കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന്‍ ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്‍കി താരം

ലോക്ക് ഡൗണ്‍ ആയതോടെ പണിയില്ല. എന്തെങ്കിലും നട്ടുനനയ്ക്കാനാണെങ്കില്‍ ഭൂമിയുമില്ല. അപ്പോഴാണ് മരപ്പണിക്കാരന്‍ അനോജിന് ഒരു ഐഡിയ തോന്നിയത്

ലോക്ക്ഡൗണിനിടയില്‍ ഒരു ദിവസം. സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യുവിനെത്തേടി ഒരു കോള്‍ എത്തി.

“സാറേ, ഞങ്ങള് സാറിന്‍റെ കളമശ്ശേരിയിലെ ഭൂമിയില്‍ കൃഷി ചെയ്‌തോട്ടെ?” അതായിരുന്നു വിളിച്ചവരുടെ ആവശ്യം. ഈ ആവശ്യം കേട്ട് ജോയ് മാത്യു ഞെട്ടിക്കാണും.

കാരണം മുന്‍പെങ്ങും പരിചയമല്ലാത്തയാള്‍ തന്നെ വിളിച്ചു കൃഷി ചെയ്യാന്‍ ഭൂമി നല്‍കാമോയെന്ന് ആവശ്യപ്പെടുന്നു. ആ കോള്‍ വെറുതെ ആയില്ല. അവരുടെ ആവശ്യം വളരെ ആത്മാര്‍ത്ഥമാണെന്ന് തോന്നിയ ജോയ് മാത്യു അത് അംഗീകരിച്ചു. അനോജിനും സെബാസ്റ്റിയനും കൃഷി നടത്താനായി വിട്ടു നല്‍കി .

ജോയ് മാത്യു. ഫോട്ടോ/ ഫേസ്ബുക്ക്

ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്നതിനിടയിലാണ് കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ സമീപത്തു താമസിക്കുന്ന ഓലിക്കുഴിമുകള്‍ വീട്ടില്‍ അനോജ് ചില വാര്‍ത്തകള്‍ കേള്‍ക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തികള്‍ കല്ലുകെട്ടി അടയ്ക്കുന്നു. നാട്ടിലേക്ക് അവശ്യവസ്തുക്കളുടെ വരവു കുറയുന്നു. പ്രത്യേകിച്ച് പച്ചക്കറികളുടെ വരവ് കുറയുന്നു എന്നൊക്കെ.

എങ്കില്‍ പിന്നെ നമുക്ക് ആവശ്യമുള്ള പച്ചക്കറി ഇവിടെ തന്നെ വിളയിച്ചാലെന്താണ് എന്നായിരുന്നു അയാളുടെ ചിന്ത. മാത്രമല്ല, ജോലിക്കു പോകാതെ എത്ര കാലം വെറുതെ ഇരിക്കും.

ഇക്കാര്യം അനോജ് സുഹൃത്തായ തടത്തിപ്പറമ്പില്‍ സെബാസ്റ്റ്യനോട് പറഞ്ഞു. ലോറി ഏജന്‍റ് ഓഫീസിലെ തൊഴിലാളിയാണ് സെബാസ്റ്റ്യന്‍. തൊഴില്‍ സാധ്യത കുറഞ്ഞ നാളുകള്‍ വെറുതെ കളയേണ്ട എന്ന തീരുമാനമാണ് ഇവരെ കൃഷിയിലേക്കെത്തിച്ചത്.

“വെറും രണ്ടുസെന്‍റ് സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. കൃഷി ചെയ്യണമെങ്കില്‍ എത്ര സ്ഥലം വേണം. ഇനി ടെറസില്‍ കൃഷി ചെയ്യാമെന്നു കരുതിയാല്‍ അതിനുള്ള സ്ഥലമൊന്നും മേല്‍ക്കൂരയിലില്ല,” അനോജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അനോജും കുടുംബാംഗങ്ങളും കൃഷിപ്പണിക്കിടയില്‍

“അങ്ങനെ ഞാനും സെബാസ്റ്റ്യന്‍ ചേട്ടനും കൂടി ആലോചിച്ചപ്പോഴാണ് ഒരു ഐഡിയാ മനസിലേക്കെത്തുന്നത്. സെബാസ്റ്റ്യന്‍ ചേട്ടന്‍റെ വീടിനടുത്തു കുറച്ച് പറമ്പ് കാടു കയറി കിടക്കുന്നുണ്ട്. കൃഷിയ്ക്കു പറ്റിയ നല്ല മണ്ണ്. ഉടമസ്ഥനോട് ചോദിച്ച് അവിടെ കൃഷി ചെയ്യാം. പക്ഷെ സ്ഥലം ആരുടേതാണെന്ന് അറിയില്ല. അന്വേഷിച്ചപ്പോഴത് സിനിമാ നടന്‍ ജോയ് മാത്യു സാറിന്‍റേതാണെന്ന് അറിയുന്നത്. അങ്ങനെ സാറിന്‍റെ നമ്പറിനായി ശ്രമിച്ചു.


ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി
ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’.
 നിങ്ങള്‍ക്കും സഹായിക്കാം.‍
               മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

“ഒടുവില്‍ സെബാസ്റ്റ്യന്‍ ചേട്ടന്‍റെ അനുജന്‍റെ പരിചയക്കാരനായ സിനിമാ നടന്‍ വിഷ്ണു (കട്ടപ്പനയിലെ ഹൃത്തിക് റോഷനിലെ നായകന്‍) വഴി ജോയ് സാറിന്‍റെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു,” അനോജ് വിശദമാക്കി.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കളമശ്ശേരിയിലെ ഈ ഭൂമി ജോയ് മാത്യു വാങ്ങിയത്. അന്നുമുതല്‍ അവിടെ കാടുപിടിച്ച് കിടക്കുകയായിരുന്നു. അവിടെ വീടുപണിയാനുള്ള അനുമതി കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ നിന്നും കിട്ടിയിട്ടുമുണ്ട്.

എന്നാല്‍ യാതൊരു പരിചയവുമില്ലാത്ത, മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത അനോജിനെ ജോയ് മാത്യു എങ്ങനെ വിശ്വസിക്കും. വിളിച്ചയാളുടെ ഫോട്ടോ വാട്സ്ആപ്പില്‍ അയച്ചു തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫോട്ടോ കിട്ടിയതോടെ കൃഷി ചെയ്യാനുള്ള അനുമതിയും കൊടുത്തു.

ഒരു കണ്ടീഷന്‍ മാത്രമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ‘ജൈവകൃഷിയായിരിക്കണം!’

“ജോയ് സാറിന്‍റെ അനുമതി കിട്ടിയതോടെ ഞാനും സെബാസ്റ്റ്യന്‍ ചേട്ടനും സെബാസ്റ്റ്യന്‍ ചേട്ടന്‍റെ ഭാര്യ ലിസ്സിയും ഞങ്ങളുടെ കുടുംബവും ചേര്‍ന്ന് കാടു തെളിക്കാന്‍ ആരംഭിച്ചു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നിന്ന കാട് ഞങ്ങള്‍ വൃത്തിയാക്കി. കൃഷിയെപ്പറ്റി വലിയ ധാരണയൊന്നും ഞങ്ങള്‍ക്കാര്‍ക്കുമില്ല. പലരില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കി. നിലം ഒരുക്കി.”

(കേരളത്തില്‍ കൃഷി പ്രോല്‍സാഹിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെയാണ് അനോജും സെബാസ്റ്റ്യനും കൃഷി തുടങ്ങുന്നത്.)

“നേരം വെളുക്കുമ്പോള്‍ തന്നെ ഞങ്ങള്‍ കുടുംബാംഗങ്ങളോടൊപ്പം ഇങ്ങോട്ടു പോരും. 22 സെന്‍റ് ഭൂമിയില്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നിന്ന പുല്ലും കാടും വെട്ടി നീക്കി ആറ് ദിവസം കൊണ്ടാണ് സ്ഥലമൊരുക്കിയത്. കപ്പയും ചീരയും പയറും വാഴയും പാവലുമെല്ലാം നട്ടു. ചീര കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ കഴിയും നെറ്റുകൊണ്ടുള്ള വലിയ ഇരുമ്പുകുട്ടകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ ഷീറ്റ് വിരിച്ച് ടാങ്കാക്കി മത്സ്യകൃഷി നടത്താനും ഉദ്ദേശ്യമുണ്ട്.

“കൃഷി തുടങ്ങിയപ്പോള്‍ മറ്റൊരു പ്രശ്നമുണ്ടായി. ഈ പറമ്പില്‍ വെള്ളം കിട്ടില്ല. അടുത്ത വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളം കൊണ്ടുവന്നാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. ഇവിടെ കുഴല്‍ കിണര്‍ ഉണ്ട്. പക്ഷെ മോട്ടോര്‍ വെച്ചിട്ടില്ല.” അതു കൂടി പൂര്‍ത്തിയായാല്‍ ഊര്‍ജ്ജിതമായി പച്ചക്കറിക്കൃഷി നടത്താമെന്ന പ്രതീക്ഷയിലാണ് അനോജും സെബാസ്റ്റിയനും.

ലോക്ക്ഡൗണ്‍ ആയതിനാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ എളുപ്പം കിട്ടാത്തതിനാലാണ് മീന്‍ കുളത്തിന്‍റെ പണി താമസിക്കുന്നത്. പറമ്പിലെ കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ മോട്ടോര്‍ നല്‍കാമെന്ന് ജോയ് മാത്യു ഏറ്റിട്ടുണ്ട്. വൈദ്യുതി കണക്ഷനായാല്‍ അവര്‍ മത്സ്യകൃഷിയും തുടങ്ങും.

നല്ല വിളവ് കാത്തിരിക്കുന്ന ഈ കൂട്ടുകാര്‍ നേരിടുന്ന മറ്റൊരു പ്രശ്നം മഴയാണ്. കാലവര്‍ഷം ഉടനെത്തും. പക്ഷെ, എത്ര വെള്ളം പൊങ്ങിയാലും ലവലേശം പോലും ഈ മണ്ണില്‍ കയറില്ലെന്ന് അനോജ് പറയുന്നു.

അനോജിന്‍റെ എട്ടാം ക്‌ളാസ്സുകാരി മകള്‍ക്കും, ഏഴാം ക്‌ളാസ്സുകാരന്‍ മകനും സഹോദരന്‍റെ കുട്ടികള്‍ക്കുമൊക്കെ ഈ നീണ്ട വേനലവധിക്കാലം കൃഷിക്കാലം കൂടിയായി.

ആറ് ദിവസത്തെ അധ്വാനം കൊണ്ടാണ് കാടുനീക്കി മണ്ണൊരുക്കിയത്

വിളവെടുത്താല്‍ ഒരു ഭാഗം ജോയ് മാത്യുവിന്‍റെ വീട്ടിലേക്ക് നല്‍കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. പിന്നെ വീട്ടിലേക്കാവശ്യത്തിനെടുത്ത് ബാക്കിയുള്ളത് നാട്ടുകാര്‍ക്കും എത്തിച്ചു കൊടുക്കുകയാണ് ലക്ഷ്യം. നാട്ടുകാര്‍ക്ക് വിഷമില്ലാത്ത പച്ചക്കറി നല്‍കുന്നത് കൂടാതെ കോവിഡ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും അനോജിന് താത്പ്പര്യമുണ്ട്.

2018-ലെ പ്രളയകാലം മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരു സംഘടനയില്‍ ജോലി ചെയ്യുന്ന ഭാര്യ രാജിയും അനോജിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.

നല്ല അയല്‍ക്കാരന്‍

കാടുപിടിച്ചുകിടന്ന സ്ഥലം ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടല്ലോ എന്ന സന്തോഷത്തിലാണ് ജോയ് മാത്യൂവും. യാതൊരു മുന്‍പരിചയവുമില്ലാത്ത അയല്‍ക്കാര്‍ക്ക് ആര്‍ക്കുമൊരു പ്രയോജനവുമില്ലാതെ കിടന്ന ഭൂമി കൃഷിയ്ക്കായി നല്‍കിയതോടെ, അതും പ്രത്യേകിച്ച് ഈ കൊറോണ കാലത്ത്, നല്ലയൊരു അയല്‍ക്കാരനായി മാറാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമുണ്ടെന്ന് ജോയ് മാത്യു പറയുന്നു.

ഓരോ ദിവസത്തെയും ജോലിയുടെ വിഡിയോ ദൃശ്യങ്ങള്‍ ജോയ് മാത്യുവിന് അയച്ചുകൊടുക്കുകയും അദ്ദേഹത്തില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് അനോജും സെബാസ്റ്റ്യനും. കൃഷിഭവനില്‍നിന്നും നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. കൃഷി വിജയമാകുമെന്നും നല്ല വിളവു ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അനോജും സെബാസ്റ്റ്യനും.

അനോജിന്‍റെയും സെബാസ്റ്റ്യന്‍റേയും വീട്ടിലെ പ്രായമായവര്‍ മുതല്‍ കുഞ്ഞുങ്ങള്‍ വരെ ഈ ജൈവകൃഷിയുടെ ഭാഗമാകുന്നു എന്നറിഞ്ഞപ്പോള്‍ ജോയ് മാത്യുവിന് കൂടുതല്‍ സന്തോഷമായി.

ഇതിനിടയില്‍ ജോയ് മാത്യുവും ഒരു തീരുമാനമെടുത്തു. “ഇനി പരമാവധി നാട്ടില്‍ ഉല്‍പാദിപ്പിച്ച സാധനങ്ങളേ വാങ്ങൂ. പച്ചക്കറികളും മറ്റും കൊടുക്കല്‍ വാങ്ങലിലൂടെ ലഭിക്കും. കേരള സോപ്സ്, ഖാദി ബോര്‍ഡ്, ഗാന്ധിഗ്രാം, കണ്ണൂര്‍ കൈത്തറി, കുടില്‍വ്യവസായങ്ങള്‍ എന്നിവ വഴി ഉല്‍പാദിപ്പിക്കുന്നവ പരമാവധി സാധനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.”

ലോക്ക് ഡൗണ്‍ മാറിയാലും കൃഷി പൂര്‍ണതോതില്‍ തുടരാനാണ് അനോജിന്‍റെയും സെബാസ്റ്റ്യന്‍റേയും തീരുമാനം.



ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം