‘ഞാനും കച്ചവടം ചെയ്തതാ, എനിക്കറിയാം അവരുടെ കഷ്ടപ്പാട്’: 100-ലധികം കടമുറികളുടെ 12 ലക്ഷം രൂപ വരുന്ന വാടക വേണ്ടെന്നുവെച്ച ചാക്കുണ്ണിച്ചേട്ടനെ അടുത്തറിയാം

“കടകളൊക്കെയും കണ്ണായ സ്ഥലത്താണ്. നല്ല വരുമാനവും കിട്ടുന്നതാണ്. പക്ഷേ ഇങ്ങനെയൊരു സാഹചര്യത്തില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയും പോലെ ഞാനും ചെയ്യുന്നു, അത്രേയുള്ളൂ.”

കോഴിക്കോട്ടുകാരുടെ ചാക്കുണ്ണിയേട്ടന്‍ എംഎല്‍എയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിട്ടുണ്ട്. പക്ഷേ, ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ല.

അതെങ്ങനാപ്പാ എന്നല്ലേ, അതൊക്കെ വഴിയേ പറയാം.

ഷെവലിയാര്‍ ചാക്കുണ്ണി കോഴിക്കോട്ടെ ബിസിനസ് പ്രമുഖന്‍ മാത്രമല്ല ആളൊരു സിനിമാപ്രേമി കൂടിയാണ്. സിനിമയോടുള്ള ആ കമ്പം മാത്രമല്ല സൗഹൃദങ്ങളാണ് ചാക്കുണ്ണിയേട്ടനെ ക്യാമറയ്ക്ക് മുന്നിലേക്കെത്തിച്ചത്.

സിനിമയിലൊക്കെ അഭിനയിച്ചുവെങ്കിലും ചാക്കുണ്ണിയേട്ടനിലെ നടനെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകില്ല.

പക്ഷേ ഈ മനുഷ്യ സ്നേഹിയെ ഇന്ന് എല്ലാവര്‍ക്കും അറിയാം. കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളിലൊക്കെ ചാക്കുണ്ണിയേട്ടന്‍റെ നല്ല മനസിനെ വാനോളം പുകഴ്ത്തുകയാണ് പലരും.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

കൊറോണ വൈറസ് ഭീതി കാരണം വ്യാപരത്തകര്‍ച്ച നേരിടുന്ന കോഴിക്കോട് നഗരത്തിലെ കച്ചവടക്കാര്‍ക്ക് ഈ മാസത്തെ കെട്ടിട വാടക ഒഴിവാക്കി നല്‍കിയാണ് ഇദ്ദേഹം പ്രിയങ്കരനാവുന്നത്.

സി.ഇ. ചാക്കുണ്ണി

കോഴിക്കോട് നഗരത്തില്‍ സി.ഇ ചാക്കുണ്ണിക്കും അദ്ദേഹത്തിന്‍റെ കുടുംബക്കാര്‍ക്കുമുള്ള നൂറിലേറെ കെട്ടിടങ്ങളില്‍ നിന്ന് വാടകയായി കിട്ടുന്ന 12 ലക്ഷം രൂപയാണ് വേണ്ടെന്നു വച്ചിരിക്കുന്നത്.

കഴിഞ്ഞ 12-ാം തിയതി വരെ വാടക നല്‍കിയവര്‍ക്ക് ആ തുക പൂര്‍ണമായും തിരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. മൊയ്തീന്‍ പള്ളി റോഡ്, കല്ലായി റോഡ്, ഫ്രാന്‍സിസ് റോഡ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ വാടകയാണ് അദ്ദേഹം വേണ്ടെന്നു വച്ചത്.

കുടുംബത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഈ കെട്ടിടവാടക.

“ഒരു കച്ചവടക്കാരന്‍റെ കഷ്ടപ്പാട് എനിക്കറിയാം. അശാസ്ത്രീയമായ നികുതി നിര്‍ണ്ണയവും സംവിധാനവും കാരണം സ്വന്തം കച്ചവടം അവസാനിപ്പിക്കേണ്ടി വന്നയാളാണ് ഞാന്‍,” ചാക്കുണ്ണിച്ചേട്ടന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“കടകളൊക്കെയും കണ്ണായ സ്ഥലത്താണ്. നല്ല വരുമാനവും കിട്ടുന്നതാണ്. പക്ഷേ ഇങ്ങനെയൊരു സാഹചര്യത്തില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയും പോലെ ഞാനും ചെയ്യുന്നു, അത്രേയുള്ളൂ.

“സാധാരണ മാസവാടകയാണ് വാങ്ങുന്നത്. ഏതാനും ദിവസം മുന്‍പ് ചിലര് പറഞ്ഞു, മാസവാടകയല്ല തത്ക്കാലം ദിവസ വാടകയായി നല്‍കാം, ഒന്നിച്ച് തരാന്‍ ബുദ്ധിമുട്ട് ഉണ്ട്.., സാമ്പത്തിക പ്രശ്നങ്ങളൊക്കെയാണെന്ന്.

“അവരുടെ സങ്കടം കണ്ടപ്പോ ശരിയെന്നു പറയുകയും ചെയ്തു. എല്ലാവരുമില്ല, കുറച്ചു കച്ചവടക്കാരാണ് ഇങ്ങനെ പറഞ്ഞത്.

“പിന്നീട് കഴിഞ്ഞ 12-ന് മോന്‍ വന്നു പറഞ്ഞു–അവനാണ് വാടകയൊക്കെ വാങ്ങാന്‍ പോകുന്നത്–ഒന്നു രണ്ടു പേര് വാടക നല്‍കിയിട്ടില്ലെന്ന്. സാധാരണ ഇങ്ങനെയൊന്നും സംഭവിക്കാറില്ല.

“ആ കടക്കാരെ ഞാന്‍ വിളിച്ചു ചോദിച്ചു. അവര് പറയുന്നത്, സമയം അഞ്ച് മണി കഴിഞ്ഞു പക്ഷേ ഇതുവരെ 500 രൂപയുടെ കച്ചവടം മാത്രമേ ഇവിടെ നടന്നിട്ടുള്ളുവെന്ന്.


രണ്ട് ജീവനക്കാരുണ്ട് അവര്‍ക്കു പോലും കൂലി കൊടുക്കാനുള്ള കാശില്ലെന്നു പറഞ്ഞതു കേട്ടപ്പോ വിഷമം തോന്നി.


“ഈ 12 ദിവസോം എങ്ങനെ നിങ്ങള് വാടക തന്നതെന്നു ചോദിച്ചപ്പോ കടം വാങ്ങിയ തുകയാണെന്നു പറഞ്ഞു. അതെനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. ഞാന്‍ കെട്ടിട ഉടമയായിട്ട് കുറേക്കാലമൊന്നുമായിട്ടില്ല.

“മിഠായിത്തെരുവില്‍ വാടകക്കെട്ടിടത്തില്‍ കച്ചവടം ചെയ്തു തുടങ്ങിയ ആളാണ്. കച്ചവടത്തിന്‍റെ ബുദ്ധിമുട്ടുകള്‍ നന്നായിട്ട് അറിയാം. ഇതിലെനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്നാണ് ആലോചിച്ചത്. കെട്ടിട ഉടമകളായ എന്‍റെ വീട്ടുകാരോടും അതേക്കുറിച്ച് സംസാരിച്ചു.

“15 ദിവസത്തെ വാടക വേണ്ടെന്നു വയ്ക്കാമെന്നു പറഞ്ഞപ്പോ മോനും മരുമകനും പറഞ്ഞത്, അങ്ങനെ വേണ്ട ഒരുമാസത്തെ വാടക തന്നെ ഒഴിവാക്കാമെന്ന്. ഇതില്‍ ഇനി വല്ല നിയമപ്രശ്നോം ഉണ്ടോന്ന് അറിയണല്ലോ.

“അങ്ങനെ ഓഡിറ്ററോടും സംസാരിച്ചു. ആളും 15 ദിവസത്തെ വാടകയല്ല ഒരു മാസത്തെ വാടക വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലതെന്നു പറഞ്ഞു.

പന്ന്യന്‍ രവീന്ദ്രനോടൊപ്പം ചാക്കുണ്ണി

“മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടിയുടെയുമൊക്കെയായി നൂറിലേറെ കെട്ടിടങ്ങളാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും കൂടി 12 ലക്ഷം രൂപയാണ് വാടകയായി കിട്ടുന്നത്.

“ചെറിയ കടമുറികളാണ്, പക്ഷേ ഈ പ്രദേശം നല്ല വാടക കിട്ടുന്ന കണ്ണായ സ്ഥലമാണ്. കോഴിക്കോട്ടെ ഏറ്റവും നല്ല തിരക്കും കച്ചവടമുള്ള ഇടമാണിത്.

“സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഇവിടെ കുറേ കെട്ടിടങ്ങളുണ്ട്. അവരും ഇങ്ങനെയൊരു നല്ല കാര്യം ചെയ്യണം. അല്ലെങ്കില്‍ കച്ചവടക്കാര്‍ക്ക് ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകില്ല,” ചാക്കുണ്ണിച്ചേട്ടന്‍ പറയുന്നു. 

1962-ല്‍ 16-ാം വയസിലാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് ജോലിയുമായി ചാക്കുണ്ണി വരുന്നത്. ഇത്രയും കാലത്തിനിടയില്‍ വ്യാപാര മേഖലയില്‍ ഇത്ര കണ്ട് വലിയൊരു പ്രതിസന്ധി ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ചാക്കുണ്ണി പറയുന്നത്.

“ഇങ്ങനെയൊരു സാഹചര്യം ആദ്യമായിട്ടാണ്. കച്ചവടം ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണിപ്പോഴുള്ളത്.

“സെയില്‍സ് മാന്‍ ആയിട്ടായിരുന്നു കച്ചവടത്തില്‍ എന്‍റെ തുടക്കം. അങ്ങനെയുള്ള എനിക്ക് കച്ചവടക്കാരുടെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളുമൊക്കെ കണ്ടാല്‍ മനസിലാകും.


ഇതുകൂടി വായിക്കാം:‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു


“ആ തിരിച്ചറിവ് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് തന്നെ. ഇക്കാര്യത്തില്‍ കുറേയാളുകള്‍ അഭിനന്ദിച്ചു. പക്ഷേ, വിമര്‍ശിച്ചവരുമുണ്ട്.
എന്നാല്‍ ഇതു കണ്ട് ചിലരൊക്കെ ഇതുപോലൊരു തീരുമാനമെടുക്കുമെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ട്.” ഇതിനെക്കാള്‍ സന്തോഷം വേറെയുണ്ടോയെന്നു ചാക്കുണ്ണി.

നടന്‍ പപ്പുവിനോടൊപ്പം ചാക്കുണ്ണി – പഴയചിത്രം

പത്താം ക്ലാസിന് ശേഷം കച്ചവടത്തിലേക്കെത്തിയതിനിടയിലാണ് അദ്ദേഹം സിനിമാഭിനയത്തിലേക്കെത്തുന്നത്. കച്ചവടക്കാരനായതിനെക്കുറിച്ച് ആദ്യം പറയാമെന്നു ചാക്കുണ്ണിച്ചേട്ടന്‍.


പത്താം ക്ലാസ് പരീക്ഷ രണ്ട് തവണ എഴുതി. രണ്ട് തവണയും തോറ്റു. അങ്ങനെയാണ് നാട്ടില്‍ നിന്നു കോഴിക്കേട്ടേക്ക് വരുന്നത്.


“വലിയ ബിസിനസുകാരനാകണമെന്ന സ്വപ്നമൊന്നുമില്ല. പക്ഷേ, അപ്പന് ഞാന്‍ അങ്ങനെയൊക്കെയാകണമെന്നായിരുന്നു ആഗ്രഹം. അകന്നൊരു ബന്ധുവിന്‍റെ ഉടസ്ഥതയിലുള്ള വിജയ ട്രേഡേഴ്സില്‍ സെയില്‍സ്മാനായി. ഇതായിരുന്നു തുടക്കം. ഇതൊരു സ്റ്റേഷനറി കടയായിരുന്നു.

“പിന്നീട് കോഴിക്കോട് തന്നെ കച്ചവടം നടത്തിയിരുന്ന ചേട്ടനൊപ്പം കുറച്ചുകാലം ജോലി ചെയ്തു. ജോലിക്കിടയില്‍ കിട്ടിയ സമയത്തിന് ടൈപ് റൈറ്റിങ്ങും പഠിച്ചെടുത്തു.

“ജോലി ചെയ്തുണ്ടാക്കിയ കൊച്ചുവരുമാനവും അപ്പന്‍ നല്‍കിയ കാശും കൊണ്ടാണ് കോഴിക്കോട് മിഠായിത്തെരുവിലാണ് ആദ്യത്തെ കട വാങ്ങുന്നത്.

“1968-ല്‍. ഇരിങ്ങാലക്കുടയില്‍ പോയി കേശവന്‍ വൈദ്യരോട് ചന്ദ്രിക സോപ്പ് വാങ്ങി കച്ചവടം ആരംഭിച്ചു. പിന്നെ ഉജാല, മെഡിമിക്സ് ഇങ്ങനെ കുറേയേറെ ബ്രാന്‍ഡുകളുടെ വിതരണക്കാരനായി മാറി.

“പിന്നീട് മെല്ലെ മെല്ലെ കച്ചവടരംഗത്ത് വിജയിക്കാന്‍ സാധിച്ചു. ഇതിനിടയിലാണ് കുന്നംകുളം സ്വദേശി ലീലാമണിയെ വിവാഹം ചെയ്തത്,” അദ്ദേഹം പറ‌ഞ്ഞു.

ജീവിതത്തില്‍ ജനപ്രതിനിധിയാകണമെന്നു ആഗ്രഹിച്ചിരുന്നു പക്ഷേ നടന്നില്ല. എന്നാല്‍ സിനിമയില്‍ മുഖ്യമന്ത്രി വരെയായെന്നു ചാക്കുണ്ണി. “21 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.” സിനിമയിലേക്കെത്തിയതിനെക്കുറിച്ച് ചാക്കുണ്ണി പറയുന്നു.

“ചന്ത എന്ന സിനിമയിലാണ് മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിച്ചത്. ധ്വനി, പൂനിലാമഴ എന്നീ സിനിമകളില്‍ പ്രതിപക്ഷ നേതാവുമായും അഭിനയിച്ചിട്ടുണ്ട്.

“ഇതു മാത്രമല്ല പ്രേംനസീറിന് പോലും കിട്ടാത്തൊരു ഭാഗ്യം സിനിമയില്‍ എനിക്ക് കിട്ടിയിട്ടുണ്ട്. കുടുംബസമേതം ഒരു ചിത്രത്തില്‍ അഭിനയിച്ചതാണത്. ഭാര്യയും മോനു മോളുമൊക്കെയായി ഞങ്ങളെല്ലാവരും കൂടിയാണ് അഭിനയിച്ചത്,” അദ്ദേഹം ചിരിച്ചു.

നാട് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യമാണ്. പള്ളിയില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതൊക്കെയും മറികടക്കാനാകട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നു ചാക്കുണ്ണി ച്ചേട്ടന്‍.

2002-ലാണ് അദ്ദേഹത്തിന്  ഷെവലിയാര്‍ സ്ഥാനം കിട്ടുന്നത്.


ഇതുകൂടി വായിക്കാം:കൊറോണയെ ചെറുക്കാം: ഹാന്‍ഡ് സാനിറ്റൈസര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം