ലോക്ക് ഡൗണ്‍ കാലത്ത് 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഷ്ടഭക്ഷണം നല്‍കി കൂടെ നിന്ന് അവരുടെ സ്വന്തം ചാച്ച; വാടകയും മറ്റ് ബില്ലുകളും ഒഴിവാക്കി 

എല്ലാവര്‍ക്കും കൂടി രണ്ട് ടെലിവിഷനും ഒരു മുറിയില്‍ തന്നെ രണ്ടും മൂന്നു ഫാനുകളുമുണ്ട്. ടിവി മാത്രമല്ല, വെറുതേ ഇരിക്കുകയല്ലേ അതുകൊണ്ട്, കാരംസ് ബോര്‍ഡ്, ചീട്ട് കളിക്കാനുള്ള സംവിധാനം ഇതൊക്കെ കൊടുത്തിട്ടുണ്ട്.

“കഷ്ടപ്പാടുകളൊക്കെ അറിഞ്ഞു ജീവിച്ചയാളാണ്. സ്വന്തം നാട്ടില്‍ നിന്നകന്ന്, ഭാര്യയും ഉപ്പയും ഉമ്മയും ഇല്ലാതെ വെറൊരു നാട്ടില്‍ ജീവിക്കുന്നതിന്‍റെ ബുദ്ധിമുട്ട് നന്നായി അറിയാം. പ്രത്യേകിച്ചും ഇതുപോലൊരു വ്യാധിക്കാലത്ത്…

“ആ സങ്കടം മറ്റാരെക്കാളും എനിക്ക് മനസിലാകും. ഒരു കാലത്ത് ഞാനുമൊരു പ്രവാസിയായിരുന്നു,” കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍ പറയുന്നു.

നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ ചാച്ച എന്നാണ് വിളിക്കുന്നത്, പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം.

ബീഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കിടപ്പാടമൊരുക്കിയും ഭക്ഷണം നല്‍കിയും അദ്ദേഹം ഒപ്പം നില്‍ക്കുന്നു, ഈ ലോക്ക്ഡൗണ്‍ കാലത്തും.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

35 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് അഞ്ച് വര്‍ഷം മുന്‍പാണ് അബ്ദുല്‍ ഖാദര്‍ നാട്ടിലെത്തിയത്. കെട്ടിടം പണിത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസത്തിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ആയപ്പോള്‍ ഇവിടെ കുടുങ്ങിപ്പോയ കൂടുതല്‍ തൊഴിലാളികള്‍ അവിടേക്ക് താമസിക്കാനായെത്തി.

ലോകം ഒന്നാകെ കൊറോണ വൈറസിനെതിരേ പ്രതിരോധം തീര്‍ക്കുമ്പോള്‍ ഈ 61-കാരന്‍ ഇതരദേശങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ആശ്വാസമേകുകയാണ്. കൊറോണ ഭീതിയിലും അവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നില്‍ക്കുകയാണ്.

അബ്ദുല്‍ ഖാദര്‍

“മേലെ ആകാശം താഴെ ഭൂമി എന്ന അവസ്ഥയിലാണവര്‍. അവരുടെയൊക്കെ വീടുകളില്‍ നിന്നു ഭാര്യമാരും മക്കളുമൊക്കെ ഫോണില്‍ വിളിച്ചു കരയുകയാണ്,” ചാച്ച അവിടെയുള്ള ഇതരസംസ്ഥാനത്തൊഴിലാളികളുടെ അവസ്ഥ വിവരിക്കുന്നു.

“ഭക്ഷണം കിട്ടന്നുണ്ടോ വെള്ളം കിട്ടുന്നുണ്ടോ കുളിക്കാന്‍ സൗകര്യമുണ്ടോ… എന്നൊക്കെ അവര്‍ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുകയാണ്.


സ്വന്തം നാട് അല്ലെന്നു കരുതി അവര്‍ക്കൊന്നും ഒരു സങ്കടവും കുറവും വരരുത്. എന്നു മാത്രമേ എനിക്കു തോന്നിയുള്ളൂ.


“ഇവിടെ താമസത്തിനും ഭക്ഷണത്തിനുമൊന്നും ഞങ്ങള്‍ക്ക് പ്രശ്നമില്ല. പക്ഷേ വീട്ടിലുള്ളവര്‍ക്ക് ഞങ്ങളെക്കുറിച്ച്  ടെന്‍ഷനാണ്,” അബ്ദുല്‍ ഖാദറിന്‍റെ കെട്ടിടത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ കുര്‍ബാന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ കരയുകയാണ്. കൊറോണ വന്നതോടെ ഞങ്ങള്‍ക്ക് ഭക്ഷണമില്ല, താമസിക്കാന്‍ നല്ല ഇടമില്ലെന്നൊക്കെയാണ് അവര്‍ കരുതുന്നത്.”

“പക്ഷേ, പ്രശ്നങ്ങളൊന്നുമില്ല… ഭക്ഷണത്തിനോ താമസിക്കുന്നതിനോ ഒന്നും ബുദ്ധിമുട്ടുകളില്ലെന്നു പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസം വരുന്നില്ല. കാസര്‍ഗോഡ് കുറേപ്പേര്‍ക്ക് കൊറോണ വന്നതൊക്കെ അവര്‍ക്കറിയാം. അതാണവരെ സങ്കടപ്പെടുത്തുന്നത്.

“എങ്ങനെയെങ്കിലും നാട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് വീട്ടിലുള്ളവര്‍ പറയുന്നത്.” കൂര്‍ബാന്‍ കൂട്ടിച്ചേര്‍ത്തു.

കുര്‍ബാന്‍ മാത്രമല്ല ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ നാടുകളിലേക്ക് പോകാനാണ് ആഗ്രഹമെന്നു അബ്ദുല്‍ ഖാദര്‍ പറയുന്നു.

“മാര്‍ച്ച് 31-നകം വീടുകളിലേക്ക് പോകാന്‍ ട്രെയ്ന്‍ ടിക്കറ്റ് എടുത്തിരുന്നവരാണ് തൃക്കരിപ്പൂരിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ 90 ശതമാനവും. അവരുടെ നാട്ടില്‍ കൃഷിക്കാലമാരംഭിക്കുകയാണ്. അവര്‍ക്കിനി നാട്ടില്‍ തന്നെ പണി കിട്ടും.

കുര്‍ബാനും ഗണേഷും

“പക്ഷേ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് പോക്കും അവസാനിച്ചു. പലരും ടിക്കറ്റ് റീഫണ്ട് ചെയ്തു. പണിയെടുത്തു കിട്ടിയ കാശൊക്കെ പലരും വീട്ടിലേക്ക് അയച്ചു. ഇപ്പോ ജോലിയുമില്ല. പലരുടെയും കൈയില്‍ പണമൊന്നും ഇല്ലാത്ത അവസ്ഥയാണ്,” ഖാദര്‍ അവരുടെ അവസ്ഥ വിവരിക്കുന്നു. ഈ പ്രശ്നങ്ങള്‍ അറിഞ്ഞുകൊണ്ടാണ് ഖാദര്‍ അവരുടെ സഹായത്തിനെത്തുന്നതും.

ഭക്ഷണത്തിനോ താമസത്തിനോ ഒന്നും ബുദ്ധിമുട്ടികളില്ലെന്നു ഝാര്‍ഖണ്ഡുകാരനായ ഗണേഷ് പറയുന്നു. “ഏപ്രില്‍ രണ്ടിന് നാട്ടിലേക്ക് പോകാന്‍ ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്.  എന്നിട്ടും പോകാനാകാത്തതിന്‍റെ വിഷമമുണ്ട്.

“ഇനിയിപ്പോ എന്നാ പോകാന്‍ സാധിക്കുക..? അറിയില്ല. സ്പെഷ്യല്‍ ട്രെയ്നോ എന്തെങ്കിലും സംവിധാനമൊരുക്കി ഇക്കാര്യം അധികൃതര്‍ ശരിയാക്കി തന്നാല്‍ മതിയായിരുന്നു.”

മൂന്നു വര്‍ഷമായി കാസര്‍ഗോഡ് കൃഷിപ്പണിയും കല്‍പ്പണിയുമൊക്കെ ചെയ്തു ജീവിക്കുകയാണ് ഗണേഷ്.

ഗണേഷിനേയും കുര്‍ബാനെയും പോലെ 131 പേരാണിപ്പോള്‍ ഇവിടെയുള്ളത്. നേരത്തെ ഖാദറിന്‍റെ കെട്ടിടത്തില്‍ ഇത്രയും പേര്‍ ഇല്ലായിരുന്നു.

“ലോക്ക് ഡൗണ്‍ വന്നതോടെയാണ് ഇത്രയും അധികം ഇതരസംസ്ഥാനക്കാര്‍ക്ക് താമസിക്കാന്‍ ഇടമൊരുക്കിയത്. പല കോണ്‍ട്രാക്റ്റര്‍മാരുടെയും കീഴില്‍ പണിയെടുക്കുന്നവരാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ അവരൊന്നിച്ച് താമസിക്കാന്‍ വരുകയായിരുന്നു,” അബ്ദുല്‍ ഖാദര്‍ വിശദമാക്കുന്നു.

“ബീഹാര്‍, ഝാര്‍ഖണ്ഡ് സ്വദേശികളാണ് കൂടുതലും. 13 മുറികളും 10 ടോയ്ലെറ്റുകളും വലിയൊരു അടുക്കളയും ഇവിടുണ്ട്. അടുക്കളയിലേക്കുള്ള പാത്രങ്ങള്‍ വാടകയ്ക്ക് എടുത്താണ് നല്‍കിയിരിക്കുന്നത്.

“എല്ലാവര്‍ക്കും കൂടി രണ്ട് ടെലിവിഷനും ഒരു മുറിയില്‍ തന്നെ രണ്ടും മൂന്നു ഫാനുകളുമുണ്ട്. ടിവി മാത്രമല്ല, വെറുതേ ഇരിക്കുകയല്ലേ അതുകൊണ്ട്, കാരംസ് ബോര്‍ഡ്, ചീട്ട് കളിക്കാനുള്ള സംവിധാനം ഇതൊക്കെ കൊടുത്തിട്ടുണ്ട്,”  ഖാദര്‍ കൂട്ടിച്ചേര‍്ക്കുന്നു.

“തത്ക്കാലം അവര്‍ക്കിപ്പോ ഒരു ബുദ്ധിമുട്ടും വരരുത്,” എന്നു മാത്രമാണ് അവരുടെ ചാച്ചയുടെ മനസ്സില്‍.

“വൈദ്യുതിയും വെള്ളവുമൊക്കെ ആവശ്യത്തിനുണ്ട്. നേരത്തെ ഇവര്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുന്നതിനൊരു പാചകക്കാരനുണ്ടായിരുന്നു. ഇപ്പോ ഇവര് തന്നെയാണ് പാചകമൊക്കെ ചെയ്യുന്നത്.

“കോഴിയും ബീഫും മുട്ടയും ഇതൊക്കെയാണ് അവര്‍ക്ക് വേണ്ടി നല്‍കിയിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇതിലൊക്കെ കുറച്ചു മാറ്റമുണ്ട്. ഇപ്പോ പരിപ്പും സോയാബീനും പച്ചക്കറിയുമൊക്കെയാണ്. ഇവര് ‍ തന്നെ പാചകം ചെയ്തോളും.” ചപ്പാത്തിയെക്കാള്‍ ചോറ് ഇഷ്ടപ്പെടുന്നവരാണ് ബീഹാറുകാരും ഝാര്‍ഖണ്ഡുകാരും. അതുകൊണ്ട് അവരുടെ ഇഷ്ടം കൂടി അറിഞ്ഞാണ് ഖാദര്‍ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ഒരുക്കി നല്‍കുന്നത്.

“ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലി പോലും ഇല്ലാതെയിരിക്കുകയല്ലേ. അതുകൊണ്ട് റൂം റെന്‍റ് വേണ്ടെന്നു വച്ചു. മുറി വാടക മാത്രമല്ല 25,000 രൂപ വരുന്ന വൈദ്യുതി ബില്ലും 5,000 രൂപയൊക്കെ വരുന്ന വെള്ളത്തിന്‍റെ ബില്ലും ഞാന്‍ അടയ്ക്കും.”  വൈറസ് പ്രതിരോധത്തിനായി മാസ്കും ഹാന്‍ഡ് സാനിറ്റൈസറുമൊക്കെ കൊടുത്തിട്ടുണ്ട് എന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ലോക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന ഇതരസംസ്ഥാനക്കാര്‍

കൊറോണയെക്കുറിച്ച്  ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍  തൊഴിലാളികള്‍ക്കിടയില്‍  ബോധവത്ക്കരണം നടത്തുന്നുണ്ട്. തൃക്കരിപ്പൂര്‍ പഞ്ചായത്തിന്‍റെ കീഴിലുള്ള ഓരോ ക്യാംപിലും പോയി അവരോട് സംസാരിക്കും.

“താമസസ്ഥലം വൃത്തിഹീനമായി ഇടരുതെന്നു പറയും. അവരെ കൊണ്ടു തന്നെ വീടും പരസിരവുമൊക്കെ വൃത്തിയാക്കിക്കും. അവരൊക്കെ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കും. കാരണം അവര്‍ക്ക് ഒരു പനി വന്നാല്‍ പോലും അവര് എന്നെയാണ് വിളിക്കുന്നത്.” ഹിന്ദി അറിയാമെന്നതും ഒരു ഗുണമാണെന്നും അബ്ദുല്‍ ഖാദര്‍ പറയുന്നു.

കാസര്‍ഗോഡ് സബ് കലക്റ്റര്‍ വന്നു പരിശോധിച്ചിരുന്നു, ജില്ല പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പി, ചന്ദേര പൊലീസ് സ്റ്റേഷനിലുള്ളവര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരൊക്കെ വന്നു വിവരങ്ങള്‍ അന്വേഷിച്ചിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

1979-ലാണ്  അബ്ദുള്‍ ഖാദര്‍ ഗള്‍ഫില്‍ പോകുന്നത്. അവിടെ ചേട്ടന്‍ കെ .പി. ഇബ്രാഹിം നടത്തുന്ന കഫറ്റീരിയയിലായിരുന്നു ആദ്യം.

“ആറുമാസത്തിന് ശേഷം അവിടെ മറ്റൊരു ജോലി കിട്ടി. ദുബായിയിലെ  അല്‍ ഐന്‍ യൂനിവേഴ്സ്റ്റിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററിന്‍റെ ജോലി.

“ചേട്ടന്‍റെ കഫ്റ്റീരിയ ഇരിക്കുന്ന കെട്ടിടത്തിന്‍റെ ഉടമസ്ഥന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സുഹൈല്‍ എന്ന ആള്‍ വഴിയാണ് ജോലിയിലേക്കെത്തുന്നത്.  പിന്നെ ആറുമാസം കൊണ്ട് അറബി ഭാഷ കുറച്ചു കൂടി നന്നാക്കിയെടുത്തു.

“അങ്ങനെയാണ് ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലി കിട്ടുന്നത്. 30 കൊല്ലം ആ ജോലി ചെയ്തു. വിരമിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.


ഇതുകൂടി വായിക്കാം:മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍


“ഞാനൊക്കെ ഗള്‍ഫില്‍ പോകുന്ന നാളില്‍ ഏസിയൊന്നും വ്യാപകമല്ല. ഞങ്ങളുടെ റൂമിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഇല്ലാതെ ജീവിക്കുന്നവരുണ്ടായിരുന്നു. അവരൊക്കെ ഈന്തപ്പനയുടെ ഓല വിരിച്ച്, അതിനു മുകളില്‍ തുണി വെള്ളത്തില്‍ മുക്കി വിരിക്കും.

“തണുപ്പ് കിട്ടാന്‍ ഇങ്ങനെയൊക്കെ ചെയ്തു ഉറങ്ങിയിരുന്നവരെ നേരിട്ടറിയാം. എന്‍റെയൊരു ഭാഗ്യത്തിന് ഗള്‍ഫില്‍ ഇങ്ങനെ ജീവിക്കേണ്ടി വന്നിട്ടില്ല. ചേട്ടന് സൗകര്യമൊക്കെയുണ്ടായിരുന്നതു കൊണ്ട് അങ്ങനെയൊരു സാഹചര്യമുണ്ടായില്ല.”

നാട്ടിലെത്തിയ ശേഷം അബ്ദുല്‍ ഖാദര്‍ കുറച്ചുകാലം കൃഷിയിലും സജീവമായിരുന്നു, പശുവും വാഴയും പച്ചക്കറിയുമൊക്കെയായി.

“വാപ്പ എന്‍. ഹസൈനാര്‍ ഹാജി സിംഗപ്പൂരിലായിരുന്നു. കുട്ടിക്കാലത്ത് ഉമ്മ കെ.പി. ഖദീജയുടെ കൃഷിയൊക്കെ കണ്ടാണ് ഞാന്‍ വളരുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന പച്ചക്കറി ഉമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു.

“ആ പരിചയത്തിലാണ് വീണ്ടും നാട്ടിലേക്കെത്തിയപ്പോ കൃഷി ചെയ്യാനിറങ്ങിയത്. വാഴയായിരുന്നു കൂടുതലും,”  ചാച്ച പറഞ്ഞു. “വീട്ടിലേക്ക് മാത്രമല്ല വിപണിയിലേക്കും നല്‍കാനുള്ളത് കിട്ടുമായിരുന്നു. മായമില്ലാതെ ജൈവകൃഷിയല്ലേ അതുകൊണ്ട് ആള്‍ക്കാര് ഇതു വാങ്ങാന്‍ വരുമായിരുന്നു,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ടി.പി. സഫൂറയാണ് അബ്ദുല്‍ ഖാദറിന്‍റെ ഭാര്യ. ഹഫ്സത്തും ഇസ്റത്തും ഷിറ്മത്തും മുത്താറുമാണ് മക്കള്‍.

 

“ഞാനുണ്ടാക്കിയ സമ്പത്തൊക്കെ മക്കള്‍ എങ്ങനെ ഉപയോഗിക്കുമെന്നറിയില്ല, അവര് ദുരുപയോഗപ്പെടുത്തുമോ പ്രയോജനപ്പെടുത്തുമോ എന്നൊന്നും മുന്‍കൂട്ടി പറയാനാകില്ല. എന്നാല്‍ എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ ദൈവം അതിന്‍റെ ഗുണം നാളെ നമുക്ക് തരും,” എന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം.


ഇതുകൂടി വായിക്കാം:‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം