ലേഖ എസ് കുമാര്‍

‘ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം’: നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന പത്രപ്രവര്‍ത്തകയുടെയും ഹാന്‍ഡിക്രോപ്‌സിന്‍റെയും കഥ

“ഈ ഗ്രൂപ്പിലെ എല്ലാവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ആണ്. ഹാന്‍ഡിക്രോപ്സ് എന്ന പേരുമിട്ടു”

വിശക്കുന്നവര്‍ക്ക്  മീന്‍ നല്‍കുന്നതിന് പകരം അവരെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുക എന്ന ഒരു പഴയ ചൊല്ലില്ലേ?

ഇടുക്കി നെടുങ്കണ്ടംകാരിയായ ലേഖ എസ് കുമാര്‍ എന്ന മുന്‍ മാധ്യമ പ്രവര്‍ത്തക ചെയ്യുന്നത് അതുതന്നെയാണ്.

2017 മുതല്‍ ഭിന്നശേഷിക്കാരായ മനുഷ്യരെ “മീന്‍ പിടിക്കുന്നവരാക്കി” മാറ്റുകയാണ് ലേഖ. ഒപ്പം ഈ ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനുള്ള പരിശ്രമങ്ങളും.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

അപ്രതീക്ഷിതമായാണ് ലേഖ ഈയൊരു മേഖലയിലേക്ക് എത്തിപ്പെടുന്നതും നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിന് നിമിത്തമാകുന്നതും.

ലേഖ എസ് കുമാര്‍

അപകടത്തില്‍പ്പെട്ട് ചലനശേഷി നഷ്ടപ്പെട്ട ഒരാള്‍ കിടക്കയില്‍ കിടന്ന് കൊണ്ട് നിര്‍മ്മിക്കുന്ന അച്ചാറും പേപ്പര്‍ പേനയും കുടയും ലോഷനും സോപ്പും സോപ്പ് പൊടിയും മറ്റും വില്‍ക്കുന്നതിന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് തുടങ്ങിയതാണ്.  ഇന്നിപ്പോള്‍ ലോകമെമ്പാടുനിന്നും കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ വരുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.

2017-ല്‍ ഹാന്‍ഡിക്രോപ്സ് എന്നൊരു സംരംഭവും ലേഖ ഇതിനായി ആരംഭിച്ചു.


അതിന്‍റെ സഹസ്ഥാപകന്‍ ആയത് ലേഖ ആദ്യം ഷെയര്‍ ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്തഫ പറമ്പനും.


മലപ്പുറം പുളിക്കല്‍ സ്വദേശിയായ മുസ്തഫ മരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്നാണ് കിടപ്പിലായത്. അദ്ദേഹമിപ്പോള്‍ ഈ സംരംഭത്തിന്‍റെ മാനേജിങ് ഡയറക്ടറാണ്.

മുസ്തഫ

ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു ലേഖ. മകന്‍ ജനിച്ചപ്പോള്‍ കുഞ്ഞിന്‍റെ കാര്യം നോക്കുന്നതിനായി ജോലി രാജിവയ്ക്കുകയായിരുന്നു. പിന്നീട് ഏഴെട്ട് വര്‍ഷം കഴിഞ്ഞ് മകന്‍ വലുതായപ്പോള്‍ എന്തെങ്കിലും സ്വയം ചെയ്യണം എന്ന ആഗ്രഹം തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് മുസ്തഫയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്.

തുടക്കത്തില്‍ ഇതൊരു സംരംഭമായി മാറുമെന്ന ആശയമൊന്നും ഉണ്ടായിരുന്നില്ല എന്ന് ലേഖ പറയുന്നു. ഭിന്നശേഷിക്കാരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി തേടിക്കൊണ്ടുള്ള എഫ് ബി പോസ്റ്റുകള്‍ തുടര്‍ച്ചയായി ലേഖ സോഷ്യല്‍ മീഡിയയില്‍ ഇടുകയും അത് ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. തുടര്‍ന്നാണ് ഇതൊരു സംരംഭമായി മാറ്റാമെന്ന ചിന്തയുണ്ടാകുന്നത്. അതിന് സഹായിച്ചത് മുസ്തഫയും.

എന്നാല്‍ ഈ വില്‍പനയിലൂടെ കമ്പനി വരുമാനമൊന്നും നേടുന്നില്ല. കമ്പനിയുടെ വരുമാനം വരുന്നത് പ്ലാസ്റ്റിക്കിന് ബദല്‍ സൃഷ്ടിക്കുന്നതിലും തുണിയിലുള്ള ഗ്രോബാഗ് നിര്‍മ്മാണവും മറ്റുമാണ് എന്ന് അവര്‍ പറയുന്നു.

കമ്പനി പലതരം തുണി ബാഗുകള്‍ നിര്‍മ്മിക്കുന്നുണ്ട്

“മുസ്തഫയെപ്പോലെ ഉല്‍പന്നങ്ങള്‍ക്ക് വിപണി തേടിക്കൊണ്ടുള്ള പോസ്റ്റുകള്‍ നിരവധി ഞാന്‍ കണ്ടിരുന്നു,” ലേഖ തുടരുന്നു. “അന്ന് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണിയൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് വിപണി കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ ഞാനും ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് തുടങ്ങി.”

അത് കണ്ട് വേറെയും ഭിന്നശേഷിക്കാര്‍ ലേഖയെ സമീപിച്ചു. അവരേയും അവരുടെ ഉല്‍പന്നങ്ങളെയും കുറിച്ചുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. “അങ്ങനെ പതിയെ ഇതൊരു ഗ്രൂപ്പായി മാറുകയായിരുന്നു. ഈ ഗ്രൂപ്പിലെ എല്ലാവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ആണ്. ഹാന്‍ഡിക്രോപ്സ് എന്ന പേരുമിട്ടു,” ലേഖ പറയുന്നു.

അതിനുശേഷം ഈ ഉല്‍പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിനും മറ്റും സഹായകരമാകുന്നതിന് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. അതിലൂടെ വില്പ‍ന കുറച്ചുകൂടി മെച്ചപ്പെട്ടു.

കമ്പനിയായ ശേഷം ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി. വീല്‍ ചെയറില്‍ ഇരുന്നോ കട്ടിലില്‍ കിടന്നോ ചെയ്യാന്‍ പറ്റുന്ന ഉല്‍പന്നങ്ങള്‍ ഏതാണെന്ന് കണ്ടെത്തിയിട്ട് ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്നവ ഉണ്ടാക്കാന്‍ പഠിപ്പിച്ചു. പേപ്പര്‍ പേന, പേപ്പര്‍ ബാഗ്, കുട തുടങ്ങിയവ ഉണ്ടാക്കാനാണ് പരിശീലിപ്പിച്ചത്, ലേഖ വിശദമാക്കുന്നു.

ലേഖ എസ് കുമാര്‍

പേപ്പര്‍ പേനയുണ്ടാക്കാനുള്ള പേപ്പറും റീഫിലും കുടയുടെ തുണിയും കമ്പിയുമൊക്കെ കമ്പനി അവര്‍ക്ക് കൊടുത്ത് തുടങ്ങി. വളരെപ്പെട്ടെന്നുതന്നെ അവരുടെ പ്രവര്‍ത്തനം കേരളമാകെ വ്യാപിച്ചു.

“ആറായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കി. ഒരു ബാച്ചില്‍ നൂറ് പേര്‍ക്ക് പരിശീലനം നല്‍കും. പരിശീലകരും ഭിന്നശേഷിക്കാരാണ്. അതുവഴി അവര്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം കൂടെ തുറന്നുകിട്ടി.

“പക്ഷേ, നൂറ് പേരെ പഠിപ്പിച്ചാല്‍ പത്ത് പേരേ ഇത് തുടര്‍ന്ന് ചെയ്യത്തുള്ളൂ”വെന്ന് ലേഖ പറയുന്നു. “ഈ പത്ത് പേര്‍ക്കും കമ്പനി അസംസ്‌കൃത വസ്തുക്കള്‍ കൊടുത്ത് തുടങ്ങും. അങ്ങനെ അവര്‍ ഈ സര്‍ക്കിളിലേക്ക് വരും. അസംസ്‌കൃത വസ്തുക്കള്‍ കമ്പനി നല്‍കുന്നുണ്ടെങ്കിലും ഉല്‍പന്നങ്ങള്‍ കമ്പനി തിരിച്ച് വാങ്ങുന്നില്ല. പകരം കുറച്ച് നാള്‍ കഴിയുമ്പോള്‍ കമ്പനി അവരേയും ഉല്‍പന്നങ്ങളേയും ഫേസ്ബുക്കില്‍ അവതരിപ്പിക്കും.

“സ്വാഭാവികമായും ആളുകള്‍ ഇവരെക്കുറിച്ച് മനസ്സിലാക്കുകയും ഉല്‍പന്നങ്ങള്‍ വാങ്ങി സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്യും. അങ്ങനെ അവര്‍ക്ക് ചുറ്റിലുമൊരു വിപണി രൂപപ്പെടും. ഈ വലയം ഓരോ ദിവസം കഴിയുംതോറും വലുതാകും. എല്ലാ മാസവും തുടര്‍ച്ചയായ വരുമാനം ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങും. അങ്ങനെയവര്‍ സ്വയംസംരംഭകരായി മാറും. വിദേശ മലയാളികള്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ശേഖരിച്ച് പേന നിര്‍മ്മാതാക്കളായ ഭിന്നശേഷിക്കാരെ ബന്ധപ്പെടുന്നുണ്ട്,” ലേഖ പറഞ്ഞു.

ആരുടേയും പിന്തുണയില്ലാതെ വരുമാനം ഉണ്ടാക്കാനാണ് അവരെ പ്രാപ്തരാക്കുന്നത്. ഇതുവരെ 25 ലക്ഷത്തോളം പേപ്പര്‍ പേനകള്‍ ഭിന്നശേഷിക്കാര്‍ ഇങ്ങനെ ഉണ്ടാക്കി വിറ്റിട്ടുണ്ട്.

തുടക്കത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില കടമായി നല്‍കുമെങ്കിലും പിന്നീട് അത് കമ്പനിയില്‍ നിന്നും വില കൊടുത്ത് വാങ്ങണം. വില കുറച്ചാണ് വസ്തുക്കള്‍ നല്‍കുന്നത്. സാധനങ്ങള്‍ കൊറിയര്‍ ചെയ്ത് നല്‍കും. കമ്പനിക്ക് വരുന്ന ഓര്‍ഡറുകള്‍ വീതിച്ച് കൊടുക്കുന്നുമുണ്ട്. എങ്കിലും ഓര്‍ഡര്‍ നല്‍കുന്നവരേയും പേന നിര്‍മ്മിക്കുന്നവരേയും തമ്മില്‍ ബന്ധപ്പെടുത്തി കൊടുക്കും. പിന്നീടുള്ള ഇടപാടുകള്‍ അവര്‍ തമ്മിലാകും.

“ഒരു കുടുംബത്തില്‍ ഒരു ഭിന്നശേഷിയുള്ള വ്യക്തിയുണ്ടെങ്കില്‍ അയാളെ നോക്കുന്നതിന് വീട്ടില്‍ ഒരാളുണ്ടാകും. ഭാര്യയോ അമ്മയോ സഹോദരങ്ങളോ ആകുമിത്. അവര്‍ക്ക് പുറത്ത് ജോലിക്കൊന്നും പോകാന്‍ പറ്റത്തില്ല. അതിനാല്‍, അവര്‍ക്കും ഈ പേനയും മറ്റും ഉണ്ടാക്കാന്‍ പഠിക്കാം. ഒരു കുടുംബം തന്നെ ഇതിലൂടെ രക്ഷപ്പെടും,” ലേഖ പറയുന്നു.

കമ്പനി ഇതുവരെ 6,000 പേര്‍ക്ക് പരിശീലനം നല്‍കി

ഒരു മാസം 2,000 പേനയെങ്കിലും വിറ്റ് പോകും. ഇവര്‍ക്ക് ഈ വരുമാനമില്ലാതെ ആകെ ലഭിക്കുന്ന ധനസഹായം സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷനാണ്. 1,200 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കും. ഭിന്നശേഷിക്കാരുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതാണ് സ്വയം തൊഴില്‍ ചെയ്ത് വരുമാനമുണ്ടാക്കുന്നത്. ആരുടേയും മുന്നില്‍ കൈ നീട്ടേണ്ടതില്ലല്ലോയെന്ന് ലേഖ.

ഭിന്നശേഷിക്കാരുടെ ആരോഗ്യം എല്ലാ ദിവസവും ഒരുപോലെയായിരിക്കില്ല. അത് ഉല്‍പാദനത്തേയും ബാധിക്കും. വീട്ടിലെ മറ്റൊരാള്‍ കൂടെ പണി പഠിക്കുന്നത് ഈ സാഹചര്യത്തിലും ഗുണകരമാകും. രണ്ടാമത്തെ ആള്‍ കൂടുതല്‍ ജോലി ചെയ്താല്‍ വരുമാന നഷ്ടം ഉണ്ടാകാതെ നോക്കാം. അതിനാല്‍ രണ്ടാമതൊരാള്‍ പഠിക്കണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിക്കാറുണ്ട്. കൂടാതെ കൂടുതല്‍ ഓര്‍ഡറുകള്‍ വന്നാല്‍ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും ഇതിലടെ സാധിക്കും, ലേഖ കൂട്ടിച്ചേര്‍ക്കുന്നു.

കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമാണിപ്പോള്‍ ഭിന്നശേഷിക്കാരുടെ പരിശീലനം.

കംപോസ്റ്റിങ് കിറ്റ്

തുണി സഞ്ചി നിര്‍മ്മാണമൊക്കെ ചെയ്യുന്നത് സര്‍ക്കാരിന്‍റെ കീഴിലെ മഹിളാ മന്ദിരങ്ങളിലെ സ്ത്രീകളും ആദിവാസികളും മറ്റുമാണ്. എന്നാല്‍ പേപ്പര്‍ പേന നിര്‍മ്മാണം ഭിന്നശേഷിക്കാരെ മാത്രമേ പഠിപ്പിക്കുന്നുള്ളൂ.

“സര്‍ക്കാരിന്‍റെ കെയര്‍ ഹോമുകളില്‍ മുഴുവന്‍ ഇതുണ്ടാക്കാന്‍ പഠിപ്പിച്ചാല്‍ അവിടത്തെ സ്ത്രീകള്‍ക്കൊരു വരുമാനമാര്‍ഗ്ഗമാകും. ഇത് ഞങ്ങള്‍ സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട്,” എന്ന് ലേഖ.

പാലക്കാട്ടെ കെയര്‍ ഹോമിലാണ് ഇത്തരത്തിലുള്ള പരിശീലനം ലേഖ നല്‍കിയത്. ഹാന്‍ഡിക്രോപ്സിന്‍റെ കോട്ടണ്‍ ഗ്രോബാഗുകള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. 70,000 ഗ്രോബാഗുകള്‍ നല്‍കുന്നതിനുള്ള കരാര്‍ വനംവകുപ്പില്‍ നിന്നും കിട്ടി.

സ്‌കൂളുകളില്‍ പേപ്പര്‍ പേനയുണ്ടാക്കാന്‍ പഠിപ്പിക്കുമോയെന്ന് സര്‍ക്കാര്‍ ആരാഞ്ഞിരുന്നുവെന്ന് ലേഖ പറയുന്നു. എന്നാല്‍ ആ പദ്ധതിയെ കമ്പനി ഏറ്റെടുത്തില്ല.

പേപ്പര്‍ ബാഗുകള്‍

“കാരണം മറ്റുള്ളവരും പേപ്പര്‍ പേന നിര്‍മ്മിച്ച് തുടങ്ങിയാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഭീഷണിയാകും. പിന്നെ കമ്പനിയുടെ ലക്ഷ്യം പണമുണ്ടാക്കല്ലല്ല. കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും പരിശീലനം നല്‍കുന്നത് ചെറിയകാര്യവുമല്ലല്ലോ. നല്ല പണമുണ്ടാക്കാമായിരുന്നു. എന്നാല്‍ നമ്മള്‍ അത് ചെയ്യില്ല,” അവര്‍ തീര്‍ത്തുപറഞ്ഞു.

ഒരു കടലാസ് പേന എട്ട് രൂപയ്ക്കാണ് വില്‍ക്കുന്നത്. ലേഖ ഈ പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് പേപ്പര്‍ പേനയുടെ വില 14 രൂപയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീക്ക് സബ്സിഡി നല്‍കി പേപ്പര്‍ പേന മൂന്ന് രൂപയ്ക്ക് വിപണിയില്‍ ഇറക്കുന്നുണ്ട്. ഇത് പേപ്പര്‍ പേനയുണ്ടാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചടിയാണെന്ന് ലേഖ പറയുന്നു.

ഹാന്‍ഡിക്രോപ്സ് സര്‍ക്കാരില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഗ്രാന്‍ഡോ സംഭാവനയോ സ്വീകരിക്കുന്നില്ല. ഭിന്നശേഷിക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും തൊഴിലും സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുക എന്നതിലുപരി പ്ലാസ്റ്റിക്കിനു ബദല്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഒപ്പം കൊണ്ടുപോകുന്നുണ്ട് ഹാന്‍ഡിക്രോപ്‌സ്, അവര്‍ വിശദമാക്കി.

“കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്ന ആരും ലാഭം നോക്കുന്നവരല്ല. പണം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തയ്യാറാണ്. അതിനാല്‍ ഒരു പരിധിയില്‍ കവിഞ്ഞ് ലാഭം ഉണ്ടാക്കേണ്ട കാര്യമില്ല. കമ്പനി പ്രവര്‍ത്തിച്ച് പോകുന്നതിനുള്ള പണം മാത്രമുണ്ടാക്കേണ്ട ആവശ്യമുള്ളൂ.

“ഞങ്ങള്‍ക്ക് വേണമെങ്കില്‍ മീറ്ററിന് 20 രൂപ നിരക്കില്‍ തുണി വാങ്ങിച്ച് സഞ്ചിയുണ്ടാക്കി വിറ്റ് ലാഭമെടുക്കാം. പക്ഷേ, ഞങ്ങള്‍ ചെയ്യുന്നത് ഈ സഞ്ചി നിര്‍മ്മാണം സ്ത്രീകളേയും മറ്റും ഏല്‍പ്പിക്കുമ്പോള്‍ കൂടുതല്‍ സഞ്ചി ഉണ്ടാക്കാന്‍ സാധിക്കും. അതിലൂടെ വില കുറച്ച് വില്‍ക്കാന്‍ സാധിക്കും. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം കൂടുതല്‍ പേരിലെത്തും. പത്ത് രൂപയ്ക്ക് തുണി സഞ്ചി വില്‍ക്കാനാണ് പദ്ധതി. ഇപ്പോള്‍ 15 രൂപയാണ് വിപണി വില. ഈ കോട്ടണ്‍ തുണി 45 ദിവസം കൊണ്ട് മണ്ണില്‍ ദ്രവിച്ച് ചേരും.”

ഇതേ ആശയം തന്നെയാണ് പേപ്പര്‍ പേനയുടേയും കാര്യത്തിലും ഹാന്‍ഡിക്രോപ്സ് ചെയ്തത്. “ഞങ്ങള്‍ ചെയ്തുതുടങ്ങുമ്പോള്‍ 14 രൂപയായിരുന്നു ഒരു പേപ്പര്‍ പേനയുടെ വില. അതാണ് ഇപ്പോള്‍ വില കുറച്ചുവില്‍ക്കുന്നത്. അതുകൊണ്ട് കൂടുതല്‍ പേര്‍ പ്ലാസ്റ്റിക്കില്‍ നിന്നും മാറി പേപ്പര്‍ പേന ഉപയോഗിക്കാന്‍ തുടങ്ങി. കൂടുതല്‍ പേര്‍ നിര്‍മ്മാതാക്കളായി.”

കമ്പനിയുടെ വരുമാനത്തിനായി തുണി സഞ്ചി നിര്‍മ്മാണം, തുണിയിലുള്ള ഗ്രോബാഗ് നിര്‍മ്മാണം, വേസ്റ്റ് ബിന്‍ വില്‍പന തുടങ്ങിയവയുണ്ട്. ഇപ്പോള്‍ മുള കൊണ്ടുള്ള ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്കും തിരിയുകയാണ്. തുണി സഞ്ചിയുടെ വില കുറയ്ക്കുക എന്ന ഉദ്ദേശവുമായി തുണി ഒരുമിച്ചെടുത്ത് സഞ്ചി നിര്‍മ്മാതാക്കള്‍ക്ക് നല്‍കാനും കമ്പനിയൊരുങ്ങുകയാണ്.

ഇപ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നയിടത്തെല്ലാം മുളയെ ബദലാക്കാനാകും. ഇതൊക്കെ നിര്‍മ്മിക്കുന്നതിന് ധാരാളം മുളകള്‍ ആവശ്യമായി വരും. മുളയുടെ തൈ ഉല്‍പാദനം മുതല്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം വരെ ചെയ്യും. മുള പ്ലാന്‍റേഷ നുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ഇപ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നയിടത്തെല്ലാം മുളയെ ബദലാക്കാനാകും.

അവിടെ നിന്നും സംസ്‌കരിച്ച മുളകള്‍ സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും നല്‍കി ഉല്‍പന്നങ്ങളാക്കി മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഇവരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. വിമന്‍ എംപവര്‍മെന്‍റ് ആന്‍റ് ഗ്രീന്‍ സ്‌കില്‍ ഡെവലെപ്പ്മെന്‍റ് സൊസൈറ്റികള്‍ എന്നാണ് പേര്, ലേഖ ഭാവി പരിപാടികള്‍ വിശദീകരിച്ചു.

പരിസ്ഥിതി സംരക്ഷണത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്ലാസ്റ്റിക് വിരുദ്ധ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വില്‍പനയും ഈ സ്വതന്ത്ര സഹകരണ സംഘങ്ങള്‍ ചെയ്യും. അവര്‍ കൂടുതല്‍ പേരെ പഠിപ്പിക്കുകയും ചെയ്യും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും സ്ത്രീകളും ആദിവാസികളുമാണ് ഇതില്‍ വരിക.

കരകൗശല ഉല്‍പന്നങ്ങള്‍ക്കല്ല, ദിവസവും ഉപയോഗിക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. വാതിലും ജനലും മുതല്‍ കപ്പ് വരെയുണ്ടാകും. ഏപ്രില്‍ മുതല്‍ ചെയ്ത് തുടങ്ങാനാണ് പദ്ധതി, ലേഖ കൂട്ടിച്ചേര്‍ത്തു.

***

ഫോട്ടോകള്‍ക്ക് കടപ്പാട്: ലേഖ എസ് കുമാര്‍/ ഫേസ്ബുക്ക്
ഹാന്‍ഡി ക്രോപ്സ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം, ഭിന്നശേഷിക്കാരായവരുടെ അതിജീവനശ്രമങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.

ഇതുകൂടി വായിക്കാം: “അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം