വീട് നിറയെ സ്വന്തമായി നിര്‍മ്മിച്ച ശാസ്ത്ര ഉപകരണങ്ങള്‍, 200 ശാസ്ത്ര വീഡിയോകള്‍, 25 ഡോക്യുമെന്‍ററികള്‍… ‘മാനംനോക്കി നടന്ന’ ഇല്യാസ്  കുട്ടികളുടെ പ്രിയങ്കരനായതിങ്ങനെ

പ്ലാസ്റ്റിക് കുപ്പികള്‍, ബലൂണുകള്‍, പഴയ സിഡികള്‍ ഇങ്ങനെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഓരോ ഉപകരണങ്ങളും നിര്‍മ്മിക്കുന്നത്.

“ചില സുഹൃത്തുക്കള്‍ രാത്രിയില്‍ എന്‍റെ ബൈക്കില്‍ കയറില്ല,” എന്നുപറഞ്ഞ് മഞ്ചേരി ബോയ്സ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപകന്‍ കെ മുഹമ്മദ് ഇല്യാസ് ചിരിക്കുന്നു.

അദ്ദേഹത്തിനതില്‍ യാതൊരു പരിഭവവുമില്ല. തന്നെ നന്നായി അറിയാവുന്നവരാണ് പേടിച്ചിട്ട് ബൈക്കില്‍ കയറാത്തതെന്ന് ഇല്യാസിന് അറിയാം.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

“മാനം നോക്കി നടക്കല്‍ എനിക്കൊരു ഹരമായിരുന്നു. എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ടൊന്നുമല്ല ഈ നടപ്പ്. കൗതുകത്തോടെ ആകാശത്തേക്ക് നോക്കുന്നു അത്രേയുള്ളൂ,” എന്ന് ഇല്യാസ്.

മുഹമ്മദ് ഇല്യാസ്

“അതിന് പകലെന്നോ രാത്രിയെന്നോ ഇല്ല. ഒരിക്കല്‍ ഇങ്ങനെ മാനത്ത് നോക്കി പോകുമ്പോ കുഴിയില്‍ വീണു കാലുളുക്കിയിട്ടുണ്ട്. പിന്നൊരിക്കല്‍ ബൈക്കില് പോകുമ്പോ ആകാശത്ത് ശുക്രനെ കണ്ട് മുകളിലേക്ക് നോക്കി. പിന്നത്തെ കാര്യം പറയണോ?” ഇല്യാസ് പെരിമ്പലം എന്നറിയപ്പെടുന്ന കെ മുഹമ്മദ് ഇല്യാസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഈ കമ്പം ശക്തമാകുന്നത് 1996-ലാണ്. അന്ന് ഹെയ്ല്‍ ബോപ്പ് എന്നൊരു വാല്‍നക്ഷത്രം വന്നു. ആ വാല്‍നക്ഷത്രത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി എന്‍എസ്എസ് കോളെജില്‍ 24 മണിക്കൂര്‍ ക്യാംപ് സംഘടിപ്പിച്ചു.

“പകല്‍സമയം ക്ലാസും രാത്രിനേരം നക്ഷത്രനിരീക്ഷണവും. വല്ലാത്തൊരു ആവേശമായിരുന്നു ക്ലാസ്,” ഇല്യാസ് ഓര്‍ക്കുന്നു.

അതിനു ശേഷം കിട്ടാവുന്ന ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍ വാങ്ങി ഇല്യാസ് വായന തുടങ്ങി. പിന്നെ അതൊരു പാഷനായി മാറി.

“പക്ഷേ, അതല്ല രസം, പിന്നീട് കല്യാണമൊക്കെ കഴിഞ്ഞു. അപ്പോഴും രാത്രി നക്ഷത്രങ്ങളെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുമായിരുന്നു,” എന്ന് ഇല്യാസ്.

ആ കഥ വഴിയേ പറയാം.

തിരുവനന്തപുരത്ത് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നിന്ന്

അധ്യാപക ഗ്രാമം എന്നറിയപ്പെടുന്ന മലപ്പുറം പെരിമ്പലത്തുകാരനാണ് ഇല്യാസ്. ബാപ്പ മുഹമ്മദിന്‍റെപ്പോലെ അധ്യാപകനാകണമെന്നായിരുന്നു കുട്ടിക്കാലം മുതലേ ആഗ്രഹം. ആ മോഹം നടക്കുകയും ചെയ്തു.

10 വര്‍ഷം മലപ്പുറം നെല്ലിക്കുത്തിലെ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലായിരുന്നു ഇല്യാസ് പഠിപ്പിച്ചിരുന്നത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന സര്‍വ ശിക്ഷ അഭിയാന്‍റെ കീഴിലില്‍ പരിശീലകനായിരുന്നു നാലു വര്‍ഷം.

ഇല്യാസ് മാഷിന്‍റെ വീട് നിറയെ ശാസ്ത്ര ഉപകരണങ്ങളാണ്. സ്വന്തമായി നിര്‍മ്മിച്ച ഈ ഉപകരണങ്ങളുമായാണ് ദിവസവും സ്കൂളിലേക്ക് വരുന്നത്.

അതുകൊണ്ട് കുട്ടികള്‍ക്കും അദ്ദേഹത്തിന്‍റെ ക്ലാസ് വലിയ ഇഷ്ടമാണ്.

“അടിപൊളിയാണ് ഇല്യാസ് സാര്‍… പാഠപുസ്തകത്തിലുള്ളത് മാത്രമല്ല സാര്‍ പഠിപ്പിക്കുന്നത്. പുസ്തകത്തില്‍ നോക്കി വായിച്ച് പഠിപ്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ സാര്‍ ഓരോ ശാസ്ത്ര ഉപകരണങ്ങളിലൂടെയാണ് ഞങ്ങള്‍ക്ക് പറഞ്ഞു തരുന്നത്,” മഞ്ചേരി ബോയ്സ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി  ഇഫ്ര ഹുസൈന്‍ ടി ബി ഐ-യോട് പറഞ്ഞു. “ഞങ്ങളെ കൊണ്ടും ഓരോ പരീക്ഷണങ്ങളൊക്കെ ചെയ്യാന്‍ പറയും.”  

അധ്യാപനം തുടങ്ങിയിട്ട് ഇരുപത് വര്‍ഷം ആയെങ്കിലും ഇല്യാസ് പെരിമ്പലം മഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറിയിലെത്തിയിട്ട് രണ്ട് വര്‍ഷമേ ആവുന്നുള്ളു. അതിനിടയില്‍ അദ്ദേഹം കുട്ടികളുടെ പ്രിയങ്കരനായി മാറി.

“കുട്ടിക്കാലത്ത് എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം സയന്‍സ് ആയിരുന്നു,” ഇല്യാസ് പറയുന്നു. “ഹൈസ്കൂള്‍ നാളുകളില്‍ എന്‍റെ കൂട്ടുകാര്‍ക്ക്, എങ്ങനെ വൈദ്യുതിയുണ്ടാകുന്നു, റേഡിയോയും ടെലിവിഷനും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ പറഞ്ഞു കൊടുക്കുന്നത് എനിക്ക് വലിയ സന്തോഷമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ശാസ്ത്ര വിഷയത്തോട് എങ്ങനെ ഇഷ്ടം തോന്നി എന്നൊന്നും അറിയില്ല. എന്നാല്‍ അധ്യാപകനാകണം, അറിവ് പകര്‍ന്ന് കൊടുക്കണം എന്നൊക്കെയുള്ള തോന്നലുകള്‍ക്ക് അധ്യാപകനായ വാപ്പ സ്വാധീനിച്ചിട്ടുണ്ട്.”

ഹെയ്ല്‍ ബോപ്പ് വന്ന വര്‍ഷം (1996) തന്നെയായിരുന്നു ഇല്യാസിന്‍റെ വിവാഹവും. ഹബീബയാണ് ഭാര്യ. ആര്‍.രാമചന്ദ്രന്‍റെ ‘മാനത്ത് നോക്കുമ്പോള്‍’ എന്നൊരു പുസ്തകമുണ്ട്. ആ പുസ്തകത്തില്‍ ഓരോ മാസവും കാണാന്‍ സാധിക്കുന്ന നക്ഷത്രങ്ങളെക്കുറിച്ചൊരു ചാര്‍ട്ട് ഉണ്ട്. ആ പുസ്തകം വായിച്ച ആവേശത്തിലായിരുന്നു അന്ന് ഇല്യാസ്.

“അങ്ങനെ നക്ഷത്രങ്ങളെ കണ്ടുപിടിക്കാനുള്ള ആവേശത്തില്‍ പാതിരാത്രിയില്‍ എഴുന്നേറ്റ് പോകും. കൈയില്‍ ഈ പുസ്തകവും ഒരു ടോര്‍ച്ചുമുണ്ടാകും. ഇതൊക്കെ പിടിച്ച് കുന്ന് കയറും.

“വീടിന് അടുത്ത് തന്നെയുള്ള എടങ്ങാംപറമ്പിലെ കുന്നിലേക്കാണ് യാത്ര. എത്രയോ ദിവസങ്ങളില്‍ ഇങ്ങനെ ഉറക്കമിളച്ച് നക്ഷത്രങ്ങളെ കാണാന്‍ പോയിരിക്കുന്നു,” എന്ന് ഇല്യാസ്.

“ഭാര്യ പരാതിയൊന്നും പറഞ്ഞില്ല. പക്ഷേ, നാട്ടുകാര് വട്ടാണ്, ഭ്രാന്താണെന്നൊക്കയാ പറയുമായിരുന്നു,” അന്നത്തെ കാര്യങ്ങളോര്‍ത്ത് ഇല്യാസ് ചിരിക്കുന്നു.

സ്കൂളിലെ സ്പേസ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനനിരീക്ഷണക്യാംപില്‍ നിന്ന്

യുപി ക്ലാസുകളിലാണ് ഇല്യാസ് പഠിപ്പിക്കുന്നത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പഠനത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. വീട് നിറയെ ഇത്തരത്തിലുള്ള ഉപകരണങ്ങളാണ്.

വീട്ടിലെ ഒരു മുറി തന്നെ ഈ ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഷെല്‍ഫുകളിലും ബാഗുകളിലും കുറേ ചാക്കുകളിലും ബോക്സുകളിലുമായി ഇവ സൂക്ഷിച്ചിരിക്കുന്നു.

ജലവൈദ്യുത നിലയത്തില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റങ്ങള്‍, താപവൈദ്യുതനിലയം, വായുമര്‍ദ്ദവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഇതൊക്കെയാണ് നിര്‍മ്മിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠത്തിന് അനുസരിച്ചുള്ള ശാസ്ത്ര ഉപകരണങ്ങള്‍ വലിയ തുണി ബാഗിലാക്കി സ്കൂളിലേക്ക് കൊണ്ടുപോകും. ക്ലാസിന് ശേഷം വൈകുന്നേരം തിരികെ കൊണ്ടുവരും, അതാണ് പതിവ്.

“എല്ലാ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം സ്കൂളില്‍ ഇല്ല. സ്കൂളിലെ മറ്റ് അധ്യാപകര്‍ക്കും ഈ ഉപകരണങ്ങള്‍ ക്ലാസെടുക്കാന്‍ നല്‍കാറുണ്ട്. നേരത്തെ പഠിപ്പിച്ച സ്കൂളില്‍ നിന്നൊക്കെ ചില ടീച്ചര്‍മാര്‍ ചോദിക്കും. അവര്‍ക്കും നല്‍കാറുണ്ട്,” അദ്ദേഹം പറഞ്ഞു.

മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വലയസൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് സ്കൂളില ശാസ്ത്രക്ലബ് സൗകര്യമൊരുക്കിയപ്പോള്‍

സാധാരണ സ്കൂളുകളിലെ ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ കുറേ കെമിക്കല്‍സും കാന്തങ്ങളും വടക്കുനോക്കിയന്ത്രവും ടെസ്റ്റ്ട്യൂബുകളുമൊക്കെയാണ് കിട്ടുന്നത്.

“എന്നാല്‍ ഇതുപോലുള്ള ശാസ്ത്ര ഉപകരണങ്ങളൊന്നും വിപണിയില്‍ കിട്ടില്ല. പ്ലാസ്റ്റിക് കുപ്പികള്‍, ബലൂണുകള്‍, പഴയ സിഡികള്‍ ഇങ്ങനെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഓരോ ഉപകരണങ്ങളും നിര്‍മ്മിക്കുന്നത്.

“പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സാനു എന്ന അധ്യാപകനാണ് ശാസ്ത്ര ഉപകരണങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഇംഗ്ലിഷിലുള്ള സിഡി തന്നത്. അതൊരു പ്രചോദനമായി.

“അങ്ങനെ ആ വിഡിയോയയില്‍ കാണുന്നതു പോലെ ഉപകരണങ്ങളുണ്ടാക്കി നോക്കി. ഉപകരണങ്ങളുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സിഡിയാക്കുകയും ചെയ്തു.


ഇതുകൂടി വായിക്കാം:ഫ്രീ വൈ ഫൈ, വാട്ടര്‍ കൂളര്‍‍, സുരക്ഷയ്ക്ക് കാമറകള്‍… മഞ്ചേരിക്കാരുടെ ലാവര്‍ണ ബസില്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര!


“അതില്‍ നിന്നൊക്കെ കിട്ടിയ അറിവുകളൊക്കെ വച്ചാണ് ശാസ്ത്ര ഉപകരണ നിര്‍മ്മാണത്തില്‍ സജീവമാകുന്നത്. കുട്ടികളെക്കൊണ്ടും ശാസ്ത്ര ഉപകരണങ്ങള്‍ ഉണ്ടാക്കിക്കാറുണ്ട്. പാഴ്വസ്തുക്കളാണല്ലോ അസംസ്കൃതവസ്തുക്കള്‍. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് വലിയ തുകയൊന്നും വേണ്ടി വരില്ല,” എന്ന് അധ്യാപകന്‍.

പരിശീലനക്ലാസില്‍ നിന്ന്

“ഇല്യാസ് സാര്‍ ഒരോ എക്സ്പിരിമെന്‍റ്സിലൂടെയാണ് ക്ലാസെടുക്കുന്നത്. പെട്ടെന്നു മനസിലാക്കാന്‍ കഴിയും.” മഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഇല്യാസിന്‍റെ  വിദ്യാര്‍ത്ഥിയായിരുന്ന മേധ പറയുന്നു.

“സാര്‍ പറയുന്ന പോലെ ഉപകരണങ്ങളൊക്കെ ഞാനുമുണ്ടാക്കാറുണ്ട്. എങ്ങനെ നിര്‍മ്മിക്കണമെന്നു സാര്‍ വ്യക്തമായി ഒരു ഐഡിയ തരും. ഞങ്ങള്‍ എല്ലാ കുട്ടികളും അതുണ്ടാക്കുകയും ചെയ്യും.

“സംസാരത്തിലൂടെയല്ല, ഓരോ പ്രവര്‍ത്തനങ്ങളും കാണിച്ചു തന്നാണ് സാര്‍ പഠിപ്പിക്കുന്നത്. അത് കാണുമ്പോ പെട്ടെന്നു മനസിലാകുമല്ലോ. പരീക്ഷയ്ക്ക് സുഗമമായി എഴുതാനുമാകും… സ്കൂളില്‍ സ്പേസിന്‍റെ പ്രദര്‍ശനം നടന്നിരുന്നു.

“അങ്ങനെയൊരു പ്രദര്‍ശനം നടക്കാന്‍ തന്നെ കാരണം സാറിന്‍റെ കഴിവും ഡെഡിക്കേഷനുമൊക്കെയാണ്. ഇഷ്ടമുള്ള അധ്യാപകരുടെ പട്ടികയില്‍ ഇല്യാസ് സാര്‍ ഒന്നാം സ്ഥാനത്തുണ്ട്,” മേധ പറഞ്ഞു.

വിക്രംസാരാഭായി സ്പേസ് സെന്‍റിലെ ഡെപ്യൂട്ടി ഡയറക്റ്റര്‍ നാരായണന്‍ നമ്പൂതിരിക്കൊപ്പം

ശാസ്ത്രവിഷയങ്ങളില്‍ താത്പ്പര്യമുള്ള ബിജു മാഷിനെ പോലുള്ളവരുമായി ചേര്‍ന്ന് ഒരു ശാസ്ത്ര അധ്യാപക കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട് ഇല്യാസ്. ടെക് മലപ്പുറം (ടീച്ചേഴ്സ് എംപവര്‍മെന്‍റ് ത്രൂ കോഓപ്പറേഷന്‍ ആന്‍ഡ് റിസോഴ്സസ്) എന്ന പേരില്‍.

15 അധ്യാപകര്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ക്ലാസെടുക്കുന്നുണ്ട്. ടെക്ക് മലപ്പുറത്തിന്‍റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ശാസ്ത്ര പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.

50-ലേറെ ശാസ്ത്ര ഉപകരണങ്ങളടങ്ങിയതാണ് ഈ പാര്‍ക്ക്. തിരൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ സ്കൂളുകളിലും ഇത്തരം പാര്‍ക്കുകള്‍ ഉണ്ട്. മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് ശാസ്ത്രമാജിക് പരിചയപ്പെടുത്തുന്നു

ശാസ്ത്രച്ചെപ്പ് എന്ന പേരില്‍ ഇല്യാസിനൊരു ബ്ലോഗുണ്ടായിരുന്നു. യുപി ക്ലാസുകളിലെ കുട്ടികളുടെ ശാസ്ത്രപാഠങ്ങളെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹം ബ്ലോഗെഴുതിയിരിക്കുന്നത്. ടെക്ക് മലപ്പുറത്തിന്‍റെ സഹകരണത്തോടെ ഇതൊരു ആപ്പ് ആക്കിയിട്ടുണ്ടിപ്പോള്‍‍.

ബീ ടി വി സയന്‍സ് എന്ന പേരില്‍ യുട്യൂബ് ചാനലുമുണ്ട്. കുട്ടികള്‍ക്കായി 200-ലേറെ ശാസ്ത്ര പരീക്ഷണ വിഡിയോകളും 25-ലധികം ശാസ്ത്ര ഡോക്യൂമെന്‍ററികളും ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

ബ്ലോഗിനും ചാനലിനും ഒരുപാട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ശാസ്ത്രമേളകള്‍ക്കൊക്കെ പങ്കെടുക്കാന്‍ കുട്ടികളിതൊക്കെ പ്രയോജനപ്പെടുത്തി സമ്മാനം നേടിയിട്ടുണ്ടെന്നൊക്കെ കേള്‍ക്കുന്നതാണ് സന്തോഷം. ഇങ്ങനെയൊക്കെ വീണ്ടും ചെയ്യാന്‍ പ്രചോദനവും ഈ വാക്കുകളാണെന്നും അധ്യാപകന്‍ പറയുന്നു.

ഗുരുശ്രേഷ്ഠ അവാര്‍ഡ് മുന്‍മന്ത്രി പി.ജെ. ജോസഫ് സമ്മാനിക്കുന്നു

കഥപറയും നക്ഷത്രങ്ങള്‍, മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം  എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം അമേച്വര്‍ ആസ്ട്രോണമേഴ്സ് സൊസൈറ്റി പ്രസിദ്ധീകരിച്ച മാനത്തേക്കൊരു കിളിവാതില്‍ എന്ന പുസ്തകത്തിലും ഇല്യാസ് എഴുതിയിട്ടുണ്ട്.

ഉമ്മയും ഭാര്യയും മക്കളുമൊക്കെ പൂര്‍ണ പിന്തുണയേകി ഒപ്പമുണ്ട്. എന്നാല്‍ ഇതിലൊക്കെ തന്നെ സ്നേഹത്തോടെ വിമര്‍ശിക്കുന്നത് ഉമ്മ സൈനബയാണെന്നു ഇല്യാസ്.

“ശാസ്ത്ര ഉപകരണനിര്‍മ്മാണത്തിന് നല്ല പണ ച്ചെലവ് വരാറുണ്ട്. ഈ കിട്ടണ പൈസയൊക്കെ സാധനങ്ങള്‍ വാങ്ങാനേയുള്ളൂവെന്നൊക്കെ ഉമ്മ പറയും,” എന്ന് ഇല്യാസ്.

കുടുംബത്തിനൊപ്പം

ഇല്യാസിനും ഹബീബയ്ക്കും നാല് മക്കള്‍. ബെംഗളൂരുവില്‍ സോഫ്റ്റ്‍ വെയര്‍ എന്‍ജിനീയറായ അബ്ദുല്‍ ബാസിത്, രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അബ്ദുല്‍ വാരീസ്, പ്ലസ്ടുകാരന്‍ മുഹമ്മദ് ഇക്ബാല്‍, പത്താം ക്ലാസില്‍ പഠിക്കുന്ന അബ്ദുല്‍ ഹസീദ്.

“ശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ട സഹായങ്ങളൊക്കെ ഇവരെല്ലാവരും ചെയ്തു തരും. എന്നാല്‍ എനിക്ക് സയന്‍സിനോട് തോന്നിയ താല്‍പര്യം മക്കള്‍ക്കാര്‍ക്കും ഇല്ലെന്നൊരു സങ്കടമുണ്ട്.

“ഇവരെല്ലാവരും ശാസ്ത്ര മേളകളിലൊക്കെ പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങിയവരാണ്. പക്ഷേ, അത്ര ഇഷ്ടമൊന്നും ഇപ്പോഴില്ല. സാമ്പത്തികനഷ്ടം വലിയ കാര്യമായി തോന്നുന്നില്ല. കുട്ടികളുടെ മുന്നില്‍ നിന്ന് വാക്കുകളിലൂടെ പറയുന്നതും ഉപകരണങ്ങളിലൂടെ നേരില്‍ അനുഭവത്തിലൂടെ മനസിലാക്കിക്കുന്നതും വ്യത്യസ്തമാണ്.

“ഓരോ ശാസ്ത്ര ഉപകരണങ്ങള്‍ കാണുമ്പോഴും അവരുടെ കണ്ണുകള്‍ വിടരും, തെളിച്ചം നിറയും. അതുമാത്രം മതി. അതിലൂടെ കിട്ടുന്ന സംതൃപ്തിയാണ് എല്ലാത്തിനുമുള്ള ഊര്‍ജവും എന്‍റെ സന്തോഷവും,” മുഹമ്മദ് ഇല്യാസ് പറഞ്ഞു.

ഗുരുശ്രേഷ്ഠ അവാര്‍ഡ്, സംസ്ഥാന പിടിഐയുടെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ടെക്ക് മലപ്പുറം ശാസ്ത്രാധ്യാപക കൂട്ടായ്മയുടെ ചെയര്‍മാനും മലപ്പുറം അമേച്വര്‍ ആസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് അംഗവും കൂടിയാണ് ഇല്യാസ്.


ഇതുകൂടി വായിക്കാം:നാലുകെട്ടുകളും മനപ്പറമ്പുകളുടെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ഒരു അധ്യാപകന്‍റെ ശ്രമങ്ങള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം