ഉരുള്‍പ്പൊട്ടലിന്‍റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്

“കൊറോണയില്‍ ലോക്ക് ഡൗണായപ്പോള്‍ ഞങ്ങടെ ശ്വാസം ലോക്ക് ഡൗണാകാതെ പരിപാലിച്ചത് ഈ സന്നദ്ധ പ്രവര്‍ത്തകരാണ്,” എന്ന് ഹംസ ഏറെ ആശ്വാസത്തോടെ പറയുന്നു.

പ്രളയമേല്പിച്ച മുറിവില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റു വരുമ്പോഴേക്കും ഏറ്റ മറ്റൊരു പ്രഹരമായിരുന്നു വയനാടിനെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും.

പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഏറെ ദുരിതമനുഭവിച്ച ജില്ലയിലെ പുത്തുമല ദുരന്ത ഭൂമി ഉള്‍പ്പെട്ട മേപ്പാടി പഞ്ചായത്തിലെ പലരും പഴയ ആഘാതങ്ങള്‍ അതിജീവിച്ച് നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോവിഡ്-19 ജീവിതം തന്നെ സ്തംഭിപ്പിച്ചത്.

“കൂലിവേല ചെയ്ത് ജീവിച്ചുപോന്ന എനിക്ക് രോഗം വന്നപ്പോ പണിക്ക് പോകാനാകാതെയായി. ഏക മകന്‍ കൂലിപ്പണി ചെയ്ത് കിട്ടുന്നവരുമാനത്തില്‍ ഒരു തുക മരുന്നിന് വേണം,” ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും വൃക്കരോഗവും അലട്ടുന്ന പനംപുലത്ത് ഹംസ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “പല മരുന്നും കോഴിക്കോട് നിന്നും വേണം വാങ്ങാന്‍, ഈ അവസ്ഥയില്‍ എങ്ങിനെ പോകും.”


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

ലോക്ക് ഡൗണ്‍ ആയപ്പോള്‍ ഹംസയെപ്പോലുള്ള ഒരുപാട് രോഗികളാണ് പ്രതിസന്ധിയിലായത്.

എന്നാല്‍ ഹംസയെ സഹായിക്കാന്‍ പഞ്ചായത്തിന്‍റെ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം രംഗത്തെത്തി. പഞ്ചായത്തിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമാണിത്. യുവാക്കളാണിതില്‍ അധികം പേരും.

മരുന്നുകളില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമായി യുവാക്കള്‍

കൊറോണയില്‍ ലോക്ക് ഡൗണായപ്പോള്‍ ഞങ്ങടെ ശ്വാസം ലോക്ക് ഡൗണാകാതെ പരിപാലിച്ചത് ഈ സന്നദ്ധ പ്രവര്‍ത്തകരാണ്,” എന്ന് ഹംസ ഏറെ ആശ്വാസത്തോടെ പറയുന്നു. “ഈ ഘട്ടത്തില്‍ ഇവരുടെ സഹായമാണ് എന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്.”

ഹംസയെപ്പോലെയുള്ള നിരവധി പേരാണ് ഓരോ ദിവസവും ഈ സന്നദ്ധപ്രവര്‍ത്തകരെ ബന്ധപ്പെടുന്നത്. “ഒരു 200-ന് അടുത്ത് കോള്‍
വരും. മരുന്നും ഭക്ഷണവും ആണ് പ്രധാന ആവലാതികള്‍,” മേപ്പാടി പഞ്ചായത്ത് എമര്‍ജന്‍സി റസ്‌പോണ്‌സ് ടീമിന്‍റെ യൂത്ത് കോര്‍ഡിനേറ്റര്‍
ജിതിന്‍ മേച്ചേരിക്കല്‍ പറഞ്ഞു.

“കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി എന്നെ വിളിച്ചു. കരച്ചിലായിരുന്നു ആദ്യം കുറെ നേരം. കിഡ്‌നി രോഗിയാണ്. കൂലിപ്പണിക്ക് പോകാന്‍ ആകുന്നില്ല… മരുന്ന് വേണം. അങ്ങനെ ഒരുപാട് പേര്‍. അത്യാവശ്യ മരുന്നില്ലാതെ ഘട്ടത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഞങ്ങളീ സേവനത്തിനായി ഒരു ടീം ഉണ്ടാക്കിയത്,” ജിതിന്‍ തുടരുന്നു.

“ഒരു ഫുട്‌ബോള്‍ ടീമിനൊപ്പം പകരക്കാരനായി കളിച്ച് കാല്‍മുട്ടിന്‍റെ മജ്ജ തകരാറിലായി ബാഗ്ലൂരില്‍ ചികിത്സയിലായിരുന്നു ഞാന്‍. ഇവിടെ നിന്നും ആണ് കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലതരം പ്രശ്‌നങ്ങള്‍ ആണ് ജനങ്ങള്‍ നേരിടുന്നത്. ഇതിന്‍റെ കൂടെ രോഗാവസ്ഥ കൂടി ആയപ്പോ പലരുടേയും ജീവിതം തന്നെ ഡൗണായി.


ആദിവാസി ജനവിഭാഗങ്ങള്‍, കൂലി വേലക്കാര്‍, മാറാരോഗികള്‍, വൃദ്ധജനങ്ങള്‍ എല്ലാം വലിയ ബുദ്ധിമുട്ടിലായി.


“പലരുടേയും മാനസീക നില തന്നെ തെറ്റി. ഓരോ കോളുകളും പലപ്പോഴും വല്ലാത്ത വേദനയും നിസ്സഹായതയും ആണ് ഉണ്ടാക്കുന്നത്. വരുന്ന ആവശ്യങ്ങളില്‍ പലതും മരുന്ന് വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരാണ്. ഒരു കൂട്ടരാണെങ്കില്‍ ദുരഭിമാനത്താല്‍ പറയുന്നില്ല എന്ന് മാത്രം,” ജിതിന്‍ തുടരുന്നു.

അവശ്യസാധനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും അവര്‍ സഹായമെത്തിച്ചു

“മരുന്ന് വാങ്ങാന്‍ പണമില്ലാത്തവരുടെ മരുന്ന് സ്‌പോണ്‍സര്‍മാര്‍ വഴിയാണ് വാങ്ങുന്നത്. പലപ്പോഴും ഞങ്ങളുടെ ടീം ഓടി നിസ്സഹായരാകുമ്പോ നന്മയുള്ളവരുടെ സഹായം ആണ് ഞങ്ങളെ വീണ്ടും ഓടാന്‍ കരുത്തേകുന്നത്.

“രോഗപീഡകളും കുടുംബ പ്രശ്‌നങ്ങളും, സാമ്പത്തികപ്രശ്‌നങ്ങളും, ഇപ്പോ കൊറോണ കൂടിയായപ്പോ എത്രയോ പേരുടെ സമനില പോലും തെറ്റിയ കാഴ്ചയാണ് ഞങ്ങള്‍ ഓരോ നേരവും കാണുന്നത്,” പലര്‍ക്കും കൗണ്‍സലിങ്ങ് നല്‍കാനും പദ്ധതിയിടുന്നുണ്ടെന്ന് ജിതിന്‍ പറഞ്ഞു.

“എങ്ങിനെ ഈ ദുരിതകാലം തള്ളിനീക്കും എന്നറിയാതെയാണ് ഞങ്ങള്‍ ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്നത്,” കഴിഞ്ഞ വര്‍ഷം പുത്തുമലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നു പോയ രാജന്‍ ടി ബി ഐ-യുമായി വേദനകള്‍ പങ്കുവെയ്ക്കുന്നു.

“ഇവിടെ എന്‍റെ അമ്മായച്ഛന്‍ (ഭാര്യാപിതാവ്) രോഗാവസ്ഥയില്‍ തളര്‍ന്നവശനാണ്. കാഞ്ഞിരത്തിന്‍ മൂട്ടില്‍ രവീന്ദ്രന്‍. അദ്ദേഹത്തിന്‍റെ മൂന്ന് പെണ്‍മക്കളില്‍ മൂന്നാമത്തവള്‍ പ്രവിതയാണ് എന്‍റെ ഭാര്യ.”

സന്നദ്ധ പ്രവര്‍ത്തകരിലും പഞ്ചായത്തിലും പ്രതീക്ഷയോടെ ഇപ്പോഴും കാത്തിരിക്കയാണിവര്‍. “അത്യാവശ്യം വേണ്ട മരുന്നുകള്‍ ഞങ്ങള്‍ മൂന്ന് മരുമക്കളും കൂടി വാങ്ങി കൊടുക്കയായിരുന്നു. ഇപ്പോ കൂലിപ്പണി ഇല്ലാതെയപ്പോ അതും അവതാളത്തിലായി,” എന്ന് രാജന്‍ സങ്കടപ്പെടുന്നു.
“ഈ യുവാക്കളാണ് ഞങ്ങക്ക് തല്‍ക്കാലം ഒരാശ്വാസം..,” അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുറിയുന്നു.

സഹായം തേടി ദിവസവും 200 കോളുകളാണ് അവരെത്തേടിയെത്തുന്നത്

സന്നദ്ധ പ്രവര്‍ത്തകനും മരുന്ന് വിതരണ ശൃംഖലയിലെ കോര്‍ഡിനേറ്ററും ആയ അജ്മല്‍ സാഹിദ് യു. പറയുന്നു:

“കോഴിക്കോട് നിന്നും വരെ മരുന്നെത്തിച്ച് നല്‌കേണ്ടി വരും, ഇപ്പോ കോഴിക്കോട് നിന്നും മരുന്നെത്തിക്കാന്‍ പോലീസ് സംവിധാനം ഒരുക്കിയത് വലിയ ഒരു ആശ്വാസമാണ്. ഓരോ ബ്ലോക്കിലും ഒരു മരുന്ന് ഷാപ്പിന് ആവശ്യമായ മരുന്ന് ശേഖരിച്ച് വെക്കാന്‍ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.”

ഇതിനകം ഇരുന്നൂറിലധികം കുടുംബങ്ങളിലേക്ക് കോഴിക്കോടുനിന്നും മറ്റും മരുന്നെത്തിക്കാനും ആദിവാസി കുടുംബങ്ങളിലേക്കടക്കം അവശ്യവസ്തുക്കള്‍ എത്തിക്കാനും ഈ യുവാക്കള്‍ക്ക് കഴിഞ്ഞു.

മരുന്ന് വാങ്ങാന്‍ മാര്‍ഗ്ഗം ഇല്ലാത്തവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കല്‍ ഓഫീസറും സാക്ഷ്യപത്രം നല്‍കിയാല്‍ ജില്ലാ അധികാരികള്‍ സൗജന്യമായി മരുന്ന് നല്‍കും. ഇതും രോഗികള്‍ക്ക് അനുഗ്രഹമായി.

“സന്നദ്ധ കൂട്ടായ്മയിലെ അംഗങ്ങള്‍ എല്ലാ ദിവസവും രാത്രി കൃത്യം 8.30-ന് വാട്ട്‌സാപ്പ് ഗ്രൂപ്പ് കോള്‍ വഴി യോഗം ചേര്‍ന്ന് എല്ലാ വശങ്ങളും അവലോകനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും കൂടി പങ്കാളികളാകുന്ന ഈ യോഗത്തില്‍ പോരായ്മകള്‍ എല്ലാം പരിഹരിച്ചാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്,” അജ്മല്‍ വിശദീകരിച്ചു.

വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും മറ്റ് മാധ്യമങ്ങളും അവര്‍ പ്രയോജനപ്പെടുത്തുന്നു.

ഈ കൂട്ടായ്മയില്‍ ജിതിന്‍, അജ്മല്‍ സാഹിദ് യു എന്നിവര്‍ക്ക് പുറമെ രോഹിത് ബോധി, ഹാരീസ് പി , ഷാജി, സലീം, രാജേഷ്, ഷെറീഫ്, ഹാരീസ്, അരുണ്‍. എന്നിവരും സജീവമായുണ്ട്. ഓരോ പത്ത് ദിവസവും കഴിഞ്ഞാല്‍ അടുത്ത ടീം വരുമെന്നും അജ്മല്‍ വിശദീകരിച്ചു.

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരടക്കം, ഈ ദുരിതകാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അടിയന്തര സഹായങ്ങള്‍ പഞ്ചായത്ത് നേതൃത്വത്തില്‍ ചെയ്തു വരുന്നുണ്ടെന്ന് പ്രസിഡന്‍റ് കെ കെ സഹദ് പറഞ്ഞു.

“നിരീക്ഷണത്തിലുള്ള 324 പേര്‍, മറ്റൊരു ആശ്രയവും ഇല്ലാതെ പരാശ്രിതരായി കഴിയുന്ന 83 പേര്‍, ലോക്ക് ഡൗണില്‍ പെട്ടുഴലുന്ന തൊഴില്‍ നഷ്ടമായ പാവപ്പെട്ടവര്‍, ഇതരദേശ തൊഴിലാളികള്‍, തുടങ്ങിയവര്‍ക്കെല്ലാം ഭക്ഷണവും മരുന്നും എത്തിക്കുന്ന കാര്യം ഉറപ്പ് വരുത്തുന്നുണ്ട്. ഗോത്ര വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണ സൗജന്യമായാണ് ഭക്ഷണവും മരുന്നും നല്‍കുന്നത്.

“ഒരു നിര്‍വ്വാഹമില്ലാത്തവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതില്‍ സന്മനസ്സുള്ളവരുടെ പങ്കാളിത്തം ഉണ്ട്. ഈ അടിയന്തര ഘട്ടം കഴിഞ്ഞ് എല്ലാം നേരെയാകാന്‍ സമയമെടുക്കും, അതിനെ പ്രതിരോധിക്കാന്‍ റിട്ടയേഡ് ഡോക്ടര്‍മാര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാവരും കൂടി ദീര്‍ഘകാല പരിരക്ഷാ പദ്ധതി ആസൂത്രണം ചെയ്ത് വരികയാണ്,” പ്രസിഡന്‍റ് വ്യക്തമാക്കി.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം