ലക്ഷത്തിലേറെ ചോദ്യോത്തരങ്ങള്‍, 24 പുസ്തകങ്ങള്‍… ഐ എ എസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ശിഷ്യര്‍ക്ക് വഴികാട്ടിയായി ഒരു സര്‍ക്കാര്‍ അധ്യാപകന്‍  

“ചോദ്യങ്ങള്‍ തയ്യാറാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വലിയ റിസര്‍ച്ച് ആവശ്യമായ സംഗതി. ഗൂഗിള്‍ സെര്‍ച്ച് ഒന്നുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് അത്.”

പാലക്കാട്-തൃശ്ശൂര്‍ അതിര്‍ത്തി പ്രദേശമായ പഴയന്നൂരിലെ ഗവര്‍ണമെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സി ബി എസ് ഇ സ്‌കൂളുകളൊക്കെ കൂണുപോലെ മുളച്ചു പൊന്തുമ്പോഴും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ആ സ്‌കൂളില്‍ പഠിച്ചിരുന്നു.

പക്ഷെ, ആ സ്‌കൂളില്‍ സ്ഥലം മാറി എത്തുന്ന അധ്യാപകരൊന്നും അധികകാലം അവിടെ നില്‍ക്കാറില്ല. മിക്കവരും ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്കു പോകുകയോ ലീവെടുക്കുകയോ ആണ് ചെയ്യാറുള്ളത്.  സൗകര്യങ്ങളേറെയുണ്ടായിരുന്നു ആ സ്‌കൂളില്‍. അതുതന്നെയായിരുന്നു ഇതിന് പിന്നില്‍.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

അധ്യാപകരുടെ കുറവ് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തേയും ഏറെ ബാധിച്ചിരുന്നു. അക്കാലത്ത് സ്‌കൂളിലെ എസ് എസ് എല്‍ സി റിസള്‍ട്ട് വെറും 20 ശതമാനം മാത്രമായിരുന്നു.

പഴയന്നൂര്‍ ഗവ. എച്ച് എസ് എസ്. (ഫോട്ടോ: ഫേസ്ബുക്ക്/ പഴയന്നൂര്‍ കൂട്ടായ്മ)

അങ്ങനെയിരിക്കെയാണ് മാവേലിക്കരക്കാരന്‍ വി രാധാകൃഷ്ണന്‍ ചരിത്രാധ്യാപകനായി പഴയന്നൂര്‍ സ്‌കൂളിലെത്തുന്നത്. 1995-ലായിരുന്നു അത്.  അധ്യാപകനായുള്ള അദ്ദേഹത്തിന്‍റെ ആദ്യ നിയമനം. ഇതര ജില്ലക്കാരായ മറ്റുപല അധ്യാപകരേയും പോലെ രാധാകൃഷ്ണനും സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റത്തിന് ശ്രമിച്ചു. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും അതു നടന്നില്ല.

അങ്ങനെയിരിക്കെയാണ് സ്‌കൂളിലെ സീനിയര്‍ അധ്യാപകരായ കെ ബി ഹരിദാസിന്‍റെയും എം പി ജോയിയുടെയും കെ റ്റി ചന്ദ്രന്‍റെയുമൊക്കെ നേതൃത്വത്തില്‍ സ്‌കൂളില്‍ സമഗ്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

“എന്‍റെ സീനിയറായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്‌കൂളില്‍ നവീകരണം ആരംഭിക്കുന്നത്. സ്വദേശത്തേക്ക് ട്രാന്‍സ്ഫര്‍ ഒന്നും തരപ്പെടാതിരുന്നതിനെത്തുടര്‍ന്ന് ഞാനും ആ നവീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയായി. ട്രാന്‍സ്ഫറിന് ശ്രമിക്കാതെ സ്‌കൂളിന്‍റെ നന്മയ്ക്കായി ഞാന്‍ പ്രവര്‍ത്തിച്ചു എന്നു പറയുന്നത് വലിയൊരു കളവായിരിക്കും,” വി രാധാകൃഷ്ണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വി രാധാകൃഷ്ണന്‍

“പക്ഷെ, സീനിയര്‍ അധ്യാപകരോടൊപ്പമുള്ള പ്രവര്‍ത്തനം താരതമ്യേന ജൂനിയറായിരുന്ന എന്നില്‍ പരിവര്‍ത്തനമുണ്ടാക്കി എന്നു പറയുന്നതാകും ശരി. സ്‌കൂളിനെ മികവുറ്റതാക്കാന്‍ ഗുരുസ്ഥാനീയരായ ആ അധ്യാപകരോടൊത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ തുടങ്ങിയതോടെ ട്രാന്‍സ്ഫര്‍ എന്ന ലക്ഷ്യമേ ഞാന്‍ മറന്നിരുന്നു. പിന്നെ പതിയെപ്പതിയെ വിദ്യാര്‍ത്ഥികളെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാന്‍ ശ്രമിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കൃഷി പ്രധാനവരുമാന സ്രോതസായ ആ പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ പഠനത്തേക്കാള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു. സ്‌കൂളിന്‍റെ അപര്യാപ്തതകളും വരുമാനത്തിന് ആശ്രയിക്കുന്ന കൃഷിയും കൂടിയായപ്പോള്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ ഒഴികെ പഠനത്തെ പൂര്‍ണമായും മറന്നിരുന്നു,” അദ്ദേഹം ഓര്‍ക്കുന്നു.

അധ്യാപകരുടെ നേതൃത്വത്തില്‍ തുടങ്ങിയ നവീകരണ യജ്ഞം നാട്ടുകാര്‍ കൂടി ഏറ്റെടുത്തു.

അധ്യയന സമയത്തിന് പുറമെയും സ്കൂളില്‍ ഊര്‍ജ്ജിതമായ പഠന-പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തി. അതോടെ പിന്നീടുള്ള വര്‍ഷങ്ങളില് എസ് എസ് എല്‍ സി പരീക്ഷാഫലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായി. ഇരുപതു ശതമാനം വിജയത്തില്‍ നിന്ന് 80 ശതമാനം വരെ മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ ഈ സര്‍ക്കാര്‍ സ്‌കൂളിന് കഴിഞ്ഞു.

“ഞാന്‍ പറഞ്ഞല്ലോ അന്ന് താരതമ്യേന ജൂനിയറായിരുന്ന എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്ന വലിയൊരു ചുമതല കൂടി വഹിക്കേണ്ടി വന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് പുസ്തകമെടുത്ത് വായിപ്പിച്ച് തിരികെ വെയ്പ്പിക്കുക എന്ന കടമ എന്നിലായി. അതോടെ പഴയന്നൂര്‍ സ്‌കൂളില്‍ മാറ്റത്തിന്‍റെ കാറ്റ് വീശിയെന്ന് ഞാന്‍ വിശ്വസിക്കുന്നു,” രാധാകൃഷ്ണന്‍ സര്‍ തുടരുന്നു.


എനിക്കു ചെറുപ്പത്തില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ വലിയ ഇഷ്ടമായിരുന്നു.


“പല വഴികളിലൂടെയും അവ പ്രസിദ്ധീകരിക്കുന്നതിന് ഞാന്‍ ശ്രമിച്ചിരുന്നു. ചിലയിടങ്ങളില്‍ എന്‍റെ വരകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ, പിന്നീട് ജോലി അത്യാവശ്യമായ ഘട്ടത്തില്‍ പരീക്ഷയെഴുതി കൃഷി വകുപ്പിന് കീഴിലുള്ള കുട്ടനാടന്‍ ഭാഗത്തെ കരിനിലം കൃഷി വിഭാഗത്തില്‍ ഞാന്‍ ജോലിക്കു കയറി. അക്കാലത്തു തന്നെ ഞാന്‍ ബി എഡ് പാസായിരുന്നു.

കോളെജ് കാലത്തെ ഓര്‍മ്മകള്‍

“പിന്നീട് കൃഷി വകുപ്പില്‍ തന്നെ ജോലി തുടരാന്‍ താല്പര്യപ്പെട്ടെങ്കിലും പി എസ് എസി പരീക്ഷയെഴുതുന്നതിനുള്ള സര്‍ക്കാര്‍ നിശ്ചയിച്ച പ്രായം കഴിയാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ എച്ച് എസ് എ എഴുതി സെലക്ഷന്‍ നേടി.” അങ്ങനെയാണ് അദ്ദേഹം പഴയന്നൂര്‍ സ്‌കൂളില്‍ അധ്യാപനജീവിതം തുടങ്ങുന്നത്.

“മികച്ച അധ്യാപകരോടൊപ്പം പ്രവര്‍ത്തിച്ച് വളരെ മോശം സ്‌കൂളെന്ന ദുഷ്‌പേര് ഉണ്ടായിരുന്ന സ്‌കൂളിനെ മികച്ചതാക്കാന്‍ കഴിഞ്ഞു എന്നത് ഒരു സന്തോഷം തന്നെ,” തിരിഞ്ഞുനോക്കുമ്പോള്‍ പഴയന്നൂര്‍ സ്‌കൂളിലെ കാലം ഏറെ സന്തോഷം നല്‍കുന്നതാണ് എന്ന് അദ്ദേഹം തുടരുന്നു. “പിന്നീട് പതിനൊന്ന് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ആ സ്‌കൂളില്‍ നിന്നും തിരികെ നാട്ടിലേക്കു പോരുന്നത്.”

പി എസ് സി ജോലികള്‍ക്കായി ശ്രമം തുടങ്ങിയ കാലത്തു തന്നെ ജനറല്‍ നോളെജ് പഠിക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് പത്രലേഖകനായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു.

അധ്യാപകനായിരുന്ന കാലത്ത് വിവിധ റേഡിയോ നിലയങ്ങളില്‍ ക്വിസ് മല്‍സരങ്ങള്‍ നടത്തുകയും വിദ്യാര്‍ത്ഥികളെ അത്തരം പരിപാടികള്‍ നടത്തുന്നതിനായി പ്രോത്സാഹിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് അക്കാലത്തെ പ്രമുഖ സ്‌കൂള്‍ പഠന സഹായിയായ ലേബര്‍ ഇന്‍ഡ്യ ജനറല്‍ നോളജ് റ്റുടെ എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു പൊതുവിജ്ഞാന പഠന സഹായി പുറത്തിറക്കുന്നത്.

ഓര്‍മ്മകളില്‍

അന്ന് പ്രൊഫ.ശിവദാസ് (യൂറിക്കാ മാമന്‍)ആയിരുന്നു അതിന്‍റെ എഡിറ്റര്‍.

(പ്രൊഫ. ശിവദാസിനെക്കുറിച്ച് വായിക്കാം: 200-ലേറെ ശാസ്ത്ര പുസ്തകങ്ങള്‍, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍! )

രാധാകൃഷ്ണന്‍ അതിലേക്ക് ചോദ്യങ്ങള്‍ അയച്ചു കൊടുത്തു തുടങ്ങി. അതില്‍ പേരു വെച്ച് അദ്ദേഹത്തിന്‍റെ ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. തുടര്‍ന്ന് നിരവധി പ്രസിദ്ധീകരണങ്ങളിലെ നിരവധി പംക്തികളില്‍ അദ്ദേഹത്തിന്‍റെ ജനറല്‍ നോളജ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.

2000-ത്തിലാണ് മലയാള മനോരമയുടെ തൊഴില്‍ വീഥിയില്‍ അദ്ദേഹത്തിന്‍റെ ചോദ്യോത്തരങ്ങള്‍ വന്നു തുടങ്ങുന്നത്. മനോരമ ഇയര്‍ ബുക്കിലും ചരിത്രവുമായി ബന്ധപ്പെട്ട നിരവധി പംക്തികള്‍. ഒന്‍പതു വര്‍ഷം തൊഴില്‍ വീഥിയ്ക്കു വേണ്ടി ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി നല്‍കി. തുടര്‍ന്ന് 2010 മുതല്‍ മാതൃഭൂമിയുടെ തൊഴില്‍ വാര്‍ത്തയ്ക്കു വേണ്ടി രണ്ടു പംക്തികള്‍ തുടങ്ങി. ഇപ്പോഴും അതു തുടരുന്നു.  ഇതുവരെ ഇത്തരത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ചോദ്യങ്ങളാണ് രാധാകൃഷ്ണന്‍ തയ്യാറാക്കിയിരിക്കുന്നത്.

വിരമിച്ചതിന് ശേഷം പരിചയക്കാരുടെ സ്ഥാപനങ്ങളില്‍ പി എസ് സി ക്ലാസുകള്‍ എടുക്കാനും ഈ അധ്യാപകന്‍ പോകുന്നുണ്ട്.

വി രാധാകൃഷ്ണന്‍

“ചോദ്യങ്ങള്‍ തയ്യാറാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വലിയ റിസര്‍ച്ച് ആവശ്യമായ സംഗതി. ഗൂഗിള്‍ സെര്‍ച്ച് ഒന്നുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് അത്. ഇന്നിപ്പോള്‍ ചോദ്യങ്ങളോ ഉത്തരമോ അറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി. പക്ഷെ, ഞാന്‍ ചോദ്യോത്തരങ്ങള്‍ എഴുതിത്തുടങ്ങിയ കാലത്ത് നിരവധി പുസ്തകങ്ങള്‍ വായിക്കണം. ചോദ്യോത്തരങ്ങളുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങള്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. ഇതിനൊക്കെ മറുപടി പറയാന്‍ ഞാന്‍ തയ്യാറായിരിക്കണം,” അദ്ദേഹം വിശദമാക്കുന്നു.

അധ്യാപനത്തിനിടയിലും ഇത്തരത്തിലൊരു പ്രവര്‍ത്തനം നടത്താനും ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിജ്ഞാനത്തിലേക്കും പുതിയ അറിവുകളിലേക്കും വാതില്‍ തുറന്നിടാനും സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം: വീട് നിറയെ സ്വന്തമായി നിര്‍മ്മിച്ച ശാസ്ത്ര ഉപകരണങ്ങള്‍, 200 ശാസ്ത്ര വീഡിയോകള്‍, 25 ഡോക്യുമെന്‍ററികള്‍… ‘മാനംനോക്കി നടന്ന’ ഇല്യാസ്  കുട്ടികളുടെ പ്രിയങ്കരനായതിങ്ങനെ


“ആദ്യ കാലത്തൊക്കെ ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു. ഉദാഹരണം പറഞ്ഞാല്‍ ഹിറ്റ്ലറെക്കുറിച്ചുള്ള ചോദ്യമാണെന്നിരിക്കട്ടെ. അതിനൊരു ക്ലൂ ആണ് നല്‍കുന്നത്. ഓസ്ട്രിയയില്‍ ജനിച്ച് ജര്‍മ്മനി അടക്കി വാണ സ്വയം വെടിയുതിര്‍ത്തു മരിച്ച, മരണത്തിനു രണ്ടു ദിവസം മുന്‍പ് മാത്രം വിവാഹിതനായ ആള്‍ ആരാണ്?’ ഇങ്ങനെ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ എത്ര ചോദ്യങ്ങളും ഉത്തരവുമാണ് ഒരെണ്ണത്തില്‍ മാത്രം ലഭിക്കുന്നത്. പക്ഷെ, ഇപ്പോള്‍ നേരിട്ടുള്ള ചോദ്യോത്തരങ്ങളാണ് തയ്യാറാക്കുന്നത്,” ചോദ്യങ്ങള്‍ തയ്യാറാക്കലുമായി ബന്ധപ്പെട്ട രീതികളെക്കുറിച്ച് അദ്ദേഹം തുടരുന്നു.

ആദ്യപുസ്തകം ജി സുധാകരന്‍ പ്രകാശനം ചെയ്തപ്പോള്‍

ജീവചരിത്ര പുസ്തകങ്ങളാണ് രാധാകൃഷ്ന്‍ സാറിന്‍റേതായി പ്രധാനമായും പുറത്തിറങ്ങിയിട്ടുള്ളത്. 24 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ പി ജെ അബ്ദുല്‍കലാമിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഭാഷയില്‍ തന്നെ വിവരിച്ചു പുറത്തിറങ്ങിയ ‘ഞാന്‍ കലാം’ എന്ന പുസ്തകമാണ്. 2014-ലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഇതിനോടകം പുസ്തകത്തിന്‍റെ അഞ്ചു പതിപ്പുകളാണ് വിറ്റുപോയി.

ചരിത്രാധ്യാപകനായ രാധാകൃഷ്ണന്‍ ലോക ചരിത്രവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളുടെയും ഒരു വിജ്ഞാനകോശമാണെന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും ശിഷ്യന്‍മാരുടെയും അഭിപ്രായം. അതു വെറുതെ ഒരധ്യാപകനെ പുകഴ്ത്താന്‍ പറയുന്ന വെറും പൊള്ളയായ വാക്കുകളല്ലെന്ന് അദ്ദേഹത്തിന്‍റെ സ്വാധീനത്താല്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍മാരടക്കം സമൂഹത്തിന്‍റെ പല തുറകളില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് പങ്കുവെയ്ക്കുന്നുണ്ട്.

അതിലൊരാളാണ് യു പി എസ് സി പരീക്ഷയില്‍ മികച്ച വിജയം നേടി സിവില്‍ സര്‍വ്വീസില്‍ കയറുകയും ചെയ്ത 2009 ബാച്ച് ഐ എ എസ് ഓഫീസര്‍ ഡോ. പി സരിന്‍. പഴയന്നൂര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. (2016-ല്‍ ഡോ. സരിന്‍ സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു.)

വി രാധാകൃഷ്ണന്‍ (ഒരു പഴയ ചിത്രം)

“എന്‍റെ ക്ലാസിലെ വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു സരിന്‍. ഒന്‍പതാം ക്ലാസിലൊക്കെ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ തല ക്വിസ് മല്‍സരങ്ങളിലൊക്കെ സരിന്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ക്വിസ് മല്‍സരങ്ങളിലൊക്കെ മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കാനും ആ കുട്ടികള്‍ക്ക് വേണ്ട പ്രോല്‍സാഹനം നല്‍കാനും എക്കാലത്തും ഞാന്‍ ശ്രമിച്ചിരുന്നു.

“അത് സരിന്‍റെ കാര്യത്തില്‍ മാത്രമല്ല എന്‍റെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെല്ലാം ഞാന്‍ എക്കാലത്തും ശ്രദ്ധിച്ചിരുന്നു. അക്കാലത്തൊക്കെ സരിനുമായി നല്ല അടുപ്പം വളര്‍ത്താന്‍ എനിക്ക് സാധിച്ചിരുന്നു. 2000-ത്തില്‍ കോളേജില്‍ നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി പ്ലസ്ടു ആക്കിയ ആദ്യ ബാച്ചായിരുന്നു സരിന്‍റേത്. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ച അയാള്‍ കേരളാ മെഡിക്കന്‍ എന്‍ഡ്രന്‍സില്‍ മികച്ച മാര്‍ക്ക് നേടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ വാങ്ങി.”

സിവില്‍ സര്‍വ്വീസ് കിട്ടിയതിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ഡോ. സരിന്‍ തന്നെ സ്വാധീനിച്ച അധ്യാപകനെന്ന നിലയില്‍ രാധാകൃഷ്ണന്‍ സാര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പറഞ്ഞിരുന്നു.

വി എസ് അച്യുതാനന്ദനെ അഭിമുഖം നടത്താന്‍ പോയ തന്‍റെ സ്കൂളിലെ വിദ്യാര‍്ത്ഥികളോടൊപ്പം.

“പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തന്നെ അവരില്‍ സ്വാധീനം ചെലുത്തിയ അധ്യാപകരേ കുറിച്ച് പറയുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെടുന്ന അധ്യാപകന്‍റെ സന്തോഷം എത്ര വലുതാണെന്നോ,” രാധാകൃഷ്ണന്‍ പറയുന്നു.

“ഞാന്‍ അയാളില്‍ സ്വാധീനം ചെലുത്തിയിരുന്നു എന്നു പറയുമ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം എത്ര വലുതാണെന്നോ. മാത്രമല്ല എന്‍റെ വിരമിക്കല്‍ ചടങ്ങില്‍ ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവെച്ച് സരിന്‍ പങ്കെടുത്തിരുന്നു. പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ നിരവധി ഡോക്ടര്‍മാരും അഭിഭാഷകരും അധ്യാപകരുമൊക്കെ ഉണ്ടായിട്ടുണ്ട്.  അവരൊക്കെയും എ വിദ്യാര്‍ത്ഥികളാണെന്നു പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രത്യേകിച്ച് പഴയന്നൂര്‍ ഗവര്‍ണമെന്‍റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍,” തന്‍റെ മിടുക്കരായ ശിഷ്യന്‍മാരേക്കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു.

ഓരോ വിദ്യാര്‍ത്ഥിയും മിടുക്കരായി കാണാന്‍ എല്ലാ അധ്യാപകരും ആഗ്രഹിക്കും. പക്ഷെ പല കുട്ടികളും പഠനത്തില്‍ മികവു തെളിയിക്കുന്നവരായിരിക്കില്ല. പക്ഷെ മിടുക്കരായ വിദ്യാര്‍ത്ഥികളെയും ശരാശരിയില്‍ താഴെ നില്‍ക്കുന്നവരേയും ഒരേ പോലെ കാണാന്‍ അധ്യാപകര്‍ക്കു കഴിയുന്നിടത്താണ് മികച്ച അധ്യാപകരുണ്ടാകുന്നതെന്ന് രാധാകൃഷ്ണന്‍ സര്‍ പറയുന്നു. തനിക്ക് എന്തായാലും അധ്യാപന ജീവിതത്തില്‍ അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായും അദ്ദേഹം കരുതുന്നു.

കുടുംബം

ട്രഷറി ജീവനക്കാരനായിരുന്ന കെ വാസുദേവപ്പണിക്കരുടേയും ജെ രാജമ്മയുടേയും ആറു മക്കളില്‍ ഇളയവനായി ജനനം. ഏതാണ്ട്  പ്രീഡിഗ്രി കാലം തൊട്ടാണ് അദ്ദേഹം വായനയുടെ ലോകത്തേക്ക് കടന്നു വരുന്നത്. അക്കാലത്ത് സാമൂഹ്യവിഷയവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന രാധാകൃഷ്ണന് യൂണിവേഴ്സിറ്റി തലത്തില്‍ കാര്‍ട്ടൂണ്‍ വരയ്ക്ക് സമ്മാനമൊക്കെ ലഭിച്ചിരുന്നു.

പിന്നീട് കാര്‍ട്ടൂണിനോട് വിട പറഞ്ഞ് വായനയുടെ വലിയ ലോകത്തെത്തുകയും അധ്യാപകനാകുകയും ചോദ്യങ്ങളിലൂടെ നിരവധി വിദ്യാര്‍ത്ഥികളുടെ ഗുരുവായി മാറുകയും ചെയ്തു. ഭാര്യ ശ്രീകല ആലപ്പുഴ പുന്നപ്രയില്‍ സഹകരണ വകുപ്പ് ജീവനക്കാരിയാണ്. മക്കളായ ശ്രീപ്രിയ ആയുര്‍വ്വേദ ഡോക്ടറും, അഖില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുമാണ്.


ഇതുകൂടി വായിക്കാം: നൂറുകണക്കിന് സാധാരണ കര്‍ഷകരെ ജൈവകൃഷിയിലേക്കും കൂടുതല്‍ വരുമാനത്തിലേക്കും നയിച്ച കര്‍ഷകന്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം