“കര്‍ഷകന്‍റെ കണ്ണീരിന് വിലയില്ലേ… കഷ്ടപ്പെട്ടുണ്ടാക്കുന്ന കപ്പയും വാഴയുമൊക്കെ കാട്ടാനയിറങ്ങി നശിപ്പിക്കുകയാണ്. ഇതിനെതിരേ ആര്‍ക്കും ഒന്നു പറയാനില്ലേ…” ഈ വാദം പറഞ്ഞു തീരും മുന്‍പേ മൃഗസ്നേഹിയെത്തും.
“ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിളില്‍ പടക്കം നല്‍കി കൊല്ലാന്‍ മാത്രം ക്രൂരരാണോ നിങ്ങള്‍… നിങ്ങളെയൊക്കെ മനുഷ്യരെന്നു വിളിക്കാന്‍ പോലും പാടില്ല. മിണ്ടാപ്രാണിയോടാണ് ക്രൂരതകള്‍ മറക്കരുത്.”
പ്രകൃതിയെയും മൃഗങ്ങളേയും മറന്നുകൊണ്ട് മനുഷ്യര്‍ക്ക് ജീവിക്കാനാകില്ല. വന്യമൃഗങ്ങളെ ആക്രമിക്കുന്നത് ക്രൂരമാണെന്ന് മാത്രമല്ല, നിയമവിരുദ്ധവുമാണ്.
ഒപ്പം, വനപ്രദേശങ്ങളോട് ചേര്‍ന്ന് ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ നിരന്തരം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. കാട്ടുപന്നികളും കുരങ്ങന്മാരും ആനയും കാട്ടിയുമൊക്കെ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നതിന്‍റെ ദുരിതങ്ങള്‍ നിരന്തരം അനുഭവിച്ചുകൊണ്ടാണ് പശ്ചിമഘട്ടത്തോട് ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകരുടെ ഓരോ ദിവസവും കടന്നുപോകുന്നത്.
എതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം ഇതാണ്. പാലക്കാട് ഗര്‍ഭിണിയായ കാട്ടാന സ്ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച് ചരിഞ്ഞ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
ബോളിവുഡ്- ക്രിക്കറ്റ് താരങ്ങളും മുന്‍മന്ത്രിയും മൃഗസ്നേഹിയുമായ മനേക ഗാന്ധിയുമൊക്കെ വിഷയത്തില്‍ ഇടപ്പെട്ടു. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ ആനച്ചിത്രങ്ങളും നിറഞ്ഞു.
വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം
ആന കൊല്ലപ്പെടാനിടയായ സംഭവത്തിലെ പ്രതികളെ കണ്ടുപിടിക്കുന്നവര്‍ക്ക് ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷണല്‍ അമ്പതിനായിരം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചിരുന്നു.
കിട്ടിയ തക്കം നോക്കി സംഭവത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും മതവികാരം ഇളക്കിവിടാനും മറ്റൊരു കൂട്ടരും രംഗത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്താണ് ആന ചരിഞ്ഞത്, മലപ്പുറത്ത് ഇത്തരം സംഭവങ്ങള്‍ പതിവാണെന്നൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥനായ മോഹന്‍ കൃഷ്ണന്‍റെ വളരെ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റും ചിത്രങ്ങളുമാണ് ആ പിടിയാനയ്ക്കുണ്ടായ ദുരന്തം ലോകശ്രദ്ധയിലെത്തിച്ചത്.
ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും പല തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും വഴിമരുന്നിട്ട ആ സംഭവത്തെക്കുറിച്ച് അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.
“ആന നാട്ടിലിറങ്ങിയതും പിന്നീട് അപകടം സംഭവിച്ച് ചരിഞ്ഞതുമൊക്കെ നാട്ടുകാര്‍ക്ക് അറിയാം.
“പക്ഷേ ഇത്രയും വൈറലായത് ഞാനെഴുതിയിട്ട ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ്,” മോഹന്‍ കൃഷ്ണന്‍ പറയുന്നു. “ഇങ്ങനെയൊരു കുറിപ്പ് എഴുതിയിടുമ്പോള്‍ മനസില്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളല്ലേ പിന്നീടുണ്ടായത്.
“എങ്ങനെയാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളൊക്കെ വന്നതെന്നു എനിക്കറിയില്ല. ഞാന്‍ എഴുതിയിട്ട ഫെയ്സ്ബുക്ക് കുറിപ്പിനെ കുറിച്ച് ആരും എന്നോട് അന്വേഷിച്ചിരുന്നില്ല.
“ആദ്യവാര്‍ത്ത വന്നതിന് ശേഷമാണ് പലരും വിളിക്കുന്നത്. എന്നാല്‍ ആദ്യ വാര്‍ത്തയോട് എനിക്ക് ബന്ധമില്ല. പാലക്കാട് ജില്ലയില്‍ നടന്ന സംഭവം എങ്ങനെ മലപ്പുറം ജില്ലയുടെ പേരിലെത്തിയെന്നും അറിയില്ല.
എന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ കുറിപ്പില്‍ സംഭവസ്ഥലത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. സ്ഥലത്തിന്‍റെ പേരില്‍ തെറ്റുപറ്റിയത് എങ്ങനെയാണ് എന്ന് അറിയില്ല.
“പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കോട്ടപ്പടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് സംഭവം. അതിര്‍ത്തി പ്രദേശം ഒന്നുമല്ല. പാലക്കാട് ജില്ലയില്‍ തന്നെയാണിത്. (മലപ്പുറം) ബോര്‍ഡറിലേക്ക് ഇവിടെ നിന്ന് കുറേ ദൂരമുണ്ട്,” മോഹന്‍ കൃഷ്ണന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 22 വര്‍ഷമായി വനം വകുപ്പിലെ ഉദ്യോഗസ്ഥനാണ് മോഹന്‍ കൃഷ്ണന്‍. “കഴിഞ്ഞ രണ്ടു വര്‍ഷമായി ദ്രുതകര്‍മ്മ സേനയിലാണ്. കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയിട്ടുണ്ടെന്ന വിവരം 25-ാം തിയതിയാണ് കിട്ടുന്നത്.
“സംഭവസ്ഥലത്തേക്ക് വരുകയും ചെയ്തു. എന്നാല്‍ പകല്‍ ആനയെ കണ്ടെത്താനായില്ല. കാട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് അറിഞ്ഞത്. അന്നേ ദിവസം കുറച്ചുനേരം ആന പുഴയിലിറങ്ങി നിന്നിരുന്നു.
“എന്നാല്‍ ആനയെ മയക്കുവെടി വയ്ക്കാന്‍ ബുദ്ധിമുട്ടള്ളതു കൊണ്ട് സാധിച്ചില്ല. ആനയുടെ പരുക്ക് എത്രത്തോളം വലുതാണെന്നു അറിയാനും സാധിച്ചിരുന്നില്ല. ആനയെ കാണാതെ തിരിച്ചു മടങ്ങി.
“എന്നാല്‍ ആ ദിവസം രാത്രി തന്നെ ആന വീണ്ടും ജനവാസ മേഖലയിലെത്തിയിരുന്നു. അങ്ങനെ പിറ്റേദിവസം, അതായത് 26-ന് തന്നെ ഞങ്ങള്‍ വീണ്ടും ചെന്നു. ആ സമയം ആന നാട്ടിലേക്കെത്തി. ആനയെ ജനവാസമേഖലയില്‍ നിന്നകറ്റി നിറുത്താനാണ് ശ്രമിച്ചത്.
“പരുക്കേറ്റ ജീവിയല്ലേ. അപകടങ്ങളൊന്നും ഉണ്ടാകരുതല്ലോ. പക്ഷേ ആനയെ പിടികൂടാന്‍ സാധിച്ചില്ല. വീണ്ടും ഞങ്ങള്‍ 27-ന് പ്രദേശത്തേക്ക് ചെന്നു. അന്നാണ് ആനയെ പുഴയില്‍ നിന്നു കരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.
“രണ്ട് കുങ്കിയാനകളായ സുരേന്ദ്രനെയും നീലകണ്ഠനെയും കൊണ്ടുവന്നു കാട്ടാനയെ കരയിലേക്കെത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ വൈകുന്നേരം നാലു മണിയൊക്കെയായപ്പോഴേക്കും കാട്ടാന പുഴയില്‍ തന്നെ ചരിഞ്ഞു.
മോഹനകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
“ആനയ്ക്ക് പരുക്കേറ്റതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ല. അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ അക്കാര്യങ്ങള്‍ കണ്ടെത്താനാകൂ. ഊഹിച്ച് പറയാനാകില്ലല്ലോ.
“വന്യജീവികള്‍ കൃഷിയിടത്തില്‍ കടന്നുവരാതെയിരിക്കാന്‍ കര്‍ഷകര്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ഈ ആനയെ ലക്ഷ്യമാക്കി മനപ്പൂര്‍വം സ്ഫോടകവസ്തു നിറഞ്ഞ ഭക്ഷണം നല്‍കിയതാണെന്നു തോന്നുന്നില്ല.
“വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഭയപ്പെടുത്താനാണ് കര്‍ഷകര്‍ പടക്കങ്ങള്‍ പോലുള്ളവ ഉപയോഗിക്കുന്നത്. വിളകളെ സംരക്ഷിക്കാൻ അത്തരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
“മൃഗങ്ങളില്‍ നിന്ന് (ജനവാസമേഖലകളെ) രക്ഷിക്കാന്‍ വനം വകുപ്പ് തന്നെ ഫെന്‍സിങ് കെട്ടാറുണ്ട്. കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലോ കൃഷിയിടങ്ങളിലോ ഇറങ്ങിയാല്‍ ഓടിക്കാന്‍ ഞങ്ങള്‍ എത്താറുമുണ്ട്. ഇത്തവണ പരിശ്രമിച്ചിട്ടും ആനയെ രക്ഷപ്പെടുത്താനായില്ലെന്ന സങ്കടമുണ്ട്.” ഇത്രയും വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും അദ്ദേഹം പറയുന്നു.
ആനയ്ക്ക് ഭക്ഷണം കിട്ടാതെ നാട്ടിലേക്ക് ഇറങ്ങേണ്ട സാഹചര്യമല്ല. ഇപ്പോള്‍ പൊതുവേ ഫലങ്ങളൊക്കെ കാട്ടില്‍ ലഭിക്കുന്ന സമയമാണല്ലോ. പക്ഷേ എങ്ങനെ ആനയ്ക്ക് പരുക്കേറ്റെന്നു അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും മോഹന്‍ കൃഷ്ണന്‍.
ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ ഒരുപാട് നാട്ടുകാരും സഹകരിച്ചിരുന്നുവെന്ന് ആ ഉദ്യോഗസ്ഥന്‍ പറയുന്നു.
“ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നാട്ടുകാരുടെ പിന്തുണയൊക്കെ ലഭിച്ചിരുന്നു. അതിപ്പോ എല്ലായിടത്തും ആളുകള്‍ നമുക്കൊപ്പം സഹകരിക്കാറുണ്ട്.
“ആന നാട്ടുകാരെ ഉപദ്രവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം ജനങ്ങള്‍ അറിയിക്കേണ്ടതാണ്. സാധാരണ അങ്ങനെയാണ് നടക്കുന്നത്. കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങിയാല്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണ്ട നടപടിയെടുക്കുകയും ചെയ്യാറുണ്ട്.
“കൃഷിയിടങ്ങളിലേക്ക് കാട്ടുമൃഗങ്ങളിറങ്ങി നാശനഷ്ടമുണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തന്നെ നല്‍കാറുമുണ്ട്,” അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിലാണ് ആനയ്ക്ക് പരുക്കേറ്റതെന്നും മുറിവിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ഫോകടവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.
ഈ മുറിവ് കാരണം ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല. സാരമായി പൊള്ളലേറ്റതിന് പുറമേ ഏറെ സമയം തുമ്പികൈ വെള്ളത്തില്‍ താഴ്ത്തി നിന്നതിനാല്‍ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയിരുന്നു. ഇതും മരണകാരണമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
***ചിത്രങ്ങള്‍ക്ക് കടപ്പാട്: മോഹന്‍ കൃഷ്ണന്‍/ഫേസ്ബുക്ക്
ഇതൂകൂടി വായിക്കാം:അറിയാത്ത പക്ഷികളില്ല, ജീവികളില്ല, കാട്ടുവഴികളുമില്ല: ഇംഗ്ലീഷറിയാത്ത പത്താംക്ലാസ്സുകാരിയെ ലോകമറിയുന്ന ഫോറസ്റ്റ് ഗൈഡാക്കി മാറ്റിയ 30 വര്‍ഷങ്ങള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.