ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍

28 സ്വയം സഹായ സംഘങ്ങളിലായി 175 സ്ത്രീകളാണ് പിപിഇ കിറ്റുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

നിപ്പ വൈറസ് കേരളത്തില്‍ പടര്‍ന്ന നാളുകള്‍ മുതല്‍ കേട്ടു തുടങ്ങിയതാണ് പി പി ഇ കിറ്റിനേക്കുറിച്ച്. മഹാമാരികള്‍ വരുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ ധരിക്കുന്ന ശരീരം മുഴുവന്‍ മൂടുന്ന മേല്‍വസ്ത്രവും മറ്റ് അനുബന്ധ വസ്തുക്കളുമാണ് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് കിറ്റ്.

എങ്കിലും കോവിഡ്-19 വ്യാപനത്തോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളെക്കുറിച്ച് വ്യാപകമായ ചര്‍ച്ച ഉണ്ടാവുന്നത്.

രാജ്യമാകെ ലോക്ക്ഡൗണിലായിരുന്നിട്ടും അടിസ്ഥാന ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് കോവിഡ് 19-ന്‍റെ വ്യാപനത്തോത് വര്‍ദ്ധിച്ചത്. രോഗവ്യാപനത്തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രിയിലെ ശുചീകരണ വിഭാഗക്കാര്‍, മറ്റ് സ്റ്റാഫുകള്‍ക്ക്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍,സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍.)  പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്‍റ് (വ്യക്തിസുരക്ഷാ കവചം) പി പി ഇ കിറ്റ് നിര്‍ബന്ധമാണ്. രോഗികളെ നേരിട്ട് പരിചരിക്കുന്നവര്‍ ഈ സുരക്ഷാ കവചം നിര്‍ബ്ബന്ധമായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളുമുണ്ട്.

പക്ഷെ, രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പി പി ഇ കിറ്റുകളുടെ ക്ഷാമം രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല വളരെ ശ്രദ്ധയോടെ നിര്‍മ്മിക്കേണ്ട ഇത്തരം വസ്തുക്കള്‍ക്കു പകരം യാതൊരു ഗുണമേന്മയുമില്ലാത്ത ഉല്‍പന്നങ്ങള്‍ കൊണ്ട് വിപണി നിറഞ്ഞിരിക്കുകയാണ്. മാത്രവുമല്ല പല കമ്പനികളും ഇവയ്ക്ക് ഈടാക്കുന്നതാകട്ടെ അമിത വിലയും. ഗുണമോ തുച്ഛം വിലയോ അമിതവും.


 ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി
ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’.
 നിങ്ങള്‍ക്കും സഹായിക്കാം.‍
               മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമമായ ലക്കിംപൂര്‍ ഖേരിയിലെ ചീഫ് ഡെവലപ്മെന്‍റ് ഓഫീസറായ അരവിന്ദ് സിംഗിന്‍റെ തലയിലൊരു ബുദ്ധി ഉദിക്കുന്നത്: ഗ്രാമത്തിലെ സ്ത്രീകളെക്കൊണ്ട് ഗുണനിലവാരമുള്ള പി പി ഇ കിറ്റ് നിര്‍മ്മിച്ചാലെന്താണെന്ന്. അങ്ങനെ വളരെപ്പെട്ടെന്ന് തന്നെ ഈ വനിതകളെ ഉപയോഗിച്ച് പി പി ഇ കിറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്തു. പല വമ്പന്‍ കമ്പനികള്‍ നിര്‍മ്മിച്ച സുരക്ഷാ കവചത്തേക്കാളും ഗുണനിലവാരമുള്ളവയാണ് ഇവയെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ അരവിന്ദ് സിംഗിന്റെയും ആ നാട്ടിലെ സ്ത്രീകളെയും തേടി നിരവധി അംഗീകാരങ്ങളാണ് എത്തിയത്.

കാര്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. ഇന്‍ഡ്യന്‍ സൈന്യം ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും അവരുടെ കോവിഡ് -19 ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനായി ഈ പി പി ഇ കിറ്റുകള്‍ വന്‍തോതില്‍ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു.

പരിചയ സമ്പന്നരായ പല വന്‍കിട നിര്‍മ്മാതാക്കള്‍ക്കു പോലും നേടാനാവാതെ പോയ ഗുണനിലവാരം ഈ ഗ്രാമീണ സ്ത്രീകള്‍ ഉല്‍പാദിപ്പിക്കുന്ന പി പി ഇ കിറ്റുകള്‍ക്ക് എങ്ങനെ എത്തിച്ചേരാന്‍ കഴിഞ്ഞു? ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐ എ എസ് ഓഫീസറായ അരവിന്ദ് സിംഗ് ആ രഹസ്യം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവെയ്ക്കുന്നു.

അതിവേഗതയില്‍

“മള്‍ട്ടി സ്പെഷ്യാലിറ്റി ആരോഗ്യസംവിധാനങ്ങളോടെയുള്ള അടിസ്ഥാന ആരോഗ്യ വികസനമൊന്നുമില്ലാത്ത ഒരു ഉള്‍ഗ്രാമമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ കോവിഡ്-19 അതിവേഗം പടരുന്ന ഒരു സാഹചര്യമുണ്ടായപ്പോള്‍ എന്ത് അപ്രതീക്ഷിത സാഹചര്യമുണ്ടായാലും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഞങ്ങള്‍ നടത്തി. ഗ്രാമത്തിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അടിയന്തിരമായി വിന്യസിച്ചു.” സിംഗ് പറഞ്ഞു

“ഓരോ ടീമിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുള്‍പ്പടെ 25 പേരാണ് ഉള്ളത്. ദിവസവും രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ഇവര്‍ കോറോണാ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരായിരുന്നു. മാത്രമല്ല, കൊറോണ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നവര്‍, ആശുപത്രിയുടെ ചുമതലയിലുള്ള പൊലീസുകാര്‍, കൂടാതെ ഗ്രാമത്തിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ഇവര്‍ക്കെല്ലാം സുരക്ഷ അത്യാവശ്യമാണ്.

അരവിന്ദ് സിംഗ് ഐ എ എസ്

“ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പി പി ഇ കിറ്റുകള്‍ ആവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. സുരക്ഷാ കവചത്തിന് ആവശ്യകത വര്‍ദ്ധിച്ചു. എന്നാല്‍ രാജ്യം ലാക്ക്ഡൗണിലായതോടെ അവ സംഭരിക്കുന്നതിന് തടസ്സമുണ്ടായി. എന്നാല്‍ ഭാഗ്യമെന്നു പറയട്ടെ മാര്‍ച്ച് 25-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഞങ്ങളുടെ വനിതാ സ്വാശ്രയസംഘങ്ങള്‍ പ്രാദേശികമായി ഇവ നിര്‍മ്മിക്കുന്നതിന് തുടക്കമിട്ടിരുന്നു.”

പി പി ഇ കിറ്റ് നിര്‍മ്മാണത്തിന് ആവശ്യമായ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നതിന് ആരവിന്ദ് സിംഗ് മുന്നിട്ടിറങ്ങി. നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന വിതരണക്കാരെ നേരിട്ടു വിളിച്ചു. ഓപ്റേഷന്‍ കബച് എന്ന് പേരിട്ട് വിളിച്ച അടിയന്തിര പി പി ഇ നിര്‍മ്മാണത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം, രൂപകല്പന, നിര്‍മ്മാണം എന്നീ കാര്യങ്ങളിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.

അസംസ്‌കൃത വസ്തുക്കള്‍ കിട്ടിയ ശേഷം പാളിപ്രൊപിലീന്‍ കവറുകള്‍, കണ്ണടകള്‍, മുഖാവരണം, ശിരോവസ്ത്രങ്ങള്‍, മാസ്‌കുകള്‍, കയ്യുറകള്‍, ഷൂ കവറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം സ്ത്രീകള്‍ക്ക് നല്‍കി. ഇതിനിടയില്‍ സിംഗ് പി പി ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന പല യൂണിറ്റുകളും നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് ഉല്‍പന്നത്തിന് അന്തിമ രൂപം നല്‍കിയത്.

അരവിന്ദ് സിംഗ് നല്‍കിയ ഡിസൈനില്‍ ആരോഗ്യവകുപ്പ് തൃപ്തി രേഖപ്പെടുത്തിയതോടെ അദ്ദേഹത്തിന്‍റെയും സംഘത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടു. ഓപ്റേഷന്‍ കബച് കിറ്റുകള്‍ക്ക് സൈന്യത്തില്‍ നിന്നും പൊലിസില്‍ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിച്ചത്.

തുടര്‍ന്നാണ് സൈന്യത്തില്‍ നിന്ന് ഒരു വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്. ലഖ്നൗവിലെ നോര്‍ത്തേണ്‍ കമാന്‍ഡേഴ്സ് ആര്‍മി ആശുപത്രി ഓപറേഷന്‍ കബചില്‍ നിന്നും 2,000 പി പി ഇ കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. വിംഗ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ രാമകൃഷ്ണന്‍ ഈ ഗ്രാമീണ സ്ത്രീകളുണ്ടാക്കിയ പി പി ഇ ഉല്‍പന്നങ്ങളുടെ ഡിസൈനില്‍ വലിയ മതിപ്പു രേഖപ്പെടുത്തി. തുടര്‍ന്നാണ് വലിയ ഓര്‍ഡര്‍ നല്‍കുന്നതും.

തുടര്‍ന്ന് ലഖ്നൗ കന്‍റോണ്‍മെന്‍റ്  41-ാം ഇന്‍ഫന്‍റ്റി ബ്രിഗേഡ് 52 കിറ്റുകള്‍ക്കും, കുമോണ്‍ ഇന്‍ഡോര്‍ ഡിവിഷന്‍ 20 കിറ്റുകളും സശസ്ത്ര സീമാ ബെല്‍ 30 കിറ്റുകള്‍ക്കും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

ഓരോ കിറ്റിനും 490 രൂപയാണ് ഈടാക്കുന്നത്. സൈന്യത്തില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും സ്വകാര്യ സംരംഭകര്‍ പി പി ഇ കിറ്റിന് ഈടാക്കിയതിന്‍റെ പകുതി വില മാത്രമാണ് ഇത്. സ്വയം സഹായ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് ഈ തുക നല്‍കുന്നത്. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഒരു പരിധി വരെ സഹായിക്കും.

“ജില്ലയിലെ ലക്കിംപൂര്‍ ഖേരി, ഇസാനഗര്‍, നിഗസന്‍, പാലിയ, ഗോളാ,മൊഹമ്മദി തുടങ്ങീ ആറു ബ്ലോക്ക് പഞ്ചായത്തുകളിലെ 28 സ്വയം സഹായ സംഘങ്ങളിലായി 175 സ്ത്രീകളാണ് പിപിഇ കിറ്റുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ കേന്ദ്രങ്ങളിലെല്ലാം എല്ലാത്തരത്തിലുമുള്ള ശുചിത്വ മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് അതാത് പ്രദേശങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതാത് ബ്ലോക്ക് സെക്രട്ടറിമാര്‍ക്കാണ് ഇതിന്‍റെ ചുമതല,പക്ഷെ എല്ലാ ദിവസവും നിര്‍മ്മാണ യൂണിറ്റുകള്‍ ഞാനും സന്ദര്‍ശിക്കും,” അരവിന്ദ് സിംഗ് പറഞ്ഞു

ഐ ഐ ടി-ഐ ഐ എം ഗ്രാജ്വേറ്റ് ആയ അരവിന്ദ് സിംഗ് യു പി എസ് എസി പരീക്ഷയില്‍ പത്താം റാങ്ക് നേടിയ 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഒരു സാങ്കേതിക ഗവേഷകനെന്ന നിലയില്‍ സിവില്‍ സര്‍വ്വീസിലെത്തും മുന്‍പ് ദക്ഷിണ കൊറിയയിലും ഹോങ്കോങ്ങിലുമായി നേടിയ പ്രവര്‍ത്തന പരിചയം കൊറോണ വൈറസ് ഭീഷണിയെ നേരിടുന്നതിന് സഹായകമായതായി അദ്ദേഹം പറയുന്നു. ഒരു പക്ഷെ, അക്കാലത്തെ പഠനമാകാം ഓപറേഷന്‍ കബചിനെ ഇത്തരമൊരു വിജയമാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം