ഒറ്റപ്പെട്ട തുരുത്തില്‍ നിന്നും സാന്ദ്രയെ പരീക്ഷാ ഹാളിലെത്തിക്കാന്‍ 2 ദിവസം പ്രത്യേക ബോട്ട് സര്‍വ്വീസ് നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍

“എന്തും വരട്ടെയെന്ന് ഞങ്ങള്‍ കരുതി. ഒരു കുട്ടിക്ക് വേണ്ടി മാത്രം ബോട്ട് ഓടിച്ചാലുണ്ടാകുന്ന നഷ്ടത്തെ കുറിച്ചൊന്നും ഞങ്ങള്‍ ആലോചിച്ചില്ല. അല്ലെങ്കില്‍ ഈ തീരുമാനം മൂലം ഉണ്ടായേക്കാവുന്ന വിവാദങ്ങളെ കുറിച്ചും ചിന്തിച്ചില്ല.”

കോട്ടയത്തിന്‍റെ പടിഞ്ഞാറും ആലപ്പുഴയിലുമായി പരന്നു കിടക്കുന്ന വേമ്പനാട്ടുകായല്‍. കരയില്‍ നിന്നൊറ്റപ്പെട്ട് കായലിലെ കുഞ്ഞു തുരുത്തുകളില്‍ ഇപ്പോഴും ജീവിതം നെയ്യുന്നവര്‍ ധാരാളം.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ വല്ലപ്പോഴും കടന്നുവരുന്ന ബോട്ടുകളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന ഈ പ്രദേശങ്ങളിലുള്ളവരുടെ ജീവിതം വലിയ പ്രശ്‌നത്തിലായി. അവര്‍ക്കൊക്കെ കരകാണാന്‍ ബോട്ടുമാത്രമാണ് ആശ്രയം.

പക്ഷെ, ലോക്ക്ഡൗണില്‍ പൊതുപരീക്ഷ തുടരുമെന്നു പ്രഖ്യാപിച്ചതോടെ കോട്ടയം ആലപ്പുഴ ബോട്ടുചാലിലുള്ള എം എം ബ്ലോക്കില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സാന്ദ്രയുടെ മനസ് കടലാഴത്തോളം വിങ്ങിയിരിക്കണം.
എങ്ങനെ കരകടക്കും. പരീക്ഷ എഴുതും. ആ സങ്കടത്തില്‍ നിന്നും അവളെ കരകടത്താന്‍ അവരെത്തി.

വേമ്പനാട്ടുകായല്‍

‘സാന്ദ്ര താമസിക്കുന്നത് ബന്ധുക്കളായ കൃഷ്ണന്‍ -കാര്‍ത്യായനി ദമ്പതികളുടെ വീട്ടിലാണ്. ആ തുരുത്തിലെ ഒരേയൊരു കുടുംബമാണ് അവരുടേത്. കഴിഞ്ഞ നാല്പത്തിയഞ്ചു വര്‍ഷമായി ആ കുടുംബം അവിടെയാണ്. കാഞ്ഞിരത്ത് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടിയതോടെയാണ് കോട്ടയം അരീപ്പറമ്പ് സ്വദേശികളായ സാബുവിന്‍റെയും രാധാമണിയുടെയും മകള്‍ ബന്ധുവായ കൃഷ്ണന്‍റെ വീട്ടില്‍ താമസത്തിനെത്തുന്നത്.

കോട്ടയത്ത് കാഞ്ഞിരത്തുള്ള എസ്.എന്‍.ഡി.പി സ്‌കൂളിലാണ് സാന്ദ്ര പഠിക്കുന്നത്. അവിടെ നിന്നുവേണം സാന്ദ്രയ്ക്ക് കരയിലെത്തി പരീക്ഷയെഴുതാന്‍. ഈ ലോക്ക്ഡൗണ്‍ കാലത്തു വന്ന രണ്ടു പരീക്ഷകള്‍ എങ്ങനെ എഴുതും എന്ന് സാന്ദ്രയ്ക്ക് ഒരുപിടിയുമുണ്ടായിരുന്നില്ല.

അവരുടെ കുടുംബം സംസ്ഥാന ജലഗതാഗത വകുപ്പിനെ സമീപിച്ചു.

“ഒരൊറ്റ വിദ്യാര്‍ത്ഥി പോലും ഗതാഗത സൗകര്യം ഇല്ലാത്തതിന്‍റെ പേരില്‍ പരീക്ഷ എഴുതാതിരിക്കരുത് അങ്ങനെ ഒരു നിര്‍ബന്ധം ഉള്ളതിനാല്‍ നമ്മളും ഓടിച്ചു, ഒരു ബോട്ട്. കാഞ്ഞിരം സ്‌കൂളിലെ ഒരു +1 പരീക്ഷ വിദ്യര്‍ത്ഥിനിക്കു വേണ്ടി മാത്രം സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ സ്പെഷ്യല്‍ സര്‍വീസ്,” ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി .നായര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

”ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ബോട്ട് ഓടിച്ചത്. ആദ്യത്തെ പ്രശ്‌നം ലോക്ക്ഡൗണ്‍ ആയതിനാല്‍ അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതിയില്ലായിരുന്നു. ഇനി അടിയന്തിര സാഹചര്യത്തില്‍ ബോട്ട് ഓടിക്കണമെങ്കില്‍ പ്രത്യേക അനുമതിയും ആവശ്യമാണ്.

സാന്ദ്ര പരീക്ഷയെഴുതാനുള്ള യാത്രയില്‍

“സാന്ദ്ര താമസിക്കുന്ന എം എം ബ്ലോക്ക് ആലപ്പുഴയിലാണെങ്കില്‍ പഠിക്കുന്ന സ്‌കൂള്‍ കോട്ടയത്താണ്. മാത്രമല്ല എം എം ബ്ലോക്കിലേക്ക് എത്തണമെങ്കില്‍ അര മണിക്കൂര്‍ ബോട്ട് ഓടിക്കണം. ഇനി ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഫിറ്റ് ചെയ്ത വള്ളത്തില്‍ ബോട്ട് ചാലില്‍ (സാന്ദ്ര താമസിക്കുന്നിടത്തു നിന്നും എന്‍ജിന്‍ വള്ളത്തില്‍ ബോട്ടുചാലില്‍ എത്താന്‍ ഏഴു കിലോമീറ്ററോളമുണ്ട് .) എത്താന്‍ നല്ല ചെലവു വരും. സാധാരണ ദിവസമാണെങ്കില്‍ ഒരുപാട് കുട്ടികളുണ്ടാകും. അവരെല്ലാവരും കൂടിയാണ് ബോട്ട് ചാലില്‍ എത്തുന്നത്.

“ചുറ്റുപാടും വെള്ളമുള്ള ആ പ്രദേശത്തു നിന്നു ചാലിലേക്ക് നടന്നെത്താനൊന്നും കഴിയില്ല. ഇങ്ങനെയൊരു കുട്ടി എംഎം ബ്ലോക്കില്‍ നിന്നും പഠിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.”

സാന്ദ്രയുടെ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു ആ ചെലവ്. അതുകൊണ്ട് സാന്ദ്രയുടെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ജലഗതാഗത വകുപ്പ് ബോട്ട് ഓടിക്കുകയായിരുന്നു.

“ഇത്തരമൊരു ആശങ്ക പങ്കിട്ടപ്പോള്‍ തന്നെ ഗതാഗത മന്ത്രിയുടെ അനുമതിയോടെ ഡയറക്ടര്‍ ഷാജി സര്‍ അനുമതി തന്നു. എന്തും വരട്ടെയെന്ന് ഞങ്ങള്‍ കരുതി. ഒരു കുട്ടിക്ക് വേണ്ടി മാത്രം ബോട്ട് ഓടിച്ചാലുണ്ടാകുന്ന നഷ്ടത്തെ കുറിച്ചൊന്നും ഞങ്ങള്‍ ആലോചിച്ചില്ല. അല്ലെങ്കില്‍ ഈ തീരുമാനം മൂലം ഉണ്ടായേക്കാവുന്ന വിവാദങ്ങളെ കുറിച്ചും ചിന്തിച്ചില്ല,” യൂണിറ്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ടി ബി ഐ-യോട് പറഞ്ഞു.

“പക്ഷെ, വാര്‍ത്ത പുറം ലോകം അറിഞ്ഞപ്പോള്‍ വളരെ പോസിറ്റീവായിട്ടാണ് അതിനെ സ്വീകരിച്ചത്. അഞ്ച് ജീവനക്കാരാണ് (ബോട്ട് മാസ്റ്റര്‍-ഷാനവാസ്, സ്രാങ്ക് -കോയാക്കുട്ടി.സജിലാല്‍ ,നിഷാന്ത്, ജോണ്‍സണ്‍) സാന്ദ്രയ്ക്ക് വേണ്ടി മാത്രം ജോലിക്കെത്തിയത്. പരീക്ഷയ്ക്ക് സാന്ദ്രയെ കൊണ്ടു ചെന്നാക്കി തിരികെ കൊണ്ടുപോരും വരെ ഈ ജീവനക്കാരും അവളെ കാത്ത് കരയിലിരുന്നു. രണ്ടു ദിവസം അവര്‍ സാന്ദ്രയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഫിസിക്സ്, കെമിസ്ട്രി ഈ രണ്ടു പരീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. സ്‌കൂളില്‍ എങ്ങനെ എത്തുമെന്ന് യാതൊരു പിടിയുമില്ലായിരുന്നു,” സാന്ദ്ര പറയുന്നു. “ഇങ്ങനെ ബോട്ട് ഇല്ലായിരുന്നെങ്കില്‍ അത് എഴുതാന്‍ കഴിയുമായിരുന്നില്ല. സാധാരണ 11 രൂപയായിരുന്നു ചാര്‍ജ് ഈടാക്കുന്നിടത്ത് പരീക്ഷാക്കാലത്ത് ഞാന്‍ ഒമ്പത് രൂപയാണ് കൊടുത്തത്. പക്ഷെ എനിക്കു മാത്രമായി അവര്‍ ബോട്ട് ഓടിച്ചല്ലോ.അത് എത്ര വലിയ കാര്യമാണ്.”


ഇതുകൂടി വായിക്കാം: അറിയാമോ? അമൃതാഞ്ജന്‍ എന്ന ജനകീയ പെയിന്‍ ബാമിന് പിന്നില്‍ ഈ സ്വതന്ത്ര്യസമര സേനാനിയാണ്


ജപ്പാനില്‍ കാമി-ഷിറ-ടാക്കി എന്ന ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ട് , സെക്കി-ഹൊക്കു എന്ന റെയില്‍വേ ലൈനില്‍ ആണ് ആ സ്റ്റേഷന്‍. ആ പ്രവിശ്യയില്‍ സര്‍ക്കാര്‍ ഒരു ട്രെയിന്‍ ഓടിക്കുന്നുണ്ട്. രണ്ടേ രണ്ടുനേരം മാത്രമേ ആ റൂട്ടില്‍ ട്രെയിന്‍ ഓടുന്നുള്ളു അതും അവിടെ ഉള്ള ഒരേ ഒരു വിദ്യാത്ഥിക്ക് സ്‌കൂളില്‍ പോയി വരാന്‍ വേണ്ടി മാത്രം ആണ്. ലോകത്തിലെ പല മാധ്യമങ്ങളും ആഘോഷിച്ച ഒരു വാര്‍ത്തയാണ്.

ജലഗാതഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിട്ട ഈ വാക്കുകളിലൂടെയാണ് സാന്ദ്രയുടെ കഥ ലോകം അറിയുന്നത്.

“ഈ വിദ്യാര്‍ത്ഥിയെക്കുറിഞ്ഞപ്പോള്‍ ജപ്പാനിലെ സംഭവം മാത്രമല്ല എനിക്ക് ഓര്‍മ്മയില്‍ വന്നത്. എന്‍റെ മകളും പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഒരൊറ്റ വിദ്യാര്‍ത്ഥി പോലും ഗതാഗത സൗകര്യം ഇല്ലാത്തതിന്‍റെ പേരില്‍ പരീക്ഷ എഴുതാതിരിക്കരുത് എന്ന നിര്‍ബന്ധം ഉള്ളതിനാലാണ് നമ്മളും ബോട്ട് ഓടിച്ചത്. ഇത്തരം തീരുമാനങ്ങള്‍ റിസ്‌കാണ്. മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്.

“എങ്കിലും എന്തും വരട്ടെ എന്നു കരുതി. ഇവിടെ പറ്റില്ല എന്നു പറയാന്‍ വളരെ എളുപ്പമായിരുന്നു. പക്ഷെ, അത് ഒരാളുടെ ജീവിതത്തെ എത്ര മോശമായി ബാധിക്കും എന്ന് തോന്നി. ഇക്കാര്യത്തില്‍ ഗതാഗത മന്ത്രിയുടെ അനുകൂല നിലപാടും അനുമതിയും ലഭിച്ചു,” കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്മെന്‍റ്  (കെ എസ് ഡബ്ല്യൂ ടി ഡി) ഡയറക്ടര്‍ ഷാജി.വി.നായര്‍ പറഞ്ഞു.

സാന്ദ്രയ്ക്കായി മാത്രം ഒരു കൂട്ടം ജീവനക്കാര്‍ പരീക്ഷ തീരും വരെ കാത്തിരുന്നു

ഷാജി നായരോട് ഈ വാര്‍ത്തയുടെ വിശദാംശങ്ങളെ പറ്റി ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിന്‍റെ കണ്ണീരായി ദേവികയുടെ മരണം നടക്കുന്നത്.

പഠനത്തില്‍ മിടുക്കിയായിരുന്നു ദേവിക. എന്നാല്‍ സാഹചര്യം ഒട്ടും അനുകൂലമായിരുന്നില്ല. ചുവരു തേക്കാത്ത വീടിന്‍റെ മൂലയില്‍ കേടായിരിക്കുന്ന ടിവിയിലേക്ക് നോക്കി അവള്‍ കണ്ണുനീര്‍ വാര്‍ത്തിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ അന്നന്നത്തെ പാഠം പഠിക്കാനാവാതെ താന്‍ മാത്രം പിന്നോട്ട് പോകുമല്ലോ എന്നോര്‍ത്ത് അവളുടെ ഹൃദയം വിങ്ങിയിരിക്കും.

ടി വിയോ സ്മാര്‍ട് ഫോണോ നല്‍കാമെന്ന് പറഞ്ഞ അധികൃതര്‍ ആ കൊച്ചുവീട്ടിലേക്ക് കുറച്ച് നേരത്തേ അവയിലേതെങ്കിലും എത്തിച്ചിരുന്നെങ്കില്‍ ഈ കോവിഡ് കാലത്ത് കേരളത്തിന്‍റെ നോവായി ദേവിക പോകില്ലായിരുന്നു. ഇത് ഒരു ദേവികയുടെ മാത്രം കഥയല്ല. അനേകം ദേവികമാരുടെ കഥകൂടിയാണ്. ദേവികയുടെയും സാന്ദ്രയുടെയും കഥകൂടിയാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്. ദേവികയ്ക്ക് സഹായമെത്തിക്കാന്‍ കുറച്ച് വൈകി. സാന്ദ്രയ്ക്ക് ആ സഹായം കൃത്യസമയത്ത് കിട്ടുകയും ചെയ്തു.

”70 സീറ്റുള്ള ഒരു ബോട്ടാണ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ എത്തിക്കായി വിട്ടു നല്‍കിയത്.സാധാരണ ബോട്ട് സര്‍വ്വീസില്‍ ഉണ്ടാകുന്നത്ര ജീവനക്കാരും ബോട്ടില്‍ ഉണ്ടായിരുന്നു. … ഈ പ്രതിസന്ധിഘട്ടത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍.” ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍ തന്‍റെ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളാണിത്.


ഇതുകൂടി വായിക്കാം: കമ്പത്തെ 30 ഏക്കര്‍ തരിശില്‍ 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം