ലോക്ക് ഡൗണ്‍ കാലം സുന്ദരമാക്കാന്‍ രാജാ രവിവര്‍മ്മയെ അനുകരിച്ച് അമ്മയും മക്കളും

ബഹറിനില്‍ താമസിക്കുന്ന മലയാളി ശീതള്‍ ജിയോ ലോക്ക് ഡൗണ്‍ കാലം പ്രയോജനപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്…

ഭീതിയ്ക്കും ദുരിതത്തിനുമിടയിലൊരു കാലം. മനുഷ്യരാശി ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരികളിലൊന്നിന്‍റെ പിടിയിലമര്‍ന്ന് ലോകം.

കോവിഡ്-19 കൊണ്ടുവന്ന അപ്രതീക്ഷിത സ്തംഭനം ലോക ജനതയുടെ ജീവിത രീതി മൊത്തത്തില്‍ മാറ്റിമറിച്ചിരിക്കുന്നു. അനാവശ്യമായി പുറത്തിറങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തും കോവിഡ് ഭീതിയും കാരണം ഒരുമാതിരി ആളുകളൊക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടിനകത്തു തന്നെ കഴിയുകയാണ്.

ഇതുവരെ നമുക്ക് പരിചയമില്ലാത്ത ഒരു ജീവിതം. പുതിയ സാഹചര്യത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്. ഹൊ, എന്തൊരു ബോറടി, നിരാശ!

എങ്ങനെയെങ്കിലും വീടിനുള്ളില്‍ ചടഞ്ഞുകൂടിയിരിക്കുന്ന ഈ കാലം ഒന്ന് കഴിഞ്ഞുകിട്ടണം എന്ന് മാത്രമാണ് എല്ലാവരുടേയും ചിന്ത.

ഏത് നാണയത്തിനും രണ്ടു വശങ്ങളുണ്ടല്ലോ. ഇക്കാലം വളരെ ലാഘവത്തോടെ സമീപിച്ച കുറെ പേരെങ്കിലുമുണ്ടാകും.

ചിലരൊക്കെ പാചകം പരീക്ഷിച്ചു (വെറുതെ സാധനങ്ങള്‍ പാഴാക്കിക്കളയരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും) മറ്റു ചിലര്‍ എഴുത്തിനും വായനക്കും കൂടുതല്‍ സമയം കണ്ടെത്തി, ചിലരൊക്കെ ചിത്രരചനയിലും മറ്റും അഭയം തേടി. ലോക്ക് ഡൗണ്‍കാലത്ത് ‘കൃഷിക്കാരുടെ’ എണ്ണവും കൂടി. വേറെ ചിലരാകട്ടെ പഴയ ഹോബികളൊക്കെ പൊടിതട്ടിയെടുത്തിട്ടുമുണ്ട്.

ഇവിടെ ദ് ബെറ്റര്‍ ഇന്‍ഡ്യ പരിചയപ്പെടുത്തുന്നത് അത്തരത്തിലൊരു പ്രവാസി മലയാളിയെയാണ്–ശീതള്‍ ജിയോ.

ശീതളും കുടുംബവും

ലോക്ക്ഡൗണാണെന്നു കരുതി വെറുതെ സമയം കളയാനൊന്നും കക്ഷിക്കു താല്‍പര്യമില്ല. അങ്ങനെ വളരെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് ശീതളിന്‍റെ മനസില്‍ ഒരു ലഡ്ഡു പൊട്ടുന്നത്. അതും ഒരൊന്നാം തരം ലഡു.

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ പുനരാവിഷ്‌കരിച്ചാലോ? പക്ഷെ, ക്യാന്‍വാസിലല്ല. യഥാര്‍ത്ഥത്തില്‍. ശീതളിന്‍റെ മോഡലുകള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു– മക്കളായ കാതറീനും ക്ലെയറിനും. കുട്ടികളെ രവിവര്‍മ്മ ചിത്രങ്ങളിലേതു പോലെ അണിയിച്ചൊരുക്കി ഫോട്ടോകളെടുക്കുക.

ഇത്തരത്തില്‍ രവിവര്‍മ്മ ചിത്രങ്ങള്‍ പുനരാവിഷ്കരിക്കാന്‍ ഒരു കാരണം കൂടിയുണ്ട്.

”മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങളെ ആസ്പദമാക്കി രവിവര്‍മ്മ രൂപപ്പെടുത്തിയ സൃഷ്ടികള്‍ എന്നെ എല്ലായ്പോഴും ആകര്‍ഷിച്ചിരുന്നു. അടുത്തകാലത്ത് എന്‍റെയൊരു സുഹൃത്ത് ഇത്തരത്തില്‍ മകളെ മോഡലാക്കി ചിത്രങ്ങള്‍ പുനസൃഷ്ടിച്ചിരുന്നു. ഇതില്‍ നിന്നാണ് ഞാനും പ്രചോദനം ഉള്‍ക്കൊണ്ടത്,”ശീതള്‍ പറയുന്നു.

രവിവര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്‌ക്കാരം ശീതള്‍ കഴിയും വിധം ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങളിലേതിനു സമാനമായ ആഭരണങ്ങള്‍ അവര്‍ സ്വന്തം ആഭരണകളക്ഷനില്‍ നിന്നു തന്നെ കണ്ടെത്തി. ചിത്രങ്ങളുടെ പശ്ചാത്തലമായത് വീട്ടിലെ കര്‍ട്ടനുകള്‍ തന്നെയാണ്. എത്രമാത്രം കഴിയുമോ അത്രമാത്രം  സുന്ദരമാക്കാന്‍ ശീതള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

കാര്‍ട്ടൂണുകളും വീഡിയോ ഗെയിമുകളും കുട്ടികളുടെ ബാല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഇക്കാലത്ത് മക്കളെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണെന്ന് ശീതള്‍ പറയുന്നു.

“എന്‍റെ കുട്ടികളെ ഒരിക്കലും വീഡിയോ ഗെയിമുകളുടെ ലോകത്തേക്ക് തള്ളിവിടുന്നതിനു പകരം അമ്മ എന്ന നിലയില്‍ അവരുമായി നിരന്തരം ഇടപഴകാന്‍ ശ്രമിക്കുന്നു. അതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ട്. എനിക്ക് മാതാപിതാക്കളോടുള്ള ഒരഭ്യര്‍ത്ഥന ഇതാണ്: നിങ്ങളുടെ മക്കള്‍ക്ക് വേണ്ട സ്പെയ്സ് ഉണ്ടാക്കിക്കൊടുക്കുക. അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ലോക്ക് ഡൗണിലിരിക്കുന്ന ഈ കാലത്ത് ഇത്തരത്തില്‍ വളരെ മികച്ച കാര്യങ്ങള്‍ മക്കള്‍ക്കായി ചെയ്തുകൊടുക്കുക.”

ആ മനോഹരമായ ചിത്രങ്ങള്‍ ഇതാ.

പറയൂ, നിങ്ങള്‍ എങ്ങനെയാണ് ലോക്ക് ഡൗണ്‍ കാലം ചെലവിടുന്നത്?


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം