‘നീ പഠിപ്പ് നിര്‍ത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ അധ്യാപകരുണ്ട്’: പപ്പടവും പതിമുകവും വിറ്റ് ബി.ടെക് പഠിച്ച ചെറുപ്പക്കാരന്‍റെ കരളുറപ്പിന്‍റെ കഥ

എല്ലാത്തിനും എ പ്ലസ് വാങ്ങുന്ന ക്ലാസിലെ നമ്പര്‍ വണ്‍ പഠിപ്പിസ്റ്റ് ഒന്നും അല്ലായിരുന്നു ഈ കഥയിലെ നായകന്‍.

ടബാധ്യതകള്‍ തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന ഉമ്മച്ചിയെ കണ്ട് കച്ചവടക്കാരനായതാണ് അമ്പലപ്പുഴക്കാരന്‍ സഫീക്ക് എന്ന 22-കാരന്‍.  തിരുനെല്‍വേലി പി എസ് എന്‍ കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ബിടെക്കിന് പഠിക്കുന്നതിനിടയിലായിരുന്നു കച്ചവടം.

തിരുനെല്‍വേലിയില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും സഫീക്ക് (22) ആലപ്പുഴയ്ക്ക് ട്രെയ്ന്‍ കയറും. ശനിയും ഞായറും പപ്പടം വില്‍ക്കണം. ആ കാശ് കിട്ടിയിട്ട് വേണം പരീക്ഷാഫീസും ഹോസ്റ്റല്‍ ഫീസുമൊക്കെ അടയ്ക്കാന്‍.

18-ാമത്തെ വയസിലാണ് പഠിക്കാന്‍ വേണ്ടി സഫീക്ക് തെരുവു കച്ചവടക്കാരനായത്. ഇപ്പോള്‍ ബിടെക് കഴി‍ഞ്ഞ് ജോലി കിട്ടിയതിന്‍റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി സംസാരിക്കുന്നത്.

“ആഗ്രഹിച്ചു നേടിയതാണ്. മക്കള്‍ എന്‍ജിനീയേഴ്സ് ആകണമെന്നു അഭിമാനത്തോടെ പറഞ്ഞിരുന്ന ഉമ്മച്ചിയുടെ  സ്വപ്നം കൂടിയാണിപ്പോള്‍ സഫലമായിരിക്കുന്നത്,” അതുപറയുമ്പോല്‍ സഫീക്കിന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും നനഞ്ഞു തിളങ്ങി.

സഹോദരന്‍ സഫീറിനൊപ്പം (ഇടത്) സഫീക്ക്

വി.എം.ഷറഫുദ്ദീന്‍റെയും വണ്ടാനം മെഡിക്കല്‍ കോളെജിലെ ഫെയര്‍കോപ്പി സൂപ്രണ്ടായി വിരമിച്ച ഇ.കെ. സുബൈദ ബീഗത്തിന്‍റെയും ഇളയമകനാണ് സഫീക്ക്. സാമ്പത്തികമായി മോശമല്ലാത്ത കുടുംബമായിരുന്നു. പക്ഷേ പെട്ടെന്നുണ്ടായ കടബാധ്യതകളും കുടുംബപ്രശ്നങ്ങളുമൊക്കെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു.

കടങ്ങള്‍ തീര്‍ക്കാന്‍ പോലും ആ ഉമ്മയുടെ ശമ്പളം തികയില്ലായിരുന്നു.

എല്ലാത്തിനും എ-പ്ലസ് വാങ്ങി ക്ലാസിലെ നമ്പര്‍ വണ്‍ പഠിപ്പിസ്റ്റെന്ന പേരു നേടിയ ആളൊന്നുമല്ല നമ്മുടെ കഥയിലെ നായകന്‍. “എടാ നീ ഇനി പഠിക്കാന്‍ സ്കൂളിലേക്ക് വരണ്ട, പഠനം നിറുത്തുന്നതാണ് നല്ലതെന്ന് മുഖത്തു നോക്കി പറഞ്ഞ അധ്യാപകരുണ്ട്,”  അതുപറയുമ്പോള്‍ വേദന കലര്‍ന്ന ഒരു ചിരിയുണ്ടായിരുന്നു സഫീക്കിന്‍റെ മുഖത്ത്.

പപ്പടം കച്ചവടത്തിനിടെ സഫീക്ക്

അമ്പലപ്പുഴയിലാണ് വീട്. കുട്ടിക്കാലത്ത് കുറച്ചുകാലം ആലപ്പുഴ ടൗണില്‍ തന്നെയുള്ള ഉമ്മവീട്ടിലായിരുന്നു അവര്‍. അമ്പലപ്പുഴയിലെ മരിയ മോണ്ടിസോറി സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്.

“പ്ലസ് ടു വരെ ഞാന്‍ പഠിക്കാന്‍ ഉഴപ്പനായിരുന്നു. അതുകൊണ്ടു മാര്‍ക്കും കുറവായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോ, ഞങ്ങളുടെ സ്കൂളില്‍ ഏഴെട്ട് പേര്‍ക്ക് മാത്രമേ 80 ശതമാനത്തില്‍ താഴെ മാര്‍ക്കുണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പ്ലസ് ടു-വിന് 64 ശതമാനം മാര്‍ക്കായിരുന്നു,”  എന്ന് സഫീക്ക്.

“സാധാരണ പഠിക്കാന്‍ പിന്നിലായ കുട്ടികളുമായി പൊതുവേ അധ്യാപകര്‍ക്ക് വലിയ അടുപ്പവുമില്ലായിരിക്കും,” ആ ചെറുപ്പക്കാരന്‍ തുടരുന്നു.

“എന്‍റെ സ്കൂള്‍ പഠനനാളില്‍ നാലേ നാലു അധ്യാപകരെ സ്വാധീനിച്ചിട്ടുള്ളൂ. അവര് പ്ലസ് ടുവിലെ അധ്യാപകരാണ്. കണക്ക് അധ്യാപകരായ നൗഷാദ് സാറും രാധാലക്ഷ്മി മിസും കെമിസ്ട്രി പഠിപ്പിച്ച ജെസി ടീച്ചറും ബയോളജി ടീച്ചര്‍ ശ്രീലേഖയും.

“ഇവരല്ലാതെ പ്ലസ് ടു കാലത്ത് വേറെയൊരു ടീച്ചറും എന്നെ സ്വാധീനിച്ചിട്ടില്ല. എന്നെ പരീക്ഷ എഴുതിപ്പിക്കില്ലെന്നു പറഞ്ഞ അധ്യാപകരുമുണ്ട് കേട്ടോ. പ്ലസ് ടുവിലാണത്.


“ഞാന്‍ തോല്‍ക്കും അതുകൊണ്ട് പരീക്ഷ എഴുതിക്കേണ്ട… എന്നു പറഞ്ഞ അധ്യാപകരുമുണ്ട്.”


ഇങ്ങനെയൊക്കെ ടീച്ചര്‍മാര് പറഞ്ഞിട്ട് പോലും, പഠിച്ച് നന്നാകണമെന്നൊന്നും തോന്നിയിട്ടില്ലെന്ന് സഫീക്ക്. ആരോടും വാശിയും തോന്നിയില്ല.

കച്ചവടത്തിരക്കിലാണ് സഫീക്ക്

പക്ഷേ ഉമ്മയുടെ കഷ്ടപ്പാടുകള്‍ക്ക് ഒരാശ്വാസമാകണമെങ്കില്‍, നല്ല ജീവിതത്തിന്, പഠിക്കണമെന്നും മികച്ച കരിയര്‍ വേണമെന്നൊക്കെ തിരിച്ചറിഞ്ഞതോടെ സഫീക്ക് ഉറച്ച മനസ്സോടെ പഠിക്കാന്‍ തുടങ്ങി.

“എന്‍ജിനീയറാകണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ബിടെക്കിന് ചേരുന്നത്. പക്ഷേ പ്ലസ് ടു വരെ എന്തൊക്കെയോ ആഗ്രഹങ്ങളായിരുന്നു. പ്ലസ് ടുവൊക്കെ കഴിഞ്ഞപ്പോഴാണ് ലൈഫില്‍ വിജയിക്കണം, അതിനു പറ്റിയ കരിയര്‍ തെരഞ്ഞെടുക്കണമെന്നൊക്കെ തോന്നുന്നത്,” സഫീക്ക് പറയുന്നു.

“പക്ഷേ തോല്‍ക്കാന്‍ തയാറാല്ലാത്ത മനസും ഉമ്മയോടുള്ള സ്നേഹവുമാണ് എന്നെ വിജയിപ്പിച്ചത്, 84 ശതമാനം മാര്‍ക്ക് നേടി ബിടെക്ക് കാരനാക്കിയത്. ദാ ഇപ്പോള്‍ ഈ ജോലിയും.”

കോഴ്സ് കഴിഞ്ഞ് അധികം വൈകും മുന്‍പേ സഫീക്കിന് കൊച്ചിയില്‍ ഒരു കമ്പനിയില്‍ ജോലി ശരിയായി. “വലിയ സന്തോഷമാണ്,”എന്ന് സഫീക്ക്.

“കഴിഞ്ഞ മൂന്നിന് ജോയ്ന്‍ ചെയ്തു. എറണാകുളത്ത് വൈറ്റിലയില്‍ ബി എസ് എസ് ടെക്നോളജീസ് എന്ന കമ്പനിയിലാണ് ജോലി കിട്ടിയത്. ഇക്ക ഒമാനിലേക്ക് പോകും മുന്‍പ് കുറച്ചുകാലം ഇവിടെ ജോലി ചെയ്തിരുന്നു.

“ഇക്കാടെ പേര് സഫീര്‍. ഇക്കയും മെക്കാനിക്കല്‍ എന്‍ജിനീയറാണ്. ആളാണ് ഇവിടെ ജോലിക്ക് അപേക്ഷിക്കണമെന്നൊക്കെ എന്നോട് പറഞ്ഞത്. ബിടെക്ക് കഴിഞ്ഞ് എറണാകുളത്ത് തന്നെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആറു മാസത്തെ കോഴ്സാണിത്.

സഫീക്ക്

“ഇതിനിടയിലായിരുന്നു ജോലിക്ക് അപേക്ഷിച്ചതും ഇന്‍റര്‍വ്യൂവുമൊക്കെ. ഈ കോഴ്സിന്‍റെ ഒരു പരീക്ഷയും ഒരാഴ്ച നീളുന്ന ക്ലാസും കൂടി ബാക്കിയുണ്ട്. പരീക്ഷയുടെ ദിവസം അവധി ദിവസമായതു കൊണ്ട് പോയി എഴുതാം.

“ബാക്കിയുള്ള ഒരാഴ്ചത്തെ ക്ലാസിന് വേണ്ടി കിട്ടിയ ജോലി ഒരു മാസത്തേക്ക് കൂടി നീട്ടിവയ്ക്കാന്‍ തോന്നിയില്ല. പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ആദ്യ ജോലിയല്ലേ. അത്രയേറെ ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെയൊരു ജോലിക്ക് വേണ്ടി.

“കിട്ടിയ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് മനസ് പറഞ്ഞത്. അതുകൊണ്ടാണ് വേഗം ജോലിക്ക് കയറിയതും,” സഫീക്ക് തുടരുന്നു.

അവസരങ്ങളുള്ള കോഴ്സ് പഠിക്കണമെന്നു സഫീക്ക് നേരത്തെ തീരുമാനിച്ചിരുന്നു. എന്‍ട്രന്‍സ് കഴിഞ്ഞപ്പോ സഹോദരന്‍ സഫീര്‍ അവനോട് ചോദിച്ചിരുന്നു, സിവില്‍ താത്പ്പര്യമുണ്ടോയെന്ന്. പക്ഷേ സിവില്‍ വേണ്ട, മെക്കാനിക്കല്‍ തന്നെ പഠിച്ചാ മതിയെന്നായിരുന്നു സഫീക്കിന്‍റെ മറുപടി.

‘ഉഴപ്പിന്‍റെ കാലം’ കഴിഞ്ഞ് പഠിക്കണമെന്നൊക്കെയുള്ള ചിന്ത മനസ്സിലുറച്ചതോടെ എന്‍ജിനീയറിങ്ങ് നന്നായി പഠിച്ചുതുടങ്ങി. പക്ഷേ, ജീവിതം പ്രതിസന്ധികളിലേക്ക് വീണതും ആ സമയത്ത് തന്നെയായിരുന്നു.

മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനും(വലത്തുനിന്ന് രണ്ടാമത്) വൈസ് ചെയര്‍മാന്‍ ജ്യോതി മോളും (വലത്ത്) സഫീക്കിനെ ആദരിക്കുന്നു. ഇടത്ത് സഫീക്കിന്‍റെ ഉമ്മ ഇ.കെ. സുബൈദ ബീഗം.

“എന്‍ജിനീയറിങ്ങിന്‍റെ ആദ്യവര്‍ഷമൊക്കെ നന്നായി പഠിക്കുമായിരുന്നു. അന്നെനിക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ രണ്ടാംവര്‍ഷത്തിലേക്കെത്തിയപ്പോഴാണ് ഓരോ പ്രശ്നങ്ങളുണ്ടാകുന്നത്,” സഫീക്ക് ഓര്‍ക്കുന്നു.

“മൂന്നാം സെമസ്റ്റര്‍ കാലത്ത് വീട്ടില്‍ വന്നപ്പോ നിറയെ പ്രശ്നങ്ങളൊക്കെയായിരുന്നു. വാപ്പ വീട്ടില്‍ നിന്നിറങ്ങിപ്പോയി.  ആയിടയ്ക്കാണ് വാപ്പയ്ക്ക് കുറേ കടമൊക്കെ വന്നത്. കുറേ സ്വത്തുക്കളും വാപ്പ വില്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വീടു കൂടി വില്‍ക്കണമെന്നു പറഞ്ഞതോടെ ഉമ്മച്ചി സമ്മതിച്ചില്ല. ആകെയുള്ള കിടപ്പാടമാണെന്നു പറഞ്ഞു, ഉപ്പ വഴക്കിട്ട് പോയി.

“മൂന്നു വര്‍ഷം മുന്‍പ് ഇറങ്ങിപ്പോയതാണ്. ഒരുപാട് കടബാധ്യതകളുമുണ്ടായിരുന്നു. ആ കടങ്ങളൊക്കെ ഉമ്മ തന്നെയാണ് വീട്ടിയത്. ചിട്ടി പിടിച്ചും ശമ്പളത്തില്‍ നിന്നുമൊക്കെയായി ഉമ്മച്ചി പണം കണ്ടെത്തി കടം വീട്ടി.

“ഉമ്മച്ചി ഓരോരുത്തരോടും കൃത്യമായി സമയം പറയും, എന്നിട്ട് ആ ദിവസം എങ്ങനെയെങ്കിലുമൊക്കെ പണം കണ്ടെത്തി നല്‍കുമായിരുന്നു. ഉമ്മച്ചിയെ എല്ലാര്‍ക്കും ഇഷ്ടമാണ്, വിശ്വാസവും.

“ഉമ്മച്ചിക്ക് ലോണെടുക്കാനൊക്കെ പലരും ജാമ്യം നിന്നിട്ടുണ്ട്. ഉമ്മച്ചി ആരെയും പറ്റിക്കില്ലെന്ന വിശ്വാസമാണ്. അത്രയും നല്ല സ്വഭാവമാണ് ഉമ്മച്ചിയുടേത്.

“ചിട്ടിത്തുക അടയ്ക്കലും കടം വീട്ടലുമൊക്കെയായി ഉമ്മച്ചിക്ക് കിട്ടുന്ന ശമ്പളം തീരുന്നത് അറിയില്ല. പിന്നെ വീട്ടുകാര്യങ്ങളും എന്‍റെ പഠനചെലവുമൊക്കെയുണ്ടല്ലോ. ഫീസ് അടക്കാനോ പുസ്തകം വാങ്ങാനോ എന്തിനു വേണ്ടി കാശ് ചോദിച്ചാലും എങ്ങനെയെങ്കിലും ഉമ്മച്ചി തരും. ആരോടെങ്കിലും കടം വാങ്ങിച്ചാണേലും.

“പക്ഷേ ഇപ്പോ തന്നെ കടങ്ങള്‍ കുറേയുണ്ട്. എന്നെ പഠിപ്പിക്കാനും കൂടി ഇനി കടം വാങ്ങിപ്പിക്കണോ എന്നാണെനിക്ക് തോന്നിയത്. അന്ന് ഇക്കയ്ക്ക് എറണാകുളത്ത് ജോലിയുണ്ട്. പക്ഷേ തുടക്കക്കാരനായ എന്‍ജിനീയര്‍ക്ക് അത്ര വലിയ ശമ്പളമൊന്നും അല്ലല്ലോ കിട്ടുന്നത്.

“ഉമ്മച്ചി കടങ്ങള്‍ ഒരു വഴിക്ക് വീട്ടട്ടേ… പഠിക്കാനുള്ള പണം ഞാന്‍ തന്നെ കണ്ടെത്തിയാല്‍ മതിയല്ലോന്ന് ചിന്തിച്ചു തുടങ്ങി. അങ്ങനെയൊരു ദിവസം, ബിടെക്കിന്‍റെ രണ്ടാം വര്‍ഷം നവംബര്‍ മാസത്തില്‍, ഉമ്മച്ചിയും ഇക്കയും ജോലിക്ക് പോയി.

“ഞാന്‍ വീട്ടില്‍ തനിച്ചുമാണ്. ആ സമയം ഇപ്പോഴും ഓര്‍മ്മയുണ്ട്, ഡൈനിങ് ടേബിളില്‍ കൈകുത്തിയിരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടുന്ന ഞാന്‍. ഓ… അതൊന്നും മറക്കില്ല. കടം വാങ്ങിക്കാതെ പഠിക്കാനുള്ള പണം കണ്ടെത്തുന്നതിനെക്കുറിച്ചാണ് ആലോചനകള്‍.

“ഒടുവില്‍ ഇക്കാടെ കൂട്ടുകാരന്‍ വിപിന്‍ ചേട്ടന്‍റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. അവര്‍ക്ക് വീട്ടില്‍ പതിമുകം പ്രൊഡക്ഷനുണ്ട്. അവിടെ പോയി ചോദിച്ചാല് അവര് തരാതിരിക്കില്ല. ഉറപ്പായും കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.”

മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനും(വലത്തുനിന്ന് രണ്ടാമത്) വൈസ് ചെയര്‍മാന്‍ ജ്യോതി മോളും (വലത്ത്) സഫീക്കിനെ ആദരിക്കുന്നു. ഇടത്ത് സഫീക്കിന്‍റെ ഉമ്മ ഇ.കെ. സുബൈദ ബീഗം.

വിപിന്‍റെ വീട്ടില്‍ ചെന്ന് പതിമുകം വില്‍ക്കാന്‍ തരുവോന്ന് ചോദിച്ചപ്പോ അവര് കൊടുത്തു.

സഫീക്കിന് നാടിന്‍റെ ആദരംപഠിക്കാന്‍ വേണ്ടി കച്ചവടത്തിലേക്കെത്തിയതിനെക്കുറിച്ച് സഫീക് തുടരുന്നു. “ചെറിയ പാക്കറ്റുകളിലാക്കിയുള്ള മൂന്നു ബോര്‍ഡ് പതിമുകം നല്‍കി. വീടിന് അടുത്തൊക്കെയുള്ള കടകളില്‍ കൊണ്ടുപോയി കൊടുത്തു. അവര് ഉടന്‍ കാശും തന്നു. ഒരു ബോര്‍ഡിന് അഞ്ചു രൂപ വച്ച് മൂന്നു ബോര്‍ഡ് വിറ്റു. ഉച്ചയോടെ വിറ്റു തീര്‍ന്നു, 15 രൂപ അതില്‍ നിന്നു വരുമാനം കിട്ടി.


ഇതായിരുന്നു എന്‍റെ ആദ്യ വരുമാനം. ഇതെനിക്ക് വലിയ തുക തന്നെയായിരുന്നു.


“പിന്നെ വീണ്ടും വീണ്ടും പതിമുകം വാങ്ങി വില്‍പ്പന ആരംഭിച്ചു. ഇതില്‍ നിന്നു കിട്ടുന്ന തുക കൂട്ടിവച്ച്, വീട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങളും എന്‍റെ കാര്യങ്ങളും കോളെജിലേക്ക് പോകുന്ന ചെലവുമൊക്കെ നടത്തി.”

ആ സമയത്താണ് കോളെജ് ഫീസും പുസ്തകങ്ങളുടെ കാശുമൊക്കെ അടക്കേണ്ടി വന്നത്. അങ്ങനെ ആദ്യമായി സഫീക്ക് സ്വയം ജോലി ചെയ്തുണ്ടാക്കിയ കാശു കൊണ്ട് പരീക്ഷ ഫീസ് അടച്ചു, പുസ്തകം വാങ്ങിച്ചു.

“പിന്നെയാണ് ഇക്ബാല്‍ കൊച്ചാപ്പ  (ഉമ്മച്ചിയുടെ അനുജത്തിയുടെ ഭര്‍ത്താവ്) പറഞ്ഞു, നീ ഇങ്ങനെയൊക്കെ ചെയ്യുന്നില്ലേ കുറച്ചു കൂടി ലാഭം കിട്ടുന്ന എന്തെങ്കിലുമൊക്കെ ചെയ്തു കൂടേയെന്ന്. അങ്ങനെ കൊച്ചാപ്പ തന്നെ മാര്‍ക്കറ്റില്‍ നിന്നു കുറച്ചു സാധനങ്ങളെടുത്തു തന്നു.

“ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളായിരുന്നു. ചന്ദനത്തിരി പോലുള്ള കൊതുകുതിരി, ഗ്യാസ് ലൈറ്റര്‍, കത്തി, ഇങ്ങനെയൊക്കെയുള്ള ചെറിയ വീട്ടുസാധനങ്ങള്‍.

“ഇതിനൊപ്പം പതിമുകവുമുണ്ടായിരുന്നു. ഓരോ വീടു തോറും കയറിയിറങ്ങി വില്‍ക്കുകയായിരുന്നു. ഇതില്‍ നിന്നു അത്ര വലിയ ലാഭമൊന്നും കിട്ടിയില്ല. അങ്ങനെയാണ് കൂടുതല്‍ വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്താലോ എന്നാലോചിക്കുന്നത്.”

കൂടുതല്‍ വരുമാനം കിട്ടിയാലേ ഹോസ്റ്റല്‍ ഫീസും പരീക്ഷാഫീസും അടയ്ക്കാന്‍ പറ്റൂ, പുസ്തകങ്ങളും വാങ്ങണം. കോളെജിലേക്കുള്ള പോക്കുവരവിനും പണം വേണം. കൂടുതല്‍ വരുമാനം കിട്ടുന്ന ജോലി വേണമെന്നു ആരും ആലോചിച്ചു പോകും.

അങ്ങനെയാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന പപ്പടത്തിലേക്കെത്തുന്നത്.

“പപ്പടം… മലയാളികള്‍ എല്ലാ ദിവസോം കഴിക്കാനിഷ്ടപ്പെടുന്നതല്ലേ. പിന്നീട് എവിടെ നല്ല പപ്പടം കിട്ടുമെന്ന് അന്വേഷിച്ചു. നല്ലത് കൊടുത്താല്‍ ആവശ്യക്കാര് വരുമെന്നു ഉറപ്പുണ്ടായിരുന്നു.

“വീടിന് അടുത്തുള്ള പപ്പടം ഉണ്ടാക്കുന്നവരെയൊക്കെ പോയി കണ്ടു, അവരില്‍ നിന്നു സാംപിള്‍ വാങ്ങി. ആ സാംപിള്‍ നാട്ടിലെ അഞ്ചാറ് പാചകക്കാര്‍ക്ക് കൊടുത്തു. അവരില്‍ നിന്നുള്ള അഭിപ്രായമൊക്കെ അറിഞ്ഞാണ് ബെസ്റ്റ് ആയത് തെരഞ്ഞെടുത്തത്,”  എന്ന് സഫീക്ക്.

ഒടുവില്‍ മറ്റു കച്ചവടമൊക്കെ അവസാനിപ്പിച്ചു, പപ്പടം മാത്രമാക്കി. ആറാം സെമസ്റ്ററില്‍ പഠിക്കുമ്പോഴാണ് പപ്പടം വില്‍പന തുടങ്ങുന്നത്. വീടുകളില്‍ കയറിയായിരുന്നു ആദ്യം കച്ചവടം.

“പക്ഷേ ഒരു ദിവസം നൂറോളം വീടുകളിലേ കയറാന്‍ പറ്റുന്നുള്ളൂ. സന്ധ്യയ്ക്ക് ശേഷം വീടുകളില്‍ പോയി വില്‍പന നടക്കില്ല. … അങ്ങനെയാണ് മുല്ലയ്ക്കല്‍ തെരുവിലേക്ക് എത്തുന്നത്.”

അങ്ങനെയൊരു അവധിക്കാലത്ത് പപ്പടം വില്‍ക്കാന്‍ സഫീക്ക് മുല്ലയ്ക്കല്‍ എത്തുന്നു. “ആദ്യമായി മുല്ലയ്ക്കലിലേക്കെത്തിയപ്പോ മഴ പെയ്താര്‍ന്നു,”  സഫീക്ക് ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കാം:പത്തില്‍ തോറ്റു, പിന്നെ കരിങ്കല്ല് ചുമക്കല്‍, ഓട്ടോ ഓടിക്കല്‍, കപ്പലണ്ടി വില്‍പ്പന, മീന്‍കച്ചവടം… ദാ ഇപ്പോള്‍ ഡോക്ടറേറ്റും


“മഴയത്ത് കൈയില്‍ പപ്പടവുമായി നില്‍ക്കുന്ന എന്നെക്കണ്ട്, പപ്പടം നനയേണ്ടന്ന് പറഞ്ഞ്, സെയ്ഫിക്ക വിളിച്ച് ആളുടെ പച്ചക്കറി വില്‍ക്കുന്നതിന് അടുത്തേക്ക് ചേര്‍ത്തുനിറുത്തി.

“വഴിയോരക്കച്ചവടക്കാരനാണ് സെയ്ഫിക്ക. ആ മഴയത്ത് ഞങ്ങളോരോന്ന് സംസാരിച്ചു. കൂട്ടത്തില്‍ പച്ചക്കറി വാങ്ങാന്‍ വന്നവരോട് പപ്പടം വേണോന്ന് ചോദിച്ച്, എന്‍റെ പപ്പടക്കെട്ടില്‍ നിന്നെടുത്തു അവര്‍ക്ക് സെയ്ഫിക്ക കൊടുക്കുകയും ചെയ്തു.

“എന്നിട്ട് ആളെന്നോട് പറഞ്ഞു, നീ ഇവിടെ നിന്നോ,  പച്ചക്കറി മേടിക്കുന്നവര് പപ്പടോം മേടിക്കുംന്ന്. അങ്ങനെയാണ് മുല്ലയ്ക്കല്‍ വന്നു നിന്നത്.

“സെയ്ഫിക്കാടെ വാക്കുകളൊരിക്കലും മറക്കാന്‍ പറ്റില്ല. പപ്പടക്കെട്ടുകളും കൈയില്‍ പിടിച്ച് എ വി ജെ ജംഗ്ഷന്‍ മുതല്‍ ഗണപതി ക്ഷേത്രം വരെ നടക്കും. ആ നടപ്പില്‍ പപ്പടം വിറ്റു പോകും.

“പിന്നെ ആ മുല്ലയ്ക്കല്‍ തെരുവിലൂടെ നടന്നും സെയ്ഫിക്കാടെ പച്ചക്കറി കടയ്ക്ക് സമീപത്തു നിന്നും പപ്പടം വിറ്റു. മൂന്നു വര്‍ഷം ഇവിടെത്തന്നെയായിരുന്നു. സെമസ്റ്റര്‍ അവധിക്ക് മാത്രമല്ല എല്ലാ ശനിയും ഞായറും ഞാന്‍ വീട്ടില്‍ വരും. ആ ദിവസങ്ങളില്‍ പപ്പടം വില്‍ക്കും.

“വെള്ളിയാഴ്ചകളില്‍ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ഏഴു മണിക്ക് ട്രെയ്നില്‍ കയറും. വെളുപ്പിന് രണ്ടു മണിയൊക്കെയാകുമ്പോ അമ്പലപ്പുഴയിലെത്തും. അവിടെ നിന്ന് നേരെ വീട്ടിലേക്ക്. രാവിലെ മുല്ലയ്ക്കല്‍ തെരുവിലേക്ക് പപ്പടവുമായി പോകും. വില്‍പ്പന ആരംഭിക്കും. ഇതായിരുന്നു പതിവ്.

“ട്രെയ്നില്‍ യാത്ര ചെയ്യുമ്പോ ഇരുന്നു പഠിക്കുമായിരുന്നു. എന്‍ജിനീയറിങ്ങ് പഠിക്കുമ്പോ ഇന്‍റേണല്‍ എക്സാമിന് പോലും ഞാന്‍ തോറ്റിട്ടില്ല. പക്ഷേ പ്ലസ് ടുവിലും പത്താം ക്ലാസിലുമൊക്കെ കുറേ തോല്‍വി അറിഞ്ഞിട്ടുണ്ട്,” സഫീക്ക് കൂട്ടിച്ചേര്‍ത്തു.

പഠനത്തിനൊപ്പം ജോലി ചെയ്യുന്നതിന് പലരും കളിയാക്കിയിട്ടുണ്ട് എന്ന് സഫീക്ക്. “ഒന്നല്ല  ഒരുപാട് പേരെന്നെ കളിയാക്കിയിട്ടുണ്ട്.”


പപ്പടം വിറ്റ് നടന്ന് കൈയില്‍ കാശ് കണ്ട് ഇനി അവന് പഠിത്തമൊന്നും ഉണ്ടാകില്ല, പപ്പടം വിറ്റ് ജീവിച്ചോളും എന്നൊക്കെ പറഞ്ഞവരുണ്ട്.


“ഇക്ക വലിയ സപ്പോര്‍ട്ടായിരുന്നു. പക്ഷേ ഉമ്മച്ചിയ്ക്ക് ആദ്യമൊക്കെ കുറച്ച് വിഷമം ഉണ്ടായിരുന്നു. കുടുംബത്തിലെ പലരും ഞാന്‍ പണിയെടുക്കുന്നത് മോശമായി കണ്ടവരാണ്. അങ്ങനെ ജോലി ചെയ്യാന്‍ പോകേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു.

“ആലപ്പുഴയില്‍ ഒരു കല്യാണത്തിന് പോയപ്പോ, അന്നാട്ടിലെ കുറച്ച് പ്രമുഖരായ ആള്‍ക്കാര് ചോദിച്ചു, ‘അവന്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്… ഇന്നത്തെ കാലത്ത് ഇങ്ങനെ ചെയ്യുന്ന പിള്ളേരുണ്ടോ..? അതു അന്തസോടെയല്ലേ കാണണ്ടേ’ എന്നൊക്കെ.

“ഇതുകേട്ടപ്പോ ഉമ്മച്ചി ഹാപ്പിയായി. കച്ചവടത്തിന് സാധനങ്ങളൊക്കെ വാങ്ങിത്തന്ന ഇക്ബാല്‍ കൊച്ചാപ്പ പറഞ്ഞത്, നീ ചെയ്തോ ഇതില്‍ തെറ്റ് ഒന്നും ഇല്ല. നിന്‍റെ അധ്വാനമാണിത്. നീ കക്കാനോ മോഷ്ടിക്കാനോ ഒന്നും പോയിട്ടില്ലല്ലോ. ധൈര്യമായി ചെയ്തോ എന്നാണ് പറഞ്ഞത്.

“മുല്ലയ്ക്കല്‍ പപ്പടം വില്‍ക്കുന്ന എന്നെ കണ്ടിട്ട് നോക്കാതെ പോയ കൂട്ടുകാരും, സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞ കൂട്ടുകാരുമുണ്ട്. കൂടെ പഠിച്ച ശ്രീലക്ഷ്മിയും ദേവികയും. ഇവരുടെ കണ്ണുകളില്‍ സന്തോഷമാണ് ഞാന്‍ കണ്ടത്.

“ആറാം ക്ലാസ് തൊട്ട് പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചവരാണ് ശ്രീലക്ഷ്മിയും ഞാനും. ദേവികയും ഞാനും ട്യൂഷന്‍ ക്ലാസില്‍ ഒരുമിച്ചായിരുന്നു.

“കോളെജിലെ സുഹൃത്തുക്കള്‍‍ക്ക് അറിയാം. ആദര്‍ശ്, നയന, റൂം മേറ്റ് ആയിരുന്ന അമല്‍ ചന്ദ്രന്‍ ഇങ്ങനെ ഒരുപാട് പേരുടെ പിന്തുണയുണ്ടായിരുന്നു.

“പഠിക്കുന്നതിനൊപ്പം പപ്പടം വില്‍ക്കാന്‍ പോയതൊക്കെ വലിയൊരു കാര്യമാണെന്നു തോന്നിയിട്ടില്ല. അന്നെനിക്ക് ഇതേ പറ്റുമായിരുന്നുള്ളൂ. ഉമ്മച്ചിടെ നെട്ടോട്ടങ്ങള്‍ക്കിടയില് ഞാന്‍ ബുദ്ധിമുട്ടാകരുത്.

“എനിക്ക് വേണ്ടി ഉമ്മ ഇനിയും ആരോടും കടം വാങ്ങരുതെന്നാണ് ചിന്തിച്ചത്. നാളെ ഒരുകാലത്ത് ഞാന്‍ ചെയ്യുന്നതൊക്കെ ഇത്രേം ശ്രദ്ധിക്കപ്പെടുമെന്നൊന്നും മനസില്‍ പോലും കരുതിയില്ല,” സഫീക്ക് ചിരിച്ചു.

***

സഫീക്കിന്, ആ തോല്‍ക്കാത്ത ആ മനസ്സിന്, വായനക്കാര്‍ക്കൊപ്പം ദ് ബെറ്റര്‍ ഇന്‍ഡ്യയും എല്ലാ ആശംസകളും നേരുന്നു.

***


ഇതുകൂടി വായിക്കാം:പഞ്ചസാര ചേര്‍ക്കാത്ത പായസം കഴിച്ച പ്രസിഡണ്ട് ചോദിച്ചു, ‘പോരുന്നോ എന്‍റെ കൂടെ?’: നവരസപ്പായസം മുതല്‍ ഒബാമയ്ക്കൊരുക്കിയ പൈനാപ്പിള്‍ വിഭവം വരെ നീളുന്ന മണിസാമിയുടെ പാചകക്കഥകള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം