40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ തന്‍റെ മൂന്നരയേക്കര്‍ പറമ്പില്‍ മുഴുവനായും കയ്യാലകള്‍ നിര്‍മ്മിച്ച കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്‍. 84-കാരനായ മലയോര കര്‍ഷകന്‍ കയ്യാലകളുടെ കാരണവരായ കഥ…

തി രക്കുകളില്‍ നിന്നെല്ലാം പാടെ മാറി കണ്ണൂരിലെ ഒരു മലയോരഗ്രാമം. പയ്യാവൂര്‍ ചന്ദനക്കാംപാറയിലേക്കുളള ബസ്സ് മാവുന്തോട് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങി. കൊച്ചേട്ടന്‍റെ വീടെന്നു പറഞ്ഞതും മറുചോദ്യങ്ങളൊന്നുമില്ലാതെ ഡ്രൈവര്‍ ഓട്ടോ വിട്ടു. കരിങ്കല്ലു പാകിയ നടപ്പാത തുടങ്ങുന്നേടത്ത് ഓട്ടോ നിന്നു.

മഴ കനത്ത സമയമായതിനാല്‍ വീടുവരെ ഓട്ടോ പോകില്ല. മഴ കഴുകിയെടുത്ത ഭംഗിയുള്ള കരിങ്കല്‍പാതയിലൂടെ മുന്നോട്ടേക്ക് നടന്നു. വഴിയരികില്‍ രണ്ടോ മൂന്നോ വീടുകള്‍ മാത്രം. മുന്നൂറ് മീറ്ററിലധികം നീളമുളള കരിങ്കല്‍പാതയിലൂടെയുളള നടത്തം അവസാനിച്ചത് കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്‍റെ വീട്ടുമുറ്റത്താണ്. ചുറ്റും കരിങ്കല്ലില്‍ പടുത്ത കയ്യാലകള്‍ കണ്ടതും ഒന്നുറപ്പായി–വീട് തെറ്റിയിട്ടില്ല.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

കണ്ണൂരിലെ മലയോരമേഖലയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളാണ് കോലക്കുന്നേല്‍ വര്‍ഗീസ്. നാട്ടുകാരും പ്രിയപ്പെട്ടവരും കൊച്ചേട്ടന്‍ എന്നേ വിളിക്കൂ.

പാറക്കെട്ടുകള്‍ നിറഞ്ഞ ചെങ്കുത്തായ മലയെ സമൃദ്ധമായ കൃഷിയിടമാക്കിയ കര്‍ഷകന്‍. പാറ പൊട്ടിച്ച് 5,000 മീറ്ററോളം കരിങ്കല്‍ കയ്യാലകളാണ് കൊച്ചേട്ടന്‍ സ്വയം കെട്ടിയുണ്ടാക്കിയത്.

1955-ലാണ് കോട്ടയത്തുനിന്നും കൊച്ചേട്ടന്‍റെ കുടുംബം കണ്ണൂരിന്‍റെ മലയോരത്തേക്ക് കുടിയേറിയത്.

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ ആ മൂന്നരയേക്കര്‍ പറമ്പ് മുഴുവനായും കരിങ്കല്ലുകള്‍ കൊണ്ടു കയ്യാലകള്‍ കെട്ടി സംരക്ഷിച്ചു.എഞ്ചിനീയറിങ് ഒന്നും പഠിച്ചില്ലെങ്കിലും ശാസ്ത്രീയമായ മണ്ണ് സംരക്ഷണ മാര്‍ഗങ്ങള്‍ പ്രൊഫഷണല്‍ മികവോടെ സ്വന്തം കൃഷിഭൂമിയില്‍ പ്രയോഗിച്ച ഇദ്ദേഹം അങ്ങനെ കയ്യാലകളുടെ കാരണവരായി.

കൊച്ചേട്ടന്‍റെ കഥ പറഞ്ഞുതുടങ്ങണമെങ്കില്‍ ആദ്യം ഒരു അറുപതുവര്‍ഷം പിന്നോട്ടേക്ക് പോകണം. അദ്ദേഹത്തിനിപ്പോള്‍ എണ്‍പത്തിനാല് വയസ്സായി. എന്നാലും പ്രായം തളര്‍ത്താത്ത മനസ്സോടെ വീട്ടിലെ സ്വീകരണമുറിയിലെ ചാരുകസേരയിലിരുന്ന് കൊച്ചേട്ടന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി ആ ഓര്‍മ്മകള്‍ പങ്കുവച്ചു.

”1955-ല്‍ അപ്പച്ചന്‍ വര്‍ക്കിക്കൊപ്പമാണ് ഞാന്‍ കോട്ടയം കരിങ്കുന്നത്തൂന്നും കണ്ണൂരിലെത്തുന്നത്. യാത്രാസൗകര്യങ്ങള്‍ തീരെയില്ലാത്ത കാലം. കണ്ണൂരുവരെ ട്രെയിനേല്‍ വന്നു. ശേഷം വളപട്ടണത്തൂന്ന് ബോട്ടില്‍ ചെങ്ങളായി വന്നിറങ്ങി.


പിന്നീട് കാളവണ്ടിയില്‍ പയ്യാവൂരിലേക്ക്. അപ്പച്ചനും അമ്മച്ചിയും ഭാര്യയും അനിയന്‍മാരും പെങ്ങന്മാരുമടക്കം ഞങ്ങള്‍ പത്തുപേരുണ്ടായിരുന്നു. കുടുംബത്തിലെ മൂത്തമകന്‍ ഞാനായിരുന്നു.


കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്‍

“എന്‍റെ മാത്രമാണ് വിവാഹം കഴിഞ്ഞിരുന്നത്. ചന്ദനക്കാംപാറ പുഴയുടെ അരികിലുളള വീട്ടില്‍ അപ്പനും അമ്മച്ചിയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ആദ്യത്തെ അഞ്ചുവര്‍ഷം താമസിച്ചത്. അവിടെ കൃഷിയൊക്കെ പച്ചപിടിച്ച ശേഷമാണ് ഇവിടെ ഭൂമി വാങ്ങുന്നത്. സ്വന്തമായി വീടുപണിയാനും കൃഷി ചെയ്യാനുമായിരുന്നു ആഗ്രഹം.

”അങ്ങനെയാണ് അടുത്തുളള ജന്മിയുടെ കാര്യസ്ഥനോട് സ്ഥലത്തെപ്പറ്റി അന്വേഷിച്ചത്. അവരു കാണിച്ചുതന്നതാ ഈ ഭൂമി. പറമ്പിന്‍റെ പകുതിയിലധികവും പാറയായിരുന്നു. മുള്‍പ്പടര്‍പ്പുകളും കല്ലുകൂട്ടങ്ങളും നിറഞ്ഞ ചെങ്കുത്തായ ഭൂമി. ഒറ്റനോട്ടത്തില്‍ ശരിയ്ക്കും ഒരു കാടുതന്നെ. താഴെയുളള നിരപ്പായ സ്ഥലങ്ങളൊക്കെ നേരത്തെ വിറ്റുപോയിരുന്നു. ആള്‍ത്താമസമില്ലെന്നു മാത്രേയുളളൂ. പലരും തിരുവിതാംകൂറിലൊക്കെയാ. ഇതിങ്ങനെ ഒറ്റപ്പെട്ടു കിടക്കുവായിരുന്നു.

“അങ്ങനെയുളള മൂന്നരയേക്കറാണ് ജന്മിയോട് ഞാന്‍ ആദ്യം വാങ്ങിയത്. ബാക്കിയുളളതെല്ലാം പിന്നീട് വാങ്ങിയതാണ്. ആദ്യം 25 രൂപയാ വില പറഞ്ഞെ. എന്നാല്‍ ഭൂമി സ്വന്തം പേരില്‍ എഴുതിക്കിട്ടാന്‍ മൂന്ന് വര്‍ഷമെടുത്തു. അപ്പോഴേയ്ക്ക് ജന്മിയ്ക്ക് ഏക്കറിന് 75 രൂപ വില വച്ച് കൊടൂക്കേണ്ടിവന്നു,” കൊച്ചേട്ടന്‍ തുടരുന്നു.

കൊച്ചേട്ടന്‍റെ പറമ്പില്‍ നിന്നുള്ള കാഴ്ച.

”പറമ്പിന്‍റെ മുക്കാല്‍ഭാഗവും വെറും പാറ തന്നെ. മണ്ണ് കാണത്തില്ലായിരുന്നു. കാട് വെട്ടിത്തെളിക്കാനും പറ്റാത്ത സ്ഥിതി. മുഴുവന്‍ നായ്ക്കുരണ ചെടികളായിരുന്നു. അതിന്‍റെ പൊടി ദേഹത്ത് വീണാല്‍ ചൊറിഞ്ഞിട്ട് രക്ഷയുണ്ടാവില്ല. ഒരു വിധത്തില്‍ അതെല്ലാം കൊത്തിയിട്ട് കുറെ തീയിട്ടുനോക്കി. ചുറ്റുമെങ്ങും ആള്‍ത്താമസമില്ലാത്തതുകൊണ്ട് ഇഷ്ടം പോലെ തീയിടാമായിരുന്നു. തീയിട്ട് കത്തിച്ച് നോക്കുമ്പോള്‍ മുഴുവന്‍ കല്ലും പാറയും തന്നെ.


“എന്നാപ്പിന്നെ ഇതുപേക്ഷിച്ച് വേറെ വല്ല സ്ഥലവും വാങ്ങിക്കാമെന്ന് അപ്പച്ചനടക്കം എല്ലാവരും പറഞ്ഞു. എന്തായാലും ഇറങ്ങിയില്ലേ ഒന്നു നോക്കാമെന്നു ഞാനും.


കല്ലിടം പൊന്നിടം എന്ന് കാര്‍ന്നോമാര് പറഞ്ഞുകേട്ടിട്ടുണ്ട്. ആ ഒരു വിശ്വാസം മനസ്സിനുണ്ടായിരുന്നു”വെന്ന് അദ്ദേഹം.

അങ്ങനെ ചെരിവായി കിടക്കുന്ന ഭൂമിയില്‍ കല്ലിനോട് മല്ലിട്ട് അദ്ദേഹം കൃഷി തുടങ്ങി. “ആദ്യം നല്ല വിളവൊക്കെ കിട്ടി കേട്ടോ, എന്നാല്‍ ഒരു മഴപെയ്തുകഴിയുന്നതോടെ മുകളിലെ പറമ്പില്‍ നിന്ന് വെളളം താഴോട്ടേക്ക് ഒലിച്ചിറങ്ങും. അതോടെ കൃഷി ചെയ്തതെല്ലാം വേരോടെ പുഴയിലെത്തുന്ന സ്ഥിതിയായിരുന്നു,” അധ്വാനം മുഴുവന്‍ പാഴായിപ്പോയിരുന്ന ആദ്യകാലങ്ങള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇന്നലെയെന്ന പോലെ തെളിഞ്ഞുവരുന്നു.
കൃഷിചെയ്തുണ്ടാക്കിയതെല്ലാം കുത്തിയൊലിച്ച് താഴേക്ക് പോകുന്നത് നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വന്ന കാലം.

ജീവിതം വഴിമുട്ടിയ ആ സമയത്താണ് കയ്യാലയെപ്പറ്റി ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു: “അതല്ലാതെ വേറെ തരമില്ലായിരുന്നു. ഞങ്ങള്‍ അപ്പനപ്പൂപ്പന്മാരായിട്ട് കൃഷിക്കാരാണ്. അവരൊക്കെ കയ്യാല കെട്ടി കൃഷി ചെയ്തവരാണ്. അതിനാല്‍ കയ്യാലകെട്ടിയുളള കൃഷിയെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ മലബാറില്‍ ഈ രീതി വളരെ കുറവാണ്. കൂടുതല്‍ സ്ഥലമുളളതിനാല്‍ ബുദ്ധിമുട്ടുമാണ്. പറമ്പ് തട്ടുകളായി തിരിച്ച് കയ്യാല കെട്ടുന്നത് മണ്ണ് സംരക്ഷിക്കുമെന്നും പറമ്പില്‍ വെളളം താഴാനിടയാക്കുമെന്നുമുളള അറിവുണ്ടായിരുന്നു.”

ചെങ്കുത്തായ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷിക്കുന്നതിനുളള പ്രധാന വഴിയാണ് കയ്യാല കെട്ടല്‍. കല്ലുകള്‍ അടുക്കിവച്ച് മണ്ണിട്ട് ഉറപ്പുവരുത്തുന്നതാണ് കല്ലു കയ്യാലകള്‍. ഇതുവഴി മഴവെളളത്തെ തടഞ്ഞുനിര്‍ത്തി മണ്ണിലേക്ക് ഇറക്കി നിര്‍ത്താനാകും.

”കയ്യാല നിര്‍മ്മിച്ചാല്‍ മണ്ണ് നഷ്ടപ്പെടില്ല. അങ്ങനെയാണ് കോണ്ടൂര്‍ (contour) രീതിയിലുളള കയ്യാല നിര്‍മ്മാണം പഠിക്കാനായി തൊട്ടടുത്തുളള ഷിമോഗ കോളനിയിലെത്തുന്നത്. ജീവിതത്തിന്‍റെ ഗതി മാറ്റിമറിച്ചതും ഇതാണ്. അക്കാലത്ത് കേന്ദ്രസര്‍ക്കാരിന്‍റെ ഒരു കയ്യാലനിര്‍മ്മാണ പദ്ധതി അവിടെയുണ്ടായിരുന്നു. അങ്ങനെ മണ്ണ് സംരക്ഷണവകുപ്പില്‍നിന്നും കോണ്ടൂര്‍ ലൈനില്‍ക്കൂടി ശാസ്ത്രീയമായി ചരടുവലിക്കാനും കുറ്റിയടിക്കാനും പഠിച്ചു,” അദ്ദേഹം വിശദമാക്കുന്നു.

ഇരുപത്തിയഞ്ചോളം തട്ടുകളായാണ് കയ്യാല പണിതിരിക്കുന്നത്.

ഈ രീതി കൊച്ചേട്ടന്‍ സ്വന്തം കൃഷിയിടത്തിലും പ്രയോഗിച്ചു. ആദ്യം ഭൂമി കിളച്ചപ്പോള്‍ കിട്ടിയ കല്ലുകളെല്ലാം ഇതിനായി ഉപയോഗപ്പെടുത്തി. കരിങ്കല്ലുകള്‍ പൊട്ടിച്ച് പ്രത്യേക ഉളികൊണ്ട് ചെത്തിയെടുത്ത് കയ്യാല കെട്ടിത്തുടങ്ങി. “ആദ്യത്തെ കയ്യാല പൂര്‍ത്തിയായതോടെ അടുത്തത് ഉണ്ടാക്കാനുളള ആവേശമായി. വെളുപ്പിന് ആറുമണിയ്ക്ക് തന്നെ ജോലി തുടങ്ങും. ഉച്ചവരെ കയ്യാല നിര്‍മ്മാണം. ഇതിനുശേഷം കൃഷിപ്പണി. ഇതായിരുന്നു രീതി,” അദ്ദേഹം പറഞ്ഞു.

വലിപ്പമുളള കല്ലുകള്‍ ഉരുട്ടിയിറക്കി കയ്യാലയില്‍ ഉറപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കുളളില്‍ മൂന്നരയേക്കര്‍ ഭൂമിയും കയ്യാലകെട്ടി തട്ടുകളാക്കി തിരിച്ചെടുത്തു. നാല്‍പ്പതുവര്‍ഷം കൊണ്ട് 25 തട്ടുകളിലായി 5,000 മീറ്റര്‍ നീളത്തില്‍ കയ്യാലകള്‍ ഉണ്ടാക്കി. ഈ കയ്യാലകള്‍ക്കെല്ലാം ഒന്നരമീറ്ററില്‍ താഴെയാണ് പൊക്കം. ഓരോ കയ്യാലയിലും കല്ലുകള്‍ വച്ചുതന്നെ പടികളും കുത്തുകല്ലുകളുമുണ്ട്.

കയ്യാലകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ മണ്ണ് നിരത്തിയാണ് പ്ലാറ്റ്ഫോമുകളോരോന്നും ഒരുക്കിയിരിക്കുന്നത്. “മിക്കവാറും ഒറ്റയ്ക്കായിരുന്നു കയ്യാല നിര്‍മ്മാണം. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ മൂന്നരയേക്കര്‍ സ്ഥലത്ത് പൂര്‍ണമായും കയ്യാലകള്‍ ഉണ്ടാക്കിയെടുത്തു. എല്ലാറ്റിനും പൂര്‍ണ പിന്തുണയുമായി അന്നക്കുട്ടിയും മക്കളും.” പാറയും നായ്ക്കുരണക്കാടും നിറഞ്ഞ കുത്തനെ ചെരിഞ്ഞ കുന്നില്‍പുറം നാല്‍പത് വര്‍ഷം കൊണ്ട് മെരുക്കിയെടുത്തത് അങ്ങനെയാണ്.

നല്ല വേനല്‍ക്കാലത്തും ഈ പാറപ്പുറത്ത് വെള്ളത്തിന് ഒരു കുറവുമില്ല

വീട്ടില്‍ അത്യാവശ്യമുളളതെല്ലാം അവര്‍ ആ മണ്ണില്‍ത്തന്നെ കൃഷി ചെയ്തുണ്ടാക്കുമായിരുന്നു. മിച്ചംവരുന്നവ കടകളില്‍ കൊടുക്കാനും ഇല്ലാത്തവ വാങ്ങാനുമെല്ലാം ചെങ്ങളായി ടൗണ്‍ വരെ പോകണം. സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകണമായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി കൊച്ചേട്ടന്‍ തന്നെ വീട്ടിലേക്കുളള വഴിയിലാകെ കരിങ്കല്ല് പാകി നല്ലൊരു നടപ്പാതയും നിര്‍മ്മിച്ചു. ഇതോടെ വീടിന്‍റെ മുറ്റംവരെ വാഹനങ്ങള്‍ കടന്നുവരുമെന്നായി.


ഇതുകൂടി വായിക്കാം: ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു


”കുറച്ചുവര്‍ഷത്തിന് ശേഷം വീടിനോടു ചേര്‍ന്നുളള ഒന്നരയേക്കര്‍ ഭൂമി കൂടി ജന്മിയില്‍ നിന്ന് വാങ്ങിച്ചു. എന്നാല്‍ മണ്ണ് വാങ്ങിക്കഴിഞ്ഞതോടെ യാതൊന്നും മിച്ചമില്ലായിരുന്നു. പിന്നീട് ലോണെടുത്തും ചിട്ടി പിടിച്ചുമാണ് കടങ്ങളെല്ലാം വീട്ടിയത്. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തുമെല്ലാം അതെല്ലാം അടച്ചുതീര്‍ത്തു. ഇതിനിടയില്‍ പെണ്‍മക്കളുടെ വിവാഹവും,” അദ്ദേഹം പറയുന്നു.

തുടക്കത്തില്‍ ചേമ്പ്, ചേന, നെല്ല് തുടങ്ങിയവ കൃഷി ചെയ്തു. മികച്ച വിളവ് കിട്ടിത്തുടങ്ങിയതോടെ പതിയെ കശുമാവ്, കുരുമുളക്, കവുങ്, റബ്ബര്‍, കൊക്കോ എന്നിവയും നട്ടുപിടിപ്പിച്ചു. രാസവളങ്ങളോ മറ്റു കീടനാശിനികളോ ഇല്ലാതെ പൂര്‍ണമായും ജൈവരീതിയിലായിരുന്നു എല്ലാ കൃഷിയും. ഫലപുഷ്ടി ഏറെയുളളതിനാല്‍ അതിന്‍റെയൊന്നും ആവശ്യവും ഈ മണ്ണിനില്ലെന്ന് കൊച്ചേട്ടന്‍ പറയുന്നു. മഴവെളളത്തെ കൃഷിഭൂമിയില്‍ത്തന്നെ ശേഖരിച്ചു നിര്‍ത്താനാകുന്ന തരത്തില്‍ ഒരു പ്രദേശം മുഴുവന്‍ കയ്യാലകള്‍ നിര്‍മ്മിച്ചതിന്‍റെ ഗുണം താഴ്വാരത്തുളള മറ്റ് കൃഷിയിടങ്ങളിലും കിണറുകളിലും കൂടിയുണ്ട്.

കൊച്ചേട്ടന്‍റെ വീട്ടിലേക്കുള്ള വഴി. മുന്നൂറോളം മീറ്റര്‍ നീളമുള്ള ഈ വഴിയില്‍ കല്ലുപാകിയതും കൊച്ചേട്ടന്‍ തന്നെ.

ഏതു കടുത്ത വേനലിലും ഇവിടെ വെളളമുണ്ടാകും. തട്ടുതട്ടായി കയ്യാലകളുളളതിനാല്‍ മറ്റു സ്ഥലങ്ങളിലെ പോലെ വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ കുറവാണ്. കയ്യാലകള്‍ ശാസ്ത്രീയമായ രീതിയില്‍ അളവെടുത്ത് ഒരുക്കിയതിനാല്‍ ഒരിക്കലും ഇടിഞ്ഞുവീണിട്ടുമില്ല,” അതുപറയുമ്പോള്‍ കൊച്ചേട്ടന് അഭിമാനം.

കുഞ്ഞു കാന്താരി മുതല്‍ ചേന, കപ്പ, ചേമ്പ്, കാച്ചില്‍, കാപ്പി, കൊക്കോ, വാഴ, റബ്ബര്‍, കുരുമുളക്, തേങ്ങ, അടയ്ക്ക, മഞ്ഞള്‍ അങ്ങനെ പോകുന്നു ഇവിടത്തെ വിളകള്‍. കയ്യാല കെട്ടുന്നതിലും കൃഷി ചെയ്യുന്നതിലുമുളള അടുക്കുംചിട്ടയും കൃഷിരീതികളിലുണ്ട്. തട്ടുകളായി തിരിച്ച കൃഷിയിടത്തിന്‍റെ ഓരോ ഭാഗത്തായാണ് പലതരം വിളകള്‍ നട്ടുപിടിപ്പിച്ചിട്ടുളളത്.

രണ്ടേക്കര്‍ പറമ്പില്‍ റബ്ബറാണെങ്കില്‍ അരയേക്കറില്‍ കിഴങ്ങുവര്‍ഗങ്ങളാണ്. ബാക്കി സ്ഥലത്ത് തെങ്ങ്, കുരുമുളക്, കൊക്കോ, കവുങ്ങ് എന്നിങ്ങനെയാണ്. ഒരു കയ്യാലയില്‍ നിന്ന് മറ്റൊന്നിലേക്ക് കയറിപ്പോകാനുളള സൗകര്യമുണ്ട്. നേരത്തെ പുഴയ്ക്ക് അക്കരെയുളള വയലില്‍ നെല്‍ക്കൃഷി ഉണ്ടായിരുന്നു. ആ സമയത്ത് കാളപൂട്ട് ഉണ്ടായിരുന്നു. പശുക്കളെയും വളര്‍ത്തിയിരുന്നു. ഇപ്പോള്‍ കുറച്ചുവര്‍ഷമായി ഇതില്ല. ഇപ്പോള്‍ മുയലുകളെയും ആടുകളെയും വളര്‍ത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷോണീമിത്ര അവാര‍്ഡ് കെ എം മാണിയില്‍ നിന്ന് സ്വീകരിക്കുന്നു

” മണ്ണിനോട് ഒരു മനുഷ്യായുസ്സ് മുഴുവന്‍ മല്ലിട്ടപ്പോഴൊന്നും തളരാത്ത അപ്പച്ചന്‍ തളര്‍ന്നുപോയത് അമ്മച്ചി പോയതോടെയാണ്. അമ്മച്ചി മരിക്കുന്നതുവരെ പറമ്പില്‍ പണിയെടുക്കാനും കൃഷി ചെയ്യാനുമെല്ലാം മറ്റും അപ്പച്ചന്‍ തന്നെയായിരുന്നു മുന്നില്‍. അമ്മച്ചി മരിച്ചിട്ട് ഇപ്പോള്‍ അഞ്ചുവര്‍ഷമായി. അപ്പച്ചന്‍റേം അമ്മച്ചീടേം അമ്പതാം വിവാഹവാര്‍ഷികം മക്കളെല്ലാം ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. അറുപതാംവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് അമ്മച്ചി പോയത്,” കൊച്ചേട്ടന്‍റെ മകന്‍ ബേബി പറഞ്ഞു.

ബേബിയും ഭാര്യ റോസമ്മയുമാണ് കൊച്ചേട്ടനൊപ്പം താമസിക്കുന്നത്. പറമ്പും കൃഷിയുമെല്ലാം നോക്കിനടത്തുന്നതും ഇവരാണ്. ജോസ്, ജോര്‍ജ്ജ്, ജോയ്, കൊച്ചുത്രേസ്യ, ആന്‍സി എന്നിവരാണ് മറ്റുമക്കള്‍. ജോസ് കുറച്ചുവര്‍ഷം മുമ്പ് മരിച്ചു. കൊച്ചേട്ടന്‍റെ പാത പിന്തുടര്‍ന്ന മക്കളെല്ലാം തന്നെ നല്ല കൃഷിക്കാരുമാണ്.

കൊച്ചേട്ടന്‍ ഇളയ മകന്‍ ബേബിയോടൊപ്പം.

അധ്വാനമികവിന് ആദരമായി മണ്ണ് സംരക്ഷണത്തിന് 2012-ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷോണിമിത്ര പുരസ്‌കാരം കൊച്ചേട്ടനെ തേടിയെത്തി. പയ്യാവൂരില്‍ കൃഷി ഓഫീസറായിരുന്ന ജോര്‍ജ് കുട്ടി മാത്യുവാണ് അവാര്‍ഡിനായി കൊച്ചേട്ടന്‍റെ പേര് നിര്‍ദേശിച്ചത്. അന്നത്തെ മന്ത്രി കെ.എം. മാണിയില്‍ നിന്നാണ് പുരസ്‌കാരവും സ്വര്‍ണ്ണമെഡലും ഏറ്റുവാങ്ങിയത്.

ഇതിനു പുറമെ തലശ്ശേരി അതിരൂപയുടെ കര്‍ഷകശ്രേഷ്ഠ, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമകര്‍ഷക അവാര്‍ഡുകളും തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുളള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, പയ്യാവൂര്‍ കൃഷിഭവന്‍, കണ്ണൂര്‍ ആകാശവാണി നിലയം എന്നിവയുടെ പുരസ്‌കാരങ്ങളും കൊച്ചേട്ടന് കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,TwitterHelo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം