രാവിലെ കതിരിട്ടാല്‍ വൈകീട്ട് വിളവെടുക്കാവുന്ന അന്നൂരിയടക്കം 117 നെല്ലിനങ്ങള്‍… ഈ കര്‍ഷകന് നെല്‍പാടം ഒരു കാന്‍വാസ് കൂടിയാണ്

നെല്ലിനങ്ങളുടെ സംരക്ഷകന്‍ മാത്രമല്ല കേരളത്തിന് അത്ര പരിചിതമല്ലാത്ത പാഡി ആര്‍ട്ടിലും ഈ കൃഷിക്കാരന്‍ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരിയിലെ തയ്യില്‍ വീട്ടില്‍ കേളപ്പനും കല്യാണിയും നല്ല കര്‍ഷകരായിരുന്നു. നെല്ലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്ത് പാരമ്പര്യമായി കര്‍ഷകകുടുംബമെന്നു പേരെടുത്തവര്‍.

കണ്ടും അനുഭവിച്ചുമറിഞ്ഞ കൃഷിക്കാര്യങ്ങള്‍ അവര്‍ മക്കള്‍ക്കും പകര്‍ന്നിട്ടുണ്ട്. എന്നാല്‍ അവരുടെ വഴികളിലൂടെ നടന്ന മക്കളിലൊരാള്‍ ഇടയ്ക്കെപ്പോഴോ അമ്മയുടെ ആഗ്രഹത്തിന് പിന്നാലെയും സഞ്ചരിച്ചു.

കല്യാണിയുടെ ആഗ്രഹം പോലെയാണ് മകന്‍ പ്രസീദ് കുമാര്‍ അപൂര്‍വ ഇനം നെല്‍വിത്തുകള്‍ തേടി നടന്നു തുടങ്ങുന്നത്. അപൂര്‍വ ഇനം നെല്ലിനങ്ങള്‍ തേടി അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ചു.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളൊന്നും അധികം കേള്‍ക്കാത്ത നെല്ലിനങ്ങളുടെ സംരക്ഷകനെന്നാണ് കേളപ്പന്‍റെയും കല്യാണിയുടെയും മകന്‍ അറിയപ്പെടുന്നത്.

പ്രസീദ് കുമാര്‍ മക്കള്‍ക്കൊപ്പം

ഗുജറാത്തിന്‍റെ ബസുമതി എന്നറിയപ്പെടുന്ന കൃഷ്ണ കൗമോദ്, അസമിന്‍റെ ബ്ലാക് ജാസ്മിന്‍, പഞ്ചാബിലെ രാംലി, ഛത്തീസ്ഗഢിലെ മഹാമായ ഇവയ്ക്കൊപ്പം നാടന്‍ നെല്ലിനങ്ങളുമുണ്ട് പ്രസീദിന്‍റെ സംരക്ഷണയില്‍. എല്ലാം കൂടി 117 നെല്ലിനങ്ങള്‍!

അതുമാത്രമല്ല കേരളത്തിന് അത്ര പരിചിതമല്ലാത്ത “പാഡി ആര്‍ട്ടി”ലും ഈ കൃഷിക്കാരന്‍ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. പലരും നെല്‍കൃഷി അവസാനിപ്പിക്കുമ്പോഴാണ് പ്രസീദ് പണം കൊടുത്തുവാങ്ങി അപൂര്‍വ നെല്ലിനങ്ങള്‍ സ്വന്തമാക്കി കൃഷി ചെയ്യുന്നത്.

ഔഷധഗുണവും വ്യത്യസ്തവുമായ വിത്തും അരിയുമൊക്കെ ഓണ്‍ലൈന്‍ വില്‍പനയിലൂടെ ആവശ്യക്കാരിലേക്കെത്തിച്ച് കൃഷി നഷ്ടമല്ലെന്നു ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ കര്‍ഷകന്‍.

നെല്‍വിത്ത് സംരക്ഷിക്കുന്നവര്‍ വളരെ കുറവാണ്. അപൂര്‍വ ഇനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന തോന്നലും പ്രസീദിനുണ്ടായിരുന്നു. അങ്ങനെയാണ് കൃഷ്ണ കാമോദും ബ്ലാക്ക് ജാസ്മിനുമൊക്കെ  വയനാടന്‍ വയലുകളിലേക്കെത്തുന്നത്.

“അമ്മയുള്ള കാലത്തേ നെല്‍വിത്തുകള്‍ സംരക്ഷിച്ചു തുടങ്ങിയിരുന്നു,” പ്രസീദ് കുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “നെല്ലിനങ്ങള്‍ സംരക്ഷിക്കണമെന്നത് അമ്മയുടെയും ആശയായിരുന്നു.

“അപൂര്‍വങ്ങളും ഔഷധ ഗുണമുള്ളതുമായ നെല്ലുകള്‍ കണ്ടെത്തി കൃഷി ചെയ്യണം. സംരക്ഷിക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും ഇതാവശ്യമാണെന്നു തോന്നിയിരുന്നു.

“അങ്ങനെയാണ് ഓരോന്ന് ശേഖരിച്ച് തുടങ്ങുന്നത്. 10 വര്‍ഷമായി നെല്ലിനങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി സംരക്ഷിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നുണ്ട്. ഗുണമേറെയുള്ള നെല്ലിനങ്ങള്‍ക്ക് വിപണിയില്‍ നല്ല വിലയുമുണ്ട്. വില കൂടിയ നെല്ലിനങ്ങള്‍ കൃഷി ചെയ്യണമെന്നൊരു ആഗ്രഹവും തോന്നിയിരുന്നു. ലാഭവും കിട്ടുമല്ലോ.

“ഒരു ലക്ഷത്തിലേറെ നെല്ലിനങ്ങളാണ് ലോകത്തിലുള്ളത്. ഇന്ത്യയില്‍ ആറായിരം എന്നൊക്കെ പറയുന്നുണ്ടെങ്കിലും 1,500-ല്‍ താഴെ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ,” എന്ന് പ്രസീദ് കുമാര്‍ പറയുന്നു.

“ബാക്കിയൊക്കെ നശിച്ചു പോയി. എന്നാല്‍ പൂര്‍ണമായും നശിച്ചു പോയെന്നു പറയാനൊക്കില്ല. ഏതെങ്കിലും കര്‍ഷകര്‍ ഇതൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. അതുകൊണ്ടല്ലേ കര്‍ണാടകയിലും ഗുജറാത്തിലുമൊക്കെ നെല്‍വിത്തുകള്‍ അന്വേഷിച്ചു പോകാനും സ്വന്തമാക്കാനുമൊക്കെ എനിക്ക് സാധിച്ചത്.”

(***ഫിലിപ്പീന്‍സിലെ ഇന്‍റെര്‍നാഷണല്‍ റൈസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ശേഖരത്തില്‍ 1,30,000 നെല്ലിനങ്ങളുണ്ട്. ലോകത്തിലെ നെല്ലിനങ്ങളുടെ ഏറ്റവും വലിയ ജീന്‍ ബാങ്ക് ആണിത്. )

“വളരെ അപൂര്‍വമായ നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നവരുണ്ട്. പത്തോ അമ്പതോ വര്‍ഷം കൊണ്ടല്ല നാലും അഞ്ചും തലമുറകളായി നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നവരുണ്ട്.

“പലരും സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്നേഹവും പരിചരണവുമൊക്കെ നല്‍കിയാണ് നെല്ലുകള്‍ സംരക്ഷിക്കുന്നത്. പൂര്‍വികരായി സംരക്ഷിച്ചു തുടങ്ങിയവരുമുണ്ട്. അവരെയൊക്കെ തേടിപ്പിടിച്ചാണ് വിത്തുകള്‍ക്കായി ഞാനും പോകുന്നത്.

“ഭാവിയില്‍ ഹൈബ്രിഡ് വിത്തുകളെക്കാള്‍ കൂടുതല്‍ മൂല്യം പാരമ്പര്യ വിത്തുകള്‍ക്കായിരിക്കും. കുറേ അന്വേഷണങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഒടുവിലാണ് വിത്ത് കിട്ടുന്നത്. പലരും വിത്തുകള്‍ നല്‍കാന്‍ മനസ് കാണിക്കില്ല. പിന്നെ അവരോടൊക്കെ കുറേ സംസാരിച്ചും അപേക്ഷിച്ചുമൊക്കെയാണ്  വിത്തുകള്‍ സ്വന്തമാക്കുന്നത്,” എന്ന് പ്രസീദ്.

ഇതൊക്കെ അറിഞ്ഞും കേട്ടും പലരും വിത്തുകള്‍ക്കായി പ്രസീദിനെ തേടി വരുന്നുണ്ട്. ചോദിക്കുന്നവര്‍ക്കൊക്കെ വിത്ത് കൊടുക്കും. അങ്ങനെ വരുന്നവരുടെ എണ്ണം കൂടിയതോടെയാണ് വിത്തുകള്‍ വിലയ്ക്ക് നല്‍കി തുടങ്ങിയത്.

വിത്ത് അന്വേഷിച്ചുള്ള യാത്രകള്‍ എപ്പോഴും നല്ല അനുഭവങ്ങള്‍ മാത്രമല്ല നല്‍കിയിട്ടുള്ളതെന്നു പ്രസീദ് ഓര്‍ക്കുന്നു.

“ഇന്ത്യയുടെ പകുതിയിലേറെയും സ്ഥലത്ത് വിത്തുകള്‍ അന്വേഷിച്ച് പോയിട്ടുണ്ട്. ഇക്കൊല്ലം ആസാമും ഒഡിഷയും പോകാനിരിക്കുകയായിരുന്നു. പക്ഷേ കൊറോണയും അവിടെ പ്രളയം വന്നതുമൊക്കെ പ്രശ്നമായി.

“അതോടെ ആ യാത്ര വേണ്ടെന്നു വച്ചു. വെള്ളപ്പൊക്കം കാരണം അവിടുത്തെ കര്‍ഷകരും പലവിധ കഷ്ടപ്പാടുകളിലാണ്.

“വിത്തുകള്‍ തേടി ദൂരനാടുകളിലേക്ക് പോകുമ്പോ, അവിടെയുള്ള മലയാളികളുടെ സഹായമാണ് തേടുന്നത്. ഒഡിഷയിലേക്ക് പോകാനൊരു പള്ളീലച്ചനാണ് സഹായിക്കാനിരുന്നത്.

“താമസത്തിനുള്ള സൗകര്യം അവര് പള്ളിയില്‍ തരാമെന്നൊക്കെ ഏറ്റിരുന്നു. കര്‍ഷകരുമായി സംസാരിക്കാന്‍ ഭാഷ പ്രശ്നമല്ലേ. അതിനൊരാളെയും സഹായത്തിന് നല്‍കാമെന്നുമൊക്കെ പറഞ്ഞതാണ്. പക്ഷേ എന്ത് ചെയ്യാം സാഹചര്യം ഇങ്ങനെയൊക്കെയായി പോയില്ലേ,” എന്ന് സങ്കടപ്പെടുകയാണ് അദ്ദേഹം.

പാടത്തിറങ്ങിയ ആന… പ്രസീദിന്‍റെ പാഡി ആര്‍ട്ട് (ആകാശ ദൃശ്യം)

ഓരോ സ്ഥലത്തെയും മലയാളികള്‍ സഹായിക്കാറുണ്ടെന്ന് പ്രസീദ്. അവര്‍ ആരെയെങ്കിലും ഏര്‍പ്പെടുത്തിക്കൊടുക്കും. അവരോടൊപ്പം കര്‍ഷകരെ സമീപിക്കും.

“അവര്‍ക്കൊപ്പം നെല്‍പ്പാടവും കര്‍ഷകന്‍റെ വീടുമൊക്കെ കാണും. പത്തോ പതിനഞ്ച് ദിവസമൊക്കെ താമസിച്ചാണ് പലിയിടത്തുനിന്നും വിത്തുകള്‍ ശേഖരിക്കുന്നത്.  ചില അവസരങ്ങളില്‍ വിത്ത് കിട്ടാതെയും വന്നിട്ടുണ്ട്

“ഒരുപാട് കഷ്ടപ്പെട്ടൊക്കെയാണ് വിത്ത് പലരില്‍ നിന്നും സ്വന്തമാക്കുന്നത്.


വിത്തുകള്‍ കൈമാറാന്‍ പലര്‍ക്കും താത്പ്പര്യമുണ്ടാകില്ലെന്നതാണ് സത്യം. അവര് അരി തരാന്‍ തയ്യാറാണ്. പക്ഷേ വിത്ത് തരില്ല.


“അങ്ങനെയാകുമ്പോ കുറച്ചു കൂടുതല്‍ പൈസ അവര്‍ക്ക് കൊടുക്കുകയോ അല്ലെങ്കില്‍ നമ്മുടെ കൈയിലുള്ള ഏതെങ്കിലും വിത്ത് നല്‍കുകയോ ചെയ്യും.

“എന്നിട്ടും ഒരു രക്ഷയില്ലെങ്കില്‍ ഒരു നെല്‍കതിര് തന്നു കൂടേയെന്ന് അഭ്യര്‍ഥിക്കും. പത്ത് മണിയെങ്കിലും തന്നൂടേയെന്നു പറയുമ്പോ പലരും തരും. ആ പത്ത് മണി പാകി മുളപ്പിച്ചാ വിത്ത് കിട്ടുമല്ലോ.

“ഒരു നെല്‍മണിയെങ്കിലും കിട്ടിയാ മതി. ആത്മാര്‍ത്ഥതയോടെ നോക്കിയാല്‍ തില്‍ നിന്ന് നിന്നു മാസങ്ങള്‍ കൊണ്ടു തന്നെ ഇരുന്നൂറ് മുന്നൂറ് മണിയാക്കി മാറ്റാം.”

തുടക്കത്തില്‍ കര്‍ഷകര്‍ അടുക്കില്ലെങ്കിലും മെല്ലെമെല്ലെ അവര്‍ പ്രസീദിനുള്ളിലെ കര്‍ഷകനെ തിരിച്ചറിയുകയും സൗഹൃദത്തിലാവുകയും ചെയ്യാറാണ് പതിവ്.

“കര്‍ണാടകയിലെ ചില വീടുകളില്‍ നിന്നൊക്കെ റൈസ് ബാത്ത് കഴിക്കാനൊക്കെ തന്നിട്ടുണ്ട്. അവര്‍ക്ക് നമ്മുടെ ശ്രമത്തെക്കുറിച്ച് മനസിലാകുമ്പോ അവര് വിത്തുകള്‍ ചോദിക്കാതെ തന്നെ തരും,” അതോടെ പരസ്പരം സ്നേഹവും വിശ്വാസവുമൊക്കെ ഉടലെടുക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

“ചിലപ്പോ കര്‍ഷകന്‍റെ വീടിന് മുന്നിലെത്തുമ്പോഴാകും, ആള് അവിടെയില്ല. കുറച്ച് ദിവസം കഴിഞ്ഞേ വീട്ടിലേക്ക് വരൂ എന്നൊക്കെ അറിയൂ. പോയിട്ട് തിരിച്ചു വാ എന്നു മറ്റുള്ളവര്‍ പറയും. ഇത്രേം ദൂരത്തേക്ക് പെട്ടെന്ന് പോയി തിരിച്ചുവരുന്നതൊക്കെ നടക്കില്ലല്ലോ.” അങ്ങനെ വരുമ്പോള്‍ എന്തുചെയ്യണമെന്ന് ഇപ്പോള്‍ പ്രസീദിനറിയാം.

“ഏത് നാട്ടിലേക്കാണ് പോകുന്നതെന്നതു അനുസരിച്ച് അന്നാട്ടിലെ ക്ഷേത്രങ്ങള്‍ കൂടി സന്ദര്‍ശിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെ കണ്ട് മടങ്ങും. ക്ഷേത്രങ്ങളിലൊക്കെ താമസിക്കാനും സൗകര്യം കിട്ടും.

“ചിലയിടങ്ങളിലൊക്കെ അന്നദാനവുമുണ്ടാകും. അങ്ങനെയും ചില ഗുണങ്ങളുണ്ട്.  ധര്‍മസ്ഥലത്ത് ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ബത്തേരിയിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോഴും ബസ് കയറിയപ്പോഴുമൊക്ക അവരെ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു.

“പക്ഷേ അവിടെയെത്തി വിളിച്ചപ്പോ കര്‍ഷകന്‍റെ ഭാര്യ ഫോണെടുത്ത് പറയുന്നു, ഇപ്പോ പറ്റില്ല, ആള് ടൈഫോയ്ഡ് പിടിച്ച് ആശുപത്രിയിലാണ്, പിന്നൊരിക്കല്‍ വന്നാല്‍ മതിയെന്ന്.

“ആ സാഹചര്യത്തില്‍ കണ്ടിട്ടേ പോകൂ എന്ന വാശിക്കൊന്നും സ്ഥാനമില്ല. ധര്‍മസ്ഥലത്തെ ക്ഷേത്രത്തിലൊക്കെ പോയ ശേഷം നാട്ടിലേക്ക് മടങ്ങി. കര്‍ഷകനെ കണ്ടില്ല, വിത്ത് കിട്ടിയില്ല എന്നൊക്കെയുള്ള മാനസിക വിഷമം ഈ ക്ഷേത്രദര്‍ശനത്തിലൂടെ മാറിക്കിട്ടും.

“ഷിമോഗയിലും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. എന്നിട്ട് 30 കിലോമീറ്റര്‍ അകലത്തില്‍ ടൗണില്‍ പോയി റൂമെടുത്തു താമസിച്ചു. പിന്നെ ക്ഷേത്രങ്ങളൊക്കെ കണ്ടിട്ട് തിരിച്ച് നാട്ടിലേക്ക് മടങ്ങി.

“വയനാട്ടിലേക്കും ആളുകള്‍ വിത്ത് തേടി വരാറുണ്ട്. വിത്തിനും കൃഷി കാണാനുമൊക്കെയായി വരുന്നവരെ നമ്മളും നന്നായി പരിചരിക്കാറുണ്ട്. പാടത്ത് കൊണ്ടുപോകും, വിത്ത് കൊടുക്കും, കൃഷിയും കാണിച്ചു കൊടുക്കും.”

കുടുംബത്തിനൊപ്പം പ്രസീദ്

കൃഷ്ണ കൗമോദ് എന്ന വയലറ്റ് നിറമുള്ള ഗുജറാത്ത് ഇനമണ് പ്രസീദ് ആദ്യമായി ശേഖരിച്ചത്. പിന്നീട് ബ്ലാക്ക് ജാസ്മിന്‍, മല്ലികുറവ, രാംലി, കരിബസ്മതി, രക്തശാലി, അന്നൂരി … ഇതൊക്കെ പല ഇടങ്ങളില്‍ നിന്നു കണ്ടെത്തി വയനാട്ടിലെ വയലില്‍ വിതയ്ക്കുകയായിരുന്നു.

ഇക്കൂട്ടത്തില്‍ ശബരിമല കാടുകളില്‍ കാണുന്ന അന്നൂരി എന്ന നെല്ലാണ് ഏറ്റവും ഒടുവില്‍ ശേഖരിച്ചതെന്നു പ്രസീദ്. “അപൂര്‍വ ഇനമാണ് അന്നൂരി. ഈ നെല്ലിന്‍റെ ചുവട്ടില്‍ നിന്ന് 15 ദിവസം കൂടുമ്പോ ഓരോ ചുവട് വശങ്ങളില്‍ നിന്ന് മുള പൊട്ടി വരും.

“അത് രാവിലെ കതിര് വന്നാല്‍ വൈകുന്നേരത്തോടെ വിളവെടുക്കാം. അത്രയും വേഗത്തില്‍ വിളവെടുക്കാം. എട്ടുപത്ത് നെല്‍മണിയേ ഒരു കതിരില്‍ ഉണ്ടാകൂ എന്നേയുള്ളൂ.


ഇതുകൂടി വായിക്കാം:40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ


“വീട്ടില്‍ അഞ്ചാറ് ഗ്രോബാഗുകളിലായാണ് നട്ടിരിക്കുന്നത്. കതിര് വന്നു തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ അളവ് കൂട്ടിക്കൊണ്ടുവരണമെന്നാണ്. ഈ നെല്ലിന് കോയിനെല്ല് എന്ന പേരുമുണ്ട്.

“അതിനു കാരണം വൈകുന്നേരം ആറു മണിക്ക് ശേഷം ശബരിമലയിലെ കാട്ടു കോഴികളാണ് ഈ നെല്ല് തിന്നുന്നത്. രാംലി എന്ന ഇനം കണ്ണിന്‍റെ കൃഷ്ണമണി പോലെയുള്ള നെല്ലാണ്. കേരളത്തില്‍ ഇതിനെ കണ്‍മണി എന്ന് പറയുന്നുണ്ട്. പക്ഷേ പഞ്ചാബിന്‍റേതാണ്.

പാഡി ആര്‍ട്ടിലെ ആന

“ശ്രീബുദ്ധന്‍റെ കാലഘട്ടത്തിലുണ്ടായിരുന്ന നെല്ലാണ് കാലാനമക്ക്. കറുത്ത ഉപ്പ് എന്നാണ് കാലാനമക്കിന്‍റെ അര്‍ഥം. കിഡ്നി,അല്‍ഷിമേഴ്സ് രോഗങ്ങള്‍ക്ക് നല്ലതാണത്രേ. മണ്ണില്‍ നിന്ന് 50 തരം ഉപ്പാണ് കാലാനമക്ക് വലിച്ചെടുക്കുന്നതെന്നു പറയപ്പെടുന്നു.

“ഉത്തര്‍പ്രദേശിന്‍റേതാണ് കാലാനമക്ക്. എന്നാല്‍ എനിക്ക് കിട്ടിയത് തിരുവണ്ണാമലയില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ നിന്നു വിത്ത് കൊണ്ടുവന്ന സന്യാസിമാരാണ് തന്നത്. വളരെ കുറച്ച് മാത്രമേ തന്നുള്ളൂ.

“സിന്ദൂരമധുശാല എന്ന ഷുഗര്‍ രോഗികള്‍ക്ക് കഴിക്കാവുന്ന നെല്ലാണിത്. ഇത് കഞ്ഞി വച്ച് കുടിച്ചാല്‍ ഷുഗര്‍ കുറയും. കര്‍ണാടകയുടെ അമ്പിമോറി എന്നൊരു ഇനമുണ്ട്. വളരെ ചെറിയ നെല്ലാണ്, കുറഞ്ഞ അളവിലേ ഉണ്ടാകൂ. ആസ്തമ രോഗികള്‍ക്ക് ഇതൊരു ഔഷധമാണ്.

“കരിബസുമതിയും ശേഖരത്തിലുണ്ട്. ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയുള്ള കുട്ടികള്‍ക്കും കരിബസുമതി കഞ്ഞി വച്ച് കൊടുത്താല്‍ വിളര്‍ച്ചയുണ്ടാകില്ല. വിത്തുകള്‍ കിട്ടിയ നാടുകള്‍ തന്നെയാണ് നെല്ലിന്‍റെ സ്വന്തം സ്ഥലമെന്നു പറയാന്‍ പറ്റില്ല. കൈമാറി വന്നിട്ടുമുണ്ടാകും. രേഖകളൊന്നും ഇല്ല. ഇതൊക്കെയും ഔഷധഗുണങ്ങളുള്ളതാണ്.”

ഔഷധമൂല്യമുള്ള നെല്ലിനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്തു വിപുലമാക്കി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ജീവിതശൈലീ രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിറുത്താമെന്നു പ്രസീദ് ചൂണ്ടിക്കാണിക്കുന്നു.

ഏഴര ഏക്കറിലാണ് പ്രസീദിന്‍റെ കൃഷി. ഇതില്‍ അഞ്ചേക്കര്‍ പുതുതായി വാങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം വരെ പാട്ടഭൂമിയിലായിരുന്നു നെല്‍കൃഷി. ബത്തേരിയിലെ പ്രസീദിന്‍റെ വീട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പുതിയ നെല്‍പ്പാടം.

നെല്ല് സംരക്ഷണത്തിനൊപ്പം പാഡി ആര്‍ട്ടും പ്രസീദ് പരീക്ഷിക്കുന്നുണ്ട്. പലനിറത്തിലുള്ള നെല്ലുകളുണ്ടെന്നും അരിയുണ്ടെന്നും പലര്‍ക്കും അറിയില്ല. ആളുകളിലേക്ക് അത്തരം കാര്യങ്ങളെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് പാഡി ആര്‍ട്ട് ചെയ്തതെന്നു പ്രസീദ് കുമാര്‍.


പാഡി ആര്‍ട്ട് കാണാനും ആളുകള്‍ വരുമല്ലോ. അങ്ങനെ പറഞ്ഞും കേട്ടും ആളുകള്‍ അറിയട്ടേ. ഇതിലൂടെ വ്യത്യസ്ത നെല്ലുകളെക്കുറിച്ചും ആളുകള്‍ക്കിടയില്‍ സംസാരമുണ്ടാകുമല്ലോ.


“പാഡി ആര്‍ട്ട് കാണണമെന്നും കണ്ടാല്‍ കൃഷി ചെയ്യണമെന്നുമൊക്കെ തോന്നുമല്ലോ. അതിലൂടെ നെല്ലിന്‍റെ ഔഷധഗുണങ്ങളും എല്ലാവരിലേക്കുമെത്തും.” പാഡി ആര്‍ട്ടില്‍ ഇന്‍ഡ്യയുടെ ഭൂപടവും ഗുരുവായൂര്‍ കേശവനെയും ‘വരച്ചുവളര്‍ത്തിയ’ കര്‍ഷകന്‍ പറയുന്നു.

ആനയെ ഗുരുവായൂര്‍ കേശവനെന്ന സങ്കല്‍പ്പത്തില്‍ ചെയ്തതാണ്. കറുവാച്ചിയും കൃഷ്ണ കാമോദുമൊക്കെ കൂട്ടിച്ചേര്‍ത്താണ് പ്രസീദ് ആനയെ പാടത്ത് വരച്ചത്.

ജൈവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വെച്ചൂര്‍ പശുക്കളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. ചാണകവും ഗോമൂത്രവും കലര്‍ത്തി പാടത്ത് കൃഷി ആരംഭിക്കും മുന്‍പേ കൊണ്ടിടും. മണ്ണിന്‍റെ അടിയില്‍ നിന്ന് സൂക്ഷ്മാണുക്കള്‍ കയറി വരുന്നതിന് ഈ വളം നല്ലതാണെന്നാണ് ഈ കര്‍ഷകന്‍റെ അനുഭവം.

കര്‍ഷകര്‍ക്ക് ലാഭം കിട്ടുന്നതിനു മൂല്യം കൂടുതലുള്ള നെല്ല് കൃഷി ചെയ്തു വില്‍ക്കണമെന്നു പ്രസീദ് പറയുന്നു. “കൃഷ്ണ കാമോദിന് കിലോയ്ക്ക് 300 രൂപയാണ്. ഇതിന്‍റെ വിത്ത് 200-250 രൂപ. 500 രൂപ വിലയുണ്ട് ബ്ലാക് ജാസ്മിന്‍റെ അരിക്ക്. വിത്തിന് 400 രൂപയും. ഇതൊക്കെ കൃഷി ചെയ്യുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ലാഭം കിട്ടുകയും ഔഷധമൂല്യമുള്ളവ കൃഷി ചെയ്യാനും സാധിക്കും,” അദ്ദേഹം അനുഭവത്തില്‍ നിന്നാണത് പറയുന്നത്.

വിശ്വപ്രിയയാണ് ഭാര്യ. പത്താം ക്ലാസില്‍ പഠിക്കുന്ന ആകര്‍ഷിമ, നാലാം ക്ലാസുകാരി ആത്മീകയുമാണ് മക്കള്‍. ഇവരുടെ കൂടി പിന്തുണയും താത്പ്പര്യവും കൊണ്ടാണ് കൃഷിയും വിത്ത് സംരക്ഷണവുമൊക്കെ നന്നായി കൊണ്ടുപോകാന്‍ കഴിയുന്നതെന്ന് ഈ കര്‍ഷകന്‍ പറയുന്നു.

“സ്വന്തമായി എന്തെങ്കിലും ചെയ്യണം, കൃഷിയില്‍  സാധ്യതകളുണ്ട് എന്നൊക്കെയുള്ള തോന്നലാണ് ബികോം പൂര്‍ത്തിയാക്കി കൃഷിയിലേക്ക് വരുന്നത്.” കൂടുതല്‍ നെല്ലിനങ്ങളെ കണ്ടെത്തി കൃഷി ചെയ്യണം, വിപണനവും വിപുലമാക്കണമെന്നൊക്കെയാണ് ആഗ്രഹിക്കുന്നതെന്നും പ്രസീദ് വ്യക്തമാക്കി.

പ്രസീദിന്‍റെ ഫോണ്‍ നമ്പര്‍ +91 9447 316 591 വെബ്സൈറ്റ് സന്ദര്‍ശിക്കാം.


ഇതുകൂടി വായിക്കാം:പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍‍‍‍‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം