മൂന്ന് വര്‍ഷം മുന്‍പ് ഒരു മഴക്കാലത്ത് തിരുവനന്തപുരം ജില്ലയിലെ ഞാറനീലി എന്ന ആദിവാസി സെറ്റില്‍മെന്‍റ് വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയുമായി മാധ്യമങ്ങളില്‍ നിറഞ്ഞു.
ഞാറനീലി കുറുപ്പന്‍കാല കോളനിയിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയായിരുന്നു അത്. പെരിങ്ങമല ഇക്ബാല്‍ കോളെജില്‍ സുവോളജി വിദ്യാര്‍ത്ഥിനിയായിരുന്ന വീണ 2017 ജൂലൈ 31-നാണ് സ്വയം ജീവിതം അവസാനിപ്പിക്കുന്നത്.
അത് ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. അഞ്ച് വര്‍ഷത്തിനിടയില്‍ ആ ആദിവാസി സെറ്റില്‍മെന്‍റില്‍ നടന്ന 33-ാമത്തെ ആത്മഹത്യയായിരുന്നു അത്.
പെരിങ്ങമല പഞ്ചായത്തിലാണ് ഞാറനീലി ആദിവാസി സെറ്റില്‍മെന്‍റ്. ഇവിടെ മാത്രം 22 ഊരുകള്‍. 500-ലധികം വീടുകള്‍. ജനസംഖ്യ ഏതാണ്ട് മൂവായിരത്തോളം മാത്രം.
ഈ ചെറിയ പ്രദേശം ആത്മഹത്യകളുടെ മേഖലയായത് രാഷ്ട്രീയമായും വലിയ ഒച്ചപ്പാടുകളുണ്ടാക്കി. നിയമസഭയില്‍ പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യസംഘങ്ങള്‍ ഞാറനീലി സന്ദര്‍ശിച്ചുമടങ്ങി.
മറ്റുപല ആദിവാസി മേഖലകളേയും അപേക്ഷിച്ച് മെച്ചപ്പെട്ട സാഹചര്യങ്ങളാണ് ഞാറനീലിയിലേത്. പ്രശ്നങ്ങളില്ലെന്നല്ല.
എങ്കിലും സാമ്പത്തികപ്രശ്നങ്ങളേക്കാള്‍ ഏറെ സാമൂഹികമായ ചില മാറ്റങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും ശക്തമായ ഇടപെടല്‍ വേണ്ടതാണെന്നും പ്രദേശവാസികളില്‍ ചിലരെങ്കിലും വിളിച്ചുപറയുന്നുണ്ടായിരുന്നു.
മദ്യപാനവും ലഹരിയുമടക്കമുള്ള പ്രശ്‌നങ്ങള്‍ യുവജനങ്ങളെ വല്ലാതെ കീഴ്‌പ്പെടുത്തിക്കളഞ്ഞിരുന്നുവെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
അവരൊക്കെ മദ്യത്തിന്‍റെ പിറകെയാണ്. മദ്യപാനം ഇവിടുത്തെ ഒരു വലിയ പ്രശ്നമാണ്.
“ഇവിടുത്തെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരാണ്, 800-1,000 രൂപ ദിവസവും ശമ്പളം കിട്ടും, അതില്‍ ഒരു രൂപ പോലും വീടുകളില്‍ എത്തില്ല,” ഇലിഞ്ചിയം സെറ്റില്‍മെന്‍റിലെ ഊരുമൂപ്പന്‍ ഭാസ്‌കരന്‍ കാണി ഡൂള്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
മിക്ക യുവാക്കളും പത്താംക്ലാസ്സെങ്കിലും പഠിച്ചിട്ടുള്ളവരാണെങ്കിലും ആര്‍ക്കും ജോലിയൊന്നും ഉണ്ടായിരുന്നില്ല. ആകെ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലിയുള്ളത് എന്നും അദ്ദേഹം വിലപിച്ചു. “മദ്യപിക്കാന്‍ പണമില്ലാത്തപ്പോള്‍ മാത്രം ജോലിക്ക് പോകുന്ന സ്വഭാവമാണ് മിക്ക യുവാക്കള്‍ക്കുമെന്ന്,” അദ്ദേഹം പരാതിപ്പെട്ടു.
ഈ സംഭവങ്ങളെത്തുടര്‍ന്ന് ഈ ഭാഗത്ത് നടത്തിയ സര്‍വ്വേയില്‍ ആത്മഹത്യകള്‍ക്ക് പ്രധാന കാരണം ലഹരി ഉപയോഗം ആണെന്ന കണ്ടെത്തലിലാണ് എക്സൈസ് വകുപ്പ് എത്തിയത്.
ലഹരിയില്‍ നിന്ന് ഈ പ്രദേശത്തുള്ളവരെ, പ്രത്യേകിച്ചും യുവാക്കളെ, എങ്ങനെ മോചിപ്പിക്കുമെന്ന ആലോചനയായി.
ഈ പ്രശ്നത്തിന് പരിഹാരമായി നെടുമങ്ങാട് സര്‍ക്കിള്‍ എക്സൈസ് സംഘം കണ്ടെത്തിയത് മദ്യലഹരിയില്‍ നിന്ന് പഠനലഹരിയിലേക്ക് യുവാക്കളെ കൊണ്ടുവരികയെന്നതായിരുന്നു. പി എസ് സി പരിശീലനത്തിലേക്ക് യുവാക്കളെ തിരിച്ചു വിടുകയായിരുന്നു അതിനായി പരീക്ഷിച്ച മാര്‍ഗ്ഗം.
2018 ഒക്ടോബറില്‍ ആണ് നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എല്‍ ഷിബുവിനെ നേതൃത്വത്തില്‍ ഞാറനീലിയില്‍ പി എസ് സി ക്ലാസ്സുകള്‍ തുടങ്ങുന്നത്. അപ്പോഴേക്കും പ്രദേശത്ത് 2012 മുതല്‍ ആത്മഹത്യചെയ്തവരുടെ എണ്ണം 34 ആയി മാറിയിരുന്നു… അതില്‍ നല്ലൊരു ഭാഗം യുവാക്കള്‍ തന്നെ.
എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ അല്‍ഭുതകരമായ മാറ്റമാണ് ഉണ്ടാക്കിയത്.
“ലഹരിക്കു പകരം പഠന ലഹരി തലയ്ക്കു പിടിച്ച ഒരു തലമുറ അതാണ് ഞങ്ങളുടെ ലക്ഷ്യം … തുടക്കത്തില്‍ 93 പേര്‍ ക്ലാസില്‍ എത്തിയിരുന്നു. പിന്നീട് അത് 150 ആയി,” എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എല്‍ ഷിബു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി എസ് സി കോച്ചിംഗ് സെന്‍റര്‍ 40,000 രൂപയിലധികം വിലവരുന്ന റാങ്ക് ഫയലുകള്‍ സൗജന്യമായി നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി എസ് സി ഓണ്‍ലൈന്‍ രജിസ്ട്രേഷനും എക്സൈസിന്‍റെ നേതൃത്വത്തില്‍ നടത്തി. മാത്രവുമല്ല ഇവര്‍ക്കു വേണ്ടി തൊഴിലവസരങ്ങള്‍ കണ്ടെത്തി അപേക്ഷ നല്‍കാനും ഞങ്ങള്‍ സംഘം തുനിഞ്ഞിറങ്ങി
“അത് ഫലം കാണുകയും ചെയ്തു. പി എസ് സി ക്ലാസുകള്‍ ഒരു വഴിക്ക് നടക്കുമ്പോഴും കോളനിയില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി വിമുക്തി ഡിഅഡിക്ഷന്‍ കേന്ദ്രത്തില്‍ എത്തിച്ച് സൗജന്യ ചികിത്സയും നല്‍കി,” അദ്ദേഹം വിശദമാക്കുന്നു.
വിമുക്തിമിഷന്‍റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലനക്ലാസ് നിശ്ശബ്ദമെങ്കിലും വലിയൊരു മാറ്റമാണ് ഈ ആദിവാസി ഊരുകളില്‍ വരുത്തിയത്.
എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മുതല്‍ 4 മണി വരെ ഇരിഞ്ചയം ഗിരിവര്‍ഗ്ഗ സൊസൈറ്റി ഹാളില്‍ അവര്‍ എത്തും. ഹാള്‍ വാടകയ്ക്കെടുത്തതും എക്സൈസ് സംഘമാണ്. ക്രമേണ തൊഴിലാണ് ലഹരി എന്ന് കോളനിയിലെ ചെറുപ്പക്കാരെക്കൊണ്ട് പറയിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
“ഞാറനീലിയിലെ വിജയം മറ്റു കോളനികളിലേക്കും എത്തിക്കാനായി പിന്നത്തെ ശ്രമം. നെടുമങ്ങാട് താലൂക്കില്‍ 165 എസ് ടി സെറ്റില്‍മെന്‍റുകളുണ്ട് ഇതില്‍ 95 എണ്ണം 20 കുടുംബങ്ങളില്‍ കൂടുതല്‍ ഉള്ളവയാണ്. 95 സെറ്റില്‍മെന്‍റുകളിലെയും യുവാക്കള്‍ക്ക് അതത് സെറ്റില്‍മെന്‍റുകളില്‍ തന്നെ സായാഹ്ന പി എസ് സി പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചു,” പി എല്‍ ഷിബു അഭിമാനത്തോടെ പറയുന്നു.
വി അനില്‍കുമാര്‍ എന്ന എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ക്കാണ് ഇപ്പോള്‍ ഞാറനീലിയിലെ പി എസ് സി ക്ലാസ്സുകളുടെ ചുമതല നല്‍കിയിട്ടുള്ളത്.
ലഹരിക്കെതിരെ വിജ്ഞാന ലഹരി എന്ന പേരിലാണ് ആണ് പി എസ് സി ക്ലാസ്സുകള്‍ നടത്തുന്നത്.
ഇതുമാത്രമല്ല ഊരുകള്‍ കേന്ദ്രീകരിച്ചു മൂന്ന് ഗ്രന്ഥശാലകള്‍ എക്സൈസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നു.
ഇതുകൂടി വായിക്കാം: ചാരായത്തില്‍ നിന്ന് ചെസ്സിന്‍റെ ലഹരിയിലേക്ക് ഒരു ഗ്രാമത്തെ കൊണ്ടുപോയ ചായക്കടക്കാരന്‍
ആറായിരത്തിലധികം പുസ്തകങ്ങള്‍ ഈ ഗ്രന്ഥശാലയിലേക്ക് സമാഹരിച്ചു കൊടുക്കാനായി. നെടുമങ്ങാട് സര്‍ക്കാര്‍ കോളേജിലെ എന്‍ എസ്എസ് യൂണിറ്റ് അംഗങ്ങളും ഇതിനായി എക്സൈസ് ഉദ്യോഗസ്ഥരെ സഹായിച്ചു.
“കാരയ്ക്കന്‍തോട്, ഞാറനീലി, പച്ചമലയിലെ വാളന്‍ കുഴി എന്നിവിടങ്ങളില്‍ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞാറനീലിയുടെ നിലവിലുള്ള സാമൂഹിക അന്തരീക്ഷം മാറ്റുവാന്‍ എസ്.റ്റി പ്രമോട്ടര്‍മാര്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവരും എക്സൈസിന് ഒപ്പം കൂടി. നെടുമങ്ങാട് ആര്യനാട് വാമനപുരം എക്സൈസ് റേഞ്ചിലുള്ള ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്,” വി അനില്‍കുമാര്‍ പറഞ്ഞു.
ഈ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. രണ്ടുവര്‍ഷക്കാലത്തിനിടയില്‍ ഞാറനീലിയില്‍ എക്സൈസിന്‍റെ പി എസ് സി കോച്ചിങ്ങില്‍ പങ്കെടുത്ത ആറുപേര്‍ സര്‍ക്കാര്‍ ജോലിക്കാരായി. രണ്ടു പേര്‍ ജോലി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജോലി നേടിയവരെ കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചിരുന്നു.
“ആറുപേര്‍ക്ക് പി എസ് സി വഴി ജോലി നേടാനായതും ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ ആയതും ഞങ്ങള്‍ക്ക് വളരെ സന്തോഷവും അഭിമാനവും നല്‍കുന്നു,” പി.എല്‍ ഷിബു ടി ബി ഐ-യോട് പറയുന്നു.
“ക്ലാസ്സിനു വരുന്നവര്‍ക്ക് റാങ്ക് ഫയലുകള്‍ക്ക് പുറമേ പ്രകൃതി സൗഹൃദ സമീപനം എന്ന നിലയില്‍ പേപ്പര്‍ പേനയാണ് എഴുതാന്‍ നല്‍കുന്നത്. പി എസ് സി ക്ലാസുകള്‍ സര്‍ക്കാര്‍ ജോലി നേടാന്‍ സഹായിച്ചു എന്നത് ശരിയാണ്. അതുമാത്രവുമല്ല, 2018 ഒക്ടോബറിന് ശേഷം ഞാറനീലി കോളനിയില്‍ ഒരാളുപോലും ആത്മഹത്യചെയ്തിട്ടില്ല. ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞു. ബീഡി പോലും ഉപേക്ഷിച്ചവരുണ്ട്,” വി. അനില്‍കുമാര്‍ പറയുന്നു.
ലഹരിക്കെതിരെ കായിക ലഹരി എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. കായിക അഭ്യാസങ്ങളിലേക്ക് യുവാക്കളെ തിരിച്ചു വിടാന്‍ ഉദ്ദേശിച്ചുള്ളതാണ് കായിക ലഹരി പദ്ധതി.
ആദിവാസി ഊരുകള്‍ക്ക് പുറത്ത്, ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലും എക്സൈസ് സംഘം എത്തുന്നുണ്ട്. അതിലൂടെയും ഈ കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കുട്ടികള്‍ ലഹരി ഉപേക്ഷിക്കുന്നു. എന്‍റെ വിദ്യാലയം ലഹരി മുക്തം എന്ന പേരില്‍ സ്‌കൂളുകളില്‍ ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു.
ആദിവാസി ഊരുകളില്‍ നിന്ന് വരയ്ക്കാന്‍ കഴിവുള്ള യുവാക്കളെ കണ്ടെത്തി അവര്‍ക്ക് എക്സൈസ് തന്നെ പ്രതിഫലം നല്‍കിയാണ് ചിത്രങ്ങള്‍ വരപ്പിക്കുന്നത്.
സുധീഷ്, രാജി ലാല്‍ , വിനു എസ്, അഭിനന്ദ്, ധനീഷ് തുടങ്ങിയവരാണ് ഇത്തരത്തില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചത്. ഇവരെ പൊതുസമൂഹത്തിനു മുന്നില്‍ ആദരിക്കുന്ന ചടങ്ങും നടത്തി.
ലഹരിക്കെതിരെ ഒരു മരം എന്ന പേരില്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. എന്‍റെ ഭവനം ലഹരി രഹിതമെന്ന് സ്റ്റിക്കര്‍ കോളനിയിലെ വീടുകളില്‍ ഒട്ടിക്കാനും എക്സൈസ് മുന്‍കൈയെടുത്തു. ലഹരിക്കെതിരെ ബോധവത്ക്കരണത്തിനായി പടിവരെ കാക്കരുതേ എന്ന പേരില്‍ നാടകം, സുനില്‍ പട്ടിമറ്റത്തിന്‍റെ ഈ ജന്മം അമൂല്യം പാവനാടകം എന്നിവ ഊരുകളിലും സ്‌കൂളുകളിലും അവതരിപ്പിച്ചു.
ഇപ്പോള്‍ എക്സൈസിന്‍റെ ജീപ്പ് കണ്ടാല്‍ ഓടി ഒളിക്കില്ല ഞാറനീലി സെറ്റില്‍മെന്‍റ് കോളനിയിലെ മനുഷ്യര്‍. പകരം ഉദ്യോഗസ്ഥര്‍ക്ക് ഒരു ചെറിയ ചിരി സമ്മാനിക്കും. ഒരു പ്രദേശത്തിന്‍റെ, അവിടെയുള്ള യുവാക്കളുടെ, ജീവിതം മാറ്റിമറിച്ചതിന് നിശ്ശബ്ദമായി നല്‍കുന്ന സല്യൂട്ട് ആണത്.
ഇതുകൂടി വായിക്കാം: ’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി… ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.