ബോട്ടിലില്‍ തൊടാതെ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ കു‍ഞ്ഞന്‍ റോബോട്ട് നിര്‍മ്മിച്ച് നാലാം ക്ലാസ്സുകാരന്‍

ഈയടുത്ത് അക്കുടെക് എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും അലോക് തുടങ്ങിയിട്ടുണ്ട്. അതിലും റോബോട്ടിക്സ് തന്നെ പ്രധാനം.

തിവിലും നേരത്തെ സ്കൂളുകള്‍ അടച്ചു. പരീക്ഷകള്‍ മാറ്റിവച്ചു. വേനലവധിക്കാലം നേരത്തെയെത്തിയതിന്‍റെ ആഘോഷത്തിലാണ് കുട്ടികള്‍. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികളും വീടിനുള്ളിലാണ് അവധിക്കാലം ചെലവിടുന്നത്.

കളിയും വരയും ടിവി കാണലും കഥാപുസ്തകങ്ങളുമൊക്കെയായി അവധിക്കാലം. പുറത്തൊന്നും പോകാന്‍ സാധിക്കാത്തതിന്‍റെ സങ്കടങ്ങളുമുണ്ട്.

കുട്ടികളുള്ള വീടുകളൊക്കെ ബഹളമയമാണ്. ഇങ്ങനെ വീടിനകത്ത് ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ട് ഈ നാലാം ക്ലാസുകാരനും. എന്നാല്‍ ഈ കൊറോണക്കാലത്ത് അവനിപ്പോള്‍ കൊച്ചു താരമാണ്.

ബന്ധുക്കളുടെയും കൂട്ടുകാരുടെയുമൊക്കെ അഭിനന്ദനങ്ങളില്‍  സന്തോഷിച്ചിരിക്കുകയാണ് കോഴിക്കോട് പൊറ്റമല്‍ സ്വദേശികളായ  പൂര്‍ണിമയുടെയും ധനീഷിന്‍റെയും മകന്‍ അലോക് ദേവ്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസര്‍ കൈകളിലേക്ക് പകര്‍ന്നു തരുന്ന ഒരു കൊച്ചു റോബോട്ടിനെയാണ് ഈ മിടുക്കന്‍ നിര്‍മ്മിച്ചാണ് അലോക് താരമായത്.

അലോക് നിര്‍മിച്ച റോബോട്ട് സാനിറ്റൈസര്‍

“റോബോട്ടിക്സാണ് എനിക്കിഷ്ടം. അങ്ങനൊണ് റോബോട്ടിക് ട്രെയ്നിങ്ങിന് സവാദ് സാറിന്‍റെ അടുത്ത് പോകുന്നത്,”  അലോക് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“സവാദ് സാര്‍ തൊണ്ടയാട് സിഗ്നല്‍ ജംഗ്ഷനില്‍ നടത്തുന്ന റോട്ടെക്ക് എജ്യൂ എന്ന  റോബോട്ടിക് ട്രെയ്നിങ് സെന്‍ററില്‍ പഠിച്ചിരുന്നു. സാര്‍ ഓരോന്നു ഉണ്ടാക്കുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞു തരും,” കോഴിക്കോട് ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസുകാരന്‍ പറയുന്നു.

അച്ഛന്‍ സമ്മാനമായി നല്‍കിയ ലെഗോ കിറ്റുകൊണ്ടാണ് അലോക് നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ അത്ഭുതപ്പെടുത്തി ഈ കുഞ്ഞന്‍ റോബോട്ട് തയ്യാറാക്കിയത്.

“വീട്ടിലിരുന്നു അച്ഛന്‍ തന്ന ലെഗോ കിറ്റ് ഉപയോഗിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി സാറിനെ കാണിക്കുമായിരുന്നു. ഇതൊക്കെ സാറിനിഷ്ടപ്പെടുകയും ചെയ്തു.

“വീട്ടിലിരുന്ന് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നോക്കണമെന്നു സാര്‍ പറഞ്ഞിരുന്നു. സാനിറ്റൈസര്‍ റോബോട്ടിനെ ഉണ്ടാക്കി നോക്കിക്കൂടെയെന്നു സാര്‍ പറഞ്ഞപ്പോ ചെയ്തു നോക്കിയതാണ്.”

സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ എന്നാണ് ഈ കുഞ്ഞു റോബോട്ടിന്‍റെ പേര്.

റോബോട്ട് സാനിറ്റൈസറിനൊപ്പം അലോക് ദേവ്

“കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നുണ്ട്. എന്നാല്‍ സാനിറ്റൈസര്‍ ബോട്ടിലില്‍ തൊടാതെ കൈ വൃത്തിയാക്കുന്നതല്ലേ കൂടുതല്‍ നല്ലത്,” അലോക് ചോദിക്കുന്നു.

“അതിനൊരു റോബോട്ടിന്‍റെ സഹായത്തോടു കൂടി സാനിറ്റൈസര്‍ കൈകളിലേക്ക് എത്തുന്നതാണിത്.  റോബോട്ടില്‍ പിടിപ്പിച്ചിട്ടുള്ള സെന്‍സറിന്‍റെ മുന്നിലേക്ക് കൈ വെറുതേ വച്ചാല്‍ മതി.

“സെന്‍സ് ചെയ്ത് റോബോട്ട് കുപ്പിയില്‍ അമര്‍ത്തി നമ്മുടെ കൈയിലേക്ക് ലോഷന്‍ വീഴ്‍ത്തും. അള്‍ട്രാ സെന്‍സര്‍, ആം പ്രൊസസര്‍, ലെഗോ കിറ്റ് ഇതൊക്കെ ഉപയോഗിച്ചാണ് റോബോട്ടിനെ നിര്‍മിച്ചത്,” അലോക് ദേവ് വിശദമാക്കുന്നു.

“അലോക് കോച്ചിങ്ങിന് പോയ സ്ഥാപനത്തില്‍ നിന്നു കൊടുത്ത അസൈന്‍മെന്‍റിന്‍റെ ഭാഗമായാണ് ഈ റോബോട്ട് അവന്‍ ഉണ്ടാക്കിയത്,” അലോകിന്‍റെ അമ്മ പൂര്‍ണിമ പറയുന്നു.

“അലോകിന്‍റെ അച്ഛന്‍ ധനീഷ് അബുദാബിയിലാണ്. മോന് റോബോട്ടുകളോടൊക്കെ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് കുട്ടിക്ക് ലെഗോ ഇവി 3 മൈന്‍ഡ് സ്റ്റോം എന്ന കിറ്റ് അച്ഛന്‍ വാങ്ങി കൊടുക്കുന്നത്.

“നല്ല വിലയുള്ള സമ്മാനമാണിത്. ഒരു ലെഗോ കിറ്റിന് 40,000 രൂപയാണ്. ഒരെണ്ണം മാത്രമേ അവന് വാങ്ങി നല്‍കിയിട്ടുള്ളൂ. ഇതുകൊണ്ടാണ് ഓരോന്ന് ഉണ്ടാക്കുന്നത്. ഇതാദ്യമായിട്ടല്ല അവന്‍ റോബോട്ടിനെ ഉണ്ടാക്കുന്നത്.

“നേരത്തെയും ചിലതൊക്കെ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ അത്ര കാര്യമായി എടുത്തില്ല. ഈ അടുത്താണ് അവനുണ്ടാക്കുന്നത് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് ഈ സാനിറ്റൈസര്‍ റോബോട്ടിന്‍റെ വിഡിയോയൊക്കെ എടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

“ഒപ്പം കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ വാട്സ്ആപ്പിലും അയച്ചു കൊടുത്തു. അങ്ങനെയാണ് എല്ലാവരിലേക്കും ആദ്യമായി സാനിറ്റൈസര്‍ റോബോട്ട് എത്തിയത്.

“ടിവിയില്‍ വാര്‍ത്തയൊക്കെ വയ്ക്കുമ്പോ അവനും നോക്കിയിരിക്കും. അങ്ങനെ കൊറോണ വൈറസിനെക്കുറിച്ചും ഇപ്പോഴത്തെ നാടിന്‍റെ അവസ്ഥയും കൈകള്‍ ശുചിയാക്കേണ്ടതിന്‍റെ ആവശ്യകതയും അവനും അറിയാം.

“കിറ്റ് കൊണ്ടു ഓരോ കുട്ടികളുടെയും ലോജിക്കും ക്രിയേറ്റിവിറ്റിയും അനുസരിച്ച് അവര്‍ക്ക് പലതും ഉണ്ടാക്കാനാകും. കിറ്റിലെ ബ്ലോക്കുകള്‍ കൂട്ടിച്ചേര്‍ത്താല്‍ മതിയല്ലോ. അധികം സമയമൊന്നും വേണ്ട,” പൂര്‍ണിമ വിശദമാക്കുന്നു.

അച്ഛന്‍ ധനീഷിനൊപ്പം അലോക്

കഴിഞ്ഞ 16-നാണ് അലോക് ഈ റോബോട്ട് ഉണ്ടാക്കുന്നത്.

അലോകിന് റോബോട്ടിക്സില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞാണ് അവര്‍ ട്രെയ്നിങ്ങിന് അയച്ചതും ഇത്രയും വിലപ്പിടിപ്പുള്ള സമ്മാനം വാങ്ങിക്കൊടുത്തതും.


ഇതുകൂടി വായിക്കാം:പനിയോ ചുമയോ ഉണ്ടെങ്കില്‍ കോവിഡ്-19 ടെസ്റ്റ് ചെയ്യണോ? ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് ഇതാണ്


“വീട്ടിലിരിക്കുന്ന സമയമല്ലേ ഇപ്പോ ഇങ്ങനെ ഓരോന്ന് ചെയ്യട്ടെയെന്നു ഞങ്ങളും കരുതി. ഇതുപോലുള്ള കിറ്റുണ്ടേല്‍ അവന്‍ ഹാപ്പിയാ. വേറെ വികൃതിത്തരങ്ങള്‍ക്കൊന്നും പിന്നെ അവനെക്കിട്ടില്ല, അങ്ങനെ ഞങ്ങളും ഹാപ്പി,”  എന്ന് പൂര്‍ണ്ണിമ കൂട്ടിച്ചേര്‍ക്കുന്നു.

“ഡാന്‍സും സ്ക്റ്റേങ്ങും പഠിക്കാന്‍ പോയിരുന്നു. പക്ഷേ അതിനെക്കാള്‍ കമ്പം റോബോട്ടുകളോടാണെന്നു തിരിച്ചറിഞ്ഞതോടെ അതൊക്കെ അവസാനിപ്പിച്ചു. പക്ഷേ നൃത്തമൊക്കെ അവന് വലിയ ഇഷ്ടമാണ്.


ഫുട്ബോളും ഡാന്‍സും സ്കേറ്റിങ്ങുമൊക്കെ അലോകിന് ഇഷ്ടമാണെങ്കിലും ഏതുനേരവും ഈ ബ്ലോക്കുകള്‍ ഉപയോഗിച്ച് ഓരോന്നു ഉണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കും.


“അല്ലെങ്കില്‍ പിന്നെ ഇതൊക്കെയുണ്ടാക്കുന്ന വിഡിയോകള്‍ കാണുന്നതാണ് ഇഷ്ടം. യുട്യൂബില്‍ നോക്കി ഓരോന്ന് കണ്ടെത്തി കാണുന്നത് കാണാം.”

ഈയടുത്ത് അക്കുടെക് എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും അലോക് തുടങ്ങിയിട്ടുണ്ട്. അതിലും റോബോട്ടിക്സ് തന്നെ പ്രധാനം. (അക്കുടെക് കാണാം)

അച്ഛനും അമ്മയ്ക്കുമൊപ്പം അലോക്

സാധനങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് എടുത്തു മറ്റൊരു സ്ഥലത്ത് കൊണ്ടു പോയി വയ്ക്കുന്ന  റോബോട്ട് അലോക് നിര്‍മ്മിച്ചിരുന്നു. ഗ്രാബ് റോബോട്ട് എന്നാണ് ഈ ചെറിയ റോബോട്ടിന് പേരിട്ടത്.

“ഈ കിറ്റ് ഉപയോഗിച്ച് വലിപ്പമുള്ള റോബോട്ടിനെ നിര്‍മ്മിക്കാനാകില്ല. ഒരു കിറ്റ് അല്ലേ ഉള്ളൂ. ഒന്നുണ്ടാക്കിയ ശേഷം പിന്നീട് വേറൊന്നുണ്ടാക്കാന്‍ ഇതഴിക്കണം. റിയൂസ് ചെയ്യുകയാണ് വേണ്ടത്,” പൂര്‍ണിമ പറഞ്ഞു.

“മാത്സ് ആണ് ഇഷ്ട വിഷയം,” അലോക് തുടരുന്നു. “റോബോട്ടിക്സ് സയന്‍റിസ്റ്റ് ആകണമെന്നാണ് എന്‍റെ ആഗ്രഹം. ഇനിയൊരു ഡ്രസ് മടക്കി വയ്ക്കുന്ന റോബോട്ടിനെ നിര്‍മ്മിക്കണമെന്നാണ്.

“കുറച്ചു ദിവസം കഴിഞ്ഞു ചെയ്തു നോക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയിപ്പോ വെക്കേഷനല്ലേ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സമയമുണ്ടല്ലോ,” ചിരിച്ചുകൊണ്ട് അലോക് കൂട്ടിച്ചേര്‍ത്തു.

കാണാം, അലോകിന്‍റെ കുഞ്ഞന്‍ റോബോട്ട്


ഇതുകൂടി വായിക്കാം: കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം