ദിവസവും 3,000-ലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കൂട്ടായ്മ കിച്ചന്‍

വെളുപ്പിന് നാലു മണിക്ക് കിച്ചനിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രാത്രി പത്ത് മണി വരെ ഇവിടെ സജീവമായിരിക്കും. ഉച്ചയ്ക്കും രാത്രിയിലേക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. #CoronaWarriors

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ആരും വിശന്നിരിക്കരുത്. ഭക്ഷണം നല്‍കിയും അരിയും പച്ചക്കറിയുമൊക്കെ വീടുകളിലെത്തിച്ചും കരുതലോടെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന്‍റെ പല മേഖലകളില്‍ നിന്നുമുള്ളവര്‍ മുന്നോട്ടുവരികയാണ്.  പണമായും വിശക്കുന്ന വയറിന് ഭക്ഷണമായും സേവനമായുമൊക്കെ…

ആവുന്നതുപോലെ സഹായിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഓട്ടോമൊബീല്‍ മെക്കാനിക്കുകളും പൊലീസുകാരുമൊക്കെ എല്ലാം മറന്ന് പരിശ്രമിക്കുകയാണ്.

മലയാളസിനിമാ പ്രവര്‍ത്തകരും സമൂഹ അടുക്കള തയ്യാറാക്കി ഒരുപാട് പേര്‍ക്ക് ഭക്ഷണം നല്‍കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 250 പേര്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങിയതാണ്. ഇപ്പോള്‍ മൂവ്വായിരത്തിലേറെ പേര്‍ക്കാണിവര്‍ ദിവസവും ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്.

ആറു പേര്‍ ചേര്‍ന്ന തുടക്കമിട്ട കോവിഡ് കൂട്ടായ്മ കിച്ചനില്‍ നിന്നാണ്  ഭക്ഷണ വിതരണം. ഇപ്പോള്‍ ഒരുപാട് പേരുണ്ട് ഇവര്‍ക്കൊപ്പം.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ഈ കോവിഡ് കൂട്ടായ്മ കിച്ചന് ഒപ്പമുണ്ട്.

പാചകത്തിനുള്ള ഒരുക്കങ്ങള്‍

കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് സിനിമാചിത്രീകരണവും പ്രദര്‍ശനവുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ ഒരുമിച്ച് നിന്നു പ്രതിരോധം തീര്‍ക്കുകയാണിവര്‍.

നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫ് (ആന്‍റോ ജോസഫ് ഫിലിംസ് കമ്പനി) മഹാസുബൈര്‍ (വര്‍ണചിത്ര), ആഷിഖ് ഉസ്മാന്‍ (ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്), മനു (ഇച്ചായീസ് പ്രൊഡക്ഷന്‍), നടന്‍ ജോജു ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരാണ് കോവിഡ് കൂട്ടായ്മ കിച്ചന്‍റെ തുടക്കക്കാര്‍.

ലോക് ഡൗണ്‍ സമയമല്ലേ, ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് ആളുകളുണ്ടാകും… അവര്‍ക്ക് ഭക്ഷണം നല്‍കിയാലോയെന്ന് സുബൈറിക്ക (മഹാസുബൈര്‍) യാണ് എന്നോട് ചോദിക്കുന്നത്,”  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഭക്ഷണം പൊതിയുന്ന തിരക്കില്‍

“മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഞാനും സുബൈറിക്കയും കാണാറുണ്ട്. അങ്ങനെയൊരു വൈകുന്നേരം കണ്ടപ്പോഴാണ് സുബൈറിക്ക ഇക്കാര്യം സംസാരിക്കുന്നത്.

“ലോക്ക് ഡൗണില്‍ ഭക്ഷണം കിട്ടാതെ കുറേയാളുകളില്ലേ. നമുക്ക് ദിവസവും 100-150 പേര്‍ക്ക് ഫൂഡ് കൊടുത്താലോ എന്നാണ് ചോദിക്കുന്നത്. അതുകേട്ടപ്പോ നൂറോ നൂറ്റമ്പതോ അല്ല കുറച്ചധികം പേര്‍ക്ക് കൊടുക്കാമെന്നാ ഞാന്‍ പറഞ്ഞത്,” എന്ന് ബാദുഷ

“ഞാനിക്കാര്യം  ബാദുഷയോട് സംസാരിച്ചപ്പോ അവനാണ് വേറെ കുറച്ചാളുകളെ കൂടി ചേര്‍ക്കാമെന്നു പറഞ്ഞത്,” ബാദുഷയ്ക്കൊപ്പം കിച്ചനിലുണ്ടായിരുന്ന സുബൈര്‍ കൂട്ടിച്ചേര്‍ക്കുന്നു.


ബാദുഷ ആദ്യം തന്നെ ജോജുവിനെയും ആന്‍റോയെയും വിളിച്ചു. എത്ര എണ്ണമായാലും സഹകരിക്കാന്‍ തയ്യാറാണെന്ന് അവര് പറഞ്ഞു. ഇതിനു പിന്നാലെ ആഷിക്കിനെയും മനുവിനെയും വിളിച്ചു സംസാരിച്ചു.


“അവരും ഒപ്പമുണ്ടെന്നു പറഞ്ഞതോടെ ഞങ്ങള്‍ ആറും പേരും കൂടി കുറച്ചു തുകയിട്ടു. ആ തുക ഒരുമിച്ചു കൂട്ടിയാണ് കൂട്ടായ്മ ആരംഭിക്കുന്നത്. തുടക്കത്തില്‍ ഞങ്ങള്‍ മാത്രമായിരുന്നു.

“പക്ഷേ, പിന്നെ ഓരോ ദിവസം കഴിയുന്തോറും ആളുകള്‍ കൂടിക്കൂടി വന്നു. അഭിനേതാക്കളും നിര്‍മ്മാതാക്കളും സംവിധായകരും ടെക്നീഷ്യന്‍മാരുമെല്ലാം ഒപ്പം കൂടി,” സുബൈര്‍ പറഞ്ഞു.

ഭക്ഷണം പൊതിയാന്‍ നടന്‍ സുരേഷ് കൃഷ്ണ

എറണാകുളം കലൂരില്‍ പുതിയ റോഡിലെ സുബൈറിന്‍റെ തറവാട് വീട്ടിലാണ് പാചകത്തിനുള്ള സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. “സുബൈറിക്കയുടെ സഹോദരന്‍ ബഷീര്‍ ഇവിടെ ബച്ചൂസ് കാറ്ററിങ് സര്‍വീസ് സെന്‍റര്‍ നടത്തുകയായിരുന്നു,” ബാദുഷ പറയുന്നു.

“ഇപ്പോ അടച്ചിട്ടിരിക്കുകയല്ലേ. അങ്ങനെ സുബൈറിക്കയുടെ വീട് കിച്ചനാക്കി. പാചകത്തിനുള്ള സൗകര്യം ഇവിടുണ്ട്. കാറ്ററിങ്ങുകാരുടെ പാത്രങ്ങളും അടുപ്പുമൊക്കെയാണ് ഉപയോഗിക്കുന്നത്.

“പാചകം ചെയ്യുന്നതിന് പ്രത്യേകിച്ച് ആളൊന്നുമില്ല. അസോസിയേഷനിലെ കുടുംബങ്ങളും കൂട്ടായ്മയിലുള്ളവരും ചേര്‍ന്നാണ് പാചകവും ഭക്ഷണം പൊതിയാക്കുന്നതുമെല്ലാം. ബഷീറിക്കയും ഒപ്പമുണ്ട്,” ബാദുഷ കൂട്ടിച്ചേര്‍ത്തു.

കോവിഡ് കൂട്ടായ്മ കിച്ചനൊപ്പം സഹകരിക്കാനെത്തിയ നടന്‍ രമേഷ് പിഷാരടി
നടന്‍ സാദിഖ്

വെളുപ്പിന് നാലു മണിക്ക് കിച്ചനിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രാത്രി ഏതാണ്ട് പത്ത് മണി വരെ ഇവിടെ സജീവമായിരിക്കും. ഉച്ചയ്ക്കും രാത്രിയിലേക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

ഉച്ചഭക്ഷണത്തിന് ചോറും സാമ്പാറും തോരനും അച്ചാറുമൊക്കെയുണ്ടാകും. രാത്രിയിലേക്ക് മിക്ക ദിവസവും ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് നല്‍കുന്നത്. ചില ദിവസങ്ങളില്‍ മുട്ടക്കറിയുണ്ടാകും.

ആഴ്ചയിലൊരിക്കല്‍ ചപ്പാത്തിക്കൊപ്പം ചിക്കന്‍ കറിയാണ് കൊടുക്കുന്നത്. ഞായറാഴ്ചകളില്‍ ഉച്ചനേരത്തേക്ക് ചിക്കന്‍ ബിരിയാണിയാണ് ഉണ്ടാക്കി നല്‍കുന്നത്.

“എന്നും സാമ്പാറും ചോറും മാത്രം പോരല്ലോ,” ബാദുഷ ചിരിക്കുന്നു. “പാചകം ചെയ്യുന്നതും ചോറുണ്ടാക്കുന്നതും പച്ചക്കറി അരിയുന്നതും പൊതിയിലാക്കുന്നതും വിതരണം ചെയ്യുന്നതും ഇവിടുള്ളവര്‍ തന്നെയാണ്. അതിനൊന്നും കാശിന് ആളെ നിറുത്തിയിട്ടില്ല. സാധനങ്ങള്‍ വാങ്ങുന്ന ചെലവാണുള്ളത്.

“ഒരു ദിവസം 400 കിലോ അരിയും 200 കിലോ പച്ചക്കറിയുമൊക്കെ ഉപയോഗിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് കൂട്ടായ്മ കിച്ചന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സംവിധായകന്‍ മേജര്‍ രവി

“ഭക്ഷണം തികയാതെയും വന്നിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 2,400 പേര്‍ക്കുള്ള ഭക്ഷണമാണുണ്ടാക്കിയത്. പക്ഷേ തികയാതെ വന്നതോടെ വീണ്ടും അരിയിട്ടു. അന്ന് 3,000-ലേറെ പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

“ഭക്ഷണമുണ്ടാക്കി വാഹനത്തില്‍ കൊണ്ടുപോയി ആവശ്യക്കാര്‍ക്ക് വിതരണം- ചെയ്യുക മാത്രമല്ല. ഈ കിച്ചനില്‍ വന്നും കുറേയേറെ ആളുകള്‍ ഭക്ഷണപ്പൊതികള്‍ നേരിട്ട് വാങ്ങുന്നുണ്ട്.

“ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഇവര്‍ക്കൊക്കെ ഭക്ഷണപ്പൊതികള്‍ കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം:ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്‍റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം


“ഹ്യൂമന്‍ റൈറ്റ്സ്, ഫോര്‍ട്ട്കൊച്ചിയില്‍ നിന്നുള്ളൊരു സംഘം, ഏതാനും കുടുംബങ്ങള്‍, കോര്‍പ്പറേഷനില്‍ നിന്നുള്ള കുറച്ചാളുകള്‍, ചില സംഘടനകളില്‍ നിന്നുള്ളവര്‍ ഇവരൊക്കെയാണ് കിച്ചനിലേക്ക് നേരിട്ട് വരുന്നത്,” ബാദുഷ വിശദമാക്കി.

കോവിഡ് കൂട്ടായ്മ കിച്ചന്‍റെ ആദ്യ ദിവസം 250-പേര്‍ക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരമം ചെയ്തത്. പിന്നെ ഓരോ ദിവസവും ആളുകളുടെ എണ്ണം കൂടി വന്നു. തലേ ദിവസം വരുന്നവര്‍ പിറ്റേ ദിവസത്തേക്ക് എത്ര പൊതി ഭക്ഷണം വേണമെന്നു പറയും. അങ്ങനെയാണ് പിറ്റേദിവസം ഭക്ഷണം കൂടുതലുണ്ടാക്കുന്നതെന്നു സുബൈര്‍.

“200 പൊതിച്ചോറുകള്‍ എടുത്തവര്‍ അടുത്ത ദിവസം 300 എണ്ണം വേണമെന്നു പറയും.


250-ല്‍ തുടങ്ങിയെങ്കില്‍ ഇപ്പോ ദിവസേന 3,000-ലേറെ ആളുകള്‍ക്ക് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട്.


“രണ്ട് ഒമ്നിയും ഒരു ഇന്‍ഡിഗോയുമാണ് ഭക്ഷണവിതരണത്തിന് കൊച്ചി കോര്‍പ്പറേഷന്‍റെ വിവിധ ഇടങ്ങളിലേക്ക് പോകുന്നത്. വാഹനത്തില്‍ മാത്രമായി 1,000-ലധികം ഭക്ഷണപ്പൊതികള്‍ ആളുകളിലേക്കെത്തുന്നുണ്ട്.

“നിയമപരമായി പാലിക്കേണ്ട കാര്യങ്ങളൊക്കെ പാലിച്ചാണ് കിച്ചണിന്‍റെ പ്രവര്‍ത്തനം. ഇവിടുള്ളവര്‍ മാസ്ക്, ക്യാപ്, ഗ്ലൗസ് ഇതൊക്കെ ധരിക്കുന്നുണ്ട്. പരസ്പരം കൃത്യമായ അകലവും പാലിക്കുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകളും ആവശ്യത്തിന് കിച്ചണിലുണ്ട്.

“തുടക്കമിട്ടത് ഞങ്ങള്‍ ആറു പേര്‍ ചേര്‍ന്നാണെങ്കിലും ഇപ്പോള്‍ കുറേയധികം ആളുകളുടെ പിന്തുണയുണ്ട്. സിനിമാമേഖലയില്‍ നിന്നുള്ളവര്‍ മാത്രമല്ല എംഎല്‍എ ടി.ജെ.വിനോദ്, മേയര്‍ സൗമിനി ജെയ്ന്‍, കൗണ്‍സിലര്‍ ഹാരിസ് ഇവരുടെ പിന്തുണയുണ്ട്. കലക്റ്റര്‍ സുഹാസും കഴിഞ്ഞ ദിവസം കിച്ചനില്‍ വന്നിരുന്നു,” സുബൈര്‍ കൂട്ടിച്ചേര്‍ക്കുന്നു

ഭക്ഷണമൊക്കെ വിതരണം ചെയ്യുമ്പോള്‍ ആരുടെയും ചിത്രം പകര്‍ത്തരുതെന്ന കര്‍ശന നിര്‍ദേശവും ഈ ആറംഗ സംഘം നല്‍കിയിട്ടുണ്ട്. “ഭക്ഷണപ്പൊതി സ്വീകരിക്കുന്നവരുടെയൊന്നും ചിത്രങ്ങളെടുക്കരുത്, അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കരുത് എന്നു കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ട്,” ബാദുഷ തുടരുന്നു.

“ആള്‍ക്കാര്‍ക്ക് ആഹാരം കൊടുക്കുന്ന ചിത്രം എടുക്കരുത്. വേണമെങ്കില്‍ ഈ കിച്ചനിലൊക്കെ വന്നു എത്ര ഫോട്ടോകളും സെല്‍ഫിയും എടുത്തോട്ടെ. ഒരു എതിര്‍പ്പുമില്ല.

“ഭക്ഷണപ്പൊതികള്‍ വാങ്ങുന്നവരെ കൂടി റസ്പെക്റ്റ് ചെയ്യുന്നുണ്ട്. കൊറോണയെ തുടര്‍ന്ന് എല്ലാവരും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സിനിമയുടെ ഷൂട്ടിങ്ങുകളും നിറുത്തി വെച്ചിരിക്കുകയാണല്ലോ. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുകയാണ്.

കലക്റ്റര്‍ സുഹാസിനൊപ്പം നിര്‍മാതാവ് സുബൈറും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും

“എന്നാല്‍ സാധിക്കുന്നവര്‍ ഭക്ഷണം നല്‍കുകയോ മാസ്ക് വിതരണത്തിലോ ഒക്കെ സഹകരിക്കണം. എന്നാല്‍ മാത്രമേ കൊറോണ വൈറസ് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനാകൂ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയമുണ്ടായപ്പോഴും  സഹായവുമായി സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നിരുന്നു. “പക്ഷേ പ്രളയം പോലെ അല്ലല്ലോ സാഹചര്യം. കൊറോണ വൈറസ് പകരുന്നതല്ലേ. പുറത്തിറങ്ങാന്‍ പലര്‍ക്കും ഭയമുണ്ട്.

“എന്നാല്‍ ഭയന്ന് ഇരുന്നാല്‍ ഒന്നും നടക്കില്ലല്ലോ. വേണ്ട മുന്‍കരുതലുകളോടെ കുറച്ചു പേര്‍ ഇങ്ങനെയൊക്കെ ചെയ്യണമല്ലോ. പ്രതിസന്ധി ഘട്ടം തീരും വരെ കോവിഡ് കൂട്ടായ്മ കിച്ചനും എല്ലാവര്‍ക്കുമൊപ്പമുണ്ടാകും,” ബാദുഷ ഉറപ്പിച്ചു പറഞ്ഞു.


ഇതുകൂടി വായിക്കാം:2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം