അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ 

വെറും അഞ്ച് വര്‍ഷം മുമ്പ് ഒരു കൊച്ചുഗ്രാമത്തിലെ പരാധീനതകള്‍ക്ക് കുറവൊന്നുമില്ലാത്ത ഒരു സ്‌കൂളില്‍ തുടങ്ങിയ സൗജന്യ ഫുട്‌ബോള്‍ പരിശീനക്കളരി. അന്ന് അവിടേക്ക് സെലക്ഷനായെത്തിയത് 25 പേര്‍. ഇന്ന് ആയിരങ്ങള്‍. ചേലേമ്പ്രയുടെ അതിശയിപ്പിക്കുന്ന ഫുട്ബോള്‍ ചരിത്രം. 

ഴിഞ്ഞ വര്‍ഷത്തെ സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്‌കൂള്‍ ഫുട്‌ബോളിന്‍റെ സെമി ഫൈനല്‍ മത്സരം ന്യൂ ഡെല്‍ഹിയില്‍ നടക്കുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്തെ ചേലേമ്പ്രയിലെ നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ ചുണക്കുട്ടന്മാര്‍. മറുവശത്ത് അഫ്ഗാനിസ്ഥാനിലെ കരുത്തരായ ടീം.

ആവേശകരമായ മത്സരം ചേലേമ്പ്രയിലെ കുഞ്ഞുഫുട്‌ബോള്‍ താരങ്ങളുടെ മികവ് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു. അഫ്ഗാന്‍ ടീം പല തന്ത്രങ്ങളും പുറത്തെടുത്തെങ്കിലും അതൊന്നും കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ചേലേമ്പ്രക്കാരുടെ മുന്നില്‍ വിലപ്പോയില്ല.

ഷാബാസ് അഹമ്മദ്

സംസ്ഥാന സ്‌കൂള്‍ ഫൂട്‌ബോള്‍ ചാമ്പ്യന്‍മാര്‍ എന്ന നിലയ്ക്കാണ് ചേലമ്പ്രയ്ക്ക് ന്യൂ ഡെല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ് അണ്ടര്‍ 17 അന്താരാഷ്ട്ര മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത്.  വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ടീമുകളടക്കം 95 ടീമുകളും 1,500 താരങ്ങളും മാറ്റുരച്ച ഈ ടൂര്‍ണമെന്‍റ് ലോകത്തിലെ തന്നെ അണ്ടര്‍ 17 കാറ്റഗറിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സരമായിരുന്നു.


സുബ്രതോ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 13 ഗോളടിച്ചു കൂട്ടിയപ്പോള്‍ സെമി വരെ ഒരൊറ്റ ഗോളും സ്വന്തം വലയില്‍ വീഴാന്‍ അനുവദിക്കാതെ ചേലമ്പ്രയിലെ കുട്ടികള്‍ പ്രതിരോധം തീര്‍ത്തു.


സുബ്രതോ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 13 ഗോളടിച്ചു കൂട്ടിയപ്പോള്‍ സെമി വരെ ഒരൊറ്റ ഗോളും സ്വന്തം വലയില്‍ വീഴാന്‍ അനുവദിക്കാതെ ചേലമ്പ്രയിലെ കുട്ടികള്‍ പ്രതിരോധം തീര്‍ത്തു. മുന്‍പ് നടന്ന മത്സരങ്ങളില്‍ പല പ്രമുഖ ടീമുകളും ചേലമ്പ്രയിലെ കാല്‍പന്തുകളിയുടെ കരുത്തറിഞ്ഞു. കൊല്‍ക്കത്ത സായിയെയും റിലയന്‍സ് മുംബൈയെയും ചേലേമ്പ്ര ചുരുട്ടിക്കൂട്ടിയിരുന്നു.


ഇതുകൂടി വായിക്കാം: പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു


താരതമ്യേന ചെറിയ ടീമായിരിന്നിട്ടും കരുത്തരായ അഫ്ഗാന്‍ ടീമിനെ സെമിയില്‍ ചേലേമ്പ്രയിലെ സ്‌കൂള്‍കുട്ടികള്‍ വിറപ്പിച്ചു. പൊരുതിയും പ്രതിരോധം തീര്‍ത്തും അവര്‍ കളം നിറഞ്ഞപ്പോള്‍ കളി എക്ട്രാടൈമിലേക്ക് നീണ്ടു. ചരിത്രം തൊട്ടടുത്തെത്തിയെന്ന് തോന്നിച്ച നിമിഷങ്ങള്‍. നിര്‍ഭാഗ്യം അധിക സമയത്തിന്‍റെ അവസാനമിനിറ്റില്‍ ചേലേമ്പ്രയുടെ ഗോള്‍വല ചലിപ്പിച്ചു.
ഫൈനലിലേക്കെത്താനാവാതെ സെമിയില്‍ മടങ്ങേണ്ടിവന്നെങ്കിലും വിജയികളെപ്പോലെയാണവര്‍ കളം വിട്ടത്.

ഫുട്ബോളിന് നല്‍കിയ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയാണ് ചേലമ്പ്ര എന്‍ എന്‍ എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുബ്രതോ ടൂര്‍ണമെന്‍റില്‍ നിന്ന് മടങ്ങിയത്.  കഠിനാധ്വാനവും ചിട്ടയായ പരിശീലനവും ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഒരു ഗ്രാമത്തിന്‍റെ പിന്തുണയും പ്രതീക്ഷകളുമുണ്ടായിരുന്നു ചേലേമ്പ്രയുടെ മുന്നേറ്റത്തിന് പിന്നില്‍…


തീര്‍ത്തും ദരിദ്രമായ അന്തരീക്ഷത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കും കേരള ടീമിലേക്കുമായി 16 കളിക്കാരെയാണ് ഇതിനകം ചേലേമ്പ്രയിലെ ഈ സ്കൂള്‍ സംഭാവന ചെയ്തത്


വെറും അഞ്ച് വര്‍ഷം മുമ്പ് ഒരു കൊച്ചുഗ്രാമത്തിലെ പരാധീനതകള്‍ക്ക് കുറവൊന്നുമില്ലാത്ത ഒരു സ്‌കൂളില്‍ തുടങ്ങിയ സൗജന്യ ഫുട്‌ബോള്‍ പരിശീനക്കളരി. ആ കളരിയില്‍ ഇന്ന് ഇന്‍ഡ്യന്‍ ടീമിലേക്കും കേരള ടീമിലേക്കും കയറിച്ചെന്നത് 16 താരങ്ങള്‍. അവിശ്വസനീയമാണ് ആ വളര്‍ച്ച, ഒരു പക്ഷേ, പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബുകളെപ്പോലും അല്‍ഭുതപ്പെടുത്തുന്ന മുന്നേറ്റം. ഇന്‍ഡ്യന്‍ ഫുട്‌ബോളിന്‍റെ ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന ഷാബാസ് അഹമ്മദ് എന്ന പത്താംക്ലാസ്സുകാരനാണ് എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ പൊന്‍ താരകം.

മലപ്പുറം ജില്ലയിലെ കോഴിക്കോട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചേലേമ്പ്ര എന്ന കൊച്ചുഗ്രാമത്തെ ഇന്ന് പ്രശസ്തമാക്കുന്നത് കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ത്തതിനാലാണ്. തീര്‍ത്തും ദരിദ്രമായ അന്തരീക്ഷത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കും കേരള ടീമിലേക്കുമായി 16 കളിക്കാരെയാണ് ഇതിനകം ചേലേമ്പ്രയിലെ എന്‍.എന്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഭാവന ചെയ്തത്. സാധാരണക്കാരായ കുട്ടികളെ ഭാവി ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായി വളര്‍ത്തുന്നതില്‍ ഈ ഗ്രാമീണ സ്‌കൂള്‍ വഹിക്കുന്ന പങ്ക് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.

‘തീര്‍ത്തും സൗജന്യമായാണ് സ്‌കൂളിന്‍റെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം. ഭക്ഷണവും താമസവും പരിശീലനവും സ്‌പോര്‍ട്‌സ് കിറ്റുമൊക്കെ സൗജന്യം. കാല്‍പന്തു കളിയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഗ്രാമീണരുടെ ചില്ലറ തുട്ടുകളാണ് അക്കാദമിയുടെ വരുമാനം. എന്തിനും ഏതിനും നാട്ടുക്കാരുടെ ഈ പിന്തുണയാണ് തങ്ങള്‍ക്ക് കരുത്തേകുന്നത്,’ സ്‌കൂളിലെ കായികാധ്യാപകനും ഫുട്‌ബോള്‍ ടീം കോച്ചുമായ കെ. മന്‍സൂറലി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

സ്‌കൂളിലെ കായികാധ്യാപകനും ഫുട്‌ബോള്‍ ടീം കോച്ചുമായ കെ. മന്‍സൂറലി

2014 ലാണ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നത്. നാല് വര്‍ഷം കൊണ്ട് രാജ്യത്തെ എണ്ണം പറയുന്ന അക്കാദമിയായി എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറി. സ്‌കൂളിന്‍റെ വളര്‍ച്ച പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളെ പോലും അത്ഭുതപ്പെടുത്തുന്നതായി. ഗ്രാമ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം. ഈ വര്‍ഷം സെലക്ഷന്‍ ട്രയല്‍ നടത്തിയപ്പോള്‍ ആയിരം കുട്ടികളാണ് എത്തിയത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് അതീവ ദുഷ്‌ക്കരമായിരുന്നുവെന്ന് കോച്ച് പറഞ്ഞു.


2014 ല്‍ അരങ്ങേറ്റത്തില്‍ തന്നെ സ്‌കൂളിന്‍റെ പെരുമയും ഉയര്‍ന്നു.


2014 ല്‍ അരങ്ങേറ്റത്തില്‍ തന്നെ സ്‌കൂളിന്‍റെ പെരുമയും ഉയര്‍ന്നു. ചേലേമ്പ്രയെന്ന ഗ്രാമത്തെ അന്ന് മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ആ വര്‍ഷം തന്നെ സംസ്ഥാന ചാംപ്യന്‍മാരായി ഡല്‍ഹിയിലെത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഇതേ വര്‍ഷം 15 താരങ്ങളെ ജില്ലാ, സംസ്ഥാന ടീമുകളിലേക്ക് സംഭാവന ചെയ്യാനായി. നാരായണന്‍ നായര്‍ മെമ്മോറിയല്‍ സ്‌കൂളിന്‍റെ ജൈത്രയാത്ര അവിടം മുതല്‍ ആരംഭിക്കുകയായി. കൊയമ്പത്തൂരിലടക്കം രണ്ട് തവണ നെഹ്രു ട്രോഫിയില്‍ മുത്തമിട്ടു.


ഇതുകൂടി വായിക്കാം: രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’


തമിഴ്‌നാട് വിരുതാചലത്ത് നടന്ന ദേശീയ റൂറല്‍ ഫുട്‌ബോളിലും ചാംപ്യന്‍മാരായി. 2017 ല്‍ മാര്‍ അത്തനേഷ്യസ് ദേശീയ ടൂര്‍ണ്ണമെന്‍റിലും കിരീടം ചൂടി. ഫാറൂഖ് ട്രോഫിയും ഒപ്പം നിന്നു. കളി മികവ് നേരില്‍ കണ്ടതോടെ പ്രൊഫഷണല്‍ ക്ലബുകള്‍ ചേലേമ്പ്രക്ക് പിന്നാലെ കൂടി. അണ്ടര്‍ 16, 18 ഐ ലീഗ് മത്സരങ്ങളില്‍ ഗോകുലം എഫ് സിയുടെ ജഴ്‌സിയണിയുന്നത് ചേലേമ്പ്രയുടെ ചുണക്കുട്ടികളാണ്. ഷാ ബാസ് അഹമ്മദെന്ന പതിനാറുക്കാരനെ തേടി ഈയിടെ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ ഇന്ത്യന്‍ ആരോസുമെത്തി. അങ്ങിനെ ഷാബാസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ ലീഗ് മലയാളി താരവുമായെന്ന് ചേലേമ്പ്രയുടെ ജനകീയ കോച്ച് മന്‍സൂറലി ചൂണ്ടിക്കാട്ടുന്നു.

ഷാനുവെന്ന് കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഈ പത്താം ക്ലാസുക്കാരന്‍റെ വിംഗ് ബാക്ക് കരുത്തിലാണ് ഇന്ത്യന്‍ യുവ ഫുട്‌ബോളിന്‍റെ പ്രതീക്ഷകളത്രയും. യൂത്ത് ഫുട്ബാളില്‍ കരുത്തരായ കൊറിയയോട് നിര്‍ഭാഗ്യത്തിന് തോറ്റ് മടങ്ങുമ്പോള്‍ ഈ കരുത്ത് നാം കണ്ടതാണ്. വെസ്റ്റ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായതിനൊപ്പം മലഷ്യയില്‍ നടന്ന ഏഷ്യന്‍ കപ്പിലും എം.എഫ്.സി കപ്പിലും ഈ ബൂട്ടുകളുടെ പ്രഹര ശേഷി ലോകം കണ്ടതാണ്.


ഏറെ കാലത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളത്തെ ചാംപ്യന്‍മാരാക്കിയതിനു പിന്നിലും ഒരു ചേലേമ്പ്ര അക്കാദമിക്കാരനുണ്ട്.


അരിമ്പ്ര മൊറയൂര്‍ ബിരിയപ്പുറം ഗ്രാമത്തിലെ മൂത്തേടത്ത് ബഷീര്‍ എന്ന ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന സാധാരക്കാരന് സ്വന്തം മകനെ ഇത്രയും ഉന്നതിയിലെത്തിക്കാമെന്നത് സ്വപ്നം മാത്രമായിരുന്നു. ഇവിടെയാണ് മന്‍സൂറലി എന്ന കോച്ചിന്‍റെ കണ്ടെത്തലും പ്രോത്സാഹനവും നാം തിരിച്ചറിയേണ്ടത്. ലോകകപ്പ് കളിക്കലാണ് തന്‍റെ ലക്ഷ്യമെന്ന് ഷാ ബാസ് പറയുമ്പോള്‍ മന്‍സൂറലി ആ കണ്ണുകളിലെ തിളക്കം തിരിച്ചറിയുന്നുണ്ട്.


ഇതുകൂടി വായിക്കാം: 40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്‍ഷന്‍ പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!


ഷാ ബാസില്‍ ഒതുങ്ങുന്നില്ല ചേലേമ്പ്ര. ഏറെ കാലത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളത്തെ ചാംപ്യന്‍മാരാക്കിയതിനു പിന്നിലും ഒരു ചേലേമ്പ്ര അക്കാദമിക്കാരനുണ്ട്. പി.സി. അനുരാഗ്. ഇറാനില്‍ നടന്ന അണ്ടര്‍ 17 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കെ. ജുനൈനും കെ.സുധീഷും സന്തോഷ് ട്രോഫി ക്യാംപിലുള്ള അക്ബര്‍ സിദ്ദീഖും ചേലേമ്പ്രയുടെ താരങ്ങളാണ്.

സബ് ജൂനിയര്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പിലെ ടോപ്പ് സ്‌കോററും മലപ്പുറം ജില്ലാ ടീമിനെ കിരീടമണിയിച്ച ക്യാപ്റ്റനുമായ കെ. അനസും ഇവരുടെ താരം തന്നെ. അനസിന്‍റെ എണ്ണം പറഞ്ഞ ആറു ഗോളുകളിലായിരുന്നു മലപ്പുറത്തിന്‍റെ തേരോട്ടം.
പെണ്‍ക്കുട്ടികള്‍ക്കും ഈ വര്‍ഷം മുതല്‍ അക്കാദമി വാതില്‍ തുറന്നിട്ടുണ്ട്. സ്‌കൂള്‍ ഹോസ്റ്റല്‍ ടീമാണ് ഈ വര്‍ഷത്തെ ജില്ലാ ചാംപ്യന്‍മാരായതും. അതുക്കൊണ്ട് തന്നെ ഇക്കൊല്ലത്തെ സെലക്ഷന്‍ ട്രയല്‍സിലും ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ 1000ത്തിലധികം പേരാണ് ഒഴുകിയെത്തിയതെന്ന് കോച്ച് മന്‍സൂറലി പറഞ്ഞു.

200 ഓളം പേരാണ് ഇപ്പോള്‍ സ്‌കൂള്‍ അക്കാദമിയിലുള്ളത്. 1986 ല്‍ മാത്രം തുടങ്ങിയ ഒരു എയ്ഡഡ് സ്‌കൂളിന് പരിമിതികളുണ്ട്. നാട്ടുക്കാരുടെ നിര്‍ലോഭ സഹായമാണ് ഇവരുടെ കൈമുതല്‍. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ഇനിയും ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്കാവും. എന്നാല്‍ സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കാന്‍ പന്തിന് പിറകെ അതിവേഗമോടുന്ന ചേലേമ്പ്രക്കാര്‍ക്കാവില്ല.

സ്‌കൂള്‍ മൈതാനത്തെ പരിമിതമായ സൗകര്യം തൊട്ടടുത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം കൊണ്ട് ഇവര്‍ മറികടക്കുന്നുമുണ്ട്. അതിന് മറ്റൊരു കാരണവും കൂടിയുണ്ട്. ഇന്നത്തെ ഈ കുട്ടി താരങ്ങള്‍ നാളെയുടെ യൂണിവേഴ്‌സിറ്റി താരങ്ങളായി ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്. അതെ ചേലേമ്പ്രയില്‍ രാജ്യത്തിന് പ്രതീക്ഷയുണ്ട്. അത് ഒരു ലോകകപ്പിനോളം വലുപ്പം വരും.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം