‘ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പല ദിവസങ്ങളും പട്ടിണിയായിരുന്നു, കടല വിറ്റ് നടന്നിട്ടുണ്ട്’: നൂറിലേറെ വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി 20 ഏക്കറും നല്‍കിയ നാസര്‍ മാനുവിന്‍റെ കഥ

“സത്യത്തില്‍ ഇപ്പോ വട്ടപ്പൂജ്യമാണ്. സാഹചര്യമൊക്കെ ദൈവത്തിന് മാത്രമറിയാം… കഷ്ടപ്പെടാന്‍ ഇനിയും മനസ്സുണ്ട്, അതോണ്ട് ബേജാറില്ല.”

“മഴ പെയ്താല്‍ വീടിനകത്ത് നിറയെ വെള്ളമായിരിക്കും. ആ മഴവെള്ളം നിറഞ്ഞ വീട്ടില്‍ വിശന്നിരിന്നിട്ടുണ്ട്. ഒന്നും രണ്ടും അല്ല, ദിവസങ്ങളോളം പട്ടിണി അറിഞ്ഞിട്ടുണ്ട്.

“മഴക്കാറ് കണ്ടാല്‍ പേടിയാണ്… പൊട്ടിയ ഓടിന് താഴെ പാളക്കീറ് തിരുകി വച്ചിട്ടുണ്ട് ഉമ്മ. പക്ഷേ, മഴയ്ക്കുണ്ടോ വല്ല ദയയും. വെള്ളം വീണ് നനഞ്ഞ മുറിയിലിരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട്,” മറക്കരുതെന്നാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ അബ്ദുല്‍ നാസര്‍ എന്നാ മാനു പറഞ്ഞു തുടങ്ങിയപ്പോഴേക്കും വീണ്ടും മഴ പെയ്തു തുടങ്ങി.

ആ മഴയുടെ തണുപ്പിലും മാനുവിന്‍റെ ഉള്ളം നിറയെ കനല്‍ പോലെ ആ ഓര്‍മ്മകള്‍ പൊള്ളി.

“കടം വാങ്ങിച്ച് വാങ്ങിച്ച് പിന്നെ അരി തരാന്‍ കൂട്ടാക്കാതിരുന്ന കടക്കാരന്‍, ധനസമ്പത്തുണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചവര്‍, ഞങ്ങള് പത്ത് മക്കളേം കൊണ്ട് ഉപ്പേം ഉമ്മേം കൊറേ കഷ്ടപ്പെട്ടിട്ടുണ്ട്.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

“വിശന്നപ്പോ അന്നം തന്ന മേനോന്‍ വാപ്പേപ്പോലുള്ളവരെയൊന്നും മറക്കാന്‍ പറ്റൂലാ,” മലപ്പുറം പാങ്ങ് സ്വദേശി മാനു എന്ന അബ്ദുല്‍ നാസര്‍ ഒരു നെടുവീര്‍പ്പോടെ തുടരുന്നു. “വന്ന വഴികളൊന്നും ഓര്‍ക്കാതിരിക്കാനാകില്ല.”

അബ്ദുല്‍ നാസര്‍

അബുദബിയിലെ വാട്ടര്‍ റിവര്‍ കമ്പനിയുടെ ഉടമസ്ഥനാണ് ഇന്ന് നാസര്‍ മാനു. കഷ്ടപ്പാടുകളൊക്കെ അതിജീവിച്ച് നല്ല നിലയിലേക്കെത്തിയപ്പോഴും നന്മകള്‍ മറന്നില്ല, ഒപ്പം പഴയ കാലവും കഷ്ടപ്പാടകളും.

“ആ കഷ്ടപ്പാടുകളില്‍ നിന്നാണ് ഇവിടെയെത്തിയത്. ഉമ്മേം ഉപ്പേം ഉള്ളത് പോലെ മറ്റുള്ളവരെ സഹായിക്കുന്നത് കണ്ടാണ് ഞങ്ങള് മക്കളും പലര്‍ക്കും താങ്ങായത്,” അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയത് മുതല്‍ നാസര്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍പ്പുണ്ട്. എന്നാല്‍ അതിന് മുന്‍പേ തന്നെ നാസര്‍ മാനു ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും താങ്ങായി നിന്നിട്ടുണ്ട്.

പെരിന്തല്‍മണ്ണ മാലാപ്പറമ്പില്‍ ഒരേക്കര്‍ ഭൂമി, പാണ്ടിക്കാട് 73 സെന്‍റ്, കുറ്റിപ്പുറം കുമ്പിടിയില്‍ രണ്ടേക്കര്‍, പി കെ നഗറില്‍ ഒരേക്കര്‍ 46 സെന്‍റ് , ശൈഖ് സൈദ് നഗറില്‍ 22 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി, കുറുവ പഞ്ചായത്തില്‍ പൂക്കോട് ഗാന്ധിനഗറില്‍ രണ്ടേമൂക്കല്‍ ഏക്കര്‍, തൃശൂര്‍ ചെറായിയില്‍ 30 സെന്‍റ് ഇങ്ങനെ നീളുന്നു നാസര്‍ മാനു മറ്റുള്ളവര്‍ക്കായി നല്‍കിയ ഭൂമിയുടെ പട്ടിക.

കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരേക്കര്‍ ഭൂമി നല്‍കി.  എല്ലാം കൂടി കണക്കാക്കിയാല്‍ 20 ഏക്കറോളം വരും.

“ഞാനും നിങ്ങളുമൊക്കെ ഭൂമിയിലെ വിരുന്നുകാരല്ലേ, കൈ ചുരുട്ടിപ്പിടിച്ചാണ് ഭൂമിയിലേക്ക് വന്നതെങ്കില്‍ മടക്കം കൈ നിവര്‍ത്തി ഒന്നുമില്ലാതെയല്ലേ,” നാസര്‍ മാനു ചോദിക്കുന്നു.

“ഞാനെന്‍റെ 13-ാമത്തെ വയസില്‍ കടലക്കച്ചോടത്തിന് ഇറങ്ങിയതാണ്.


വഴിയോരത്തും ഫുട്ബോള്‍ കളി നടക്കണ മൈതാനത്തിന് മുന്നിലുമൊക്കെ നടന്ന് കടലയും മസാല ഓറഞ്ചുമൊക്കെ വില്‍ക്കും.


“15 പൈസയ്ക്കാ ഇതൊക്കെ വില്‍ക്കുന്നത്. ബിസിനസിന്‍റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത് ഈ കച്ചോടത്തിലൂടെയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് ഉപ്പയ്ക്ക് കുറച്ച് കടങ്ങളും മറ്റുമായി സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു.

സഹോദരന്‍ അലി മൊയ്തീന്‍, മങ്കട ജില്ലാ പഞ്ചായത്തംഗം ടി.കെ.റഷീദ് അലി എന്നിവര്‍ക്കൊപ്പം നാസര്‍ മാനു

“നല്ല വീട് പോലും ഇല്ലായിരുന്നു. ഉപ്പയ്ക്ക് വാഴക്കുല കച്ചോടമായിരുന്നു. വാഴകൃഷി നഷ്ടം വന്നു കടം കയറുകയായിരുന്നു. ഉപ്പയ്ക്ക് കാശ് കടം കൊടുത്തവര് വീട്ടില്‍ വന്ന് ചോദിച്ചിട്ടൊക്കെയുണ്ട്. ഇതൊക്കെയാകും മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ എന്നെക്കൊണ്ട് തോന്നിപ്പിക്കുന്നത്,” എന്ന് നാസര്‍ മാനു.  മൊയ്തീന്‍ ഹാജിയെന്നാണ് മാനുവിന്‍റെ ഉപ്പയുടെ പേര്. ഉമ്മ ഫാത്തിമ.

“രാവിലെ മദ്രസേല്‍ പോകും. അതുകഴിഞ്ഞ് വന്നാ വീട്ടില് ചായയും അരിമണിയുമുണ്ടാകും. എന്നും അല്ല, വല്ലപ്പോഴും. പിന്നേ നേരെ സ്കൂളിലേക്ക്. നടന്നാണ് സ്കൂളിലേക്ക് പോകുന്നത്.

“സ്കൂളില്‍ ഉച്ചനേരത്ത് എല്ലാവരും ചോറും കറീം ഒക്കെ കഴിക്കുമ്പോ എനിക്ക് കഴിക്കാനൊന്നും ഉണ്ടാകാറില്ല. അതൊന്നും ആരേം അറിയിക്കാതെയിരിക്കാന്‍ ഉച്ചയൂണ് കഴിക്കാനുള്ള ബെല്‍ അടിക്കുമ്പോ ഞാന്‍ സ്കൂളില്‍ നിന്ന് പുറത്തേക്ക് പോകും.

“എങ്ങനെയെങ്കിലും സമയം കളയണ്ടേ… പിന്നെ ഇന്‍റര്‍വെല്‍ കഴിയുന്ന നേരത്ത് സ്കൂളിലേക്ക് തിരിച്ചുവരും. ഇതായിരുന്നു അന്നത്തെ പതിവ്. അങ്ങനെ കഷ്ടപ്പാടുകള്‍ക്കിടയില്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചു.” വീണ്ടും പൊള്ളുന്ന ആ ഓര്‍മ്മകള്‍ കടന്നുവന്നു.

നാസറിന്‍റെ ഉമ്മ ഫാത്തിമയും ഉപ്പ മൊയ്തീന്‍ ഹാജിയും

കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ ഒരു സഹോദരന്‍ ആദ്യം ഗള്‍ഫിലേക്ക്  പോയി. പിന്നാലെ ഏറ്റവും മൂത്ത സഹോദരനും. അതിനു ശേഷം 19-ാം വയസിലാണ് നാസര്‍ മാനുവും ഗള്‍ഫിലെത്തുന്നത്.

“വിദ്യാഭ്യാസ സ്ഥാപനത്തില്‍ ക്ലീനീങ് സ്റ്റാഫ്… ഇതായിരുന്നു ആദ്യ ജോലി. ആദ്യത്തെ നാലു കൊല്ലം കുറേ കഷ്ടപ്പെട്ടു. 300 രൂപയായിരുന്നു എന്‍റെ ആദ്യത്തെ ശമ്പളം. പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോ ശമ്പളം കൂട്ടിത്തന്നു, 700 രൂപയാക്കി,” നാസര്‍ മാനു ഗള്‍ഫിലെ ആദ്യകാലം ഓര്‍ക്കുന്നു.

പിന്നീടാണ് മാനുവിന് അജ്മാന്‍ യൂനിവേഴ്സിറ്റി ഡയറക്റ്റര്‍ ഡോ. അബ്ദുള്ള സയ്യിദ് സല്‍മാന്‍റെ ഓഫീസില്‍ ജോലി കിട്ടുന്നത്. അത് ജീവിതം മാറ്റിമറിച്ചുവെന്ന് മാനു. സാമ്പത്തികമായും മെച്ചപ്പെട്ടു. മാനുവും സഹോദരന്മാരും നല്ല നിലയിലുമെത്തി.

“പ്രവാസജീവിതത്തിന്‍റെ തുടക്കക്കാലം മുതല്‍ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. സാമ്പത്തികമായി മെച്ചപ്പെടുന്നതിനൊക്കെ മുന്‍പേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് നാസര്‍ ജീവിച്ചത്. ആ ഇല്ലായ്മകളുടെ നാളിലും മറ്റുള്ളവരെ സഹായിക്കുമായിരുന്നു,” നാസര്‍ മാനുവിന്‍റെ കൂടെ ഗള്‍ഫിലെ മുറിയില്‍ സഹോദരങ്ങളെപ്പോലെ 15 വര്‍ഷം കഴിഞ്ഞ ഹമീദ് പാറമ്മല്‍ ടി ബി ഐ-യോട് പറഞ്ഞു.

“ഇതൊക്കെ നേരില്‍ കണ്ടിട്ടുള്ളയാളാണ്… അജ്മാന്‍ യൂനിവേഴ്സിറ്റിയിലായിരുന്നു എനിക്കും ജോലി. ഞങ്ങളുടെ ബോസ് ആയിരുന്ന ഷെയ്ഖ് സല്‍മാന്‍റെ വിശ്വസ്തനായിരുന്നു നാസര്‍. അദ്ദേഹം അവിടുത്തെ വിദ്യാഭ്യാസമന്ത്രിയൊക്കെയായിരുന്നു. ആ സമയത്ത് ആര്‍ക്കെങ്കിലും ജോലി നല്‍കുന്ന കാര്യം അത്ര പ്രയാസമുള്ളതായിരുന്നില്ല. എന്നാല്‍ ഒഴിവുകള്‍ വരുമ്പോള്‍ സ്വന്തക്കാരെ ജോലിക്കെടുക്കണമെന്നല്ല, അര്‍ഹരായ പാവങ്ങള്‍ക്ക് ജോലി നേടിക്കൊടുക്കാനാണ് നാസര്‍ ശ്രമിച്ചത്,” ഹമീദ് കൂട്ടിച്ചേര്‍ക്കുന്നു.

“ആദ്യമായി ഭൂമി മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കിയത് ഉപ്പയാണ്. ഉപ്പ തുടക്കമിട്ടതിന് പിന്നാലെ ഞാനും ചെയ്തൂന്നേയുള്ളൂ,” ഭൂമിദാനം ചെയ്യാനുള്ള പ്രേരണ എന്തായിരുന്നുവെന്ന് നാസര്‍ മാനു വ്യക്തമാക്കുന്നു. ” അഞ്ച് കുടുംബങ്ങള്‍ക്ക് നാലു സെന്‍റ് വീതമാണ് ഉപ്പ നല്‍കിയത്. ഞങ്ങള്‍ക്ക് നല്ല ജോലിയും കാശുമൊക്കെ കിട്ടി തുടങ്ങിയതിന് ശേഷമായിരുന്നു. അതോടെ ഉപ്പയോടും ഉമ്മയോടും പലരും സഹായം ചോദിച്ചു വന്നിട്ടുണ്ട്.

മന്ത്രി കെ രാജുവില്‍നിന്ന് പുരസ്കാരം സ്വീകരിക്കുന്നു

“ഉമ്മ വന്ന് നമ്മളോട് പറയും, ‘അതുങ്ങളുടെ എടങ്ങേറ് കാണാന്‍ വയ്യ എന്തെങ്കിലും ചെയ്യെന്ന്.’

“ക്ഷേത്രത്തിനും കുറച്ച് സ്ഥലം കൊടുത്തിട്ടുണ്ട്. നാട്ടിലെ കുക്കുര്‍ണിക്കാവ് അയ്യപ്പക്ഷേത്രത്തിനാണ് ഭൂമി നല്‍കിയത്. ഞങ്ങളുടെ ഒരു പറമ്പിന് പിന്നിലാണ് ക്ഷേത്രം. ക്ഷേത്രത്തിലേക്ക് വീതി കുറഞ്ഞ വഴിയായിരുന്നു.

“ക്ഷേത്രം പുതുക്കി പണിയുന്നതിനുള്ള സാധനങ്ങളെത്തിക്കാന്‍ വേണ്ടി ഞങ്ങളുടെ പറമ്പിലെ മതിലൊന്നു പൊളിച്ചാല്‍ പണിസാധനങ്ങളൊക്കെ സുഗമമായി കൊണ്ടുപോകാം.

“അങ്ങനെയാണ് മേനോന്‍ വാപ്പേടെ മോന്‍ ഉണ്ണിയേട്ടന്‍ എന്നോട് ഇക്കാര്യം സംസാരിക്കുന്നത്. ‘ഉണ്ണിയേട്ടാ ഇതൊന്നും ചോദിക്കേണ്ട കാര്യമില്ല, നിങ്ങളെയൊക്കെ നമുക്ക് മറക്കാന്‍ പറ്റോ ചെയ്തോളീ’ എന്നു പറഞ്ഞു.”

നേരത്തേയും ഈ ‘മേനോന്‍ വാപ്പ’യുടെ പേര്  നാസര്‍ മാനുവിന്‍റെ ഓര്‍മ്മകളില്‍ കടന്നുവന്നിരുന്നു. ആരാണിദ്ദേഹം?

“മോനോന്‍ വാപ്പയെക്കുറിച്ച് പറഞ്ഞില്ലാല്ലേ…,” നാസര്‍ ക്ഷമാപണത്തോടെ പറഞ്ഞുതുടങ്ങി.  “ഒരു കാലത്ത് ഞങ്ങടെ വിശപ്പകറ്റിയ മനുഷ്യനാണ്. അതു വഴിയേ പറയാം. ഉണ്ണിയേട്ടന്‍ പറഞ്ഞ കാര്യം ഉപ്പയോട് പറഞ്ഞു.

“അതുകേട്ട് ഉപ്പ പറഞ്ഞത്, ‘എന്‍റെ കുട്ട്യേ അത് സ്ഥിരമായി കൊടുത്തൂടേയെന്നാണ്. അവര്ക്ക് വേണ്ടുന്ന സ്ഥലം എടുത്തോളൂന്ന് പറയ്, എന്നെന്നേക്കുമായി അവര്‍ക്ക് കൊടുത്തോളൂന്ന്.’

“ഇതുപറയാന്‍ പറമ്പിലേക്ക് ചെന്നപ്പോ, അവര് മതില്‍ പൊളിച്ചു തുടങ്ങിയിരുന്നു. ഞാന്‍ പറഞ്ഞു, ‘ഉണ്ണിയേട്ടാ ഇത് നടക്കൂല ഉപ്പാക്ക് ഇഷ്ടമില്ലെ’ന്ന്. അതുകേട്ടതോട എല്ലാവരുടെ മുഖം മ്ലാനമായി.

“ഉപ്പ പറയുന്നത്, ‘സ്ഥിരമായിട്ടാണേല്‍ എടുക്കാ… താത്കാലികമായിട്ടാണേല്‍ വേണ്ടെ’ന്ന്. പിന്നെ എല്ലാരും കൂട്ടച്ചിരിയായിരുന്നു,” മാനു ചിരിക്കുന്നു.

ഇനി മേനോന്‍ വാപ്പയിലേക്ക്…

“ഞങ്ങളുടെ തൊട്ടയല്‍പ്പക്കത്താണ് പുതിയ മഠത്തില്‍ മോനോന്‍റെ വീട്. ഈ വീട്ടില്‍ നിന്നാണ് ഓണത്തിനും മറ്റും വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത്.


ഇതുകൂടി വായിക്കാം:തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം


“പെരുന്നാളിന് പോലും സ്വന്തം വീട്ടില്‍ നിന്ന നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ല. മോനോന്‍ വാപ്പ എന്നാ ഞങ്ങള് വിളിക്കുന്നത്. അത്രയും സ്നേഹവും ബഹുമാനവുമാണ്,” അന്ന് ഭക്ഷണം തന്നതിന്‍റെ നന്ദി ഇന്നുമുണ്ടെന്നു നാസര്‍ മാനു.

വീടില്ലാത്തവര്‍ക്ക് മാത്രമല്ല നാസര്‍ മാനുവിന്‍റെ സഹായം കിട്ടിയിട്ടുള്ളത്. അമ്പലത്തിന് മാത്രമല്ല, ഹിന്ദുക്കള്‍ക്ക് ശ്മശാനത്തിനും ഭൂമി നല്‍കി. സ്വന്തം നാട്ടുക്കാര്‍ക്ക് വേണ്ടി സൗജന്യ ആംബുലന്‍സും പലിശരഹിത വായ്പയും… അങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകും.

പലിശ രഹിത വായ്പ്പാ സൗകര്യമേര്‍പ്പെടുത്തിയതിന് പിന്നിലൊരു കഥയുണ്ടെന്നു മാനു പറയുന്നു.

“വീടിന് സമീപത്ത് ചായക്കട നടത്തുന്ന അബൂട്ടിയാക്കയാണ് കാരണക്കാരന്‍. ഒരീസം, അബൂട്ടിയാക്കയുടെ ചായക്കടയ്ക്ക് മുന്നില്‍ ചെറിയൊരു ബഹളം. അബൂട്ടിയാക്ക കടം വാങ്ങിയ പണത്തിന്‍റെ പലിശ ചോദിച്ചുള്ള ബഹളമാണ്.


ആറു കൊല്ലം മുന്‍പ് കടം വാങ്ങിയ അയ്യായ്യിരം രൂപയ്ക്ക് ഇത്രും കാലമായി പലിശ കൊടുത്തുകൊണ്ടിരിക്കുകയാണ് ആള്.


“ഒന്നുരണ്ടാഴ്ചയായി പലിശ കൊടുത്തിട്ടെന്നും അത് അന്വേഷിച്ചുള്ള പലിശക്കാരന്‍റെ വരവാണ് സംഭവമെന്നും അറിഞ്ഞു. അതിനു ശേഷമാണ് പലിശരഹിത വായ്പ്പ സൗകര്യം നാട്ടിലൊരുക്കുന്നത്.

“ശ്രീധരന്‍മാഷിനെയാണ് ഇക്കാര്യം ഏല്‍പ്പിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ കൊടുത്തിട്ടു പറഞ്ഞു, ‘നിങ്ങളിത് പലിശ രഹിത വായ്പ്പയായി കൊണ്ടുനടക്കണ’മെന്ന്.”

അമ്പതിനായിരം രൂപ വരെ ഒരാള്‍ക്ക് ഇതില്‍ നിന്നും കടം കൊടുക്കാം. ആറു മാസം കൊണ്ട് കടം തീര്‍ക്കണം എന്നാണ് നിബന്ധന.

രണ്ട് പ്രളയത്തിലും നാസര്‍ മാനു പലരെയും സഹായിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് കൂടുതലും സ്ഥലമാണ് നല്‍കിയത്. കുമ്പിടി, പൊന്നാനി, പാനൂര്‍ ഇവിടങ്ങളില്‍ നാസര്‍ നല്‍കിയ ഭൂമിയില്‍ കുറേ വീടുകളുടെ താക്കോല്‍ദാനം കഴിഞ്ഞു. ബാക്കിയുള്ളയുടെ താക്കോല്‍ദാനം നടക്കാനിരിക്കെയാണ് കൊറോണ പ്രശ്നം വന്നത്.

“പ്രളയത്തിന്‍റെ നാളുകളിലാണ് നാസര്‍ മാനുവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതും എല്ലാവരും അറിയുന്നതുമൊക്കെ,” എന്നാല്‍ നാട്ടില്‍ പലരും അറിയാതെ ഒരുപാട് സഹായങ്ങള്‍ മാനു ചെയ്തിട്ടുണ്ടെന്ന് നാട്ടുകാരനും സുഹൃത്തുമായ കെ സി കുഞ്ഞൂട്ടി പറയുന്നു.

“ഒരുപാട് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതും ഭൂമി നല്‍കുന്നതുമൊക്കെ ആരേയും അറിയിക്കാതെയാണ് ചെയ്തിരുന്നത്. സ്ഥലവും വീടും മാത്രമല്ല. ചികിത്സാസഹായം തേടുന്നുവെന്നൊക്കെ വാര്‍ത്തകള്‍ കണ്ടാല്‍ അതിനൊക്കെ സഹായിക്കും. സുതാര്യമാണ് മാനുവിന്‍റെ പ്രവര്‍ത്തനങ്ങള്‍. ലാഭത്തിന്‍റെ പകുതിയിലേറെയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം ചെലവഴിക്കുന്നത്.
ഞങ്ങളൊരു പത്ത് വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്,” കുഞ്ഞൂട്ടി കൂട്ടിച്ചേര്‍ത്തു.

12 കൊല്ലം മുന്‍പ് ഓരോരുത്തരുടെയും പേരിലാണ് മാനു സ്ഥലം കൊടുത്തിരുന്നത്. എന്നാല്‍ കുറേപ്പേര്‍ സൗജന്യമായി നല്‍കിയ ഭൂമി വിറ്റുവെന്നറിഞ്ഞതോടെ ഇപ്പോള്‍ ട്രസ്റ്റുകള്‍ക്കാണ് സ്ഥലം നല്‍കുന്നതെന്ന് നാസര്‍ പറയുന്നു.

“ട്രസ്റ്റുകളുടെ സഹകരണത്തോടെയും സ്പോണ്‍സര്‍ഷിപ്പിലുമായി ആ സ്ഥലത്ത് വീട് നിര്‍മിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ചിലര്‍ക്കൊക്കെ അവരുടെ പേരില്‍ തന്നെ ഭൂമി നല്‍കാറുണ്ട്.

“വളാഞ്ചേരി ഉമ്മത്തൂര്‍പടി എന്ന സ്ഥലത്ത് രണ്ടര ഏക്കറാണ് നിര്‍ധനര്‍ക്ക് വീട് വയ്ക്കുന്നതിന് നല്‍കിയത്. ട്രസ്റ്റിനാണ് ഈ ഭൂമി നല്‍കിയത്. ട്രസ്റ്റിന്‍റെ സഹായത്തോടെ ഇവിടെ 42 വീടുകള്‍ പണിതു. കൂട്ടത്തില്‍ 12 വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കി.

“എന്‍റെ മാത്രം ഭൂമിയല്ല കൊടുക്കുന്നത്, സഹോദരന്‍മാരുടെ ഭൂമിയും ഇങ്ങനെ ദാനം നല്‍കിയിട്ടുണ്ട്. 15 വര്‍ഷം മുന്‍പൊക്കെ വാങ്ങിയിട്ടിരുന്ന ഭൂമിയൊക്കെയുണ്ട്. അതൊക്കെയാണ് പലര്‍ക്കുമായി വീതിച്ചു നല്‍കിയത്. 24-ഓളം അംഗനവാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന് ഭൂമി നല്‍കിയിട്ടുണ്ട്.” എന്ന് നാസര്‍.

“എല്ലാത്തിനും പിന്തുണയേകി സഹോദരങ്ങളും ഭാര്യയും മക്കളും മാത്രമല്ല കുറച്ചു സുഹൃത്തുക്കളും നാസറിനൊപ്പമുണ്ട്.  സഹായിക്കാന്‍ ഫൈസല്‍ തങ്ങള്‍, കുഞ്ഞൂട്ടിക്ക, നാസര്‍, ശ്രീധരന്‍ മാഷ്, ഹമീദ്, പ്രമോദ് ഇവരൊക്കെയാണ്  എപ്പോഴും ഒപ്പമുണ്ട്…”

കൂട്ടത്തില്‍ പ്രമോദിനെ കൂടെക്കൂട്ടിയതാണ് രസകരമെന്നു നാസര്‍. “ചെറായിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നൊരു പതിവുണ്ട്. അങ്ങനെയൊരിക്കല്‍ ചെറായിയില്‍ വച്ച് കണ്ടുമുട്ടിയതാണ് പ്രമോദിനെ.


കാറിലെപ്പോഴും ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൂക്ഷിക്കും. ഇടയ്ക്ക് ആവശ്യക്കാരെന്നു തോന്നുന്നവര്‍ക്ക് നല്‍കും.


“ഇത് കണ്ടിട്ടാണ് പ്രമോദ് പരിചയപ്പെടാന്‍ വരുന്നത്. പരിചയപ്പെട്ടപ്പോ പ്രമോദ് ചോദിച്ചു, ഞാന്‍ പറയുന്ന സ്ഥലത്ത് കൂടി ഇതൊക്കെ കൊടുക്കുമോയെന്ന്. 26 കിറ്റ് വേണമെന്നും പറഞ്ഞു, അങ്ങനെ കൊടുത്തു. അങ്ങനെ സൗഹൃദമായി.”
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഡ്രൈവറായ പ്രമോദ്. കിടപ്പുരോഗികളുടെ വീടുകളിലെത്തിക്കാനാണ് പ്രമോദ് കിറ്റ് ചോദിച്ചത്.

“പിന്നീടൊരിക്കല്‍ പ്രമോദിന്‍റെ വീട്ടില്‍ പോയി. അമ്മ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോഴാ ആ വീടിന്‍റെ അവസ്ഥ അറിയുന്നത്.

പ്രമോദും നാസര്‍ മാനുവും

“കഞ്ഞി വയ്ക്കാനുള്ള അരിക്ക് പോലും കഷ്ടപ്പെടുകയാണവര്‍. വീടും വളരെ മോശം അവസ്ഥയിലാണ്. റാഡോ വാച്ചും ഷൂസും വെള്ള ഷര്‍ട്ടുമൊക്കെ ഇട്ടു നില്‍ക്കുന്ന പ്രമോദിനെ കണ്ടാല്‍ കഷ്ടപ്പാടുണ്ടെന്നു പറയുകയേയില്ല.”

പല വീടുകളിലും താല്‍ക്കാലിക ഡ്രൈവറായി പോവുകയായിരുന്നു പ്രമോദ് അന്ന്.

“ഗള്‍ഫുകാരുടെ വീടുകളാണതൊക്കെയും. അവര് കൊണ്ടു തരുന്ന വാച്ചും വസ്ത്രവുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്‍റെ റാഡോ വാച്ചും വേഷവുമൊക്കെ കണ്ട് പൈസയുള്ള കുടുംബത്തിലെയാണ് ഞാനെന്നാണ് മൂപ്പര് കരുതിയിരുന്നത്. പിന്നെ എന്‍റെ ബുദ്ധിമുട്ടുകളൊന്നും ആരോടും പറയുന്ന ശീലമില്ലായിരുന്നു. അവിചാരിതമായി മാനുക്ക വീട്ടിലേക്ക് വന്നപ്പോഴാണ് ഞങ്ങള് ഒമ്പതാളുകള്‍ താമസിക്കുന്ന ചെറിയ വീടും സാഹചര്യങ്ങളുമൊക്കെ അദ്ദേഹം കാണുന്നത്,” പുന്നയൂര്‍ക്കുളം ചെറായിക്കാരന്‍ പ്രമോദ് പറയുന്നു.

പ്രമോദിന്‍റെ വീടിന്‍റെ അവസ്ഥ കണ്ട് മാനുവിന് സങ്കടമായി. പുതിയൊരു വീടുപണിതുകൊടുക്കാന്‍ തീരുമാനിക്കാന്‍ പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല. പക്ഷേ,  അക്കാര്യം പ്രമോദിനെ അറിയിച്ചുമില്ല.

പിറ്റേന്ന് വളാഞ്ചേരിയില്‍ നിന്നും ഒരു ലോഡ് കല്ലാണ് വന്നത്.

“പ്രമോദല്ലേ മാനു പറഞ്ഞിട്ടാ വരുന്നതെന്നു ലോറിക്കാരന്‍ പറഞ്ഞു. ഏഴ് ലോഡ് കല്ലാണ് അന്നു വന്നത്. മാനുക്ക ഏര്‍പ്പാടാക്കിയതാണ്. അത് കണ്ട് വീട്ടിലെല്ലാവരും അത്ഭുതപ്പെട്ടു പോയി.

“വീട് വേണം, പക്ഷേ, ആരോടും കടക്കാരനാകാന്‍ പാടില്ലല്ലോ. ഉള്ളത് കൊണ്ട് ഞങ്ങള്‍ ജീവിക്കുകയായിരുന്നു. വിശപ്പകറ്റാനുള്ളത് ഞങ്ങളുണ്ടാക്കുന്നുണ്ട്. അമ്മയും അച്ഛനും പാടത്ത് പണിക്കൊക്കെ പോകുന്നുണ്ട്. ഇതൊക്കെ കണ്ടപ്പോ എല്ലാര്‍ക്കും സങ്കടമായി. ലോറിക്ക് പിന്നാലെ മാനുക്കയും വന്നു,”  പ്രമോദ് തുടരുന്നു.

“ഇതൊന്നും വേണ്ട എന്നു പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല, വീട് പണിയാനുള്ള കാര്യങ്ങളൊക്കെ ചെയ്യാനാണ് അദ്ദേഹം നിര്‍ബന്ധിച്ചത്. വീട് പണിയാനുള്ള കോണ്‍ട്രാക്റ്ററെ വിളിക്കലും 900 സ്ക്വയര്‍ഫീറ്റിന്‍റെ വീട് നിര്‍മ്മിക്കണമെന്നു പറയലുമൊക്കെ ആ നിമിഷം തന്നെ നടന്നു.” വീട്ടിലേക്കുള്ള സാധനങ്ങളും എ-സിയും ഫര്‍ണിച്ചറും അടക്കം നല്‍കി മാനു. ഒപ്പം ആര്‍ഭാടമായി ഗൃഹപ്രവേശവും നടത്തിക്കൊടുത്തു.

അദ്യം കണ്ടതുമുതല്‍ പ്രമോദ് നാസര്‍ മാനുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി എപ്പോഴുമുണ്ട്.

കുറച്ച് സ്ഥലവും മാനു പ്രമോദിന് വാങ്ങിനല്‍കിയിരുന്നു. “16സെന്‍റ് ഭൂമിയായിരുന്നു. ഈ ഭൂമി പിന്നീട് മൂന്നു കുടുംബങ്ങള്‍ മൂന്ന് സെന്‍റ് വീതം വീട് വയ്ക്കാന്‍ വീതിച്ചു നല്‍കി,” പ്രമോദ് പറഞ്ഞു.

പക്ഷേ, കൊറോണക്കാലം നാസറിനേയും ബാധിച്ചു.

“സത്യത്തില്‍ ഇപ്പോ വട്ടപ്പൂജ്യമാണ്,” അദ്ദേഹം പറയുന്നു. “സാഹചര്യമൊക്കെ ദൈവത്തിന് മാത്രമറിയാം. റമളാനും പണമൊക്കെ കൊടുത്തിരുന്നു. പക്ഷേ, ലോക്ക് ഡൗണ്‍ അല്ലേ. പണത്തിന് ബുദ്ധിമുട്ട് വന്നപ്പോ സ്വര്‍ണം പണയം വച്ചിരിക്കുകയാണ്.

“ഒന്നും ഇല്ലാത്ത ഇടത്തില്‍ നിന്നാണ് ഇവിടെ വരെയെത്തിയത്. അതുകൊണ്ട് പ്രതീക്ഷയുണ്ട്, ഇനിയും കഷ്ടപ്പെടാന്‍ മനസുമുണ്ട്. ബേജാറുമില്ല, ഉപകാരപ്പെടുന്ന തരത്തിലാണ് ചെലവഴിച്ചതെന്ന സന്തോഷമുണ്ട്,”അദ്ദേഹം പ്രതീക്ഷ കൈവിടാതെ പറയുന്നു.

നസീറയാണ് മാനുവിന്‍റെ ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് നാസിം, എട്ടാംക്ലാസുകാരന്‍ ഹംദാന്‍, അഞ്ചാം ക്ലാസുകാരി ഫാത്തിമ ഷിഫ, രണ്ടാം ക്ലാസില്‍ പഠിക്കുന്ന അമീന്‍ എന്നിവരാണ് മക്കള്‍.


ഇതുകൂടി വായിക്കാം:‘വെറുംവയറോടെയാണ് പോവുക. ഉച്ചയാവുമ്പോ വിശക്കാന്‍ തുടങ്ങും… അപ്പോ ചാലിയാറിലെ വെള്ളം കുറെ കുടിക്കും’: ഒരു രൂപ പോലും വാങ്ങാതെ പാവങ്ങള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും നല്‍കുന്ന ഡോക്റ്ററുടെ ജീവിതകഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം