അമ്മയില്‍ നിന്നും വാങ്ങിയ 30,000 രൂപയില്‍ തുടക്കം; വര്‍ഷം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ഓര്‍ഗാനിക് ഖാദി സംരംഭവുമായി 27-കാരി

“അവിടെ ആളുകളെ പേര്​ പറഞ്ഞല്ല ജാതി പറഞ്ഞായിരുന്നു വിളിച്ചിരുന്നത്​. ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയി​ലേക്ക്​ മാറിയപ്പോഴാണ്​ ഗ്രാമവും നഗരവും തമ്മിലുളള വ്യത്യാസം ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞത്​,’’ ഉമാംഗ് ആ കഥ പങ്കുവെയ്ക്കുന്നു.

സ്വാ​തന്ത്ര്യ സമരകാലത്ത്​ സ്വന്തം കാലില്‍ നില്‍ക്കുന്നതിന്‍റെ പ്രതീകം ആയിരുന്നല്ലോ ഖാദി. പക്ഷേ, പട്ടി​ന്‍റെയും പോളിയെസ്​റ്ററി​ന്‍റെയും കടന്നു വരവോടെ ഫാഷൻ ലോകത്ത്​ ഖാദിയുടെ നിറം മങ്ങിപ്പോയി.

എന്നാലിപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും പുതുതലമുറയുടെ മനം കവർന്ന്​ എത്തിയിരിക്കുകയാണ്​ കൈത്തറിയും ഖാദിയും.

സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഡിസൈനർമാർ ഈ തുണിത്തരത്തെ പുതിയ കെട്ടിലും മട്ടിലും അവതരിപ്പിക്കുകയാണ്​. പ്രാദേശിക നെയ്​ത്തുകാ​രെയും അതിവേഗം മറവിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പരമ്പരാഗത കൈ​ത്തൊഴിലിനേയും സംരക്ഷിക്കുന്നതിനുള്ള നല്ലൊരു കാര്യം കൂടിയാണിത്​.

ഭോപ്പാലിൽ നിന്നുള്ള ഉമാംഗ്​ ശ്രീധറിന്‍റെ ‘ഖാഡിജി’ (KhaDigi) അത്തരത്തിലൊരു സംരംഭമാണ്​. മൂന്ന്​ വർഷം മുൻപ്​ പ്രവർത്തനം തുടങ്ങിയതു​ മുതൽ മധ്യപ്രദേശിലും മഹാരാഷ്​ട്രയിലും പശ്​ചിമബംഗാളിലും നിന്നുള്ള നൂൽനൂൽക്കുന്നവർക്കും കൈത്തറിക്കാ​ർക്കും ഖാദി ഉൽപാദനത്തിൽ ഈ സംഘടന പരിശീലനം നൽകുകയാണ്​.

ഉൽപന്നങ്ങളോ സേവനമോ മറ്റ്​ കമ്പനികൾക്ക്​ വിൽക്കുന്ന ബി ടു ബി (B2B) ഗണത്തിൽപെട്ട ഈ സ്​റ്റാർട്ട്​ അപ്​ അതിന്‍റെ വരുമാനത്തിന്‍റെ 60 ശതമാനവും ഈ കരകൗശല തൊഴിലാളികളുമായി പങ്കുവെക്കുകയാണ്​. ഒരുപടി കൂടി കടന്ന്​, ഓർഗാനിക്ക്​ കോട്ടണും മുളയുടെയും സോയബീനിന്‍റെയും വേസ്​റ്റും അവർ ഉപയോഗിക്കുന്നു​.

‘‘ ഞാൻ വളർന്ന ബുന്ദേൽഖണ്​ഡിലെ ഗ്രാമ പ്രദേശങ്ങളിൽ കരകൗശല തൊഴിലാളികൾ കഷ്​ടപെടുന്നതാണ്​ കണ്ടിട്ടുള്ളത്​. സ്വദേശി വൈദഗദ്ധ്യത്തെ ഉൾക്കൊണ്ടല്ല ഇന്ത്യ വളരുന്നത്​ എന്നതാണ് ഇതിന്​​ കാരണം. അതിനാലാണ്​ ഞങ്ങൾ അവരുടെ ശാക്​തീകരണത്തിന്​ പ്രഥമ പരിഗണന നൽകുന്നത്​.

“കൂടാതെ ഖാദി ധരിക്കാൻ സൗകര്യപ്രദമാണ്​. നമ്മുടെ പോക്കറ്റ്​ കാലിയാക്കില്ല. പിന്നെ, അത്ര പെ​ട്ടെന്ന്​ കേടുവരാത്തതും ആണ്​. ഏറ്റവും മികച്ച ഈ ഇന്ത്യൻ തുണിത്തരത്തിന്​ ഇത്രയധികം ഗുണമുണ്ടെന്ന്​ ആരറിഞ്ഞു,’’ ഖാഡിജിയുടെ കാഴ്​ച്ചപാട് ഉമാംഗ് ദ ബെറ്റർ ഇന്‍ഡ്യയോട് പങ്കുവെച്ചു.

സ്​ത്രീകളുടെ ശക്തമായ സാന്നിധ്യമാണ്​ ഈ സ്​റ്റാർട്ട്​ അപിന്‍റെ മറ്റൊരു പ്രത്യേകത. ഈ സംരംഭത്തിൽ ഉമാംഗിന്‍റെ മാർഗദർശി, നി​ക്ഷേപകർ, നൂൽനൂക്കുന്നവർ, നെയ്​ത്തുകാർ തുടങ്ങി ഭൂരിഭാഗവും സ്​ത്രീകളാണ്​. ഉമാംഗിന്‍റെ സംരംഭത്തിലെ ആദ്യ നിക്ഷേപക തന്നെ സത്യത്തിൽ അവരുടെ അമ്മയായിരുന്നു!

‘‘ഖാദിയുടെ കാര്യം എടുത്താൽ പരുത്തി നൂൽക്കുന്നവരെ വിളിക്കുന്നത്​ ​കാതിൻ എന്നാണ്​. ആ വാക്ക്​ തന്നെ സ്​ത്രീ ലിംഗമാണ്​. നൂൽനൂൽക്കുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാൻ ഒരു വാക്ക്​ പോലുമില്ല,’’ അവർ പറയുന്നു.

സർക്കാറിന്‍റെ ഖാദി ആന്‍റ് വില്ലേജ്​ ഇൻഡസ്​ട്രീസ്​ കമ്മീഷനുമായി (കെ.വി.​ഐ.സി) ബന്ധപെട്ട 300 വനിതാ കരകൗശല വിദഗ്​ധരുടെ ജീവിതം മെച്ചപെടുത്തുന്ന പ്രവർത്തനമാണ്​ അവർ നടത്തുന്നത്​.

‘‘കെ.വി.ഐ സി പരിപാടിയുടെ ഭാഗമായ സ്​ത്രീക​ൾക്കാണ്​ ഞങ്ങൾ ജോലി നൽകുന്നത്​. നൂൽനൂല്ക്കു‍ന്നവർക്ക്​ മാസം 6,000 രൂപയും നെയ്ത്തുകാർക്ക്​ 9,000 രൂപയും സമ്പാദിക്കാൻ സാധിക്കുന്നുണ്ട്​. നല്ല വൈദഗ്​ധ്യമുള്ളവരും തഴക്കവും പഴക്കവുമുള്ളവരും 25,000 രൂപയ്​ക്കും 30,000 ത്തിനും ഇടയ്​ക്ക്​ സമ്പാദിക്കുന്നുണ്ട്,​’’ ഉമാംഗ് പറഞ്ഞു.

ഇടപാടുകാരുടെ കാര്യത്തിലും ഖാഡിജിയ്ക്ക്​ ഒരു പഞ്ഞവുമില്ല റിലയൻസ്​ ഇൻഡസ്​ട്രീസ്​, ആദിത്യ ബിർള ഗ്രൂപ്പ്​ തുടങ്ങി വലിയ കോർപറേറ്റുകൾ വരെ കൈയ്യിലുണ്ട്​. തുണിത്തരങ്ങളും കോർപ്പറേറ്റ്​ ഗിഫ്​റ്റുകളും ഡിസൈൻമാർക്കും ചില്ലറവിൽപ്പനകാർക്കും മൊത്തവിതരണകാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും നൽകുന്നു. സംരംഭം ആരംഭിച്ചശേഷം ഇതുവരെ 50,000 മീറ്റർ തുണിയാണ്​ വിൽപന നടത്തിയത്​. കഴിഞ്ഞ വർഷമാവട്ടെ 50 ലക്ഷം രൂപയുടെ റെക്കോഡ് വരുമാനവും നേടി.

തുടക്കം…

ബുന്ദേൽഖണ്ഡിലെ ദമോ മേഖലയിലെ കിഷൻഗഞ്ച്​ എന്ന കൊച്ച്​ ഗ്രാമത്തിലാണ്​ ഉമാംഗി​ന്‍റെ ജനനം. ആഗ്രഹിച്ചതെല്ലാം ലഭിക്കുകയും സ്വയംപര്യാപ്​തയാവാൻ പ്രോൽസാഹനം ലഭിക്കുകയും ചെയ്ത കുട്ടിക്കാലം. പക്ഷേ, തന്‍റെ ചുറ്റും ദിവസവും നടക്കുന്ന സാമൂഹ്യ പ്രശ്​നങ്ങളിൽ  ഉമാംഗിന്‍റെ കണ്ണുടക്കുമായിരുന്നു, പ്രത്യേകിച്ചും ജാതീയമായ തൊട്ടുകൂടായ്​മകളില്‍.

‘‘നിര്‍ഭാഗ്യവശാൽ ഞാനും അത്തരത്തിലുള്ള ഒരു യാഥാസ്​തിക സമൂഹത്തിന്‍റെ ഭാഗമായിരുന്നു. അവിടെ ആളുകളെ പേര്​ പറഞ്ഞല്ല ജാതി പറഞ്ഞായിരുന്നു വിളിച്ചിരുന്നത്​. ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയി​ലേക്ക്​ മാറിയപ്പോഴാണ്​ ഗ്രാമവും നഗരവും തമ്മിലുളള വ്യത്യാസം ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞത്​,’’ അവർ പഴയകാലം ഓര്‍ക്കുന്നു.

പക്ഷേ തന്‍റെ മാതാപിതാക്കൾ ദരിദ്രരെ സഹായിക്കുന്നതും അവൾ കണ്ടിരുന്നു. ‘‘അതുകൊണ്ട്​ സാമൂഹ്യ വികസന മേഖലയിൽ ജോലി നേടുക സ്വാഭാവികമായും എന്‍റെ സ്വപ്നമായി.’’ എന്ന് ഉമാംഗ്.

ഡൽഹി സർവകലാശാലയിലെ പഠനത്തിനൊപ്പം തന്നെ സാമൂഹ്യ യാഥാർത്ഥ്യങ്ങള്‍ കൂടുതല്‍ മനസിലാക്കാൻ വിവിധ സന്നദ്ധ സംഘടനകളിൽ വോളൻറിയറായും അവർ പ്രവർത്തിച്ചിരുന്നു. അവിടെ നിന്നാണ് ഗ്രാമീണ വനിതകളെ ചേർത്ത്​ ഖാദി മേഖലയിൽ പ്രവർത്തിക്കാനുള്ള ആശയം കിട്ടിയത്. ​. അതുകൊണ്ട്​ തന്നെ അത്​ സ്വഭാവിക പരിണാമം ആയിരുന്നു.

നെയ്ത്തിനേയും ഫാഷന്‍ രംഗത്തേയും കുറിച്ച് അറിവ്​ വർധിപ്പിക്കാൻ 2014-ൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ്​ ഫാഷൻ ടെക്​നോളജിയിൽ ഫാഷൻ ഡിസൈനിംഗ്​ ആന്‍റ് ക്ലോത്തിംഗ്​ ടെക്​നോളജിയിൽ ഒരു കോഴ്​സും ഉമാംഗ്​ പൂർത്തിയാക്കി.
കൂടാതെ സ്​കൂൾ ഓഫ്​ സോഷ്യൽ എൻറർപ്രിനർഷിപ്പിൽ നിന്ന്​ ഫെല്ലോഷിപ്പും ലഭിച്ചു. ​

കൈത്തറിയിൽ തനത്​ ഡിസൈൻ ഉപയോഗിക്കാനുള്ള ആദ്യ അവസരവും ഉമാംഗിന്​ ഇവിടെ കൈവന്നു​. ടെക്​സ്​റ്റൈൽ മന്ത്രാലയം സംഘടിപ്പിച്ച ഒരു മൽസരത്തിൽ പ​ങ്കെടുത്തപ്പോള്‍ ആയിരുന്നു ഇത്​. ഖാദിയിൽ കെട്ടിലും മട്ടിലും വിപ്ലവകരമായ മാറ്റം വരുത്താനും അതിനെ രാജ്യത്ത്​ ജനകീയ ഉൽപന്നമായി മാറ്റാനുമുള്ള ധൈര്യം നൽകിയത്​ ആ മൽസരത്തിൽ ലഭിച്ച രണ്ടാം സ്ഥാനമായിരുന്നു.

അടുത്ത രണ്ടു​ വർഷം അവർ ഗവേഷണത്തിനായാണ്​ ചെലവഴിച്ചത്​. തുടർന്ന്​ 2017-ലാണ്​ 30,000 രൂപ നിക്ഷേപവുമായി ഖാഡിജി ആരംഭിച്ചത്​. കുറച്ച്​ കാലം കഴിഞ്ഞപ്പോൾ ​ഐ.​ഐ.എം അഹമ്മദാബാദ്​, ഭോപാല്‍ ആസ്ഥാനമായുള്ള എ.​ഐ.സി-ആർടെക്ക്​ തുടങ്ങിയ​ നിക്ഷേപകരെ കൂടി കിട്ടി. ജയ്പൂരിൽ നിന്നു​ള്ള ഒയാസിസ്​ എന്ന സ്റ്റാർട്ട് അപാണ്​ ഖാഡിജിയെ ഇന്‍ക്യുബേറ്റ് ചെയ്യുന്നത്.

ഖാദി, ഡിജിറ്റൽ എന്നീ വാക്കുകൾ ചേർത്താണ്​ ഖാഡിജി എന്ന പേര്​ ഉമാംഗ് ഇട്ടത്​. പരമ്പരാഗത രീതിയിൽ ചർക്കയിലാണ്​ നൂല്‍നൂല്‍ക്കുന്നതെങ്കിലും പുതിയ കാലത്തിന് വേണ്ട ഡിസൈനുകളും രീതികളുമാണ് ഉപയോഗിക്കുന്നത്.

‘‘ഖാദി തുണിത്തരങ്ങളിൽ ഞങ്ങൾ ഡിജിറ്റൽ പ്രിൻറിംഗാണ്​ ഉപയോഗിക്കുന്നത്​. ഇതിനായി സ്​ത്രീകൾക്ക്​ യാൺ അടക്കം ആവശ്യമായ ഉപകരണങ്ങളും ഡിസൈനും നൽകുന്നു. അവർക്ക്​ വർഷത്തിൽ പത്ത്​ മാസം സ്ഥിരവരുമാനം ഉറപ്പ്​വരുത്തുകയും ചെയ്യുന്നു,’’ ഉമാംഗ്​വിശദമാക്കി.

പരുക്കൻ വസ്​ത്രമായ ഖാദി ഏത്​ കാലാവസ്ഥയ്​ക്കും അനുയോജ്യമാണെങ്കിലും (വേനൽക്കാലത്ത്​ തണുപ്പും തണുപ്പുകാലത്ത്​ ശരീരത്തിന്​ ചൂടും നൽകുന്നു)  കൈകൊണ്ട്​ നൂൽനൂറ്റ ഉൽപ്പന്നവുമായി വിപണിയെ സമീപിക്കൽ​ അത്ര എളുപ്പമായിരുന്നില്ല.

‘‘ഖാദിക്ക്​ അങ്ങനെ വ്യവസ്ഥാപിതമായ സപ്ലൈ ശൃംഖലയൊന്നും ഉണ്ടായിരുന്നില്ല. അതൊന്ന്​ ശരിയാക്കി എടുക്കാൻ എന്‍റെ വഴികാട്ടി സരിക നാരായണനും എനിക്കും കുറെ കാലമെടുത്തു. ഞങ്ങളെ ബ്രാൻഡ്​ ചെയ്യുന്നതിന്​ പകരം ഖാദി തുണിത്തരങ്ങൾ നിർമ്മിക്കുന്ന വസ്​ത്ര സ്ഥാപനമായി അതിനെ അവതരിപ്പിച്ചു,’’ പുത്തൻ ബ്രാൻഡായി അവതരിപ്പിച്ചുവെങ്കിലും ഒരു നേരം ഇരുട്ടി വെളുത്ത സമയം കൊണ്ടാന്നും ഫലം ഉണ്ടായില്ല.

“പക്ഷേ പതുക്കെ പതുക്കെ ഇടപാടുകാരുടെ എണ്ണം വർധിച്ചു. മുംബൈയിലെ അരോക്ക സ്​റ്റോർ മുതൽ ജയ്​പൂരിലെ വസ്​ത്ര സ്​റ്റോറായ കോട്ടൺ റോക്ക്​ വരെയും ഡൽഹി, ജയ്​പൂർ, മുംബൈ എന്നിവിടങ്ങളിലെ ഡിസൈനർമാരും ഞങ്ങളുടെ ഇടപാടുകാരായി മാറി.” ഉമാംഗി​ന്‍റെ സുഹൃദ് വലയത്തിൽപെട്ട ഒരു ബിസിനസ്​ ഡെവലപ്പർ കൂടിയായ താനിയ ചഗ് കൂടി 2018-ൽ കമ്പനിയുടെ പാർട്​ണറായി.

‘‘ താനിയ ഈ വർഷമാണ്​ ലണ്ടനിലേക്ക്​ താമസം മാറിയത്​. അതിലൂടെ രാജ്യാന്തര വിപണികളിൽ ഒരു അവസരം തുറക്കുമെന്നാണ്​ ​ഞങ്ങളുടെ​ പ്രതീക്ഷ,’’ അവർ പറയുന്നു.

ഇടപാടുകാരുടെ എണ്ണം വർധിച്ച​തോടെ 150 തരം തുണിത്തരങ്ങളിൽ പരീക്ഷണത്തിന്​ കമ്പനി മുതിർന്നു. മുള, സോയബീൻ വേസ്​റ്റ്​, മൾബറി പട്ടു​നൂൽ, വാഴ നാര്​ എന്നിവയിലൊക്കെ ഖാഡിജി പരീക്ഷണം നടത്തി. ഖാദിയുടെ സുസ്ഥിരത നിലനിർത്താനുള്ള പരിശ്രമങ്ങളായിരുന്നു ഇവയൊക്കെ.

മുന്നോട്ട്​

പക്ഷേ, കോവിഡ്​-19-ന്‍റെ വരവോടെ പല കമ്പനികളും തങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്​. ഭാഗ്യത്തിന്​ ഖാഡിജി തുണിത്തരങ്ങളെ വിവിധ ഉൽപന്നങ്ങളായി പുതിയ മട്ടിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്നു. ഇതിലൂന്നിയാണ്​ പൊതുജനത്തിന്​ ആവശ്യമായ മുഖാവരണങ്ങൾ, കൈയ്യുറകൾ എന്നിവ നിർമ്മിക്കുന്നത്​. ഇതുവരെ ഒരുലക്ഷത്തിലേറെ മുഖാവരണങ്ങളാണ്​ ഉൽപാദിപ്പിച്ചത്​.

‘‘സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാനാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്​തിരിക്കുന്നത്​. ഖാദിയെ കൂടുതൽ ഉപഭോക്​തൃ കേന്ദ്രീകൃതമാക്കാനാണ്​ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നത്​. നമ്മുടെ സംഭരണശാലകളിൽ സ്​ത്രീകൾ നെയ്​ത 5,000 മീറ്റർ തുണികൾ ഉണ്ടെന്നത്​ ഭാഗ്യം. വരുമാനത്തെ കോവിഡ്​ ബാധിക്കാതെ സൂക്ഷിക്കാൻ ഞങ്ങൾക്ക്​ കഴിഞ്ഞു,’’ ഉമാംഗ്​ ആത്​മവിശ്വാസത്തോടെ പറഞ്ഞു.

കോവിഡിന്​ ശേഷം തുണിത്തരങ്ങളിൽ ക്യൂ ആർ കോഡ്​ (QR code) വെച്ച് വിതരണ ശൃംഖല വിപുലമാക്കാമെന്ന പ്രതീക്ഷയിലാണ്​​ ഉമാംഗും താന്യയും. ക്യു ആർ കോഡ്​ വെക്കുന്നതോടെ തുണി എവിടെ നിന്നാണ്​ വരുന്നതെന്ന്​ ഉപഭോക്​താവിന്​ അറിയാൻ കഴിയും. വരുമാനത്തിൽ കുറവ്​ ഉണ്ടാവാതിരിക്കാൻ ബി ടു സി (B2C) (ബിസിനസ്​ ടു കസ്​റ്റമർ) ഓൺലൈൻ മാതൃകയിലാണ്​ സ്​റ്റാർട്​ അപ്പിന്‍റെ ഇപ്പോഴത്തെ പ്രവർത്തനം.

നീണ്ട വഴികൾ പിന്നിട്ടാണ്​ ​ ഗ്രാമീണ സ്​ത്രീകളുടെ ശാക്തീകരണമെന്ന സ്വപ്​നത്തിൽ നിന്ന്​ നൂറ്​ കണക്കിന്​ പേരുടെ ജീവിതത്തെ സ്​പർശിച്ച്​, ഉമാംഗ്​ സന്ദേഹിയായ യുവതിയിൽ നിന്ന്​ ഫോർബ്​സ്​ 30 പട്ടികയിൽ ഇടം നേടിയത്​.


ഇതുകൂടി വായിക്കാം: നാലുകെട്ടുകളും മനപ്പറമ്പുകളുടെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ഒരു അധ്യാപകന്‍റെ ശ്രമങ്ങള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം