ആത്മഹത്യാ മുനമ്പില്‍ നിന്ന് മടങ്ങി വന്ന പുഞ്ചിരി: വിഷാദവും ഒറ്റപ്പെടലും നീന്തിക്കയറാന്‍ പാടുപെടുന്നവര്‍ക്കായി ജോലിയുപേക്ഷിച്ച എന്‍ജിനീയര്‍

“എനിക്ക് ആറു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ആത്മഹത്യയായിരുന്നു. അതിന്‍റെ നൊമ്പരം ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തയാളിന്‍റെ മകള്‍, കുടുംബം എന്നൊക്കെയല്ലേ പിന്നീടുള്ള കാലം നാട്ടുകാര്‍ പറയുകയുള്ളൂ.”

ചുറ്റുമൊരു ആള്‍ക്കൂട്ടം തന്നെയുണ്ടെങ്കിലും തനിച്ചായിപ്പോകുന്ന ചില നിമിഷങ്ങളുണ്ടാകും ജീവിതത്തില്‍. കടുത്ത പ്രതിസന്ധികള്‍, വിഷാദം, ഒറ്റപ്പെടല്‍… എല്ലാം ഒരുമിച്ചു വന്ന് വീര്‍പ്പുമുട്ടുന്ന നേരങ്ങള്‍.

മനസ്സ് വല്ലാത്തൊരവസ്ഥയിലായിരിക്കും അപ്പോള്‍.., അപകടകരമായ ഒരു മുനമ്പില്‍. എല്ലാ വാതിലുകളും മുറുക്കെയടച്ച് മനസ്സ് സ്വയം ഒറ്റുകൊടുക്കുന്ന നിമിഷങ്ങള്‍.

ആ മുനമ്പില്‍ നിന്ന് താഴേക്ക് ഒറ്റക്കുതിപ്പുമതി, കണ്ണടച്ചുതുറക്കുന്ന നേരം മതി, മനോഹരമായ ഈ ജീവിതം ഇല്ലാതാക്കാന്‍.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

എന്നാല്‍ അത്രയും നേരം തന്നെ മതി, തിരിച്ചുവരാനും. പുറകില്‍ നിന്നൊരു വിളി മതി, മറ്റൊരു വെളിച്ചത്തില്‍ ജീവിതത്തെ കാണാന്‍ കഴിയും.

ആരോടെങ്കിലും മനസു തുറന്നൊന്ന് സംസാരിച്ചാല്‍ മാത്രം മതിയാകും.

ഇനി അടുത്താരുമില്ലെങ്കില്‍ നമുക്ക് ഷെറിനെ വിളിക്കാം.

ഷെറിന്‍ നൂറുദ്ദീന്‍

പേരു പറഞ്ഞു പരിചയപ്പെടുത്തുന്നതിന് മുന്‍പേ തന്നെ ഷെറിന് നിങ്ങളെ മനസ്സിലാകും; കാരണം ഇതേ വഴിയിലൂടെ കടന്നുവന്നതാണ് അവരും.

സ്വയം ജീവിതം അവസാനിപ്പിച്ചു പോയ അച്ഛന്‍റെ മകളാണ് ഷെറിന്‍ നൂറുദ്ദീന്‍. വിഷാദരോഗവും ആത്മഹത്യപ്രവണതയുമൊക്കെ അതിജീവിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിച്ചമാകുകയാണ് അവരിന്ന്… പ്രതിസന്ധികളെ തരണം ചെയ്തു നമുക്ക് ജീവിക്കാമെന്ന് വാഗ്ദാനം നല്‍കുകയാണിവര്‍.

സമൂഹത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങളൊക്കെ ചെയ്യണമെന്ന ആഗ്രഹത്തോടെ എന്‍ജിനീയര്‍ ജോലി അവസാനിപ്പിച്ചയാളാണ് ഷെറിന്‍.

“എനിക്കൊരു ജോലി വേണമായിരുന്നു, അതുകൊണ്ട് എന്‍ജിനീയറിങ് പഠിച്ചു.. അത്രേയുള്ളൂ,” ലാഘവത്തോടെ ഷെറിന്‍ പറയുന്നു.

“ഞാന്‍ പിന്നിട്ട വഴികള്‍, അനുഭവങ്ങള്‍ ഇതൊക്കെയാണ് ഇങ്ങനെയൊരു എന്‍ജിഒ ആരംഭിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.” ലെറ്റ്സ് ലിവ് എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് ഷെറിന്‍.

മാനസികാരോഗ്യ ബോധവത്ക്കരണത്തിനും കേരളത്തില്‍ യുവാക്കളുടെ ആത്മഹത്യ തടയുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഷെറിന്‍ തുടക്കമിട്ട ലെറ്റ്സ് ലിവ്.

ഇതിനൊപ്പം ക്രിയാത്മകവും നല്ലതുമായ ചിന്തകളെയും ജീവിതത്തെയും പ്രോത്സാഹിപ്പിക്കുകയാണ്.

ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പാണ് ലെറ്റ്സ് ലിവ് ആരംഭിക്കുന്നത്. സ്കൂളുകളിലും കോളെജുകളിലുമൊക്കെ മാനസികബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട് ലെറ്റ്സ് ലിവ്.

ഒരുപാട് അംഗങ്ങളും ഫണ്ടുമൊക്കെയുള്ള സന്നദ്ധ സംഘടനയല്ല ഇത്. സ്വന്തമായൊരു കെട്ടിടം പോലുമില്ല. പക്ഷേ, ഈ ഇല്ലായ്മകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്‍കാന്‍ ഷെറിനും കൂട്ടുകാര്‍ക്കും കഴിയുന്നുണ്ട്.

“എനിക്ക് ആറു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ആത്മഹത്യയായിരുന്നു. അതിന്‍റെ നൊമ്പരം ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തയാളിന്‍റെ മകള്‍, കുടുംബം എന്നൊക്കെയല്ലേ പിന്നീടുള്ള കാലം നാട്ടുകാര്‍ പറയുകയുള്ളൂ,” ഷെറിന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.


ആ സങ്കടം മാത്രമല്ല പിന്നീട് ജോലി ചെയ്യുന്ന നാളുകളില്‍ ഞാനും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വിഷാദരോഗിയായിരുന്നു. പക്ഷേ എനിക്കതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു.


“ഒരുപാട് ആളുകള്‍ വിഷാദരോഗം കാരണം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സങ്കടങ്ങള്‍ പറയാനും അതൊക്കെ കേള്‍‍ക്കാനും ആളുണ്ടെങ്കില്‍ പലര്‍ക്കും ആശ്വാസമാണ്. അതുതന്നെയാണ് ലെറ്റ്സ് ലിവ്വിലൂടെ നല്‍കുന്നതും.

“മാനസികാരോഗ്യവും സന്തോഷവും വേണ്ടതല്ലേ. ലെറ്റ്സ് ലിവ് ലക്ഷ്യമാക്കുന്നതും ഇതു തന്നെയാണ്. പൊതുവേ നമ്മുടെ നാട്ടില്‍, എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ തോന്നിയാല്‍ സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ ആണ് കാണാന്‍ പോകുന്നത്.

“എന്നാല്‍ ആശുപത്രിയിലും ക്ലിനിക്കിലുമൊക്കെ പോയി സൈക്യാട്രിസ്റ്റിനെ കാണുന്നത് എല്ലാവര്‍ക്കും അത്ര എളുപ്പമായിരിക്കില്ല. ആശുപത്രിയിലൊക്കെ തിരക്കും ബഹളവുമായിരിക്കുമല്ലോ.

“ഡോക്റ്ററെ കാണാനും ഒരുപാട് പേരുണ്ടാകും. അതിനിടയില്‍ കൂടുതല്‍ സമയം ഡോക്റ്ററോട് സംസാരിക്കാനൊന്നും സാധിച്ചെന്നു വരില്ല. മാത്രമല്ല ഡോക്റ്ററെ കാണാന്‍ കുറേ നേരം വരാന്തയില്‍ കാത്തിരിക്കുന്നത് പലര്‍ക്കും സങ്കടമുണ്ടാക്കിയേക്കും.

“ആ സാഹചര്യങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ, പരസ്പരം പ്രശ്നങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ ഒരു ഇടം വേണമെന്ന ആലോചനയില്‍ നിന്നാണ് ലെറ്റ്സ് ലിവ്വിലേക്കെത്തുന്നത്,” എന്ന് ഷെറിന്‍.

ഇത്തരം കാര്യങ്ങളൊക്കെ ലക്ഷ്യമാക്കിയാണ് സംഘടനയുടെ നേതൃത്വത്തില്‍ ഓറഞ്ച് റൂം ആരംഭിക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് ആയിരുന്നു ഓറഞ്ച് റൂം പ്രവര്‍ത്തിച്ചിരുന്നത്. ആറുമാസത്തേക്കായിരുന്നു അതിന്‍റെ പ്രവര്‍ത്തനങ്ങള്‍.

ലെറ്റ്സ് ലിവ്വിലേക്ക് സങ്കടങ്ങളും ആവലാതികളുമൊക്കെ പങ്കുവയ്ക്കാന്‍ വരുന്നവര്‍ക്ക് ഒരുമിച്ചിരിക്കാനും വര്‍ത്തമാനം പറയാനും ചായകുടിക്കാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെയുള്ള സ്ഥലമായിരുന്നു ഓറഞ്ച് മുറിയെന്നു ഷെറിന്‍ പറയുന്നു.

“പഴയകാല നടന്‍ അടൂര്‍ഭാസിയുടെ തറവാട് വീട് ആയിരുന്നു. അതിന്‍റെയൊരു ചെറിയ ഭാഗമായിരുന്നു ഓറഞ്ചിന് വേണ്ടിയെടുത്തിരുന്നത്. ഞങ്ങള്‍ ലെറ്റ്സ് ലിവ്വിന് വേണ്ട് ഓഫീസ് അന്വേഷിച്ച് നടക്കുമ്പോ അവിചാരിതമായി കിട്ടിയതാണ് ഈ മുറി.

“അതിനു സമീപം ബൂട്ടീക്കുണ്ടായിരുന്നു. അവര്‍ക്ക് അത്രയും വലിയ സൗകര്യം വേണ്ടെന്നു പറഞ്ഞാണ് ഈ ഭാഗം ‍ഞങ്ങള്‍ക്ക് തരുന്നത്. അതുവരെ ലെറ്റ്സ് ലിവ്വിന് സ്വന്തമായൊരിടം ഇല്ലായിരുന്നു.

“അതുവരെ കനകക്കുന്നിലൊക്കെയാണ് ഞങ്ങള്‍ ഒത്തുകൂടിയിരുന്നത്. പിന്നെ, വിഷമതകള്‍ അനുഭവിക്കുന്നവരുമായി ഫോണിലൂടെയും സംസാരിക്കാറുണ്ട്. സ്വകാര്യ ഇടം വേണമെന്ന തോന്നലിലാണ് വഴുതക്കാട്ടേക്കെത്തുന്നത്.

“പിന്നെ കുറച്ചു ഫണ്ടും കിട്ടിയതോടെ ഓഫീസെടുക്കുകയായിരുന്നു. ഡൊണേഷന്‍ വഴിയാണ് പ്രധാനമായും ഫണ്ട് കണ്ടെത്തുന്നത്. പറയത്തക്ക വലിയ ഡൊണേഷനൊന്നും ഇല്ല. വീട്ടുകാരും കൂട്ടുകാരുമാണ് പ്രധാനമായി ഫണ്ട് നല്‍കി സഹായിച്ചത്,” ഷെറിന്‍ തുറന്നുപറയുന്നു.

ഓറഞ്ച് റൂം

“ഓറഞ്ച് നിറത്തിലുള്ള മുറി, ഭിത്തിയിലെ അലമാരയില്‍ കുറച്ചു പുസ്തകങ്ങള്‍, ഇരിക്കാനായി തറയിലൊരു പുല്‍പ്പായും അതിലൊരു കുഷ്യനും. ഇതൊക്കെയായിരുന്നു ഓറഞ്ചിലെ ആര്‍ഭാടങ്ങള്‍.

“ജീവിതപ്രശ്നങ്ങളില്‍പ്പെട്ട് നിരാശരായിവരുന്നവര്‍ക്ക് ഇവിടെ വന്നു പുസ്തകം വായിക്കാം, പാട്ടു കേള്‍ക്കാം. വെറുതേയിരിക്കാം. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും ഈ ഓറഞ്ചില്‍ ഞങ്ങളുണ്ട്.

“അവര്‍ക്ക് എല്ലാം തുറന്നു സംസാരിക്കാം. അവരെ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ഒന്നുമില്ലാതെ പറയാനുള്ളത് മുഴുവനും കേള്‍ക്കും. സങ്കടങ്ങളൊക്കെ മറ്റൊരാളോട് പങ്കുവച്ചാല്‍ തന്നെ പകുതി വിഷമവും മാറും.

“എത്ര നേരം വേണമെങ്കിലും ഓറഞ്ചിലിരിക്കാം. ചായയും ബിസ്ക്കറ്റുമൊക്കെ കൊടുക്കും. അതൊക്കെ കുടിച്ച് റിലാക്സായ ശേഷം മടങ്ങാം. സുഗമമായി ഇരുന്ന് വര്‍ത്തമാനം പറഞ്ഞു പോരും. അത്രേയുള്ളൂ.

“ഒരാളോട് തന്നെ രണ്ടും മൂന്നും മണിക്കൂറൊക്കെ സംസാരിച്ചിരുന്നിട്ടുണ്ട്. അത്രേം നേരം സംസാരിക്കുമെന്നതു കൊണ്ട് ദിവസവും രണ്ടുമൂന്നു പേരൊക്കെയോ ഉണ്ടാകൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും ആളുണ്ടാകും.

“യുവാക്കള്‍ക്കാണ് പ്രധാന്യം നല്‍കിയിട്ടുള്ളത്. ഇതുവരെ ഏതാണ്ട് പത്തു പേരെന്തോ 30-ന് മുകളില്‍ പ്രായമുള്ളവര്‍ വന്നിട്ടുള്ളൂ. വരുന്നവരില്‍ പലരും സൈക്യാട്രിസ്റ്റിനെ സ്ഥിരമായി കാണുന്നവരും അവര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുന്നവരുമാണ്.

“മരുന്നൊക്കെയുണ്ടെങ്കിലും ആരോടും തുറന്നു സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പലരും പറഞ്ഞിരുന്നത്. പ്രശ്നങ്ങളൊന്നും പങ്കുവയ്ക്കാനും കേള്‍ക്കാനും ആളില്ലെന്ന പരാതിയാണ് ഓറഞ്ചിലൂടെ പരിഹരിച്ചത്.

“വിഷാദരോഗമുള്ള ഒരുപാടാളുകള്‍ വന്നിരുന്നു. അവര്‍ക്കാണിത് വലിയ ആശ്വാസമായത്.” തനിക്ക് മാത്രമുള്ള അസുഖം എന്ന തോന്നലില്‍ നിന്ന് അവരെ മുക്തരാക്കാന്‍ സാധിച്ചുവെന്നതു വലിയ കാര്യമെന്നു ഷെറിന്‍.

കോഴിക്കോട് എന്‍ഐടിയില്‍ ഷെറിന്‍ ക്ലാസെടുക്കുന്നു

“ലെറ്റ്സ് ലിവ്വിന്‍റെ കാര്യങ്ങളും ഓറഞ്ചിലെ കാര്യങ്ങളുമൊക്കെ ഞാന്‍ തന്നെയാണ് നോക്കിയിരുന്നത്. സഹായത്തിന് രണ്ട് ഇന്‍റേണ്‍സും ഉണ്ടായിരുന്നു. ലോ കോളെജ് വിദ്യാര്‍ത്ഥികളായിരുന്നു അവര്‍.

“അര്‍ജുനും ഐഷും. രണ്ടാള്‍ക്കും കിട്ടുന്ന സമയങ്ങളിലൊക്കെ ഇവിടെ വരുമായിരുന്നു. അഡ്മിനിസ്ട്രേഷനും പ്രോഗ്രാം നടത്തിപ്പും മറ്റു കാര്യങ്ങളുമൊക്കെയായി എല്ലാം തനിച്ച് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് അവര്‍ വോളന്‍റിയര്‍മാരായി വരുന്നത്.

“ഓറഞ്ച് സമൂഹത്തിനൊരു മാതൃകയാകണമെന്നായിരുന്നു ആഗ്രഹിച്ചത്. ഇങ്ങനെയൊരു മോഡല്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടര്‍ച്ചയായി ഇതുകൊണ്ടുപോകുന്നത് ശ്രമകരമാണ്.

“സാമ്പത്തികമൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ പ്രശ്നം തന്നെയാണ്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരെ ഇങ്ങനെയും സഹായിക്കാമെന്നുള്ള മോഡലായിരുന്നു ഓറഞ്ച്.


ഇതുകൂടി വായിക്കാം:‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു. 


“തിരുവനന്തപുരം നിഷില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ക്ക് ഓറഞ്ച് പദ്ധതി ചെയ്യണമെന്നുണ്ടായിരുന്നു. ചില കോളെജുകാരും ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നു. സര്‍ക്കാരിലും ഈ പദ്ധതി നല്‍കിയിട്ടുണ്ട്.

“ആര്‍ക്ക് വേണമെങ്കിലും ചെയ്യാവുന്നതാണ് അത്. ഓറഞ്ച് പദ്ധതി അവസാനിപ്പിച്ചു, പക്ഷേ ഫോണിലൂടെയും വാട്ട്സ്ആപ്പിലൂടെയുമൊക്കെ മാനസികസംഘര്‍ഷം അനുഭവിക്കുന്നവരുമായി ആശയം വിനിമയം നടത്തുന്നുണ്ടിപ്പോഴും.

“ബിജോയ്, പൂര്‍ണിമ, തോമസ് മോഹന്‍, ആരിഫ ബീവി എന്നിവരാണ് ലെറ്റ്സ് ലിവ് ബോര്‍ഡ് അംഗങ്ങള്‍. ഇവരുടെ പിന്തുണയോടും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍,”
ഷെറിന്‍ വ്യക്തമാക്കി.

ആത്മഹത്യാ ചിന്തകളിലേക്ക് ആളുകളെ നയിക്കുന്നതിന് മാധ്യമങ്ങളും സിനിമകളുമൊക്കെ കാരണമാകുന്നുണ്ട് എന്ന് സംഘടന മനസ്സിലാക്കുന്നു. അതുകൊണ്ട് ഈ വര്‍ഷം ലെറ്റ്സ് ലിവ്വിന്‍റെ മുഖ്യശ്രദ്ധയും ഈ വിഷയമാണ്.

“നമ്മളോട് സംസാരിക്കുന്ന പലരും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഈ വര്‍ഷം മീഡിയ സെന്‍സിറ്റൈസേഷന്‍ വര്‍ക് ഷോപ്പുകളും മെന്‍റല്‍ ഹെല്‍ത്ത് ഫിലിം ഫെസ്റ്റിവലുകളുമാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്,”  എന്ന് ഷെറിന്‍.

“സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ ആത്മഹത്യ ദൃശ്യങ്ങള്‍ കാണിക്കുന്നതു പലരെയും സ്വാധീനിക്കുന്നുണ്ട്. ഇതേക്കുറിച്ചും സിനിമകളിലെ കഥാപാത്രങ്ങളുടെ മെന്‍റല്‍ ഹെല്‍ത്തിനെക്കുറിച്ചുമൊക്കെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനിരുന്നതാണ്.

“ആ സാഹചര്യത്തിലാണ് കോവിഡ് 19 വന്നത്. അതോടെ മുന്‍ഗണന കൊറോണയും ലോക്ഡൗണും മൂലമുള്ള മാനസികസംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും മദ്യം ലഭിക്കാത്തതില്‍ സംഘര്‍ഷം നേരിടുന്നവര്‍ക്കും നല്‍കി,” വിഡിയോ ബ്ലോഗുകള്‍ വഴിയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ആശയവിനിമയും നടത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ജിഒ ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് എം എസ് ഡബ്ല്യൂ പഠിക്കുകയും കുറേ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തതെന്നും ഷെറിന്‍.

“2004-ലാണ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയത്. പിന്നെയൊരു പത്ത് വര്‍ഷം ഡല്‍ഹി, ജര്‍മ്മനി, നെതര്‍ലാന്‍റ്സ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ജോലി ചെയ്തു.

“ജോലി ചെയ്യുന്ന നാളിലാണ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേണലിസവും ഇഗ്നോ യൂണിവേഴ്സിറ്റിയുടെ എംഎസ് ഡബ്ല്യൂവും പഠിച്ചത്. ഇതിന് ശേഷം കുറച്ചുകാലം സോഷ്യല്‍ വര്‍ക് ചെയ്യാനാണ് ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നത്.

“പിന്നീട് ജോലി പൂര്‍ണമായും അവസാനിപ്പിച്ചു. തിരുവനന്തപുരത്തെ കാന്താരിയില്‍ ഒരു വര്‍ഷത്തെ സോഷ്യല്‍ ലീഡേഴ്സ് കോഴ്സ് ചെയ്തതിനു ശേഷമാണ് ലെറ്റ്സ് ലിവ് ആരംഭിച്ചത്.”

(കാന്താരിയെക്കുറിച്ചും അത് സ്ഥാപിച്ച സാബ്രിയേയെക്കുറിച്ചും വിശദമായി വായിക്കാം: 46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്)

കോവിഡ് 19ന് ശേഷം ലെറ്റ്സ് ലിവ്വിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഷെറിന്‍ നൂറുദ്ദീന്‍ വ്യക്തമാക്കി.

ഫോട്ടോ- ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം