‘ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കള്‍, അതില്‍ 12 പേരുടെ കല്യാണം കഴിഞ്ഞു’: അമ്മയെന്ന വാക്കിന്‍റെ അതിരുകള്‍ വികസിപ്പിച്ച സത്രീകള്‍, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും

മാതൃസ്നേഹം എന്നത് സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞുങ്ങളോടുള്ള സ്നേഹം മാത്രമായി ചുരുക്കേണ്ടതില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന 15 അമ്മമാരുടെ ലോകം.

ലുവയുടെ നഗരത്തിരക്കുകളില്‍ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ എസ് ഒ എസ് കുട്ടികളുടെ ഗ്രാമത്തിലേക്ക്. എടത്തല പഞ്ചായത്തിലാണ് പൂക്കളും തണല്‍ മരങ്ങളും നിറഞ്ഞ ചില്‍ഡ്രന്‍സ് വില്ലെജ്.

ഇത് കുഞ്ഞുങ്ങളുടെ ഗ്രാമം മാത്രമല്ല മനസ്സു നിറയെ സ്നേഹവും നന്മയുമുള്ള അമ്മമാരുടേത് കൂടിയാണ് ഇവിടം.

മാതൃസ്നേഹം എന്നത് സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞുങ്ങളോടുള്ള സ്നേഹം മാത്രമായി ചുരുക്കേണ്ടതില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന അമ്മമാരുടെ ലോകമാണിത്. പിച്ചവെയ്ക്കും മുന്‍പേ അച്ഛനും അമ്മയുമൊക്കെ നഷ്ടപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുഞ്ഞുങ്ങള്‍ക്ക് അമ്മയും അച്ഛനും എല്ലാം ഈ സ്ത്രീകളാണ്.

പാട്ടുപാടി ഉറക്കിയും കഥകള്‍ പറഞ്ഞ് ഊട്ടിയും വികൃത്തരങ്ങള്‍ക്ക് കണ്ണുരുട്ടിയും കൊഞ്ചിച്ചും ശാസിച്ചും സ്നേഹം നല്‍കി ജീവിക്കുന്ന 15 അമ്മമാര്‍. പ്രസവിക്കാതെ തന്നെ ഒരുപാട് കുഞ്ഞുങ്ങളെയും ചെറുമക്കളെയും സ്വന്തമാക്കിയ അമ്മ ജീവിതങ്ങള്‍.

ചില്‍ഡ്രന്‍സ് വില്ലേജിന്‍റെ കല്‍പ്പടവുകളിലിരുന്ന് ആ അമ്മമാര്‍ സംസാരിക്കുകയാണ്. കണ്ണുപോലും തുറന്നിട്ടില്ലാത്ത കുഞ്ഞുങ്ങളെ കിട്ടിയതിനെക്കുറിച്ച്, ഓടിക്കളിക്കുന്ന പ്രായത്തില്‍ അരികിലേക്കെത്തിയ മക്കളെക്കുറിച്ച്, പിന്നെ, അവരുടെ ലാളനയേറ്റ് വളര്‍ന്നു വലുതായ മക്കളെക്കുറിച്ച് അഭിമാനത്തോടെ…


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

റോസ്‍ലിയും ശാന്തയും ലളിതയും ഇടയ്ക്ക് ചിരിച്ചും ചിലനേരം കണ്ണ് നിറഞ്ഞും ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവരോട് ചേര്‍ന്നിരിപ്പുണ്ട് രണ്ട് മക്കളും ആഗ്നസും ആര്യയും.

റോസ്‍ലി, ശാന്ത, ലളിത, ആഗ്നസ്, ആര്യ എന്നിവര്‍

“30 വര്‍ഷം മുന്‍പാണ് ഞാനിവിടെയെത്തിയത്,” റോസ്‍ലി പറയുന്നു. “ചാലക്കുടി കുറ്റിക്കാടാണ് എന്‍റെ വീട്. 30 വര്‍ഷം മുന്‍പ് ഞാനൊരു പീസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.

“അവിടെ നിന്നാണ് എസ് ഒ എസിനെക്കുറിച്ച് അറിയുന്നത്. അങ്ങനെ തൃശ്ശൂര്‍ മുളയത്ത് എസ് ഒ എസ് കേന്ദ്രത്തില്‍ വന്നു, ഡയറക്റ്ററെ കണ്ടു. ട്രെയ്നിങ്ങിന് ശേഷം ആലുവയിലേക്ക് വരികയായിരുന്നു.

“അവിടെ നിന്നു പോരുമ്പോ തന്നെ ഒരു കൈകുഞ്ഞിനെ എനിക്ക് കിട്ടിയിരുന്നു. ഒരു മോളായിരുന്നു. അവളിപ്പോ വളര്‍ന്നു, കല്യാണമൊക്കെ കഴിഞ്ഞു കുട്ടിയുമായി.


ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കളുണ്ട്. ഇക്കൂട്ടത്തില്‍ 12 മക്കളുടെ കല്യാണം കഴിഞ്ഞു.


“ഏറ്റവുമൊടുവില്‍ മനുവിന്‍റെ കല്യാണമായിരുന്നു. മക്കളൊക്കെ ജോലി കിട്ടിയും കല്യാണം കഴിഞ്ഞുമൊക്കെ എന്‍റെയരികില്‍ നിന്നു ദൂരേക്ക് പോയെങ്കിലും ഫോണ്‍ വിളിക്കും, ഇടയ്ക്കിടെ കാണാനും വരും.

“വരുമ്പോ എനിക്ക് സമ്മാനങ്ങളൊക്കെ കൊണ്ടു തരും. ഇടയ്ക്കിടെ ഞങ്ങളെല്ലാവരും ഒത്തുകൂടാറുമുണ്ട്. എല്ലാ മക്കളെയും കൈകുഞ്ഞായിരിക്കുമ്പോ അല്ല എനിക്ക് കിട്ടുന്നത്. കുറച്ച് മുതിര്‍ന്ന ശേഷവും കുട്ടികളെ കിട്ടിയിട്ടുണ്ട്.

“എങ്ങനെയൊക്കെയാണെങ്കിലും സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചത്. ഇപ്പോഴും ആ സന്തോഷം ഗ്രേയ്സിലുണ്ട്. ഞങ്ങളുടെ വീടിന്‍റെ പേര് ഗ്രേയ്സ് എന്നാണ്.

എസ് ഒ എസി-ലെ അമ്മമാര്‍

“ഇപ്പോ എട്ട് മക്കള്‍ എന്‍റെയൊപ്പം എസ് ഒ എസിലെ വീട്ടിലുണ്ട്. സാധാരണ എല്ലാ വീടുകളെയും പോലെ തന്നെയാണ് ഞങ്ങളും. കുഞ്ഞുകുഞ്ഞു വഴക്കുകളും വാശികളുമൊക്കെ എന്‍റെ മക്കള്‍ക്കുമുണ്ട്.

“പിണക്കങ്ങളും ഇണക്കങ്ങളുമൊക്കയുണ്ട്.സാധാരണ അച്ഛനോടും അമ്മയോടുമൊക്കെ മക്കള്‍ കാണിക്കുന്ന പിണക്കങ്ങളേയുള്ളൂ. ആണ്‍മക്കളെ പത്ത് വയസ് വരെയേ കൂടെ താമസിപ്പിക്കൂ. അതു കഴിഞ്ഞാ ഈ കോംപൗണ്ടില്‍ തന്നെയുള്ള നസ്റത്തിലേക്ക് അവര്‍ താമസം മാറും.

“പെണ്‍കുട്ടികള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കൂടെയുള്ള അമ്മമാര്‍ക്കൊപ്പം തന്നെ പ്ലസ് ടു വരെ താമസിക്കും. അതു കഴിഞ്ഞുള്ള പഠനമൊക്കെയായി അവരും പോകും. മക്കള്‍ ദൂരേക്ക് പോകുമ്പോ സങ്കടം തന്നെയാണ്.”

അത് കേട്ട് ഈ മാസം അവസാനത്തോടെ വിരമിക്കുന്ന ശാന്തയും ഒപ്പം കൂടി, മക്കളെ വിട്ടുപിരിയുന്ന സങ്കടം പങ്കുവെച്ചു. “മലപ്പുറത്ത് നിന്ന് വന്ന് ആലുവക്കാരിയായി… ഇനിയിപ്പോ വീണ്ടും മലപ്പുറംകാരിയാകുകയാണ്.

“അതിന്‍റെ സങ്കടവും സന്തോഷവുമുണ്ട്. നാട്ടിലേക്ക് പോകാം, അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ഇനി ജീവിക്കാം. ഇതാലോചിക്കുമ്പോള്‍ മനസ് നിറയെ സന്തോഷമുണ്ട്.

“പക്ഷേ, മക്കളെ വിട്ടു പോകണമെന്നോര്‍ക്കുമ്പോ സങ്കടം വരുന്നുമുണ്ട്. സങ്കടപ്പെടാന്‍ പറ്റുമോ.. റൂള്‍ അല്ലേ 60-ാം വയസില്‍ വിരമിക്കാതെ പറ്റോ, ജോലിയല്ലേ.

“ഈ മാസം 31-ന് വിരമിക്കുകയാണ്. ഇനി അധികം ദിവസം ഇല്ല. വിഷമമൊക്കെയുണ്ട്. പക്ഷേ ഞാന്‍ വിഷമിച്ചാ കുട്ട്യോള്‍ക്ക് അതിലേറെ സങ്കടമാവൂലേ…

“പിന്നെ എല്ലാം അവര്‍ക്കറിയാം, പറഞ്ഞാ മനസിലാകുന്ന പ്രായമൊക്കെയായല്ലോ കുട്ടികള്‍ക്ക്. ഇപ്പോ കൈക്കുഞ്ഞുങ്ങള്‍ ആരുമില്ല. കൈക്കുഞ്ഞായി എനിക്ക് കിട്ടിയ ഒരാളിപ്പോ ഇവിടുണ്ട്. അവളിപ്പോ എട്ടാം ക്ലാസില്‍ പഠിക്കുന്നുണ്ട്.

എസ് ഒ എസ് വീടിനുമുന്നില്‍ അമ്മയ്ക്കൊപ്പം കുട്ടികള്‍

“കൈക്കുഞ്ഞായി കിട്ടിയ ഒമ്പത് കുഞ്ഞുങ്ങളെ ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. 34 കുട്ടികളെ വളര്‍ത്തി. കൂട്ടത്തില്‍ മൂന്നാണിന്‍റെയും ആറു പെണ്ണിന്‍റെയും കല്യാണം കഴിഞ്ഞു, അവര്‍ക്കൊക്കെ മക്കളായി. സുഖമായിരിക്കുന്നു.

“ഇപ്പോ അഞ്ച് മക്കള്‍ എനിക്കൊപ്പം ദ്വാരകയിലുണ്ട്. ഞങ്ങളുടെ വീടിന്‍റെ പേര് ദ്വാരകയെന്നാണ്. എല്ലാവരും സ്കൂളില്‍ പഠിക്കുന്നു. … ”

ശാന്തയും റോസ്‍ലിനും 30 വര്‍ഷം മുന്‍പ് ഒരുമിച്ചാണ് ഈ കുട്ടികളുടെ ഗ്രാമത്തിലെത്തുന്നത്. വരാണ്. അവിവാഹിതയായ ശാന്ത വിരമിച്ചതിന് ശേഷം മലപ്പുറത്തെ വീട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറെടുക്കുകയാണ്. അവിടെ അമ്മയും അനിയത്തിയും അനുജന്‍റെ ഭാര്യയും കുട്ടികളുമുണ്ട്.

“അമ്മമാരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടിട്ടാണ് എസ് ഒ എസിലേക്ക് വരുന്നത്. മലപ്പുറത്ത് നിന്ന് ഇത്രേം ദൂരേക്ക് വരുന്നതില്‍ അമ്മയ്ക്കും അനിയത്തിക്കുമൊക്കെ വിഷമമുണ്ടായിരുന്നു,” ശാന്ത പറഞ്ഞു.

എന്നാല്‍ സഹോദരനൊപ്പം തൃശ്ശൂരില്‍ മുളയത്തെ എസ് ഒ എസ് വില്ലേജിലെത്തിയപ്പോള്‍ ശാന്തയ്ക്ക് ആ അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടു.

പിന്നേ കുഞ്ഞുങ്ങളോടൊക്കെ ഇഷ്ടമായിരുന്നു,” എന്ന് ശാന്ത.

ജോലിയില്‍ നിന്നു വിരമിക്കുന്നവര്‍ക്ക് താമസിക്കുന്നതിന് എസ് ഒ എസില്‍ തന്നെ വീടുണ്ട്. എന്നാല്‍ ശാന്ത വീട്ടിലേക്ക് തിരികെപ്പോകാനാണ് തീരുമാനിച്ചത്. “കുറേ നാളാമായി വീട്ടില്‍ നിന്നു മാറി നില്‍ക്കുകയല്ലേ. ഞാന്‍ വീട്ടിലേക്ക് വരുന്നതിന്‍റെ സന്തോഷത്തിലാണ് അവിടെല്ലാവരും.

“അവിടെ സന്തോഷം ഇവിടെ എല്ലാര്‍ക്കും ദു:ഖവും. ഇതൊന്നും മാറ്റിവയ്ക്കാന്‍ പറ്റുന്ന കാര്യങ്ങളല്ലല്ലോ,” എസ് ഒ എസിലെ രണ്ടാം നമ്പര്‍ വീടായ ദ്വാരകയിലെ അമ്മ ശാന്തയുടെ മുഖത്തെ ചിരി മാഞ്ഞു.

“റോസ്ലിയാന്‍റിയുടെ അയല്‍ക്കാരിയാണ് ഞാന്‍,” നാലാം നമ്പര്‍ വീടായ യമുനയിലെ അമ്മ ലളിത പറയുന്നു. “ഞാനിവിടെയെത്തിയിട്ട് 13 വര്‍ഷം. ജനിച്ചു വളര്‍ന്നത്  കണ്ണൂരാണ്. കല്യാണം കഴിച്ചത് വയനാടുകാരനെയും. ഭര്‍ത്താവ് മരിച്ചു പോയി.

“ഒരു മോളുണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. ഇങ്ങനെയൊരു ജീവിതം പണ്ടേ ഞാനാഗ്രഹിച്ചതാണ്. പക്ഷേ, അന്നൊന്നും വീട്ടുകാര്‍ക്ക് താത്പ്പര്യമില്ലായിരുന്നു. പിന്നെ, ഇതൊന്നും നമുക്ക് നിശ്ചയിക്കാനാകില്ലല്ലോ. തമ്പുരാന്‍റെ തീരുമാനങ്ങളല്ലേ. ഇപ്പോ സന്തോഷത്തിന്‍റെ ദിനങ്ങളാണ്.

“ഇവിടുത്തെ ജോഷി സാര്‍ വയനാട്ടുകാരനാണ്. അദ്ദേഹത്തിന്‍റെ പരിചയത്തിലാണ് ഞാനിവിടേക്ക് വരുന്നത്.


യമുനയില്‍ ഞാനിപ്പോ ഏഴു മക്കളുടെ അമ്മയാണ്. മൂന്നു പേര്‍ പ്ലസ് ടു-വിന് പഠിക്കുന്നവരും ഒരാള് പ്ലസ് വണ്ണിനും പഠിക്കുന്നുണ്ട്.


“ഇവര്‍ക്കൊപ്പം പരിമളം അമ്മയുടെ മോളും എനിക്കൊപ്പമുണ്ട്. പരിമളം അമ്മ റിട്ടയര്‍ ആയപ്പോ അവള് എന്‍റെ മോളായി. കൈകുഞ്ഞായിരിക്കുമ്പോഴാണ് അവളെ അമ്മയ്ക്ക് കിട്ടുന്നത്.

“പരിമളം അമ്മയെ വിട്ട് എന്‍റെയടുക്കല്‍ വന്നപ്പോ അവള്‍ക്ക് സങ്കടമായിരുന്നു. ഞാനുമായി ചേര്‍ന്നു പോകാന്‍ കുറച്ചു സമയമെടുത്തു. അവളെ ഒന്നും പറയാന്‍ പറ്റില്ല. ജനിച്ചപ്പോ തൊട്ടേ പരിമളം അമ്മയെ കണ്ടുവളര്‍ന്നവളല്ലേ.

“പരിമളം അമ്മ ജോലിയില്‍ നിന്നു വിരമിച്ചതിന് ശേഷം മക്കള്‍ക്കൊപ്പം വീട് എടുത്ത് താമസിക്കുകയാണ്. റിട്ടയര്‍ ഹോമിലല്ല താമസിക്കുന്നത്,” എന്ന് ലളിത.

എസ് ഒ എസ് ഡയറക്റ്റര്‍ സി.ശ്രീകുമാര്‍

എസ് ഒ എസ് എന്ന കുട്ടികളുടെ ഗ്രാമത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് 15 വീടുകളും ഓരോ വീടിനും ഓരോ അമ്മയുമാണുള്ളതെന്നു ചില്‍ഡ്രെന്‍സ് വില്ലേജിലെ സീനിയര്‍ കൗണ്‍സലര്‍ ജോഷി മാത്യൂ പറയുന്നു.

“രണ്ട് മുസ്ലിം വീടും ആറു വീതം ഹിന്ദു, ക്രിസ്ത്യന്‍ വിശ്വാസത്തിലുള്ളവര്‍ക്കായുള്ള വീടുകളുമാണുള്ളത്. ഇവിടേക്ക് വരുന്ന കുട്ടികളുടെ മതം ഏതാണെന്ന അടിസ്ഥാനത്തിലാണ് ഓരോ വീടുകളിലെയും അമ്മമാര്‍ക്ക് അരികിലേക്ക് അയക്കുന്നത്.

“അവിവാഹിതരോ, കുട്ടികളില്ലാത്തവരോ, വിവാഹബന്ധം വേര്‍പിരിഞ്ഞവരോ വിധവകളായിട്ടുള്ളവരോ ആയവരെയാണ് അമ്മമാരായി ഇവിടേക്ക് തെരഞ്ഞെടുക്കുന്നത്. ഒരു വീട്ടില്‍ എട്ട് കുട്ടികളും ഒരമ്മയും എന്നതാണ് കണക്ക്.

“പ്ലസ് ടു കഴിഞ്ഞ് കുട്ടികള്‍ വീട്ടില്‍ നിന്ന് ഉന്നത പഠനത്തിനായി പോകുമ്പോ പുതിയ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് പതിവ്. പത്ത് വയസ് കഴിഞ്ഞ ആണ്‍കുട്ടികളെ വീടുകളില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റും. നസ്റത്ത് എന്ന വീട്ടിലാണവര്‍ കഴിയുന്നത്.

“അവിടെ ആണ്‍കുട്ടികള്‍ മാത്രമായിരിക്കും താമസിക്കുന്നത്. അവര്‍ക്കായി ഒരു അമ്മയുണ്ടാകും. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കുട്ടികള്‍ അവര്‍ പഠിക്കുന്ന കോളെജിന്‍റെ ഹോസ്റ്റലിലായിരിക്കും താമസിക്കുന്നത്.

“18 വയസിനു മുകളിലുള്ളവരും ജോലി ചെയ്യുന്നവരുമൊക്കെ യൂത്ത് ഹൗസിലാണ് താമസിക്കുക. ജോലിയില്‍ നിന്നു വിരമിക്കുന്ന അമ്മമാര്‍ക്ക് താമസിക്കുന്നതിന് മദേഴ്സ് ഹോം ഉണ്ട്.

“എന്നാല്‍ അമ്മമാരില്‍ ഏറെപ്പേരും മക്കള്‍ക്കൊപ്പം മറ്റൊരു വീട് എടുത്ത് താമസിക്കാനാണ് ആഗ്രഹിക്കുന്നത്. എട്ട് അമ്മമാര്‍ വിരമിച്ചിട്ടുണ്ട്. കൂട്ടത്തില്‍ അന്നമ്മ എന്ന അമ്മ മാത്രമാണ് മദേഴ്സ് ഹോമില്‍ താമസിക്കുന്നത്.


ഇതുകൂടി വായിക്കാം:ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്‍


“15 വര്‍ഷമായി ഞാന്‍ എസ് ഒ എസിന് ഒപ്പമുണ്ട്. മുതിര്‍ന്ന കുട്ടികളുടെ പ്ലേസ്മെന്‍റ്, വിവാഹം ഇക്കാര്യങ്ങളൊക്കെയാണ് ഞാന്‍ നോക്കുന്നത്. 153 പേര്‍ ഇവിടെ നിന്നു വിവാഹിതരായിട്ടുണ്ട്. ജോലിയും വരുമാനവുമൊക്കെയായി, കല്യാണം കഴിക്കാനുള്ള പ്രായവുമായാല്‍ എസ് ഒ എസ് തന്നെ കല്യാണം ആലോചിക്കും, നടത്തി കൊടുക്കും.

“പത്രത്തില്‍ പരസ്യം നല്‍കിയാണ് വരനെയും വധുവിനെയുമൊക്കെ കണ്ടെത്തുന്നത്. സ്പോണ്‍സര്‍മാരിലൂടെയൊക്കെയാണ് ഫണ്ട് കണ്ടെത്തുന്നത്,” ജോഷി വ്യക്തമാക്കി.

എട്ട് ഏക്കറിലാണ് 15 വീടുകളും മദേഴ്സ് ഹോമും യുവാക്കളുടെ താമസകേന്ദ്രവുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം കുട്ടികള്‍ക്കായി അഞ്ച് എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍മാരുടെ സേവനവും ഉണ്ട്.

അഞ്ച് കൗണ്‍സിലര്‍മാരും കുടുംബസഹിതം എസ് ഒ എസില്‍ തന്നെയാണ് താമസിക്കുന്നത്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമായിരിക്കണമെന്നതു കൊണ്ടാണ്. എസ് ഒ എസിന്‍റെ ഡയറക്റ്റര്‍ സി. ശ്രീകുമാറും ഇവിടെ തന്നെയാണ് താമസം.

എസ് ഒ എസ് ഗ്രാമത്തിലേക്കാവശ്യമായ പച്ചക്കറി ഇവിടെ തന്നെ കൃഷി ചെയ്യുന്നുണ്ട്. അരയേക്കറിലാണ് പച്ചക്കറി കൃഷി.

കൃഷിക്കാര്യങ്ങളെക്കുറിച്ച് യമുനയിലെ അമ്മ ലളിത തുടരുന്നു.

“പത്താം ക്ലാസിലും പ്ലസ് ടുവിനുമൊക്കെ പഠിക്കുന്ന 15 കുട്ടികളാണ് കൃഷിക്കാര്യങ്ങള്‍ നോക്കുന്നത്. മേല്‍നോട്ടത്തിന് ഞങ്ങള് അമ്മമാരും അവര്‍ക്കൊപ്പമുണ്ടാകും.

“വിളവെടുക്കുന്ന പച്ചക്കറിയൊക്കെ ഇവിടുത്തെ വീടുകളിലേക്ക് തന്നെയുള്ളതാണ്. വിഷമൊന്നും അടിക്കാത്ത നല്ല പച്ചക്കറികളല്ലേ. എല്ലാ മക്കളും കഴിക്കട്ടെ.

“വെറുതേ അല്ല വീടുകളിലേക്ക് കൊടുക്കുന്നത്. വില്‍ക്കുകയാണ്. പച്ചക്കറി വിറ്റു കിട്ടുന്ന പണം വളവും മറ്റും വാങ്ങാനു ഉപയോഗിക്കും. ബാക്കിയുള്ള തുക കൃത്യമായി വീതിച്ച് കൃഷി ചെയ്യുന്ന മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കിടും.

“പച്ചക്കറി വില്‍പ്പനയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ എല്ലാവരെയും അറിയിക്കും. എല്ലാവരും ഈ പച്ചക്കറി തന്നെയാണ് വാങ്ങുന്നത്. മാസാവസാനം പച്ചക്കറിയുടെ പണം ഓരോ വീടുകളില്‍ നിന്നും ശേഖരിക്കും. കുട്ടികള്‍ക്കൊരു വരുമാനവും നമുക്ക് വിഷമില്ലാത്ത പച്ചക്കറിയും കിട്ടും.

“രണ്ട് വര്‍ഷം മുന്‍പാണ് കൃഷി ആരംഭിച്ചത്. ഓരോ സീസണ്‍ അനുസരിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളിഫ്ലവര്‍, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, കുമ്പളം. ചീരയൊക്കെയുണ്ട്. കുമ്പളവും വെണ്ടയും ഇപ്പോ കാര്യമായിട്ടുണ്ട്.

“കൃഷി മാത്രമല്ല നൃത്തം, സംഗീതം, യോഗ, കരാട്ടെ, ചിത്രകല, ബാസ്ക്കറ്റ് ബോള്‍ ഇതൊക്കെ ഇവിടെ പഠിപ്പിക്കുന്നുണ്ട്,” ലളിത പറഞ്ഞു.

ആലുവയിലെ എസ് ഒ എസ് – ഫേസ്ബുക്ക്

ലോക്ക് ഡൗണ്‍ ആയതു കൊണ്ട് വീട്ടില്‍ വന്നു നില്‍ക്കുകയാണെന്നു ആഗ്നസ്. മംഗലാപുരത്ത് എം എസ് സി സൈക്കോളജിക്ക് പഠിക്കുന്ന ആഗ്നസ് റോസ്‍ലിന്‍റെ മകളാണ്.

“ഞാനിവിടെ വരുമ്പോ എനിക്ക് മൂന്നു വയസായിരുന്നു,” ആഗ്നസ് തുടരുന്നു. “സ്വന്തം അമ്മയെ പോലെയാണ് റോസ്‍ലിന്‍ അമ്മ നോക്കുന്നതും സ്നേഹിക്കുന്നതും.

“ഇടയ്ക്കൊക്കെ ചീത്തേം പറയാറുണ്ട്ട്ടോ. ഇവിടുള്ളവരും ജോലി കിട്ടിയും കല്യാണം കഴിച്ചു പോയവരുമൊക്കെയായി ഇന്നും ബന്ധമുണ്ട്. ക്രിസ്മസിനും ഓണത്തിനുമൊക്കെ എല്ലാവരും വരാറുമുണ്ട്. ആ ബന്ധം ഞങ്ങള്‍ നിലനിറുത്തുന്നുണ്ട്.

“പിജി കഴിയാറായി, ക്ലിനിക്കല്‍ സൈക്കളോജിയില്‍ എംഫില്‍ ചെയ്യണമെന്നുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റായി ജോലി ചെയ്യണമെന്നാണ്,” ആഗ്നസ് ആഗ്രഹങ്ങള്‍ പങ്കുവെച്ചു.

“അമ്മ റിട്ടയര്‍ ആകുന്നതിന്‍റെ സങ്കടമുണ്ട്,” ശാന്തയുടെ മകള്‍ ആര്യ പറയുന്നു.


സങ്കടമുണ്ടെങ്കിലും സാരമില്ല, അമ്മയെ മലപ്പുറത്തെ വീട്ടില്‍ പോയാലും കാണാമല്ലോയെന്ന ആശ്വാസമുണ്ട്.


“മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാ ഞാനിവിടെ വന്നത്. അതൊക്കെ ചെറിയ ഓര്‍മ്മയേയുള്ളൂ. ഞാനിപ്പോ പ്ലസ് വണ്ണിന് പഠിക്കുകയാണ്. … സി എ ചെയ്യണമെന്നാണ് ആഗ്രഹം.

“വോളിബോളും കരാട്ടെയും നൃത്തവുമൊക്കെ പഠിച്ചിട്ടുണ്ട്. ഇവിടെ നിന്നു പോയ ചേച്ചിമാരും ചേട്ടന്‍മാരുമൊക്കെ അമ്മയുടെ ഫോണിലേക്ക് വിളിക്കും. അപ്പോ അവരുമായി ഞങ്ങളും സംസാരിക്കും,” ആര്യ പറഞ്ഞു.

“മാതൃദിനം ‌ഞങ്ങളെല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. ഇത്തവണ ആഘോഷിക്കാന്‍ സാധിക്കില്ലല്ലോ. ലോക്ക് ഡൗണ്‍ അല്ലേ. അമ്മയും മക്കളും എല്ലാവരും കൂടി വീടുകളില്‍ അമ്മദിനം ആഘോഷിക്കും.

“ഞങ്ങളൊക്കെ അതിനുള്ള ഒരുക്കത്തിലാണ്. എല്ലാ വര്‍ഷവും മാതൃദിനാഘോഷത്തിന് ഗസ്റ്റ് ഒക്കയുണ്ടാകും. ഇക്കുറി പക്ഷേ അതും ഇല്ല, കൊറോണയല്ലേ,” ആഗ്നസ് കൂട്ടിച്ചേര്‍ത്തു.

1949-ല്‍ ഓസ്ട്രിയയില്‍ ഡോ.ഹെര്‍മന്‍ മൈനറാണ് എസ് ഒ എസ് സ്ഥാപനം ആരംഭിച്ചത്. ഡല്‍ഹിയിലാണ് ഇന്‍ഡ്യയിലെ ആസ്ഥാനം. എസ് ഒ എസിന് വിവിധ ഇടങ്ങളിലായി ഇന്‍ഡ്യയില്‍ 33 ഗ്രാമങ്ങളുണ്ട്.

1964- ലാണ് ആദ്യ ഗ്രാമം ഡല്‍ഹിയിലെ ഗ്രീന്‍ഫീല്‍ഡില്‍ ആരംഭിച്ചത്. 1990-ലാണ് സേവ് അവര്‍ സോള്‍ എന്ന എസ് ഒ എസ് ആലുവയില്‍ ആരംഭിച്ചത്. കേരളത്തിലെ രണ്ടാമത്തെ എസ് ഒ എസ് വില്ലെജ് ആണ്.

കേരളത്തില്‍ തൃശൂരിലെ മുളയത്താണ് ആദ്യ വില്ലെജ്.1986-ലാണത് തുറന്നത്. 1998-ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റവും നല്ല ശിശുക്ഷേമ സംഘടനയ്ക്കുള്ള പുരസ്കാരവും ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം:75 ദിവസം കൊണ്ട് കേരളത്തിലെ ഏറ്റവും ‘സന്തോഷമുള്ള സ്‌കൂള്‍’ ഒരുക്കി ഒരു ഗ്രാമം, കൂട്ടായി തൊഴിലുറപ്പ് തൊഴിലാളികള്‍ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ വരെ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം