  നാലാം നിലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ക്ഷേമ ഓഫീസ് താഴെയുള്ള നിലയിലേയ്ക്ക് മാറ്റുമെന്ന് കളക്ടർ ഉറപ്പ് തരുകയും അത് പാലിക്കുകയും ചെയ്തു.

റഷീദിന് ഗവൺമെന്‍റ് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതും ആ സമരത്തെ തുടർന്നായിരുന്നു.

പാവപ്പെട്ടവര്‍ക്ക് തന്നാലാവും വിധം സഹായം

“1995-ലെ ദേശിയ വികലാംഗ നിയമം വന്നതിനു ശേഷം തൊഴിൽ മേഖലയിൽ ജില്ലാ കളക്ടർക്കു സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് നടത്താനുള്ള അധികാരം ഉണ്ട് . അതിൻപ്രകാരം അന്ന് 96 മുതലുള്ള നിയമനങ്ങളിൽ 32 തസ്തികകളില്‍ നികത്താതെ കിടക്കുകയായിരുന്നു. ആ 32 തസ്തികകളിലേയ്ക്കുള്ള നിയമനങ്ങൾ സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി 2003 ഡിസംബർ മാസത്തിനുള്ളിൽ നടത്തിയില്ലെങ്കിൽ അസാധുവാകുമായിരുന്നു.”

ഡിസംബർ 31-നകം സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പ്രകാരം ഭിന്നശേഷിക്കാരുടെ 32 നിയമനങ്ങൾ നടത്തുമെന്ന് കളക്ടർ ചര്‍ച്ചയില്‍ ഉറപ്പു തന്നു.  അങ്ങനെ ആ ഉത്തരവിൻ മേൽ ഡിസംബർ 30-നു മുൻപായി കളക്ടർ സ്പെഷ്യൽ റിക്രൂട്ട്മെൻറ് പ്രകാരം നിയമനം നടത്തുകയും ചെയ്തു.

ആ നിയമനങ്ങളില്‍ ഒന്ന് റഷീദിന്‍റേതായിരുന്നു.

തുടർന്ന്, 2004 ജനുവരി രണ്ടാം തീയതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ എൽ ഡി ക്ലാർക് ആയി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.

ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ സീനിയർ ക്ലാർക്കാണ്. അതോടൊപ്പം കേരളമാകെ അറിയപ്പെടുന്ന ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ, വിധവകൾ, ഭിന്നശേഷിക്കാർ, വൃദ്ധർ, കുട്ടികൾ എന്നിവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള ജനവേദിയുടെ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ്.

ഒറ്റയാൾ സമരങ്ങള്‍ക്കിടയിലും, വിവിധ അപേക്ഷകളുമായി വരുന്ന നിരവധി നിരാലംബർക്കു പല ആനുകൂല്യങ്ങൾക്കായി നൂറിൽ പരം അപേക്ഷകൾ എഴുതി കൊടുക്കാറുണ്ട്. പതിനഞ്ച് വയസ്സില്‍ തുടങ്ങിയതാണ്, അതിപ്പോഴും തുടരുന്നു. ഇതായിരുന്നു വിവരാവകാശ നിയമത്തെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ റഷീദിനെ സഹായിച്ചത്.

“ഇത്തരത്തിലുള്ള ഒരുപാട് അപേക്ഷകൾ കളക്ടറേറ്റിൽ ലഭിക്കുന്നുണ്ടെങ്കിലും, മിക്കപ്പോഴും ഈ അപേക്ഷകളിൽ പിന്നീടെന്തു സംഭവിക്കുന്നു എന്ന് ആരും അറിയുന്നില്ല. ഇതിനെന്തെങ്കിലും ഒരു പരിഹാരമുണ്ടോ എന്ന് അന്വേഷിച്ചിരുന്ന സമയത്താണ് 2005-ൽ വിവരാവകാശ നിയമം വരുന്നത്.

“അതിന്‍റെ നിയമവശങ്ങളെ കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് മനസിലായി ഒരു പെൻഷന് അപേക്ഷ കൊടുത്തു മറുപടി കിട്ടിയില്ലെങ്കിൽ, അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വിവരാവകാശം കൊടുക്കുകയാണെങ്കിൽ ആ ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോഗസ്ഥർ മറുപടി തരാൻ ബാധ്യസ്ഥരാണെന്ന്. ഇതിനെത്തുടർന്ന് ആ ഫയൽ പെട്ടെന്ന് നീങ്ങുകയും ചെയ്യും. ഇത് മനസിലാക്കിയതോടെയാണ് ഞാൻ ഈ നിയമത്തെ കാര്യക്ഷമമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നത്.”

കഴിഞ്ഞ പതിനാറു വർഷത്തിനിടയിൽ ആയിരത്തിനു മുകളിൽ അപേക്ഷകള്‍ വിവരാവകാശ നിയമ പ്രകാരം കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ നിന്ന് തുടക്കത്തിൽ എതിർപ്പുകൾ നേരിട്ടിരുന്നെങ്കിലും കൊടുത്ത മിക്ക വിവരാവകാശ അപേക്ഷകളിലും നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് റഷീദ്.

മോഹന്‍ലാലിനൊപ്പം

സംസ്ഥാനത്തെ മിക്ക ഗവണ്മെന്‍റ് ഓഫീസുകളിലും ഭിന്നശേഷിക്കാർക്കായുള്ള റാമ്പുകൾ വരുന്നത് റഷീദ് കൊടുത്ത വിവരവകാശത്തിന്മേലുള്ള നടപടിയിന്മേലാണ്.

അതുപോലെ തന്നെ നിശ്ചിത സമയത്തിനുള്ളിൽ സ്വത്തു വിവരം വെളിപ്പെടുത്താത്ത ത്രിതല പഞ്ചായത്ത് അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശം വഴി പുറത്തു കൊണ്ടുവന്നു.

ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചു കൂട്ടാത്ത കൗൺസിലർമാരുടെ വിവരങ്ങള്‍  തിരക്കി വിവരാവകാശ പ്രകാരം അപേക്ഷ കൊടുത്തു.

“ആയിരത്തിലധികം വരുന്ന കൗൺസിലർമാർ ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചു കൂട്ടാത്തതു വഴി അയോഗ്യത നേരിടേണ്ട ഘട്ടം വന്നു. എന്നാൽ ഗവൺമെന്‍റ് അവരെ സംരക്ഷിക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്നു. 2012 കാലയളവിൽ ആയിരുന്നു അത് . ഓർഡിനൻസ് കൊണ്ടുവന്നതോടു കൂടി കൗൺസിലർമാരുടെ സ്ഥിതി ഭദ്രമായെങ്കിലും വർഷങ്ങൾക്കിപ്പുറം, ഗ്രാമ സഭകളും വാർഡ് സഭകളും യഥാക്രമം കൂടുന്നുണ്ടെന്നാണ് പിന്നീടന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത്. ആ ഒരു വിവരാവകാശം വഴി ഈ കാര്യത്തിൽ ഒരു സുതാര്യത കൊണ്ടു വരാൻ സാധിച്ചതിൽ സന്തോഷമുണ്ട്,” റഷീദ് വ്യക്തമാക്കി.

വിവരാവകാശ നിയമത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കി കൊണ്ടിരുന്ന സമയത്താണ് ആൾമറയില്ലാതെയും ഉപയോഗിക്കാതെയും കിടന്നിരുന്ന കിണറുകളിൽ വീണു മരണപ്പെടുന്നവരുടെ വാർത്ത കണ്ണിൽ പെട്ടതെന്ന് റഷീദ്.

“ഇതിനെത്തുടർന്ന് ഞാനൊരു നിവേദനം കൊടുത്തു. അതിന്മേൽ, ആൾമറയില്ലാത്ത കിണറുകൾക്കു ഉടമസ്ഥർ തന്നെ ചുറ്റുമതിൽ കെട്ടണമെന്നും ഉപയോഗശൂന്യമായ കിണറുകൾ മൂടണമെന്നും അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി ഒരുത്തരവിറക്കി.”

ഉടമസ്ഥർ അതിൽ വീഴ്ച വരുത്തുന്നുണ്ടെങ്കിൽ പഞ്ചായത്തും മുനിസിപ്പാലിറ്റിയും അതേറ്റെടുക്കണമെന്നും ജോലി പൂർത്തിയായതിനു ശേഷം ആ തുക ഉടമസ്ഥരിൽ നിന്ന് ഈടാക്കണമെന്നുമായിരുന്നു അടുത്ത നിർദ്ദേശം.

ഏറ്റവും പുതിയതായി റഷീദ് കൊടുത്തതില്‍ പ്രധാനമായ ഒന്ന് ശബരിമല തീർത്ഥാടനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും സർക്കാർ പത്തനംതിട്ട നഗരസഭയ്ക്ക് അനുവദിച്ച തുക എങ്ങനെ വിനിയോഗിച്ചു എന്നറിയുന്നതിനുള്ള വിവരവകാശ അപേക്ഷയാണ്.

“അതിന്മേൽ,ശബരിമല തീർത്ഥാടനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സർക്കാർ പത്തനംതിട്ട നഗരസഭയ്ക്ക് അനുവദിച്ചു നൽകിയ തുകയിൽ വൻ അഴിമതിയും ക്രമക്കേടും നടന്നതായിട്ടുള്ള വിവരങ്ങളാണ് പുറത്തു വന്നത്.

“ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി വിനിയോഗിക്കുവാൻ 2,42,1498 രൂപ പത്തനംതിട്ട നഗരസഭയുടെ എഞ്ചിനിയറിന്‍റെ പേരിൽ അനുവദിച്ചു നൽകിയിരുന്നതായും എന്നാൽ ഇത് വരെയും തുക ചെലവഴിച്ചതിന്‍റെ ബില്ലോ വൗച്ചറുകളോ എസ്റ്റിമേറ്റോ വിനിയോഗ സാക്ഷ്യപത്രമോ കൈപ്പറ്റ് രസീതോ നഗരസഭയിൽ ഹാജരാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച ഫയലുകൾ പോലും പൂഴ്ത്തിവെച്ചു വെച്ചിരിക്കുന്നതായും ഞാൻ നൽകിയ അപേക്ഷയ്ക്ക് ജില്ലാ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു. വിവിധ പത്രങ്ങൾ ആ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.”

ആ പ്രീ-ഡിഗ്രിക്കാരന്‍റെ പല വിവരാവകാശ അപേക്ഷകളും അതിന്മേലുള്ള നടപടികളുടെയും വാർത്തകൾ വളരെ പ്രാധാന്യത്തോടു കൂടി തന്നെയാണ് പല മാധ്യമങ്ങളിലും അച്ചടിച്ച് വരുന്നത്.

“നികത്താത്ത വയലിൽ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയ പത്തനംതിട്ട നഗരസഭാ എഞ്ചിനിയർക്കെതിരെ നടപടി വന്നത് ഞാൻ നൽകിയ വിവരാവകാശ അപേക്ഷയിന്മേലായിരുന്നു,” റഷീദ് തുടരുന്നു.

“റവന്യൂ വകുപ്പിന്‍റെ കൈവശ അവകാശ സാക്ഷ്യപത്രത്തിൽ നിലം എന്നു രേഖപ്പെടുത്തിയതും നികത്തിയിട്ടില്ലാത്തതും നികത്താൻ റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലാത്തതുമായ വയലിൽ വാണിജ്യ ആവശ്യത്തിനും താമസത്തിനും കെട്ടിട നിർമാണ അനുമതി നൽകിയ പത്തനംതിട്ട നഗരസഭാ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുവാൻ പത്തനംതിട്ട നഗരസഭാ സെക്രട്ടറിക്കും നഗരകാര്യ റീജിയണൽ ജോയിന്‍റ് ഡയറക്ടർക്കും ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകിയതായും ആ വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്.

ഈയടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തു രാത്രി സമയങ്ങളിൽ മരുന്നുകൾ ലഭിക്കാത്തതിനെ തുടർന്ന് റഷീദ് നൽകിയ വിവരാവകാശ അപേക്ഷയിന്മേൽ കളക്ടർ നൽകിയ നിവേദനത്തെ തുടർന്ന് ഡ്രഗ്സ് ഇൻസ്പെക്ടർ നടപടിയെടുത്തു.

അതിന്‍റെ ഫലമായി, പത്തനംതിട്ട ജനറൽ ആശുപത്രി, പത്തനംതിട്ട പ്യുപ്പിൾസ് ക്ലിനിക് ആൻഡ് ഹോസ്പിറ്റൽ, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി എന്നിവിടങ്ങളിലെ ഫാർമസികൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഡ്രഗ്സ് ഇൻസ്പെക്ടർ അറിയിക്കുകയും ചെയ്തെന്നു റഷീദ്.

സമൂഹത്തിൽ നടക്കുന്ന അഴിമതികൾക്കെതിരെ വിവരാവകാശ രേഖകൾ വഴി പ്രതികരിക്കുന്നത് മൂലം ഒരുപാട് ഭീഷണികളും റഷീദിന് ചെറുത്തു നിൽക്കേണ്ടതായി വന്നിട്ടുണ്ട്. മർദനമേറ്റ് ആശുപത്രിയിൽ കിടന്നിട്ടുണ്ട് . അടിയേറ്റു കർണ്ണപടം പൊട്ടിയിട്ടുണ്ട്.

“ഞാൻ ഇപ്പോൾ ഭീഷണികളൊന്നും കാര്യമായി എടുക്കാറില്ല. ഇപ്പോൾ കുറച്ചു മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. ഒരുപക്ഷെ, ആദ്യമൊക്കെ സർക്കാരുദ്യോഗസ്ഥർക്കു ഞാൻ ഒരു എതിരാളിയായി തോന്നിയിരിക്കാം. എന്നാലിപ്പോൾ, ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്നും, വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നത് വഴി അവർക്കും തങ്ങളുടെ വീഴ്ച പരിഹരിച്ചു മുന്നോട്ടു പോകുന്നതിനുള്ള ഒരു വഴിയുണ്ടെന്നും അവർ കരുതുന്നത് പോലെ തോന്നിയിട്ടുണ്ട്.


തുടക്കത്തിലുള്ള ഭീഷണികൾ എന്‍റെ ആത്മവിശ്വാസം കൂട്ടുക മാത്രമല്ല ഞാൻ ചെയ്യുന്ന പ്രവൃത്തിയിൽ നന്മയുണ്ടെന്നും അതൊരുപാട് മനുഷ്യർക്ക് ഉപകാരമാകുന്നുണ്ടെന്ന ഒരു ബോധ്യം എന്നിലൂട്ടിയുറപ്പിക്കുകയും ചെയ്തു.


ഇതിന് പുറമെ തിരുവല്ല സത്യം മിനിസ്ട്രിയുടെ സഹായത്തോടു കൂടി ഏകദേശം 600-ലധികം ഭിന്നശേഷിക്കാർക്ക് വീൽ ചെയർ വാങ്ങി കൊടുക്കുവാൻ സാധിച്ചിട്ടുണ്ടെന്നും റഷീദ് പറയുന്നു.

മറ്റുള്ളവരുടെ സഹായങ്ങൾ ഏകോപിപ്പിച്ചു ഭിന്നശേഷിക്കാർക്ക് അരിയുടെ കിറ്റുകളും വിശേഷ ദിവസങ്ങളിൽ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യാറുണ്ട്. സ്കൂൾ തുറക്കുന്നതിനു മുൻപ് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ കൊടുക്കാറുണ്ട്.

“കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് ആനപ്പാറ,തോലിയാനിക്കര, വെട്ടിപ്പുറം, അഞ്ചക്കാല, ഒറ്റുകൽ, നന്നുവക്കാട്,പൂവൻപാറ, വലഞ്ചുഴി ,വടശ്ശേരിക്കര, മുണ്ടു കോട്ടയ്ക്കൽ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് ധാന്യ കിറ്റുകൾ വിതരണം ചെയ്തു.”

ഇങ്ങനെയുള്ള ഒറ്റയാൾ സമരങ്ങൾ നയിക്കുന്നതിനു പിന്നിലുള്ള  പ്രേരണ എന്തായിരുന്നു?

“ഞാൻ വളരെ കുഞ്ഞായിരുന്ന സമയത്തു എന്നെയുമെടുത്തു കൊണ്ട്  അമ്മ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഒരു ഡോക്ടറെ കാണുവാൻ പോയി. രാവിലെ പത്തു മണി മുതൽ രണ്ടു മണി വരെ കാത്തിരുന്നു. എന്നാൽ ഡോക്ടറെ കാണുന്നതിനുള്ള ഊഴം വന്നപ്പോൾ ആശുപത്രിയിൽ വെച്ച് സർട്ടിഫിക്കറ്റ് എഴുതാറില്ലെന്നും വീട്ടിൽ വെച്ചാണ് കൊടുക്കാറുള്ളതുമെന്നു ആ ഡോക്ടർ പറഞ്ഞു.

“എൻ്റെ അമ്മ ഒരുപാട് കരഞ്ഞുപറഞ്ഞപ്പോൾ അന്നത്തെ അമ്പതു രൂപ കൈക്കൂലി വാങ്ങിച്ചു ഒരു സർട്ടിഫിക്കറ്റ് അയാൾ എഴുതിത്തന്നു. അതിങ്ങനെ മനസ്സിൽ തിങ്ങി നിറഞ്ഞു കിടപ്പുണ്ട്. ഒരവസരം വന്നപ്പോൾ ഞാനത് ഉപയോഗിക്കുകയും ചെയ്തു.”

ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനുമടങ്ങുന്നതാണ് റഷീദിന്‍റെ കുടുംബം. പത്തനംതിട്ടയിലെ ആനപ്പാറയിലാണ് ഇപ്പോള്‍ താമസം.

മികച്ച ജീവകാരുണ്യ-വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോന്‍ സ്മാരക പുരസ്കാരം അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് റഷീദിന് മുന്നോട്ടുള്ള യാത്രയില്‍ വലിയ പ്രചോദനമായി.


ഇതുകൂടി വായിക്കാം: കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം