കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍

3,000 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള വീടാണ്. മുറികളും അടുക്കളയുമൊക്കെയായി സൗകര്യങ്ങളുമുണ്ട്. വെള്ളവും വൈദ്യതിയുമൊക്കെയുണ്ട്.

ഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്.  വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്‍.

എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്‍കാന്‍ തയാറായിരിക്കുകയാണ് മാത്യു.

കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

വെറും വാക്കല്ല, ഇതേക്കുറിച്ച് ഇരവിപ്പേരൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഉറപ്പും നല്‍കി കഴിഞ്ഞു.

മാത്യുവിന്‍റെ പത്തനംതിട്ടയിലെ വീട്

പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് ഏതാനും വര്‍ഷം മുന്‍പാണ് മാത്യു നാട്ടിലേക്കെത്തിയത്. തിരുവനന്തപുരത്താണ് ഇപ്പോള്‍ സ്ഥിരതാമസം. പത്തനംതിട്ടയിലെ തറവാട് വീടാണ് മാത്യു ഐസോലേഷന്‍ വാര്‍ഡിന് വേണ്ടി നല്‍കാന്‍ സന്നദ്ധനായിരിക്കുന്നത്. അക്കാര്യങ്ങളൊക്കെ മാത്യു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

“പത്തനംതിട്ടയാണ് സ്വദേശമെങ്കിലും തിരുവനന്തപുരം പട്ടത്താണ് സ്ഥിരതാമസം. തറവാട് വീട്ടില്‍ ആരും താമസിക്കുന്നില്ല. വീടിന്‍റെ തൊട്ടടുത്ത് വേറെ വീടുകളോ മറ്റും ഇല്ല.

“ഏതാണ്ട് നൂറു മീറ്റര്‍ അപ്പുറത്തേക്ക് ഒന്നുമില്ല. 3,000 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള വീടാണ്. മുറികളും അടുക്കളയുമൊക്കെയായി സൗകര്യങ്ങളുമുണ്ട്. വെള്ളവും വൈദ്യതിയുമൊക്കെയുണ്ട്.

“വെറുതേ കിടക്കുകയല്ലേ, കൊറോണ സംശയിക്കുന്നവരെ ഇവിടെ താമസിപ്പിക്കാവുന്നതല്ലേ. അടുത്തൊന്നും വീടില്ലാത്തതു കൊണ്ട് ഐസോലേഷന്‍ വാര്‍ഡാക്കാനും സാധിക്കും. ഈ സാഹചര്യത്തില്‍ എന്നെക്കൊണ്ടു ചെയ്യാന്‍ സാധിക്കുന്നൊരു കാര്യം ചെയ്തുവെന്നേയുള്ളൂ.

മാത്യു വര്‍ഗീസ്

“ഇങ്ങനെ വീട് നല്‍കുന്നതിനെക്കുറിച്ച് ആരെയും അറിയിക്കരുതെന്നാണ് ആഗ്രഹിച്ചിരുന്നത്. പഞ്ചായത്തില്‍ ഇക്കാര്യം സംസാരിച്ചപ്പോഴും പരസ്യമാക്കരുതെന്നു മനസില്‍ കരുതിയിരുന്നു.

“പക്ഷേ ഇതേക്കുറിച്ചിപ്പോ വാര്‍ത്തകളൊക്കെ വന്നതോടെ എല്ലാവരും അറിഞ്ഞു. കൊറോണ ഭീതിയിലാണ് എല്ലാവരും. അങ്ങനെയൊരു സാഹചര്യത്തില്‍ എന്നെ കൊണ്ടു സാധിക്കുന്നൊരു കാര്യം ചെയ്യുന്നു അത്രേയുള്ളൂ,” അദ്ദേഹം ആവര്‍ത്തിക്കുന്നു.


സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ… എല്ലാം സര്‍ക്കാര്‍ തരും എന്നു പറഞ്ഞിരിക്കുവാന്‍ ഒക്കോ. അതൊരു സെല്‍ഫിഷ്നസ് അല്ലേ.


“സര്‍ക്കാരിനോട് നമുക്കും കടമകളുണ്ട്. അങ്ങനെയൊരു തോന്നലിലാണ് വീട് ഐസോലേഷന്‍ വാര്‍ഡാക്കാന്‍ തീരുമാനിച്ചത്.

“കുറച്ചുകാലമായി ഒരുപാട് ദുരന്തങ്ങളെയാണ് നമ്മളൊക്കെ നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ കോവിഡ് 19 അങ്ങനെയൊരു ദുരന്തമാണ്. നിപ്പയെയും പ്രളയത്തെയുമൊക്കെ അതിജീവിച്ചവരല്ലേ.

“ആവശ്യമെങ്കില്‍ വീട് ഉപയോഗിക്കാമെന്നറിയിച്ചു പഞ്ചായത്തില്‍ സമ്മതപത്രവും കൊടുത്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മാത്യു നിര്‍മിച്ച മീനിയേച്ചര്‍ ബൈക്ക്

2018-ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വേണ്ടിയും മാത്യു ഈ വീടിന്‍റെ വാതില്‍ തുറന്നിട്ടിരുന്നു. “അന്ന് നാട്ടില്‍ വന്നതാണ്.  ഞാനും ആ പ്രളയത്തില്‍പ്പെട്ടു,” ആ പ്രളയനാളുകളെക്കുറിച്ച് മാത്യു ഓര്‍ത്തെടുക്കുന്നു.

“തിരുവനന്തപുരത്ത് നിന്നു വീട്ടിലെത്തിയ ശേഷമാണ് പ്രളയം ശക്തമാകുന്നത്. അതോടെ തിരിച്ചു പോകാന്‍ സാധിച്ചില്ല. ഈ വീട് കുറച്ച് ഉയര്‍ന്ന പ്രദേശത്താണ്. ഇവിടെ വെള്ളമൊന്നും കയറിയില്ല.”


ഇതുകൂടി വായിക്കാം: ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്‍


അന്ന് നാല് കുടുംബങ്ങളും അവരുടെ 12 കന്നുകാലികളും ദിവസങ്ങളോളം മാത്യുവിന്‍റെ വീട്ടില്‍ താമസിച്ചു.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

“കഴിഞ്ഞ പ്രളയത്തിന് നിലമ്പൂരിലാണ് പ്രവര്‍ത്തിച്ചത്. ഞാനൊരു മെക്കാനിക്ക് അല്ലേ. അന്നാളില്‍ കുറേ വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്തുകൊടുത്തു. ആരോടും ഇതിനൊന്നും കാശൊന്നും വാങ്ങിയില്ല.”

അതിപ്പോ പ്രളയത്തില്‍ മാത്രമല്ല. റോഡരുകില്‍ വാഹനങ്ങള്‍ കേടായി കിടക്കുന്നത് കണ്ടാല്‍ നന്നാക്കി കൊടുക്കാന്‍ മാത്യുവിന് എപ്പോഴും സന്തോഷമേയുള്ളൂ. അതിന് ഫീസ് ഒന്നും വാങ്ങാറില്ല. “ചിലരൊക്കെ കാശും താരാറുമുണ്ട് കേട്ടോ,” മാത്യു ചിരിക്കുന്നു.

തിരുവനന്താണ് താമസിക്കുന്നതെങ്കിലും  ജനിച്ചു വളര്‍ന്ന നാടും വീടും മറക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് പത്തനംത്തിട്ടയിലെ വീട് ഇങ്ങനെ തന്നെ സൂക്ഷിക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി. “ഇടയ്ക്കൊക്കെ ഞാനിവിടെ വന്നു കുറച്ചു ദിവസം താമസിക്കാറുമുണ്ട്.”

ഈ വീട് ഐസോലേഷന്‍ വാര്‍ഡാക്കാന്‍ നല്‍കുന്നുവെന്ന് അറിഞ്ഞു പരാതി പറഞ്ഞവരുമുണ്ടെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജീവ് എന്‍ ടൈംസ് ഓഫ് ഇന്‍ഡ്യ യോട് പറഞ്ഞിരുന്നു.

എന്നാല്‍ ഈ വീട് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റുകയാണെങ്കില്‍ മതിയായ സുരക്ഷയും മുന്‍കരുതലുമൊക്കെ എടുക്കുമെന്ന് ഉറപ്പുകൊടുത്ത് അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍ എനിക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു,” മാത്യു തുടരുന്നു. “വീട്ടുകാരോടൊക്കെ സംസാരിച്ച ശേഷം തന്നെയാണ് ഈ തീരുമാനമെടുക്കുന്നത്. പക്ഷേ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. “എന്നാല്‍ ഇപ്പോ വീട്ടുകാരുടെയും പിന്തുണ ഒപ്പമുണ്ട്.”

ഭാര്യ സൂസന്‍ മാത്യു അധ്യാപികയാണ്. രണ്ട് മക്കളുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥി ഷീന മാത്യുവും പത്താംക്ലാസുകാരന്‍ സച്ചിന്‍ മാത്യുവും. അമ്മച്ചി സാറാമ്മ വര്‍ഗീസ്.

വാഹനങ്ങളോടുള്ള കമ്പം മാത്യുവിന് കുട്ടിക്കാലം തൊട്ടേയുണ്ട്. എല്ലാ വണ്ടികളോടും ക്രേസാണ്. വീട് നിറയെ കുറേ വണ്ടികളുണ്ട്, മോട്ടോര്‍ ബൈക്കുകളും സ്കൂട്ടറുകളുമൊക്കെ.

“ജാവ, വിജയ് സൂപ്പര്‍, ലാംമ്പി, വെസ്പ ഇതൊക്കെയുണ്ട്. കാറുകളോടും ക്രേസുണ്ട്. മെറ്റലില്‍ വാഹനങ്ങളുടെ മിനിയേച്ചറുകളുമുണ്ടാക്കിയിരുന്നു.


പക്ഷേ ഇപ്പോ എഴുത്തിന് പിന്നാലെയാണ്. ഫെയ്സ്ബുക്കിലൂടെയാണ് നോവലെഴുത്ത്.


“ഞാനൊരു എഴുത്തുകാരനൊന്നും അല്ല. ഏഴു മാസം മുന്‍പാണ് എഴുത്തിന്‍റെ ലോകത്തിലേക്കെത്തുന്നത്. ചെറുപ്പത്തില്‍ എഴുത്തുകാരനാകണമെന്നു ആഗ്രഹിച്ചിരുന്നു. പക്ഷേ ആ വഴിയിലൂടെ പോയില്ല.

“22 വര്‍ഷത്തെ വണ്ടിപ്പണിയുടെ അനുഭവപരിചയമാണ് എഴുതുന്നത്.  67 അധ്യായം വരെയെത്തി. ഇനിയത് 130 വരെയൊക്കെ പോകുമെന്നു തോന്നുന്നു. 1975 മുതല്‍ 92 വരെയുള്ള കാലഘട്ടത്തിലൂടെ പറയുന്ന ഒരു ഫിക്ഷണല്‍ സ്റ്റോറിയാണ്.

“ഫെയ്സ്ബുക്കില്‍ പൂര്‍ത്തിയാക്കിയ ശേഷം കഥയ്ക്ക് വീണ്ടും മിനുക്കു പണികള്‍ നടത്തി അതൊരു പുസ്തകമാക്കണമെന്നുണ്ട്,” മാത്യു പറഞ്ഞു.



ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം