‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു

ചെറിയ വരുമാനക്കാരുടെയും ചെറുകിട കര്‍ഷകരുടെയും ജീവിതത്തില്‍ കാലിവളര്‍ത്തല്‍ വലിയൊരു താങ്ങായിരുന്നു. പ്രളയശേഷം പശുക്കളെയും കന്നുകാലികളെയും നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുകയറുക പ്രയാസമായിരുന്നു.

ല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു.

ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല്‍ തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന്‍ അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്.

വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു.


പ്രകൃതിക്ക് പോറലേല്‍പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com

ആഗസ്തിലെ ആ വ്യാഴാഴ്ച ഒറ്റയടിക്ക് എല്ലാം മാറിമറിഞ്ഞു. 2018-ലാണ്. പകല്‍ സമയം വലിയ ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ പുറത്തിറങ്ങി നോക്കി. കല്ലും മണ്ണും മുകളില്‍ നിന്ന് കുത്തിയൊലിച്ചുവരുന്നു. ഒന്നും ആലോചിക്കാനുള്ള സമയമില്ലായിരുന്നു. അവര്‍ ജീവനും കൊണ്ട് ഓടി.

രണ്ട് വര്‍ഷവും പ്രളയം വയനാടിനെ വെറുതെ വിട്ടില്ല. കര്‍ഷകരുടെ നടുവൊടിഞ്ഞു.

മിനിറ്റുകള്‍ക്കകം വീടും തൊഴുത്തും ഏഴ് പശുക്കളും മറഞ്ഞു. പശുക്കള്‍ എല്ലാം ഒഴുകിപ്പോയി. അവയുടെ ജഡം പിന്നീട് കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നാണ് കിട്ടിയത്. ഉരുള്‍പൊട്ടിയത് പകല്‍സമയത്ത് ആയതിനാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നത് മാത്രമായിരുന്നു ആശ്വാസം.


അരനൂറ്റാണ്ടുകാലത്തെ അധ്വാനം, സമ്പാദ്യം, പശുക്കള്‍… എല്ലാം മണ്ണിടിഞ്ഞു കിടക്കുന്ന കുന്നിന്‍പ്രദേശം മാത്രമായി മാറിയതിന്‍റെ നടുക്കം അവര്‍ക്ക് ഇന്നുമുണ്ട്.


“മൊയ്തുക്കയുടെ വീട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു…,” അന്ന് കല്‍പ്പറ്റയിലെ ക്ഷീരവികസന ഓഫീസറായിരുന്ന ഹര്‍ഷ വി എസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഇനിയുള്ള ആയുസ്സ് എങ്ങിനെ തുഴഞ്ഞെടുപ്പിക്കുമെന്നറിയാതെ നിസ്സഹായനായി നില്ക്കുന്ന മൊയ്തുക്കയെ കണ്ടപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു. എന്നെക്കൊണ്ടാവുന്ന ചെറിയ സഹായം എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചാണ് അന്ന് ഓഫീസിലേക്ക് മടങ്ങിയത്.

മഴയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച വയനാട്ടില്‍

“എന്‍റെ ഒരു മാസത്തെ ശമ്പളം കൊണ്ട് ഒരു കറവ പശുവിനെ വാങ്ങി നല്‍കാം, ഞാന്‍ മനസ്സിലുറപ്പിച്ചു,” ഹര്‍ഷ തുടരുന്നു.

മൊയ്തു മാത്രമല്ല ബാധിക്കപ്പെട്ടത്. ഒരുപാട് കര്‍ഷകര്‍. ആ വലിയ ദുരന്തത്തിന്‍റെ ശരിക്കുമുള്ള ചിത്രം പലയിടത്തും ഹര്‍ഷ നേരിട്ട് കണ്ടു.

“പനമരത്തെ മേരിച്ചേച്ചിക്ക് അഞ്ചു പശുക്കള്‍ നഷ്ടമായി. മറ്റൊരു വീട്ടില്‍ പ്രളയക്കെടുതിക്കിടയില്‍ കുഞ്ഞിനെ അബദ്ധത്തില്‍ ചാണകകുഴിയിലേക്ക് പ്രസവിച്ചിട്ട അമ്മപ്പശുവിനൊപ്പം തേങ്ങുന്ന കര്‍ഷകര്‍… ക്ഷീരമേഖലയില്‍ സംഭവിച്ച കനത്ത നഷ്ടത്തില്‍, പകച്ചു നില്‍ക്കുകയായിരുന്നു നിരവധി കര്‍ഷകര്‍!” ഹര്‍ഷ ഓര്‍ക്കുന്നു.

ഹര്‍ഷ വി എസ്

2018-ലെ പ്രളയം ആദ്യഘട്ടത്തില്‍ തന്നെ നാശം വിതച്ച ജില്ലയാണ് വയനാട്. കനത്തമഴയും, ഉരുള്‍പൊട്ടലുകളും, വെള്ളപ്പൊക്കവും, വയനാടന്‍ മണ്ണിനെ ഉലച്ചുകളഞ്ഞു. കാര്‍ഷിക മേഖലയെ പ്രളയാഘാതം ശരിക്കും തളര്‍ത്തി, പ്രത്യേകിച്ചും ക്ഷീരമേഖലയെ. ജീവിതത്തിന്‍റെ ഇഴകള്‍ അടുപ്പിക്കാന്‍ വേഗമൊന്നും കഴിയാത്ത വിധം കര്‍ഷകര്‍ നിസ്സഹായരായി.

2018-ല്‍ ഏതാണ്ട് 11 കോടിയില്‍ പരം രൂപയുടെ കനത്ത നാശനഷ്ടങ്ങളാണ് വയനാടിന്‍റെ ക്ഷീരമേഖലയ്ക്ക് മാത്രം ഉണ്ടായത്. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും പാലുല്പാദന സാന്ദ്രതയില്‍ ഒന്നാം സ്ഥാനവും ഉള്ള ജില്ലയാണ് വയനാട്. സംസ്ഥാനസര്‍ക്കാര്‍ ‘ഹൈടെക് ഡയറി ജില്ല’യായി പ്രഖ്യാപിച്ച ഏകജില്ല.

ചെറിയ വരുമാനക്കാരുടെയും ചെറുകിട കര്‍ഷകരുടെയും ജീവിതത്തില്‍ കാലിവളര്‍ത്തല്‍ വലിയൊരു താങ്ങായിരുന്നു. പ്രളയശേഷം പശുക്കളെയും കന്നുകാലികളെയും നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുകയറുക പ്രയാസമായിരുന്നു.

പല കര്‍ഷകര്‍ക്കും പകരം ഒന്നിനെ വാങ്ങാന്‍ നിവൃത്തിയില്ല. തകര്‍ന്ന വീട്, ഗൃഹോപകരണങ്ങള്‍, കൃഷി എന്നിവയുടെ കൂടെ കന്നുകാലികളുടെ നഷ്ടം കൂടി…

മൊയ്തുക്ക, മേരിച്ചേച്ചി… അങ്ങനെ നിരവധി നിസ്സഹായരായ കര്‍ഷകരുടെ മുഖങ്ങള്‍ ഹര്‍ഷയുടെ മനസ്സില്‍ വേദനയായി. എന്തെങ്കിലും ചെയ്‌തേ പറ്റൂ.
“മൊയ്തുക്കയുടെ ദുരിതം കണ്ടുമടങ്ങിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ്, ആ ക്ഷീരകര്‍ഷകനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കണമെന്ന്,
ഇതു പോലെയുള്ള കര്‍ഷകര്‍ക്ക് ആരെങ്കിലുമൊക്കെ പശുക്കളെ വാങ്ങിനല്‍കിയാല്‍ വളരെ പ്രയോജനകരമാകും..,” ഹര്‍ഷ തുടരുന്നു.

ഒരു നല്ല കറവപ്പശുവിനു 60,000 രൂപയെങ്കിലും വിലവരും. ഹര്‍ഷ ഓഫീസിലെത്തി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. അവരെല്ലാം സഹകരിക്കാമെന്നേറ്റു.

“ഞങ്ങള്‍ രണ്ട് സ്ഥിരം ജീവനക്കാരും മൂന്ന് താല്‍ക്കാലിക ജീവനക്കാരും മാത്രമേ ഇവിടെയുള്ളൂ. എന്നാലും ഞങ്ങളെക്കൊണ്ടാവും വിധം എല്ലാവരും ചേര്‍ന്ന്  ഒരു പശുവിനെ വാങ്ങി.”

2018 സെപ്തംബര്‍ ആറിന് പ്രസവിച്ച് 9 ദിവസം ആയ, 16 ലിറ്ററോളം പാല്‍ ദിവസവും കിട്ടുന്ന, ഒരു പശുവിനെ അവര്‍ മൊയ്തുവിനു വാങ്ങി നല്‍കി. അങ്ങനെയാണ് ‘ഡൊണേറ്റ് എ കൗ’ ക്യാമ്പയിന്‍ തുടങ്ങിയത്. തരിയോട്ക്ഷീര സംഘം പ്രതിനിധികള്‍, കാലിത്തീറ്റ, വൈക്കോല്‍, പച്ചപ്പുല്ല് എന്നിവയും നല്‍കി.

മൊയ്തുക്കയ്ക്ക് പശുവിനെ വാങ്ങി നല്‍കിയതിന്‍റെ സന്തോഷം ഹര്‍ഷ ഫേസ്ബുക്ക് വഴി പങ്കു വച്ചു. അതോടെ നിരവധി ആളുകള്‍ പിന്തുണയുമായി എത്തി.

‌”തുടര്‍ന്ന് ഇതുവരെ 48 വലിയ കറവ പശുക്കളും, 100 കിടാരികളും അടക്കം 148 പശുക്കളെ വയനാട്ടിലെ പ്രളയദുരിതം അനുഭവിച്ച കര്‍ഷകഭവനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു,” ഹര്‍ഷ അഭിമാനത്തോടെ പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍, വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരെല്ലാം പശുക്കളെ സംഭാവന നല്‍കുവാന്‍ മുന്നോട്ടു വന്നു.

വയനാട് ജില്ല ഭരണകൂടം, ‘വീ ഫോര്‍ വയനാട്’ കൂട്ടായ്മ, ക്ഷീര വികസന വകുപ്പ്, ക്ഷീര സഹകരണസംഘങ്ങള്‍… അങ്ങനെ ‘ഡൊണേറ്റ് എ കൗ’ കാംപെയ്‌ന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിച്ചു.

പശുവിനെ കര്‍ഷകര്‍ക്ക് നല്‍കുന്നു.

വെള്ളപ്പൊക്കത്തില്‍ കന്നുകാലികളെ നഷ്ടപ്പെട്ടവരും, വീടിനും കൃഷിയിടത്തിനും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചവരും, പെട്ടെന്ന് വരുമാനം ഉണ്ടാക്കാന്‍ കഴിയാത്തവരും, ഇതിന്‍റെ ഗുണഭോക്താക്കളാണിന്ന്.

മികച്ച ഇനം പശുക്കളെ തിരഞ്ഞെടുത്തു നല്‍കുകയും, അര്‍ഹരായ കര്‍ഷകരെ കണ്ടെത്തി ഉദരമനസ്സുകളെ അറിയിക്കുകയുമാണ് ആദ്യമായി ചെയ്യുന്നത്. പശുക്കളെ നേരിട്ട് വാങ്ങിയോ, പശു ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തോ പശുക്കളെ നല്‍കുന്നതില്‍ പങ്കാളിയാകാം, ഹര്‍ഷ പ്രോജക്ടിനെക്കുറിച്ച് വിശദമായി പറഞ്ഞു.

നല്ല ഗുണമേന്മയുള്ള പശുക്കളാണ് കര്‍ഷകര്‍ക്ക് കിട്ടുന്നതെന്ന് എന്നു ഉറപ്പു വരുത്തുകയും തുടര്‍ന്നു തീറ്റയും ഇന്‍ഷുറന്‍സും ഉറപ്പാക്കുകയും ചെയ്യും. ക്ഷീര സഹകരണ സംഘങ്ങളുടെ സഹായത്തോടെ, പാല്‍ വിപണനം, തീറ്റ വിതരണം എന്നിവ നടക്കുന്നുണ്ട്, അവര്‍ തുടരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ പ്രചാരണത്തിന് മറ്റ് മാധ്യമങ്ങളും വലിയ പിന്തുണ നല്‍കി.

ആലപ്പുഴയിലെ കട്ടക്കുഴി എന്ന കാര്‍ഷിക ഗ്രാമത്തിലാണ് ഹര്‍ഷ ജനിച്ചതും വളര്‍ന്നതും. കൃഷിയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. “വീടിന്‍റെ ഒരു ഭാഗം നെല്‍വയലുകള്‍ വിളഞ്ഞു നില്‍ക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മക്കും കൃഷിയില്‍ താത്പര്യം ഉണ്ടായിരുന്നു,” ഹര്‍ഷ പറയുന്നു.

“ജോലി സംബന്ധമായി വിവിധ സ്ഥലങ്ങളിലായിരുന്നെങ്കിലും അച്ഛന്‍ (പി കെ ശ്രീഹര്‍ഷന്‍) അവധി കിട്ടിയാല്‍ ഓടി വന്ന് കൃഷി ചെയ്യുമായിരുന്നു. ഈ വാര്‍ദ്ധക്യത്തിലും അത് തുടരുന്നു,” അവര്‍ തുടരുന്നു.

ഹര്‍ഷ വി എസ്

പ്ലസ് ടു കഴിഞ്ഞതിന് ശേഷം എല്‍. എല്‍. ബി ക്ക് അഡ്മിഷന്‍ കിട്ടിയെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യാനായിരുന്നു ഹര്‍ഷക്ക് താല്‍പര്യം.

തൃശ്ശൂര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നി്ന്നും ഡയറി ടെക്‌നോളജിയില്‍ ബിരുദം നേടി. വിദേശത്തൊക്കെ ജോലി സാധ്യത ഉണ്ടായിരുന്നെങ്കിലും നാട്ടില്‍ നിന്ന് ഇവിടെയുള്ള കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ആ ചെറുപ്പക്കാരി ഇഷ്ടപ്പെട്ടത്.

ക്ഷീര വികസന ഓഫീസറായി പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ ,വയനാട് ജില്ലകളില്‍ ജോലി ചെയ്തു.

സര്‍ക്കാരിന്‍റെ അംഗീകാരം

2018-ലെ പ്രളയത്തിന്‍റെ ദുരിതത്തില്‍ നിന്ന് കരകയറുംമുമ്പേ ഈ വര്‍ഷം വീണ്ടും വയനാട്ടില്‍ കൊടുംമഴയും ഉരുള്‍പൊട്ടലും ദുരന്തമായി.
സാധാരണ കര്‍ഷകര്‍ക്ക് താങ്ങായി ഡൊണേറ്റ് എ കൗ കാംപെയ്ന്‍ തുടരുകയാണ്. .


ഇതുകൂടി വായിക്കാം: ഒഴിവുസമയത്തെ കൃഷി: പോളിഹൗസില്‍ നിന്ന് വിജയ കല നേടുന്നത് മാസം 20,000 രൂപ, വിഷമില്ലാത്ത പച്ചക്കറികളും


“ജില്ലാ ഭരണകൂടവും, ജന പ്രതിനിധികളും ക്ഷീര സഹകരണ സംഘങ്ങളും സന്നദ്ധ സംഘടനകളും അനേകം സുമനസ്സുകളും ഈ ആശയത്തോടൊപ്പം ചേര്‍ന്ന് നിന്നതിനാല്‍ ആണീ പദ്ധതി വിജയിച്ചത്,” ഹര്‍ഷ പറഞ്ഞു.

ഈ വര്‍ഷത്തെ പ്രളയദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ ‘ഡൊണേറ്റ് എ കൗ’ പദ്ധതിയുടെ രണ്ടാംഘട്ടം വയനാട്ടില്‍ ആരംഭിച്ചുകഴിഞ്ഞു.
“സര്‍ക്കാര്‍ സര്‍വീസിലുള്ളതിനാല്‍തന്നെ സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ക്കു ഒപ്പം, കര്‍ഷക ക്ഷേമത്തിന് ഉതകുന്ന മറ്റു പരിപാടികളും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ കൂടുതലായി കര്‍ഷകരില്‍ എത്തിച്ചു മുന്നോട്ടുപോകാന്‍ തന്നെയാണ് ഞാന്‍ ശ്രമിക്കുന്നത്.

“സര്‍ക്കാര്‍ ജോലി ജനങ്ങളെ സേവിക്കാന്‍ ഉള്ള ഒരു നല്ല അവസരം തന്നെയാണ്… ഓഫീസില്‍ മുന്നിലെത്തുന്ന പൊതുജനത്തിന്‍റെ നികുതിപ്പണംകൊണ്ട് വാങ്ങിയ കസേരയില്‍ ആണ് നമ്മള്‍ ഇരിക്കുന്നത് എന്ന് ചിന്തിച്ചാല്‍ തന്നെ അവര്‍ക്ക് വേണ്ടി സേവനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകും…,” എന്നാണ് ഹര്‍ഷ പറയുന്നത്.


പ്രത്യേകിച്ച് കര്‍ഷകര്‍ക്കു വേണ്ടിയുള്ള ജോലി ആകുമ്പോള്‍, കൂടുതല്‍ കരുതലോടെ ജോലി ചെയ്യേണ്ടതുണ്ട്. സമൂഹത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന, 365 ദിവസവും വിശ്രമമില്ലാതെ അധ്വാനിക്കുന്നവരാണ് ക്ഷീരകര്‍ഷകര്‍.


ഹര്‍ഷ

“കാര്‍ഷികവൃത്തി ഇന്നും കൈവിടാതെ കൊണ്ടുനടക്കുന്ന അച്ഛനില്‍ നിന്നാണ് ഒരു ശരാശരി കര്‍ഷകന്‍റെ ബുദ്ധിമുട്ട് ചെറുപ്പം മുതല്‍ മനസ്സിലാക്കിയിട്ടുള്ളത്. മുന്നിലെത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങളും, അവരുടെ കഷ്ടപ്പാടുകളും പെട്ടെന്ന് വായിച്ചെടുക്കാന്‍ കഴിയുന്നതും കൃഷി ഏറെ ഇഷ്ടം ആയതുകൊണ്ടാണ്,” ഹര്‍ഷ പറഞ്ഞു.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും നെല്‍ക്കൃഷിയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഒക്കെയായി നടക്കുന്ന പി.കെ.ശ്രീഹര്‍ഷനാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ അച്ഛന്‍. “സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഫാര്‍മസിസ്റ്റ് ആണ് അമ്മ എല്‍. സുലജാംബികയും എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്നു,” ഹര്‍ഷ കൂട്ടിച്ചേര്‍ത്തു.

സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍ ആണ് ഭര്‍ത്താവ്. മക്കള്‍ എട്ടുവയസ്സുകാരന്‍ ഹൃഷികേശ് രാജും ആറ് വയസ്സുള്ള
ഹൃതിക് രാജും.


ഇതുകൂടി വായിക്കാം: ‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം