കോവിഡ്-19 പാക്കേജില്‍ മുദ്രാ ലോണ്‍: ആര്‍ക്കൊക്കെ അര്‍ഹതയുണ്ട്, എത്ര ലോണ്‍ കിട്ടും?

ഔപചാരിക മാര്‍ഗ്ഗങ്ങളിലൂടെ ലോണുകള്‍ കിട്ടാത്ത ചെറുകിട സംരംഭകര്‍ക്ക് ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ വായ്പ  നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് മുദ്രാ പദ്ധതി.

ചെറുകിട സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച  മുദ്രാ ലോണ്‍ പദ്ധതി  കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

കോവിഡ്-19 ധനസഹായ പാക്കേജിലാണ് മുദ്രാ പദ്ധതിയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്.

മുദ്രാ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തമായ മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്‍റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ്.

എന്താണ് മുദ്രായുടെ ലക്ഷ്യം?

  • ഔപചാരിക മാര്‍ഗ്ഗങ്ങളിലൂടെ ലോണുകള്‍ കിട്ടാത്ത ചെറുകിട സംരംഭകര്‍ക്ക് ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ വായ്പ  നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് മുദ്ര പദ്ധതി.
  • കോര്‍പ്പറേറ്റുകളല്ലാത്ത 90 ശതമാനത്തിലധികം വരുന്ന  ചെറുകിട സംരംഭകര്‍ക്കും  (എന്‍സിഎസ്ബി) ഔപചാരിക ധനകാര്യ സ്രോതസുകളില്‍  നിന്നും വായ്പയോ നിക്ഷേപമോ കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
  • പൊതു,സ്വകാര്യ മേഖല ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവയുള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുദ്ര റീഫിനാന്‍സ് പിന്തുണ നല്‍കുന്നു.

മുദ്രാ ലോണിന് അര്‍ഹതയുള്ളവര്‍ ആരൊക്കെ?

ചെറുകിട വ്യവസായങ്ങള്‍ നടത്തുന്ന സംരംഭകര്‍ക്ക് ഈ വായ്പയക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
.
മുദ്രാ ലോണ്‍ മൂന്ന് വിധം:

  • ശിശു ലോണ്‍: 50,000 രൂപ വരെ (ചെറിയ ബിസിനസ് യൂണിറ്റുകള്‍ക്ക് )
  • കിശോര്‍ ലോണ്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ (കുറച്ചുകൂടി വലിയ ബിസിനസ് യൂണിറ്റുകള്‍ക്ക് )
  • തരുണ്‍ ലോണ്‍, 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ (താരതമ്യേന വലിയ യൂണിറ്റുകള്‍ക്ക്)
  • കൂടാതെ വനിതാ സംരംഭകര്‍ക്ക് പ്രത്യേക റീഫിന്‍നാസ് പദ്ധതിയായി മഹിളാ ഉദ്യമി പദ്ധതി മുദ്ര സ്കീമിന്‍റെ ഭാഗമായുണ്ട്.

മുദ്രാ ലോണിന് അപേക്ഷിക്കുന്ന വിധം

വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഉപയോഗിക്കണം. ബാങ്കിന്‍റെ എംബ്ലത്തോടുകൂടിയ ഫോമുകള്‍ ബാങ്കിന്‍റെ ശാഖകളില്‍ നിന്നുതന്നെ ലഭിക്കും.

അപേക്ഷകര്‍ ഇനി പറയുന്ന രേഖകള്‍ തയ്യാറാക്കിയിരിക്കണം:

  • തിരിച്ചറിയല്‍ രേഖ  (ആധാര്‍,വോട്ടര്‍ ഐഡി,പാന്‍കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ)
  • സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍(വൈദ്യുതി ബില്‍,ടെലിഫോണ്‍ ബില്‍,ഗ്യാസ് ബില്‍,വാട്ടര്‍ ബില്‍)
  • ബിസിനസ് സ്ഥാപനത്തിന്‍റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷന്‍/ലൈസന്‍സ് തുടങ്ങിയവ
  • .ഒരു ധനകാര്യ സ്ഥാപനത്തിലും കുടിശ്ശിക ഉണ്ടായിരിക്കരുത്
  • നിലവില്‍ ബാങ്ക് വായ്പയുണ്ടെങ്കില്‍ പ്രസ്തുത ബാങ്കില്‍ നിന്നുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്.
  • പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ
  • വിശദമായ പ്രോജക്ട് റിപ്പോര്‍ട്
  • അപേക്ഷയില്‍ നിങ്ങള്‍ക്കാവശ്യമുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണം
  • നഗരപരിധിക്കുള്ളില്‍(മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) മുദ്രാ ലോണ്‍ ലഭിക്കുന്നതിന് അപേക്ഷകര്‍ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിനെയോ/ ഷെഡ്യൂള്‍ഡ് ബാങ്കിനെയോ അല്ലെങ്കില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിനെയോ/ ഷെഡ്യൂള്‍ഡ് ബാങ്കിനെയോ സമീപിക്കുക.
  • എന്നാല്‍ പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് വാര്‍ഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം. നിങ്ങളുടെ വാര്‍ഡ് അനുസരിച്ചുള്ള സര്‍വ്വീസ് ബാങ്ക് അറിയുന്നതിന് അതാത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക.ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മുദ്രാ വായ്പ ലഭ്യമാകും.

 കൊറോണക്കാലത്തെ മുദ്രാ ലോണ്‍

  • മുദ്രാ പദ്ധതി പ്രകാരം ലോണ്‍ ലഭ്യമാകുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് (12 മാസം) പലിശ നിരക്കില്‍ രണ്ട് ശതമാനം കുറവ്.
  •  വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനമായി 10,000 രൂപ പ്രത്യേക വായ്പ
  •  ഈ പദ്ധതി പ്രകാരം മൂന്നു കോടിയിലധികം ചെറുകിട സംരംഭകര്‍ക്ക് പ്രയോജനം ലഭിക്കും.

ആവശ്യമുള്ള ചെറുകിട സംരംഭകര്‍ക്ക്  മുദ്രാ അപേക്ഷ, പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകര്‍ക്കാവശ്യമായ കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.

 


ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം