കഷണ്ടിക്ക് വരെ ചികിത്സയുള്ള, ‘സുഗന്ധം പരത്തുന്ന’ സര്‍ക്കാര്‍ ആശുപത്രി, അത്യാധുനിക സൗകര്യങ്ങള്‍; ഒരു  ഡോക്റ്ററും സഹപ്രവര്‍ത്തകരും നാട്ടുകാരും ഒത്തുപിടിച്ചപ്പോള്‍ സംഭവിച്ചത് 

2010-ന് ശേഷം  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മാലിന്യ നിയന്ത്രണത്തിനുള്ള എക്സലന്‍സ് അവാര്‍ഡ് ആറ് വര്‍ഷം ഈ ആശുപത്രിയെത്തേടിയെത്തി.

രു ഗവേഷണത്തിന്‍റെ ഭാഗമായി ഒരു സുഹൃത്തിനൊപ്പമാണ് കുറച്ചുദിവസം മുന്‍പ് ഞാന്‍ പുനലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പോകുന്നത്.

സൂപ്രണ്ട് ഡോ. ഷെഹീര്‍ഷായോട് നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിന് അനുവാദം ചോദിച്ചു. കാണാം എന്ന് അദ്ദേഹം പറയുകയും ചെയ്തു.

ഞങ്ങള്‍ പുനലൂരില്‍ എത്തിയപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ഡോ. ഷെഹീര്‍ഷായെ കാണാന്‍ രോഗികളുടെ നീണ്ട നിര. എത്രയും പെട്ടെന്ന് സംസാരിച്ച് തിരിച്ച് തിരുവനന്തപുരത്തെത്തണമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍.

ഡോക്ടറെ ഫോണില്‍ വിളിച്ചു. ‘ഇപ്പോള്‍ വരാ’മെന്ന് പറഞ്ഞു. അതുവരെ നഴ്സിംഗ്‌ സൂപ്രണ്ടിനെ കാണാനും നിര്‍ദ്ദേശിച്ചു.

ഡോക്റ്റര്‍ എത്തുന്നതുവരെ അവരോട് സംസാരിക്കാമെന്നു കരുതി. അവരുടെ റൂമിലെത്തി.സംസാരിച്ചു തുടങ്ങി.

പുനലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ നിന്നും
‘ഇത്രയും രോഗികള്‍ കാത്തു നില്ക്കുമ്പോള്‍ ഡോക്റ്റര്‍ എവിടെ പോയി,’ ഞാന്‍ തിരക്കി.

“ഡോക്റ്റര്‍ ഷെഹീര്‍ഷാ  മെഡിക്കല്‍ സൂപ്രണ്ടാണ്. അദ്ദേഹത്തിന് ആശുപത്രി അഡ്മിനിസ്ട്രേഷന്‍ മാത്രമേയുള്ളു. ഒ പിയില്‍ എത്തുന്ന രോഗികളെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടതില്ല. എന്നാലും അദ്ദേഹത്തെ കാണാന്‍ ധാരാളം രോഗികള്‍ എത്തുന്നു…

“ഇവിടെയെത്തുന്ന ഒരുപാട് രോഗികള്‍ക്ക്  ഡോക്ടറെ  (ഷെഹീര്‍ഷാ) കണ്ടാല്‍ മാത്രമേ സമാധാനമാകുകയുള്ളു. അതിനാണ് അവര്‍ അവിടെ ക്ഷമയോടെ കാത്തു നില്ക്കുന്നത്. ഈ തിരക്കുകള്‍ക്കിടയിലും ഡോക്റ്റര്‍ അവരെ പരിശോധിക്കും,” നഴ്സിംഗ്‌ സൂപ്രണ്ട് പറഞ്ഞു.

പുനലൂര്‍ താലൂക്ക് ഗവ. ആശുപത്രിയുടെ മുന്‍ഭാഗം

ഹോസ്പിറ്റല്‍ കാര്യങ്ങള്‍ നോക്കി നടത്തുന്ന തിരക്കിനിടയിലും ഡോക്റ്റര്‍ രോഗികളെ ചികിത്സിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു.
മറ്റുപല സര്‍ക്കാര്‍ ആശുപത്രികളെയും പോലെയായിരുന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയും. പരിമിതികളില്‍ വീര്‍പ്പുമുട്ടിയിരുന്ന, വൃത്തിഹീനമായ ചുറ്റുപാടുകളുള്ള മറ്റൊരു ആശുപത്രിയായിരുന്നു അത്.

“2010-ന് മുന്‍പ് ഞങ്ങളുടെ ആശുപത്രിയുടെ അവസ്ഥയും ഇതു തന്നെയായിരുന്നു. കണ്ടാല്‍ അറയ്ക്കുന്ന വൃത്തികെട്ട കെട്ടിടം. പക്ഷെ ഡോക്റ്റര്‍ ഷെഹീര്‍ഷാ  ഇവിടെ വന്നതോടെ കാര്യങ്ങള്‍ മാറി.വിശ്രമമില്ലാത്ത അദ്ദേഹത്തിന്‍റെ പരിശ്രമം ആശുപത്രിയെ കേരളത്തിലെ മാതൃകാ ആരോഗ്യ കേന്ദ്രമാക്കി മാറ്റി.

“ഡോക്റ്റര്‍ ഇവിടെ ചാര്‍ജ്ജ് എടുക്കുന്ന കാലത്ത് ഞാനും ഇവിടെയുണ്ട്..


ആദ്യമൊക്കെ അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളുടെ കൂടെ നില്ക്കാന്‍ ഞാനുള്‍പ്പെടെയുള്ള ജീവനക്കാര്ക്ക്  വലിയ മടിയായിരുന്നു.


“കാരണം അന്നു വരെ ഞങ്ങള്‍ പിന്തുടര്‍ന്നു  പോന്നിരുന്ന രീതിയില്‍ നിന്നും തീര്‍ത്തും  വ്യത്യസ്തമായ രീതിയില്‍ ആശുപത്രിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വന്നത്  ഒരു വിഭാഗത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പക്ഷെ ക്രമേണ ജീവനക്കാരുടെ നിലപാടില്‍ മാറ്റം വന്നു.അവര്‍ ഡോക്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി.”

ഡോ. ഷെഹീര്‍ഷാ (ഇടത്തുനിന്ന് മൂന്നാമത്.) ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കും (വലത്തുനിന്ന് രണ്ടാമത് ) മന്ത്രി കെ കെ രാജുവിനും (വലത്ത്) ആശുപത്രിയിലെ സംവിധാനങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു
ഏറെ പഴക്കം ചെന്ന  കെട്ടിടങ്ങളില്‍ നിന്നും വൃത്തിയില്ലാത്ത ചുറ്റുപാടുകളില്‍ നിന്നും ആശുപത്രിയെ മോചിപ്പിക്കുക എന്നതാണ് അദ്ദേഹം ആദ്യമായി ചെയ്തത്. ശുചിത്വസംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ ശ്രമിച്ചു.

“പതിയെപ്പതിയെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളിലും   ശുചിത്വത്തിലുമെല്ലാം മാറ്റം വന്നു തുടങ്ങി. ആശുപത്രി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലം വൃത്തിയാക്കുന്നതില്‍ ഡോക്റ്റര്‍ ആദ്യം തന്നെ ശ്രദ്ധിച്ചു. ഇതിലൊക്കെ ഉപരി ജീവനക്കാരുടെ ക്ഷേമത്തിലും  ആശുപത്രിയുടെ ഭരണകാര്യങ്ങളിലും രോഗികളുടെ ശുശ്രൂഷിയിലും ഡോക്റ്റര്‍ ഷെഹീര്ഷാ ഒരുപോലെ ശ്രദ്ധിച്ചു. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളോടൊപ്പം ഒരു മനസ്സോടെ പ്രവര്‍ത്തിച്ചു.” നഴ്സിംഗ് സൂപ്രണ്ട് ഇത്രയും പറഞ്ഞപ്പോഴേക്കും ഡോ. ഷെഹീര്ഷാ എത്തി

ഡോ. ഷെഹീര്‍ഷാ (ഫോട്ടോ: ഫേസ്ബുക്ക്/Shahirsha)

“വളരെ അത്യാവശ്യമുള്ള ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതാണ്.കുറച്ച് എന്‍ ആര്‍ ഐ-ക്കാര്‍ പുതുതായി പണിയുന്ന ആശുപത്രി കെട്ടിടത്തിലേക്ക് കുറച്ച് ടി വി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.അതിന് അവര്‍ക്ക്‌ വേണ്ടി പത്രക്കാരെ കാണാന്‍ പോയതാണ്,” ഡോ. ഷെഹീര്ഷാ സംസാരിച്ചു തുടങ്ങി.


ഇതുകൂടി വായിക്കാം: ചേരിയിലെ 250 കുട്ടികള്‍ക്ക് ഫ്ലൈ ഓവര്‍ സ്ലാബിന് താഴെ സ്കൂള്‍! ഒരു തലമുറയെ മാറ്റിയെടുക്കാന്‍ 25-കാരനായ വിദ്യാര്‍ത്ഥിയുടെ ശ്രമങ്ങള്‍


”ഇപ്പോള്‍ കാണുന്ന അവസ്ഥയിലൊന്നുമായിരുന്നില്ല കേട്ടോ ആശുപത്രി. കിഫ്ബി അനുവദിച്ചിരിക്കുന്ന 56 കോടി രൂപ ഉപയോഗിച്ച്  പുതിയ ആശുപത്രി കെട്ടിടം നിര്മ്മിക്കുന്നതുകൊണ്ടാണ് ഇവിടെയൊക്കെ ഇത്രയും തിക്കും തിരക്കും. 160 ബെഡ്ഡുകളുള്ള ആശുപത്രി പുതിയ ഒമ്പതുനില കെട്ടിടം പൂര്‍ത്തിയാകുന്നതോടെ 300 ബെഡ്ഡുകളുള്ള ആശുപത്രിയായി മാറും. മാര്‍ച്ച്  അവസാനമോ ഏപ്രിലിലോ കെട്ടിടം പൂര്‍ത്തിയാകും,” ഡോക്റ്റര്‍ പറഞ്ഞു.

പുനലൂര്‍ താലൂക്ക് ഗവ. ആശുപത്രിക്കായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍റെ രൂപരേഖ (Image source: Facebook/Shahirsha)

”ഇതൊരു കൂട്ടായ്മയുടെ ഫലമാണ് കേട്ടോ. സര്‍ക്കാര്‍ ആശുപത്രികളുടെ ഈ മാറ്റം ഒരാള്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്നതല്ല. ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നമ്മുടെ പൊതു ആരോഗ്യ രംഗത്തിന് കാര്യമായ പുരോഗതിയുണ്ടാകൂ,” ഡോക്റ്റര്‍ തുടരുന്നു.

പുനലൂരിനും പത്തനാപുരത്തിനും ഇടയിലാണ്  ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നാണ് പുനലൂര്‍.  കൊല്ലം ജില്ലയിലെ 95 ശതമാനം ആദിവാസികളും താമസിക്കുന്ന മേഖല. അവര്‍ക്ക്  പുനലൂര്‍ താലൂക്ക് ആശുപത്രിയാണ് ആശ്രയം.

ജില്ലയിലെ 24 ആദിവാസി മേഖലകളില്‍ 21-ഉം  പുനലൂര്‍ അസംബ്ലി മണ്ഡലത്തിലാണ്.നേരത്തേ ഈ മേഖലയില്‍ നിന്നുള്ള രോഗികള്‍  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട  ചികിത്സയ്ക്കായി ഏറെ ദൂരം സ‍ഞ്ചരിച്ച് കൊല്ലത്തോ തിരുവനന്തപുരത്തോ പോകണമായിരുന്നു.

.

സാധാരണക്കാര്‍ക്കും വേദനയില്ലാത്ത പ്രസവം ഈ താലൂക്ക് ആശുപത്രിയിലൂടെ
1930-കളിലാണ് പുനലൂര്‍ താലൂക്ക് ആശുപത്രി ആരംഭിക്കുന്നത്. എന്നാല്‍ 2010 ആയപ്പോഴേക്കും ആശുപത്രിയുടെ അവസ്ഥ തീര്‍ത്തും  ശോചനീയമായി. എണ്‍പത് വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളും ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷവും. ചപ്പും ചവറും കൂടിക്കിടക്കുന്ന ആശുപത്രി പരിസരം. ആശുപത്രി മാലിന്യങ്ങളും തുപ്പലും വിസര്‍ജ്ജ്യങ്ങളും ചിതറിക്കിടകക്കുന്ന മനംമടുപ്പിക്കുന്ന അന്തരീക്ഷം.

2010-ന് ശേഷം  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മാലിന്യ നിയന്ത്രണത്തിനുള്ള എക്സലന്‍സ് അവാര്‍ഡ് ആറ് വര്‍ഷം ഈ ആശുപത്രിയെത്തേടിയെത്തി.

ഇക്കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പുനലൂര്‍ താലൂക്ക് ആശുപത്രി അടിമുടി മാറി. കേരളത്തിലെ പൊതുമേഖലയിലെ മാത്രമല്ല, സ്വകാര്യമേഖലയിലെയും ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി അത് മാറി.

.

ഡോ. തോമസ് ഐസക്കും എന്‍ കെ പ്രേമചന്ദ്രന്‍ എം പി (വലത്തുനിന്നും) മന്ത്രി കെ കെ രാജു, മന്ത്രി കെ കെ ശൈലജ, ഡോ. തോമസ് ഐസക് എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ  പുരസ്‌കാരം നാലാം വര്‍ഷവും നേടിയപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതി:

“എന്തുകൊണ്ടാണ് ഇങ്ങനെ അവാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുന്നത് ? നോക്കൂ, ആശുപത്രിയില്‍ ദിവസം 4 നേരം ആണ് ക്ലീനിംഗ് . മൂന്ന് നേരം പെര്ഫ്യുംഡ് ക്ലീനിംഗ് ലോഷനും ഒരു നേരം ഹൈപ്പോക്ലോറൈഡ് സോലുഷനും ഉപയോഗിച്ചാണ് ക്ലീനിംഗ്. ബയോ മെഡിക്കല്‍ വേസ്റ്റ് മുഴുവന്‍ IMA യുടെ കീഴിലുള്ള IMAGE ന് കൈമാറുന്നു .

“ജൈവ മാലിന്യത്തിന് എയറോബിക്ക് കമ്പോസ്റ്റ് സംവിധാനം. പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ക്ക്  റിസോഴ്സ് റിക്കവറി സെന്‍റര്‍ . രാത്രിയിലെ ലൈറ്റിംഗിന് സോളാര്‍ എനര്‍ജി… ചൂട് വെള്ളത്തിന് സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സമ്പൂര്‍ണ്ണ  സോളാര്‍ സ്ട്രീറ്റ് ലൈറ്റിംഗ് . ജനറേറ്റര്‍ ഉപയോഗം തീരെ കുറവ് . ആശുപത്രിയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചിരിക്കുന്നു. എല്ലാവര്‍ക്കും  രണ്ടു നേരം പാത്രത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നു . ഇതിന്‍റെ ഫലമായി പാക്കറ്റ് ഫുഡുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്നു.”

ഡോ. ഷെഹീര്‍ഷാ ആശുപത്രിയ്ക്കായുള്ള പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നു (Photo: Facebook/Shahirsha)

ആശുപത്രിയില്‍ ഒരു ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്ന സംഭരണിയുണ്ട്. സീവേജ് സംസ്കരണ പ്ലാന്‍റ്, പ്രതിദിനം 22 സിലിണ്ടര്‍ അന്തരീക്ഷ ഓക്സിജന്‍ ഉല്പ്പാദിപ്പിക്കാന്‍ കഴിയുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ 6-മത്തെതുമായ ഓക്സിജന്‍ ജനറേറ്റര്‍. എല്ലാ രോഗികള്ക്കും  കിടക്കുന്നതിനുള്ള ബെഡ് ഷീറ്റ്, അവ കഴുകി വൃത്തിയാക്കുവാന്‍ പവര്‍ ലോണ്ഡ്രിയും ആട്ടോ ക്ലേവ് സംവിധാനവും. എല്ലാ ഗര്‍ഭിണികള്‍ക്കും ആശുപത്രിയില്‍ ധരിക്കുന്നതിനുള്ള ഓട്ടോ ക്ലാവ് ചെയ്ത് അണുവിമുക്തമാക്കപ്പെട്ട വസ്ത്രങ്ങളും നാപ്കിനുകളും കുഞ്ഞിന് ടൌവലും സൌജന്യമായി നല്‍കുന്നു, അദ്ദേഹം തുടരുന്നു.

വൃത്തിയുടെയും ശുചിത്വത്തിന്‍റെയും കാര്യത്തില്‍ മാത്രമല്ല, സേവനങ്ങളുടെ കാര്യത്തിലും പുനലൂര്‍ ആശുപത്രി ഏറെ മുന്നിലാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം സൗജന്യമായാണ് നല്‍കുന്നത്. എല്ലാ വാര്‍ഡുകളിലും മ്യൂസിക് സിസ്റ്റം ഒരുക്കി ആശുപത്രിവാസത്തിന്‍റെ മടുപ്പ് കുറയ്ക്കാനും ശ്രമിക്കുന്നു.

മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍
മികച്ച സംവിധാനങ്ങളാണ് ഈ ആശുപത്രി സാധാരണക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ദിവസേന 2,000 പേര്‍ ഔട്ട്പേഷ്യന്‍റ് വിഭാഗത്തിലും 250-ല്‍ അധികം പേര്‍ ഇന്‍പേഷ്യന്‍റ് വിഭാഗത്തിലും വരുന്നു. ഒപ്പം കൂട്ടിരുപ്പുകാരും സന്ദര്‍ശകരുമായി ഏഴായിരത്തിലധികം പേര്‍ വന്നുപോകുന്നുവെന്നാണ് കണക്ക്. ഇതിനൊക്കെ ഇടയിലും ആശുപത്രി അണുമുക്തമായും ശുചിയായും സൂക്ഷിക്കുന്നതില്‍ കീനീങ്ങ് ജീവനക്കാരും നഴ്സുമാരുമൊക്കെ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തുന്നു.

സ്ഥലംമാറ്റം വാങ്ങി പുനലൂരെത്തിയ ഡോ.ഷെഹീര്‍ഷാ ആദ്യം ശ്രമിച്ചത് ജീവനക്കാരുടെ മനോഭാവം മാറ്റിയെടുത്ത് ഒന്നിപ്പിച്ച് ഒപ്പം നിര്‍ത്താനായിരുന്നു. തുടക്കത്തിലുള്ള എതിര്‍പ്പുകള്‍ അധികം വൈകാതെ മാറി. എല്ലാ ജീവനക്കാരും ഒരുമിച്ച് നിന്ന് ആശുപത്രിയുടെ വികസനം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തു.

പഴക്കമുള്ള ആശുപത്രി കെട്ടിടത്തിന്‍റെ ശോചനീയമായ അവസ്ഥ എങ്ങനെ പരിഹരിക്കും എന്നതായിരുന്നു തുടക്കത്തിലെ മറ്റൊരു വെല്ലുവിളി.ശുചിമുറികളുടെ കാര്യം അതിലും മോശമായിരുന്നു. രോഗികള്‍ക്കായുള്ള കട്ടിലുകളും മറ്റ് സൗകര്യങ്ങളും ഊഹിക്കാവുന്നതേയുള്ളു.

ദിവസത്തില്‍ നാലുനേരം തൂത്ത് തുടച്ച് വൃത്തിയാക്കും ഈ ആശുപത്രി

ഡോ. ഷെഹീര്‍ഷായുടെ സുഹൃത്തുക്കളില്‍ ചിലര്‍ സഹായിക്കാനായി മുന്നോട്ടുവന്നു. ബെഡ്ഷീറ്റുകളും മറ്റ് അവശ്യവസ്തുക്കളുമായി സഹായമെത്തി.

പരിസ്ഥിതി സൗഹൃദ ആശുപത്രി എന്ന സ്വപ്നം  അന്നത്തെ ആരോഗ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. അതിനായി സര്‍ക്കാര്‍ അടിയന്തര ധനസഹായമായി 15 കോടി രൂപ അനുവദിച്ചു.

ആശുപത്രി പുനര്‍നിര്‍മ്മിക്കാന്‍ പ്ലാന്‍ തയ്യാറാക്കി. മാലിന്യ സംസ്‌ക്കരണ പ്ലാന്‍റും പൂന്തോട്ടവും ഒക്കെയുള്ള ഒരു പ്ലാന്‍ ആയിരുന്നു അത്. എന്നാല്‍ ആ പദ്ധതി പല സാങ്കതികമായ കാരണങ്ങള്‍ കൊണ്ടും തടസ്സങ്ങള്‍ നേരിട്ടു.  “മാനസികമായി ഒത്തിരി പ്രയാസം നേരിട്ട സമയം ആയിരുന്നു ആ ദിവസങ്ങള്‍” എന്ന് ഷെഹീര്‍ ഷാ തുറന്നുപറയുന്നു.

അദ്ദേഹം പിന്മാറിയില്ല. ആരുടെയും സഹായമില്ലാതെ തന്നെ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉറച്ചു. ജീവനക്കാരുമായി കൂടിയാലോചിച്ചു. അവര്‍ ഒരുമിച്ചു നിന്നു. ഒരു മാറ്റം അവരും ആഗ്രഹിച്ചിരുന്നു. താല്‍കാലിക ജീവനക്കാര്‍ മുതല്‍ ഡോക്റ്റര്‍മാര്‍ വരെ ഒറ്റക്കെട്ടായി നിന്നു..

ആശുപത്രി കെട്ടിടം വൃത്തിയാക്കുന്നതു മുതല്‍ പരിസരത്തുള്ള കാടുവെട്ടിത്തെളിക്കുന്നതിനും അത്യാധുനിക സൗകര്യം ഒരുക്കുന്നതിനും അവര്‍ ഒരുമിച്ചു പ്രവര്‍ത്തി ച്ചു. ജീവനക്കാരുടെ പിന്തുണയോടെ മാസത്തിലൊരു ദിവസം  ആശുപത്രി പരിസരം പൂര്‍ണ്ണമായും ശുചീകരിക്കുന്ന പ്രവര്‍ത്തി ഇപ്പോഴും തുടരുന്നു.

പുനലൂരിനെ മികച്ച നഗരമാക്കണം എന്നാഗ്രഹിച്ച പ്രദേശത്തെ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന കുറച്ച് ആളുകള്‍ സഹായഹസ്തവുമായി എത്തി. അവരുടെ സുമനസുകൊണ്ട്   പല ആധുനിക ഉപകരണങ്ങളും അവര്‍ പണം പിരിച്ചു വാങ്ങി ആശുപത്രിയ്ക്കായി നല്കി. സന്നദ്ധസംഘടനകളും വ്യക്തികളുമൊക്കെ അതില്‍ ഉള്‍പ്പെടും. പുനലൂര്‍ മുനിസിപ്പാലിറ്റിയും വേണ്ട സഹായസഹകരണങ്ങള്‍ നല്കി.

ആശുപത്രിയിലെ സൗകര്യങ്ങളും പരിസരവും മെച്ചപ്പെട്ടതോടെ  നാട്ടിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവര്‍ പോലും പതിയെ ഇവിടേയ്ക്ക് എത്തി തുടങ്ങി.

14 ഡയാലിസിസ് യൂണിറ്റുകളിലായി ആയിരത്തിലധികം ഡയാലിസുകള്‍ ഇവിടെ ദിവസവും നടക്കുന്നു.സര്‍ജിക്കല്‍ ഐസിയു, മെഡിക്കല്‍ ഐസിയു, പീഡിയാട്രിക് ഐ സി യു,വേദനരഹിത പ്രസവം, സാധാരണ പ്രസവത്തിനുള്ള ലേബര്‍ സ്യൂട്ട് ,കാന്‍സര്‍ വാര്‍ഡ്  അങ്ങനെ നീളുന്നു ആശുപത്രിയുടെ സൗകര്യങ്ങള്‍.

2018-ല്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടി. നിരവധി അവാര്‍ഡുകളും.

മികവിന്‍റെ നാഴികക്കല്ലുകള്‍
*ജില്ലയില്‍ ആദ്യത്തെ ഇലക്ട്രോണിക് ക്യൂ സിസ്റ്റം
*ആദ്യമായി കമ്പ്യൂട്ടറൈസേഷന്‍
*എല്ലാ ദിവസവും രോഗികള്‍ക്ക് വൃത്തിയുള്ള ബെഡ്ഷീറ്റ്-മഴവില്‍ നിദ്ര
*ആധുനിക ലേബര്‍ റൂം, ലേബര്‍ സ്യൂട്ട്
*സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി വേദനയില്ലാത്ത പ്രസവത്തിനായി സൗകര്യമേര്‍പ്പെടുത്തി.
*സംസ്ഥാനത്തെ ആദ്യത്തെ ബെര്‍ത്ത് കംപാനിയന്‍ഷിപ്പ് പദ്ധതി
*ലാബ് ക്യൂസിഐ അംഗീകാരം
*കേന്ദ്രീകൃത ഓക്സിജന്‍/സക്ഷന്‍ പ്ലാന്റുകള്‍
*ഫ്രീസര്‍ മോര്‍ച്ചറി
*സഞ്ജീവനി ഡയാലിസിസ് യൂണിറ്റ്
*കഷണ്ടിയ്ക്കു ചികില്‍സ
*മൊബൈല്‍ മോര്‍ച്ചറി-ശാന്തി നിദ്ര

ആശുപത്രി പുതിയ കെട്ടിടത്തിലേക്ക്

ആശുപത്രിക്ക് കിഫ്ബിയിലൂടെ അനുവദിച്ച 56 കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം ഒരുങ്ങി വരികയാണ്. മാര്ച്ച്  അവസാന ആഴ്ചയിലോ ഏപ്രില്‍ മാസം ആദ്യമോ പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ കെട്ടിടം വരുന്നതോടെ 300-ലധികം ബെഡ്ഡുകളുള്ള ആശുപത്രിയായി ഇത് മാറും. കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്‍റുകളും ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കും.

കിലയടക്കം നിരവധി സ്ഥാപനങ്ങളുടെയും എം ബി എ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഈ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയുടെ ഭരണനിര്‍വ്വഹണവും വികസനപ്രവര്‍ത്തനങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്.


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം