ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട്

“പേമാരി പോലെ ദുരിതം പെയ്യുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ലെന്നറിയാം… എങ്കിലും അണ്ണാന്‍കുഞ്ഞിനും തന്നാലായത്,” എന്ന് അജയന്‍

ഴിഞ്ഞ രണ്ട് വര്‍ഷത്തേയും പ്രളയങ്ങളില്‍ ഓട്ടോഡ്രൈവറും കര്‍ഷകനുമായ കുമരകം ചന്തക്കടവിലെ ജി. അജയനും ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. അപ്പോഴും തന്നെക്കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു.

മാസങ്ങള്‍ കഴിയുമ്പോള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് 19- ന്‍റെ രൂപത്തില്‍ മറ്റൊരു ദുരിതം.

അജയന്‍ ചങ്ങാതി എന്ന ഓട്ടോയുമായി നാട്ടുകാര്‍ക്ക് സഹായമായി കൂടെത്തന്നെയുണ്ട്.

അജയന്‍

ആവശ്യക്കാര്‍ക്ക് സൗജന്യമായി സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കും. അതിന് ഓട്ടോച്ചാര്‍ജ്ജില്ല. ആരും പുറത്തിറങ്ങരുത്, ആവശ്യമുള്ളതെന്തായാലും വാങ്ങി വീട്ടില്‍ എത്തിക്കാന്‍ ഒരു ഫോണ്‍വിളി മതി എന്നാണ് അജയന്‍ പറയുന്നത്.

പേമാരി പോലെ ദുരിതം പെയ്യുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ലെന്നറിയാം… എങ്കിലും അണ്ണാന്‍കുഞ്ഞിനും തന്നാലായത്,” അജയന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“രണ്ട് പ്രളയങ്ങള്‍ ദുരിതം വിതച്ചപ്പോഴും ഞാനും ഏറെ വിഷമത്തിലായതാണ്. അന്നും സൗജന്യ യാത്രയടക്കമുള്ള സേവനങ്ങള്‍ ഞാന്‍ ചെയ്തിരുന്നു,” അദ്ദേഹം പറഞ്ഞു.

“രണ്ട് ദിവസം മുമ്പ് രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണായപ്പോ പലരുടേയും അടുക്കളയും ലോക്ക് ഡൗണിലേക്ക് പോകുന്ന അവസ്ഥയിലായി.
കടം വാങ്ങിയാണ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ വന്നതെന്ന് പലരും പറഞ്ഞ് കേട്ടപ്പോള്‍ ഞാനൊരു തീരുമാനപ്പെടുത്തു. ഈ വറുതിക്കാലത്ത് എന്‍റെ വണ്ടിയിലെ യാത്ര സൗജന്യമാക്കാമെന്ന്,” അജയന്‍ കൂട്ടിച്ചേര്‍ത്തു.

“അങ്ങിനെ സോഷ്യല്‍ മീഡിയ വഴി ഈ ആശയം പങ്കുവെച്ചപ്പോള്‍ ഒരുപാട് പേര്‍ എന്നെ ബന്ധപ്പെട്ടു. ഞാന്‍ സാധനങ്ങള്‍ സൗജന്യമായി എത്തിച്ചു നല്‍കി.”


ഒരു ദിവസം 200 രൂപ ഡീസലടിച്ചാല്‍ എനിക്ക് ഈ സേവനം സുഗമമായി ചെയ്യാന്‍ പറ്റും.


അത് ഒരു സൗജന്യമായല്ല, ചുമതലയായിത്തന്നെയാണ് അജയന്‍ കണക്കാക്കുന്നത്.

പ്രളയകാലത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് ആളുകളെ അയക്കാനും ഗ്യാസ്, പലചരക്ക്, പച്ചക്കറി എന്നിവ എത്തിക്കാനും കുമരകം പഞ്ചായത്തുമായി ചേര്‍ന്ന് അജയന്‍ പ്രവര്‍ത്തിച്ചിരുന്നു.

കുമരകത്ത് നൂറോളം ഓട്ടോറിക്ഷകളുണ്ട്. ഇതില്‍ 30 ഓട്ടോകള്‍ ഈ പഞ്ചായത്തുമായി സഹകരിച്ച് വന്നാല്‍ ഇവിടെ ആരും പുറത്തിറങ്ങാതെ സുരക്ഷിതമായി എല്ലാര്‍ക്കും ഈ ദുരിതകാലം മറികടക്കാനാകുമെന്ന് അജയന്‍ വിചാരിക്കുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് സേവനം ആവശ്യപ്പെട്ട് അജയനെ വിളിച്ചത്. അത് പ്രശ്‌നത്തിന്‍റെ ഗൗരവം കാണിക്കുന്നു.

സുരക്ഷയില്‍ ശ്രദ്ധിച്ചുകൊണ്ടു തന്നെയാണ് അജയന്‍ കടകളില്‍ നിന്നും വീട്ടുകാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ട് വീടുകളില്‍ എത്തിച്ചുകൊടുക്കുന്നത്.

“അജയന്‍ എന്നോടീ ആശയം പറഞ്ഞപ്പോള്‍ ഞാന്‍ പ്രോത്സാഹിപ്പിച്ചു, സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തു,” കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍ പറഞ്ഞു.

കൂടുതല്‍ ഓട്ടോക്കാരുടെ സേവനം പ്രയോജനപ്പെടുത്തി അത്യാവശ്യക്കാര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഡോര്‍ ഡെലിവറി സിസ്റ്റം സഹകരണത്തോടെ നടപ്പിലാക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക്  അജയനെപ്പോലുള്ളവരുടെ സേവനം ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അജയന്‍റെ ചങ്ങാത്തമാണ് ഞങ്ങളെ കൊറോണ ഭീതിയില്‍ വീട്ടില്‍ സ്വസ്ഥമായി ഇരിക്കാന്‍ ധൈര്യം തരുന്നതെന്ന് പ്രദേശവാസിയായ യാക്കൂബ് പറഞ്ഞു.

“പഞ്ചായത്തിന്‍റെയും സുഹൃത്തുക്കളുടേയും സഹായത്തോടെ നിര്‍മ്മിച്ച 450 സ്‌ക്വയര്‍ ഫീറ്റിന്‍റെ ചെറിയ വീട്ടിലാണ് അജയന്‍ താമസിക്കുന്നത്. അദ്ദേഹം ഒരു വലിയ നല്ല മനസ്സിന്‍റെ ഉടമയാണെന്ന് പ്രളയ കാലത്തും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്,” യാക്കൂബ് പറയുന്നു.

ചങ്ങാതി കൂട്ടം കൂട്ടായ്മ സമൂഹ നന്മക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ട്. വര്‍ഷങ്ങളായി കാന്‍സര്‍ രോഗികള്‍ക്കായി ഓണത്തിനും വിഷുവിനും, ക്രിസ്മസ്സിനും ഭക്ഷണ കിറ്റും അവശ്യ സാധനങ്ങളും സൗജന്യമായി നല്‍കാറുണ്ട്.

അജയന്‍റെ ഭാര്യ ശ്രീയ്ക്ക് സഹകരണ ബാങ്കില്‍ ജോലിയുണ്ട്. രണ്ട് മക്കളുടേയും കുടുംബത്തിന്‍റേയും പൂര്‍ണ്ണ പിന്തുണയോടെയാണ് അജയന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍.

ഓട്ടോക്കാരന്‍ മാത്രമല്ല, അദ്ദേഹം ഒരു കര്‍ഷകനുമാണ്. വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നതിനായി ചങ്ങാതിക്കൂട്ടം കൂട്ടായ്മ സംഘടിപ്പിച്ച് കൃഷിയിറക്കാറുണ്ട്. പതിനഞ്ച് പേരാണ് ആ കൂട്ടത്തില്‍. മെത്രാന്‍ കായലിലും കുമരകം പാടശേഖരങ്ങളിലും പാട്ടത്തിനെടുത്ത് അവിടെത്തന്നെ വില്‍പന നടത്താറുണ്ടെന്ന് അജയന്‍.

“കര്‍ഷകനായ എന്‍റെ അധിക വരുമാനത്തിനായി ഉള്ള ഓട്ടോക്കും ഞാന്‍ ചങ്ങാതി എന്നുതന്നെ പേരിട്ടു. ഈ കൂട്ടായ്മയിലെ ചങ്ങാതിമാരുടെ ചങ്ങാത്തവും എനിക്കെപ്പോഴും ധൈര്യം പകരുന്നു,” അജയന്‍ പറയുന്നു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം