പതിനഞ്ച് വര്‍ഷമാണ് പാലക്കാട് സ്വദേശി ഹമീദ് സൗദി അറേബ്യയില്‍ കൃഷിപ്പണി നടത്തിയത്. അറബിയുടെ നാല്‍പതേക്കറില്‍ കൃഷിക്കാരനായി തുടങ്ങി. പിന്നെ 20 ഏക്കര്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു.
പൊതുമാപ്പിന്‍റെ ആനുകൂല്യം പറ്റാന്‍ സഹായികളൊക്കെ നാട്ടിലേക്ക് തിരിച്ചിട്ടും ഹമീദ് കൃഷി തുടര്‍ന്നെങ്കിലും കൊടുംമഴ ആ പരമ്പരാഗത കര്‍ഷകന്‍റെ അധ്വാനം മുഴുവന്‍ മുക്കിക്കളഞ്ഞു.
നഷ്ടക്കണക്കുകളും ഒഴിഞ്ഞ കീശയും കൈനിറയെ പ്രശ്‌നങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ ഹമീദ് വീണ്ടും മണ്ണിലേക്കുതന്നെ ഇറങ്ങി. മനസ്സുമടുക്കാതെ പിന്നെയും കൃഷിയിറക്കി. ആ അധ്വാനവും പ്രാര്‍ത്ഥനകളും വിഫലമായില്ല. മണ്ണ് കനിഞ്ഞു, ആ അറുപത്തിയൊന്നുകാരന്‍റെ മനസ്സിന്‍റെ വേവറിഞ്ഞുതന്നെ.
ഹമീദ് എന്ന പരമ്പരാഗത കര്‍ഷകന്‍റെ കൃഷി ഗാഥയിലേറെയും അറബിക്കടലുംകടന്ന് അങ്ങ് റിയാദിലാണ്.
പാലക്കാട് ഏലപ്പുള്ളിയിലെ ഹമീദിന്‍റെ സമൃദ്ധമായ കൃഷിക്കാഴ്ചകളിലേക്ക് പോകുന്നതിന് മുമ്പേ നമുക്ക് റിയാദില്‍ ഹമീദ് പൊന്നുവിളയിച്ച ഇരുപതേക്കര്‍ മണല്‍ഭൂമിയിലേക്ക് പോകണം.
ഹമീദ് എന്ന പരമ്പരാഗത കര്‍ഷകന്‍റെ കൃഷി ഗാഥയിലേറെയും കടലുകള്‍ക്കപ്പുറത്ത് ഈ മണലാരണ്യത്തിലാണ്.
ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍
സൗദി അറേബ്യയില്‍ നമ്മുടെ തനി നാടന്‍ പച്ചക്കറികള്‍ കൃഷി ചെയ്ത് അറബിയുടെ ഇഷ്ടം സ്വന്തമാക്കിയ കര്‍ഷകനാണ് ഹമീദ്. 15 കൊല്ലം നീണ്ട പ്രവാസി ജീവിതത്തിന് ശേഷമിപ്പോള്‍ നാട്ടില്‍ മണ്ണിനെ സ്‌നേഹിച്ച് ജീവിക്കുകയാണ് ഈ കര്‍ഷകന്‍.
“കാര്‍ഷികപാരമ്പര്യമുള്ളൊരു കുടുംബമാണ് എന്‍റേത്.. കുട്ടിക്കാലം തൊട്ടേ നെല്ലും പച്ചക്കറി കൃഷിയുമൊക്കെ കണ്ടുവളര്‍ന്നതാണ്. കൃഷിയൊക്കെയായി ജീവിക്കുന്നതിനിടയിലാണ് സൗദി അറേബ്യയിലേക്ക് പോകാന്‍ അവസരം ലഭിക്കുന്നത്. അഗ്രികള്‍ച്ചര്‍ വിസയിലാണ് പോകുന്നത്.”
“സൗദിയിലെ റിയാദിലെ അല്‍ഖര്‍ജില്‍ ഏതാണ്ട് ഒരു വര്‍ഷക്കാലം ഒരു അറബിയുടെ നാല്‍പതേക്കര്‍ ഭൂമിയിലാണ് കൃഷി ചെയ്തത്. പിന്നീട് തന്‍റെ കൃഷി കണ്ട് ഇഷ്ടപ്പെട്ട് അറബി നാല്‍പതേക്കര്‍ സ്ഥലം ലീസിന് നല്‍കി.. അങ്ങനെ നാല്‍പതിനായിരം റിയാലിന് ഇരുപതേക്കര്‍ ഞാനും ബാക്കി ഇരുപതേക്കറില്‍ പാലസ്തീനിക്കാരനും പാട്ടത്തിനെടുത്ത് കൃഷി തുടങ്ങുകയായിരുന്നുവെന്നു,” ഹമീദ്.
സൗദിയല്ലേ.. മണലാരണ്യമല്ലേ ജലദൗര്‍ലഭ്യമുണ്ടാകുമല്ലോയെന്നൊക്കെ പലര്‍ക്കും സംശയം തോന്നിയേക്കാം.. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും കൃഷിയ്ക്ക് തടസമായില്ലെന്നു മാത്രമല്ല പതിനഞ്ച് വര്‍ഷക്കാലം ആ മരുഭൂമിയില്‍ കൃഷി ചെയ്താണ് ഹമീദ് നാട്ടിലെ കുടുംബത്തെ പോറ്റിയത്.
ഇതുകൂടി വായിക്കാം: ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ
“പച്ചക്കറി കൃഷിയായിരുന്നു റിയാദില്‍ ചെയ്തിരുന്നത്. തക്കാളി, ക്യാരറ്റ്, ചീര, വെണ്ട, പപ്പായ, കുമ്പളം അങ്ങനെ നാട്ടിലൊക്കെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ അറബിനാട്ടിലും കൃഷി ചെയ്തു. ഇതിനു വേണ്ടി നാട്ടില്‍ നിന്നും വിത്ത് കൊണ്ടുപോയിട്ടുണ്ട്. പാവല്‍, ചുവപ്പ് വെണ്ട, പീച്ചിങ്ങ.. ഇങ്ങനെ ചിലതിന്‍റെയൊക്കെ വിത്തുകള്‍ നാട്ടില്‍ നിന്ന് കൊണ്ടുപോയി നടുകയായിരുന്നു,”ഹമീദ് പറയുന്നു.
പതിനഞ്ച് വര്‍ഷക്കാലം ആ മരുഭൂമിയില്‍ കൃഷി ചെയ്താണ് ഹമീദ് നാട്ടിലെ കുടുംബത്തെ പോറ്റിയത്
“കൃഷിയിടം കൂടുതലായതിനാല്‍ വെള്ളം നനയ്ക്കല്‍ ഇത്തിരി ബുദ്ധിമുട്ടുള്ള പണിയായിരുന്നു. ചെടികള്‍ നനയ്ക്കുന്നതിന് അമ്പത് മീറ്റര്‍ ഉയരമുള്ള സ്റ്റാന്‍ഡുകളില്‍ സ്പ്രിങ്ഗ്ലര്‍ ഘടിപ്പിച്ച് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീതം നനയ്ക്കുകയായിരുന്നു.. കൃഷിടയത്തിനോട് ചേര്‍ന്ന് കുഴല്‍ക്കിണറുണ്ടായിരുന്നു. ഇതില്‍ നിന്നുള്ള വെള്ളമാണ് കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചിരുന്നത്.
രാവിലെ ആറു മണി മുതല്‍ കൃഷിപ്പറമ്പിലാകും.. ഇടയ്ക്ക് വെയില്‍ കനക്കുമ്പോള്‍ കുറച്ചുനേരം കൃഷിപ്പണിക്ക് ചെറിയ ഇടവേള.. പിന്നെ വീണ്ടും പണി ആരംഭിക്കും.. വൈകുന്നേരം ആറു മണി കള പറിക്കലും വളമിടലും വെള്ളം നനയ്ക്കലുമൊക്കെയായി പറമ്പില്‍ തന്നെയാകും.. സഹായികളായി കുറച്ചാളുകളുമുണ്ടായിരുന്നു.”
പക്ഷേ പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
“നന്നായി തന്നെ സൗദിയില്‍ കൃഷി ചെയ്തിരുന്നത്. പക്ഷേ പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.” ആ തിരിച്ചുവരവ് ചെറുതല്ലാത്ത സാമ്പത്തിക നഷ്ടവും വരുത്തിയെന്നു ഹമീദ്. സൗദിയിലെ അപ്രതീക്ഷിത മഴയും പൊതുമാപ്പുമാണ് മടങ്ങിവരുന്നതിന് കാരണമായത്.
ഇതുകൂടി വായിക്കാം: അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരനെത്തേടി ഇന്ന് ലോകമെത്തുന്നു: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ
“കൃഷിപ്പണിക്ക് സഹായത്തിനുണ്ടായിരുന്നവരില്‍ ഏറെയും ഇന്ത്യക്കാര്‍ തന്നെയാണ്.. ആന്ധ്രപ്രദേശില്‍ നിന്നൊക്കെയുള്ളവര്‍.. ഇടയ്ക്ക് പൊതുമാപ്പ് നല്‍കാറുണ്ടല്ലോ.. അങ്ങനെ ഒരു സമയത്ത് എന്‍റെ ജോലിക്കാര്‍ക്കൊക്കെയും പൊതുമാപ്പ് ലഭിച്ചു.. അവരൊക്കെ നാട്ടിലേക്ക് തിരികെ പോന്നു.. അതോടെ സഹായിക്കാന്‍ ആളില്ലാത്ത സാഹചര്യമായി. ഇതിനൊപ്പം സൗദിയിലെ കാലാവസ്ഥയും ചതിച്ചു. അപ്രതീക്ഷിതമായിട്ടാണ് മഴ പെയ്തത്. ദിവസങ്ങളോളം അടുപ്പിച്ച് മഴ പെയ്തതോടെ കൃഷിയെ ബാധിച്ചു. അതോടെ അവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി.. വര്‍ഷങ്ങളോളം മരുഭൂമിയില്‍ കൃഷി ചെയ്തു സ്വന്തമാക്കിയതു നഷ്ടമായി.. അതോടെ തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു…” നാട്ടിലേക്ക് തിരിച്ചുപോന്ന സാഹചര്യം ഹമീദ് വിശദീകരിക്കുന്നു.
തിരികെ നാട്ടിലേക്ക് വരുമ്പോള്‍ സാമ്പത്തിക പ്രശ്‌നം മാത്രമല്ല.. മറ്റു ചില പ്രശ്‌നങ്ങളുമുണ്ടായെന്നു ഹമീദ്. “എല്ലാം ഒന്ന് മുതല്‍ തുടങ്ങേണ്ടി വന്നു. പാരമ്പര്യമായി കൃഷി തന്നെയാണ് ചെയ്യുന്നത്. പക്ഷേ കുറേക്കാലമായി ഒന്നും ചെയ്യാതെയും നോക്കാതെയും ഇരുന്നതല്ലേ..” എന്ന് ഹമീദ്.
എന്തായാലെ കൃഷി തന്നെയായിരുന്നു ഹമീദിന് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം. മണ്ണിലേക്കുതന്നെ ഇറങ്ങി.
ദിവസവും ആറായിരം മുതല്‍ എണ്ണായിരം രൂപ വരെയുള്ള പച്ചക്കറി ഹമീദ് മാര്‍ക്കറ്റിലെത്തിക്കാറുണ്ട്
“സ്വന്തമായുള്ള ഭൂമിയിലാണ് ആദ്യം കൃഷിയിറക്കുന്നത്. എന്നാല്‍ കൃഷിക്ക് വെള്ളം കിട്ടാതെ ഏറെ ബുദ്ധിമുട്ടി. പിന്നെ പറമ്പിലുള്ള കുളം നന്നാക്കിയെടുക്കുകയായിരുന്നു. ഒന്നര ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്.. അതിനു പുറമേ പത്ത് ഏക്കര്‍ ലീസിനെടുത്തു.. ഇതില്‍ നാലേക്കറില്‍ നെല്ലും ബാക്കിയുള്ള ഇടങ്ങളില്‍ പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്. വെണ്ട, ചീര, മുളക്, വഴുതന, പയര്‍, ചുരയ്ക്ക, മത്തന്‍, കുമ്പളം, കൊത്തമര പാവല്‍, കൂര്‍ക്ക, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചില്‍….ഇതൊക്കെയും പച്ചക്കറി തോട്ടത്തിലുണ്ട്. കുറച്ചു കൂവകൃഷിയും ചെയ്യുന്നുണ്ട്. മേടമാസം വിത്തിട്ടാല്‍ വര്‍ഷം മുഴുവന്‍ തോട്ടത്തില്‍ വിളവെടുപ്പുണ്ടാകും. ഫെബ്രുവരി വേനല്‍ എത്തുമ്പോള്‍ മാത്രമേ ഉത്പാദനം കുറയാറുള്ളൂ,” ഹമീദ് പറഞ്ഞു.
ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്
ദിവസവും ആറായിരം മുതല്‍ എണ്ണായിരം രൂപ വരെയുള്ള പച്ചക്കറി ഹമീദ് മാര്‍ക്കറ്റിലെത്തിക്കാറുണ്ട്. “കൃഷിപ്പണിക്ക് ഭാര്യയും മക്കളും കുറച്ചു ജോലിക്കാരും സഹായത്തിനുണ്ട്. തോട്ടത്തില്‍ നിന്നുള്ള വിളവെടുപ്പ് കഴിഞ്ഞാല്‍ മാര്‍ക്കറ്റിലേക്ക് പോകുമ്പോഴും താന്‍ കൂടെ പോകും. പാലക്കാട് ചന്തയിലാണ് പച്ചക്കറി ലേലത്തില്‍ വില്‍ക്കുന്നത്.”
രാസവളമൊന്നുമില്ലാതെയുള്ള പച്ചക്കറികളാണ്.. ആ നിലവാരമുള്ളത് കൊണ്ടു തന്നെ ദൂരസ്ഥങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ചിലര്‍ വാങ്ങാറുണ്ടെന്നു ഹമീദ്.
ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്
പച്ചക്കറിയും നെല്ലും മാത്രമല്ല കുറച്ചു കോഴികളെയും പശുക്കളുമൊക്കെയുണ്ട് ഇദ്ദേഹത്തിന്‍റെ കൃഷിഭൂമിയില്‍. “ഏറെയൊന്നുമില്ല പശുവും കോഴിയും.. പക്ഷേ കൃഷിക്കാവശ്യമായ വളത്തിനുള്ള ചാണകം വീട്ടില്‍ നിന്നു തന്നെ കിട്ടും. 30 ലേറെ കോഴികളെയും വളര്‍ത്തുന്നു. കൃഷി ചെയ്യുമ്പോള്‍ കാലാവസ്ഥയെ മാത്രം നമ്മള്‍ക്ക് പേടിക്കാനുള്ളൂ.. മറ്റൊന്നും പ്രശ്‌നമല്ല.. പ്രളയം കഴിഞ്ഞതിന്‍റെയൊരു ക്ഷീണമുണ്ട്.. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേസമയത്ത് കിട്ടിയിരുന്നതിനെക്കാള്‍ കുറവ് വിളകളാണ് ഇത്തവണ ലഭിച്ചത്. പതുക്കെ ആ കലാവസ്ഥ പ്രശ്‌നങ്ങളെയും അതിജീവിക്കാനാകും,” ആ കര്‍ഷകന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൃഷി ചെയ്യുമ്പോള്‍ കാലാവസ്ഥയെ മാത്രം നമ്മള്‍ക്ക് പേടിക്കാനുള്ളൂ.. മറ്റൊന്നും പ്രശ്‌നമല്ല..
കൃഷി രീതികളെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തണമെന്നും പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണമെന്നും ഹമീദ് പറയുന്നു.. ഇതൊക്കെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.
സുബൈദയാണ് ഭാര്യ. നാലു മക്കളുണ്ട്. ജാഫര്‍, മുഹമ്മദ്, നസീറ ഭാനു, ജസ്‌ന. “ജാഫര്‍ എനിക്കൊപ്പം തന്നെ കൃഷി ചെയ്യാന്‍ കൂടെയുണ്ട്. ജസ്‌ന പ്ലസ് ടുവിന് പഠിക്കുന്നു. നസീറ വിവാഹിതയാണ്.. അവള്‍ക്ക് (നസീറ) വീട്ടുവളപ്പില്‍ തന്നെ ചെറിയൊരു കൃഷിയിടമുണ്ട്.. ഇവിടെ നിന്നു പഠിച്ചതൊക്കെയാണ് അവള്‍ പരീക്ഷിക്കുന്നു,” ഹമീദ് പറയുന്നു.
നാട്ടിലും ഗള്‍ഫിലും ഒരു പോലെ പേരുകേട്ട കര്‍ഷകന്‍ ഹമീദിന് പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.