വഴിവെട്ടിയപ്പോള്‍ കണ്ട നീരുറവയെ ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന 3 ഏക്കര്‍ തടാകമാക്കി മാറ്റിയ ‘കിറുക്കന്‍’! ചുറ്റും ആയിരക്കണക്കിന് മരങ്ങളും നടുവിലൊരു ദ്വീപും

റബര്‍ വെട്ടി തടാകമുണ്ടാക്കാന്‍ പുറപ്പെട്ടപ്പോള്‍ നാട്ടുകാരും വീട്ടുകാരുമൊക്കെ സിറിയക്കിന് കിറുക്കാണെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആ കിറുക്കുകാണാന്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളെത്തുന്നു. 

വീട്ടുവളപ്പിലൊരു തടാകം. അതിനു നടുവിലൊരു തുരുത്ത്. ചുറ്റും ആയിരക്കണക്കിന് വന്മരങ്ങള്‍… ഈ തണലില്‍ ഇത്തിരി നേരമിരുന്ന് കാറ്റുകൊള്ളണമെന്നു തോന്നിയാല്‍ നേരെ കല്‍മണ്ഡപത്തിലേക്ക് നടക്കാം. ദേശാടനപ്പക്ഷികളടക്കം വിരുന്നിനെത്തുന്ന തടാകത്തിന് നടുവില്‍ കിളികളുടെ പാട്ടുകേട്ട് മലയിറങ്ങിവരുന്ന കാറ്റേറ്റ് മണ്ഡപത്തിലിരിക്കാം.

കോഴിക്കോട് പുതുപ്പാടിക്കടുത്ത് ഈങ്ങാപ്പുഴക്കാരന്‍ സിറിയക്കിന്‍റെ തോട്ടത്തിലെ കാഴ്ചകളാണിതൊക്കെയും.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ഒമ്പത് ഏക്കര്‍ ഭൂമിയില്‍ തടാകവും തുരുത്തും ആയിരത്തിലേറെ മരങ്ങളും 30- ലേറെ ഇനം മുളകളും പനകളുമൊക്കെയായി മലയടിവാരത്ത് സുന്ദരഭൂമിയാണിവിടം. പാരമ്പര്യസ്വത്തായി കിട്ടിയ മണ്ണില്‍ സിറിയക്ക് ആദ്യം നട്ടത് റബര്‍ തൈകളാണ്.

സിറിയക് നിര്‍മ്മിച്ച തടാകത്തിന് നടുവിലെ തുരുത്ത്

പിന്നെ നേരത്തെ ഇവിടെ കുറച്ച് തെങ്ങുകളും ചില മരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പറമ്പിനു ചുറ്റും റോഡുണ്ടാക്കണമെന്ന തീരുമാനമാണ് ഈ സുന്ദരമായ തടകാത്തിലേക്കും ദ്വീപിലേക്കും സിറിയക്കിനെ എത്തിച്ചത്.

എ ബി സി ജെല്‍ പുതുപ്പാടി എന്ന ദ്വീപും തടാകവും കല്‍മണ്ഡപങ്ങളുമൊക്കെയുള്ള ഭൂമിക സിറിയക് കളപ്പുര എന്ന മനുഷ്യന്‍റെ ശ്രമഫലമാണ്.

കോടികള്‍ ചെലവഴിച്ച് തടാകവും ദ്വീപുമൊക്കെ നിര്‍മ്മിച്ച സിറിയക്കിന് വട്ടാണെന്നാണ് നാട്ടുകാരില്‍ പലരും പറയുന്നത്. പക്ഷേ, സിറിയക്ക് അത്ര നിസ്സാരക്കാരനല്ല. നാലു ബിരുദാനന്തര ബിരുദങ്ങള്‍, എല്‍എല്‍ബി ഒക്കെ പഠിച്ചെടുത്ത ഒരു പ്രകൃതിസ്നേഹിയാണ് ഇദ്ദേഹം.

എ ബി സി ജെല്ലിലെ കാഴ്ചകള്‍

“എല്ലാര്‍ക്കും ഞാനൊരു ഭ്രാന്തനായിരുന്നു. അവനോട് പറഞ്ഞിട്ടൊന്നും കാര്യമില്ല, അവന്‍ ഒരിക്കലും നന്നാകില്ല… എന്നൊക്കെയാണ് നാട്ടുകാരും ബന്ധുക്കളുമൊക്കെ എന്നെക്കുറിച്ച് പറഞ്ഞിരുന്നത്. പക്ഷേ അവരൊക്കെ പറഞ്ഞ എന്‍റെ കിറുക്കുകള്‍ കാണാനിപ്പോള്‍‍ ദൂരേദേശത്തു നിന്നു പോലും ആളുകള്‍ വരുന്നുണ്ട്,” സിറിയക് കളപ്പുര ചിരിക്കുന്നു.

മക്കളുടെ പേരിന്‍റെ ആദ്യാക്ഷരങ്ങള്‍ കൊണ്ട് ദ്വീപ് നിര്‍മിച്ചതും തടാകമുണ്ടാക്കിയതും വന്‍മരങ്ങള്‍ കൊണ്ടുവന്നു വീട്ടുമുറ്റത്ത് നട്ടുപിടിച്ചതും ഒന്നിനുപുറകെ മറ്റൊന്നായി ബിരുദങ്ങള്‍ വെട്ടിപ്പിടിച്ചതുമൊക്കെയുള്ള രസകരമായ കിറുക്കുകള്‍ സിറിയക് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

തോമസ് മാത്യുവിന്‍റെയും റോസമ്മയുടെയും ഒമ്പത് മക്കളില്‍ ആറാമനായാണ് സിറിയക് ജനിക്കുന്നത്. എം എസ് സി കഴിഞ്ഞു കുറച്ചുകാലം കൃഷിയും ബിസിനസുമൊക്കെയായിരുന്നു സിറിയക്കിന്.

സിറിയക് കളപ്പുര

“കോഴിക്കോട് ഈങ്ങാപ്പുഴയില്‍ പുതുപ്പാടി പഞ്ചായത്തിലെ ഒമ്പതേക്കര്‍ ഭൂമിയാണ് പൈതൃകസ്വത്തായി എനിക്ക് കിട്ടിയത്,” സിറിയക് പറയുന്നു. “കുന്നിന്‍ പ്രദേശം പോലുള്ള ഇടമായിരുന്നു.

“എനിക്കും സഹോദരങ്ങള്‍ക്കുമൊക്കെ ഇതുപോലുള്ള ഇടം തന്നെയാണ് പാരമ്പര്യസ്വത്തായി കിട്ടിയത്. പക്ഷേ ഞാനും ഒരനിയനുമൊഴികെ ബാക്കിയെല്ലാവരും അതൊക്കെ വിറ്റു.

“ആ പറമ്പില്‍ കുറച്ച് തെങ്ങുകളുണ്ടായിരുന്നു, കുറച്ച് റബര്‍ തൈകളും നട്ടുപിടിപ്പിച്ചിരുന്നു. കുറച്ചുകാലം അങ്ങനെ പോയി. പിന്നീടാണ് ആ പറമ്പിലൂടെ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

റബര്‍ വെട്ടിയപ്പോ തന്നെ നാട്ടുകാരും വീട്ടുകാരുമൊക്കെ പലതും പറഞ്ഞു, റബര്‍ ആദായമാണല്ലോ, അതില്ലാതാക്കുന്നത് കണ്ടപ്പോ പലര്‍ക്കും തോന്നി കാണും എനിക്ക് കിറുക്കാണെന്ന്.

“അങ്ങനെ റോഡുണ്ടാക്കുന്നതിന് മണ്ണ് വെട്ടിയപ്പോ ഉറവ വരുന്നു. ജലസാന്നിധ്യം കണ്ടതോടെ വീണ്ടും മണ്ണെടുത്ത് തടാകമുണ്ടാക്കുകയായിരുന്നു. നീളമുള്ള, പ്രായമായ കുറേ തെങ്ങുകള്‍ പറമ്പിലുണ്ടായിരുന്നു.

“അതൊക്കെ മുറിച്ചിട്ട് അതിന് മുകളില്‍ ഹിറ്റാച്ചി കയറ്റി നിറുത്തിയൊക്കെ കുറേ കഷ്ടപ്പെട്ടാണ് തടാകത്തിന്‍റെ പണികളൊക്കെ ചെയ്തത്. വയനാട്ടില്‍ നിന്നു ആദിവാസികളാണ് തടാകനിര്‍മാണത്തിനും ദ്വീപുണ്ടാക്കാനുമൊക്കെ വന്നത്.

തടാകനിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍

“ഞാനും അവര്‍ക്കൊപ്പം നിന്നു പണിയെടുത്തു, മണ്ണെടുക്കാനും വരമ്പ് കെട്ടാനുമൊക്കെ. പണിക്കാരെ ഇവിടെ താമസിപ്പിച്ചായിരുന്നു നിര്‍മാണ ജോലികള്‍.

“കൈ കൊണ്ട് മണ്ണ് കോരിയിട്ടാണ് റോഡുണ്ടാക്കിയത്. തടാകത്തിന് വേണ്ടിയെടുത്ത മണ്ണ് ഉപയോഗിച്ചാണ് തടാകത്തിനകത്ത് ദ്വീപുണ്ടാക്കിയത്. കുറേ കഷ്ടപ്പെട്ടാണ് ഈ രൂപത്തിലാക്കിയെടുത്തത്.

“പതിനെട്ടോ ഇരുപതോ പ്രായമുള്ള ഒരു തമിഴ്നാട്ടുകാരന്‍ പയ്യനുണ്ടായിരുന്നു. അവന്‍റെ പേര് സാമുവല്‍. അവന്‍റെ ഹിറ്റാച്ചിയുമായുള്ള തലകുത്തി മറിഞ്ഞുള്ള പരിശ്രമങ്ങളാണ് ഈ കാണുന്ന തടാകവും ദ്വീപുമൊക്കെയുണ്ടാക്കിയെടുത്തത്.  ഇത്രേം ഗംഭീരമാകുമെന്നു കരുതിയില്ല,” എന്ന് സിറിയക്.

എ ബി സി ജെല്ലിലെ കാഴ്ചകള്‍

2010  മുതല്‍ നാല് വര്‍ഷത്തെ പരിശ്രമം ഈ തടാകത്തിന് പിന്നിലുണ്ടെന്ന് സിറിയക്. ഈ തടാകത്തില്‍ വെള്ളം നിറഞ്ഞാല്‍ പുറത്തേക്കൊഴുകാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ നിറഞ്ഞുകവിയാന്‍ മാത്രം വെള്ളമെത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“വെള്ളം ഈ ഭൂമിയിലുണ്ടാകുമെന്നു പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ഇപ്പോഴും തടാകത്തില്‍ വെള്ളമുണ്ട്. സമീപമുള്ള വീടുകളിലെ കിണറുകളില്‍ കടുത്ത വേനലില്‍ പോലും നിറയെ വെള്ളമുണ്ടെന്നാ അവര് പറയുന്നത്,” സിറിയക് സന്തോഷത്തോടെ പറയുന്നു.

സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ടുവന്ന് മണ്ണിന്‍റെ ബലവും ഉറപ്പുമൊക്കെ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“അഞ്ച് അടി ആഴമുള്ള തടാകത്തില്‍ ബോട്ടിങ്ങിനും സൗകര്യമുണ്ടിപ്പോള്‍. പെഡലിങ് ബോട്ടും തുഴയുന്ന ബോട്ടുമൊക്കെയുണ്ട്. ആലപ്പുഴയില്‍ നിന്നാണ് ഇവിടേക്കാവശ്യമായ ബോട്ട് കൊണ്ടുവന്നത്.

“അതൊക്കെ കണ്ടപ്പോ തന്നെ നാട്ടുകാരില്‍ പലര്‍ക്കും ഇതത്ര നിസ്സാരമല്ലെന്നു തോന്നിയിരുന്നു. 16 മീറ്റര്‍ വീതിയും അഞ്ചടി ആഴവുമുണ്ട് തടാകത്തിന്. വയനാട് പൂക്കോട്ട് തടാകം ഇവിടെ നിന്ന് ഏറെ അകലെയല്ല. അവിടെ വരുന്ന ദേശാടനപക്ഷികള്‍ ഇവിടേക്കും വരുന്നുണ്ട്.”

ഈ ജലാശയത്തില്‍ മീനിനെയും വളര്‍ത്തുന്നുണ്ട്. പ്രധാന തടാകത്തിനോട് ചേര്‍ന്ന് വേറെയും ജലാശയങ്ങളുണ്ട്. കുന്നിന്‍ മുകളില്‍ നിന്നും റോഡില്‍ നിന്നുമൊക്കെ മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന വെള്ളം ഇവിടേക്ക് ഒഴുകിയെത്തും.

തടാകത്തിന് വേണ്ടിയെടുത്ത മണ്ണ് ഉപയോഗിച്ചാണ് A,B, C ആകൃതികളിലാണ് ദ്വീപ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്– മക്കളുടെ പേരിന്‍റെ ആദ്യാക്ഷരങ്ങള്‍.


ഇതുകൂടി വായിക്കാം:‘ഈ കൊച്ചെന്താണീ തുരുത്തില്‍’ ചെയ്തത്!? വഴിയും കറന്‍റുമില്ലാതിരുന്ന ദ്വീപില്‍ മനീഷ നന്നാക്കിയെടുത്ത പഴയ വീട്ടിലേക്ക് വര്‍ഷവും 1,200 സഞ്ചാരികളെത്തുന്നു


എമി റോസ്, തോമസ് ബെന്‍, സെന്‍ എന്നിവരാണ് മക്കള്‍. എമി ഹോട്ടല്‍ മാനെജ്‍മെന്‍റ് കഴിഞ്ഞ് ബഹ്റിനില്‍ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്യുന്നു. ബെന്‍ ഡിഗ്രിക്കും സെന്‍ പത്താം ക്ലാസിലും പഠിക്കുന്നു.

ലീല മാത്യുവാണ് ഭാര്യ. എല്ലാവരും കൂടിയാണ് എബിസി ജെല്ലിന്‍റെ കാര്യങ്ങളൊക്കെ നോക്കുന്നതെന്ന് സിറിയക്.

റൂഷ് എന്ന കുതിരയ്ക്കൊപ്പം സിറിയക്. വലത്: എ ബി സി ജെല്ലിലെ മണ്ഡപങ്ങള്‍

പറമ്പ് നിറയെ മരങ്ങളും വെച്ചിട്ടുണ്ട്.  “വലിയ മരങ്ങള്‍ ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമൊക്കെ കൊണ്ടു വന്നു നടുകയായിരുന്നു.

“അവിടുത്തെ നഴ്സറികളില്‍ നിന്നാണ് ഈ വൃക്ഷങ്ങളൊക്കെ വാങ്ങിക്കുന്നത്. ആ മരങ്ങള്‍ ജെ സി ബിയില്‍ ഉയര്‍ത്തിപ്പിടിച്ച്, ജെസിബി കൊണ്ടു തന്നെ വലിയ കുഴിയുണ്ടാക്കി നടുകയായിരുന്നു,” എന്ന് സിറിയക്ക് വിശദമാക്കുന്നു.

“വൃക്ഷങ്ങള്‍ നട്ടിട്ട് നാല‍ഞ്ച് വര്‍ഷമാകുന്നതേയുള്ളൂ. പക്ഷേ ഈ മരങ്ങള്‍ കണ്ടാല്‍ പതിമൂന്നും പതിനാലും വര്‍ഷം പ്രായമുള്ള മരങ്ങളാണെന്നേ പറയൂ. റംബൂട്ടാനും മാങ്കോസ്റ്റിനും സപ്പോട്ടയും തുടങ്ങി ഒരുപാട് ഫലവ‍ൃക്ഷങ്ങളുണ്ട്.

“പേരറിയുന്നതും പേരറിയാത്തതുമൊക്കെയായി ഒരുപാട് പൂമരങ്ങളും വനവൃക്ഷളുമുണ്ട്. 32-ഇനം മുളകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ബുദ്ധ ബാംബൂ, പെയ്ന്‍റിങ് ബാംബൂ, ഭീമ ബംബൂ, ഗോള്‍ഡന്‍ ബാംബൂ, ഡാര്‍ക് ബാംബൂ തുടങ്ങി ഒരുപാട് വെറൈറ്റി മുളകള്‍ ഇവിടെയുണ്ട്.

“ഇതൊക്കെ പുറംനാടുകളില്‍ നിന്നൊക്കെ വാങ്ങിയാണ് നട്ടത്. മുളകളില്‍ നിന്നു തൈയുണ്ടാക്കി വില്‍ക്കുന്നുണ്ടിപ്പോള്‍. ഇതിനൊരു നഴ്സറിയും ഇവിടുണ്ട്. വ്യത്യസ്ത ഇനം മുളകള്‍ മാത്രമല്ല തടാകത്തിന് ചുറ്റും 60 ഇനം പനകള്‍ നട്ടിട്ടുണ്ട്. പനകളൊക്കെ കായ്ച്ചിട്ടുമുണ്ട്.”

എ ബി സി ജെല്ലില്‍ റംബുട്ടാന്‍ വിള‍ഞ്ഞപ്പോള്‍
സിറിയക്കും കുടുംബവും

വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതില്‍ പിന്നെയാണ് ദ്വീപില്‍ മണ്ഡപങ്ങള്‍ പണിതത്. കല്‍മണ്ഡപം പണിയാന്‍ കന്യാകുമാരിയില്‍ നിന്നും ശില്‍പ്പികളെ കൊണ്ടുവന്നു.“എന്‍റെ അപ്പച്ചന്‍ തോമസ് മാത്യൂവിന്‍റ ഓര്‍മ്മയ്ക്കായാണ് ഈ മണ്ഡപം പണിതത്.
അപ്പച്ചനും അമ്മയും ഇന്നില്ല,” സിറിയക് പറഞ്ഞു.

ദ്വീപും തടാകവുമൊക്കെ കാണാന്‍ നിരവധിയാളുകള്‍ എ ബി സി ജെല്‍ പുതുപ്പാടിയിലേക്ക് വരുന്നുണ്ട്. തടാകത്തിലെ മീനും പറമ്പില്‍ നട്ടുവളര്‍ത്തുന്ന പച്ചക്കറികളുമൊക്കെ ഉപയോഗിച്ച് നല്ല രുചിയുള്ള ഭക്ഷണവും വിനോദസഞ്ചാരികള്‍ക്കായി നല്‍കുന്നുണ്ട്.

ക്യാംപിങ്ങിനും ടെന്‍റ് അടിച്ച് താമസിക്കുന്നതിനുമെല്ലാം സിറിയക്കിന്‍റെ ദ്വീപില്‍ സൗകര്യമുണ്ട്. ഇതിനോട് ചേര്‍ന്നുള്ള കോട്ടേജുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്.

സിറിയക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. ആ വരുമാനവും ലോണുമൊക്കെ ചേര്‍ത്താണ് തടാകവും ദ്വീപുമൊക്കെ നിര്‍മ്മിച്ചതെന്നു സിറിയക് പറയുന്നു.

“50 കോടി പ്രൊജക്റ്ററാണിത്. പണിയൊക്കെ ചെയ്തു വന്നപ്പോ അത്രയും തുകയിലെത്തി. നിര്‍മ്മാണങ്ങളൊക്കെ ഇനിയും പൂര്‍ത്തിയാകാനുണ്ട്. തടാകത്തില്‍ ആറു ദ്വീപുകളാണ് നിര്‍മ്മിക്കുന്നത്. അക്കൂട്ടത്തില്‍ നാലെണ്ണം ഇനിയും പൂര്‍ത്തിയാകാനുണ്ട്.

“ഇതിനിടയില്‍ ഫിഷറീസ് വകുപ്പിന്‍റെ അക്വാ ടൂറിസം പ്രൊജക്റ്റിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിന്നു തെരഞ്ഞെടുത്തിരിക്കുന്നത് എബിസി ജെല്ലിനെയാണ്. ജില്ല പഞ്ചായത്ത് സ്കീം ആണിത്. കൂടുതല്‍ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല.”  ഇനിയിപ്പോ ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ട് അതേക്കുറിച്ചൊക്കെ അറിയാമെന്ന പ്രതീക്ഷയിലാണ് സിറിയക്.

തടാകത്തില്‍ നിന്ന് പിടിച്ച മത്സ്യങ്ങള്‍

കോഴിക്കോട് ദേവഗിരി കോളെജിലാണ് സിറിയക് പ്രീഡിഗ്രി പഠിച്ചത്. അന്നുമുതല്‍ തുടങ്ങിയതാണ് കുറേ ബിരുദങ്ങള്‍ സ്വന്തമാക്കണമെന്ന്.  “അവിടെ ഞങ്ങളെ സുവോളജി പഠിപ്പിച്ചിരുന്ന അധ്യാപകനാണ് പ്രൊഫ.കെ.ടി വിജയമാധവന്‍‍‍. സാറിന്‍റെ പേരിനൊപ്പം എം എസ് സി, എംഫില്‍ എന്നാണെഴുതിയിരിക്കുന്നത്. അത് കണ്ട കാലം തൊട്ടേ മനസിലെ ആഗ്രഹമാണ് സാറിനെപ്പോലെ പിജിയൊക്കെ എനിക്കും വേണമെന്ന്.

“പിന്നീട് എം എസ് സിയൊക്കെ കഴിഞ്ഞ് കുറേക്കാലത്തിന് ശേഷമാണ് നിയമവും മറ്റു പിജിയുമൊക്കെ നേടുന്നത്. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളെജില്‍ നിന്നാണ് എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയത്.

“പ്രാക്റ്റീസിനൊന്നും പോയില്ല. ഇഷ്ടം കൊണ്ട് പഠിച്ചെന്നേയുള്ളൂ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എംബിഎ, ടൂറിസം മാനെജ്മെന്‍റ് തുടങ്ങിയവയില്‍ ബിരുദാനന്തരബിരുദമെടുത്തിട്ടുണ്ട്. എംഎസ് സി സൈക്കോളജി പഠിച്ചുകൊണ്ടിരിക്കുകയാണ്,”

ഈ വര്‍ഷം ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എം എ എടുക്കണമെന്ന തീരുമാനത്തിലാണ് അദ്ദേഹം. “ഇതിനൊപ്പം എ ബി സി ജെല്ലും കൂടുതല്‍ വിപുലമാക്കണമെന്നാണ് ആഗ്രഹം,” പ്രതീക്ഷയോടെ സിറയക് പറഞ്ഞു.

***
കോഴിക്കോട് മൈസൂര്‍ റോഡില്‍ പുതുപ്പാടിയിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഈങ്ങാപ്പുഴ റോഡിലാണ് ഈ സ്ഥലം. മാപ്പ്  കാണാം.  ഫോണ്‍: 081369 02442
ചിത്രങ്ങള്‍ക്ക് കടപ്പാട്: ABC GEL Puthuppady

ഇതുകൂടി വായിക്കാം:ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്‍കാരന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം