സേലത്തു നിന്ന് ഏതാണ്ട് 125 കിലോമീറ്റര്‍ അകലെ കല്‍റായന്‍ സിത്തേരി മലനിരകള്‍ക്കിടയില്‍ ഗോത്രവര്‍ഗ്ഗക്കാരായ രണ്ടുലക്ഷത്തോളം മനുഷ്യര്‍ മാത്രമുള്ള സുന്ദരമായ ഒരു പ്രദേശമാണ് സിത്തിലിംഗി.
നഗരജീവിതത്തിന്‍റെ ഒരു അടയാളവും കടന്നു ചെല്ലാത്ത ഗ്രാമങ്ങള്‍.
ഭൂരിഭാഗം ഗോത്രമേഖലകളെയും പോലെ തന്നെ ഈ പ്രദേശവും ദാരിദ്ര്യത്തില്‍ മുന്നിലും ആരോഗ്യപരിപാലനത്തില്‍ വളരെ പിന്നിലുമായിരുന്നു. മാതൃ-ശിശു മരണനിരക്കിലും ഈ നാട് ഏറെ പുറകിലായിരുന്നു. അഞ്ചിലൊരു കുഞ്ഞ് ആദ്യ പിറന്നാളിനു മുന്നേ മരണമടഞ്ഞിരുന്ന സ്ഥലം.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
ആഭിചാരവും കൂടോത്രവും പരമ്പരാഗതമായ ചികിത്സാരീതികളുമായിരുന്നു അവിടെയുള്ളവര്‍ പിന്തുടര്‍ന്നുവന്നത്.
1992-ല്‍ കേരളത്തില്‍ നിന്ന് ഡോ. റെജി ജോര്‍ജ്ജും ഡോ. ലളിതയും അവിടെ എത്തുന്നതുവരെ ആ ഗ്രാമം ഇങ്ങനെയൊക്കെയായിരുന്നു.
സിത്തിലിംഗിയെ കുറിച്ചും റെജി, ലളിതാ ഡോക്റ്റര്‍ ദമ്പതിമാരെക്കുറിച്ചും ഒരു സുഹൃത്തില്‍ നിന്നാണ് ഞാന്‍ കേള്‍ക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ നേരിട്ടറിയാന്‍ ആ സുഹൃത്തില്‍ നിന്നും ഡോ. റെജിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി.
വിളിച്ചു. കോള്‍ പോകുന്നതേയില്ല. പല തവണ ശ്രമിച്ചു, നിരാശയായിരുന്നു ഫലം. അവസാനം ഫേസ്ബുക്കില്‍ തപ്പി. ഡോ. റെജിയുടെയും ട്രൈബല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവിന്‍റെയും നമ്പര്‍ കണ്ടെത്തി. അതിലും വിളിച്ചു നോക്കി. ഫലമില്ല.
അങ്ങനെ മെസഞ്ചറില്‍ ‘ദ് ബെറ്റര്‍ ഇന്‍ഡ്യയില്‍ നിന്നാണ്. സാറിന്‍റെ ഫോണ്‍ നമ്പര്‍ ഒന്നു തരാമോ?’ എന്ന് സന്ദേശമയച്ചു. കുറച്ചു ദിവസം മറുപടിയൊന്നുമില്ല. പ്രതീക്ഷ കൈവിട്ടു.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ഡോക്റ്ററുടെ മറുപടി. വൈകീട്ട് 7 മണിയ്ക്കു ശേഷം വിളിക്കൂ. സംസാരിക്കാം എന്നു പറഞ്ഞു.
ഫോണില്‍ ഏതാണ്ട് ഒന്നരമണിക്കൂറോളം വളരെ സ്‌നേഹത്തോടെ, സൗഹൃദത്തോടെ ഡോ. റെജി സിത്തിലിംഗിയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.
”ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നു എം ബി ബി എസ് എടുത്ത ശേഷം ലളിത ഗൈനക്കോളജിയിലും ഞാന്‍ അനസ്‌തേഷ്യയിലും തുടര്‍ പഠനത്തിനു ശേഷമാണ് ഞങ്ങള്‍ ഇരുവരും പ്രാക്ടീസ് ആരംഭിക്കുന്നത്. പഠനകാലത്തു തന്നെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും കാര്യമായ രീതിയില്‍ ചെയ്യണമെന്ന ആഗ്രഹം വിവാഹശേഷം ഞങ്ങളെ പ്രാക്ടീസിനായി എത്തിച്ചത് തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ഗാന്ധിഗ്രാമിലാണ്. അവിടത്തെ ആശുപത്രിയിലായിരുന്നു ഞങ്ങളുടെ അക്കാലത്തെ സേവനം.
“വളരെ ലളിതമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടി നടക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം ഞങ്ങളെ ഏറെ ആകര്‍ഷിച്ചു.
അത്തരത്തിലെന്തെങ്കിലും സമാന്തരമായി ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
“ആ സമയത്താണ് ഞങ്ങളുടെ മൂത്തമകന്‍ ഹര്‍ഷ് ജനിക്കുന്നത്. ലളിത അതോടെ കുറച്ചു കാലം ഔദ്യോഗിക ജീവിതത്തില്‍ നിന്നും അവധിയെടുത്തു. ഞാന്‍ അക്കാലത്ത് ഇന്‍ഡ്യ മുഴുവന്‍ യാത്ര ചെയ്തു. ആ യാത്രയില്‍ നിന്നു ലഭിച്ച തിരിച്ചറിവിലാണ് ആദിവാസി ഗോത്രവര്‍ഗ്ഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം എടുക്കുന്നത്.”
അങ്ങനെയാണ് അവര്‍ സിത്തിലിംഗിയിലെത്തുന്നത്, 1992-ല്‍.
“ഒരു വനത്തിലൂടെ വേണം ആ കുഗ്രാമത്തിലെത്താന്‍. ശരിയായ വഴികളോ നടപ്പാതകളോ വീടുകളോ ആരോഗ്യസംവിധാനങ്ങളോ എന്തിനേറെ ഒരു വിധത്തിലുമുള്ള സാമൂഹ്യവല്‍ക്കരണമോ ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഇന്‍ഡ്യയിലെ അനേകം ഗ്രാമങ്ങളിലൊന്നായിരുന്നു അതും. ആധുനികതയുടെ തരിമ്പ് ആ ഭൂമിയെ സ്പര്‍ശിച്ചിരുന്നില്ല,”ഡോ.റെജിയും ഡോ.ലളിതയും ആദ്യകാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്നു.
“അന്ന് ആ നാട്ടില്‍ മരണം വിളയാടിയിരുന്നു. രോഗങ്ങള്‍ ഭേദമാകുമെന്ന ചിന്തയില്‍ അവര്‍ പരമ്പരാഗത മരുന്നുകളെയാണ് ആശ്രയിച്ചിരുന്നത്. അതിനൊരു പ്രധാനകാരണം ആരോഗ്യപരിപാലന കേന്ദ്രങ്ങളോ ആശുപത്രികളോ ഗ്രാമത്തിനകത്തോ സമീപപ്രദേശങ്ങളിലോ ഇല്ലായിരുന്നു എന്നതു തന്നെ. ഇവിടേക്കു വരുമ്പോള്‍ ഒന്നു മാത്രമേ ഞങ്ങളുടെ മനസിലുണ്ടായിരുന്നുള്ളു–നഗരവാസികള്‍ക്കു കിട്ടുന്ന പ്രാഥമിക ആരോഗ്യസംരക്ഷണം ഈ പാവപ്പെട്ട ജനതയ്ക്കും ലഭ്യമാക്കുക. അങ്ങനെ ഞങ്ങള്‍ ഇവിടെ അവര്‍ക്കായി ഒരു കൂടൊരുക്കി,” നഗരത്തില്‍ കിട്ടുമായിരുന്ന മികച്ച ജോലി ഉപേക്ഷിച്ചാണ് ഈ ഡോ. ദമ്പതിമാര്‍ ഈ വിദൂരഗ്രാമത്തിലെത്തുന്നത്.
“ശരിയായ രീതിയുലുള്ള ഒരന്വേഷണമാണ് ഞങ്ങളെ സിത്തിലിംഗിയിലെത്തിച്ചത്. എന്നാല്‍ ആ യാത്ര ഏറെ ദുരിതം നിറഞ്ഞതായിരുന്നു. എങ്കിലും ആദിവാസികള്‍ക്കു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ ആരോഗ്യ സംവിധാനം ഒരുക്കുന്നതിന് സാധിച്ചു. അതിനും അപ്പുറം ആദിവാസികള്‍ക്കു വേണ്ടി ആദിവാസികള്‍ നടത്തുന്ന മണ്ണില്‍ തീര്‍ത്ത ഒരു ആശുപത്രി. ആ പ്രവര്‍ത്തനങ്ങളെ കുറിച്ച് പിന്നീട് പറയാം,” ഡോ. റെജി തുടരുന്നു.
“27 വര്‍ഷം മുന്‍പാണ് ഞങ്ങള്‍ ഇവിടെയെത്തുന്നതും ട്രൈബല്‍ ഹെല്‍ത്ത് ഇനീഷ്യേറ്റീവ് (ടി എച്ച് ഐ) ആരംഭിക്കുന്നതും. അന്ന് ഞാനും ലളിതയും ചേര്‍ന്നുള്ള ഒരു ഒ പി യൂണിറ്റ് മാത്രമാണുണ്ടായിരുന്നത്. സിത്തിലിംഗിയിലെ അടിസ്ഥാന ആരോഗ്യ പരിപാലന രംഗത്തെ വലിയൊരു കാല്‍വെയ്പായിരുന്നു അതെങ്കിലും. അത് അത്ര വലിയ ഒന്നായിരുന്നില്ല. കാരണം കിലോമീറ്ററുകള്‍ താണ്ടി ആശുപത്രികളില്‍ പോകേണ്ട മനുഷ്യര്‍ക്ക് ഒരു താല്‍ക്കാലിക ആശ്വാസം മാത്രമായിരുന്നു അത്. പക്ഷെ അത്രയും ചെയ്യാനായല്ലോ എന്ന സന്തോഷമായിരുന്നു അന്ന്. പിന്നീടങ്ങോട്ട് ഒരു പോരാട്ടം തന്നെയായിരുന്നു,” അദ്ദേഹം പറയുന്നു.
ഒരു കുടിലിലാണ് അന്ന് അവര്‍ ഒ പി യൂനിറ്റ് തുടങ്ങിയത്. ഒരൊറ്റമുറി.
അതില്‍ രോഗികളെ കിടത്തി പരിശോധിക്കാന്‍ ഒരു ബെഞ്ചും നൂറ് വാട്ടിന്‍റെ ഒരു ബള്‍ബും മാത്രം.
പക്ഷേ, സൗകര്യക്കുറവായിരുന്നില്ല ശരിക്കുമുള്ള വെല്ലുവിളി.
നാട്ടുകാരെ പാരമ്പര്യ ചികിത്സാ രീതികളില്‍ നിന്നും ആധുനിക ചികിത്സയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
“പക്ഷെ ആ പോരാട്ടത്തില്‍ നിന്നു പിറകോട്ട് പോകാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല,”ടി എച്ച് ഐയുടെ തുടക്കക്കാലത്തെ കുറിച്ച് ഡോക്റ്റര്‍ വിവരിക്കുന്നു.
സ്ഥിരോല്‍സാഹവും മികച്ച സേവനവും പ്രദേശത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റം വരുത്തി. പ്രസവത്തിനായി അതുവരെ പാരമ്പര്യ രീതി പിന്‍തുടര്‍ന്നു പോന്നിരുന്നവര്‍ ഈ ഡോക്റ്റര്‍ ദമ്പതിമാരെ തേടി വരാന്‍ തുടങ്ങി. സിത്തിലിംഗിയിലെ ശിശുമരണനിരക്ക് ആയിരത്തില്‍ 20 ആയി കുറഞ്ഞു. (ഈ ആശുപ്ത്രി വരുന്നതിന് മുന്‍പ് ശിശുമരണം ആയിരത്തില്‍ 150 ആയിരുന്നു! ഇന്‍ഡ്യയിലെ ഏറ്റവും കൂടിയ മരണനിരക്കായിരുന്നു.)
മാത്രമല്ല, ഇവിടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രസവസമയത്ത് മരിക്കുന്ന അമ്മമാരില്ല എന്നു തന്നെ പറയാം.
ഈ 27 വര്‍ഷം കൊണ്ട് ആ കുടിലില്‍ നിന്നും ആറ് ഡോക്റ്റര്‍മാരും 30 നഴ്സുമാരുമുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റുള്ള ആശുപത്രിയായി വളര്‍ന്നു. എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഇന്നുണ്ട്. മുപ്പതു പേരെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യം, ഐസിയു, ദന്തപരിപരണ വിഭാഗം, ലേബര്‍ റൂം, നിയാനാറ്റല്‍ റൂം, അത്യാധുനിക അത്യാഹിത വിഭാഗം പരിപൂര്‍ണ്ണ സജ്ജീകരണമുള്ള ലബോറട്ടറി എന്നിവ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
ഇതിന് പുറമെ 33 ആദിവാസി ഗ്രാമങ്ങളില്‍ റ്റി എച്ച് ഐയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി മെഡിസിന്‍ പ്രവര്‍ത്തിക്കുന്നു.
“ഇന്ന് ഏത് രോഗത്തിനും ഗ്രാമത്തിലുള്ളവര്‍ക്ക് ഞങ്ങളെ ആശ്രയിക്കാനാകും. സര്‍ജനും ഗൈനക്കോളജിസ്റ്റും അനസ്തേഷ്യാ വിദഗ്ധനും ഉള്‍പ്പടെയുള്ളവരുടെ മുഴുവന്‍ സമയ സേവനം ഇവിടെയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലേബര്‍ റൂമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അത്യാധുനിക ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നതിനൊപ്പം റ്റി. ബിയും എച്ച്. ഐ.വിയും പരിശോധിക്കുന്ന മൈക്രോബയോളജി ടെസ്റ്റിംഗ് കേന്ദ്രവും ഇവിടെയുണ്ട്. ആംബുലന്‍സ് സൗകര്യവും ഉണ്ട്,” ഡോ. റെജി വിവരിക്കുന്നു.
ഡോ. ലളിത ഗൈനക്കോളജിസ്റ്റും ഡോ. റെജി അനസ്തേഷ്യോളജിസ്റ്റും ആണെങ്കിലും അവര്‍ ഒ പിയില്‍ എല്ലാത്തരം രോഗികളെയും പരിശോധിക്കുന്നു.
“നേരത്തേ പറഞ്ഞതു പോലെ ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായാണ് ഞങ്ങളിവിടെ എത്തിയത്. അതുകൊണ്ട് എന്തു ജോലിയെടുക്കുന്നതിനും പ്രത്യേകിച്ച് മടിയൊന്നുമില്ല. അല്ലെങ്കില്‍ ഞാന്‍ ഡോക്റ്ററാണ്, ഞാന്‍ ആ ജോലികള്‍ മാത്രമേ ചെയ്യൂ എന്ന് വിചാരിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലായിരുന്നു,” ഡോ. റെജി പറയുന്നു.
ആരോഗ്യം മാത്രമല്ല അവരുടെ ലക്ഷ്യം. സിത്തിലിംഗിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് മികച്ച പരിശീലനം നേടിയ 55-ഓളം ആളുകള്‍ ടീമായി പ്രവര്‍ത്തിക്കുന്നുണ്ട്.
“സിത്തിലിംഗിയുടെ താഴ്‌വരയിലും കല്‍റായനിലും താമസിക്കുന്ന ആളുകളുടെ ക്ഷേമമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. മാത്രമല്ല, അവരുടെ മാനസിക ആരോഗ്യ വികാസവും സാമൂഹ്യ ആരോഗ്യവും ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു. അവരുടെ ആത്മാഭിമാനവും സാശ്രയത്വവും ഉയര്‍ത്തിക്കൊണ്ട് അവരുടെ സാമൂഹിക-സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും അവരുടെ ക്ഷേമത്തിനായുള്ള പരിപാടികളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്,” ഡോ. രെജി തുടരുന്നു.
”പ്രാഥമിക വിദ്യാലയം മാത്രമേ ഞങ്ങള്‍ വന്ന കാലത്ത് ഇവിടെയുണ്ടായിരുന്നുള്ളു. കുറച്ചുആണ്‍കുട്ടികള്‍ വളരെ കുറച്ച് വിദ്യാഭ്യാസം നേടും. പെണ്‍കുട്ടികളാകട്ടെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരും. അതൊരു വലിയ പ്രശ്നമായിരുന്നു. ഇവിടെ വളര്‍ന്നു വരുന്ന കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ താല്പര്യമില്ലാത്തവരും പഠനം പൂര്‍ത്തിയാക്കും മുന്‍പെ മറ്റ് തൊഴിലിലേക്ക് തിരിയുന്നവരും ആയിരിക്കും. മിക്കവാറും കൃഷിയിലേക്കായിരിക്കും ആണ്‍കുട്ടികള്‍ പോകുക. പെണ്‍കുട്ടികളാകട്ടെ വിവാഹിതരായി പോകുകയും ചെയ്യുന്നു.
വിദ്യാഭ്യാസ കുറവുള്ള കുട്ടികളില്‍ നിരാശയും ആത്മാഭിമാനക്കുറവുള്ളവരുമായിരുന്നു. മാത്രമല്ല സ്‌കുളുകളില്‍ നിന്നു പുറത്തു വരുന്ന ആണ്‍കുട്ടികള്‍ മിക്കവാറും അടുത്ത പ്രധാന തുണിവ്യവസായ മേഖലയായ തുളൂരിലേക്ക് തൊഴിലിനായി പോകുകയും ചെയ്യുന്നത് പതിവായിരുന്നു. ഡോ. ലളിതയുടെ നിരന്തരമായ പരിശ്രമത്തിലൂടെ ഇവിടുത്തെ വിദ്യാഭ്യാസനിലവാരവും മെച്ചപ്പെട്ടു. എട്ടാം ക്ലാസുവരെയെങ്കിലും വിദ്യാഭ്യാസമില്ലാത്തവരായി അവിടെ ആരും ഇല്ലാതായി.
ഇതിനായി പലതലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വന്നു. കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നതിന് മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതു മുതല്‍ കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുകയും പഠനം അവസാനിപ്പിച്ചവരെ കണ്ടെത്തി അവര്‍ക്കായി പഠനപദ്ധതികള്‍ ആരംഭിക്കുകയുമൊക്കെ ചെയ്തു.
“ആദ്യ കാലങ്ങളിലൊക്കെ ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യാനായി ഇവിടുത്തെ പെണ്‍കുട്ടികളെ നിയമിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. ഒന്നാമതായി ആദ്യം പറഞ്ഞ കാരണം തന്നെ, പിന്നെ ഇവരുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുടുത്തുക എന്നതും ദുഷ്‌കരമായിരുന്നു. കാരണം പെണ്‍കുട്ടികള്‍ പ്രായമായാല്‍ അവരെ വിവാഹം കഴിച്ചയക്കുക എന്നത് മാത്രമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം,” ഡോക്റ്റര്‍ പറഞ്ഞു.
“പക്ഷെ നിരന്തരമായ പരിശ്രമത്തിലൂടെ ടിഎച്ച്ഐയിലെ ന്ഴ്സുമാരായും പാരാമെഡിക്കല്‍ സ്റ്റാഫുമാരായും ആരോഗ്യ സഹായികള്‍ എന്നിങ്ങനെയുള്ളവരെ ഇവരുടെ ഇടയില്‍ നിന്നു തന്നെ നിയമിക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങളുമായി സ്ഥിര ശമ്പളം നല്‍കാന്‍ കഴിഞ്ഞുവെന്നത് വളരെ സന്തോഷമുള്ള കാര്യമല്ലേ. ഇപ്പോള്‍ ഞങ്ങളുടെ മേല്‍നോട്ടമില്ലെങ്കിലും ഇവര്‍ക്കു തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകും,” ഡോ. റെജിയുടെ വാക്കുകളില്‍ അഭിമാനം.
1996 ആയപ്പോഴേക്കും പ്രാദേശിക ആദിവാസി പെണ്‍കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരാക്കുന്നതിനു വേണ്ടിയുള്ള പരിശീലന പരിപാടികള്‍ ട്രൈബല്‍ ഹെല്‍ത് ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി ആരംഭിച്ചു. ഇന്നവര്‍ പ്രസ്ഥാനത്തില്‍ മാറ്റി നിര്‍ത്തപ്പെടാനാവാത്ത വ്യക്തികളായി വളര്‍ന്നു. രോഗികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും, അവരെ ചികില്‍സിക്കാനും പ്രസവ സമയങ്ങളില്‍ സഹായികളായും ആശുപത്രിയിലെ രോഗീപരിചരണത്തിലും ഗ്രാമങ്ങളില്‍ ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം നോക്കാനും എന്നു വേണ്ട ഈ രംഗത്തെ മികച്ച സേവകരായി അവര്‍ മാറിയിരിക്കുന്നു.
കുറച്ചുകൂടി പ്രായമായ സ്ത്രീകളെ അതത് ഗോത്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരായി നിയമിച്ചിരുന്നു. അവര്‍ ഗ്രാമത്തിനു പുറത്തു സിത്തിലിംഗിയില്‍ മാസത്തിലൊരിക്കല്‍ എത്തി അവരുടെ കണ്ടെത്തലുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും പരിശീലനത്തിനായും എത്തും. പോഷകാഹാരത്തെക്കുറിച്ചും ശുചിത്വത്തേക്കുറിച്ചും ഗര്‍ഭധാരണത്തേക്കുറിച്ചും ചെറിയ ചികില്‍സകളേക്കുറിച്ചുമൊക്കെ അവര്‍ക്ക് പരിശീലനം നല്‍കി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഫീല്‍ഡ് ക്ലിനിക്കുകള്‍ ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് കമ്യൂണിറ്റി വികസന പദ്ധതികളുടെ നട്ടെല്ലായി ഈ സ്ത്രീകള്‍ മാറിയിരിക്കുന്നു,
ഇവിടുത്ത ഡോക്റ്റര്‍മാരും വളരെ കുറച്ചു ജീവനക്കാരും ഒഴികെയുള്ളവരെല്ലാം ആ ഗ്രാമത്തില്‍ നിന്നും അയല്‍ ഗ്രാമത്തില്‍ നിന്നുമുള്ളവരാണ്. അതുകൊണ്ടാണ് ആദിവാസികള്‍ക്കു വേണ്ടി ആദിവാസികളാല്‍ നടത്തുന്ന ആരോഗ്യപരിപാലന കേന്ദ്രം അഥവാ ആശുപത്രിയെന്ന് ട്രൈബല്‍ ഹെല്‍ത്ത് ഇനീഷ്യേറ്റീവിനെ പറയുന്നത്. ഇന്ന് ടി എച്ച് ഐ 21 അയല്‍ ഗ്രാമങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു.
സുഹൃത്തുക്കളില്‍ നിന്നുള്ള സംഭാവനകളിലൂടെയും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി-സി എസ് ആര്‍ പദ്ധതികളിലൂടെയുമാണ് ടി എച്ച് ഐ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നത്.
“ഇവിടെ ചികില്‍സയ്ക്കായി ഒരു ചെറിയ തുക ഈടാക്കുന്നുണ്ട്. ചില അവസരങ്ങളില്‍ അവരോട് പണം ഈടാക്കുകയും മറ്റ് ചില അവസരങ്ങളില്‍ അവര്‍ക്കുള്ളത് ഞങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതിനാല്‍ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന സഹായ ഫണ്ട് ഉപയോഗിച്ചും, സി എസ് ആര്‍ ഫണ്ടിംഗിലൂടെയും സര്‍ക്കാര്‍ സഹായമില്ലാതെ ടി എച്ച് ഐ-ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു,” ഡോ. റെജി വ്യക്തമാക്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം ,തൊഴില്‍ ഇതിനു പുറമെ ഗ്രാമവാസികള്‍ക്കായി സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യ വികസന പരിപാടികളും ട്രൈബല്‍ ഹെല്‍ത് ഇനീഷ്യേറ്റീവിന്‍റെ നേതൃത്വത്തില്‍ നടക്കുന്നു. കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിക്കുന്നതിനൊപ്പം അവര്‍ക്ക് ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്കായി മാസത്തിലൊരിക്കല്‍ മോട്ടീവേഷണല്‍ ട്രെയിനിംഗും സ്റ്റോറി ടെല്ലിംഗും നടക്കുന്നുണ്ട് .
മറ്റൊരു പ്രധാന ആകര്‍ഷണം സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതിയും ജലവിതരണവുമാണ്.
ഗ്രാമസഭയും പ്രതിനിധികളും
“ഞങ്ങള്‍ ഇവിടെ വരുന്ന കാലത്ത് ഇവിടെയുള്ള ആളുകള്‍ക്ക് തിരഞ്ഞെടുപ്പെന്താണെന്നോ ആ പ്രക്രിയ എന്താണെന്നോ എന്നൊന്നും അറിയില്ലായിരുന്നു. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളായ റോഡുകളോ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളോ വൈദ്യുതിയോ ഒന്നുമില്ലാത്ത ഇടം. നീണ്ട പരിശ്രമത്തിനൊടുവില്‍ ഗ്രാമവാസികള്‍ക്കിടയില്‍ ജനപ്രതിനിധികളുടെ പ്രാധാന്യം എന്താണെന്നും ഗ്രാമസഭകളുടെ ലക്ഷ്യമെന്താണെന്നുമൊക്കെ മനസിലാക്കാനും സജീവമായി ഇതിലൊക്കെ പങ്കാളികളാക്കാനുമായി. മാത്രമല്ല, പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇവരുടെ ഇടയില്‍ നിന്നുള്ള പ്രതിനിധിയെ രാഷ്ട്രീയമില്ലാതെ തെരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു,” ഡോ. റെജി പറയുന്നു.
ജൈവ കൃഷി, അലങ്കാരത്തുന്നല്‍
സിത്തിലിംഗിയുടെ പ്രധാന തൊഴില്‍ എല്ലാക്കാലത്തും കൃഷി തന്നെയാണ്. കാര്‍ഷികമേഖലയിലും ഡോക്റ്റര്‍ ദമ്പതിമാര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
“ജൈവകൃഷി പ്രോല്‍സാഹിപ്പിച്ചുകൊണ്ടുള്ളൊരു മാതൃകയാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഇതിനായി സിത്തിലിംഗിയിലെ ആളുകളുടെ കാര്‍ഷിക കൂട്ടായ്മയായി സിത്തിലിംഗി ഓര്‍ഗാനിക് ഫാര്‍മേ്ഴ്സ് അസോസിയേഷന്‍ (സോഫാ)രൂപീകരിക്കാനായി. ഗ്രാമത്തിലെ അഞ്ഞൂറോളം കര്‍ഷകരെ സുസ്ഥിര കാര്‍ഷിക വികസന പദ്ധതി ഇതിലൂടെ നടപ്പിലാക്കാനായി. ഞങ്ങള്‍ ഇവിടെ വന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു സംഘടന രൂപീകരിക്കാന്‍ കഴിഞ്ഞത്.
“ഈ സമയത്ത് വളരെ കുറഞ്ഞ വിളവായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇതിനൊരു ശാശ്വത പരിഹാരം നേടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി ജൈവകൃഷി രീതി അവലംബിക്കുന്നതിന് കര്‍ഷകരെ പ്രോല്‍സാഹിപ്പിച്ചു. സുഗന്ധവ്യജ്ഞനങ്ങളും മില്ലറ്റു(ചെറുധാന്യങ്ങളും) കളുമാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്.
സിത്തിലിംഗിലെ ലംബാഡി ഗോത്ര വിഭാഗക്കാരുടെ അലങ്കാരത്തുന്നല്‍ അന്യം നിന്നു പോയിരുന്നു. ക്രാഫ്റ്റ് ഇനിഷ്യേറ്റീവിലൂടെ ലമ്പാര്‍ഡി സ്ത്രീകളുടെ സാമ്പത്തിക നിലവാരവും മെച്ചപ്പെട്ടു. പോര്‍ഗായ എന്ന പേരില്‍ അവരുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു.
ഇപ്പോള്‍ സ്വാദ് എന്ന ബ്രാന്‍ഡില്‍ 25-ഓളം ജൈവ ഉല്‍പന്നങ്ങള്‍ ദക്ഷിണേന്‍ഡ്യന്‍ നഗരങ്ങളില്‍ വില്‍ക്കുന്നുണ്ട്. ഈ ബ്രാന്‍ഡിന്‍റെ കീഴില്‍ സോപ്പ് നിര്‍മ്മാണം, മില്ലറ്റ് ബിസ്‌ക്കറ്റ് തുടങ്ങിയ സംരംഭങ്ങളുമുണ്ട്.
വര്‍ഷാവര്‍ഷം സിത്തിലിംഗിയിലെ ആദിവാസി പുനരധിവാസ പദ്ധതിയായ ട്രൈബല്‍ ഹെല്‍ത് ഇനീഷ്യേറ്റീവ് സന്ദര്‍ശിക്കാന്‍ നിരവധി സംഘടനകളും സ്‌കൂളുകളും കോളേജുകളും എത്തുന്നു. ഡോക്റ്റര്‍ ദമ്പതിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മക്കളായ ഹര്‍ഷും അഭയും ഉണ്ട്.
തെരഞ്ഞെടുത്ത വഴിയിലെ തിരക്കുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ ട്രക്കിങ്ങിനും യാത്രകള്‍ക്കും വായനയ്ക്കും സമയം കണ്ടെത്തി ഡോ. റെജിയും ഡോ. ലളിതയും ആ മനുഷ്യര്‍ക്കിടയില്‍ സംതൃപ്തിയോടെ ജീവിക്കുന്നു.
***
ഫോട്ടോകള്‍ക്ക് കടപ്പാട്:ഡോ. റെജി, Tribal Health Initiative/Facebook
www.tribalhealth.org
ഇതുകൂടി വായിക്കാം: ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.